The biography of Prophet Muhammad – Month 17

Admin February 29, 2024 No Comments

The biography of Prophet Muhammad – Month 17

Mahabba Campaign Part-481

Tweet 481

നാല്: അബൂലഹബിന്റെ രണ്ടു മക്കൾ. ഇബ്നു അബ്ബാസ്(റ) പറയുന്നു. മക്കാ വിജയത്തെ തുടർന്ന് എന്റെ ഉപ്പ അബ്ബാസ്(റ) എന്നവരോട് തിരുനബിﷺ ചോദിച്ചു. നിങ്ങളുടെ സഹോദരൻ അബൂലഹബിന്റെ മക്കൾ ഉത്ബയും മുഅത്തിബും എവിടെപ്പോയി? ഉപ്പ പറഞ്ഞു. എവിടെയാണെന്ന് അറിയില്ല. ഞാൻ അവരെ കണ്ടില്ല. അപ്പോൾ ഞാൻ പറഞ്ഞു. അവർ രണ്ടുപേരും മുശ്‌രിക്കുകൾക്കൊപ്പം എവിടെയോ ഒഴിഞ്ഞു മാറി നിൽക്കുകയാണ്. അപ്പോൾ നബിﷺ പറഞ്ഞു. എന്നാൽ അവരെ കൂട്ടിക്കൊണ്ടുവരൂ. അവർ മക്കയോട് ചേർന്നുള്ള ഉർന എന്ന സ്ഥലത്തുണ്ട് എന്ന് മനസ്സിലാക്കി ഞാൻ അങ്ങോട്ട് വാഹനത്തിൽ ചെന്നു. അവരെ കൂട്ടി നബിﷺയുടെ സന്നിധിയിലേക്ക് എത്തി. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും അവർ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പിന്നീട് നബിﷺ എഴുന്നേറ്റ് അവരുടെ രണ്ടുപേരുടെയും കൈപിടിച്ച് മുന്നോട്ടു നടന്നു. കഅ്ബാലയത്തിന്റെ വാതിലിന്റെയും ഹജറുൽ അസ്വദിന്റെയും ഇടയിലുള്ള മുൽതസം എന്ന ഭാഗത്തോട് ചേർന്നുനിന്നു. അൽപ്പനേരം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. അതുകഴിഞ്ഞപ്പോഴേക്കും അവിടുത്തെ മുഖത്തു സവിശേഷമായ ഒരു പ്രസന്നത കാണാമായിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടതോടെ നബിﷺയോട് ഞാൻ കാരണമെന്തെന്ന് അന്വേഷിച്ചു. അവിടുന്ന് പറഞ്ഞു. എന്റെ പിതൃ സഹോദരന് രണ്ടു മക്കളെ എനിക്ക് സമ്മാനമായി തരണമെന്ന് ഞാൻ അല്ലാഹുവിനോട് ചോദിച്ചിരുന്നു. അവർ രണ്ടുപേരെയും എനിക്ക് ലഭിച്ചു. അതിലാണ് എനിക്ക് ഏറെ സന്തോഷമായത്.

പ്രവാചക ദൗത്യ നിർവഹണത്തിൽ ഏറ്റവും മാർഗ്ഗ തടസ്സം സൃഷ്ടിച്ച ആളായിരുന്നു പിതൃ സഹോദരനായ അബൂലഹബ്. ഭൗതികമായ മാനങ്ങൾ വെച്ച് നോക്കിയാൽ, മക്കാ വിജയത്തെ തുടർന്ന് അദ്ദേഹത്തിന്റെ മക്കളോടും കുടുംബത്തോടും പ്രതികാരം തീർക്കുകയാണ് വേണ്ടത്. പക്ഷേ, പ്രവാചകരുടെ ലക്ഷ്യവും ദൗത്യവും നേർവഴിയെ സംസ്ഥാപിക്കുക എന്നത് മാത്രമാണ്. പരമാവധി ആളുകളെ നേർവഴിയിലേക്ക് എത്തിക്കുക എന്നതാണ്. അതുകൊണ്ടാണ് കൊടിയ വിരോധം നിലനിർത്തിയവരുടെ മക്കളും മാർഗ്ഗദർശനം ലഭിച്ചു വിജയിക്കട്ടെ എന്ന് ആഗ്രഹിച്ചത്. അവരെ ചേർത്തു പിടിക്കാനും അണച്ചുകൂട്ടാനും കഴിഞ്ഞത് അനിതര സാധാരണമായ കാരുണ്യവും സ്വാർത്ഥ താല്പര്യങ്ങൾക്കപ്പുറമുള്ള ലക്ഷ്യവിചാരവും അല്ലാതെ മറ്റെന്താണ്. മക്കാ വിജയ വേളയിലെ ഓരോരുത്തരുടെയും ഇസ്ലാം ആശ്ലേഷങ്ങൾ തിരുനബിﷺയുടെ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. അധികാരത്തിന്റെയോ സമ്പത്തിന്റെയോ മറ്റു താൽപര്യങ്ങളുടെയോ പിന്നിലല്ല ഉത്തമമായ ഒരു ദൗത്യം നിർവഹിക്കാൻ വേണ്ടി വന്നതാണ് തിരുനബിﷺ എന്ന തിരിച്ചറിവ് എല്ലാവർക്കും പകർന്നു നൽകുന്നതായിരുന്നു അവിടുത്തെ ഓരോ നടപടികളും.

അബുലഹബിന്റെ ഈ രണ്ടു സന്താനങ്ങളും ഇസ്ലാമായതിനു ശേഷം തിരുനബിﷺയോടൊപ്പം ഉറച്ചുനിൽക്കുകയും ഹുനൈൻ മുന്നേറ്റത്തിൽ പങ്കാളികളാവുകയും ചെയ്തു. അവർ അബൂബക്കറി(റ)ന്റെ കാലത്ത് വിയോഗം തേടിയെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

അഞ്ച്: അബ്ദുല്ല അസ്സബ്അരി(റ). കവിതകൾ കൊണ്ട് ഇസ്ലാമിനെയും പ്രവാചകനെﷺയും ആക്ഷേപിച്ച ആളായിരുന്നു അദ്ദേഹം. മക്കാ വിജയത്തെ തുടർന്ന് അദ്ദേഹം നജ്റാനിലേക്ക് ഒളിച്ചു പോയി. പ്രവാചക കവി ഹസാനുബിനു സാബിത്ത് അദ്ദേഹത്തിന് ഒരു വലിയ കവിതാ സന്ദേശം അയച്ചു കൊടുത്തു. അദ്ദേഹത്തിന്റെ ഗതികേടും ഇസ്ലാമിനെ എതിർത്തു നിൽക്കുന്നതിന്റെ നഷ്ടങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു കവിത. ഇസ്ലാമിനെതിരെ ഉയർത്തിയ ആക്ഷേപങ്ങൾക്കുള്ള മറുപടിയും അതിലുണ്ടായിരുന്നു. ഹസ്സാനിന്റെ കവിതകൾ കണ്ടു തിരിച്ചറിവുണ്ടായ അദ്ദേഹം പ്രവാചകﷺ സവിധത്തിലേക്ക് എത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ ഹൃദയത്തിൽ നേർവഴിയുടെ വെളിച്ചം തെളിഞ്ഞിരുന്നു. പ്രവാചകർﷺക്ക് മുമ്പിൽ അത് തുറന്നു സമ്മതിക്കുകയും ഇസ്ലാമിലേക്ക് വരികയും ചെയ്തു.

അദ്ദേഹം നബി സവിധത്തിലേക്ക് വരുമ്പോൾ അനുയായികൾക്കൊപ്പം സദസ്സിലിരിക്കുകയായിരുന്നു അവിടുന്ന്. അദ്ദേഹത്തെ കണ്ട മാത്രയിൽ തന്നെ നബിﷺ പറഞ്ഞു. ആ ഇത് നമ്മുടെ ഇബ്നുസ്സബ്അരി(റ)യാണല്ലോ! ഇസ്ലാമിന്റെ പ്രകാശം ഉൾക്കൊള്ളുന്ന മുഖഭാവം ആണല്ലോ ഇപ്പോൾ അദ്ദേഹത്തിന്. അപ്പോഴേക്കുമടുത്തു വന്ന് അദ്ദേഹം നബിﷺക്ക് സലാം ചൊല്ലി. എന്നിട്ട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ. അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹൻ ഇല്ലെന്നും, അവിടുന്ന് അല്ലാഹുവിന്റെ ദൂതനാﷺണെന്നും ഞാൻ ഇതാ സാക്ഷ്യം വഹിക്കുന്നു. എന്നെ നേർവഴിയിലാക്കിയതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു. ഞാൻ തങ്ങളോട് ഒരുപാട് ശത്രുത വെച്ചിട്ടുണ്ടായിരുന്നു. ആ ശത്രുത പ്രയോഗിക്കാൻ വേണ്ടി ഞാൻ വാഹനത്തിലും കാൽനടയായും ഒക്കെ സഞ്ചരിച്ചിട്ടുണ്ട്. ഒടുവിൽ ഞാൻ നജ്റാനിലേക്ക് ഒളിച്ചു പോയി. ഒരിക്കലും ഞാൻ ഇസ്ലാമിലേക്ക് വരില്ലെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു ആ യാത്ര. പക്ഷേ, അല്ലാഹു എനിക്ക് നന്മ വിധിച്ചു. നന്മയുടെ വെളിച്ചം എന്റെ ഹൃദയത്തിൽ ഇട്ടു തന്നു. കഴിഞ്ഞകാലത്തെ ബുദ്ധിശൂന്യതകളെ കുറിച്ച് ഞാൻ ആലോചിച്ചു. ആരാണ് വണങ്ങിയത് വണങ്ങാത്തത് എന്ന് പോലും അറിയാത്ത കല്ലുകളെ ആണല്ലോ ഞാൻ ആരാധിച്ചത്! അവകൾക്കു വേണ്ടിയാണല്ലോ ബലിദാനം നടത്തിയത്! ഞാൻ ആലോചിച്ചു നോക്കി. ഇത്രയുമായപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങളെ നേർവഴിയിലാക്കിയ അല്ലാഹുവിന് സർവസ്തുതിയും. ഇസ്ലാം സ്വീകരിക്കുന്നതിനോട് കൂടി അതിനു മുമ്പുള്ളതെല്ലാം പൊറുക്കപ്പെട്ടു.

ഇസ്ലാം സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ കവിതകളുടെ പ്രമേയം മാറി. അദ്ദേഹത്തിന്റെ ചില കവിതകളുടെ ആശയങ്ങൾ നമുക്ക് വായിക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-482

Tweet 482

അബ്ദുല്ലാഹ് ബിൻ സിബഅ്റാ(റ) ഇസ്ലാം സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹം ആലപിച്ച കവിതയുടെ ലളിതസാരം ഇങ്ങനെ വായിക്കാം.

അഹമ്മദ് നബിﷺയെന്നെ പ്പറഞ്ഞതറിഞ്ഞതിൽ
വേദനിച്ചെൻ ഹൃത്തും നൊമ്പരം പേറി ഞാൻ

നിശയേറെയായിട്ടും എന്നിമകളടഞ്ഞില്ല.
നിശ്ചയദാർഢ്യത്താൽ മുന്നേ ഗമിക്കുന്ന
ഒട്ടകമേറിയവരിലുന്നതരാം നബീﷺ…..

സഹ്മും മഖ്സൂമും അരുതായ്മകൾ ചൊന്നു
ഇരുളിൽ പതിഞ്ഞ നാൾ ഞാൻ ചെയ്ത തെറ്റുകൾ
ഖേദിച്ചിടുന്നിതാ മാപ്പെനിക്കേകണേ!
(സഹ്മും മഖ്സൂമും, കവിയുമായി ബന്ധപ്പെട്ട രണ്ട് ഗോത്രങ്ങൾ)

പണ്ട് ഞാൻ തെറ്റിൽ ചലിച്ചു പോയ് അതുപോലെ
അക്രമികളാണന്ന് എന്നെ നയിച്ചതും

ഇന്നെന്റെ ഉള്ളം നിറഞ്ഞു തിരു നബിﷺയാലെ
ഞാൻ വിശ്വസിക്കുന്നു അങ്ങയെ സത്യമായ്

ഈ മധു നുകരാതെ പോയവർ തെറ്റിപ്പോയ്
കാരുണ്യം കിട്ടാതെ ദൂരേക്ക് ദൂരേക്ക്

വിടുതിയും കൃപയും തുണയായ് ലഭിച്ചതിൽ
ശത്രുതകൾ നീങ്ങി ഹൃദയങ്ങൾ ചേർന്നല്ലോ

നബിﷺയെ പൊറുക്കണേ എൻ പിഴകളൊക്കെയും
മാതാപിതാക്കളെ അർപ്പിച്ചീടുന്നു ഞാൻ…

ഇക്രിമത് ബിൻ അബീ ജഹൽ മക്കാ വിജയ സമയത്ത് സത്യവിശ്വാസം സ്വീകരിച്ച പ്രമുഖരിൽ ഒരാളാണ്. ഇസ്ലാമിന്റെ മുഖ്യ ശത്രുവായിരുന്ന അബൂജഹലിന്റെ മകൻ ഇക്’രിമ. അദ്ദേഹം തന്നെ പറയുന്നു. മക്കാ വിജയവേളയിൽ നബിﷺയുടെയും അനുയായികളുടെയും ആഗമനം ഞാനറിഞ്ഞു. ഖുറൈശികളുടെ ഒരു സംഘത്തോടൊപ്പം ജീവൻ സമർപ്പിച്ച് അവരെ നേരിടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ നിൽക്കെയാണ് ഖാലിദി(റ)ന്റെ സംഘം വരുന്നത് കാണാനിടയായത്. അപ്പോഴേക്കും ഹൃദയത്തിൽ ആഴത്തിൽ ഭയം പടർന്നു. കടലിലേക്ക് ചാടി എവിടെയോ എത്തി അലഞ്ഞുതിരിഞ്ഞ് ഇസ്ലാമിൽ പ്രവേശിക്കാതെ മരിച്ചാലോ എന്ന് കരുതി ഞാൻ ഓടി. അങ്ങനെ ഞാൻ ഷുഹൈബയിൽ എത്തി. എന്റെ ഭാര്യ ബുദ്ധിമതിയായിരുന്നു. ഹാരിസിന്റെ മകൾ ഉമ്മു ഹക്കീം. അവൾ നേരത്തെ തന്നെ പ്രവാചകരെﷺ അനുഗമിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. അവൾ നേരെ നബിﷺയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു. എന്റെ അമ്മാവന്റെ മകൻ കടലിൽ ചാടിയാലോ എന്ന് കരുതി ഓടിപ്പോകാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന് അവിടുന്ന് അഭയം നൽകുമോ?

ഇമാം ബൈഹഖി(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഇക്രിമ കടപ്പുറത്ത് ചെന്ന് കിട്ടിയ ബോട്ടിൽ കയറി. അധികം വൈകിയില്ല കൊടുങ്കാറ്റ് അവരെ ബാധിച്ചു. അദ്ദേഹം ലാത്ത, ഉസ്സ ദൈവങ്ങളെ വിളിച്ചുസഹായം തേടി. അപ്പോൾ ബോട്ടിലുള്ളവർ പറഞ്ഞു. നിങ്ങൾ ഏകനായ അല്ലാഹുവിനെ വിളിച്ചു സഹായം തേടുക. നിങ്ങളുടെ ഈ പറയപ്പെട്ട ദൈവങ്ങളൊന്നും നിങ്ങൾക്ക് ഒരു ഉപകാരവും ചെയ്തു തരില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു. കടലിൽ രക്ഷിക്കാൻ ആ വിശ്വാസത്തിനേ സാധിക്കുകയുള്ളൂ എങ്കിൽ കരയിലും രക്ഷിക്കാൻ ആ വിശ്വാസത്തിന് തന്നെയേ സാധിക്കുകയുള്ളൂ. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ നീയെന്നെ ഈ ഘട്ടത്തിൽ രക്ഷപ്പെടുത്തിയാൽ ഞാൻ നേരെ മുഹമ്മദ് നബിﷺയുടെ അടുക്കൽ ചെല്ലും. എന്റെ കരങ്ങൾ ആ തിരുകരങ്ങൾക്കുമേൽ ചേർത്തുവെക്കും. അവിടുന്ന് മാന്യതയും വിടുതിയും മുന്നിൽ വച്ചുകൊണ്ട് എന്നോട് സമീപിക്കും. അങ്ങനെ അദ്ദേഹം നബിﷺയെ സമീപിച്ചു ഇസ്ലാം സ്വീകരിച്ചു.

ഇമാം സുഹരി(റ)യിൽ നിന്ന് ബൈഹഖി(റ) ഉദ്ധരിച്ച മറ്റൊരു നിവേദനം ഇങ്ങനെയാണ്. ഇക്”രിമയുടെ പത്നി ഉമ്മു ഹക്കീം നബിﷺയെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ അവിടുന്ന് വധശിക്ഷ നടപ്പിലാക്കുമോ എന്ന് ഭയന്ന് ഇക്’രിമ യമനിലേക്ക് പുറപ്പെട്ടിരിക്കുന്നു. അവിടുന്ന് അദ്ദേഹത്തിന് അഭയം നൽകാമോ? ഉടനെ തന്നെ നബിﷺ പറഞ്ഞു. അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു. ഉമ്മു ഹകീം ഇക്’രിമയെ അന്വേഷിച്ചിറങ്ങി. ഒപ്പം റോംകാരനായ തന്റെ ഒരു പരിചാരകനും ഉണ്ടായിരുന്നു. വഴിയിൽ വെച്ച് അയാൾ ഉമ്മു ഹക്കീമിനെ കടന്നു പിടിക്കാൻ ഒരുങ്ങി. അവൾ അവനെ അനുനയിപ്പിച്ചു മുന്നോട്ടു നീങ്ങി. അക്ക് പ്രവിശ്യയിലെ ഒരു ഗോത്രപ്രദേശത്ത് എത്തിയപ്പോൾ ഇവന്റെ ശല്യത്തിൽ നിന്ന് അവരോട് സഹായം തേടി. അവർ അവനെ ബന്ധിച്ചു. ശേഷം അവർ മുന്നോട്ടു നീങ്ങി. ഇക്രിമയുടെ അടുത്തെത്തി. അദ്ദേഹം ബോട്ടിൽ കയറിയിട്ടുണ്ടായിരുന്നു. കാലാവസ്ഥയുടെ കപ്പിത്താൻ പറഞ്ഞു. നിങ്ങൾ പങ്കുകാരെ ഒക്കെ ഒഴിവാക്കി പടച്ചവനെ മാത്രം വിളിക്കുക. അപ്പോൾ ഇക്രിമ ചോദിച്ചു. പിന്നെ എന്താണ് പറയേണ്ടത്. കപ്പിത്താൻ പറഞ്ഞു ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക. അപ്പോൾ ഇക്’രിമ ചിന്തിച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ അല്ലേ ഞാൻ ഇപ്പോൾ യാത്രയ്ക്ക് ഒരുങ്ങിയത്. കപ്പിത്താന്മാരും അറബികളും അനറബികളും എല്ലാം അറിയുന്ന യാഥാർത്ഥ്യത്തിൽ നിന്നാണോ ഞാൻ ഓടി മാറുന്നത്. മുഹമ്മദ് നബിﷺ അവതരിപ്പിച്ചത് മാത്രമാണ് സത്യദീൻ അല്ലേ. അദ്ദേഹം തന്നെ തുടരുന്നു. എന്റെ മനസ്സിൽ അല്ലാഹു മാറ്റം നൽകി. എന്റെ പത്നി എന്റെ അടുക്കലേക്ക് എത്തി. അവർ എന്നോട് പറഞ്ഞു. അല്ലയോ അമ്മാവന്റെ മകനെ.. ജനങ്ങളിൽ ഏറ്റവും ഉത്തമരും ഗുണം നൽകുന്നവരും കുടുംബബന്ധം ചേർക്കുന്നവരുമായ മഹത് വ്യക്തിത്വത്തിന്റെ അടുത്തുനിന്നാണ് ഞാൻ വരുന്നത്. അഥവാ നബിﷺയുടെ അടുത്തുനിന്ന്. നിങ്ങൾ എന്തിന് നിങ്ങളെ നശിപ്പിക്കണം. അങ്ങനെ അവൾ എന്നെ നബിﷺയുടെ അടുത്തേക്ക് എത്തിച്ചു. എന്നിട്ട് നബിﷺയോട് പറഞ്ഞു. ഇദ്ദേഹത്തിനു വേണ്ടി ഞാൻ അവിടുത്തോട് ജാമ്യം തേടുകയും അവിടുന്ന് നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ട് അവൾ റോമൻ അടിമയുടെ നടപടി നബിﷺയോട് പറയുകയും നബിﷺ അവനു വധശിക്ഷ വിധിക്കുകയും ചെയ്തു.
തൽക്കാലം ഇക്രിമയും പത്നിയും വീട്ടിലേക്ക് മടങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-483

Tweet 483

ഇക്’രിമയുടെ മനംമാറ്റത്തെ കുറിച്ചും അദ്ദേഹത്തോട് എങ്ങനെ സമീപിക്കണമെന്നും നബിﷺ അനുയായികളോട് ഉപദേശിച്ചു. കാരണം, അദ്ദേഹത്തിന്റെ പിതാവ് അബൂജഹൽ ഇസ്ലാമിന്റെ വിരോധിയായിരുന്നല്ലോ. ഇക്രിമ തന്നെയും ഇസ്ലാമിന്റെ വിരുദ്ധ പക്ഷത്ത് ശക്തനായ ഒരു പോരാളിയായിരുന്നു. നബിﷺ പറഞ്ഞത് ഇങ്ങനെയാണ്. അധർമ്മങ്ങളിൽ നിന്ന് വിട്ട് സത്യവിശ്വാസിയായി ഇക്’രിമ ഇങ്ങോട്ട് വരും. നിങ്ങൾ അദ്ദേഹത്തിന്റെ പിതാവിനെ ആക്ഷേപിക്കരുത്. പരേതനെ കുറ്റം പറയുന്നത് കൊണ്ട് ജീവിച്ചിരിക്കുന്ന ആൾക്ക് പ്രയാസമുണ്ടാകും. മരണപ്പെട്ടുപോയ ആൾക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കുകയുമില്ല. സ്വഹാബികൾ ഈ സന്ദേശം മനസ്സിൽ സൂക്ഷിച്ചുവച്ചു.

ഈ സന്ദർഭത്തിലാണ് അരമനയിൽ ഇക്രിമ തന്റെ ഭാര്യയുമായി സംഭാഷണം നടക്കുന്നത്. സംഭാഷണത്തിനൊടുവിൽ അദ്ദേഹം ഭാര്യയോട് കിടപ്പറ പങ്കിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അവർ വിസമ്മതിച്ചു. അവർ പറഞ്ഞു ഞാൻ സത്യവിശ്വാസിനിയും നിങ്ങൾ സത്യനിഷേധിയുമാണ്. നമ്മുടെ വിശ്വാസങ്ങൾ ഒത്തുപോവുകയില്ല. എനിക്ക് നിങ്ങൾക്ക് വിധേയപ്പെടാൻ ഇപ്പോൾ ന്യായങ്ങൾ ഇല്ല. ഈ മറുപടി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇത്രമേൽ ആത്മനിയന്ത്രണം പാലിക്കാൻ മാത്രം നിന്നെ പാകപ്പെടുത്തിയ ഒരു വിശ്വാസം അതൊരു മഹത്വമുള്ള വിശ്വാസം തന്നെയാണല്ലോ. അദ്ദേഹത്തെ കൂടുതൽ ചിന്തിപ്പിച്ചു. മാനസികമായി അയാൾ ഇസ്ലാമിലേക്ക് ചേർന്നു. വിശ്വാസ പ്രഖ്യാപനത്തിന് വേണ്ടി നബി സന്നിധിയിലേക്ക് പുറപ്പെട്ടു.

ഇക്രിമയുടെ ആഗമനമറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആവേശത്തിൽ നബിﷺ മുന്നോട്ടുവന്നു. അവിടുന്ന് അതിയായി സന്തോഷിച്ചു. ഇക്’രിമ ഭാര്യയോടൊപ്പം വിനയപൂർവ്വം തിരുനബി സന്നിധിയിൽ വന്നു നിന്നു. എന്നിട്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി. ഇതാ ഇവൾ എന്നോട് പറഞ്ഞു അവിടുന്ന് എനിക്ക് അഭയം നൽകിയിട്ടുണ്ടെന്ന്. അപ്പോൾ നബിﷺ പറഞ്ഞു. അതെ, നിങ്ങൾക്ക് അഭയം നൽകിയിട്ടുണ്ട്. എന്തൊരു വിശ്വാസത്തിലേക്കാണ് അവിടുന്ന് ജനങ്ങളെ ക്ഷണിക്കുന്നത്? അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതൻ ആണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക. ഹൃദയാ സ്വീകരിക്കുക. അഞ്ചുനേരം നിസ്കാരം നിർവഹിക്കുക. സമ്പത്തിൽ നിന്ന് നിശ്ചിതവിഹിതം ധർമ്മം നൽകുക. അങ്ങനെ തുടങ്ങിയുള്ള ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ നബിﷺ പറഞ്ഞു കൊടുത്തു. ഇക്’രിമ പറഞ്ഞു. അല്ലാഹു സത്യം അവിടുന്ന് നന്മയിലേക്കാണ് ക്ഷണിച്ചിട്ടുള്ളത്. സുന്ദരമായ കാര്യങ്ങളിലേക്ക് ആണ് സ്വാഗതം ചെയ്തിരിക്കുന്നത്. അവിടുന്ന് പ്രബോധനം ആരംഭിക്കുന്നതിന് മുമ്പ്തന്നെ നമുക്കിടയിൽ ഏറ്റവും വലിയ സത്യവാനും നന്മയുടെ കേന്ദ്രവുമൊക്കെ ആയിരുന്നല്ലോ. തുടർന്ന് അദ്ദേഹം സത്യ സാക്ഷ്യ വാചകം പ്രഖ്യാപിച്ചു. അതുകേട്ടതും തിരുനബിﷺക്ക് എന്തെന്നില്ലാത്ത സന്തോഷമായി. നബിﷺയോട് അദ്ദേഹം വീണ്ടും ചോദിച്ചു. എനിക്ക് പറയാവുന്നതിൽ വച്ച് ഏറ്റവും നല്ല വാചകം ഒരിക്കൽ കൂടി പറഞ്ഞു തരുമോ. വീണ്ടും നബിﷺ സത്യവാചകം തന്നെ പറഞ്ഞു കൊടുത്തു. ഒരിക്കൽ കൂടി അദ്ദേഹം ചോദിച്ചു. ഇനി ഞാൻ എന്താണ് പറയേണ്ടത്. ഞാൻ ശരിയായ ഒരു മുസ്ലിമും ഇസ്ലാമിനായി എന്തും സമർപിക്കാൻ സന്നദ്ധനുമാണെന്ന് അല്ലാഹുവിനെയും ഈ സദസ്സിനെയും സാക്ഷിയാക്കി ഞാൻ പ്രഖ്യാപിക്കുന്നു. അദ്ദേഹം അതേറ്റു പറഞ്ഞു.

തുടർന്ന് ഇക്രിമ(റ)യും ഭാര്യയും ദമ്പതികൾ ആയി തന്നെ ജീവിച്ചു. അദ്ദേഹത്തിന്റെ ശിഷ്ടജീവിതം ഇസ്ലാമിനുവേണ്ടി സമർപ്പിച്ചു. പടക്കളങ്ങളിൽ പോരാളിയായി മുന്നേറി. ഇസ്ലാമിനെതിരെ എത്രമേൽ ശക്തമായി ശത്രുപാളയത്തിൽ നിലകൊണ്ടോ അതിനെല്ലാം പകരം ഇസ്ലാമിനുവേണ്ടി നിലകൊള്ളാൻ അദ്ദേഹം തീരുമാനിച്ചു. ധീരമായ നിലപാടുകൾ പ്രകടിപ്പിക്കേണ്ട സ്ഥലങ്ങളിൽ പതറാതെ മുൻനിരയിൽ നിന്നു. തിരുനബിﷺയുടെ വിയോഗാനന്തരം ഒമാനിലേക്കും യമനിലേക്കും ഉള്ള സൈനിക നീക്കങ്ങളുടെ മേധാവിയായി അബൂബക്കർ(റ) ഇക്’രിമ(റ)യെ നിയോഗിച്ചു. യുദ്ധത്തിൽ ധീര നേതാവായി സംബന്ധിച്ചു. പടക്കളത്തിൽ വെച്ച് അല്ലാഹുവിന്റെ മാർഗത്തിൽ യാത്രയായി.

മരണത്തോട് അടുത്ത് നേരം ഒരിറ്റു വെള്ളത്തിനായി അവർ ആഗ്രഹിച്ചു. യുദ്ധക്കളത്തിലെ പരിചാരകന്മാർ വെള്ളപ്പാത്രം ചുണ്ടോടു ചേർത്തു കൊടുത്തപ്പോൾ തൊട്ടടുത്തു കിടന്ന മറ്റൊരു സഹോദരൻ വെള്ളത്തിനു വേണ്ടി ആവശ്യപ്പെടുന്നത് കേട്ടു. അദ്ദേഹത്തിന് കൊടുത്തിട്ട് മതിയെന്ന് പറഞ്ഞുകൊണ്ട് തൽക്കാലം പാനീയം നിരസിച്ചു. ഹബീബിന് അബൂ ഹാരിസ്(റ), ഇക്’രിമ(റ), അയ്യാഷ് ബിൻ അബീ റബീഅ(റ) എന്നീ മൂന്നുപേർ ഒരേസമയം ദാഹിച്ചു വെള്ളം ആവശ്യപ്പെട്ടവരായിരുന്നു. സഹോദരന്റെ ദാഹം തീർത്തിട്ട് മതി എനിക്ക് വെള്ളം എന്ന് ഓരോരുത്തരും പറഞ്ഞു. ഒടുവിൽ കോപ്പയിലെ വെള്ളം കുടിക്കുന്നതിനു മുമ്പ് സ്നേഹത്തിന്റെ സ്വർഗ്ഗപാനം തേടി അവർ മൂന്നുപേരും യാത്രയായി. ഇക്രിമ(റ) യർമൂക് പോർക്കളത്തിൽ വെച്ച് ശഹീദായി. ഹിജ്റ വർഷം 13 ലായിരുന്നു സംഭവം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-484

Tweet 484

സഫ്‌വാൻ ബിൻ ഉമയ്യ:
ഇസ്ലാമിനെതിരെ പല നീക്കങ്ങൾക്കും നേതൃത്വം നൽകിയ ആളായിരുന്നു സഫുവാൻ ബിൻ ഉമയ്യ. മക്കാവിജയ ദിവസം അദ്ദേഹം ജിദ്ദയിലേക്ക് പുറപ്പെട്ടു. കപ്പൽ കയറി യമനിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. ആ സമയം ഉമറുബ്നു വഹബ് നബിﷺയോട് പറഞ്ഞു. ഞങ്ങളുടെ സമൂഹത്തിന്റെ നേതാവ് സഫുവാനുബ്നു ഉമയ്യ തങ്ങളെ പേടിച്ച് നാടുവിടാൻ പോവുകയാണ്. അദ്ദേഹം കടലിലേക്ക് ചാടിയാലോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ തന്നെ നബിﷺ അദ്ദേഹത്തിന് സംരക്ഷണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു എന്ന് പ്രസ്താവന ഇറക്കി. ഇതറിഞ്ഞതും ഉമറുബ്നു വഹബ് ഉറ്റ മിത്രം സഫുവാനെ അന്വേഷിച്ചു ഇറങ്ങി. കടപ്പുറത്ത് കപ്പൽ കാത്തു നിൽക്കുന്ന സഫുവാനെ കണ്ടെത്തി. ഉമറിന്റെ ആഗമനം കണ്ടതും സഫുവാൻ ഏകസഹയാത്രികനായ തന്റെ പരിചാരകൻ യസാറിനോട് പറഞ്ഞു. അതാ ആരാണ് വരുന്നത് എന്ന് കണ്ടില്ലേ? ഉമറാണ്. ഒരുപക്ഷേ, എന്നെ വധിക്കാൻ വരികയായിരിക്കും. എന്നെ കണ്ടെത്താൻ മുഹമ്മദ് നബിﷺ പ്രഖ്യാപിച്ച പ്രകാരം അന്വേഷിച്ചു വന്നതായിരിക്കും. അപ്പോഴേക്കും സഫുവാനിന്റെ അടുത്തെത്തി. അല്ലയോ സഫ്വാനേ ജനങ്ങളിൽ വച്ച് ഏറ്റവും നന്മകൾ നിറഞ്ഞ ഒരു നേതാവിന്റെ അടുക്കൽ നിന്നാണ് ഞാൻ വരുന്നത്. ബന്ധങ്ങൾ ചേർക്കുന്നതിൽ ഏറ്റവും താല്പര്യമുള്ള ഒരു വ്യക്തിത്വത്തിന്റെ പക്കൽ നിന്നാണ് ഇങ്ങോട്ട് എത്തിയത്. നിങ്ങൾ ഒരിക്കലും ആത്മഹത്യയെ കുറിച്ച് ആലോചിക്കരുത്. ഞാൻ പ്രവാചകൻ മുഹമ്മദ് നബിﷺയുടെ പക്കൽ നിന്നുള്ള സംരക്ഷണാനുമതി വാങ്ങിയാണ് വന്നിട്ടുള്ളത്. മഹാകഷ്ടം! ഒരിക്കലും അത് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. നീ എന്നോട് സംസാരിക്കുകയേ വേണ്ട. എനിക്ക് അങ്ങനെ ഒരു ജാമ്യം ലഭിക്കാൻ ഒരു അർഹതയുമില്ല. സഫുവാൻ പ്രതികരിച്ചു. അല്ലയോ സഫുവാനെ എന്റെ മാതാവിനെയും പിതാവിനെയും നിനക്ക് സമർപ്പിച്ചിരിക്കുന്നു. നിന്റെ പിതൃ സഹോദരന്റെ മകൻ ജനങ്ങളിലെ ഏറ്റവും ശ്രേഷ്ഠരും നന്മ പകർന്നു തരുന്നവരും എല്ലാമായ പ്രവാചകന്റെﷺ പക്കൽ നിന്നാണ് ഞാൻ വന്നത്. ആ വ്യക്തിത്വത്തിന്റെ പ്രതാപം നിന്റേത് കൂടിയാണ്, മഹത്വം നിനക്കുകൂടി അനുഭവിക്കാനുള്ളതാണ്, അധികാരം ലഭിച്ചാൽ അതും നിങ്ങൾക്കു കൂടിയുള്ളതാണ്. ഇല്ല, എന്റെ ജീവനെക്കുറിച്ച് എനിക്ക് പേടിയാവുന്നു. ഉമറിന്റെ വാക്കുകൾ സഫ്വാന് വിശ്വസിക്കാനായില്ല. നിങ്ങൾ വിചാരിച്ച പോലെയല്ല. മഹത്വത്തിന്റെയും അത്യുന്നതങ്ങളിലാണ് പ്രവാചകൻﷺ ഉള്ളത്. ഒടുവിൽ സഫുവാൻ പറഞ്ഞു. എനിക്ക് ജാമ്യം അനുവദിച്ചു എന്നതിന് ഒരു രേഖയില്ലാതെ നിങ്ങളോടൊപ്പം ഞാൻ പ്രവാചകന്റെﷺ അടുക്കലേക്ക് വരില്ല. എന്നാൽ അല്പനേരം നീ ഇവിടെത്തന്നെ നിൽക്കൂ എന്ന് പറഞ്ഞുകൊണ്ട് ഉമർ അതിവേഗം തിരുനബിﷺയുടെ അടുത്തേക്ക് പോയി. സഫുവാൻ പറഞ്ഞ കാര്യം പങ്കുവെച്ചു. ഇതു കേട്ടതും തിരുനബിﷺ അവിടുത്തെ ആദരണീയ ശിരസ്സിൽ നിന്ന് തലപ്പാവ് ഉയർത്തി ഉമറിന്റെ പക്കൽ കൊടുത്തു. മക്കയിലേക്ക് പ്രവേശിക്കുമ്പോൾ പ്രൗഢിയോടെ അണിഞ്ഞിരുന്ന കിരീടത്തിന് സമാനമാണത്. ഒട്ടും താമസിക്കാതെ നബിﷺയുടെ തലപ്പാവുമായി സഫ്വാന്റെ അടുത്തേക്ക് മടങ്ങി എത്തി. സഫ്വാൻ ഉമറിനൊപ്പം നബിﷺയുടെ അടുത്തേക്ക് നീങ്ങി. അപ്പോൾ നബിﷺ അനുയായികളോടൊപ്പം സായാഹ്ന നിസ്കാരത്തിലായിരുന്നു. നബിﷺ നിസ്കാരത്തിൽ നിന്ന് വിരമിച്ചതും സഫുവാൻ ഉറക്കെ വിളിച്ചു ചോദിച്ചു. അല്ലയോ മുഹമ്മദേﷺ… ഉമർ അവിടുത്തെ തലപ്പാവുമായി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവിടുത്തെ സന്നിധിയിലേക്ക് വന്നുകൊള്ളാൻ സമ്മതം നൽകിയതായി പറയുന്നു. അങ്ങനെയെങ്കിൽ എനിക്ക് രണ്ടുമാസത്തെ കാലതാമസം ആലോചിക്കാൻ വേണ്ടി അനുവദിക്കണം. ഇതുകേട്ടതും നബിﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്കു ഞാൻ നാലുമാസത്തെ സാവധാനം അനുവദിച്ചിരിക്കുന്നു. നിങ്ങൾ സമാധാനത്തോടെ മക്കയിൽ നിന്നോളൂ.

നാളുകൾ കഴിഞ്ഞു. തിരുനബിﷺയുടെ നേതൃത്വത്തിൽ സൈനിക നീക്കം നടന്നു. തുടർന്ന് ലഭിച്ച സമ്പാദ്യങ്ങൾ ഒരു താഴ്വരയിൽ സമാഹരിച്ചു. ആടു മാടൊട്ടകങ്ങൾ നിറഞ്ഞു നിൽക്കുന്ന താഴ്വരയിലേക്ക് നോക്കി സഫുവാൻ അത്ഭുതപ്പെടുന്നത് നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ നബിﷺ അദ്ദേഹത്തോട് ചോദിച്ചു. ഇത് കണ്ടിട്ട് നിങ്ങൾക്ക് ആശ്ചര്യം വരുന്നുണ്ടോ? അതെ. നിങ്ങൾക്ക് കിട്ടിയാൽ കൊള്ളാം എന്ന് തോന്നുന്നുണ്ടോ. അതെ. ഉടനെ നബിﷺ പറഞ്ഞു. എന്നാൽ ഇത് മുഴുവനും നിങ്ങൾ എടുത്തോളൂ. സഫുവാൻ സമ്മതം മൂളി. എന്നിട്ട് അദ്ദേഹം പറഞ്ഞു. സമ്പത്തിനോട് ഇത്രമേൽ വിരക്തി കാണിക്കാൻ ഒരു പ്രവാചകന്ﷺ മാത്രമേ സാധിക്കുകയുള്ളൂ. ഇത് സത്യപ്രവാചകനാണെന്ന് ഞാൻ അംഗീകരിക്കുന്നു. അദ്ദേഹം പരസ്യമായി ഇസ്ലാം പ്രഖ്യാപിച്ചു.

ഈ ചരിത്രശകലത്തെ എന്ത് ലിപികൾ കൊണ്ടാണ് രേഖപ്പെടുത്തേണ്ടത്. ശത്രുപാളയത്തിലെ നേതാവിനെ എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിൽ കൈപ്പിടിയിൽ ലഭിച്ചപ്പോഴും അയാളുടെ നേർവഴിയും വിജയവും ആഗ്രഹിച്ചുകൊണ്ട് മാത്രം വിട്ടുവീഴ്ചയുടെ ഏതറ്റവും വരെ പോകാൻ സന്നദ്ധത കാണിച്ച പ്രവാചകൻﷺ. ജാമ്യം നൽകിയതും പോരാ ഇനി അതിന് രേഖ വേണമെന്ന് പറഞ്ഞപ്പോൾ കിരീടസമാനമായ തലപ്പാവഴിച്ച് ശത്രുപാളയത്തിലെ നേതാവിൽ ഒരാൾക്ക് പ്രമാണമായി കൊടുത്തു വിടുന്ന പ്രവാചകന്‍ﷺ. ജാമ്യം തേടി മുന്നിൽ വന്നപ്പോഴും അനുസരിക്കുന്നതിനു പകരം അവധി ചോദിച്ച ശത്രുവിന് ചോദിച്ചതിൽ ഇരട്ടി സമയം അനുവദിച്ചു കൊടുക്കുന്ന ഔദാര്യത്തിന്റെ കേന്ദ്രത്തെ എങ്ങനെയാണ് നാം വായിച്ചു മനസ്സിലാക്കേണ്ടത്. ആ ഔദാര്യത്തിന്റെ പേരാണ് മുഹമ്മദ് റസൂൽﷺ…..

ഇസ്ലാം സ്വീകരിച്ചതിൽ പിന്നെ അദ്ദേഹം ഒരുത്തമ വിശ്വാസിയായി ജീവിച്ചു. ഹിജ്റ 35ന് ഉസ്മാൻ(റ)ന്റെ കാലത്ത് മക്കയിൽ വച്ച് വിയോഗം തേടി. ഹിജ്റ 41 മുആവിയയുടെ കാലത്താണെന്നും അഭിപ്രായമുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-485

Tweet 485

ഹിന്ദ് ബിൻത് ഉത്ബ.
ഇസ്ലാമിന്റെ ബദ്ധ വിരോധിയായിരുന്ന ഉതുബയുടെ മകൾ, ശത്രുപാളയത്തിലെ നിത്യസാന്നിധ്യമായ ഹിന്ദ് ഇസ്ലാമിലേക്ക് വരുന്ന രംഗം അവർ തന്നെ വിശദീകരിക്കുന്നു. മക്കാ വിജയത്തെ തുടർന്നായിരുന്നു സംഭവം. മർവാനുബ്നു ഹക്കമിന്റെ പരിചാരക ഹിന്ദിൽ നിന്ന് കേട്ട വിവരങ്ങൾ ഇങ്ങനെ പങ്കുവെക്കുന്നു. അവർ തിരു നബിﷺയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ഞാൻ പ്രവാചകനോﷺട് എല്ലാവിധേനയുമുള്ള ശത്രുതകൾ പ്രകടിപ്പിച്ചു. പ്രവാചകരുﷺടെ പിതൃസഹോദരനോട് അതിക്രൂരമായി ഉഹ്ദിൽ വച്ച് ഞാൻ പെരുമാറി. അഥവാ ഹംസ(റ)യെ വധിക്കുകയും അദ്ദേഹത്തിന്റെ ശരീരം അലങ്കോലപ്പെടുത്തുകയും ഇല്ലാത്തവിധം ക്രൂരത കാണിക്കുകയും ചെയ്ത രംഗമാണ് ഹിന്ദ് ഉദ്ദേശിച്ചത്. ഖുറൈശികൾ പ്രവാചകനെﷺതിരെ നയിച്ച ഓരോ നീക്കത്തിലും ഞാനെന്റെ റോളുകൾ നിർവഹിച്ചു. ചിലപ്പോഴൊക്കെ നേരിട്ടും മറ്റു ചിലപ്പോഴൊക്കെ സഹായിയായും ഞാനുണ്ടായിരുന്നു. മുഹമ്മദ് നബിﷺയോട് യുദ്ധത്തിൽ ഏർപ്പെടുന്ന എല്ലാവരെയും സഹായിക്കാൻ ഞാൻ തുനിഞ്ഞിറങ്ങി.

അങ്ങനെയിരിക്കെ മക്കാ വിജയത്തെ തുടർന്നു തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഞാൻ ചില സ്വപ്നങ്ങൾ കണ്ടു. ഒന്നും കാണാത്ത വിധം ശക്തമായ അന്ധകാരത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു. അൽപ്പം കഴിഞ്ഞപ്പോൾ സൂര്യനിൽ നിന്ന് പോലെ ഒരു വെളിച്ചം എന്നെ വഴി കാണിക്കുന്നു. നോക്കിയപ്പോൾ അത് അല്ലാഹുവിന്റെ ദൂതനാണ്. അവിടുന്ന് എന്നെ ക്ഷണിക്കുകയാണ്. അടുത്ത രാത്രിയിൽ ഞാൻ കണ്ട രംഗം ഇങ്ങനെ ആയിരുന്നു. ഒരു വഴിയിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നു. വലതുഭാഗത്ത് ഹുബൈൽ വിഗ്രഹം എന്നെ അങ്ങോട്ട് ക്ഷണിക്കുന്നു. ഇടതുഭാഗത്തുനിന്ന് ഇസാഫ് വിഗ്രഹം അങ്ങോട്ടും ക്ഷണിക്കുന്നു. മുന്നിൽ നിന്നുകൊണ്ട് പ്രവാചകൻﷺ എന്നെ വിളിച്ചുപറഞ്ഞു. ഇതാ ഈ വഴിയിലേക്ക് പ്രവേശിച്ചു കൊള്ളൂ. മൂന്നാമത്തെ രാത്രിയിൽ ഞാൻ ഇങ്ങനെയാണ് കണ്ടത്. ഞാൻ നരകത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. അതിലേക്ക് എന്നെ തള്ളിയിടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹുബൈൽ വിഗ്രഹം എന്നോട് പറഞ്ഞു അതിലേക്ക് വീണു കൊള്ളാൻ. ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ പ്രവാചകൻﷺ എന്റെ വസ്ത്രത്തിന്റെ കോന്തല പിടിച്ചു രക്ഷപ്പെടുത്തുന്നു. ഞാൻ നരകത്തിൽ നിന്നകന്നു. എന്റെ കൺമുമ്പിൽ നിന്ന് നരകം അന്യമായി. ഈ കാഴ്ച കൂടിയായപ്പോൾ ഞാൻ ആകെ ഭയപ്പെട്ടു. കാര്യങ്ങൾ ഏതാണ്ട് എല്ലാം എനിക്ക് വ്യക്തമായിരിക്കുന്നു. വീട്ടിൽ വിഗ്രഹങ്ങൾ വച്ചിരുന്ന റൂമിലേക്ക് ഞാൻ പോയി. എത്രകാലമായി നിങ്ങളുടെ ചതിയിൽ കഴിയുന്നു എന്ന് പറഞ്ഞ് അവയെ ഞാൻ നീക്കം ചെയ്തു. ഞാൻ ഇസ്ലാം സ്വീകരിച്ചു.

അബ്ദുല്ലാഹിബ്നു സുബൈർ(റ) പറയുന്നു. നബിﷺ മക്കയിലെ അബ്ത്വഹിലായിരുന്നപ്പോൾ ഹിന്ദ്(റ) നബിﷺയുടെ അടുത്തേക്ക് കടന്നുവന്നു. അതിനകം അവർ സത്യവിശ്വാസിനി ആയിട്ടുണ്ടായിരുന്നു. അവർ പറഞ്ഞു. അല്ലാഹു തെരഞ്ഞെടുത്ത അവന്റെ മതം ഇസ്ലാമിലേക്ക് അവൻ തന്നെ എനിക്ക് വഴി കാണിച്ചു തന്നതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. അല്ലയോ പ്രവാചകരെﷺ അവിടുത്തെ കാരുണ്യം അനുഭവിക്കാൻ അവസരം ലഭിച്ചതിലും അല്ലാഹുവിന് നന്ദി അറിയിക്കുന്നു. ഞാൻ സത്യവിശ്വാസിനിയായ ഒരു സ്ത്രീയാണ്. ഞാൻ ഇസ്ലാം സത്യമാണെന്ന് അംഗീകരിക്കുന്നു. ശേഷം, അവർ മുഖമക്കന ഉയർത്തി. എന്നിട്ട് പറഞ്ഞു ഞാനാണ് ഉത്ബയുടെ മകൾ ഹിന്ദ്(റ). നബിﷺയവരെ സ്വാഗതം ചെയ്തു. അപ്പോൾ അവർ പറഞ്ഞ വാചകങ്ങൾ ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അവിടുത്തെ കുടുംബം ഈ ലോകത്ത് വെച്ച് ഏറ്റവും നിന്ദ്യമാകണം എന്നായിരുന്നു ഞാൻ നേരത്തെ ആഗ്രഹിച്ചിരുന്നത്. ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് ഈ ലോകത്തെ ഏറ്റവും ഉത്തമമായ കുടുംബമായി അവിടുത്തെ കുടുംബം മാറണം എന്നാണ്. അഥവാ ഞാൻ പ്രവാചകരോﷺടും അവിടുത്തോട് ബന്ധപ്പെട്ട എല്ലാത്തിനോടും ഏറ്റവും വലിയ ശത്രുതയിലായിരുന്നു. ഇന്നിപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി ഇതെല്ലാം മാറിയിരിക്കുന്നു.

സ്വന്തം പിതൃ സഹോദരനെ അതിക്രൂരമായി വധിക്കാൻ നേതൃത്വം കൊടുക്കുകയും മൃതശരീരത്തിൽ ക്രൂര വിനോദങ്ങൾ നടത്തി നൃത്തം ചെയ്യുകയും ചെയ്ത സ്ത്രീക്ക് വിശദീകരണങ്ങൾ പോലും തേടാതെ മാപ്പു നൽകിയ ഔദാര്യത്തിന്റെ പേരാണ് മുഹമ്മദ് നബിﷺ. തത്തുല്യമായ വിട്ടുവീഴ്ചയുടെ അധ്യായങ്ങൾ ആരുടെ ചരിത്രത്തിലാണ് നമുക്ക് വായിക്കാനുള്ളത്. ഇത്തരം സംഭവങ്ങൾ നമുക്ക് നൽകുന്ന തിരിച്ചറിവ് ഒരിക്കൽ കൂടി നമുക്ക് ബോധ്യമാകേണ്ടതുണ്ട്. പ്രവാചകനെﷺ സംബന്ധിച്ചിടത്തോളം അല്ലാഹു ഏൽപ്പിച്ച മഹാ ദൗത്യത്തിന്റെ നിർവഹണത്തിൽ ആയിരുന്നു അവിടുന്ന്. സ്വകാര്യമായ താല്പര്യങ്ങൾക്ക് വേണ്ടിയോ അധികാരത്തിനോ സമ്പത്തിനോ വേണ്ടിയോ ഒന്നുമുള്ള നീക്കങ്ങളോ ഇടപെടലോ ആയിരുന്നില്ല പ്രവാചകരുﷺടേത്. ലോകത്തിനു മുഴുവനും നന്മയും നീതിയും ന്യായവും ബോധ്യപ്പെടുത്തുകയും എത്തിച്ചുകൊടുക്കുകയും ചെയ്യുക എന്ന ദൗത്യം ആയിരുന്നു അവിടുന്ന് നിർവഹിച്ചത്. അതിക്രൂരമായി പ്രവാചകനെﷺ സമീപിച്ചവരോട് പോലും ഒരു വൈമനസ്യവും കാട്ടാതെ വിട്ടുവീഴ്ച ചെയ്യാൻ ലോകത്ത് വേറെ ആർക്കാണ് സാധിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-486

Tweet 486

സുന്ദരിയും ബുദ്ധിമതിയും സമർഥയുമായ ഹിന്ദ് ഇസ്ലാം സ്വീകരിച്ച ശേഷം വിശ്വാസികൾക്കൊപ്പം ധീരമായി നിലകൊണ്ടു. ഭർത്താവ് അബൂസുഫിയാനൊപ്പം യർമൂക് യുദ്ധത്തിൽ പങ്കെടുത്തു. രൂക്ഷമായ പ്രതിസന്ധികളെ അതിജീവിച്ചു. ഇസ്ലാമും പ്രവാചകനുംﷺ പരാജയപ്പെടണം എന്ന് ആഗ്രഹിച്ചിരുന്ന ഇന്നലെകളിൽ നിന്നും മാറി ഇസ്ലാമിന് പ്രതാപം ലഭിക്കാൻ വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ആരാധനാകർമങ്ങളിൽ അതീവ താല്പര്യവും ആത്മനിഷ്ഠകളും പാലിച്ചു. അബൂസുഫിയാന്റെ ഇസ്ലാമിക വിചാരങ്ങളിൽ പങ്കുചേർന്നു. അദ്ദേഹത്തിന്റെ ആലോചനകളിലും ആസൂത്രണങ്ങളിലും സ്വാധീനിച്ചു.

ഉമർ(റ) ഭരിക്കുന്ന കാലത്ത് അബൂസുഫിയാന്റെ വീടിന്റെ മുന്നിലൂടെ നടന്നു പോകുമ്പോൾ, അദ്ദേഹം വീട്ടിൽ നിന്ന് വെള്ളം തെളിക്കുന്ന കാരണത്താൽ അതുവഴി നടന്നു പോകാൻ പ്രയാസമായിരുന്നു ഉമറി(റ)ന്. ഒരിക്കൽ വഴുതി വീഴാൻ ആയപ്പോൾ അബൂ സൂഫിയാനോട് ഉമർ(റ) സംസാരിച്ചു. ഇതുവഴി കടന്നുപോകുന്ന ഹാജിമാർക്ക് പ്രയാസം ഉണ്ടാകും എന്ന് അദ്ദേഹത്തെ അറിയിച്ചു. നിങ്ങൾക്ക് ഇതൊന്ന് നിർത്തിവച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ അബൂസുഫിയാൻ വിനയപൂർവ്വം ഉമറി(റ)ന്റെ വായ പൊത്തി. ഉപാധി ബോധിപ്പിക്കാൻ എന്നപോലെ സമാധാനപൂർവ്വം പ്രതികരിച്ചു. അപ്പോൾ ഇങ്ങനെ പറഞ്ഞു. മക്കയിൽ വച്ചുതന്നെ അബൂസുഫിയാനെതിരെ പ്രതികരിക്കുന്നതും എന്നിട്ട് അദ്ദേഹം സമാധാനത്തോടെ കേട്ട് നിൽക്കുന്നതും തന്റെ പക്ഷം ന്യായീകരിക്കാൻ വേണ്ടി പരിശ്രമിക്കാത്തതും എന്നെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെയൊരു സാഹചര്യം തന്നതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. ഇതു കേട്ടുനിന്ന ഹിന്ദ് പറഞ്ഞു. ഞാനും അല്ലാഹുവിനെ സ്തുതിക്കുന്നു. നിങ്ങൾ ഇപ്പോൾ പറഞ്ഞ സ്തുതി വാചകം ഒരു വലിയ മഹത്വമുള്ള വാചകമാണ്.

ന്യായത്തിനും നീതിക്കുമൊപ്പം നിലനിൽക്കാനും മഹാന്മാരായ ഖലീഫമാരുടെ പ്രവർത്തനകാലത്ത് ആഭ്യന്തര പിന്തുണകൾ നൽകാനും ഹിന്ദി(റ)ന് സാധിച്ചു.

ഉമറി(റ)ന്റെ ഭരണകാലത്ത് ശ്യാം പ്രവിശ്യയിൽ വ്യാപകമായ പകർച്ചവ്യാധി പിടിപെട്ടു. നിരവധി സ്വഹാബികളും മറ്റും അതിൽ മരണപ്പെട്ടു. അതിൽ ഹിന്ദി(റ)ന്റെ മകൻ യസീദും ഉണ്ടായിരുന്നു. അതിൽ മഹതി അവർകൾ ആത്മാർത്ഥമായി ക്ഷമിച്ചു. അനുശോചനത്തിനും പ്രാർത്ഥനയ്ക്കും വേണ്ടി വീട്ടിലേക്കു വന്ന ഉമറി(റ)ന് മുന്നിൽ അതീവ സഹിഷ്ണുതയോടെ പെരുമാറി. അല്ലാഹുവിന്റെ വിധിയിൽ തൃപ്തിപ്പെടാനും നാമും അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണല്ലോ എന്ന വിചാരത്തിൽ ഉറച്ചുനിന്നു പ്രഖ്യാപിക്കാനും മഹതിക്കു സാധിച്ചു.

സാഹിത്യത്തിൽ സമർത്ഥയായിരുന്ന ഹിന്ദി(റ)ന്റെ വരികളും വാചകങ്ങളും മനോഹരമായിരുന്നു. ഗദ്യവും പദ്യവും ആയി സമാഹരിക്കാവുന്ന വിധം നിരവധി ആവിഷ്കാരങ്ങൾ അവർക്കുണ്ടായിരുന്നു.

ഭർത്താവിനെ കുറിച്ച് നബിﷺയോട് പരാതി പറയുന്ന ഹിന്ദി(റ)ന്റെ പരാമർശം ഉൾക്കൊള്ളുന്ന ഹദീസ് വളരെ പ്രസിദ്ധമാണ്. അതിന്റെ ആശയം ഇങ്ങനെ വായിക്കാം. ഒരു ദിവസം ഹിന്ദ്(റ) നബിﷺയുടെ മുന്നിൽ വന്നു പറഞ്ഞു. എന്റെ ഭർത്താവ് ഒരു പിശുക്കനാണ്. മക്കൾക്കും മറ്റും ചെലവിന് മതിയായ സംഖ്യ തരാറില്ല. എന്നാൽ അദ്ദേഹത്തിന്റെ അറിവില്ലാതെ അദ്ദേഹത്തിന്റെ സ്വത്ത് എടുത്ത് വിനിയോഗിക്കാമോ. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. നിനക്കും നിന്റെ മക്കൾക്കും ചെലവിനാവശ്യമായത് മാത്രം എടുത്തോളൂ കുഴപ്പമില്ല.

ഹിജ്റ 14 ഭരണകാലത്താണ് മഹതി മരണപ്പെട്ടത്. അന്നുതന്നെയാണ് അബൂബക്കറി(റ)ന്റെ പിതാവ് അബൂ ഖുഹാഫ(റ)യും ഈ ലോകത്തോട് വിട പറഞ്ഞത്.

ഇസ്ലാം വിരുദ്ധ ചേരിയിൽ അതിശക്തമായ നിലപാടുകൾ സ്വീകരിച്ച ഒരു സ്ത്രീരത്നം, വിശ്വാസവും നന്മയും തിരിച്ചറിഞ്ഞ് പ്രവാചക അനുയായിയായപ്പോൾ അവരുടെ ജീവിതം മുഴുവനും മാറിമറിഞ്ഞു. അവർ സമൂഹത്തിന്റെ ഉന്നത സ്വീകാര്യതകൾ നേടിയെടുത്തു. പഴയകാല ശത്രുതയുടെ പേരിൽ അവരെ ആരും അകറ്റി നിർത്തിയില്ല. വിവരമില്ലാത്ത കാലത്തെ ക്രൂരതകളെ കുറിച്ച് ആരും ആവർത്തിച്ചു പറഞ്ഞില്ല. നേർവഴി സ്വീകരിച്ചതിൽ പിന്നെ അവർ ആദരിക്കപ്പെട്ടു. എല്ലാ അംഗീകാരങ്ങളും ലഭിച്ചു. ആത്മീയമായ ഉന്നതങ്ങളിൽ അവർ അവരോധിക്കപ്പെട്ടു. അന്ത്യനാൾ വരെയുള്ള മുസ്ലീംകൾ അവരുടെ പേരു കേൾക്കുമ്പോൾ ആദരപൂർവ്വം പ്രാർത്ഥനാ വചനങ്ങൾ ആശംസയായി അർപ്പിക്കുന്നു. റളിയല്ലാഹു അൻഹാ….

ഹിന്ദ്(റ) അബൂസുഫിയാൻ(റ) ദമ്പതികൾക്ക് ജനിച്ച മകനാണ് മുആവയത് ബിൻ അബൂസുഫിയാൻ(റ) എന്ന പ്രമുഖനായ സ്വഹാബി. അദ്ദേഹം പിന്നീട് ഇസ്ലാമിക ലോകത്ത് ഭരണാധികാരിയായി. മുആവിയ(റ)ക്കുശേഷം അദ്ദേഹത്തിന്റെ മകൻ യസീദും അധികാര കേന്ദ്രത്തിലെത്തി. അഥവാ മകനും പേരക്കുട്ടിയും പിൽക്കാലത്ത് ഭരണാധികാരികളായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-487

Tweet 487

മക്കാ വിജയത്തിന്റെ പിറ്റേദിവസം നബിﷺ ഒരു പ്രഭാഷണം നടത്തി. അല്ലയോ ജനങ്ങളെ, ആകാശഭൂമികളെ സൃഷ്ടിച്ചപ്പോൾ തന്നെ അല്ലാഹു മക്കയെ പവിത്രമാക്കി. സൂര്യചന്ദ്രാദികളെ പടച്ചപ്പോൾ തന്നെ അല്ലാഹു മക്കയെ പുണ്യഭൂമിയാക്കി. ഈ കാണുന്ന രണ്ട് പർവതങ്ങളെ അല്ലാഹു സ്ഥാപിച്ചു. മനുഷ്യരാരുമല്ല ഈ നാടിനെ പുണ്യദേശമാക്കിയത്. ഇനി അന്ത്യനാൾ വരെയും ഇത് പുണ്യഭൂമി തന്നെയായിരിക്കും. അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്ന ഒരാളും ഇവിടെ രക്തചൊരിച്ചിൽ ഉണ്ടാക്കരുത്. ഇവിടുത്തെ മരങ്ങൾ മുറിക്കുകയോ പറിക്കുകയോ ചെയ്യരുത്. മക്കാ വിജയവേളയിൽ എനിക്കുവേണ്ടി അനുവദിച്ച ഒരല്പ സമയം ഒഴികെ എനിക്ക് മുമ്പോ ശേഷമോ ഒരാൾക്കും ഇവിടെ ആയുധപ്രയോഗം അനുവദിച്ചിട്ടില്ല. അത് ഈ നാട്ടുകാരോടുള്ള അല്ലാഹുവിന്റെ ദേഷ്യത്തിന്റെ പേരിലാണ് ആൽപ്പസമയം അനുവദിച്ചത്. ആ സമയവും ഇവിടെ അവസാനിച്ചിരിക്കുന്നു. ഈ വിവരം ഇവിടെ ഇല്ലാത്തവരോട് ഇവിടെ ഉള്ളവർ അറിയിച്ചു കൊടുക്കുക. ഇവിടെ പ്രവാചകൻﷺ യുദ്ധസമാനമായി പെരുമാറിയല്ലോ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അല്ലാഹുവിൽ നിന്നുള്ള അനുമതി പ്രകാരം ആയിരുന്നു എന്ന് അവരോട് പറയണം. അതും അവിടുത്തേക്ക് വേണ്ടി മാത്രം നിശ്ചിത സമയം അല്ലാഹു അനുവദിച്ചു കൊടുത്തതായിരുന്നു എന്നും അറിയിക്കണം.

പവിത്ര ഹറമിൽ കൊല ചെയ്യുന്നവരാണ് അല്ലാഹുവിനെ ഏറ്റവും അനിഷ്ടം ഉള്ളവർ. കുടിപ്പകയുടെ പേരിലോ ആവശ്യമില്ലാതെയോ ചെയ്യുന്നവർ അല്ലാഹുവിനെ ഏറ്റവും അനിഷ്ടം ഉള്ളവരാണ്. അല്ലയോ ഖുസാആ ഗോത്രമേ! നിങ്ങൾ കൊലപാതകത്തിൽ നിന്ന് കൈമാറ്റുക. നിങ്ങൾ വധിച്ചു കളഞ്ഞ ഒരാൾക്ക് വേണ്ടി ഞാൻ രക്ത മൂല്യം നൽകി കൊള്ളാം. ഇനിയങ്ങോട്ട് ആരെങ്കിലും അങ്ങനെ വധിക്കപ്പെടുന്ന പക്ഷം. കൊലചെയ്യപ്പെട്ടവന്റെ കുടുംബത്തിന് രക്ത മൂല്യം സ്വീകരിക്കുകയോ വധശിക്ഷ നടപ്പിലാക്കുകയോ ചെയ്യാം. എന്നിട്ട് ഖുസാആ ഗോത്രം കൊല ചെയ്തു കളഞ്ഞ ആൾക്ക് വേണ്ടി നബിﷺ നൂറു ഒട്ടകം നഷ്ട പരിഹാരമായി നൽകി. നബിﷺ തന്നെ നേരിട്ട് ഇത്തരം ഒരു രക്ത മൂല്യം നൽകുന്നത് ഇത് ആദ്യമായിരുന്നു.

മക്കയിലേക്ക് അതിജീവനത്തോടെ കടന്നു വരികയും ഒരു മഹത്തായ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിൽ ആവശ്യമായ സമുദ്ധാരണങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ആണ് നബിﷺ ചെയ്തുകൊണ്ടിരിക്കുന്നത്.
മക്കയുടെ പവിത്രതയും കൊലപാതകത്തിന്റെ കെടുതിയും നബിﷺ പറഞ്ഞു കൊണ്ടേയിരുന്നു. മക്കയെ എന്നെന്നും ഒരു ശാന്തഭൂമിയാക്കി നിലനിർത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ഇതിനിടയിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. ഉത്ബത്ത് ബിനു അബീ വഖാസ് എന്റെ സഹോദരൻ സഅദിനോട് പറഞ്ഞു. അബ്ദുറഹ്മാൻ എന്റെ മകനാണ് എവിടെയെങ്കിലും കണ്ടെത്തിയാൽ നീ തന്നെ സംരക്ഷിച്ചു കൊള്ളണം. മക്കാ വിജയ വേളയിൽ സഅദ് കുട്ടിയെ കണ്ടെത്തുകയും കൂട്ടി പിടിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു കഅ്ബ സാക്ഷി! ഇതെന്റെ സഹോദരന്റെ മകനാണ്. എന്നിട്ട് അദ്ദേഹം നബിﷺയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അബ്ദുബിനു സംഅ പറഞ്ഞു. ഇതെന്റെ സഹോദരനാണ്. എന്റെ ഉപ്പയ്ക്ക് വിരിപ്പിൽ ജനിച്ച മകൻ ആണിത്. അപ്പോൾ നബിﷺ ആ മകന്റെ മുഖത്തേക്ക് ഒന്ന് നോക്കി. സാദൃശ്യം ആരോടാണെന്ന് പരിശോധിച്ചു. നോക്കിയപ്പോൾ ഉത്ബത് അബീ വാഖാസിനോടാണ് സാദൃശ്യം ഉള്ളത്. ശേഷം, നബിﷺ പറഞ്ഞു. അല്ലയോ ഉത്ബാ ഇത് നിങ്ങളുടെ സഹോദരനാണ്. നിങ്ങളാണല്ലോ പിതാവിന്റെ വിരിപ്പിൽ ജനിച്ച മകനാണിത് എന്ന് പറഞ്ഞത്. എന്നിട്ട് ഒരു പൊതുതത്വം കൂടി നബിﷺ കൂട്ടിച്ചേർത്തു. വിരിപ്പിൽ ജനിച്ച മകൻ അഥവാ നിയമാനുസൃതമുള്ള സംസർഗത്തിലൂടെ ജനിച്ച കുഞ്ഞിനെ മാത്രമേ പിതാവിലേക്ക് ചേർക്കപ്പെടുകയുള്ളൂ. വ്യഭിചാരത്തിൽ ജനിച്ച കുഞ്ഞ് വ്യവസ്ഥാപിതമായി ജന്മം നൽകിയവന്റെ പാരമ്പര്യം അർഹിക്കുന്നില്ല.

പ്രവാചകരുﷺടെ നിലപാടുകളും നടപടികളും കാലാവസാനം വരെയുള്ള വിശ്വാസികൾക്ക് വ്യവസ്ഥിതിയുടെ രൂപീകരണമാണ്. മനുഷ്യകത്തിന് മുഴുവനും ഉള്ള മാർഗദർശനമാണ്. പ്രവാചകർﷺ നിരന്തരമായി സാമൂഹിക സമുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരുന്നു.

ജനങ്ങളുടെ ക്ഷേമങ്ങൾ അന്വേഷിക്കുകയും പാവപ്പെട്ടവർക്ക് കൈത്താങ്ങ് നൽകുകയും ചെയ്തു. അക്കൂട്ടത്തിൽ നബിﷺ സഫുവാനുബ്നു ഉമയ്യ(റ), അബ്ദുല്ലാഹിബ്നു അബീറബീഅ(റ), ഹുവായിതിബു ബിൻ അബ്ദിൽ ഉസ്സ(റ) എന്നിവരിൽ നിന്ന് സംഖ്യകൾ വായ്പ വാങ്ങി. എന്നിട്ട് കൂട്ടത്തിലെ പാവങ്ങൾക്ക് വിതരണം ചെയ്തു. അബൂ ഹുസൈൻ(റ) എന്നവർ പറയുന്നു. കിനാനാ ഗോത്രത്തിലെ ചിലർ എന്നോട് പറഞ്ഞു. പാവപ്പെട്ട ഞങ്ങൾക്കിടയിൽ പ്രവാചകൻﷺ സമ്പത്ത് വിതരണം ചെയ്തു. 50 ദിർഹമും അതിനടുത്തുള്ള സംഖ്യകളുമാണ് ഞങ്ങൾക്ക് ലഭിച്ചത്.

സാമൂഹിക നിർമ്മാണത്തിന്റെയും സാമൂഹ്യ ചിട്ടകൾ അധ്യാപനം നടത്തുന്നതിന്റെയും മനോഹരമായ ചിത്രങ്ങളും അധ്യായങ്ങളുമാണ് നമുക്ക് വായിക്കാൻ ഉള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-488

Tweet 488

മക്കാ വിജയ വേളയിലെ പ്രവാചകരുﷺടെ ചില സമീപനങ്ങളും അതിൽ പ്രകാശിതമായ നിയമ വീക്ഷണങ്ങളും നമുക്കൊന്ന് വായിച്ചു നോക്കാം. ഇബ്നു അബീ ശൈബ(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. മക്കാ വിജയവേളയിൽ പ്രവാചകർﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. ലഹരിയുടെയും പന്നിയുടെയും ശവത്തിന്റെയും ബിംബങ്ങളുടെയും വ്യാപാരം അല്ലാഹു നിരോധിച്ചിരിക്കുന്നു. നിഷിദ്ധമാക്കിയിരിക്കുന്നു. അപ്പോൾ ഒരാൾ നബിﷺയോട് ചോദിച്ചു. ശവം നിരോധിച്ചു എങ്കിലും ശവത്തിന്റെ എണ്ണ ഉപയോഗിക്കാൻ പറ്റുമോ? അത് കപ്പലുകൾക്കും തീ തെളിക്കുന്നതിനും ഒക്കെ പ്രയോജനപ്പെടും. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ശവത്തിന്റെ നെയ്യ് അല്ലാഹു നിഷിദ്ധമാക്കിയപ്പോൾ അവയെടുത്ത് കട്ടിയാക്കുകയും അത് വിറ്റു ഉപജീവനം നടത്തുകയും ചെയ്ത ജൂതന്മാരോട് അല്ലാഹു വെറുത്തിരിക്കുന്നു.

അനുഷ്ഠാനപരമായ ഒരു വിഷയത്തെയാണ് പ്രവാചകൻﷺ ഇവിടെ പരാമർശിച്ചത്. മനുഷ്യന്റെ വരുമാനസ്രോതസ്സുകൾ പവിത്രമാകണമെന്നും അവന്റെ ഭക്ഷണത്തിന്റെ അടിസ്ഥാനം സംശുദ്ധമായ വരുമാനത്തിൽ നിന്നാകണമെന്നും ഈ പരാമർശം നമ്മെ പഠിപ്പിക്കുന്നു.

അബ്ദുറഹ്മാൻ ബിൻ അൽ അസ്ഹർ(റ) പറഞ്ഞതായി ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. മക്കാ വിജയ സമയത്ത് ഖാലിദ് ബിനു വലീദി(റ)ന്റെ ഭവനത്തിന്റെ അടുത്തു വച്ച് പ്രവാചകൻﷺ ഒരു മദ്യപാനിക്ക് ശിക്ഷ നടപ്പിലാക്കുന്നത് ഞാൻ കണ്ടു.

മഹതി ആഇശ(റ)യിൽ നിന്ന് ഉർവത് ബിൻ സുബൈർ(റ) നിവേദനം ചെയ്യുന്നു. നബിﷺയുടെ കാലത്ത് ഒരു സ്ത്രീ മോഷണം നടത്തി. അത് മക്കാ വിജയ സമയത്ത് ആയിരുന്നു. അപ്പോൾ ജനങ്ങൾ ആലോചിച്ചു. ഇവളുടെ കാര്യത്തിൽ ആരാണ് നബിﷺയോട് സംസാരിക്കുക. അഥവാ അവൾക്ക് ഇസ്ലാം കൽപ്പിച്ച ശിക്ഷയിൽ നിന്ന് മോചനം ലഭിക്കാൻ ആരാണ് നബിﷺയോട് സംസാരിക്കുക. നബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട ഉസാമത് ബിൻ സെയ്ദി(റ)നെ അവർ കണ്ടെത്തി. അതിവേഗം അവർ അദ്ദേഹത്തെ സമീപിച്ചു. ഇവരുടെ മേൽ നടപ്പിലാക്കേണ്ട ശിക്ഷയിൽനിന്ന് ഇളവ് ലഭിക്കാൻ നബിﷺയോട് സംസാരിക്കണമെന്ന് അവർ ഉസാമ(റ)യോട് ആവശ്യപ്പെട്ടു. അവരുടെ നിർബന്ധത്തിനു വഴങ്ങി ഉസാമ(റ) നബിﷺയെ സമീപിച്ചു. വിഷയം അവതരിപ്പിച്ചതും നബിﷺയുടെ മുഖഭാവം മാറി. അവിടുത്തെ മുഖകമലം ചുവന്നു തുടുത്തു. ഗൗരവത്തോടെ അവിടുന്ന് ചോദിച്ചു. അല്ല, അല്ലാഹുവിന്റെ നിയമത്തിൽ മാറ്റം വരുത്താൻ എന്നോട് ശുപാർശ ചെയ്യുകയാണോ നിങ്ങൾ? കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഉസാമ(റ) പറഞ്ഞു. അല്ലയോ പ്രവാചകരേﷺ എനിക്കുവേണ്ടി അല്ലാഹുവിനോട് മാപ്പ് തേടണം.

വൈകുന്നേരം ആയപ്പോൾ നബിﷺ ജനങ്ങളോട് പ്രഭാഷണം നടത്തി. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചു. അവിടുന്ന് ഇങ്ങനെ പറഞ്ഞു. മാന്യർ മോഷണം നടത്തിയാൽ അവരെ സംരക്ഷിക്കുകയും ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ദുർബലർ മോഷണം നടത്തിയാൽ അവരുടെ കൈ മുറിച്ച് ശിക്ഷ നടപ്പിലാക്കുകയും ചെയ്ത മുൻഗാമികൾ അഥവാ ഇസ്രയേലുകാർ ജനങ്ങളെ നശിപ്പിച്ചു. എന്റെ ഉടമസ്ഥനായ അല്ലാഹു സാക്ഷി! എന്റെ മകൾ ഫാത്വിമ(റ)യാണ് മോഷ്ടിക്കുന്നതെങ്കിലും ഞാൻ അവളുടെ കൈ മുറിച്ചു ശിക്ഷ നടപ്പിലാക്കും. അഥവാ അല്ലാഹുവിന്റെ നിയമത്തിന് ആരുടെ പേരിലും വെള്ളം ചേർക്കുകയില്ല. ആരുടെയും താല്പര്യങ്ങൾക്ക് വേണ്ടി നിയമത്തെ മാറ്റി മറിക്കുകയില്ല. എന്നിട്ട് നബിﷺ മോഷ്ടിച്ചവരുടെ മേൽ ശിക്ഷ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തു. ബിലാലിനെ(റ)യാണ് ശിക്ഷ നടപ്പിലാക്കാൻ നബിﷺയേൽപ്പിച്ചത്. ശേഷം, അവൾ അല്ലാഹുവിനോട് പശ്ചാത്തപിച്ചു. മാതൃകാ വനിതയായി ജീവിച്ചു. ബനൂസുലൈം ഗോത്രത്തിലെ ഒരാളെ വിവാഹം കഴിച്ചു. ബീവി ആഇശ(റ) തുടർന്ന് പറയുന്നു. പിന്നീട് പലപ്പോഴും അവൾ നബിﷺയുടെ സവിധത്തിൽ വന്നിട്ടുണ്ട്. അവരുടെ ആവലാതികൾ ഞാൻ നബിﷺയോട് ധരിപ്പിച്ചിട്ടുണ്ട്. നബിﷺ അവിടുന്ന് പരിഹാരങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിലെ നിയമനടപടികൾ കേവലം ഒരു വ്യക്തിയെ ശിക്ഷിക്കാനോ പ്രയാസപ്പെടുത്താനോ അല്ല. ഒരു സമൂഹത്തിൽനിന്ന് അനാവശ്യങ്ങളെ ഇല്ലായ്മ ചെയ്യാനും കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുക വഴി കുറ്റകൃത്യങ്ങൾ സമൂഹത്തിൽനിന്ന് വിപാടനം ചെയ്യാനുമാണ്. ഇസ്‌ലാമേർപ്പെടുത്തിയ ശിക്ഷ വഴി കുറ്റവാളിയെ നേർവഴിക്ക് നയിക്കുകയും അവരുടെ ശിഷ്ട ജീവിതം പവിത്രമാക്കുകയും ചെയ്തു.

ഇസ്ലാമിലെ ശിക്ഷാ നടപടികളെ വിമർശിക്കുന്നവർ ഇസ്ലാം സമൂഹത്തിൽ വരുത്തിയ കുറ്റവിമുക്തിയെക്കുറിച്ച് പഠിക്കാറില്ല. പവിത്രമായ ഒരു സമൂഹഘടനയെ ലോകത്തിനു സമർപ്പിച്ചതിനെക്കുറിച്ച് പരാമർശിക്കാറുമില്ല. വധിച്ചവനെ വധിക്കുന്നത് ഒരുപാട് ആളുകൾ വധിക്കപ്പെടാതിരിക്കാനാണ് എന്ന തിരിച്ചറിവ് നിയമത്തെ കുറിച്ച് പഠിക്കുമ്പോൾ വേണം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-489

Tweet 489

മക്കാ വിജയദിവസത്തിലെ പല മുഹൂർത്തങ്ങളിൽ ഒന്ന് ജാബിർ(റ) നിവേദനം ചെയ്യുന്നു. പ്രസ്തുത ദിവസം ഒരാൾ പറഞ്ഞു. തങ്ങൾക്ക് മക്ക ജയിച്ചു കിട്ടിയാൽ ബൈത്തുൽ മുഖദ്ദസിൽ വച്ച് നിസ്കരിക്കാമെന്ന് ഞാൻ നേർച്ച ചെയ്തിരിക്കുന്നു. ഉടനെ നബിﷺ പറഞ്ഞു. ഇവിടെത്തന്നെ അത് നിർവഹിച്ചു കൊള്ളൂ. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. സത്യസന്ദേശവുമായി മുഹമ്മദ് നബിﷺയെ നിയോഗിച്ച അല്ലാഹു സത്യം! നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ നിസ്കരിക്കാൻ കരുതിയതിന്നു പകരം ഇവിടെവച്ച് നിസ്കരിച്ചാൽ നിങ്ങളുടെ നേർച്ച പൂർത്തിയാക്കപ്പെടും.

ഹാരിസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. മക്കയിൽ ഇനിയൊരിക്കലും ഇസ്ലാം വിരുദ്ധർക്കെതിരെ യുദ്ധം ചെയ്യേണ്ടി വരില്ല. കുഫ്റിനെതിരെ അഥവാ സത്യനിഷേധത്തിനെതിരെ മക്കയിൽ നിന്നുള്ള പോരാട്ടങ്ങൾ അവസാനിച്ചിരിക്കുന്നു.

ഇനിയൊരിക്കലും മക്കയിൽ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥയില്ല. ഉദ്ദേശശുദ്ധിയും ആത്മസമർപ്പണവും മാത്രം മതി. മക്കാ വിജയത്തിന് മുമ്പ് മക്ക ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്നവരുടെ നാടായിരുന്നു. അന്ന് ഒരു പലായനം നിർബന്ധമായിരുന്നു. മക്കാ വിജയത്തോടെ ഇസ്ലാമിന്റെ ഭവനമായി മാറി കഴിഞ്ഞു. ഇനി ഇവിടുന്ന് ഒരിക്കലും പലായനം ചെയ്യേണ്ട ആവശ്യമില്ല.

ആത്വാ ഇബ്നു അബീ റബാഹ്(റ) പറയുന്നു. ഉബൈദ് ബിനു ഉമൈറി(റ)നൊപ്പം ഞാൻ ബീവി ആഇശ(റ)യെ സന്ദർശിച്ചു. മഹതിയോട് ഹിജ്റ അഥവാ പലായനത്തെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. ഇക്കാലത്ത് ഹിജ്റ ഇല്ല. നാശം ഭയന്ന് മുമ്പ് വിശ്വാസികൾ അല്ലാഹുവിലേക്കും അവന്റെ ദൂതനിﷺലേക്കും പലായനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അല്ലാഹു ഇസ്ലാമിന് വിജയം നൽകി. വിശ്വാസികൾ എവിടെയാണെങ്കിലും കൃത്യമായി ആരാധന നിർവഹിക്കട്ടെ. ആത്മസമർപ്പണവും ഉദ്ദേശശുദ്ധിയും ആണ് വേണ്ടത്.

യഅലാ ബിൻ സഫുവാൻ ബിൻ ഉമയ്യ(റ) പറയുന്നു. മക്കാവിജയ ദിവസം ഞാൻ ഉപ്പയോടൊപ്പം നബിﷺയെ സമീപിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു. എന്റെ ഉപ്പ പലായണം ചെയ്യാൻ അവിടുത്തോട് ഉടമ്പടി ചെയ്യുന്നു. അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ സമർപ്പിച്ച സമരം ചെയ്യാൻ ഉടമ്പടി ചെയ്യട്ടെ. ഹിജ്റ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.

മക്കാ വിജയത്തിനുശേഷം ഹിജ്റ ഇല്ല എന്ന് പറഞ്ഞതിന് വിവിധങ്ങളായ വ്യാഖ്യാനങ്ങൾ ഉണ്ട്. ലോക മുസ്ലിം ചരിത്രത്തിൽ ഇനി ഒരിക്കലും ഹിജ്റ വരാനില്ല. പ്രതിരോധ സമരങ്ങൾ മാത്രമേ ഉള്ളൂ എന്ന് വ്യാഖ്യാനിച്ചവരും ഉണ്ട്. അന്ത്യനാൾ വരെ മക്കയിൽ നിന്ന് ഒരു ദേശത്തേക്കും മുസ്ലീംകൾക്ക് ഹിജ്റ പോകേണ്ടി വരില്ല ഇങ്ങനെ വിശദീകരിച്ചവരും ഉണ്ട്. ഇസ്ലാം വിരുദ്ധ ശക്തികൾ മക്കയിൽ അധിനിവേശം നേടുകയും അതുകാരണമായി മക്കയിൽ നിന്ന് പലായനം ചെയ്യേണ്ടി വരികയും ചെയ്യുക എന്ന സാഹചര്യം ഇനി ഉണ്ടാവില്ല ഇങ്ങനെയും വ്യാഖ്യാനങ്ങൾ ഉണ്ട്.

മക്കാ വിജയത്തെ തുടർന്ന് ലോകത്തിന് നബിﷺ പങ്കുവെച്ച വിചാരങ്ങളുടെ ഒരു ആത്മസത്തയാണിത്. ഇത് എന്നെന്നേക്കുമുള്ള ഒരു വിജയമാണ് എന്ന ഉദ്ഘോഷം ഈ പ്രയോഗങ്ങളിൽ ഒളിഞ്ഞിരിക്കുന്നു. കേവലമായ രാഷ്ട്രീയ സൈനിക വിചാരങ്ങൾക്കപ്പുറം അല്ലാഹുവിന്റെ ദൂതൻﷺ എന്ന നിലയിൽ വരുംകാലത്തിന്റെ യാഥാർത്ഥ്യം മുൻകൂട്ടി പറയുകയാണ് ഇവിടെ. അനുഗ്രഹ പൂർണമായ ആ ചൊല്ലുകളുടെ യാഥാർത്ഥ്യം സഹസ്രാബ്ധത്തിനുമിപ്പുറം ലോകം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

ദുൽ ജൗഷൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട ഒരു സംഭവം ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. മുമ്പൊരിക്കൽ ഇദ്ദേഹം നബിﷺയുടെ മുന്നിലേക്ക് വന്നു. അന്ന് അദ്ദേഹത്തോട് നബിﷺ ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങൾ ഇസ്ലാമിലേക്ക് വരാത്തത്? അന്ന് അദ്ദേഹം പറഞ്ഞു. അവിടുത്തെ ജനങ്ങൾ തങ്ങളെ നിരാകരിക്കുന്നതും നിഷേധിക്കുന്നതും വ്യാജമാരോപിക്കുന്നതും ഞാൻ കാണുകയാണ്. ഇനി എന്നെങ്കിലും ജനതയ്ക്ക് മേൽ അവിടുന്ന് വിജയം വരിച്ചാൽ അന്നു ഞാൻ തങ്ങളെ വിശ്വസിക്കുകയും അനുകരിക്കുകയും ചെയ്യും. അതല്ല, തങ്ങളുടെ വിരോധികളാണ് ജയിച്ചടക്കുന്നതെങ്കിൽ ഞാൻ തങ്ങളെ അനുകരിക്കുകയും ഇല്ല. അപ്പോൾ അന്ന് നബിﷺ പറഞ്ഞു. നിങ്ങൾ കുറച്ചുകൂടി ജീവിച്ചിരിക്കുകയാണെങ്കിൽ ഈ ജനതയ്ക്ക് മേൽ ഞാൻ ജയിച്ചടക്കുന്നത് നിങ്ങൾ കാണും. ദുൽ ജൗഷൻ പറയുന്നു. അല്ലാഹു സത്യം! മക്കയിൽ നിന്ന് പത്തുദിവസം വഴി ദൂരമുള്ള ളരിയ്യ ഗ്രാമത്തിൽ ആയിരിക്കെ മക്കയിൽ നിന്ന് ഒരാൾ അങ്ങോട്ട് എത്തി. ഞങ്ങൾ അദ്ദേഹത്തോട് വിശേഷങ്ങൾ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിﷺ മക്ക ജയിച്ചടക്കിയിരിക്കുന്നു. അപ്പോൾ ദുൽ ജൗഷൻ ഇസ്ലാമിലേക്ക് വന്നു. പ്രവാചകൻﷺ മുമ്പേ ക്ഷണിച്ച കാലത്ത് ഇസ്ലാം സ്വീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം അതീവമായി ദുഃഖിച്ചു. വിശ്വാസിയായതിൽ പിന്നെ നബിﷺയോട് സഹവസിക്കുകയും അവിടുന്ന് വൈജ്ഞാനിക ശകലങ്ങൾ നിവേദനം ചെയ്യുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-490

Tweet 489

മക്കാ വിജയദിവസത്തിലെ പല മുഹൂർത്തങ്ങളിൽ ഒന്ന് ജാബിർ(റ) നിവേദനം ചെയ്യുന്നു. പ്രസ്തുത ദിവസം ഒരാൾ പറഞ്ഞു. തങ്ങൾക്ക് മക്ക ജയിച്ചു കിട്ടിയാൽ ബൈത്തുൽ മുഖദ്ദസിൽ വച്ച് നിസ്കരിക്കാമെന്ന് ഞാൻ നേർച്ച ചെയ്തിരിക്കുന്നു. ഉടനെ നബിﷺ പറഞ്ഞു. ഇവിടെത്തന്നെ അത് നിർവഹിച്ചു കൊള്ളൂ. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. സത്യസന്ദേശവുമായി മുഹമ്മദ് നബിﷺയെ നിയോഗിച്ച അല്ലാഹു സത്യം! നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ നിസ്കരിക്കാൻ കരുതിയതിന്നു പകരം ഇവിടെവച്ച് നിസ്കരിച്ചാൽ നിങ്ങളുടെ നേർച്ച പൂർത്തിയാക്കപ്പെടും.

ഹാരിസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. മക്കയിൽ ഇനിയൊരിക്കലും ഇസ്ലാം വിരുദ്ധർക്കെതിരെ യുദ്ധം ചെയ്യേണ്ടി വരില്ല. കുഫ്റിനെതിരെ അഥവാ സത്യനിഷേധത്തിനെതിരെ മക്കയിൽ നിന്നുള്ള പോരാട്ടങ്ങൾ അവസാനിച്ചിരിക്കുന്നു.

ഇനിയൊരിക്കലും മക്കയിൽ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥയില്ല. ഉദ്ദേശശുദ്ധിയും ആത്മസമർപ്പണവും മാത്രം മതി. മക്കാ വിജയത്തിന് മുമ്പ് മക്ക ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്നവരുടെ നാടായിരുന്നു. അന്ന് ഒരു പലായനം നിർബന്ധമായിരുന്നു. മക്കാ വിജയത്തോടെ ഇസ്ലാമിന്റെ ഭവനമായി മാറി കഴിഞ്ഞു. ഇനി ഇവിടുന്ന് ഒരിക്കലും പലായനം ചെയ്യേണ്ട ആവശ്യമില്ല.

ആത്വാ ഇബ്നു അബീ റബാഹ്(റ) പറയുന്നു. ഉബൈദ് ബിനു ഉമൈറി(റ)നൊപ്പം ഞാൻ ബീവി ആഇശ(റ)യെ സന്ദർശിച്ചു. മഹതിയോട് ഹിജ്റ അഥവാ പലായനത്തെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. ഇക്കാലത്ത് ഹിജ്റ ഇല്ല. നാശം ഭയന്ന് മുമ്പ് വിശ്വാസികൾ അല്ലാഹുവിലേക്കും അവന്റെ ദൂതനിﷺലേക്കും പലായനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അല്ലാഹു ഇസ്ലാമിന് വിജയം നൽകി. വിശ്വാസികൾ എവിടെയാണെങ്കിലും കൃത്യമായി ആരാധന നിർവഹിക്കട്ടെ. ആത്മസമർപ്പണവും ഉദ്ദേശശുദ്ധിയും ആണ് വേണ്ടത്.

യഅലാ ബിൻ സഫുവാൻ ബിൻ ഉമയ്യ(റ) പറയുന്നു. മക്കാവിജയ ദിവസം ഞാൻ ഉപ്പയോടൊപ്പം നബിﷺയെ സമീപിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു. എന്റെ ഉപ്പ പലായണം ചെയ്യാൻ അവിടുത്തോട് ഉടമ്പടി ചെയ്യുന്നു. അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ സമർപ്പിച്ച സമരം ചെയ്യാൻ ഉടമ്പടി ചെയ്യട്ടെ. ഹിജ്റ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.

മക്കാ വിജയത്തിനുശേഷം ഹിജ്റ ഇല്ല എന്ന് പറഞ്ഞതിന് വിവിധങ്ങളായ വ്യാഖ്യാനങ്ങൾ ഉണ്ട്. ലോക മുസ്ലിം ചരിത്രത്തിൽ ഇനി ഒരിക്കലും ഹിജ്റ വരാനില്ല. പ്രതിരോധ സമരങ്ങൾ മാത്രമേ ഉള്ളൂ എന്ന് വ്യാഖ്യാനിച്ചവരും ഉണ്ട്. അന്ത്യനാൾ വരെ മക്കയിൽ നിന്ന് ഒരു ദേശത്തേക്കും മുസ്ലീംകൾക്ക് ഹിജ്റ പോകേണ്ടി വരില്ല ഇങ്ങനെ വിശദീകരിച്ചവരും ഉണ്ട്. ഇസ്ലാം വിരുദ്ധ ശക്തികൾ മക്കയിൽ അധിനിവേശം നേടുകയും അതുകാരണമായി മക്കയിൽ നിന്ന് പലായനം ചെയ്യേണ്ടി വരികയും ചെയ്യുക എന്ന സാഹചര്യം ഇനി ഉണ്ടാവില്ല ഇങ്ങനെയും വ്യാഖ്യാനങ്ങൾ ഉണ്ട്.

മക്കാ വിജയത്തെ തുടർന്ന് ലോകത്തിന് നബിﷺ പങ്കുവെച്ച വിചാരങ്ങളുടെ ഒരു ആത്മസത്തയാണിത്. ഇത് എന്നെന്നേക്കുമുള്ള ഒരു വിജയമാണ് എന്ന ഉദ്ഘോഷം ഈ പ്രയോഗങ്ങളിൽ ഒളിഞ്ഞിരിക്കുന്നു. കേവലമായ രാഷ്ട്രീയ സൈനിക വിചാരങ്ങൾക്കപ്പുറം അല്ലാഹുവിന്റെ ദൂതൻﷺ എന്ന നിലയിൽ വരുംകാലത്തിന്റെ യാഥാർത്ഥ്യം മുൻകൂട്ടി പറയുകയാണ് ഇവിടെ. അനുഗ്രഹ പൂർണമായ ആ ചൊല്ലുകളുടെ യാഥാർത്ഥ്യം സഹസ്രാബ്ധത്തിനുമിപ്പുറം ലോകം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

ദുൽ ജൗഷൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട ഒരു സംഭവം ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. മുമ്പൊരിക്കൽ ഇദ്ദേഹം നബിﷺയുടെ മുന്നിലേക്ക് വന്നു. അന്ന് അദ്ദേഹത്തോട് നബിﷺ ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങൾ ഇസ്ലാമിലേക്ക് വരാത്തത്? അന്ന് അദ്ദേഹം പറഞ്ഞു. അവിടുത്തെ ജനങ്ങൾ തങ്ങളെ നിരാകരിക്കുന്നതും നിഷേധിക്കുന്നതും വ്യാജമാരോപിക്കുന്നതും ഞാൻ കാണുകയാണ്. ഇനി എന്നെങ്കിലും ജനതയ്ക്ക് മേൽ അവിടുന്ന് വിജയം വരിച്ചാൽ അന്നു ഞാൻ തങ്ങളെ വിശ്വസിക്കുകയും അനുകരിക്കുകയും ചെയ്യും. അതല്ല, തങ്ങളുടെ വിരോധികളാണ് ജയിച്ചടക്കുന്നതെങ്കിൽ ഞാൻ തങ്ങളെ അനുകരിക്കുകയും ഇല്ല. അപ്പോൾ അന്ന് നബിﷺ പറഞ്ഞു. നിങ്ങൾ കുറച്ചുകൂടി ജീവിച്ചിരിക്കുകയാണെങ്കിൽ ഈ ജനതയ്ക്ക് മേൽ ഞാൻ ജയിച്ചടക്കുന്നത് നിങ്ങൾ കാണും. ദുൽ ജൗഷൻ പറയുന്നു. അല്ലാഹു സത്യം! മക്കയിൽ നിന്ന് പത്തുദിവസം വഴി ദൂരമുള്ള ളരിയ്യ ഗ്രാമത്തിൽ ആയിരിക്കെ മക്കയിൽ നിന്ന് ഒരാൾ അങ്ങോട്ട് എത്തി. ഞങ്ങൾ അദ്ദേഹത്തോട് വിശേഷങ്ങൾ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിﷺ മക്ക ജയിച്ചടക്കിയിരിക്കുന്നു. അപ്പോൾ ദുൽ ജൗഷൻ ഇസ്ലാമിലേക്ക് വന്നു. പ്രവാചകൻﷺ മുമ്പേ ക്ഷണിച്ച കാലത്ത് ഇസ്ലാം സ്വീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം അതീവമായി ദുഃഖിച്ചു. വിശ്വാസിയായതിൽ പിന്നെ നബിﷺയോട് സഹവസിക്കുകയും അവിടുന്ന് വൈജ്ഞാനിക ശകലങ്ങൾ നിവേദനം ചെയ്യുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-491

Tweet 491

ദുറൈദിന്റെ സംഭാഷണം കേട്ട് മാലിക്ക് ബിൻ ഔഫ് പറഞ്ഞു. നിങ്ങളുടെ കൽപ്പനകൾ നമ്മൾ നിരാകരിക്കുകയില്ല. നിങ്ങളുടെ അറിവിനും നിങ്ങൾക്കും നല്ല പ്രായവും പരിചയവും ഒക്കെ ഉണ്ടല്ലോ. എങ്കിലും ദുറൈദ് സൂചിപ്പിച്ച വിഷയത്തിൽ മാലിക്കിന് ചിരി വന്നു. അത് മനസ്സിലാക്കിയ ദുറൈദ് പറഞ്ഞു. നിങ്ങൾ എന്നെ പരിഹസിക്കുകയൊന്നും വേണ്ട. മാലിക്ക് ഇപ്പോൾ എടുക്കുന്ന നടപടി നിങ്ങളുടെ ന്യൂനതകൾ വെളിപ്പെടുത്തും. ശത്രുക്കൾക്ക് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കും. അതുകൊണ്ട് നിങ്ങൾ ഇദ്ദേഹത്തെ വിട്ടു നിങ്ങളുടെ വഴി നോക്കിക്കോളൂ. ഹവാസിൻ ഗോത്രക്കാരെ പ്രത്യേകം വിളിച്ചും ദുറൈദ് ഇക്കാര്യം ബോധിപ്പിച്ചു.

ഈ സംഭാഷണത്തിൽ ചില കാര്യങ്ങളൊക്കെ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കിയെങ്കിലും കരുത്തനും യുവാവുമായ മാലികിനോട് മറുത്തൊന്നും പറയാൻ അവർക്ക് സാധിച്ചില്ല. അദ്ദേഹത്തോട് വിയോജിപ്പ് പറഞ്ഞാൽ അരുതാത്ത എന്തെങ്കിലും സംഭവിക്കുമോ എന്നും അവർ ഭയന്നു. മാലിക്കിനോടൊപ്പം പട നയിച്ചു മുന്നോട്ടു പോകാൻ തന്നെ ഹവാസിനും ഒപ്പമുള്ള ഗോത്രക്കാരും തീരുമാനിച്ചു. ആ രംഗത്തിന്റെ അശാസ്ത്രീയത പറഞ്ഞുകൊണ്ട് ദുറൈദ് ചില കവിതകൾ ചൊല്ലി. വരാനിരിക്കുന്ന പരാജയത്തെ അവതരിപ്പിക്കുന്നതായിരുന്നു അതിലെ ഉള്ളടക്കം.

ഹവാസിൻ ഗോത്രക്കാരും മറ്റും പടയൊരുക്കം നടത്തുന്നത് അറിഞ്ഞപ്പോൾ അവർ ഇങ്ങോട്ട് വന്ന് അക്രമിക്കുന്നതിന് മുമ്പ് അവരെ നേരിടാൻ പ്രവാചകൻﷺ തീരുമാനിച്ചു. പവിത്ര ഭൂമിയുടെ പരിശുദ്ധിയും, മുസ്ലിം സംഘത്തിന്റെ ആത്മവിശ്വാസവും മുന്നിൽവച്ച് കൊണ്ടായിരുന്നു ഈ നടപടി. മക്കയിൽ നിന്ന് അകലേക്ക് പോകുന്നതിനാൽ മക്കയിൽ നബിﷺയുടെ പ്രതിനിധിയായി കാര്യങ്ങൾ നിയന്ത്രിക്കാൻ അത്താദ് ബിൻ ഉസെയ്ദി(റ)നെ ഏൽപ്പിച്ചു. . മക്കയിലുള്ളവർക്ക് കർമശാസ്ത്രവും ചര്യകളും പഠിപ്പിച്ചു കൊടുക്കാൻ മുആദ് ബിൻ ജബലി(റ)നെ ചുമതലപ്പെടുത്തി. അന്ന് അദ്ദേഹത്തിന് 20 നോടടുത്ത് പ്രായമേ ഉണ്ടായിരുന്നുള്ളൂ.

നബിﷺ ഹവാസിനിലേക്ക് പുറപ്പെടാനുള്ള പടയൊരുക്കങ്ങൾ നടത്തി. സഫുവാനുബ്നു ഉമയ്യയുടെ പക്കൽ നല്ല ആയുധങ്ങൾ ഉണ്ടെന്ന് ആ സമയത്ത് ആരോ നബിﷺയോട് പറഞ്ഞു. അദ്ദേഹം അന്ന് ഇസ്ലാം സ്വീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിൽനിന്ന് അവ വായ്പ വാങ്ങാൻ തീരുമാനിച്ചു. ആ സമയത്ത് അദ്ദേഹം ചോദിച്ചു. ഇത് ബലാൽക്കാരമായി ഈടാക്കുകയാണോ അല്ല മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ? അപ്പോൾ നബിﷺ പറഞ്ഞു. അല്ല പൂർണ്ണ ഉത്തരവാദിത്തത്തോടെ കൂടി വായ്പയായിട്ടാണ് ഞാൻ ചോദിക്കുന്നത്. അപ്പോൾ അദ്ദേഹം അത് നൽകാൻ സമ്മതിച്ചു. ആവശ്യമായ ആയുധങ്ങളോടൊപ്പം 100 പടയങ്കികൾ അദ്ദേഹം വായ്പയായി നൽകി. 400 എണ്ണം ആയിരുന്നു എന്ന് ഒരു അഭിപ്രായവും ചരിത്രത്തിലുണ്ട്. നൗഫൽ ബിൻ ഹാരിസിൽ നിന്ന് 3000 കുന്തങ്ങളും നബിﷺ വായ്പയായി വാങ്ങി. നിങ്ങളുടെ കുന്തങ്ങൾ ശത്രുവിന്റെ മുതുകിൽ വിളിക്കുന്നത് ഞാൻ കാണുന്നതുപോലെ എന്ന് നബിﷺ അദ്ദേഹത്തിന്റെ മുന്നിൽ വച്ച് പറഞ്ഞു.

പടനയിക്കുന്നതിന്റെ മുന്നോടിയായി അബ്ദുല്ലാഹിബ്നു അബൂ ഹദ്റദി(റ)നെ നബിﷺ ആദ്യം ഹവാസിനിലേക്ക് അയച്ചു. ശത്രുക്കളുടെ ഇടയിൽ താമസിച്ചു വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു അത്. അദ്ദേഹം അവർക്കിടയിൽ ചെന്ന് ഒരു രാത്രിയും രണ്ടു പകലും താമസിച്ചു. അവരുടെ ലക്ഷ്യവും പടനീക്കവും കൃത്യമായി വിലയിരുത്തി. ഈ യുദ്ധത്തെക്കുറിച്ച് അവരെത്തിയ ധാരണകൾ വ്യക്തമായി മനസ്സിലാക്കി. മാലിക് ബിൻ ഔഫിന്റെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു. അവരുടെ നീക്കങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കി. ഇതിന് ഹദ്റദ്(റ) മാലിക് ബിൻ ഔഫിന്റെ താവളത്തിന്റെ അടുത്തേക്ക് ചെന്നു. അതാ അവിടെ ഹവാസിനിലെ മുഴുവൻ നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്. അവരോട് മാലിക്ക് സംസാരിക്കുകയാണ്. “മുഹമ്മദ് നബിﷺ മക്കയിലേക്ക് വരുന്നതിനു മുമ്പ് ശക്തിയുള്ള മറ്റൊരു സംഘത്തോടും യുദ്ധം ചെയ്തിട്ടില്ല. മക്കയിലുള്ളവർക്കാണെങ്കിലും യുദ്ധത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ അവിടെ ജയിച്ചടക്കിയതാണ്. പ്രഭാതമാകുമ്പോഴേക്കും നിങ്ങൾ എല്ലാവരും അണിനിരക്കണം. സ്ത്രീകളെയും നാൽക്കാലികളെയും എല്ലാം നിങ്ങളുടെ പിന്നിൽ തന്നെവരിവരിയായി നിർത്തണം. എല്ലാവരും ഒത്തുചേർന്ന് ഒരൊറ്റ ആക്രമണത്തിന്റെ ശക്തിയിൽ മുന്നേറണം. ആദ്യം സൈനിക നീക്കം നടത്തുന്നവർക്കാണ് വിജയം അതുകൊണ്ട് നാം തന്നെ ആക്രമണം ആരംഭിക്കണം.”

ഇതെല്ലാം കേട്ട് മനസ്സിലാക്കി ഇബ്നു അബീ ഹദ്റദ്(റ) നബിﷺയുടെ അടുത്തേക്ക് മടങ്ങി വന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-492

Tweet 492

ഇബ്നു അബീഹദ്റദ്(റ) നബിﷺയുടെ അടുത്ത് വിവരവുമായി എത്തിയപ്പോൾ ഉമറും(റ) സമീപത്ത് ഉണ്ടായിരുന്നു. നബിﷺ ഉമറി(റ)നോട് ചോദിച്ചു. ഇദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങൾ കേട്ടില്ലേ? എന്താണ് പറയാനുള്ളത്. അപ്പോൾ ഉമർ(റ) പറഞ്ഞു. ഈ കേട്ടതൊന്നും ശരിയാണെന്ന് തോന്നുന്നില്ല. ഉടനെ ഇബ്നു അബീ ഹദ്റദ്(റ) പ്രതികരിച്ചു. അല്ലയോ ഉമറെ(റ) ഇപ്പോൾ നിങ്ങൾ എന്നെ കളവാക്കിയാൽ യാഥാർത്ഥ്യത്തെ ആയിരിക്കും നിങ്ങൾ നിഷേധിക്കുന്നത്. അപ്പോൾ ഉമർ(റ) പറഞ്ഞു. നബിﷺയെ ഇദ്ദേഹത്തിന്റെ പ്രതികരണം കേട്ടില്ലേ. അതെ, നിങ്ങൾക്ക് പിഴച്ചിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് നേർവിചാരം നൽകട്ടെ!

നബിﷺ പടയൊരുക്കം നടത്തി. അനുയായികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 12,000 അനുയായികളെ അണിനിരത്തി. മദീനയിൽ നിന്നുള്ള പതിനായിരം പേരും മക്കയിൽ നിന്നുള്ള 2000 ആളുകളും ആണ് ഉണ്ടായിരുന്നത്. അവരോട് പറഞ്ഞു. ഇൻഷാ അല്ലാഹ്! നാളെ നമ്മൾ ഖൈഫ് ബനീ കിനാനയിൽ എത്തിയിരിക്കണം. അബ്ദുല്ലാഹിബിന് ഉബൈദ് ബിൻ ഉമൈർ(റ) പറയുന്നു. അൻസ്വാരികളിൽ നിന്ന് 4000 പേരായിരുന്നു നബിﷺയോടൊപ്പം ഉണ്ടായിരുന്നത്. അസ്ലം, ഗിഫാർ, ആശ്ജഅ, മുസൈന്, ജുഹൈന എന്നീ ഗോത്രങ്ങളിൽ നിന്ന് ആയിരം വീതം ആളുകളും ഉണ്ടായിരുന്നു. ശവ്വാൽ 6 ശനിയാഴ്ചയായിരുന്നു പുറപ്പാട്.

നബിﷺയുടെ പടപ്പുറപ്പാടിന് പിറകെ മക്കയിലുള്ള നിരവധി ആളുകൾ നബിﷺ പോയ വഴിയിൽ സഞ്ചരിച്ചു. എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടായാൽ അത് നബിﷺക്കു മാത്രമാകരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. മക്കാ വിജയത്തെ തുടർന്നുണ്ടായ വൈകാരികമായ ഒരു അടുപ്പത്തിന്മേലായിരുന്നു ഈ സഞ്ചാരം.

മക്കാ വിജയവേളയിൽ ഇസ്ലാം സ്വീകരിച്ച അബൂ സുഫിയാനും സഫുവാനുബ്നു ഉമയ്യയും ഹുനൈനിൽ വന്നിരുന്നു.

ഹുനൈനിലേക്കുള്ള യാത്രയ്ക്കിടയിൽ വേറിട്ട ഒരു സംഭവം ഉണ്ടായി. അടുത്തകാലത്ത് ഇസ്ലാമിലേക്ക് വന്ന ചില ആളുകൾ നബിﷺയോട് വിളിച്ചുപറഞ്ഞു. മുശ്രിക്കുകൾക്ക് ഉള്ളതുപോലെ നമുക്കും ഒരു “ദാതു അൻവാത് ‘ വേണം. ഒരു മരത്തിന് അവർ വിളിച്ചിരുന്ന പേരാണ് ദാതു അൻവാത്. പ്രത്യേകം ആദരവ് കൽപ്പിക്കുകയും എല്ലാവർഷവും ആ മരത്തിന്റെ അടുത്തുവന്ന് പ്രത്യേക പൂജകൾ നടത്തി ബലികർമ്മം നിർവഹിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് അവരുടെ ആയുധങ്ങൾ ആ വൃക്ഷത്തിൻ മേൽ തൂക്കിയിടും. ഒരു ദിവസം അവിടെ ഭജനമിരിക്കുകയും ചെയ്യും. യുദ്ധങ്ങളിൽ വിജയിക്കാൻ ഈ കർമ്മം കൊണ്ട് സാധിക്കുമെന്ന വിശ്വാസവും അവർക്കുണ്ടായിരുന്നു. തൗഹീദിന് വിരുദ്ധമായ ചില വിശ്വാസങ്ങൾക്ക് മേൽ രൂപപ്പെട്ടതായിരുന്നു ഈ ആചാരം.

ഇതു മനസ്സിൽ വച്ചുകൊണ്ടാണ് ഒരു ഹരിത വൃക്ഷത്തിന്റെ അടുത്തുകൂടി നടന്നു പോയപ്പോൾ നമുക്കും ഒരു ദാത്ത് അൻവാത് വേണമെന്ന് സ്വഹാബികൾ വിളിച്ചു പറഞ്ഞത്. ഇതുകേട്ടതും നബിﷺ മൂന്നു പ്രാവശ്യം തക്ബീർ ചൊല്ലി. എന്നിട്ട് ചോദിച്ചു എന്റെ ഉടമസ്ഥനായ അല്ലാഹു സത്യം! മൂസാ നബി(അ)യുടെ അനുയായികൾ പറഞ്ഞതുപോലെയാണോ നിങ്ങൾ എന്നോട് പറയുന്നത്. അവർക്ക് വിഗ്രഹങ്ങൾ ഉള്ളതുപോലെ ഞങ്ങൾക്കും വിഗ്രഹം വേണമെന്നായിരുന്നു മൂസാ നബി(അ)യുടെ ജനത പറഞ്ഞത്. ഇതൊരു ശീലമായി വന്നാൽ മുൻഗാമികളായ അബദ്ധ വിശ്വാസികളുടെ ചുവടുകൾ ഓരോന്നോരോന്നായി നിങ്ങൾ അനുകരിക്കും.

നബിﷺ അതിന്റെ ഗൗരവം അനുയായികളെ ബോധ്യപ്പെടുത്തി. സത്യവിശ്വാസികളുടെ വിശ്വാസവും ശീലവും കൃത്യമായി പഠിപ്പിച്ചു കൊടുത്തു. വീണ്ടും സംഘം മുന്നോട്ട് സഞ്ചരിച്ചു.

സഹൽ ബിൻ ഹൻളല(റ) പറയുന്നു. ഞങ്ങൾ നബിﷺയോടൊപ്പം ഹുനൈനിലേക്ക് യാത്ര ചെയ്തു. നബിﷺയോടൊപ്പം മധ്യാഹ്ന നിസ്കാരത്തിനു വേണ്ടി ഒരുമിച്ചുകൂടി. അപ്പോൾ ഒരാൾ നബിﷺയുടെ അടുത്തേക്ക് വന്നു പറഞ്ഞു. ഞാൻ ഈ സംഘത്തിന് മുന്നിൽ നിന്ന് നേരെ ആ പർവതം വരെ പോയി. അവിടെ അതാ ഹവാസിൻകാരുടെ ആടുകളും ഒട്ടകങ്ങളും ഗോത്രവാസികളും ഒക്കെ ഒരുമിച്ചു കൂടിയിരിക്കുന്നു. അത് ഞാൻ കണ്ടിട്ട് വരികയാണ്. അപ്പോൾ നബിﷺയൊന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു അതെല്ലാം നമുക്ക് യുദ്ധാനന്തരം ലഭിക്കാനുള്ള സ്വത്തുകളാണ്. വൈകുന്നേരം ആയപ്പോൾ നബിﷺ ചോദിച്ചു. ഇന്നു രാത്രി ആരാണ് ഈ സംഘത്തിന് പാറാവുകാരനായി നിൽക്കുക. ഞാൻ നിന്നു കൊള്ളാമെന്ന് അനസു ബിൻ അബീ മർസദ്(റ) പറഞ്ഞു. അദ്ദേഹം കുതിരപ്പുറത്ത് കയറി തിരുനബിﷺയുടെ ചാരത്തേക്ക് നീങ്ങി നിന്നു. അപ്പോൾ നബിﷺ അദ്ദേഹത്തിന് നിർദ്ദേശം നൽകി. ഇതാ ഈ താഴ്വരയിലൂടെ പോയി അതിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് എത്തി അവിടെ നിൽക്കുക. ഈ രാത്രിയിൽ നിങ്ങളുടെ ഭാഗത്തുനിന്ന് ഈ സംഘത്തിന് ഹാനികരമായി ഒന്നും സംഭവിക്കരുത്. അദ്ദേഹം അതേറ്റെടുത്തു. നിർദ്ദേശിച്ച സ്ഥലത്തേക്ക് പോയി.

പ്രഭാത നിസ്കാരത്തിന് നേരമായി. നബിﷺ അനുയായികളോട് ചോദിച്ചു. നമ്മുടെ പാറാവുകാരനെ കുറിച്ച് വല്ല വിവരവും ഉണ്ടോ. അവർ പറഞ്ഞു ഒരു വിവരവുമില്ല. നിസ്കാരാനന്തരം നബിﷺ താഴ്വരയുടെ ഭാഗത്തേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. നിങ്ങൾ സന്തോഷിക്കുക. നിങ്ങളുടെ പാറാവുകാരനായ അശ്വഭടൻ വന്നിരിക്കുന്നു. അപ്പോൾ ജനങ്ങൾ മരങ്ങൾക്കിടയിലൂടെ താഴ്വരയിലേക്ക് നോക്കി. ശരിയാണ് അതാ അദ്ദേഹം വരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം നബിﷺയുടെ സന്നിധിയിൽ വന്നു നിന്നു പറഞ്ഞു. പ്രവാചകൻﷺ നിർദ്ദേശിച്ച പ്രകാരം താഴ്വരയിലൂടെ ഞാൻ ഏറ്റവും ഉയർന്ന സ്ഥലത്ത് പോയി നിന്നു. ഞാൻ നിരീക്ഷിച്ചെങ്കിലും ആരെയും കണ്ടില്ല. അപ്പോൾ ചോദിച്ചു. നിങ്ങൾ രാത്രി വാഹനത്തിൽ നിന്ന് ഇറങ്ങി വിശ്രമിച്ചിരുന്നുവോ. നിസ്കരിക്കാനും പ്രാഥമികാവശ്യ നിർവഹണത്തിനുമല്ലാതെ ഞാൻ ഇറങ്ങിയിട്ടില്ല. അദ്ദേഹം മറുപടി പറഞ്ഞു. ഇനി ഒന്നും നിങ്ങൾ ചെയ്തില്ലെങ്കിലും നിങ്ങൾ സ്വർഗ്ഗത്തിന് അർഹനായിരിക്കുന്നു നബിﷺ അദ്ദേഹത്തിന് സുവിശേഷമറിയിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-493

Tweet 493

ഹുനൈനിലേക്കുള്ള ഈ യാത്രയിലാണ് സുപ്രസിദ്ധമായ ആ സംഭവമുണ്ടായത്. അബൂ ബുർദ ബിൻ നിയാർ(റ) നിവേദനം ചെയ്യുന്നു. ഔതാസ് എന്ന സ്ഥലത്ത് എത്തിയപ്പോൾ നബിﷺ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാൻ ഇറങ്ങി. ഞങ്ങളും മറ്റൊരു മരച്ചുവട്ടിൽ വിശ്രമിച്ചു. നബിﷺ അവിടുത്തെ വാളും വില്ലും ആ മരത്തിൽ തൂക്കിയിട്ടു. ഞാനായിരുന്നു നബിﷺയോട് ഏറ്റവും സമീപത്തുള്ള അനുയായി. അല്ലയോ അബൂ ബുർദ(റ) എന്ന നബിﷺയുടെ വിളി കേട്ടാണ് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അതിവേഗം ഉത്തരം ചെയ്തു നബിﷺയുടെ അടുത്തേക്ക് എത്തി. അപ്പോഴതാ നബിയുടെ അടുത്ത് മറ്റൊരാൾ കൂടി ഇരിക്കുന്നുണ്ട്. നബിﷺ കാര്യം പറയാൻ തുടങ്ങി. ഇതാ ഇയാൾ വരുമ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. ഇദ്ദേഹം എന്റെ വാൾ മരത്തിൽ നിന്ന് എടുത്ത് എന്റെ ശിരസ്സിന്റെ ഭാഗത്ത് എത്തി. പെട്ടെന്ന് ഞാൻ ഉണർന്നപ്പോൾ ഇയാൾ എന്നോട് ചോദിച്ചു. അല്ലയോ മുഹമ്മദേﷺ… ആരാണ് നിങ്ങളെ എന്നിൽ നിന്ന് രക്ഷിക്കുക? ഞാൻ പറഞ്ഞു അല്ലാഹു. അബൂ ബുർദ(റ) പറയുന്നു. അപ്പോഴേക്കും ഞാനെന്റെ വാള് ഉറയിൽ നിന്ന് പുറത്തെടുത്തു. എന്നോട് പറഞ്ഞു അത് അവിടെ തന്നെ വെക്കുക. അപ്പോൾ ഞാൻ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് അനുവദിച്ചാൽ അല്ലാഹുവിന്റെ ഈ ശത്രുവിനെ ഞാൻ വക വരുത്താം. ഇവൻ മുശ്‌രിക്കീങ്ങളുടെ നിരീക്ഷകൻമാരിൽ പെട്ട ആളാണ്. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. അബൂ ബുർദ(റ) നിങ്ങൾ ഒന്നടങ്ങൂ. പ്രവാചകൻﷺ അദ്ദേഹത്തെ ശിക്ഷിക്കുകയോ എന്തെങ്കിലും കുറ്റം പറയുകയോ ചെയ്തില്ല. ഞാൻ ഉടനെ സൈന്യത്തിനിടയിൽ കാര്യം വിളംബരം ചെയ്തു. പ്രവാചകരുﷺടെ സമ്മതത്തിന് കാത്തുനിൽക്കാതെ ആരെങ്കിലും ഇയാളെ വക വരുത്തട്ടെ എന്നായിരുന്നു എന്റെ ആഗ്രഹം. നബിﷺ തടസ്സപ്പെടുത്തിയ സ്ഥിതിക്ക് എനിക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ. നബിﷺ എന്നോട് ഇങ്ങനെ പറഞ്ഞു. അദ്ദേഹത്തെ നിങ്ങൾ ഒന്നും ചെയ്യരുത്. അല്പം കഴിഞ്ഞ് ഞാൻ നബിﷺയുടെ അടുത്തേക്ക് മടങ്ങി വന്നപ്പോൾ. അവിടുന്ന് ഇങ്ങനെ കൂടി പറയുന്നുണ്ടായിരുന്നു. ലോകത്തുള്ള എല്ലാ മതത്തെക്കാളും ഇസ്ലാം പ്രകാശിതം ആകുന്നത് വരെ അല്ലാഹു എന്നെ പ്രത്യേകമായി സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്ന് കാത്തുരക്ഷിക്കുകയും ചെയ്യും.

ഈ സംഭവം വ്യത്യസ്ത നിവേദനങ്ങളിൽ വന്നിട്ടുണ്ട്. പ്രവാചകരുﷺടെ വാള് കൈവശപ്പെടുത്തിയ ആളുടെ പക്കൽ നിന്നും വാൾ നിലത്തു വീഴുകയും അതെടുത്ത ശേഷം നബിﷺ അദ്ദേഹത്തോട് തിരിച്ചു ചോദിക്കുകയും ചെയ്തു. നിന്നെ ആരാണ് ഈ വാളിൽ നിന്ന് രക്ഷിക്കുക. അപ്പോഴയാൾ നബിﷺയേ രക്ഷകനുള്ളൂ എന്ന് പറയുകയും നബിﷺ അയാൾക്ക് വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. അതുകാരണമായി അയാൾ ഇസ്ലാം സ്വീകരിച്ചു. വ്യത്യസ്തങ്ങളായ സന്ദർഭങ്ങളെയും രീതികളെയും ഉദ്ധരിച്ചുകൊണ്ട് ഈ സംഭവം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഏതായാലും നബിﷺയും അനുയായികളും ശവ്വാൽ പത്തിന് വൈകുന്നേരം ഹുനൈനിൽ എത്തിച്ചേർന്നു. മാലിക് ബിൻ ഔഫ് നബിﷺയെയും അനുയായികളെയും നിരീക്ഷിക്കാൻ വേണ്ടി മൂന്ന് പ്രതിനിധികളെ അയച്ചു. സൈന്യത്തെ ആകെ ഒന്ന് നിരീക്ഷിച്ച ശേഷം അവർ മാലിക്കിന്റെ അടുത്തേക്ക് ചെന്നു. അവർ ഭയവിഹ്വലരായിട്ടാണ് മടങ്ങിയെത്തിയത്. കണ്ട മാത്രയിൽ തന്നെ മാലിക് ചോദിച്ചു. നിങ്ങൾക്ക് നാശം! എന്താണ് വിവരങ്ങൾ? അവർ പറഞ്ഞു തുടങ്ങി. ഞങ്ങൾ കണ്ട രംഗങ്ങൾ ഞങ്ങൾക്ക് പിടിച്ചുനിൽക്കാനാവുന്നതായിരുന്നില്ല. നമ്മൾ ഭൂനിവാസികളോട് അല്ല യുദ്ധം ചെയ്യേണ്ടി വരുന്നത്. ആകാശവാസികളോടായിരിക്കും. അഥവാ വാനലോകത്തുള്ള പ്രത്യേക സൈന്യത്തോട്. ഞങ്ങൾ കണ്ട കാഴ്ച നമ്മുടെ ജനങ്ങൾ കണ്ടാൽ, പിന്നെ അവർക്ക് പിടിച്ചുനിൽക്കാനാകും എന്ന് തോന്നുന്നില്ല. ഇതു കേട്ടതും മാലിക്ക് പറഞ്ഞു. ച്ചെ! സൈന്യത്തിൽ നിങ്ങളെപ്പോലെ ഭീരുക്കൾ വേറെ ഉണ്ടാവില്ല. ഇവർക്കുണ്ടായ ഭയം സൈന്യത്തിൽ ആകമാനം വ്യാപിക്കാതിരിക്കാൻ മാലിക്ക് ഇവരെ തടഞ്ഞു വച്ചു. എന്നിട്ട് അയാൾ സൈന്യത്തിലെ ഏറ്റവും ധൈര്യവാനായ ഒരാളെ അന്വേഷിച്ചു. സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന ധൈര്യവാനെ നബിﷺയെയും അനുയായികളെയും നിരീക്ഷിക്കാൻ വേണ്ടി അയച്ചു. അയാളും മടങ്ങി വന്നിട്ട് നേരത്തെ പറഞ്ഞ അതേ വാർത്തകളാണ് പറഞ്ഞത്. എന്നിട്ട് അയാൾ കൂട്ടിച്ചേർത്തു. ഉഗ്രമായ കുതിരകൾക്ക് മേൽ വെളുത്ത കുറെ പുരുഷന്മാർ. അവരെയൊന്ന് നേരെ നോക്കാൻ പോലും നമുക്ക് സാധിക്കുന്നില്ല. അല്ലാഹു സത്യം! ഞാൻ കണ്ട രംഗം എനിക്ക് പിടിച്ചുനിൽക്കാവുന്നതായിരുന്നില്ല.

ഇതെല്ലാമായിട്ടും മാലിക്ക് പിന്തിരിയാൻ ഒരുങ്ങിയില്ല. രാത്രിയുടെ മൂന്നിൽ രണ്ടു ഭാഗം കഴിഞ്ഞപ്പോൾ. തന്റെ ഒപ്പമുള്ളവരെ ഹുനൈനിലെ വ്യത്യസ്ത താഴ്‌വരകളിലേക്ക് വിന്യസിച്ചു. പലവഴികളിൽ നിന്നായി ഒരേസമയം ഒരുമിച്ച് പ്രവാചകരെﷺ നേരിടാൻ അവരോട് ആഹ്വാനം ചെയ്തു. ഒരൊറ്റ കടന്നാക്രമണം ആയിരിക്കണം എന്ന് അയാൾ അനുയായികളെ നിർദ്ദേശിച്ചു.

അത്താഴസമയത്ത് നബിﷺ അനുയായികളെ അണിയണിയായി നിർത്തി. ഓരോരുത്തർക്കും അർഹിക്കുന്ന വിധമുള്ള പതാകകൾ നൽകി. രണ്ട് പടയങ്കിയും ഒരു പടത്തൊപ്പിയും വെള്ള വസ്ത്രവും ധരിച്ചു വെളുത്ത കോവർ കഴുതയുടെ മേൽ നബിﷺയും കയറി. അണിനിൽക്കുന്ന അനുയായികളെ അഭിസംബോധന ചെയ്തു. വിശ്വാസദാർഢ്യതയോടെ ക്ഷമിച്ചു മുന്നേറിയാൽ വിജയം ഉറപ്പാണെന്നവരെ അറിയിച്ചു. ലഭിക്കാനുള്ള സൗഭാഗ്യങ്ങളും സന്തോഷങ്ങളും അവർക്ക് സുവിശേഷം നൽകി. മക്കക്കാരുടെയും ബനൂ സുലൈമിന്റെയും മുമ്പിൽ ഖാലിദി(റ)നെ നിർത്തി. വലത്തും ഇടത്തും പ്രത്യേക സൈനിക സംഘത്തെയും മധ്യത്തിൽ മുന്നേറുന്ന പ്രത്യേക കൂട്ടത്തെയും ക്രമീകരിച്ചു. അവരോടൊപ്പം ആയിരുന്നു നബിﷺയും നിലകൊണ്ടത്.

ഗോദയിലിറങ്ങി നേതൃത്വം നൽകുന്ന അതുല്യമായ സാരഥ്യം. അനുയായികളോടൊപ്പം പടക്കളത്തിൽ യുദ്ധത്തെ അഭിമുഖീകരിക്കുന്ന നായകർ. അല്പം പോലും ധൈര്യം ചോർന്നു പോകാതെ ഒപ്പമുള്ളവരെ ചേർത്തുപിടിക്കുന്ന നേതൃത്വം. പ്രവാചകരുﷺടെ വ്യക്തിത്വത്തിൽ നിന്ന് ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും അത്യുന്നതമായ നിലപാടുകളാണ് നാം ഇവിടെ വായിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-494

Tweet 494
പ്രവാചകൻﷺ ഉയർത്തിപ്പിടിച്ച ചില മൂല്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു അധ്യായമാണിത്. അൻസ്വാരികളും മുഹാജിറുകളുമായി വലിയൊരു ജനസഞ്ചയം ഒപ്പമുണ്ടെന്ന് വന്നപ്പോൾ സ്വഹാബികളിൽ ചിലർക്ക് അംഗബലത്തെ കുറിച്ച് ഒരു അമിത പ്രതീക്ഷയുണ്ടായി. ഏതായാലും ഇന്ന് നമ്മൾ പരാജയപ്പെടുകയില്ല, നമ്മൾ ജയിച്ചടക്കുക തന്നെ ചെയ്യും. ഇങ്ങനെ ഒരു സംഭാഷണവും വിചാരവും അവർക്കിടയിൽ പരന്നു. ഈയൊരു പരാമർശം ആരാണ് ആദ്യം നടത്തിയത് എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്.

ശത്രുവിന്റെ അംഗബലവും ഒപ്പമുള്ള ആളുകളുടെ വലിപ്പവും തിരിച്ചറിയുമ്പോൾ സ്വാഭാവികമായും ഒരു മനുഷ്യനിൽ ഉണ്ടാകാവുന്ന വിചാരം മാത്രമാണിത്. എന്നാൽ മതത്തിനും വിശ്വാസത്തിനും അടിസ്ഥാന മൂല്യങ്ങളുണ്ട്. പ്രവാചകൻﷺ പടക്കളത്തിലേക്ക് വന്നത് സാമ്രാജ്യ വികാസത്തിനു വേണ്ടിയോ, അധികാര സംസ്ഥാപനത്തിനു വേണ്ടിയോ, സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടിയോ ആയിരുന്നില്ല. മറിച്ച്, സത്യവിശ്വാസത്തെയും മൂല്യങ്ങളെയും സ്ഥാപിക്കാൻ വേണ്ടി മാത്രമായിരുന്നു. ഓരോ നീക്കങ്ങളും അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു.

ആത്മീയതയിലും വിശ്വാസത്തിലും ഏറ്റവും പ്രധാനം മനോഗതിയാണ്, അല്ലെങ്കിൽ ഉദ്ദേശശുദ്ധിയാണ്. സ്വയം കരുത്തും കായികവും പ്രദർശിപ്പിക്കാൻ വേണ്ടി പോലും ഒരു പോരാളിയും പടക്കളത്തിൽ ഉണ്ടാവരുത് എന്നതാണ് ഇസ്ലാമിന്റെ വീക്ഷണം. മറിച്ച്, വിശ്വാസത്തെ ഉയർത്തിപ്പിടിക്കാനും അല്ലാഹുവിലുള്ള വിശ്വാസത്തെ ഉയർത്തി കാണിക്കാനും വേണ്ടിയായിരിക്കണം. ഇത്തരമൊരു അടിസ്ഥാന ശിലയിൽ പാകപ്പെടുത്തിയ സമൂഹത്തിൽ ഏതൊരു വേറിട്ട വിചാരങ്ങൾക്കും പ്രാധാന്യമുണ്ട്. ഏതായാലും അംഗബലത്തിൽ അമിത വിജയം പ്രതീക്ഷിച്ചു മുന്നോട്ടു നീങ്ങിയ പ്രവാചകാനുയായികൾക്ക് ഹുനൈനിലെ ആദ്യഘട്ടത്തിൽ പരാജയം നേരിടേണ്ടി വന്നു. ഹവാസിൻ ഒറ്റ ശക്തിയായി ആഞ്ഞടിച്ചപ്പോൾ സ്വഹാബികൾ പലവഴിക്ക് ചിതറിപ്പോയി. അപ്പോൾ തന്നെ അവർ അവർക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞു. അവരിൽ ചിലയാളുകൾ പ്രവാചക സവിധത്തിലേക്ക് വന്നു. തങ്ങൾ മുന്നിൽ നിന്നാൽ ഞങ്ങൾ ഒപ്പമുണ്ട് എന്നവർ നബിﷺയോട് പറഞ്ഞു. സ്വഹാബികൾ നേരിട്ട ഈ രംഗത്തെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. ഒൻപതാം അധ്യായം ഇരുപത്തി അഞ്ചാം സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. “അല്ലാഹു നിങ്ങളെ നിരവധി സന്ദർഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ ‎യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ‎ അമിത പ്രതീക്ഷയിലാക്കി. എന്നാല്‍, ആ അംഗബലം നിങ്ങൾക്കൊട്ടും ‎നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ‎ഇടുങ്ങിയതായി നിങ്ങൾക്കു തോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ‎ചെയ്തു.”

പ്രവാചകരുﷺടെ നേതൃഗുണത്തിന്റെ ഉന്നത പ്രകാശനമായിരുന്നു പിന്നീട് ഹുനൈനിൽ കണ്ടത്. അനുയായികൾ മുഴുവൻ പരിഭ്രമിച്ചപ്പോൾ പ്രവാചകൻﷺ സധൈര്യം മുന്നോട്ട് നീങ്ങി. ഞാൻ സത്യപ്രവാചകനാﷺണെന്നും അബ്ദുൽ മുത്തലിബിന്റെ മകനാണെന്നും പ്രഖ്യാപിച്ചുകൊണ്ട് മുൻനിരയിലേക്ക് വന്നു. അപ്പോൾ ചിതറി ഓടികൊണ്ടിരുന്ന സ്വഹാബികൾക്ക് ആത്മവിശ്വാസം ലഭിച്ചു.
പ്രവാചകൻﷺ പടക്കളത്തിന് മുൻനിരയിൽ നിന്ന് പൊരുതി.
അനുയായികൾക്കൊപ്പം പടക്കളത്തിൽ നേരിട്ട് ഇറങ്ങുന്ന ഈ ഒരു നേതാവിനെ എങ്ങനെയാണ് വായിക്കേണ്ടത്. ലോകത്തുള്ള ഏത് പടക്കളത്തിലാണ് അംഗബലം കൊണ്ട് ആത്മവിശ്വാസം വളർത്തുകയും അതിന്മേൽ അഹന്ത കാണിക്കാൻ സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യാത്തത്.

ഭൗതികമായ മാനങ്ങൾക്കും ലക്ഷ്യങ്ങൾക്കുമപ്പുറമുള്ള ആത്മീകമായ ചില മാനങ്ങളെയാണ് പ്രവാചകൻﷺ മുന്നിൽ കണ്ടിരുന്നത് എന്ന് മനസ്സിലാക്കാൻ ഇത് മാത്രം മതി. അനുയായികളെയും ആ ആത്മീയ വിചാരത്തിൽ തന്നെ വളർത്തിക്കൊണ്ടുവന്നു. പർവതം കണക്കെ സ്വർണ്ണം എന്റെ കയ്യിൽ വന്നാലും കടം വീട്ടാൻ വല്ലതുമുണ്ടെങ്കിൽ അതുമാത്രം കരുതി ബാക്കിയെല്ലാം വൈകുന്നേരത്തിന് ദാനം ചെയ്തു തീർക്കുമെന്ന് പ്രസ്താവിച്ച പ്രവാചകരെﷺയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. അനുയായികൾക്കൊപ്പം കിടങ്ങു കീറുകയും വിശപ്പ് അനുഭവിക്കുകയും പോർക്കളത്തിൽ ചേർന്നുനിൽക്കുകയും ചെയ്ത ശ്രേഷ്ഠ വ്യക്തിത്വത്തെയാണ് നാം പഠിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#FarooqNaeemi
#TaybaCentre
#FarooqNaeemi
#Tweet494

Mahabba Campaign Part-495

Tweet 495

ഹുനൈൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ സ്വഹാബികൾ പലവഴിക്കും തിരിഞ്ഞതിനെ തുടർന്ന് രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ച് അബൂ ബഷീർ(റ) പറഞ്ഞതായി മുഹമ്മദ് ബിൻ ഉമർ(റ) ഉദ്ധരിക്കുന്നു. പ്രഭാത നിസ്ക്കാരാനന്തരം ഞങ്ങൾ നബിﷺയോടൊപ്പം കൂടി. ശത്രുക്കളുടെയും നമ്മുടെയും അണികൾ തമ്മിൽ കൂടി കലർന്നു. സൂര്യൻ തെളിഞ്ഞു വരാനാവുന്നതേയുള്ളൂ. ഞാനന്ന് പ്രായം കുറഞ്ഞ ഒരു യുവാവാണ്. നബിﷺ നേരിട്ട് മുന്നിൽ നിന്നുകൊണ്ടാണ് യുദ്ധം നയിക്കുന്നത് എന്നെനിക്ക് മനസ്സിലായി. ഞാനവിടെ നിന്നുകൊണ്ട് വിളിച്ചു. അല്ലയോ അൻസ്വാറുകളെ… എന്റെ ഉമ്മയും ഉപ്പയും തിരുനബിﷺക്ക് ദണ്ഡമാണ്. നിങ്ങൾ നബിﷺയെ വിട്ട് എങ്ങോട്ടാണ് പോകുന്നത്. എന്റെ ശബ്ദം കേട്ട് പലരും നബിﷺയുടെ ഭാഗത്തേക്ക് വന്നു. പ്രവാചകന്റെﷺ രക്ഷയെ കുറിച്ചുള്ള ആലോചനയല്ലാതെ എനിക്ക് ധൈര്യം പകരാൻ മറ്റൊന്നുമുണ്ടായിരുന്നില്ല. നബിﷺയും അവിടുന്ന് അൻസ്വാറുകളെ വിളിക്കുന്നുണ്ട്. ഞാൻ അവിടുത്തെ വാഹനത്തിന്റെ പിന്നിലെത്തി. പ്രവാചകരുﷺടെ ചാരത്തേക്ക് എത്തിച്ചേർന്ന അൻസ്വാരികൾ ഒരു സംഘമായി മാറി. നബിﷺയുടെ ചുറ്റും വലയം തീർത്ത് ശത്രുപാളയത്തിലേക്ക് തുളച്ചു കയറി. അവരെ ശക്തമായി പിന്നോട്ട് പായിക്കുകയും അവർ താഴ്വരയിൽ പലഭാഗത്തേക്കായി ചിതറി മാറുകയും ചെയ്തു. അതോടെ നബിﷺ അവിടുത്തേക്ക് തയ്യാറാക്കിയ കുടിലിലേക്ക് വന്നുചേർന്നു. ആ കുടിലിൽ നബിﷺയുടെ പത്നിമാരായ ഉമ്മു സലമ(റ)യും മൈമൂന(റ)യും ഉണ്ടായിരുന്നു. സ്വഹാബികളിൽ നിന്ന് ഒരു സംഘം നബിﷺയുടെ ടെന്റിന്റെ ചുറ്റും പാറാവുകാരായി നിന്നു. ഉബ്ബാദുബിനു ബിഷർ(റ), അബൂനാഇല(റ), മുഹമ്മദ് ബിൻ മസ്ലമ(റ) എന്നിവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഇബ്നു ഉക്ബ(റ) പറയുന്നു. ഈ സമയത്ത് സഫുവാൻ ബിനു ഉമയ്യയുടെ അടുത്തുകൂടി ഒരാൾ കടന്നുപോയി. അയാൾ പറഞ്ഞു. മുഹമ്മദു നബിﷺയും സംഘവും പരാജയപ്പെട്ടിരിക്കുന്നു. ഒരിക്കലും മടങ്ങി വരാത്ത വിധം അവർ വിരണ്ടോടിയിരിക്കുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു അഅ്റാബികൾ ജയിച്ചു എന്നാണോ നിങ്ങൾ പറയുന്നത്. അവരുടെ ഒരു നേതാവിനെക്കാൾ എനിക്ക് മെച്ചപ്പെട്ടത് ഖുറൈശികളിലെ ഒരു നേതാവാണ്. ദേഷ്യം പിടിച്ച സഫുവാൻ പരിചാരകനോട് പറഞ്ഞു. മുന്നേറിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ സൂചനാവാക്യം അഥവാ സൈനികർ തമ്മിൽ ഉപയോഗിക്കുന്ന കോഡ് വാക്ക് എന്താണെന്ന് ഒന്ന് ശ്രദ്ധിച്ചിട്ട് വരൂ. പരിചാരകൻ പോയിട്ട് മടങ്ങിവന്നു. യാ ബനീ അബ്ദുറഹ്മാൻ, യാബനീ അബ്ദുല്ല, യാ ബനീ ഉബൈദില്ലാഹ് എന്നീ വാചകങ്ങളാണ് അവർ പരസ്പരം ഉപയോഗിക്കുന്നത്. ഇത് കേട്ടതും സഫുവാൻ പറഞ്ഞു. ഇത് മുസ്ലിങ്ങൾ പരസ്പരം ഉപയോഗിക്കുന്ന സൂചനാ വാക്യങ്ങളാണ്. അപ്പോൾ മുന്നേറുന്നത് പ്രവാചകനുംﷺ അനുയായികളും തന്നെയാണല്ലോ.

മുഹമ്മദ് ബിൻ ഉമർ(റ) നിവേദനം ചെയ്യുന്നു. അബൂബക്കതാദ(റ) പറഞ്ഞുവത്രേ. മുസ്ലിം സൈന്യത്തിൽ നിന്ന് ആവേശം മൂത്ത ചില ആളുകൾ ആദ്യഘട്ടത്തിൽ നേരിട്ട പരാജയത്തെ തുടർന്ന് പിന്തിരിഞ്ഞോടി. ഒരു രാവും പകലും പിന്നിട്ട് മക്കയിലെത്തി. മുഹമ്മദ് നബിﷺക്കും അനുയായികൾക്കും പരാജയം നേരിട്ടു എന്ന് മക്കയിലുള്ളവരോട് പറഞ്ഞു. അപ്പോൾ മക്കയിൽ ഉണ്ടായിരുന്ന മുആദ് ബിൻ ജബലി(റ)നു വളരെയേറെ ദുഃഖമായി. എന്നാൽ ശത്രുക്കളിൽ നിന്ന് പലർക്കും ഇത് വലിയ സന്തോഷമായി. അവർ ആക്ഷേപ വർഷം ആരംഭിച്ചു. അതുകേട്ട് ചിലർ പറയാൻ തുടങ്ങി. ഇനി അറബികൾ അവരുടെ പൂർവ പിതാക്കളുടെ വിശ്വാസങ്ങളിലേക്ക് തന്നെ മടങ്ങിയെത്തും. മുഹമ്മദ് നബിﷺ വധിക്കപ്പെടുകയും അനുയായികൾ ചിന്നഭിന്നമാവുകയും ചെയ്തിരിക്കുന്നു. ഇതുകേട്ട് അത്താബ് ബിൻ ഉസൈദ്(റ) പറഞ്ഞു. മുഹമ്മദ് നബിﷺ വധിക്കപ്പെട്ടാലും മുഹമ്മദ് നബിﷺ ആരാധിച്ചു കൊണ്ടിരുന്ന അല്ലാഹു എന്നും ജീവനുള്ളവൻ തന്നെയാണ്. അങ്ങനെ ചർച്ചകളും വർത്തമാനങ്ങളും തുടരുവെയാണ് നബിﷺയുടെ മുന്നേറ്റത്തെ കുറിച്ചുള്ള വാർത്തകൾ വൈകുന്നേരം മക്കയിലെത്തിയത്. അതുകേട്ട് മുആദ്(റ) സന്തോഷിച്ചു. അത്താദ്(റ) ആനന്ദത്തിലായി. വിശ്വാസികൾ ആഘോഷമാരംഭിച്ചു. കിട്ടിയ അവസരത്തിൽ ഇസ്ലാമിനും പ്രവാചകനുﷺമെതിരെ സംസാരിച്ചവർ ഇളിഭ്യരായി.

പ്രവാചകനുംﷺ അനുയായികളും മുന്നേറുന്ന വാർത്ത അറിഞ്ഞപ്പോൾ നേരത്തെ പരിഭ്രമിച്ച് പിന്തിരിഞ്ഞവർ തിരികെ വന്ന് നബിﷺയോടൊപ്പം ചേർന്നു.

ഇതിനിടയിൽ ശൈബത്ത് ബിൻ ഉസ്മാനിനുണ്ടായ ഒരു അനുഭവം ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. ശൈബ പറയുന്നു. നബിﷺയുടെ മക്ക വിജയവേളയിൽ ഞാനൊരു തീരുമാനമെടുത്തു. എങ്ങനെയെങ്കിലും മുഹമ്മദ് നബിﷺയോടെനിക്ക് പ്രതികാരം വീട്ടണം. കഴിഞ്ഞ യുദ്ധങ്ങളിൽ എന്റെ ഉപ്പയെ ഹംസ(റ)യും എളാപ്പയെ അലി(റ)യും വധിച്ചു കളഞ്ഞ രംഗങ്ങൾ എനിക്ക് ഓർമ്മ വന്നു. ലോകത്തുള്ള അനറബികളും അറബികളും മുഴുവൻ മുഹമ്മദ്‌ നബിﷺയെ വിശ്വസിച്ചാലും ഞാൻ വിശ്വസിക്കില്ല. ഏതായാലും ഹുനൈനിലേക്ക് പോകാം. മുഹമ്മദ് നബിﷺയുടെ പിന്നിൽ തന്നെ കൂടി കിട്ടുന്ന അവസരത്തിൽ എന്റെ ലക്ഷ്യം സാധിച്ചെടുക്കാം. ഞാൻ പടക്കളത്തിലേക്ക് ചെന്നു. ജനങ്ങൾ തിങ്ങിക്കൂടി നിൽക്കുകയാണ്. പ്രവാചകൻﷺ അവിടുത്തെ കോവർകഴുതയുടെ മുകളിൽ നിന്നിറങ്ങി. കിട്ടിയ അവസരമെന്ന് കരുതി ഞാനടുത്തേക്ക് ചെന്നു. എന്റെ ഉദ്ദേശം മനസ്സിലുറപ്പിച്ച് വാളും തയ്യാർ ചെയ്തു കയ്യിൽ പിടിച്ചു. മറ്റൊരു നിവേദന പ്രകാരം അദ്ദേഹം പറയുന്നതിങ്ങനെയാണ്. പ്രവാചകരുﷺടെ അനുയായികൾ പലവഴിക്കും തിരിഞ്ഞപ്പോൾ ആയുധവുമേന്തി ഞാനടുത്തേക്ക് ചെന്നു. വലതുഭാഗത്ത് കൂടി പ്രവാചകനെﷺ നേരിടാമെന്ന് കരുതിയപ്പോൾ അതാ വെളുത്ത പടയങ്കിയും ധരിച്ച് അബ്ബാസ്(റ) അടുത്തു നിൽക്കുന്നു. ഇടതുഭാഗത്ത് കൂടി കാര്യം നിർവഹിക്കാമെന്ന് വിചാരിച്ചപ്പോൾ അബൂ സൂഫിയാൻ ബിൻ ഹാരിസ്(റ) അടുത്തുനിൽക്കുന്നു. അങ്ങനെ ഞാൻ പിൻഭാഗത്തേക്ക് വന്നു. ഇനി വാളൂരി പ്രയോഗിക്കേണ്ടത് മാത്രമേ ഉള്ളൂ. അപ്പോഴതാ എന്റെയും പ്രവാചകന്റെﷺയും ഇടയിൽ നിന്നു ഒരു കനൽ കൊള്ളി മിന്നി വന്നു. ഒരു മിന്നൽ പിണർ പോലെ എന്റെ നേരെ ആഞ്ഞടിച്ചു. എന്റെ കൈകൾ കൊണ്ട് ഞാൻ തന്നെ കണ്ണുപൊത്തി രക്ഷപ്പെടാൻ നോക്കി. ഞാൻ പരിഭ്രമിച്ച് അട്ടഹസിച്ചു പിൻ വാങ്ങി. പ്രവാചകൻﷺ സംരക്ഷിതനാണെന്ന് എനിക്ക് ബോധ്യമായി. അപ്പോഴേക്കും അവിടുന്ന് എന്നെ തിരിഞ്ഞുനോക്കി. അവിടുത്ത തിരു കരങ്ങൾ എന്റെ മാറിടത്തിലേക്ക് ചേർത്ത് വച്ചു. എന്നിട്ടിങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ ഇദ്ദേഹത്തിൽ നിന്ന് പൈശാചികതയെ നീ നീക്കേണമേ. ഞാൻ ശിരസ്സുയർത്തി നോക്കിയപ്പോൾ പ്രവാചകന്റെﷺ മുഖത്തേക്ക് കണ്ണുകൾ പതിഞ്ഞു. ആ നിമിഷം മുതൽ ലോകത്തെനിക്കേറ്റവും പ്രിയപ്പെട്ടത് തിരുനബിﷺയായി മാറി. എന്റെ കാഴ്ചയെക്കാളും കേൾവിയെക്കാളും ഹൃദയത്തെക്കാളും ഞാനിഷ്ടപ്പെട്ടു പോയി. അവിടുന്നെന്നോട് പറഞ്ഞു. നിങ്ങൾ സത്യനിഷേധികൾക്കെതിരെ യുദ്ധം ചെയ്യൂ. ഏതായാലും യുദ്ധമെല്ലാം കഴിഞ്ഞ് ഞാൻ പ്രവാചകരുﷺടെ വീട്ടിൽ ചെന്നു. എന്നിട്ട് അവിടെവച്ച് ഇങ്ങനെ പറഞ്ഞു. ഞാൻ ഉദ്ദേശിച്ചതിനെക്കാൾ നല്ലത് തങ്ങൾക്കു വേണ്ടി നിശ്ചയിച്ച അല്ലാഹുവിനാണ് നന്ദി. ശേഷം, ഞാൻ കാര്യങ്ങളൊക്കെ നബിﷺയോട് പങ്കുവെച്ചു.

നോക്കൂ, ഈ സംഭവത്തിൽ നിന്ന് തന്നെ എന്തെല്ലാം കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. പ്രവാചകരുﷺടെ ഔദാര്യവും വിട്ടുവീഴ്ചയും. അവിടുത്തേക്ക് അല്ലാഹു നൽകിയ സംരക്ഷണവും സുരക്ഷിതത്വവും. എത്ര ക്രൂരമായി വധിക്കാൻ വന്ന ആളോടും തിരുനബിﷺ കാണിച്ച ഗുണകാംക്ഷ. ഈ ചരിത്ര അധ്യായങ്ങളെയൊക്കെ എത്ര ഉജ്ജ്വലമായാണ് നാം ലോകത്തോട് വിളിച്ചു പറയേണ്ടത്. എത്ര മനോഹരമായിട്ടാണ് ആലേഖനം ചെയ്യേണ്ടത്. ഈ പ്രവാചക വ്യക്തിത്വത്തെ അംഗീകരിക്കുന്നവർ എത്ര വലിയ സൗഭാഗ്യവാന്മാർ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-496

Tweet 496

ഹുനൈൻ യുദ്ധത്തിന്റെ ഇടയിൽ നളീർ ബിൻ ഹാരിസിന് ഉണ്ടായ അനുഭവങ്ങൾ കൂടി നമുക്ക് വായിക്കാം. അദ്ദേഹം ഖുറൈശികളിലെ അതിബുദ്ധിമാനായിരുന്നു. അദ്ദേഹം തന്നെ പറയുന്നു. ഖുറൈശികളോടൊപ്പം ഞാനും ഹുനൈനിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ഞങ്ങൾ മുശ്‌രിക്കുകളോടൊപ്പം കൂടി. ഹവാസിൻ ഗോത്രത്തിന്റെ ശക്തമായ പ്രാഥമിക ആക്രമണം മുസ്ലിം സംഘത്തെ നന്നായി പരിഭ്രമിപ്പിച്ചു. പക്ഷേ, മുഹമ്മദ് നബിﷺ ഒരു കോവർ കഴുതയുടെ പുറത്ത് സമരമുഖത്ത് തന്നെ നിലയുറപ്പിച്ചു. ചുറ്റും പ്രകാശമുഖരായ കുറെ ആളുകളും. ഞാൻ പ്രവാചകനെﷺ ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു നീങ്ങി. കിട്ടിയ അവസരത്തിൽ വകവരുത്തുകയായിരുന്നു എന്റെ ലക്ഷ്യം. ഞാൻ പ്രവാചകന്റെﷺ അടുത്തേക്കെത്താനും ഒപ്പമുള്ളവർ ഉയർന്ന ശബ്ദത്തിൽ പറഞ്ഞു നിങ്ങൾ സൂക്ഷിച്ചോളൂ! അതുകേട്ടതും എന്റെ മനസ്സിൽ ഭയം നിറഞ്ഞു. എന്റെ അവയവങ്ങൾ തളർന്നതുപോലെയായി. ഞാൻ സ്വയം പറഞ്ഞു. ഇത് ബദ്റിലെ ദിവസം പോലെ ആയല്ലോ. ഇത് സത്യത്തിന്റെ വക്താവാണല്ലോ. ഈ പ്രവാചകന്ﷺ ശരിക്കും സുരക്ഷിതത്വം ലഭിക്കുന്നുണ്ടല്ലോ.

ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ടിരിക്കെ എന്റെ ഹൃദയത്തിൽ ഇസ്ലാമിന്റെ വെളിച്ചം പ്രവേശിച്ചു. പ്രവാചകനെﷺതിരെയുള്ള എന്റെ ഉദ്യമങ്ങൾ അവസാനിപ്പിച്ചു. അധികം വൈകിയില്ല. ചിതറിപ്പോയ അനുയായികൾ മുഴുവനും തിരിച്ചുവന്നു. അൻസ്വാരികൾ ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഓട്ടത്തിനു ശേഷമുള്ള മടക്കം. അല്ലയോ ഖസ്റജ്കാരേ നിങ്ങളും വരൂ. അല്ലാഹു അറിയിച്ചാൽ അല്ലാതെ ആർക്കും എത്തിപ്പെടാൻ ആവാത്ത വിധം വന്യമായ ഒരു സ്ഥലത്ത് ഒരു മരച്ചുവട്ടിൽ ഞാൻ കഴിഞ്ഞു കൂടി. ദിവസങ്ങൾ ഞാൻ അവിടെ കഴിഞ്ഞെങ്കിലും എന്റെ ഹൃദയത്തിൽ നിന്ന് ഭയം വിട്ടു മാറിയില്ല. നബിﷺ ത്വാഇഫിലേക്ക് മടങ്ങി. കുറച്ചുദിവസം അവിടെ കഴിച്ചുകൂട്ടി. ശേഷം ജഇർറാനയിലേക്ക് പോയി. അവിടെയെത്തി നബിﷺയെ കണ്ടുമുട്ടിയാലോ എന്ന് ഞാൻ ആലോചിച്ചു. നിങ്ങളോടൊപ്പം ചേർന്ന് അവർ ചെയ്യുന്ന കർമ്മങ്ങളിൽ വ്യാപൃതനായാലോ എന്ന് ചിന്തിച്ചു.

അറബികളും അനറബികളും പ്രവാചകനെﷺ അംഗീകരിച്ചു കൊണ്ടിരിക്കുകയാണ്. നാൾക്കുനാൾ വിശ്വാസികളുടെ അംഗബലം വർദ്ധിക്കുന്നു. മുഹമ്മദ് നബിﷺയുടെ പ്രതാപം നമുക്കും കൂടിയുള്ളതാണ്. അവിടുന്നു ലഭിക്കുന്ന അംഗീകാരങ്ങൾ നമുക്ക് കൂടിയുള്ളതാണ്. ഞാൻ ആലോചിച്ചു. ഞാനങ്ങനെ പ്രവാചക സന്നിധിയിൽ എത്തിച്ചേർന്നു. പരിസരത്തേക്ക് എത്തിയതും അവിടുന്ന് വിളിച്ചു ചോദിച്ചു. നളീറല്ലേ വരുന്നത്?ഞാൻ പറഞ്ഞു, അതെ. നിങ്ങൾ ഹുനൈൻ യുദ്ധക്കളത്തിൽ വച്ച് ഉദ്ദേശിച്ചതിനേക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ടത് ഇതാണ്. അല്ലാഹുവാണ് എന്റെയും നിങ്ങളുടെയും ഇടയിൽ തടസ്സം സൃഷ്ടിച്ചത്. അപ്പോഴേക്കും അതിവേഗം ഞാൻ പ്രവാചകന്റെﷺ അടുത്തേക്ക് ചെന്നു.

നിങ്ങൾ കാണാതെ പോയത് കാണാൻ പറ്റുന്ന നല്ല സമയമാണിത്. ചിന്തിക്കാതെ പോയത് ചിന്തിക്കാനും തിരിച്ചറിയാനുമുള്ള നേരമാണിത്. പ്രവാചകൻﷺ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ തിരിച്ചു പറഞ്ഞു. അല്ലാഹുവിനൊപ്പം മറ്റേതെങ്കിലും ദൈവങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അവർ ഞങ്ങളെ സഹായിക്കേണ്ട സമയം അധികരിച്ച് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ യാഥാർത്ഥ്യത്തിലേക്ക് മടങ്ങുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ തിരുദൂതരാണെന്നും ഞാനിതാ വിശ്വസിച്ചു പ്രഖ്യാപിക്കുന്നു. നളീർ ഔദ്യോഗികമായി ഇസ്ലാമിലേക്ക് പ്രവേശിച്ചു. അല്ലാഹുവേ ഇദ്ദേഹത്തിന്റെ നിലപാടിൽ നീ ഉറപ്പു നൽകേണമേ എന്ന് പ്രവാചകൻﷺ പ്രാർത്ഥിച്ചനുഗ്രഹിച്ചു. യാഥാർത്ഥ്യത്തെ തിരിച്ചറിയാനുള്ള ഉൾക്കാഴ്ച ഇദ്ദേഹത്തിന് നൽകേണമേ എന്ന് കൂട്ടിച്ചേർത്തു.

വധിക്കാൻ ഒരുങ്ങി വന്നവനെ വശത്തിനൊത്ത് കിട്ടിയിട്ടും ഒരു വാക്കു കൊണ്ടു പോലും പ്രതികാരം തീർക്കാൻ ശ്രമിക്കാത്ത പുണ്യ നബിﷺയെ എങ്ങനെയാണ് വായിക്കേണ്ടത്. ഒരാൾ നേർവഴിയിലേക്ക് വരുന്നതോടെ അയാളോടുള്ള എല്ലാ നടപടികളിലും അല്ലാഹുവിന്റെ പ്രീതി മാത്രം പരിഗണിക്കാൻ പ്രവാചകർﷺക്ക് സാധിച്ചു. സ്വാർത്ഥമായ എന്തെങ്കിലും താല്പര്യങ്ങളോ സ്വന്തത്തെ എതിർത്തവരോടുള്ള എന്തെങ്കിലും പ്രതികാരമോ ജീവിതത്തിൽ ഉണ്ടായിരുന്നതേ ഇല്ല.

ഇസ്ലാം എങ്ങനെ പ്രചാരം നേടിയെന്നും, പ്രവാചകൻﷺ ഇത്രമേൽ സ്വീകാര്യത സമ്പാദിച്ചത് എങ്ങനെയാണെന്നും ചരിത്രത്തിൽ നിന്ന് കൃത്യമായി വായിക്കാൻ പഠിതാക്കൾ തയ്യാറാവണം. വർത്തമാനകാലത്ത് മീഡിയകളും തല്പരകക്ഷികളും തീർത്ത പുകമറയ്ക്കുള്ളിൽ നിന്ന് പ്രവാചകനെﷺ വായിക്കാനൊരുങ്ങാതെ ശരിയായ പ്രമാണങ്ങളിൽ നിന്ന് വായിച്ചറിയാൻ അനുവാചകർക്ക് സാധിക്കണം. പ്രവാചക ചരിത്രത്തെ നിഷ്പക്ഷമായി സമീപിച്ച് ആധികാരിക രചനകളിൽ നിന്ന് ആ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കണം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-497

Tweet 497

നബിﷺയുടെ പിതൃ സഹോദരൻ കൂടിയായ അബ്ബാസ്(റ) ഹുനൈനിലെ അനുഭവം വിവരിക്കുന്നു. അന്നു ഞാൻ നബിﷺയോടൊപ്പമുണ്ടായിരുന്നു. ഞാനും അബൂസുഫിയാൻ ബിൻ ഹാരിസും(റ) നബിﷺയുടെ സമീപത്തു തന്നെ നിന്നു. അവിടുന്ന് വെളുത്ത ഒരു കോവർ കഴുതയുടെ മേൽ സമരരംഗത്ത് നിലയുറപ്പിച്ചു. ഫർവത്തു ബിൻ നുഫാഅ അൽ ജൂസാമി എന്നവർ സമ്മാനമായി നബിﷺക്കു നൽകിയതായിരുന്നു ആ വാഹനം. ആദ്യഘട്ടത്തിൽ മുസ്ലിംകൾക്കേറ്റ ആഘാതംമൂലം പലരും പലവഴിക്കും ചിതറിപ്പോയി. പക്ഷേ, തിരുനബിﷺ സമരമുഖത്ത് ധൈര്യപൂർവം നിലകൊണ്ടു. ഞാനായിരുന്നു അവിടുത്തെ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത്. നബിﷺ ശത്രുവലയത്തിന്റെ ഉള്ളിൽ പെടാതിരിക്കാൻ ഞാൻ കഴിവതും പരിശ്രമിച്ചു. ഇടയ്ക്കിടെ അബൂസുഫിയാൻ ബിനു ഹാരിസും(റ) നബിﷺയുടെ വാഹനത്തെ നിയന്ത്രിക്കാനുണ്ടായിരുന്നു. വാഹനത്തിന്മേലിരുന്ന് നബിﷺ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. “അല്ലാഹുവേ നീ എനിക്ക് വാഗ്ദാനം ചെയ്തത് നൽകേണമേ! അല്ലാഹുവേ നിശ്ചയമായും ഈ നീക്കത്തിൽ ഞങ്ങൾക്ക് ജയിച്ചേ പറ്റൂ.” എന്നിട്ട് നബിﷺ എന്നോട് പറഞ്ഞു. അല്ലയോ അൻസ്വാരികളേ, അല്ലയോ അൽ ബഖറ അധ്യായത്തിന്റെ ആളുകളേ, അല്ലയോ സമുറയുടെ ആളുകളേ എന്ന് നിങ്ങൾ സ്വഹാബികളെ വിളിക്കുക. എന്റെ ശബ്ദം സ്വദവേ ഉയർന്നതായിരുന്നു. ഞാൻ അങ്ങനെ വിളംബരം ചെയ്തപ്പോൾ. കുഞ്ഞുങ്ങളുടെ ഭാഗത്തേക്ക് തള്ള ഒട്ടകവും തള്ളപശുവും വന്നുചേരുന്നത് പോലെ അൻസ്വാരികൾ പല ഭാഗത്തുനിന്നുമായി ഒത്തുകൂടി.

നബിﷺയുടെ ധീരമായ നിലപാട് മുസ്ലിംകളെ വിജയത്തിലേക്ക് നയിച്ചു. അനസുബ്നു മാലിക്കി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. പ്രവാചകൻﷺ അന്നേദിവസം ഒരുപിടി വെളുത്ത ചരൽ കല്ലുകൾ കയ്യിലെടുത്തു. എന്നിട്ട് ശത്രുപക്ഷത്തിനു നേരെ എറിഞ്ഞു. “കഅ്ബയുടെ അധിപനായ പടച്ചവനെ, ഇതുകൊണ്ട് ശത്രുക്കളെ നീ പരാജയപ്പെടുത്തേണമേ!” നബിﷺയുടെ ദുൽദുൽ എന്ന പേരുള്ള വാഹനത്തിന്മേലിൽ നിന്ന് ഖുർആൻ ശകലങ്ങൾ പാരായണം ചെയ്തുകൊണ്ടുള്ള ഇത്തരം പ്രയോഗങ്ങൾ ശത്രുക്കളെ വല്ലാതെ പരിഭ്രമിപ്പിച്ചു. അമ്പുകളുടെയോ കുന്തങ്ങളുടെയോ പ്രയോഗം ഇല്ലാതെതന്നെ ശത്രുക്കൾ പിന്തിരിഞ്ഞോടാൻ തുടങ്ങി. മുകൗഖിസ് രാജാവ് സമ്മാനമായി നൽകിയ വാഹനമായിരുന്നുവത്രെ ദുൽദുൽ. ശൈബത്തു ബിനു ഉസ്മാൻ(റ) പറഞ്ഞതായി ഇബ്നു അസാക്കിർ(റ) നിവേദനം ചെയ്യുന്നു. വാഹനപ്പുറത്ത് ഇരുന്നുകൊണ്ട് നബിﷺ അബ്ബാസി(റ)നെ വിളിച്ചു. ഒരുപിടി ചരൽക്കല്ലു കൊണ്ടുവരാൻ പറഞ്ഞു. വാഹനം ഇത് മനസ്സിലാക്കിയത് പോലെ മുട്ടുകുത്തി ഭൂമിയിലേക്ക് ഇരുന്നു കൊടുത്തു. അപ്പോൾ നബിﷺ തന്നെ നേരിട്ട് ചരൽക്കല്ലുകൾ കയ്യിലെടുത്തു. ‘ശാഹത്തിൽ വുജൂഹു…. വഹും ലാ യുൻസറൂൻ’ എന്ന മന്ത്രം ചൊല്ലി ശത്രുപക്ഷത്തേക്ക് വലിച്ചെറിഞ്ഞു. ശത്രുക്കൾ സഹായിക്കപ്പെടുകയില്ല, അവർ പരാജിതരായിരിക്കുന്നു എന്ന ധ്വനിയാണ് നബിﷺയുടെ മന്ത്രത്തിൽ ഉണ്ടായിരുന്നത്. ശത്രുക്കൾക്കിടയിൽ പരസ്പരം അവർ നോക്കി. എല്ലാവർക്കും കണ്ണിൽ എന്തോ ഒന്ന് സംഭവിച്ചത് പോലെ. എല്ലാവരും കണ്ണ് തടവാൻ തുടങ്ങി. മറ്റൊരു നിവേദന പ്രകാരം മണൽത്തരികൾ ആയിരുന്നു പ്രവാചകർﷺ കയ്യിലെടുക്കുകയും ശത്രുക്കൾക്ക് നേരെ എറിയുകയും ചെയ്തത്. അതവരുടെ കണ്ണുകളിൽ പതിക്കുകയും അവർ പരാജയം സമ്മതിച്ചു പിന്നോട്ടു മാറുകയും ചെയ്തു.

അന്നത്തെ ഒരു അനുഭവം അംറ് ബിൻ സുഫിയാൻ പറയുകയാണ്. പ്രവാചകൻﷺ ഒരുപിടി മണ്ണ് വാരി ഞങ്ങൾക്ക് നേരെ എറിഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങൾ പിന്തിരിഞ്ഞു ഓടാൻ തുടങ്ങി. പരിസരത്തുള്ള ഓരോ കല്ലും മരവും ഞങ്ങളെ തേടിക്കൊണ്ടിരിക്കുന്ന അശ്വ ഭടന്മാരാണ് എന്ന തോന്നൽ ഞങ്ങൾക്ക് ഉണ്ടായി. ബദ്റിൽ പ്രാർത്ഥിച്ചത് പോലെ പ്രവാചകൻﷺ ഹുനൈനിലും പ്രാർത്ഥിച്ചു. അല്ലാഹുവേ ഇവിടെ ഞങ്ങൾ പരാജയപ്പെട്ടാൽ ഈ ഭൂമിയിൽ നിന്നെ ആരാധിക്കുന്നവർ ഉണ്ടാകില്ലല്ലോ!

അലി(റ) ധീരമായ ചുവടുകൾ വച്ചു. ശക്തമായ മുന്നേറ്റങ്ങൾ കാഴ്ചവച്ചു. ശത്രുക്കളെ ഭയക്കാതെയുള്ള അലി(റ)യുടെ ഇടപെടൽ മറ്റുള്ള വിശ്വാസികൾക്ക് ചെറുതല്ലാത്ത ധൈര്യമാണ് പകർന്നു നൽകിയത്. സ്വഹാബികൾ പ്രത്യക്ഷ ഭടന്മാരായും മലക്കുകൾ ആത്മീയ സൈന്യമായും ഹുനൈനിൽ നബിﷺക്കൊപ്പം ഉണ്ടായി. മലക്കുകളുടെ ഇടപെടലാണ് നമുക്കിനി വായിക്കാനുള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-498

Tweet 498

ഹുനൈൻ യുദ്ധത്തിൽ ഉപരിലോകത്ത് നിന്ന് മലക്കുകളെ അവതരിപ്പിച്ച് അല്ലാഹു നബിﷺയെ സഹായിച്ചു. ഖുർആനിലെ അത്തൗബ അധ്യായത്തിലെ 26ആം സൂക്തം ഇത് പരാമർശിക്കുന്നുണ്ട്. അത് സത്യനിഷേധികൾക്ക് ശിക്ഷയായി ഭവിച്ചു എന്നും അതേ സൂക്തത്തിൽ തന്നെ വിശദീകരിക്കുന്നു. സഈദ് ബിനു ജുബൈർ(റ) നിവേദനം ചെയ്യുന്ന പ്രകാരം 5000 മലക്കുകളെ അല്ലാഹു അവതരിപ്പിച്ചു. അതുവഴി വിശ്വാസികളുടെ ഹൃദയത്തിൽ ശാന്തിയും സമാധാനവും നൽകി. ഖുർആനിലെ അത്തൗബ അദ്ധ്യായം ഇരുപത്തിയാറാം സൂക്തത്തിൽ അല്ലാഹുവിന്റെ ദൂതനുംﷺ വിശ്വാസികൾക്കും മനസ്സമാധാനം നൽകി എന്ന പ്രയോഗത്തിൽ അൻസ്വാരികളെയാണ് പ്രത്യേകം പരാമർശിച്ചത്.

ജുബൈർ ബിനു മുത്ഇമി(റ)ല്‍ നിന്ന് ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. ജനങ്ങൾ പിന്തിരിഞ്ഞോടുന്നതിന് മുമ്പ് ഒരു കറുത്ത മൂടുപടം ആകാശലോകത്ത് കണ്ടു. പിന്നെ, അത് താഴേക്ക് വീണ് ഭൂമിയിൽ താഴ്‌വരയിൽ ഒന്നാകെ പരന്നു. അത് കറുത്ത ഉറുമ്പിന്റെ കൂട്ടങ്ങൾ ആയിരുന്നു. അത് വസ്ത്രങ്ങളിൽ ഇഴഞ്ഞു കയറിയിട്ട് ഞങ്ങൾ അതിനെ കുടഞ്ഞു കളഞ്ഞിരുന്നു. അല്ലാഹുവിന്റെ സഹായം കൊണ്ട് നമുക്ക് ജയിക്കാനും മുന്നേറാനും സാധിച്ചു.

മുസ്അബു ബിൻ ശൈബ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. ഞാൻ പ്രവാചകരുﷺടെ കൂടെ ഹുനൈനിലേക്ക് സഞ്ചരിച്ചു. അന്ന് ഞാൻ വിശ്വാസിയായിരുന്നില്ല. എന്നുമാത്രമല്ല ഹവാസിൻ ജയിക്കണമെന്ന് ആഗ്രഹിച്ച ആൾ കൂടിയായിരുന്നു. അങ്ങനെ ഞാൻ പ്രവാചകന്റെﷺ അടുത്ത് നിൽക്കുമ്പോൾ ഒരു കറുത്ത കുതിരയെ കണ്ടു. ഞാൻ പ്രവാചകനോﷺട് പറഞ്ഞു. ഞാനൊരു കറുത്ത കുതിരയെ കാണുന്നുണ്ടല്ലോ! അപ്പോൾ നബിﷺ പറഞ്ഞു. ഒരു അവിശ്വാസിയായ ആൾ മാത്രമേ അത് കാണുകയുള്ളൂ. വിശ്വാസിയായ ഒരാൾ അത് കാണാനിടയില്ലല്ലോ! എന്നിട്ട് എന്റെ മാറിടത്തിലേക്ക് അവിടുത്തെ തിരുകരങ്ങൾ കൊണ്ട് ഒന്ന് തട്ടി. അല്ലാഹുവേ ശൈബയ്ക്ക് നീ നേർവഴി കാണിച്ചു കൊടുക്കേണമേ എന്ന് പ്രാർത്ഥിച്ചു. മൂന്നുപ്രാവശ്യം ഇങ്ങനെ ചെയ്തതിനുശേഷം അവിടുത്തെ കരങ്ങൾ ഉയർത്തി. എന്റെ മാറിടത്തിൽ നിന്ന് അവിടുത്തെ കരങ്ങൾ ഉയർത്തിയതും, ലോകത്തേക്ക് വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായി തിരുനബിﷺ മാറി.

പ്രതിസന്ധി ഘട്ടത്തിൽ പ്രവാചകരോﷺടൊപ്പം ഉറച്ചുനിന്ന ആളുകൾ എത്ര പേരാണെന്നും അവരാരൊക്കെ ആണെന്നും ചരിത്രത്തിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ട്. അൻസ്വാരികളിൽ നിന്നും മുഹാജിറുകളിൽ നിന്നുമായി 80 ആളുകൾ ആയിരുന്നു തിരുനബിﷺക്കൊപ്പം പതറാതെ നിന്നത് എന്നതാണ് പ്രബല അഭിപ്രായം. വലത്തും ഇടത്തുമായി 100 ആളുകൾ ഉണ്ടായിരുന്നു എന്നാണ് മുഹമ്മദ് ബിൻ ഉമർ(റ) എന്നവരുടെ അഭിപ്രായം. അദ്ദേഹം നബിﷺ തങ്ങൾക്കൊപ്പം ഹുനൈനിൽ പങ്കെടുത്ത ആളാണ്. ഹാരിസത്തുബിനു നുഅ്മാനെ കുറിച്ച് ജിബ്‌രീല്‍(അ) നബിﷺയോട് പറഞ്ഞപ്പോൾ ഹുനൈനിൽ സഹിഷ്ണുതയോടു കൂടി നിന്ന 100 പേരിൽ ഒരാൾ ആണെന്ന് പരിചയപ്പെടുത്തുന്നുണ്ട്. അൽ മിഅത്തു സ്വാബിറ എന്നാണ് അവരെക്കുറിച്ച് പ്രയോഗിക്കാറുള്ളത്.

ബനൂഹാഷിമിൽ നിന്നുള്ള മൂന്നുപേരും മറ്റൊരാളും അങ്ങനെ നാലു പേരായിരുന്നു ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ തിരുനബിﷺയുടെ തൊട്ടു ചാരത്ത് ഉണ്ടായിരുന്നത് എന്ന അഭിപ്രായവും ഉണ്ട്. അലിയ്യുബിനു അബീത്വാലിബ്(റ), അബ്ബാസ് ബിന് അബ്ദുൽ മുത്തലിബ്(റ), അബൂസുഫിയാൻ ബിൻ ഹാരിസ്(റ), ഇബ്നു മസ്ഊദ്(റ) എന്നിവരായിരുന്നു ആ നാലുപേർ.

നസീബത്ത് ബിൻത് കഅബ്(റ) അഥവാ ഉമ്മു ഉമാറ എന്ന മഹതി ഹുനൈനിലെയും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഉമ്മു സുലൈം ബിൻത് മില്ഹാൻ(റ) എന്നും മഹതിയെ വിളിക്കാറുണ്ട്. ഒരു കഠാരയും കയ്യിൽ പിടിച്ചു നിൽക്കുന്ന ഉമ്മു സുലൈമി(റ)നെ ഹുനൈനിൽ വച്ച് അബൂത്വൽഹ കണ്ടു. അദ്ദേഹം അവരോട് ചോദിച്ചു, എന്താണിത്? അപ്പോൾ പറഞ്ഞു. ശത്രുക്കളാരെങ്കിലും ഞങ്ങളെ സമീപിച്ചാൽ അവരുടെ പള്ളയിൽ ഞങ്ങൾ കുത്തും. ഈ വർത്തമാനം നബിﷺയോട് പറഞ്ഞപ്പോൾ അവിടുന്ന് ഒന്ന് ചിരിച്ചു.

യുദ്ധവേളകളിൽ പരിക്കേറ്റവരെ പരിചരിക്കാനും മറ്റും കുറഞ്ഞ സ്ത്രീകളും മുസ്ലിം സൈന്യത്തോടൊപ്പം സഞ്ചരിച്ചിരുന്നു. അവർ ആത്മരക്ഷാർത്ഥം ആയുധങ്ങൾ കരുതുകയും ചെയ്തിരുന്നു. യുദ്ധക്കളത്തിലോ യോദ്ധാവായോ സ്ത്രീകൾക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല. ഹുനൈൻ യുദ്ധവേളയിൽ പ്രധാനമായും ഞങ്ങൾ നാലു സ്ത്രീകളാണ് ഉണ്ടായിരുന്നത് എന്ന് ഉമ്മു ഉമാറ(റ) തന്നെ പറയുന്നുണ്ട്. പ്രവാചകൻﷺ ഒറ്റപ്പെടുകയോ ആക്രമിക്കപ്പെടുന്നു എന്ന അവസ്ഥയെത്തുകയോ ചെയ്താൽ അടിയന്തിര ഘട്ടം എന്ന നിലയിൽ പ്രവാചകരെﷺ സംരക്ഷിക്കാൻ വേണ്ടി അടുത്തുവന്ന രംഗങ്ങളാണ് സ്ത്രീകളുടെ ആയുധപ്രയോഗങ്ങളായി യുദ്ധ ചരിത്രത്തിൽ നാം വായിച്ചു പോയത്. അല്ലെങ്കിൽ സ്ത്രീകളുടെ ക്യാമ്പിലേക്ക് ശത്രുക്കൾ ദുരുദ്ദേശത്തോടെ കടന്നുവന്നപ്പോഴായിരുന്നു.

ശത്രുപക്ഷത്തിലേതാണെങ്കിലും സ്ത്രീകളെയും കുട്ടികളെയും സായുധമായി നേരിടാൻ പാടില്ല എന്നാണ് ഇസ്ലാമിന്റെ യുദ്ധ സമീപനം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-499

Tweet 499

ഹുനൈൻ കൗതുകകരമായ പലരംഗങ്ങൾക്കും സാക്ഷിയായി. വ്യക്തിപരമായ കഴിവും മികവും കാണിക്കാൻ ഇസ്ലാം പക്ഷത്തുനിന്ന് പോരാടിയ ഒരാളെ കുറിച്ച് നബിﷺ പറഞ്ഞു. അയാൾ സ്വർഗ്ഗസ്ഥനാവുകയില്ല എന്ന്. നല്ല ഉദ്ദേശത്തോടെ ധർമ്മ സംസ്ഥാപനത്തിനായി അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവർക്കേ പരിഗണനയുള്ളൂ. ഈ സന്ദേശം നബിﷺ അനുയായികളെ പഠിപ്പിച്ചു.

യുദ്ധത്തിനിടയിൽ കുട്ടികളെ വധിച്ചു കളയരുത് എന്ന് പ്രത്യേകം യോദ്ധാക്കളോട് നിർദ്ദേശിച്ചു. അവർ ബഹുദൈവാരാധകരുടെ മക്കളല്ലേ എന്നായിരുന്നു യോദ്ധാക്കളുടെ ചോദ്യം. കുട്ടികൾ കുട്ടികളാണെന്നും എല്ലാ കുഞ്ഞും പവിത്രതയോടെയാണ് ജനിക്കുന്നത് എന്നും പ്രവാചകൻﷺ പഠിപ്പിച്ചു. മാതാപിതാക്കളുടെ കുറ്റം മക്കളുടെ മേൽ ആരോപിക്കരുതെന്ന് നിർദ്ദേശിച്ചു. യുദ്ധക്കളത്തിലും അനിവാര്യമായി പാലിക്കേണ്ട മൂല്യങ്ങളെയും ധർമ്മങ്ങളെയും പഠിപ്പിച്ചു. മാനുഷിക മൂല്യങ്ങളെ മുഴുവനും കാറ്റിൽ പറത്തി, ഒരു സഹജീവിക്കു നൽകേണ്ട പരിഗണന പോലും നൽകാതെ ആയിരക്കണക്കിന് കുരുന്നുകളെ കൊന്നുകൂട്ടുന്ന വർത്തമാനകാലത്ത് യുദ്ധ ധാർമികതയും മാനുഷിക മൂല്യങ്ങളും ആര് ആരെയാണ് പഠിപ്പിക്കേണ്ടത്.

യുദ്ധത്തടവുകാരോട് കാണിക്കേണ്ട നീതിയും പ്രത്യേകമായി തിരുനബിﷺ പഠിപ്പിച്ചു. ക്രൂര വിനോദങ്ങൾ ഉണ്ടാവരുതെന്നും പൊതു ക്ഷേമത്തിന് ആവശ്യമായ തീരുമാനങ്ങൾക്കൊപ്പമാണ് എല്ലാ അനുയായികളും നിൽക്കേണ്ടതെന്നും അനുയായികളെ ബോധവൽക്കരിച്ചു. ബന്ധികളെ കൈകാര്യം ചെയ്യുന്നതിൽ ഉഗ്ര സമീപനം ആവശ്യപ്പെട്ടവരെ നബിﷺ തിരുത്തി.

ഹുനൈനിലെ ബന്ധികൾക്കിടയിൽ സ്വഹാബികൾ ഒരു സ്ത്രീയെ കണ്ടെത്തി. അവർ പറഞ്ഞു ഞാൻ നിങ്ങളുടെ പ്രവാചകന്റെﷺ സഹോദരിയാണ്. പെട്ടെന്ന് സ്വഹാബികൾക്ക് വിശ്വസിക്കാനായില്ല. ശൈമ(റ) എന്ന പേരുള്ള മഹതി വീണ്ടും പറഞ്ഞു. ഞാൻ നിങ്ങളുടെ പ്രവാചകന്റെﷺ സഹോദരിയാണ്. അവരെ നേരെ നബിﷺയുടെ മുന്നിൽ ഹാജരാക്കി. നബിﷺക്കും പെട്ടെന്ന് ആളെ മനസ്സിലായില്ല. അവർ തുറന്നു പറഞ്ഞു. അല്ലയോ പ്രവാചകരെﷺ ഞാൻ തങ്ങളുടെ സഹോദരിയാണ്. എന്തെങ്കിലും അടയാളം പറയാനുണ്ടോ എന്ന് നബിﷺ കൗതുകകരമായി ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു തുടങ്ങി. ഒരിക്കൽ എന്റെ തള്ളവിരലിൽ കടിച്ചത് ഓർമ്മയില്ലേ. എന്റെ ഈ ഒക്കത്തുവെച്ചല്ലേ സിറർ താഴ്‌വരയിൽ തങ്ങളെ ഞാൻ കൊണ്ടു നടന്നത്. നമ്മൾ ഒരുമിച്ചല്ലേ ആടിനെ മേയ്ക്കാൻ പോയത്. ഉമ്മാനോട് അടിപിടി കൂടിയപ്പോഴും നമ്മൾ ഒരുമിച്ചല്ലേ ഉണ്ടായിരുന്നത്. എന്റെ മാതാപിതാക്കൾ തങ്ങളുടെയും മാതാപിതാക്കൾ അല്ലേ.

അടയാളങ്ങൾ കണ്ട് പെട്ടെന്ന് കൂടുതൽ ബോധ്യമായ തിരുനബിﷺ ധൃതിയിൽ എഴുന്നേറ്റു. അവിടുത്തെ മേൽ മുണ്ട് വിരിച്ചുകൊടുത്ത് ആദരപൂർവ്വം ഇരുത്തി. പഴയ ഓർമ്മകൾ തിരുനബിﷺയുടെ കണ്ണുകളെ നനയിച്ചു. സഹോദരിയോട് ക്ഷേമാന്വേഷണം നടത്തുകയും പഴയ കഥകൾ പങ്കുവെക്കുകയും ചെയ്തു. ഒടുവിൽ നബിﷺ പറഞ്ഞു. നിങ്ങൾക്ക് തൃപ്തിയാണെങ്കിൽ ഏറെ സന്തോഷത്തോടെയും സ്നേഹത്തോടെയും എന്നോടൊപ്പം താമസിക്കാം. അതല്ല, മടങ്ങിപ്പോകാനാണ് താല്പര്യം എങ്കിൽ സുരക്ഷിതമായി ആവശ്യമായ സാധനസാമഗ്രികളോടെ അവിടെ എത്തിക്കാം. പരസ്യമായി ഇസ്ലാം പ്രഖ്യാപിച്ചു കൊണ്ട് അവർ പറഞ്ഞു. ഞാൻ നാട്ടിലേക്ക് തന്നെ തിരിച്ചു പോവുകയാണ്. രണ്ടു ഒട്ടകങ്ങളും ഒരു പരിചാരികയും രണ്ട് അടിമകളെയും നബിﷺ അവർക്ക് സമ്മാനമായി നൽകി. എന്നിട്ട് പറഞ്ഞു നിങ്ങൾ ജഇറാനയിലേക്ക് പോവുകയല്ലേ ഞാൻ ത്വാഇഫിലേക്ക് പോവുകയാണ്. എന്നിട്ട്, അവർക്കും കുടുംബക്കാർക്കും കുറെ ആടുകളെ കൂടി സമ്മാനിക്കുകയും സുരക്ഷിതമായി ജഇറാനയിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു.

മൂല്യങ്ങളെയും ബന്ധങ്ങളെയും നിരന്തരമായി പരിപാലിക്കുന്ന പ്രവാചക ജീവിതത്തിന്റെ ശോഭന അധ്യായങ്ങളാണ് നാം വായിക്കുന്നത്. അമ്മിഞ്ഞ പ്രായത്തിൽ ബനൂസഅദിൽ തിരുനബിﷺയെ പാലൂട്ടിയ ബീവി ഹലീമ(റ)യുടെ മകളാണ് ശൈമ(റ). അരനൂറ്റാണ്ടിനു ശേഷം കണ്ടുമുട്ടുമ്പോഴും ആ പഴയ ഓർമ്മകൾ നബിﷺയെ വൈകാരികമായി സ്വാധീനിച്ചു. താരാട്ടുകയും പരിപാലിക്കുകയും ചെയ്ത കരങ്ങൾക്ക് സമ്മാനങ്ങൾ നൽകി. സ്നേഹം നിറഞ്ഞ ഓർമ്മകൾക്ക് മുന്നിൽ നബിﷺ ശൈശവകാലത്തേക്ക് മടങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-500

Tweet 500

ഹുനൈൻ യുദ്ധ ദിവസം മധ്യാഹ്ന നിസ്കാരം ളുഹർ കഴിഞ്ഞ് നബിﷺ ഒരു മരച്ചുവട്ടിൽ ഇരുന്നു. അപ്പോൾ ഉയയ്നത്ത് ബിൻ ഹിസ്ൻ നബിﷺയുടെ അടുത്തേക്ക് വന്നു. ആമിറുബിനുൽ അള്ബത്തിന്റെ രക്തത്തിന് പകരം ചോദിക്കാൻ വേണ്ടിയായിരുന്നു വന്നത്. ഒടുവിൽ നബിﷺയുടെ സന്നിധിയിൽ വച്ച് അഖ്റഉ ബിൻ ഹാബിസുമായി വാക്കു തർക്കത്തിൽ ആയി. രംഗം ബഹളമയമാവുകയും ചെയ്തു. അതിനിടയിൽ ഉയയ്ന പറഞ്ഞു. നമ്മുടെ കുടുംബത്തിലെ സ്ത്രീകൾക്ക് ഉണ്ടായ മനോദുഃഖം അവരുടെ കുടുംബത്തിലെ സ്ത്രീകളും അനുഭവിക്കട്ടെ. അത്‌ കൊണ്ട് കൊലപാതകത്തിന് പകരം ചോദിക്കാതെ ഞാൻ അടങ്ങുകയില്ല. അപ്പോൾ നബിﷺ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾക്ക് രക്തമൂല്യം ധനമായി നൽകിയാൽ മതിയാവൂലെ? പക്ഷേ, അദ്ദേഹം വിസമ്മതിച്ചു. അപ്പോൾ ബനൂലൈസ് ഗോത്രത്തിലെ മുകൈത്തിൽ എന്ന ആൾ രംഗത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു. ഈ വിഷയത്തെ വലിയ ഒരു സംഭവമായി ഞാൻ കാണുന്നില്ല. ഇസ്ലാമിന്റെ ആദ്യകാലത്ത് ഉണ്ടായ ഒരു കാര്യമാണല്ലോ. ഒരു ആട്ടിൻപറ്റത്തിന്റെ മുന്നേ വന്നതിനെ പരിക്കേൽക്കുകയും പിന്നിൽ വന്നത് ഓടിപ്പോവുകയും ചെയ്തത് പോലെയാണ് എനിക്കത് അനുഭവപ്പെടുന്നത്. അപ്പോൾ നബിﷺ അവരോട് പറഞ്ഞു. ഒരു 50 ദിനാർ ഇപ്പോഴും മദീനയിൽ മടങ്ങി വന്നതിനുശേഷം ഒരു 50 ദിനാർ എന്ന രൂപത്തിൽ നിങ്ങൾ നഷ്ടപരിഹാരമായി സ്വീകരിക്കുക. ഒടുവിൽ അതവർ അംഗീകരിച്ചു.

മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. അഖ്റ ബിൻഹാബിസ് എഴുന്നേറ്റു നിന്നിട്ട് സംസാരിച്ചു. അല്ലയോ ഖുറൈശികളെ. അല്ലാഹുവിന്റെ ദൂതർﷺ നിങ്ങളോട് ഒരു കാര്യം ചോദിച്ചു. നിങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനുള്ള ഒരു ഉപാധി മുന്നിൽ വെച്ചു. അത് നിങ്ങൾ സ്വീകരിക്കാത്ത പക്ഷം അല്ലാഹുവിന്റെ ദൂതരുﷺടെ കോപം നിങ്ങൾക്ക് ലഭിച്ചേക്കും. അതുവഴി അല്ലാഹുവിന്റെ കോപത്തിനും ഇരയാവും. ഒടുവിൽ ഘാധകൻ രംഗത്തേക്ക് വന്നു. മുഹ്‌ലീമുബിനു ജസാമ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തോട് നബിﷺ ചോദിച്ചു. എനിക്കു ലഭിച്ച വാർത്ത ശരിയാണോ. അദ്ദേഹം പറഞ്ഞു, അതെ. നിങ്ങൾ ആയുധം ഉപയോഗിച്ചാണോ അദ്ദേഹത്തെ വകവരുത്തിയത്? അപ്പോഴേക്കും പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം അള്ളാഹുവിനോടും റസൂലിﷺനോടും മാപ്പിരന്നു. പക്ഷേ നബിﷺ അത് വകവെച്ചു കൊടുത്തില്ല. വീണ്ടും അദ്ദേഹം മാപ്പ് ആവർത്തിച്ചു കൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹം പരസ്യമായി തിരുനബിﷺയുടെ മുമ്പിൽ മാപ്പപേക്ഷിച്ചു പൊട്ടിക്കരഞ്ഞു. മൂന്നുപ്രാവശ്യം അദ്ദേഹത്തിന്റെ പശ്ചാത്താപ വാചകം പുറത്തുവന്നപ്പോഴും നിങ്ങൾക്ക് മാപ്പില്ല എന്ന പ്രതികരണം ആയിരുന്നു നബിﷺയുടേത്. ഈ രംഗത്തിനു ശേഷം നബിﷺ അദ്ദേഹത്തിനു വേണ്ടി എഴുന്നേറ്റു നിന്ന് പ്രാർത്ഥിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപത്തെ സ്വീകരിക്കുകയും ചെയ്തു.

മനുഷ്യരുടെ രക്തത്തിന് എത്ര മൂല്യമുണ്ടെന്നും. അത് കൃത്യമായ നിയമ ശിക്ഷ നടപടികൾക്ക് വേണ്ടി അല്ലാതെ ചൊരിച്ചു കൂടെന്നും നബിﷺ പഠിപ്പിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ പോരാട്ടത്തിൽ നിൽക്കുമ്പോഴോ അതിജീവനത്തിനു വേണ്ടി ശത്രുവിനെ നേരിടുമ്പോഴോ വധശിക്ഷ ലഭിക്കേണ്ട കുറ്റം തെളിഞ്ഞ് ശിക്ഷ നടപ്പിലാക്കേണ്ടതിന്റെ ഭാഗമായിട്ടോ ആയിരുന്നില്ല മേൽപ്പറയപ്പെട്ട കൊലപാതകം. അപരന്റെ ജീവനും ആസ്തിക്കും മറ്റുള്ളവന്റെ മാനത്തിനും മനോഗതിക്കും എത്രമേൽ മൂല്യമുണ്ട് എന്ന് നബിﷺ കൃത്യമായി പഠിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ടാണ് പ്രശ്നങ്ങളെ സമീപിച്ചത്. കുറ്റവും ശിക്ഷയും എന്ന അധ്യായത്തിൽ കുറ്റങ്ങൾ എന്തൊക്കെയാണെന്നും, എന്തൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുന്നതെന്നും പ്രത്യേകമായ കുറ്റങ്ങൾക്കുള്ള ശിക്ഷാരീതികൾ എന്താണെന്നും അത് നടപ്പിലാക്കേണ്ട കാലവും രീതിയും അധികാരിയും ആരാണെന്നും വ്യക്തമായ നിയമവ്യവസ്ഥിതി ഇസ്ലാമിലുണ്ട്. അവകൾ പൂർണമായി ഒരു സമൂഹത്തിൽ പ്രയോഗവൽക്കരിക്കുന്ന പക്ഷം, കുറ്റവാളികളെ പൂർണമായും മാറ്റി ചിന്തിപ്പിക്കാൻ സാധിക്കും.

വർത്തമാനകാലത്തും കേസുകളെ സ്വീകരിക്കുന്ന കോടതി രീതികൾക്ക് പല ന്യായങ്ങളുടെയും മുമ്പിൽ പ്രതിയെ വധശിക്ഷക്ക് വിധേയമാക്കേണ്ടി വരികയും ന്യായങ്ങൾക്കുവേണ്ടി അരമനയിൽ നീക്കം നടത്തേണ്ടി വരികയും ചെയ്യുന്നുണ്ട്. ഇസ്ലാം വ്യക്തമായ ഒരു കുടുംബ ജീവിതം പഠിപ്പിക്കുകയും പരിപാലനവും വ്യവഹാരവും എങ്ങനെയായിരിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. ദമ്പതികളുടെ ക്ഷേമ സംതൃപ്ത ജീവിതത്തിന് ആവശ്യമായ മുഴുവൻ ആത്മീയ പാഠങ്ങളെയും നമ്മുടെ ആത്മീയ ഗുരുക്കന്മാരും സ്ഥാപന സംവിധാനങ്ങളും പഠിപ്പിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Leave a Reply