The biography of Prophet Muhammad – Month 18

Admin June 6, 2024 No Comments

The biography of Prophet Muhammad – Month 18

Mahabba Campaign Part-501

Tweet 501

ഹുനൈൻ അത്ഭുതകരമായ വിജയം സമ്മാനിച്ചു. പ്രവാചകനെﷺയും അനുയായികളെയും നിശ്ശേശം ഇല്ലായ്മ ചെയ്യാമെന്ന് വിചാരിച്ച ഹവാസിൻ ഗോത്രക്കാരുടെ അഹങ്കാരം അടങ്ങി. ആളും അർത്ഥവും ആടുമാടുകളും എല്ലാം ഒന്നിച്ച് ഒരു പ്രളയമായി വന്ന് മുസ്ലിംകളെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാമെന്നായിരുന്നു അവരുടെ മോഹം. എന്നാൽ, പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. അവർ അമ്പേ പരാജയപ്പെടുകയും എല്ലാ സ്വത്ത് വകകളും വിട്ടെറിഞ്ഞ് പിന്തിരിഞ്ഞു പോവുകയും ചെയ്തു. അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും പുതിയ അധ്യായങ്ങളിൽ വിശ്വാസികൾ ആഹ്ലാദിച്ചു. അവർക്ക് ലഭിച്ച സമരാർജിത സമ്പാദ്യവും കൊണ്ട് മക്കയിലേക്ക് മടങ്ങാൻ ഒരുങ്ങി. ജഇർറാന എത്തിയപ്പോൾ ഒരു പുതിയ വാർത്ത ലഭിച്ചു. ഹവാസിൻ, സഖിഫ് ഗോത്രക്കാർ ത്വാഇഫിലേക്ക് ചേക്കേറിയിരിക്കുന്നു. മാലിക് ബ്നു ഔഫ് എന്ന നേതാവിന്റെ നേതൃത്വത്തിൽ ആയിരുന്നു അത്.

യുദ്ധാർജിത സ്വത്ത്‌ ജഇർറാനയിൽ സമാഹരിച്ച ശേഷം അതേ മാസം തന്നെ നബിﷺ ത്വാഇഫിലേക്ക് പുറപ്പെട്ടു. ഖാലിദി(റ)ന്റെ നേതൃത്വത്തിൽ ആയിരം മുന്നണി പോരാളികളെ അങ്ങോട്ട് നിയോഗിച്ചു. നബിﷺ നെഖ്ലയുടെ ഭാഗത്തുകൂടി ഖർനുൽ മനാസിലും ലിയ്യയും വഴി ത്വാഇഫിന്റെ ഭാഗത്തേക്ക്‌ പ്രവേശിച്ചു. ലിയ്യയിൽ മാലിക്കിന്റെ ഒരു കോട്ടയുണ്ടായിരുന്നു. അത്‌ പൊളിച്ചു മാറ്റാൻ നബിﷺ ആഹ്വാനം ചെയ്തു. നബിﷺയോടൊപ്പം ഉള്ള സംഘം കോട്ടക്ക് ചുറ്റും താവളം അടിച്ചു. നാളുകളോളം കോട്ടയിലുള്ളവരെ ഉപരോധിച്ചു. എത്ര നാളുകളായിരുന്നു എന്നതിൽ ചരിത്രത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 18, പത്തിലധികം, 40 എന്നിങ്ങനെയാണ് അഭിപ്രായങ്ങൾ. അവസാനത്തെ അഭിപ്രായമാണ് അനസ്(റ)ന്റെ നിവേദനത്തിൽ ഉള്ളത്. ഇതിനിടയിൽ മുസ്ലീംകൾക്ക് നേരെ നിരവധി തവണ ശര വർഷം നടന്നു. അതിൽ 12 മുസ്ലീംകൾ വധിക്കപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതോടെ മുസ്ലീംകളുടെ സൈനികത്താവളം അല്പം ഉയർന്ന സ്ഥലത്തേക്ക് നീക്കി. ഇന്ന് ത്വാഇഫിലെ പള്ളി നിലനിൽക്കുന്ന സ്ഥലം ആയിരുന്നു അത്.

ഒടുവിൽ കോട്ടയ്ക്കെതിരെ കവണപ്രയോഗം നടത്തേണ്ടി വന്നു. അതോടെ കോട്ടയുടെ പല ഭാഗത്തും വിള്ളലുകൾ സംഭവിച്ചു. അതുവഴി ഒരുപറ്റം മുസ്ലിം സൈനികർ അകത്തേക്ക് പ്രവേശിച്ചു. കവചിതമായ സംഭരണിയുടെ കീഴിൽ ഇരുന്ന് അഗ്നി പ്രയോഗം നടത്താൻ തീരുമാനിച്ചു. ചുട്ടുപഴുത്ത ദണ്ടുകൾ ഉപയോഗിച്ച് കോട്ടയിൽ ഉള്ളവർ ഈ ശ്രമത്തെ തടഞ്ഞു. അതോടെ മുസ്ലിം സൈന്യം അസ്ത്ര പ്രയോഗത്തിന് നിർബന്ധിതരായി. ഒരു തീരുമാനവും ആവാതെ നാളുകൾ നീണ്ടപ്പോൾ ശത്രുക്കൾക്ക് ഏറെ പ്രിയപ്പെട്ട മുന്തിരി വിളകളിലേക്ക് കയറാൻ തീരുമാനിച്ചു. തോട്ടങ്ങളിലേക്ക് കയറി വെട്ടി നിരത്തി തീ കൂട്ടിയപ്പോൾ അവർക്ക് രംഗത്ത് വരേണ്ടി വന്നു. അല്ലാഹുവിനെയും രക്തബന്ധവും ഓർത്ത് ഈ ഇടപെടൽ നിർത്തിവെക്കണമെന്ന് അവർ മുസ്ലീംകളോട് ആവശ്യപ്പെട്ടു. ആഭ്യർത്ഥന മുസ്ലിം സൈന്യം മാനിച്ചു.

അനുബന്ധമായി പ്രവാചകരുﷺടെ ഒരു വിളംബരം വന്നു. സമാധാനപരമായി കോട്ടയിൽ നിന്ന് പുറത്തു വരുന്നവർക്ക് സുരക്ഷിതമായി പോകാം എന്നായിരുന്നു അത്. അങ്ങനെ 23 ആളുകൾ പുറത്തേക്ക് വന്നു. അതിൽ ഒരാളായിരുന്നു അബൂബക്കർ. താഇഫിലെ കോട്ടകളുടെ മതിൽ നിർമ്മിച്ചതും അതിൽ വെള്ളം ശേഖരിക്കാൻ ഉരുളൻ കപ്പികൾ സ്ഥാപിച്ചതും ഇദ്ദേഹം ആയിരുന്നു. കപ്പിയുടെ നിർമ്മാതാവ് എന്ന നിലയിലാണ് അബൂബക്കർ എന്ന ഓമനപ്പേരിൽ നബിﷺ അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹത്തെ പൂർണമായി സ്വതന്ത്രനായി അയക്കുകയും മറ്റുള്ളവരിൽ ഓരോരുത്തരെയും ഓരോ മുസ്ലിമിന്റെ ചുമതലയിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഈ നടപടികൾ കോട്ടയ്ക്കുള്ളിൽ ഉള്ളവരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എന്നാൽ, ഒരു വർഷത്തേക്കാവശ്യമായ ധാന്യങ്ങൾ കോട്ടയ്ക്കുള്ളിൽ അവർ സമാഹരിച്ചിരുന്നു. അതുകൊണ്ടുതന്നെ അവർ പുറത്തുവരാൻ തയ്യാറാകാതെ ആയുധ പെരുമാറ്റങ്ങൾ തുടർന്നു. ചുട്ടു പഴുത്ത ദണ്ഡുകൾ കൊണ്ടുള്ള പ്രയോഗങ്ങൾ മുസ്ലിം സൈന്യത്തെ കൂടുതൽ ക്ഷീണിപ്പിച്ചു. നൗഫൽ ബിൻ മുആവിയ അദ്ദൈലിയോട് കാര്യങ്ങൾ ചർച്ച ചെയ്യാൻ നബിﷺ സന്നദ്ധരായി. അവർ മടയിൽ കുടുങ്ങിയ കുറുക്കന്മാരെ പോലെയാണ്. അവരെ കുറച്ചുകൂടി ഉപരോധിച്ചു കീഴൊതുക്കുകയോ അല്ലെങ്കിൽ വിട്ടേച്ചു പോവുകയോ ചെയ്യാം, അദ്ദേഹം അഭിപ്രായം പറഞ്ഞു. ഇനി തിരിച്ചുപോകാം എന്ന വിചാരത്തിലേക്ക് നബിﷺ എത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-502

Tweet 502

ഹുനൈനിൽ നിന്ന് നാളെ പുറപ്പെടാം എന്ന് വിളംബരം ചെയ്യാൻ ഉമറി(റ)നെ ഏൽപ്പിച്ചു. എന്നാൽ, പൊടുന്നനെയുള്ള ഈ പ്രഖ്യാപനം വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കി. കോട്ട തുറക്കാതെ നമ്മൾ പോവുകയോ എന്നായിരുന്നു അവരുടെ ആലോചന. അവരുടെ മനോഗതിയും സ്ഥിതികളുടെ ഗതികളും അറിഞ്ഞ നബിﷺ ഉപരോധം തുടരാൻ അനുവദിച്ചു. മുറിവുകൾ വകവെക്കാതെ സ്വഹാബികൾ വീണ്ടും പടക്കളത്തിലേക്ക് പോയത് കണ്ടുകൊണ്ട് തിരുനബിﷺ ചിരിച്ചു. തിരിച്ചുപോകുമ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു. ”പശ്ചാത്തപിച്ചു മടങ്ങുന്നവരും അല്ലാഹുവിനെ വണങ്ങുന്നവരും സ്തുതികളര്‍പ്പിക്കുന്നവരുമായി മടങ്ങുന്നു.” മടക്കയാത്രക്കിടയില്‍ ആരോ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേﷺ, സഖീഫ്കാര്‍ക്കെതിരില്‍ പ്രാര്‍ഥിക്കണം. അവിടുന്ന് പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, സഖീഫുകാരെ സന്മാര്‍ഗത്തിലാക്കി കൊണ്ടുവരേണമേ.”

ത്വാഇഫില്‍നിന്ന് മടങ്ങി പത്ത് ദിവസം യുദ്ധാര്‍ജ്ജിത സമ്പത്ത് ഓഹരിവെക്കാതെ നബിതിരുമേനിﷺ ജിഅ്റാനയില്‍ തങ്ങി. ”സഖീഫുകാര്‍ പശ്ചാത്തപിച്ച് തങ്ങളുടെ സമ്പത്തിന് പ്രതിനിധികളെ അയക്കുമെന്ന പ്രതീക്ഷയിലായിരുന്നു അങ്ങനെ ചെയ്തത്. പക്ഷേ ആരും വന്നില്ല. അങ്ങനെ അവിടുന്ന് ഗനീമത് വിഭജിച്ചു നൽകി. മക്കയിലെ ഗോത്രനായകന്മാരേയും പൗരപ്രമുഖരേയും ഇണക്കിയെടുക്കാനും അടക്കിയിരുത്താനുമായിരുന്നു അവിടുന്ന് ഗനീമതിന്റെ ഗണ്യമായ ഭാഗവും നീക്കിവെച്ചത്. അബൂസുഫിയാന് നൂറ് ഒട്ടകങ്ങളും നാല്പത് ഊഖിയ വെള്ളിയും നൽകി. അദ്ദേഹം ചോദിച്ചു. എന്റെ മകന്‍ യസീദിനൊന്നുമില്ലേ? അദ്ദേഹത്തിനും അതുപോലെ നൽകി. പിന്നീട് മകന്‍ മുആവിയക്ക് വേണ്ടി ചോദിച്ചപ്പോഴും അത്രതന്നെ നൽകി. ഹകീംബിന്‍ ഹസ്സാമിന് നൂറ് ഒട്ടകം നൽകി. വീണ്ടും അദ്ദേഹം ചോദിച്ചപ്പോള്‍ അത്രയും കൂടി നൽകി. സ്വഫ്വാന്‍ ബിന്‍ ഉമയ്യയ്ക്ക് മൂന്നുതവണയായി മുന്നൂറ് ഒട്ടകങ്ങള്‍ നൽകി. ഖാളി ഇയാളിന്റെ അശ്ശിഫാ എന്ന ഗ്രന്ഥത്തിലാണ് ഇത്രയും വിശദീകരിച്ചിട്ടുള്ളത്.

ഹാരിസ് ബ്നു അല്‍ഹാരിസ് അല്‍കിന്‍ദക്ക് നൂറൊട്ടകവും ചില ഖുറൈശീ പ്രമുഖര്‍ക്ക് നൂറുവീതവും മറ്റു ചിലര്‍ക്ക് അമ്പത്, നാല്പത് എന്ന തോതിലും ഒട്ടകങ്ങള്‍ നൽകി. അതോടെ, ദാരിദ്ര്യം ഭയക്കാതെ മുഹമ്മദ് നബിﷺ ധര്‍മം ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു. അങ്ങനെ ഗ്രാമീണരായ അറബികളെല്ലാം സമ്പത്തുമന്വേഷിച്ച് നബിﷺക്ക് ചുറ്റും ഓടിക്കൂടി. അവസാനം ഒരു ഈന്തമരത്തിന് സമീപത്തേക്ക് നീക്കിക്കൊണ്ടുപോയി. അവിടുത്തെ തട്ടം അതില്‍ കൊളുത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: ”ജനങ്ങളേ എന്റെ തട്ടം എനിക്ക് തിരിച്ചു തരൂ. എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെയാണ് സത്യം! തിഹാമയിലെ ഈ മുള്‍ച്ചെടിയുടെ അത്രയും ഒട്ടകങ്ങള്‍ എന്റെ കൈവശമുണ്ടെങ്കില്‍പോലും ഞാനത് നിങ്ങള്‍ക്ക് ഓഹരിവെച്ചു തരും. പിശുക്കോ ഭീരുത്വമോ കളവു പറയുന്നതോ ആയിട്ട് നിങ്ങൾക്ക് എന്നെ കാണാനാവില്ല.”

തുടര്‍ന്നവിടുന്ന് തങ്ങളുടെ ഒട്ടകത്തിന്റെ പൂഞ്ഞയില്‍നിന്ന് ഒരുപിടി രോമം പറിച്ചെടുത്ത് സ്വന്തം വിരലുകള്‍ക്കിടയില്‍ പിടിച്ച് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രഖ്യാപിച്ചു: ”ജനങ്ങളേ, നിങ്ങളുടെ സമരാര്‍ജിത സ്വത്തിലും ഈ രോമങ്ങളിലും എനിക്കവകാശപ്പെട്ടത് അഞ്ചിലൊന്ന് മാത്രമാണ്. ആ അഞ്ചിലൊന്ന് തന്നെയും ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു.” മനസ്സിണക്കേണ്ടവര്‍ക്കെല്ലാം ഇവ്വിധം വിതരണം ചെയ്തശേഷം പ്രവാചകതിരുമേനിﷺ സൈദ്ബ്നു ഹാരിസി(റ)നെ വിളിച്ച് ബാക്കിയുള്ള സമ്പത്ത് കൊണ്ടുവരാനും ജനങ്ങളെ ക്ഷണിക്കാനും കല്പിച്ചു. തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഓഹരിയിട്ടു. ഓരോ യോദ്ധാവിനും നാല് ഒട്ടകമോ നാല്പത് ആടുകളോ വീതം നൽകപ്പെട്ടു. അശ്വഭടനാണെങ്കില്‍ പന്ത്രണ്ട് ഒട്ടകങ്ങളോ നൂറ്റി ഇരുപത് ആടുകളോ നൽകപ്പെട്ടു.

ഇതൊരു തന്ത്രപ്രധാനമായ ഓഹരി ചെയ്യലായിരുന്നുവെങ്കിലും പലര്‍ക്കും ആദ്യത്തില്‍ ഇതിന്റെ രഹസ്യം മനസ്സിലായില്ല. അവര്‍ പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചു തുടങ്ങി. അബൂസഈദില്‍ ഖുദ്രി(റ)യില്‍നിന്ന് ഇബ്നു ഇസ്ഹാഖ്(റ) രേഖപ്പെടുത്തുന്നു. അല്ലാഹുവിന്റെ ദൂതര്‍ﷺ അന്‍സ്വാറുകള്‍ക്കൊന്നും നല്കാതെ എല്ലാ സമ്പാദ്യവും ഖുറൈശികള്‍ക്കും അറബ് ഗോത്രങ്ങള്‍ക്കുമിടയില്‍ വിതരണം ചെയ്തപ്പോള്‍ അന്‍സ്വാറുകള്‍ക്ക് അത് പ്രയാസമാവുകയും അവര്‍ പരസ്പരം അത് പങ്കുവെക്കുകയും ചെയ്തു. ചിലര്‍ പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിന്റെ ദൂതര്‍ﷺ അവിടുത്തെ ജനതയെ പരിഗണിക്കുകയാണ് ചെയ്തത്! ഉടനെ സഅദ്ബ്നു ഉബാദ(റ) തിരുമേനിﷺയെ സമീപിച്ചു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേﷺ, അങ്ങ് ഈ സമ്പത്ത് വിതരണത്തില്‍ സ്വീകരിച്ച നിലപാട് അന്‍സ്വാറുകള്‍ക്ക് പ്രയാസമുണ്ടാക്കിയിരിക്കുന്നു. അവര്‍ക്ക് അങ്ങ് ഒന്നും നൽകിയില്ലല്ലോ. മക്കത്തെ ജനതയ്ക്ക് ധാരാളമായി നൽകുകയും ചെയ്തു. തിരുമേനിﷺ ചോദിച്ചു: സഅദ്(റ) നിന്റെ നിലപാടെന്താണ്? അല്ലാഹുവിന്റെ ദൂതരേﷺ ഞാനും എന്റെ ജനങ്ങളോടൊപ്പമാണ്. എന്നാല്‍ നീ അവരെ എല്ലാം ഇവിടെ വിളിച്ചു ചേര്‍ക്കുക. സഅദ്(റ) എല്ലാ അന്‍സ്വാറുകളേയും അവിടെ സമ്മേളിപ്പിച്ചു. കൂട്ടത്തില്‍ കടന്നുവന്ന ചില മുഹാജിറുകള്‍ക്കും പ്രവേശനം നൽകി. മറ്റാര്‍ക്കും പ്രവേശനം നൽകിയില്ല. എല്ലാവരും സമ്മേളിച്ചപ്പോള്‍ സഅദ്(റ) തിരുനബിﷺയെ വിവരം അറിയിച്ചു. തിരുമേനിﷺ വന്ന് അല്ലാഹുവെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തശേഷം ഇങ്ങനെ പ്രസംഗിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-503

Tweet 503

നബിﷺ സംസാരമാരംഭിച്ചു.
അല്ലയോ അന്‍സ്വാറുകളേ, യുദ്ധസമ്പത്ത് വിതരണം ചെയ്തതില്‍ നിങ്ങൾ അസംതൃപ്തി പ്രകടിപ്പിച്ചത് ഞാൻ അറിഞ്ഞു. ഞാന്‍ നിങ്ങളുടെ അടുത്തു വരുന്ന കാലത്ത് നിങ്ങള്‍ തികഞ്ഞ വഴികേടിലായിരുന്നില്ലേ? ഞാന്‍ വഴിയല്ലേ അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കിയത്. ദരിദ്രരായ നിങ്ങളെ അല്ലാഹു സമ്പന്നരാക്കിയില്ലേ? പരസ്പരം ശത്രുക്കളായിരുന്ന നിങ്ങളെ ഞാന്‍ വഴി അല്ലാഹു മാനസികമായി യോജിപ്പിച്ചില്ലേ?
“അതെ, അല്ലാഹുവും അവന്റെ ദൂതരുംﷺ ഏറെ കനിവും കാരുണ്യവുമുള്ളവരാണ്.” അവര്‍ പറഞ്ഞു. നബിﷺ തുടര്‍ന്നു: അല്ലയോ അന്‍സ്വാറുകളേ, ഇനി ഞാനൊന്നു ചോദിച്ചോട്ടെ? അല്ലാഹുവിന്റെ ദൂതരേﷺ, എന്താണ്! ചോദിച്ചോളൂ ഞങ്ങൾ പറയാം. അവര്‍ ആരാഞ്ഞു.

എല്ലാ കാരുണ്യവും ഔദാര്യവും അല്ലാഹുവിന്റേതും അവന്റെ ദൂതരുﷺടേതുമാണ്.
അവിടുന്ന് പറഞ്ഞു: ഒരുപക്ഷേ, നിങ്ങള്‍ പറയുമായിരിക്കാം. തങ്ങൾ കളവാക്കപ്പെട്ട് ഞങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ തങ്ങളിൽ വിശ്വസിച്ചു. അവഗണനയും തിരസ്കാരവും അനുഭവിച്ച് ഞങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ തങ്ങളെ സഹായിക്കുകയും അഭയമരുളുകയും സംരക്ഷണമേകുകയും ചെയ്തു. ഇതാണ് നിങ്ങളുടെ മറുപടിയെങ്കില്‍ അത് ശരിയും പൂര്‍ണ്ണസത്യവുമാണ്. അൻസ്വാറുകളെ, ഒരു വിഭാഗമാളുകളെ ഇസ്ലാമിലേക്കാകര്‍ഷിക്കാനും ഉറപ്പിക്കാനും ഏതാനും ഭൗതിക വിഭവങ്ങള്‍ നൽകിയതാണോ നിങ്ങളുടെ പരിഭവം! നിങ്ങളാകട്ടെ അതൊന്നുമില്ലാതെ വിശ്വാസം ഉറപ്പിച്ചവരല്ലേ! അന്‍സാറുകളേ, ജനങ്ങള്‍ ആടുമാടുകളുമായി പോകുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ ദൂതരുﷺമായി തിരിച്ചുപോകുന്നത് നിങ്ങള്‍ക്ക് തൃപ്തിയാകുമോ? മുഹമ്മദ് നബിﷺയുടെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെയാണ് സത്യം! ഹിജ്റ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അന്‍സ്വാറുകളില്‍ ഒരാളാകുമായിരുന്നു. ജനങ്ങള്‍ ഒരുവഴിക്കും അന്‍സ്വാറുകള്‍ മറ്റൊരു വഴിക്കും പോയാല്‍ ഞാന്‍ അന്‍സ്വാറുകളുടെ കൂടെയായിരിക്കും. അല്ലാഹുവേ, അന്‍സ്വാറുകള്‍ക്ക് നീ കരുണ ചെയ്യേണമേ. അവരുടെ സന്തതികള്‍ക്കും അവരുടെ പുത്രന്മാര്‍ക്കും പൗത്രന്മാര്‍ക്കും നീ കരുണ ചെയ്യണേ.

ഇതുകേട്ടതോടെ അവരെല്ലാം പൊട്ടിപ്പൊട്ടിക്കരഞ്ഞു. അവരുടെ താടികളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകി. അവരൊന്നടങ്കം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങള്‍ക്കുള്ള ഓഹരിയായി ഞങ്ങള്‍ തങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു. അതോടെ അവരെല്ലാം പിരിഞ്ഞുപോയി.!ഹവാസിന്‍ ദൗത്യസംഘം ഗനീമത് സമ്പത്തെല്ലാം വിതരണം കഴിഞ്ഞശേഷം പതിനാലുപേര്‍ മുസ്ലിംകളായി ഹവാസില്‍ ഗോത്രത്തിന്റെ പ്രതിനിധികളായി തിരുസന്നിധിയില്‍ എത്തി. ഈ സംഘത്തിന്റെ നേതാവ് സുഹൈര്‍ബിന്‍ സ്വുറദ് ആയിരുന്നു. തിരുനബിﷺയുടെ മുലകുടി ബന്ധത്തിലുള്ള പിതൃവ്യന്‍ അബൂബുര്‍ഖാനും സംഘത്തിലുണ്ടാടായിരുന്നു. ഇവര്‍ ഇസ്ലാം സ്വീകരിച്ചു പ്രവാചകനുﷺമായി അനുസരണക്കരാറിലേര്‍പ്പെട്ടു. തുടര്‍ന്നവര്‍ തിരുദൂതരോﷺടാവശ്യപ്പെട്ടു. അല്ലാഹുവിന്റെ ദൂതരേﷺ, നിങ്ങള്‍ ബന്ദികളാക്കിയവരില്‍ മാതാക്കളും സഹോദരിമാരും അമ്മാവന്മാരും അമ്മായിമാരുമെല്ലാമുണ്ട്. അത് നാണക്കേടാണ്. തുടര്‍ന്നദ്ദേഹം കവിതാശകലങ്ങള്‍ ചൊല്ലി.

“ദൈവദൂതരേﷺ, ഞങ്ങളില്‍ ചൊരിയണം അവിടുത്തെ ഔദാര്യകാരുണ്യങ്ങള്‍

ഞങ്ങൾ പ്രതീക്ഷിക്കുന്നു ഞങ്ങളത് ആഗ്രഹിക്കുന്നു അങ്ങയില്‍നിന്ന്

സ്തന്യമൂട്ടിയ മാതാക്കളോട് ഔദാര്യം ചെയ്താലും തങ്ങളുടെ വായില്‍നിറഞ്ഞില്ലേ അവരുടെ മുലപ്പാല്‍ ഒരു കാലം.”

പ്രവാചകൻ‍ﷺ പറഞ്ഞു: നിങ്ങളിക്കാണുന്നതെല്ലാം എനിക്കൊപ്പമുണ്ട്. സത്യം പറയുന്നതാണ് എനിക്കേറ്റം ഇഷ്ടം. നിങ്ങളുടെ സ്ത്രീകളും സന്താനങ്ങളുമാണോ നിങ്ങള്‍ക്കേറ്റം ഇഷ്ടം? അതോ നിങ്ങളുടെ സമ്പത്തോ? കുടുംബബന്ധത്തിന് തുല്യമായി ഒന്നും തന്നെ ഞങ്ങള്‍ കാണുന്നില്ല. അവര്‍ മറുപടി പറഞ്ഞു. എന്നാല്‍, മധ്യാഹ്ന നിസ്കാരം കഴിഞ്ഞാല്‍ നിങ്ങള്‍ എഴുന്നേറ്റ് ജനങ്ങളോട് പറയുക. ‘ഞങ്ങളുടെ സ്ത്രീകളേയും സന്താനങ്ങളേയും തിരിച്ചു തരാന്‍ അല്ലാഹുവിന്റെ ദൂതരുﷺടെ പേരില്‍ മുസ്ലിംകളോടും മുസ്ലിംകളുടെ പേരില്‍ അല്ലാഹുവിന്റെ ദൂതരോﷺടും ഞങ്ങള്‍ അപേക്ഷിക്കുന്നു. മധ്യാഹ്ന നിസ്കാരം കഴിഞ്ഞപാടെ അവരത് പറഞ്ഞു: അപ്പോള്‍ പ്രവാചകൻ‍ﷺ പറഞ്ഞു: ‘എനിക്കും അബ്ദുല്‍ മുത്വലിബിന്റെ സന്തതികള്‍ക്കുമുള്ളത് നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ജനങ്ങളോട് ചോദിക്കാം.’ അപ്പോള്‍ മുഹാജിറുകളും അന്‍സ്വാറുകളും പറഞ്ഞു: ‘ഞങ്ങള്‍ക്കുള്ളതെല്ലാം അല്ലാഹുവിന്റെ ദൂതർ‍ﷺക്കുള്ളതാണ്.

ഉടനെ അഖ്റഅ്ബ്നു ഹാബിസ് എഴുന്നേറ്റു പറഞ്ഞു: ഞാനും തമീംകാരും തിരിച്ചുകൊടുക്കില്ല. അപ്പോള്‍ ഉയൈയ്ന ബിന്‍ ഹിസ്വ്ന്‍ പറഞ്ഞു: ‘ഞാനും ഫസാറക്കാരും തിരിച്ചുതരില്ല.’ ഇതിനെത്തുടര്‍ന്ന് അബ്ബാസ്ബ്നു മിര്‍ദാസ് പറഞ്ഞു: ഞാനും ബനൂസുലൈമും തിരിച്ചുതരില്ല. ഇതുകേട്ട ബനൂസുലൈം പറഞ്ഞു. ഞങ്ങള്‍ക്കുള്ളത് അല്ലാഹുവിന്റെ റസൂലിﷺന് അവകാശപ്പെട്ടതാണ്. അപ്പോള്‍ അബ്ബാസ്ബിന്‍ മിര്‍ദാസ് പറഞ്ഞു: നിങ്ങളെന്നെ നിസ്സഹായനാക്കിയല്ലോ! അപ്പോള്‍ തിരുദൂതർ‍ﷺ പറഞ്ഞു: ഇവര്‍ മുസ്ലിംകളായി നമ്മുടെ അടുത്ത് വന്നവരാണ്. അവരുടെ തടവുകാരെ വിതരണം ചെയ്യാതെ ഞാന്‍ താമസിപ്പിച്ചിരുന്നു. ഇപ്പോള്‍ തടവുകാരോ സമ്പത്തോ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ ഞാനവര്‍ക്ക് അനുവാദം നല്കിയപ്പോള്‍ അവര്‍ കുടുംബ ബന്ധമാണ് തെരഞ്ഞെടുത്തത്. അതിനാല്‍ ആരുടെയെങ്കിലും കൈവശം അവരുടെ ബന്ധുക്കളുണ്ടെങ്കില്‍ സ്വമനസ്സാലെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തിരിച്ചുനൽകാന്‍ താല്പര്യമുള്ളവര്‍ നൽകുക. തന്റെ അവകാശം തനിക്കുതന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍, അവര്‍ക്ക് തിരിച്ചുനൽകുകയാണെങ്കില്‍ ഏറ്റവും ആദ്യം, നമ്മുടെയടുക്കല്‍ വരുന്ന യുദ്ധസ്വത്തില്‍ നിന്ന് ഞാനവര്‍ക്ക് ആറിരട്ടി നൽകുന്നതാണ്.

അതോടെ ജനങ്ങളെല്ലാം പറഞ്ഞു: അല്ലാഹുവിന്റെ ദൂതർﷺക്കുവേണ്ടി ഞങ്ങളെല്ലാം തൃപ്തിപ്പെട്ടിരിക്കുന്നു. പ്രവാചകൻ‍ﷺ പറഞ്ഞു: നിങ്ങളില്‍ ആരാണ് തൃപ്തിപ്പെട്ടവരെന്നും അല്ലാത്തവരെന്നും നമുക്ക് തിരിച്ചറിയില്ല. അതുകൊണ്ട് തിരിച്ചുപോയി നിങ്ങളുടെ നേതാക്കള്‍ ആ വിവരം ഇവിടെ പറയട്ടെ. അങ്ങനെ എല്ലാവരും അവരുടെ കൈവശമുള്ള സ്ത്രീകളേയും കുട്ടികളേയുമെല്ലാം തിരിച്ചുകൊടുത്തു. ഉയൈയ്ന ബിന്‍ ഹിസ്വ്ന്‍ തന്റെ കൈവശമുണ്ടായിരുന്ന ഒരു വൃദ്ധയെ തിരിച്ചുനൽകാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തിരിച്ചു നൽകുകയുണ്ടായി. തിരുദൂതർ‍ﷺ ഓരോ തടവുകാര്‍ക്കും ഈജിപ്തില്‍ നിര്‍മ്മിച്ച ഓരോ വസ്ത്രം സമ്മാനമായി നൽകി. ജിഅ്റാനയിലെ ഗനീമത് വിതരണം കഴിഞ്ഞശേഷം പ്രവാചകൻ‍ﷺ അവിടെ വെച്ച് ഉംറയ്ക്കുവേണ്ടി ഇഹ്റാം ചെയ്തു. എന്നിട്ട് ഉംറ നിര്‍വഹിച്ചു. അതിനുശേഷം മക്കയുടെ നേതൃത്വം അത്താഉബിന്‍ ഉസൈദി(റ)നെ ഏല്പ്പിച്ചു മദീനയിലേക്ക് മടങ്ങാനൊരുങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-504

Tweet 504

മക്കാ വിജയവും ഹുനൈനിലെ മുന്നേറ്റവും ത്വാഇഫ് ജയിച്ചടക്കിയതും വിശ്വാസികൾക്ക് വലിയ ആത്മ വീര്യം നൽകി. വിജയപതാകയുമേന്തി അവർ മദീനയിലേക്ക് മടങ്ങി. ഈ മുന്നേറ്റ സഞ്ചാരങ്ങൾ ലോകത്ത് മുഴുവൻ ചർച്ചയായി. ധർമ്മത്തെയും ഇസ്ലാമിനെയും സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവർ ആവേശഭരിതരായി. ഇരുട്ടിന്റെയും അധർമ്മത്തിന്റെയും ആളുകൾക്ക് ഇനി എങ്ങനെയാണ് ഇസ്ലാമിനെ തടുക്കാൻ ആവുക എന്ന ആലോചനയും വർദ്ധിച്ചു.

എട്ടുവർഷം കൊണ്ട് നേടിയ അതിജീവനത്തിന്റെയും സ്വാധീനത്തിന്റെയും ഏടുകൾ ലോകത്തേതു ശക്തിയേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്നത്തെ ലോക ശക്തിയായ റോമിനെയും ചെറുതായൊന്നുമല്ല ഇത് സ്വാധീനിച്ചത്. അറേബ്യയിലെ ക്രിസ്ത്യാനികളെയും കൂട്ടുപിടിച്ച് ഒരു സൈനിക സജ്ജീകരണത്തിന് റോം തയ്യാറായി. റോമിന് പൂർണമായും വിധേയപ്പെട്ട് കഴിയുകയോ, റോമിന്റെ കോളനിപോലെ പ്രവർത്തിക്കുകയോ ചെയ്ത ദേശങ്ങളെയാണ് പ്രവാചകൻﷺ അതിജീവിച്ചിരിക്കുന്നത്. ലോകത്ത് മഹാശക്തി എന്ന റോമിന്റെ വിചാരവും, തങ്ങളെ അതിജീവിക്കാൻ ആർക്കും സാധ്യമല്ലെന്ന ചിന്തയും അവരിൽ അഹങ്കാരമുണർത്തി. ലഭ്യമായ മറ്റു സൈനിക സഖ്യങ്ങൾ കൂടി ഉപയോഗപ്പെടുത്തി പ്രവാചകനെﷺയും മദീനയെയും പരാജയപ്പെടുത്തുക എന്നത് അവരുടെ സ്വപ്നമായി മാറി.

ഈ വിവരങ്ങൾ നബിﷺയുടെ കാതിൽ എത്തി. ഇനിയും പ്രതിരോധിച്ചില്ലെങ്കിൽ പടുത്തുയർത്തിയ മഹാശക്തിക്കും വലിയ പ്രഹരം ഏൽക്കേണ്ടി വരുമെന്ന് തിരുനബിﷺ തിരിച്ചറിഞ്ഞു. ലോകത്ത് എവിടെയും ഉള്ള ആളുകൾക്ക് അനന്തമായ മോക്ഷത്തിന്റെയും ഇരുലോക വിജയത്തിന്റെയും മാർഗം കാണിച്ചു കൊടുക്കാൻ ഇസ്ലാമിന്റെ ദൗത്യസംഘങ്ങൾ എല്ലായിടത്തും എത്തേണ്ടതുമുണ്ടായിരുന്നു. സൗമ്യമായ സംവാദങ്ങളിലൂടെയും സുന്ദരമായ സഹവാസത്തിലൂടെയും മാതൃകാപരമായ ജീവിത സമ്പർക്കങ്ങളിലൂടെയുമാണ് പ്രവാചകൻﷺ അത് സാധിച്ചുകൊണ്ടിരുന്നത്. എന്നാൽ ആശയത്തോടും ആദർശത്തോടും ആശയപരമായി അഭിമുഖീകരിക്കാൻ കഴിയാതെ വന്ന വ്യക്തികളും ശക്തികളും ആണ് സൈനികമായി പ്രവാചകനെﷺ നേരിടാൻ ഉദ്ദേശിച്ചത്. അവരെ പ്രതിരോധിക്കേണ്ടതും സത്യത്തെ സംരക്ഷിക്കേണ്ടതും നബിﷺയുടെ ദൗത്യമായി മാറി. ഓരോ ഘട്ടത്തിലും അത് ഭംഗിയായി നിർവഹിച്ചു. ധർമ്മ സംസ്ഥാപനത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ ഒരു സന്നദ്ധ സംഘത്തെ തിരുനബിﷺക്കൊപ്പം ലഭിച്ചു. അവർ സ്വാർത്ഥ താല്പര്യങ്ങൾക്ക് അപ്പുറം അല്ലാഹുവിന്റെയും തിരുദൂതരുടെയും താല്പര്യങ്ങൾക്ക് വേണ്ടി മാത്രം സംഘടിച്ചു.

മദീനയിൽ നിന്ന് 778 കിലോമീറ്റർ ദൂരെ തബൂക്കിൽ വച്ച് റോമൻ സൈന്യവുമായി നേരിടാൻ പ്രവാചകർﷺ നിർബന്ധിതരായി. സിറിയയുടെ ഭാഗമായ ഈ പ്രദേശത്തിന്റെ പരിസരങ്ങൾ മുഴുവൻ റോമൻ അധീനതയിലായിരുന്നു.

നിരന്തരമായ യാത്രകളുടെയും അതിജീവനത്തിന്റെയും അധ്വാനത്തിന്റെയും നാളുകൾ. പരിക്ഷീണിതരായി മദീനയിൽ വന്ന, ആശ്വാസത്തിന്റെ ജീവിതം നയിക്കാൻ ഒരുങ്ങിയ ജനങ്ങൾ. വളരെ പ്രതികൂലമായ കാലാവസ്ഥ. കഠിനമായ ഉഷ്ണവും ജലക്ഷാമവും വിഭവങ്ങളുടെ ദൗർലഭ്യവും. പൊതുവേ ജനങ്ങൾക്ക് മുഴുവനും പ്രതികൂലമായ സാഹചര്യമായിരുന്നു. ഉള്ള കൃഷികൾ വിളവെടുക്കുന്ന സമയമായതുകൊണ്ട് അത് ഉപേക്ഷിച്ചു പോകാനും ആളുകൾക്ക് പ്രയാസമായിരുന്നു.

ഇതെല്ലാം പ്രയാസങ്ങളും പ്രതിസന്ധികളുമായി നിൽക്കുമ്പോഴും, പ്രവാചകൻﷺ ഉദ്ദേശിച്ച റോമിനെതിരെയുള്ള ഒരു നീക്കം മുസ്ലിം സമൂഹത്തിന്റെയും ഇസ്ലാം ഉയർത്തിക്കൊണ്ടുവന്ന സാമൂഹിക ഘടനയുടെയും ശാരീരികമായ നിലനിൽപ്പിന് അനിവാര്യമായിരുന്നു. ഈ തിരിച്ചറിവുകൾ തിരുനബിﷺ സ്വഹാബികളിലേക്ക് പങ്കുവെച്ചു. തബൂക്കിലേക്കാവശ്യമായ സൈനിക നീക്കത്തെ കുറിച്ച് തിരുനബിﷺയോട് അവർ ചർച്ച ചെയ്തു. ദീർഘവും നിരവധി ചെലവുകളും ഉള്ള ഈ യാത്രയ്ക്ക് ആവശ്യമായ വിഭവങ്ങളും ഫണ്ടുകളും സമാഹരിക്കാനുള്ള ചർച്ചകൾ ഉയർന്നുവന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-505

Tweet 505

നബിﷺ അനുയായികളെ അഭിസംബോധന ചെയ്തു. അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം പങ്കുവെച്ചു. ഏറ്റവും അനിവാര്യമായ ഈ ഘട്ടത്തിൽ സഹായിക്കുന്നതിന്റെ മാഹാത്മ്യം വിശദീകരിച്ചു. എല്ലാ അനുയായികളും ആവേശപൂർവ്വം ഏറ്റെടുത്തു. ഏറ്റവും കൂടുതൽ ഉത്സാഹത്തോടെ ആദ്യം മുന്നോട്ടുവന്നത് ഉസ്മാൻ ബിൻ അഫ്ഫാനാ(റ)യിരുന്നു. അബ്ദുറഹ്മാൻ ബിൻ ഹുബാബ്(റ) പറയുന്നു. തബൂക്കിലേക്ക് ആവശ്യമായ ധനസമാഹരണം ലക്ഷ്യം വെച്ച് നബിﷺ സംസാരിച്ച സദസ്സിൽ ഞാനും ഉണ്ടായിരുന്നു. അവിടുന്ന് ആവശ്യങ്ങൾ ഉന്നയിച്ച സമയത്ത് തന്നെ ഉസ്മാൻ(റ) ചാടി എഴുന്നേറ്റു. 100 ഒട്ടകങ്ങളും അതിന്റെ സന്നാഹങ്ങളും വാഗ്ദാനം ചെയ്തു. വീണ്ടും നബിﷺ ആവശ്യപ്പെട്ടപ്പോൾ 200 ഒട്ടകങ്ങളും അതിന്റെ സംവിധാനങ്ങളും നൽകാമെന്ന് പറഞ്ഞു. തുടർന്നും ആവശ്യപ്പെട്ടപ്പോൾ 300 ഒട്ടകങ്ങളും അതിന്റെ സന്നാഹങ്ങളും നൽകാം എന്നായി. ഇത് തിരുനബിﷺയെ വല്ലാതെ സന്തോഷിപ്പിച്ചു. അവിടുന്ന് മിമ്പറിൽ നിന്ന് താഴെ ഇറങ്ങി. ഉസ്മാന്(റ) വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഉസ്മാനെ(റ) നിങ്ങൾ ഇനിയൊരു കർമ്മവും ചെയ്തില്ലെങ്കിലും നിങ്ങൾ വിജയിച്ചിരിക്കുന്നു. അബ്ദുറഹ്മാൻ ബിൻ സമുറ(റ) പറയുന്നു. തബൂക്കിലേക്ക് പുറപ്പെടാൻ വേണ്ടി നബിﷺ ഒരുങ്ങിയപ്പോൾ ഒരു വസ്ത്രത്തിൽ ആയിരം ദീനാർ പൊതിഞ്ഞ് അതുമായി ഉസ്മാൻ(റ) നബിﷺയെ സമീപിച്ചു. അത് മുഴുവനും നബിﷺയെ ഏൽപ്പിക്കുകയും അവിടുന്ന് സ്വീകരിക്കുകയും ചെയ്തു. ഇനിയൊരു കർമ്മവും ചെയ്തില്ലെങ്കിലും ഉസ്മാന്(റ) പ്രയാസം ഒന്നും വരില്ല എന്ന് നബിﷺ ആവർത്തിച്ചു പറഞ്ഞു.

അബൂബക്കറും(റ) ഉമറും(റ) മത്സരിച്ചു കൊണ്ടായിരുന്നു നബിﷺക്ക് ദാനം ചെയ്തത്. ഇന്നെങ്കിലും എനിക്ക് അബൂബക്കറി(റ)നെ മറികടക്കണം എന്ന് വിചാരിച്ചു സ്വത്തിന്റെ പകുതിയും ദാനം ചെയ്യാൻ വേണ്ടിയാണ് ഉമർ(റ) എത്തിയത്. ഉമർ(റ) തന്നെ പറയുന്നു. ഞാൻ എന്റെ പക്കൽ കരുതിയ സ്വത്ത് നബിﷺയുടെ മുമ്പിലേക്ക് സമർപ്പിച്ചു. അവിടുന്ന് എന്നോട് ചോദിച്ചു. വീട്ടിൽ ഇനി എന്താണ് ബാക്കിയുള്ളത്? ഞാൻ പറഞ്ഞു എന്റെ സ്വത്തിന്റെ പകുതിയും ഇവിടെ നൽകി കഴിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അബൂബക്കർ(റ) സംഭാവനയുമായി എത്തി. നബിﷺയെ ഏൽപ്പിച്ചു കഴിഞ്ഞപ്പോൾ, നബിﷺ അബൂബക്കറി(റ)നോട് ചോദിച്ചു. നിങ്ങളുടെ സ്വത്തിൽ ഇനി എത്രയാണ് ബാക്കിയുള്ളത്? അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ സ്വത്തു മുഴുവനും അങ്ങയുടെ മുമ്പിൽ സമർപ്പിച്ചിരിക്കുന്നു. എന്റെ കുടുംബത്തിനും മറ്റുള്ളവർക്കുമായി അല്ലാഹുവിനെയും റസൂലിനെﷺയും ആണ് ഞാൻ കണ്ടിട്ടുള്ളത്. ഇത്രയുമായപ്പോൾ മാത്സര്യ ബുദ്ധിയോടെ വന്നവർ പറഞ്ഞു. അല്ലയോ അബൂബക്കറെ(റ) നിങ്ങളെ ഒരിക്കലും മറികടക്കാൻ ഞങ്ങൾക്ക് ആവില്ല. യാതൊരു ലാഭേച്ഛയും കൂടാതെ പാരത്രിക ലക്ഷ്യം മാത്രം മുന്നിൽകണ്ട് അല്ലാഹുവിന്റെ ദൂതരെﷺ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും അനുയായികൾ കാണിച്ച ഈ ആവേശം ചരിത്രത്തിൽ ഒറ്റപ്പെട്ടതാണ്. സമാനതകൾ എവിടെയും വായിക്കാൻ ഉണ്ടാവുമോ എന്നറിയില്ല. അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) അദ്ദേഹത്തിന്റെ സ്വത്തിന്റെ പകുതി അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിച്ചു. അബ്ബാസ്ബിൻ അബ്ദുൽ മുത്തലിബ്(റ), ത്വൽഹ ബിൻ ഉബൈദില്ല(റ), മുഹമ്മദ് ബിൻ മസ്ലമ(റ), ആസിം ബിൻ അദിയ്യ്(റ) എന്നിവരും തബൂക്കിലേക്ക് ഉയർന്ന സംഭാവനകൾ നൽകിയവരാണ്.

ആണുങ്ങളുടെ കയ്യിലുള്ള ആസ്തി സമൂഹത്തെയും രാഷ്ട്രീയത്തെയും നിർമ്മിക്കാനുള്ളതാണ്, അശരണർക്ക് ആശ്രയം നൽകാൻ ഉള്ളതാണ്, സമ്പത്തിന്റെ വിനിയോഗത്തിലും ഒരു വലിയ ആനന്ദമുണ്ട് എന്നീ അധ്യായങ്ങൾ ഏറ്റവും നന്നായി പഠിപ്പിച്ചത് തിരുനബിﷺയായിരുന്നു. അതിന്റെ പ്രതിഫലനമാണ് അവിടുത്തെ സമുദായത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന ദാനധർമ്മങ്ങൾ. മറ്റൊരു സമൂഹത്തിലും കാണാത്തത്ര വിശാലമായ ദാനശീലം ഈ സമുദായത്തിൽ ഇന്നും നിലനിൽക്കുന്നു. വിശുദ്ധ ഖുർആനിലെ അത്തൗബ അദ്ധ്യായത്തിൽ 41ആം സൂക്തത്തിന്റെ ആശയം ഒന്നു നോക്കൂ. “നിങ്ങള്‍ സാധന സാമഗ്രികള്‍ കൂടിയവരായാലും കുറഞ്ഞവരായാലും ‎ഇറങ്ങിപ്പുറപ്പെടുക. നിങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും ‎അല്ലാഹുവിന്റെ മാർഗ്ഗത്തില്‍ സമരംചെയ്യുക. നിങ്ങള്‍ ‎അറിയുന്നവരെങ്കില, ‎അതാണ് നിങ്ങൾക്കുത്തമം.”

ഈ സന്ദേശത്തെ ഏറ്റെടുത്തുകൊണ്ടാണ് പ്രവാചക അനുയായികൾ പോർക്കളത്തിലേക്ക് വന്നത്. അവരുടെ സമ്പത്ത് വിനിയോഗിച്ചത്. അവരുടെ ശരീരം സമർപ്പിക്കാൻ സന്നദ്ധരായത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-506

Tweet 506

നബിﷺയുടെ ആഹ്വാനത്തെ വിശ്വാസികൾ ആവേശപൂർവം ഏറ്റെടുത്തു. സമ്പന്നർ അവരുടെ കഴിവിന്റെ പരമാവധി സഹായങ്ങൾ ചെയ്തു. ദരിദ്രർ അവരെക്കൊണ്ട് കഴിയുന്ന ചില്ലറ സംഭാവനകൾ സമർപ്പിച്ചു. അതിനിടയിൽ കപട വിശ്വാസികൾ അവരുടെ ശൈലി പുറത്തെടുത്തു. സമ്പന്നരുടെ സംഭാവനകൾ ലോകമാന്യതയ്ക്ക് വേണ്ടിയാണെന്നും, പാവപ്പെട്ടവരുടെ ചെറിയ സംഭാവനകൾ കൊണ്ട് പടച്ചവന് എന്താണ് ആവശ്യമെന്നും അവർ പറഞ്ഞുകൊണ്ടിരുന്നു. അബൂ അക്കീൽ അര സാഅ് അഥവാ രണ്ട് കിലോയിൽ താഴെ കാരയ്ക്കയാണ് സംഭാവന ചെയ്തത്. അതുപോലെ മറ്റു പലരും സമർപ്പിച്ചു. ഇത് കണ്ടപ്പോൾ കപട വിശ്വാസികൾ പറഞ്ഞു. പടച്ചവന് ഇതിന്റെ ഒന്നും ആവശ്യമില്ല. ഇവരുടെ ഈ ഇടപെടലിനെ കുറിച്ച് അല്ലാഹു പരാമർശിച്ചത് ഇങ്ങനെയാണ്. അത്തൗബ അധ്യായത്തിലെ 79 -ാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. “സ്വമനസ്സാലെ ദാനധർമങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം ‎അധ്വാനമല്ലാതൊന്നും ദൈവമാർഗത്തിൽ അർപ്പിക്കാനില്ലാത്തവരെയും ‎ ആക്ഷേപിക്കുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ ‎പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. ‎അവർക്ക് വേദനാജനകമായ ശിക്ഷയുമുണ്ട്. ”

അബ്ദുറഹ്മാൻ ഇബ്നുൽ ഔഫി(റ)ന്റെ സംഭാവനയെ അവർ പരിഹസിച്ചു, അദ്ദേഹം പേരിനും പെരുമയ്ക്കും വേണ്ടി നൽകിയതാണെന്ന്. മറ്റു പാവപ്പെട്ടവരുടെ സംഭാവനകളെ അവർ നിസ്സാരമാക്കി. രണ്ടു തലങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഖുർആൻ സമ്മതിച്ചത്. യഥാർത്ഥത്തിൽ വിശ്വാസികൾ ആത്മനൊമ്പരത്തിലായിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കാൻ തങ്ങൾക്ക് സ്വത്തുണ്ടായിരുന്നെങ്കിൽ എന്നവർ ആഗ്രഹിച്ചു. ഉലമത്തുബിനു സൈദ്(റ) കൂട്ടത്തിൽ ഒരാളായിരുന്നു. രാത്രിയിൽ എഴുന്നേറ്റുനിന്ന് കരഞ്ഞുകൊണ്ട് അദ്ദേഹം നിസ്കരിച്ചു. എന്നിട്ട് അല്ലാഹുവിനോട് പറഞ്ഞു. അല്ലാഹുവേ ധർമ്മസമരത്തിനു വേണ്ടി നീ ഞങ്ങളോട് കൽപ്പിച്ചു. അതിലേക്ക് ഞങ്ങളെ കൂടുതൽ താൽപര്യപ്പെടുത്തി. എന്നാൽ അല്ലാഹുവിന്റെ ദൂതനൊﷺപ്പം ദൗത്യം നിർവഹിക്കാൻ എന്റെ പക്കൽ ഒന്നുമില്ല. എന്റെ തെറ്റുകളുടെ എണ്ണം കണക്കെ ഞാൻ വിശ്വാസികൾക്ക് ധർമ്മം ചെയ്യാൻ തയ്യാറാണ്. ഈ വിവരമറിഞ്ഞ നബിﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾക്ക് അല്ലാഹു പാപങ്ങൾ പൊറുത്തു തന്നിരിക്കുന്നു.

ഇത്തരം സന്ദർഭങ്ങളിൽ പ്രവാചക അനുയായികളുടെ മനോഗതി എന്തായിരുന്നു എന്നതിനുള്ള ഉത്തമമായ ഉദാഹരണമാണിത്. അവർ സർവ്വാത്മനാ അല്ലാഹുവിനും അവന്റെ ദൂതനും വേണ്ടി എല്ലാം സമർപ്പിക്കാൻ തയ്യാറായി.

വാസിലത്തുബിന് അസ്ഖഅ്(റ) മദീനയിലൂടെ വിളിച്ചു ചോദിച്ചു. ആരെങ്കിലും എന്നെ തബൂക്കിലേക്ക് വാഹനത്തിൽ ഒപ്പം കൊണ്ടുപോകുമോ. യുദ്ധാനന്തരം എനിക്കു ലഭിക്കുന്ന വീതം ഞാൻ അവർക്കു നൽകാം. അപ്പോൾ കൂടെ കൊണ്ടു പോകാൻ ഒരാൾ തയ്യാറായി. യുദ്ധമെല്ലാം കഴിഞ്ഞ് അനന്തര സ്വത്ത് ലഭിച്ചപ്പോൾ വാസില(റ)ത്തിനും ചില ഒട്ടകങ്ങൾ ലഭിച്ചു. തന്നെ ഒപ്പം കൊണ്ടുവന്ന ആൾക്ക് അത് സമർപ്പിച്ചു. പക്ഷേ അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. ഞങ്ങൾ നിങ്ങളിൽ നിന്നുള്ള വിഹിതം പ്രതീക്ഷിച്ചുകൊണ്ട് അല്ല വന്നത്. പ്രതിഫലത്തിൽ നിന്നുള്ള വിഹിതം കാംക്ഷിച്ചുകൊണ്ടാണ് നിങ്ങളെ കൂട്ടിക്കൊണ്ടുവന്നത്. ഒപ്പമുള്ളവർ മറുപടി പറഞ്ഞു. ഇവിടെ രണ്ടു കൂട്ടരും ആത്മീയമായ പ്രതിഫലങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. കേവലം ഭൗതികമായ താൽപര്യങ്ങൾക്കല്ല അവർ പടക്കളത്തിലേക്ക് പുറപ്പെട്ടത്.

അബൂ മൂസൽ അശ്അരി(റ)യുടെ നേതൃത്വത്തിൽ അശ്അരികളായ ആളുകൾ തബൂക്കിലേക്ക് പുറപ്പെടാൻ സന്നദ്ധരായി. പക്ഷേ അവർക്ക് മതിയായ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഏറെനേരത്തെ കാത്തുനിൽപ്പിനു ശേഷം, ലഭിച്ച മൂന്ന് ഒട്ടകത്തിന്മേൽ അവരും പുറപ്പെട്ടു.

തബൂക്ക് യുദ്ധ വേളയിൽ മാനസികമായി സഞ്ചാരത്തിന് തയ്യാറായ ഉത്തമ വിശ്വാസികളായ ആളുകളും ഉണ്ടായിരുന്നു. അവരുടെ മനസ്സും വിചാരവും പോർക്കളത്തിലേക്ക് അവരെ ക്ഷണിച്ചെങ്കിലും അവരുടെ ആരോഗ്യസ്ഥിതി അവരെ അനുവദിച്ചില്ല. അവരുടെ താൽപര്യത്തിന്റെയും ഉദ്ദേശത്തിന്റെയും മഹത്വത്തെ അല്ലാഹു സ്വീകരിച്ചു. അവരെ ആശ്വസിപ്പിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ അവതരിച്ചു. തൗബ അദ്ധ്യായത്തിലെ 91,92 സൂക്തങ്ങൾ ഈ ആശയമാണ് ഉൾക്കൊള്ളുന്നത്. ഇങ്ങനെ വായിക്കാം. “ദുർബലരും രോഗികളും ചെലവു ചെയ്യാന്‍ ഒന്നുമില്ലാത്തവരും യുദ്ധത്തില്‍ ‎നിന്ന് മാറിനിൽക്കുന്നതില്‍ കുഴപ്പമില്ല; അവര്‍ അല്ലാഹുവോടും അവന്റെ ‎ദൂതനോടും കൂറുപുലർത്തുന്നവരാണെങ്കില്‍. പിന്നെ ഇത്തരം സദ് വൃത്തരെ ‎കുറ്റപ്പെടുത്താന്‍ ന്യായമൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ‎പരമകാരുണികനുമാണ്. ‎

മറ്റൊരു വിഭാഗം തങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകണമെന്ന ‎അപേക്ഷയുമായി തങ്ങളുടെ അടുത്തുവന്നു. അവിടുന്ന് അവരോടു പറഞ്ഞു: ‎‎”നിങ്ങൾക്കു നൽകാന്‍ ഞാന്‍ വാഹനമൊന്നും കാണുന്നില്ല.” ചെലവഴിക്കാന്‍ ‎ഒന്നും കണ്ടെത്താത്തതിന്റെ തീവ്രദുഃഖത്താല്‍ കണ്ണുകളില്‍ ‎വെള്ളംനിറച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവർക്കും കുറ്റമൊന്നുമില്ല.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-507

Tweet 507

മറ്റു സൈനിക നീക്കങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ചില സമീപനങ്ങളായിരുന്നു തബൂക്ക് മുന്നേറ്റത്തിൽ നബിﷺ സ്വീകരിച്ചത്. സാധാരണ തിരുനബിﷺ നടത്തിയ സൈനിക നീക്കങ്ങളിൽ ഒന്നും സഞ്ചരിക്കേണ്ട ദിശയോ നീക്കത്തിന്റെ ലക്ഷ്യമോ അഭിമുഖീകരിക്കേണ്ട ശത്രുവിനെ കുറിച്ചുള്ള വിവരങ്ങളോ മുൻകൂട്ടി തന്നെ പങ്കുവെക്കുമായിരുന്നില്ല. എന്നാൽ തബൂക്ക് മുന്നേറ്റത്തിൽ അത് തീർത്തും വ്യത്യസ്തമായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും ആരെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഏതു വരെയാണ് സമരം തുടരേണ്ടതെന്നും എല്ലാം വ്യക്തമായി തന്നെ മുൻകൂട്ടി പറഞ്ഞുവെച്ചിരുന്നു. ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ചരിത്രകാരന്മാർ പഠന വിഷയമാക്കിയിട്ടുണ്ട്. അതിന് കണ്ടെത്തിയ ചില കാരണങ്ങൾ ഇങ്ങനെ വായിക്കാം.

ഒന്ന്. യാത്രയുടെ ദൈർഘ്യം.

നേരത്തെ നടന്ന സൈനിക നീക്കങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ദീർഘദൂരം യാത്ര ചെയ്യേണ്ടതായിരുന്നു തബൂക്കിലേക്ക്. അത്തരമൊരു യാത്ര മുന്നറിയിപ്പില്ലാതെ ആയാൽ വേണ്ട വിഭവങ്ങൾ കരുതിക്കൊണ്ടു പോകാനോ സ്വയം ആരോഗ്യസ്ഥിതിയെക്കുറിച്ച് ആത്മ പരിശോധന നടത്താനോ സാധിക്കുമായിരുന്നില്ല. യോഗ്യമായ വാഹനവും മതിയായ യാത്രാ സാമഗ്രികളും ഓരോരുത്തരും കരുതേണ്ടതുണ്ടായിരുന്നു.

രണ്ട്. റോം കാരുടെ സൈനിക ബലം.

നേരത്തെ നേരിട്ടിരുന്ന ശത്രുക്കളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വലിയ ജനവിഭാഗത്തെയായിരുന്നു ഈ നീക്കത്തിൽ അഭിമുഖീകരിക്കേണ്ടിയിരുന്നത്. അവരുടെ അംഗബലത്തെക്കുറിച്ചുള്ള ഒരു മുൻധാരണ ഓരോ മുസ്ലിം സൈനികനും അനിവാര്യമായിരുന്നു. അതുണ്ടാവട്ടെ എന്ന് വിചാരിച്ചു കൂടിയാണ് മുൻകൂട്ടി വിവരം നൽകിയത്. സൈനികമായും സായുധ സംവിധാനത്തിലും ശക്തമായ ഒരു സംഘത്തെ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ അനിവാര്യമായിരുന്നു.

മൂന്ന്. കാലാവസ്ഥയും പരിസരങ്ങളും.

കടന്നുപോകുന്ന വഴികളിലെ കാലാവസ്ഥകളെ കുറിച്ച് ഒരു ധാരണ വേണ്ടിയിരുന്നു. നാട്ടിൽ നിർത്തിയിട്ട് പോകുന്ന ആളുകൾക്ക് ആവശ്യമായ മുൻകരുതലുകളും നൽകേണ്ടിയിരുന്നു. പ്രതികൂല കാലാവസ്ഥകളിലൂടെ സഞ്ചരിക്കേണ്ടി വന്നാൽ വേണ്ടവിധമുള്ള ചില മുൻകരുതലുകൾ ആവശ്യമായിരുന്നു.

നാല്. അറബ് പ്രദേശങ്ങളും പരിസരങ്ങളും പൂർണ്ണമായും അനുകൂലമായ ഒരു സാഹചര്യത്തിൽ.

ഇനി എവിടെനിന്നാണ് നമ്മെ ശത്രുക്കൾ നിരീക്ഷിക്കുന്നത് എന്ന വിചാരം കൃത്യമായും മുസ്ലിം സമൂഹത്തിന് നൽകേണ്ടിയിരുന്നു. നേരത്തെയുള്ള സൈനിക നീക്കങ്ങൾ എല്ലാം അതാതുകാലത്ത് പരിസരപ്രദേശങ്ങളിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഏകദേശം സ്വഹാബികൾക്ക് ധാരണയുണ്ടായിരുന്നു. എന്നാൽ, അതിവിദൂരത്തുള്ള റോമിന്റെ നീക്കങ്ങളെ കുറിച്ച് ഒരു മുന്നറിയിപ്പോട് കൂടിയായിരുന്നു സ്വഹാബികളോട് സംവദിക്കേണ്ടിയിരുന്നത്.

നബിﷺയുടെ ഓരോ സമയത്തെയും നയതന്ത്ര സമീപനങ്ങൾക്ക് അതിന്റേതായ മികവും പ്രാധാന്യവുമുണ്ടായിരുന്നു. പുതിയ കാലത്തും പകർത്താനാവുന്നതായിരുന്നു ഓരോ പാഠവും. ഒപ്പമുള്ളവരോട് ലക്ഷ്യം പറയേണ്ട യാത്രകളും പാടില്ലാത്ത യാത്രകളും ഉണ്ട് എന്നതുകൂടിയാണ് നമുക്കീ അധ്യായങ്ങൾ പറഞ്ഞുതരുന്നത്. കൂടുതൽ സൈന്യവും കൂടുതൽ സന്നാഹങ്ങളും ആവശ്യമുള്ള ഈ മുന്നേറ്റത്തെ കുറിച്ച് തിരുനബിﷺ പറഞ്ഞു. ‘ജയിശുൽ ഉസ്ര’ അഥവാ വിഷമ യുദ്ധത്തിൽ സഹായിക്കുന്നവർക്ക് സ്വർഗ്ഗമുണ്ടെന്ന പ്രസ്താവന നബിﷺ അനുയായികൾക്കിടയിൽ പങ്കുവെച്ചു. ആവേശപൂർവം ആളുകൾ അണിയിൽ ചേരാൻ ഇത് കാരണമായി. അല്ലാഹുവിന്റെ പവിത്ര വചനത്തെ പ്രചരിപ്പിക്കാൻ അത്യന്താപേക്ഷിതമായ ഒരു സൈനിക നീക്കം എന്ന നിലയിൽ ഈ തബൂക്ക് മുന്നേറ്റത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.

ശാരീരികമായോ സാമ്പത്തികമായോ ഈ സൈനിക നീക്കത്തിന്റെ ഭാഗമാകുന്നവർക്ക് സ്വർഗ്ഗം സമ്മാനമുണ്ടെന്ന തിരുനബിﷺയുടെ പ്രഖ്യാപനം ഈ ചുവടുവെപ്പിന്റെ പ്രാധാന്യം വിശ്വാസികളിൽ സ്ഥാപിച്ചു. ശാരീരികമായോ സാമ്പത്തികമായോ സഹായിക്കാൻ കഴിവില്ലെങ്കിലും മാനസികമായി ഒപ്പം നിൽക്കുന്നവർക്കും താഴ്‌വരകൾ താണ്ടിയ പ്രതിഫലം ഉണ്ടെന്ന് തിരുനബിﷺ പറഞ്ഞു. ആഭ്യന്തരമായ ഒരു നയതന്ത്രം കൂടി അതിൽ ഉണ്ടായിരുന്നു. സൈനിക നീക്കങ്ങളിൽ പങ്കെടുക്കുന്നവരോടൊപ്പം നാട്ടിലുള്ളവർക്കും ഇങ്ങനെയൊരു നീക്കം അനിവാര്യമാണെന്ന ബോധം സ്ഥാപിക്കേണ്ടത് അനിവാര്യമായിരുന്നു. ഒരു രാജ്യം യുദ്ധത്തിൽലേർപ്പെടുമ്പോൾ സൈനികർക്കൊപ്പം സിവിലിയന്മാർക്കും രാജ്യത്തിന്റെ നീക്കത്തിൽ സുതാര്യത അത്യാവശ്യമാണ്. അപ്പോൾ മാത്രമേ എല്ലാ പൗരന്മാരും രാജ്യത്തോടും ഭരണാധികാരിയോടും ഒപ്പം നിൽക്കുകയുള്ളൂ. ഇങ്ങനെ എന്തെല്ലാം പാഠങ്ങളാണ് പ്രവാചകൻﷺ നമുക്കുവേണ്ടി ഇത്തരം നീക്കങ്ങളിൽ അടയാളപ്പെടുത്തിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-508

Tweet 508

തബൂക്കിലേക്കുള്ള യാത്രയിലെ ശോഭനമായ ഒരു ചിത്രമാണ് അബൂദർ അൽ ഗിഫാരി(റ) അടയാളപ്പെടുത്തിയത്. തബൂക്ക് സൈനിക സഞ്ചാരത്തിന്റെ ചരിത്രം വായിക്കുമ്പോൾ കൗതുകകരമായ ഒരു രംഗം കൂടിയാണിത്.

നബിﷺയും അനുയായികളും തബൂക്കിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ, യാത്രയിൽ ഒപ്പം ചേരാത്ത പലരെക്കുറിച്ചുമുള്ള ചർച്ചകൾ ഉയർന്നുവന്നു. ചിലർ ഉപാധികൾ ഒപ്പിച്ച് നിന്നവരുണ്ട്. ചിലർ വിളവെടുപ്പ് കഴിഞ്ഞു പോകാം എന്ന് വിചാരിച്ചവരുണ്ട്. മറ്റു ചിലർ ഇന്ന് പോകാം നാളെ പോകാം എന്ന് കരുതി നാളുകൾ നീണ്ടു പോയവരും ഉണ്ട്. ഇങ്ങനെയുള്ള പലരെക്കുറിച്ചും നബിﷺയോട് സംസാരിച്ചപ്പോൾ. അവിടുന്ന് ഇങ്ങനെ പറഞ്ഞു. അവർക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവർ നമ്മോടൊപ്പം വന്നുചേരും. അല്ലാത്തവർ വരാതിരുന്നാൽ അവരിൽ നിന്ന് നമ്മൾ സുരക്ഷിതരായി എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല.

അബൂദർ അൽ ഗിഫാരി(റ) നബിﷺയുടെ സംഘത്തോടൊപ്പം ചേരാൻ വേണ്ടി യാത്രതിരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ വാഹനം ക്ഷീണിച്ചതായിരുന്നു. മതിയായ വേഗത്തിൽ സഞ്ചരിക്കാനോ കൃത്യസമയത്ത് നബിﷺയോടൊപ്പം ചേരാനും അതിനു സാധിച്ചില്ല. ഒടുവിൽ സാധനങ്ങൾ എല്ലാം വാഹനപ്പുറത്ത് വെച്ച് ഏറെനേരം അദ്ദേഹം നടക്കേണ്ടി വന്നു.

നബിﷺയും അനുയായികളും തമ്പടിച്ച ശേഷം അവർ കടന്നുവന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കി. അതാ ദൂരെ നിന്ന് ഒരാൾ നടന്നു വരുന്നു. ആരായിരിക്കും അത് എന്നായി അനുയായികളുടെ ചർച്ച. വേഗം തന്നെ പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ അബൂദർ(റ) ആയിരിക്കട്ടെ. അധികം വൈകിയില്ല. ആഗതൻ ആരാണെന്ന് വ്യക്തമായി തുടങ്ങിയപ്പോൾ, സ്വഹാബികൾ നബിﷺയോട് പറഞ്ഞു. അത് അബൂദർ(റ) തന്നെയാണ്. അപ്പോൾ നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ. ഏകാന്തനായി സഞ്ചരിക്കുന്നു. നാളെ ഏകാന്തമായ ഒരു സ്ഥലത്ത് മരണപ്പെടും. നാളെ ഏകാന്തനായി തന്നെ പുനരുദ്ധാന നാട്ടിൽ വരികയും ചെയ്യും. ഇത്രയും പറഞ്ഞ് നബിﷺ അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിച്ചു. മറ്റ് അനുയായികളോടൊപ്പം ചേർത്തുനിർത്തി. നബിﷺയുടെ പ്രാർത്ഥനാ വചനങ്ങൾ അബൂദർ(റ) ഓർത്തു വച്ചു. കാലചക്രം തിരിഞ്ഞു. മുത്ത് നബിﷺയുടെ വിയോഗം കഴിഞ്ഞു. അബൂബക്കർ(റ) ഖലീഫയായി. അവിടുത്തെ ഭരണകാലവും അവസാനിച്ചു. പിന്നീട് ഉമറി(റ)ന്റെ കാലവും കടന്നുപോയി. ഇപ്പോൾ ഉസ്മാനാ(റ)ണ് ഭരണാധികാരി. മക്കയിലെയും മദീനയിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞു. അബൂദർ(റ) വന്യമായ മരുഭൂമിയിലേക്ക് താമസം മാറ്റി. റബ്ദ എന്നാണ് ആ പ്രദേശത്തിന്റെ പേര്. മദീനയിൽ നിന്ന് 170 കിലോമീറ്റർ ദൂരെയാണ് ആ പ്രദേശം. ലേഖകന് അവിടെ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇന്നും തീർത്തും വന്യമായ മരുഭൂമിയാണ് അവിടെ.

റബ്ദയിലെ വാസത്തിനിടെ അബൂദർ(റ) രോഗിയായി. ഒപ്പം ഭാര്യയും പരിചാരകയും മാത്രമേ ഉള്ളൂ. പ്രവാചകരുﷺടെ കാലങ്ങൾക്കു മുമ്പുള്ള മുന്നറിയിപ്പുകൾ ഓർമ്മ വന്നു. ഏകാന്തമായ ഈ മരുഭൂമിയിൽ ആയിരിക്കും തന്റെ വിയോഗം എന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഭാര്യയോടും പരിചാരകയോടുമായി ഇങ്ങനെ പറഞ്ഞു. ഞാൻ മരണപ്പെട്ടാൽ എന്നെ കുളിപ്പിക്കണം. ഉള്ള വസ്ത്രത്തിൽ പൊതിയണം. എന്നിട്ട് വഴിയോരത്ത് നിങ്ങൾ കാത്തു വെക്കണം. പിന്നീട് അതുവഴി കടന്നുവരുന്ന ആദ്യ യാത്രാ സംഘത്തോട് വിവരം പറയണം. അവർ വേണ്ടതുപോലെ ചെയ്തുകൊള്ളും. കർമ്മങ്ങളെല്ലാം കഴിഞ്ഞാൽ അവർക്ക് ഇതാ നമ്മോടൊപ്പമുള്ള ഈ ആടിനെ അറുത്ത് ഭക്ഷണം കൊടുത്തിട്ടേ പിരിയാവൂ. ഗദ്ഗതത്തോടെ ഭാര്യയും പരിചാരകയും അത് കേട്ടുനിന്നു.

അബൂദർ(റ) ഈ ലോകത്തോട് യാത്രയായി. ഒപ്പമുള്ളവർ വസിയ്യത്ത് പോലെ കാര്യം ചെയ്തു. അപ്പോഴതാ ഒരു യാത്രാസംഘം കടന്നു വരുന്നു. അവരോട് പറഞ്ഞു ഇതാ ഇത് അബൂദറിന്റെ ശരീരമാണ്. കൂഫയിലേക്കുള്ള യാത്ര സംഘത്തിൽ ഇബ്നു മസ്ഊദും(റ) ഉണ്ടായിരുന്നു. നബിﷺയുടെ സ്വഹാബികളിൽ പ്രമുഖനാണ് അബ്ദുല്ലാഹിബ്നു മസ്‌ഊദ്(റ). അബൂദറി(റ)ന്റെ മൃതശരീരം ആണെന്ന് കേട്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. മുത്ത് നബിﷺയുടെ മുന്നറിയിപ്പുകൾ അദ്ദേഹത്തിന് ഓർമ്മ വന്നു. അബൂദറി(റ)ന്റെ പുണ്യശരീരം കണ്ടതും അദ്ദേഹം കരയാൻ തുടങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-509

Tweet 509

ഇബ്നു മസ്ഊദ് (റ) ഒപ്പം കരുതിയിരുന്ന കഫൻ പുടവ പുറത്തെടുത്തു.അബൂദർ അൽ ഗിഫാരി(റ)യുടെ മരണാനന്തര ചടങ്ങുകൾ ആ യാത്ര സംഘം നിർവഹിച്ചു. മഹാനവർകളുടെ കുടുംബത്തെയും കൂട്ടി മദീനയിലേക്ക് തിരിച്ചു. ഉസ്മാൻ ബിൻ അഫാൻ (റ)ആയിരുന്നുവല്ലോ അന്നത്തെ ഖലീഫ. മഹാനവർകൾ ആ കുടുംബത്തെ ഹൃദ്യമായി സ്വീകരിച്ചു. അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു.
പ്രവാചകരുടെ മുന്നറിയിപ്പുകളുടെ പുലർച്ച പല സംഭവങ്ങളിലും വായിച്ചത് പോലെ അബൂദർ അൽ ഗിഫാരി(റ)യുടെ സംഭവത്തിലും വ്യക്തമാണ്. വരാനുള്ള സംഭവങ്ങൾ കൃത്യമായി പറയുകയും കാലങ്ങൾക്കുശേഷം അത് സത്യമായി പുലരുകയും അതിനു സാക്ഷിയാവാൻ നിയോഗം ലഭിക്കുകയും ചെയ്ത സ്വഹാബികളുടെ സാക്ഷ്യങ്ങൾ കൂടിയാണ് ഇത്.
തബൂക്ക് സംഭവത്തോട് ചേർന്ന് നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു അധ്യായത്തിലേക്ക് നമുക്ക് കടക്കാം. ഈ അധ്യായത്തിലെ കഥാപാത്രം അബൂ ഖൈസമ (റ) എന്ന സ്വഹാബിയാണ്. നബി(സ) തബൂക്കിലേക്ക് പുറപ്പെട്ട ശേഷം അദ്ദേഹം വീട്ടിലേക്ക് വന്നു. നല്ല ചൂടുള്ള ദിവസം. അന്തരീക്ഷം തിളച്ചു പഴുത്തിരിക്കുന്നു. പുറത്തിറങ്ങി സഞ്ചരിക്കാൻ തന്നെ ആളുകൾക്ക് പ്രയാസമാണ്. പക്ഷേ അദ്ദേഹം തന്റെ തോട്ടത്തിലേക്ക് വന്നപ്പോൾ വളരെ സുന്ദരമായ പരിസരം. നല്ല തണുത്ത വെള്ളം. നല്ല മരത്തണലിൽ ഒരുക്കിയ കൂടാരങ്ങൾ. തന്റെ രണ്ടു ഭാര്യമാരും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി കാത്തിരിക്കുന്നു. ഈ തണുപ്പും തണലും കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. തിരുനബി(സ) ചുട്ടുപൊള്ളുന്ന മണൽ പരപ്പിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. മണൽ കാട്ടിലൂടെ തബൂക്കിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ ഞാൻ എങ്ങനെയാണ് ഈ തണലും തണുപ്പും ആസ്വദിച്ച് ഇവിടെ കഴിയുക. എനിക്കെങ്ങനെയാണ് ഇവിടെ സമാധാനത്തോടെ കഴിഞ്ഞുകൂടാൻ ആവുക. ഇല്ല ഞാൻ പുറപ്പെടുകയാണ്. അദ്ദേഹം വീട്ടുകാരോട് പറഞ്ഞു. തിരുനബി(സ)യോടൊപ്പം എത്തിച്ചേരാതെ എനിക്കിനി സമാധാനം ആവില്ല. ഞാൻ പോവുകയാണ്. അദ്ദേഹം തന്റെ വാഹനത്തിന്റെ അടുത്തേക്ക് എത്തി. ഭാര്യമാർ യാത്രയ്ക്ക് വാഹനത്തെ ശുദ്ധീകരിച്ചു കൊടുത്തു. തിരുനബി(സ) സഞ്ചരിച്ച വഴി തേടി അദ്ദേഹം യാത്ര ആരംഭിച്ചു. എവിടെ വച്ചായിരിക്കും നബി(സ)യോടൊപ്പം കൂടാൻ കഴിയുക. അങ്ങനെ ആലോചിച്ചുകൊണ്ട് അതിവേഗം മുന്നോട്ടു നീങ്ങി. യാത്രാമധ്യേ ഉമൈർ ബിൻ വഹബ് അൽ ജുമഹിയെ കണ്ടുമുട്ടി. അദ്ദേഹവും നബി(സ)യോടൊപ്പം ചേരാൻ യാത്ര ചെയ്യുകയായിരുന്നു. രണ്ടാളും ചങ്ങാത്തം കൂടി യാത്ര തുടർന്നു. തബൂക്കിലെത്തിയപ്പോഴാണ് നബി(സ)യോടൊപ്പം ചേരാൻ ആയത്. ദൂരെ നിന്നുള്ള ഒരു യാത്രികനെ നബി(സ)യുടെയും അനുയായികളുടെയും ദൃഷ്ടിയിൽപ്പെട്ടു. സ്വഹാബികൾ നബി(സ)യോട് പറഞ്ഞു. അതാ അവിടെ നിന്ന് ആരോ വരുന്നുണ്ടല്ലോ. ആളെ വ്യക്തമാകാത്ത ആ ദൂരത്തേക്ക് നോക്കി നബി (സ)പറഞ്ഞു. അത് അബൂഖൈസമ (റ) ആയിരിക്കട്ടെ. അല്പം കഴിഞ്ഞപ്പോൾ അനുയായികൾ ആവേശത്തോടെ വിളിച്ചു പറഞ്ഞു. അത് അബൂ ഖൈസമ (റ) തന്നെയാണ്. അപ്പോഴേക്കും അദ്ദേഹം നബി (സ) യുടെ അടുത്ത് എത്തി. സന്തോഷത്തോടെ നബി(സ) അദ്ദേഹത്തെ സ്വീകരിച്ചു. അനുഗ്രഹങ്ങൾ നേർന്ന് പ്രാർത്ഥന നിർവ്വഹിച്ചു.അബൂ ഖൈസമ (റ)യുടെ യഥാർത്ഥ നാമം മാലിക് ബിനു ഖൈസ് എന്നായിരുന്നു.
നബി(സ) യുടെ സ്വീകരണം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. സൗകര്യങ്ങൾ വിട്ട് നബിയോടൊപ്പം ചേർന്നതിൽ അദ്ദേഹം സന്തോഷിച്ചു. തന്റെ തീരുമാനം നന്നായി എന്ന് അദ്ദേഹം ആശ്വസിച്ചു. ശേഷം അദ്ദേഹം ഇങ്ങനെ പാടി.
ലമ്മാ റഅയ്തുന്നാസ ഫിദ്ദീനി നാഫഖൂ….
“ജനങ്ങളിൽ ചിലർ കപടന്മാരായപ്പോൾ
പരിശുദ്ധ നബി(സ)യുടെ ചാരത്ത് ഞാനെത്തി
ആ തിരു കരങ്ങൾ കവർന്നു ഞാൻ അംഗമായ്
നബി(സ)യോട് ചേർന്നതിൽ പിന്നെ ഞാൻ തെറ്റുകൾ-
ഒന്നുമേ ചെയ്യാതെ നല്ലപോൽ ജീവിച്ചു.
തണലും തണുപ്പുമുപേക്ഷിച്ചു ഞാൻ വന്നു.
നബി(സ)യോട് ചേർന്നതിൽ ഏറെ സംതൃപ്തനായ്”
ഒരു സത്യവിശ്വാസിയിൽ ഉണർന്ന വീണ്ടു വിചാരത്തെയാണ് ഈ സംഭവം നമുക്ക് പകർന്നു തരുന്നത്. തിരുനബി(സ)യോടുള്ള സ്നേഹം എത്രമേൽ അവരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു എന്നും ഈ കഥ നമ്മോട് പറഞ്ഞു തരുന്നു. വിശുദ്ധ ഖുർആനിലെ അൽ അഅറാഫ് അധ്യായത്തിലെ 21 ആം സൂക്തത്തിന്റെ ആശയം പോലെയാണ് അബൂ ഖൈസമ (റ)യുടെ സംഭവം ചരിത്രം രേഖപ്പെടുത്തിയത്. മേൽ സൂക്തത്തിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം.” പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ഭക്തിയുള്ളവരെ ബാധിച്ചാല്‍ പെട്ടെന്നുതന്നെ അവര്‍ അതേക്കുറിച്ച് ബോധവാന്മാരായിത്തീരുന്നു. അപ്പോഴവര്‍ തികഞ്ഞ ഉള്‍ക്കാഴ്ചയുള്ളവരായി മാറും.”
أللهم صل على سيدنا محمد وعلى آله وصحبه وسلم

Mahabba Campaign Part-510

Tweet 510

തബൂക്കിലേക്കുള്ള സഞ്ചാര മധ്യേ നബിﷺ സമൂദ് ഗോത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇറങ്ങി. നിസ്കാരത്തിനു വേണ്ടിയുള്ള വിളിയാളങ്ങൾ മുഴക്കി. സമൂദ് ഗോത്രത്തിന്റെ പഴയ വാസസ്ഥലങ്ങളിലേക്ക് സ്വഹാബികൾ കടന്നുപോയി. അപ്പോൾ തിരുനബിﷺ വിളിച്ചു ചോദിച്ചു. അല്ലാ.. അല്ലാഹുവിന്റെ കോപം അവതരിച്ചവരുടെ വാസസ്ഥലങ്ങളിലേക്കാണോ നിങ്ങൾ പോകുന്നത്? അവിടെ അധികനേരം താമസിക്കാൻ നബിﷺ ഇഷ്ടപ്പെട്ടില്ല. അവിടുന്ന് സമാഹരിച്ച വെള്ളവും മറ്റും അവിടെത്തന്നെ ഒഴിവാക്കാൻ നബിﷺ നിർദ്ദേശിച്ചു. അല്ലാഹുവിന്റെ കല്പനകളെ ലംഘിക്കുകയും നിയമങ്ങളെ പാലിക്കാതിരിക്കുകയും ചെയ്ത ഒരു ജനതയുടെ ഗതികേടിനെ കുറിച്ച് നബിﷺ അനുയായികളെ ബോധ്യപ്പെടുത്തി. ദുഃഖത്തോടെ അതിവേഗം കടന്നു പോകേണ്ട സ്ഥലങ്ങളാണ് ഇത്തരം ഇടങ്ങൾ എന്ന് നബിﷺ അനുയായികളെ പഠിപ്പിച്ചു.

ഗതകാല സംഭവങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പാഠം ഉൾക്കൊള്ളാനും ജീവിതത്തെ ക്രമീകരിക്കാനും ആണെന്ന് തിരുനബിﷺ ഉപദേശിച്ചു.

തബൂക്കിന്റെ സ്മരണകളിൽ ഉയർന്നുവരുന്ന മറ്റൊരു പേരാണ് അബ്ദുല്ലാഹി ദുൽ ബിജാദൈൻ(റ). അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു. തബൂക്ക് വേളയിൽ ഞാൻ നബിﷺയോടൊപ്പം ആയിരുന്നു. പെട്ടെന്നൊരു രാത്രിയിൽ ഞാൻ എഴുന്നേറ്റു. അതാ അവിടെ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഒരു വെളിച്ചം. ഞാനങ്ങോട്ട് നീങ്ങിയപ്പോഴേക്കും അവിടെ തിരുനബിﷺയും അബൂബക്കറും(റ) ഉമറും(റ) ഉണ്ടായിരുന്നു. വിവരം എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. അബ്ദുല്ലാഹി ദുൽ ബിജാദൈൻ(റ) എന്ന സ്വഹാബി മരണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ മറമാടാൻ വേണ്ടി ഖബർ തയ്യാർ ചെയ്തു. അദ്ദേഹത്തിന്റെ ശരീരം അടുത്തേക്ക് വെക്കാൻ നബിﷺ നിർദ്ദേശിച്ചു. ആ ശരീരത്തിന്റെ അടുത്ത് നിന്ന് നബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ എനിക്ക് അദ്ദേഹത്തോട് പൊരുത്തമാണ്. നീയും ഇദ്ദേഹത്തെ തൃപ്തിപ്പെടേണമേ! ഇബ്നു മസ്ഊദ്(റ) പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തോട് കാണിച്ച വാത്സല്യവും, അദ്ദേഹത്തിന് വേണ്ടി നിർവഹിച്ച പ്രാർത്ഥനയും അനുഭവിച്ചപ്പോൾ ആ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ, എന്റെ ശരീരമായിരുന്നു ആ ഖബറിൽ വെച്ചിരുന്നതെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി.

അദ്ദേഹം ഇസ്ലാം സ്വീകരിച്ച വേളയിൽ ആളുകൾ അദ്ദേഹത്തെ മർദ്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒടുവിൽ ഒരു വസ്ത്രം മാത്രം നൽകി അദ്ദേഹത്തെ ഉപേക്ഷിച്ചു. അദ്ദേഹം തിരുനബിﷺയുടെ അടുത്തേക്ക് അതിവേഗം സഞ്ചരിച്ചെത്തി. അതിനിടയിൽ ധരിച്ചിരുന്ന വസ്ത്രം കീറി രണ്ട് ഭാഗമായി മാറി. ഈ പശ്ചാത്തലത്തിലാണ് രണ്ട് കഷ്ണം മുണ്ടിന്റെ ആൾ എന്ന് അർത്ഥം വരുന്ന ദുൽ ബിജാദൈൻ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്.

ആദ്യകാലത്തെ വിശ്വാസികൾ ഇസ്ലാമിനെ ഏറ്റെടുത്തത് എങ്ങനെയെന്നും ഇസ്ലാമിനുവേണ്ടി സമർപ്പിച്ചത് എന്തെല്ലാമാണെന്നും ബോധ്യപ്പെടുത്തുന്ന ജീവിതമാണ് അബ്ദുല്ലാഹി ദുൽ ബിജാദൈനി(റ)യുടേത്.

പാവപ്പെട്ടവരോടും വിശുദ്ധ വിശ്വാസികളോടും തിരുനബിﷺക്ക് ഉണ്ടായിരുന്ന കരുണയും മമതയും ഈ സംഭവം നമ്മെ അറിയിക്കുന്നു. തിരുനബിﷺക്ക് നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം ആയിരുന്നു തങ്ങൾക്ക് അദ്ദേഹത്തോടുള്ള തൃപ്തി പ്രഖ്യാപിക്കുകയും അല്ലാഹുവിൽ നിന്നുള്ള പൊരുത്തം പ്രാർത്ഥിക്കുകയും ചെയ്തത്.

അദ്ദേഹത്തിന്റെ ജനാസ രാത്രിയിലാണ് മറമാടിയത്. കർമശാസ്ത്രപരമായ ഒരു അധ്യാപനം കൂടി ഇതിലുണ്ട്. രാത്രിയിൽ മറമാടുന്നതിന് വിരോധമില്ല എന്നതാണത്.

നബി ജീവിതത്തിന്റെ ഓരോ ഇടപെടലുകളും നടപടികളും ഒരു വ്യവസ്ഥിതിയെ സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു. അനുഷ്ഠാന, കർമ്മ ജീവിതങ്ങളിൽ എങ്ങനെയൊക്കെ ആകണം എന്നത് കേവലം ഒരു രചനയിലൂടെ കൈമാറുകയല്ല തിരുനബിﷺ ചെയ്തത്. മറിച്ച്, ജീവിതത്തിന്റെ സന്ദർഭങ്ങളിൽ പ്രയോഗിച്ചുകൊണ്ട് പഠിപ്പിക്കുകയായിരുന്നു. നബിﷺയുടെ സംസാരം, പ്രവൃത്തി, അനുവാദങ്ങൾ എല്ലാം ഒത്തുചേരുമ്പോഴാണ് നബിചര്യ അഥവാ സുന്നത്ത് സമ്പൂർണ്ണമാകുന്നത്. അല്ലാഹു മനുഷ്യരിൽ നിന്ന് ആവശ്യപ്പെടുന്ന ജീവിത വ്യവസ്ഥിതികളെ മാതൃകാപരമായി ജീവിച്ചു കാണിക്കുവാൻ വേണ്ടിയാണ് അവന്റെ ദൂതന്മാരെ നിയോഗിച്ചത്. എക്കാലത്തേക്കും പ്രയുക്തമായ ജീവിതത്തെ ആവിഷ്കരിക്കാൻ വേണ്ടിയാണ് തിരുനബിﷺയെ നിയോഗിച്ചത്. മനുഷ്യകത്തിന് മുഴുവനും മാതൃകയാണല്ലോ തിരുദൂതർﷺ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-511

Tweet 511

മറ്റു പല സന്ദർഭങ്ങളിലെയും പോലെ തബൂക്ക് വേളയിലും നിരവധി അമാനുഷിക സംഭവങ്ങൾ ഉണ്ടായി. സമൂദ് ഗോത്രത്തിന്റെ അവശിഷ്ടങ്ങൾ കടന്നു മുന്നോട്ടുപോകുമ്പോൾ വെള്ളം ലഭിക്കാതെ ആളുകൾ പ്രയാസത്തിലായി. മാർഗ്ഗങ്ങൾ ഒന്നും കാണാതെ വന്നപ്പോൾ എല്ലാവരും നേരിട്ട് നബിﷺയെ സമീപിച്ചു. നബിﷺ മഴക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്തു. ഉടൻതന്നെ നല്ല മഴ വർഷിക്കുകയും വെള്ളത്തിന്റെ പ്രയാസം നീങ്ങി കിട്ടുകയും ചെയ്തു.

മറ്റൊരു സംഭവം കൂടി ഇങ്ങനെ വായിക്കാം. നബിﷺ തബൂക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വഴി മധ്യേ അവിടുത്തെ ഒട്ടകം കാണാതെയായി. സ്വഹാബികൾ ഒട്ടകത്തെ തേടി പലവഴിക്കും സഞ്ചരിച്ചു. ആ സമയത്ത് നബിﷺയുടെ അടുത്ത് ഉമാറത്തുബിന് ഹസ്മ്(റ) എന്ന സ്വഹാബിയും ഉണ്ടായിരുന്നു. ഉടമ്പടിയിലും ബദ്റിലും പങ്കെടുത്ത സ്വഹാബിയായിരുന്നു അദ്ദേഹം. സൈദ് ബിൻ ലസീത് എന്നയാൾ അപ്പോൾ ഒരു സംശയം ഉയർത്തി. പ്രത്യക്ഷത്തിൽ വിശ്വാസിയായി അഭിനയിക്കുകയും ഉള്ളിൽ അവിശ്വാസം ഒളിപ്പിച്ചു വെക്കുകയും ചെയ്ത ആളായിരുന്നു.

ചോദ്യം ഇങ്ങനെയായിരുന്നു. മുഹമ്മദ് നബിﷺ പ്രവാചകത്വം വാദിക്കുന്നു. അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിക്കുന്നു എന്ന് അവകാശപ്പെടുന്നു. എന്നിട്ടെന്തേ സ്വന്തം ഒട്ടകം എവിടെയാണെന്നറിയാത്തത്? ആരും പറയാതെ തന്നെ നബിﷺ വിവരം അറിഞ്ഞു. ഉടനെ അനുയായികളോട് അവിടുന്ന് സംഭാഷണം നടത്തി. അതാ ഒരാൾ പറയുന്നു, എനിക്ക് ആകാശത്തുനിന്ന് സന്ദേശം ലഭിച്ചിട്ട് എന്തുകൊണ്ടാണ് എന്റെ ഒട്ടകത്തെ കണ്ടെത്താൻ കഴിയാത്തത് എന്ന്. അല്ലാഹു സത്യം! ഞാൻ അല്ലാഹുവിൽ നിന്നുള്ള സന്ദേശപ്രകാരമാണ് സംസാരിക്കുന്നത്. അവൻ അറിയിച്ചു തരുന്ന കാര്യങ്ങളാണ് നിങ്ങളോട് പങ്കുവെക്കുന്നത്. അതാ ഇന്നാലിന്ന താഴ്‌വരയിൽ ഒരു മരത്തിൽ കുടുങ്ങിക്കിടക്കുന്നു. സ്വഹാബികൾ ആ വഴിക്ക് പോയി നോക്കി. നബിﷺ പറഞ്ഞ സ്ഥലത്തുനിന്ന് തന്നെ ഒട്ടകത്തെ ലഭിച്ചു. ഈ രംഗം കണ്ട ഉമാറത്ത് ബിൻ ഹാസിം(റ) തമ്പിലേക്ക് തന്നെ മടങ്ങിയെത്തി. കപട വിശ്വാസികളിൽ പെട്ടവർ പറഞ്ഞ കാര്യങ്ങൾ ആരും പറയാതെ തന്നെ നബിﷺ അറിഞ്ഞതും ഒട്ടകത്തെ കണ്ടെത്തിയതും അവിടുന്ന് വിശദീകരിച്ചു. എന്നിട്ടും യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ മനസ്സു കാണിക്കാത്ത സൈദിനെ അവർ തമ്പിൽ നിന്ന് പുറത്താക്കി.

പ്രവാചകത്വത്തിന്റെ പ്രമാണങ്ങളിൽ അദൃശ്യമായ പല കാര്യങ്ങളും പറഞ്ഞ സംഭവങ്ങൾ നബി ജീവിതത്തിൽ ഏറെയാണ്.

അടിച്ചു വീശാനുള്ള കൊടുങ്കാറ്റിനെ കുറിച്ചും നബിﷺ മുന്നറിയിപ്പ് നൽകി. നബിﷺയുടെ മുന്നറിയിപ്പ് അനുസരിച്ച് ആളുകൾ അവരുടെ സാധനസാമഗ്രികൾ ഭദ്രമാക്കി വച്ചു. നാൽക്കാലികളെ കെട്ടിയിട്ടു. നബിﷺയുടെ മുന്നറിയിപ്പ് പോലെ തന്നെ ശക്തമായ കൊടുങ്കാറ്റ് ഉണ്ടായി.

മുആദ് ബിൻ ജബൽ(റ) നിവേദനം ചെയ്യുന്നു. തുടർന്ന് അങ്ങോട്ടുള്ള യാത്രയിൽ നബിﷺ പറഞ്ഞു. നാളെ പ്രഭാതം ആകുമ്പോൾ നിങ്ങൾ തബൂക്ക് അരുവിയുടെ അടുത്തെത്തും. എന്നാൽ, പ്രഭാതം പൊട്ടി വിടരുന്നത് വരെ നിങ്ങൾ വെള്ളത്തെ സമീപിക്കരുത്. ഞാൻ വരുന്നതുവരെ ആ വെള്ളത്തിൽ നിന്ന് ഉപയോഗിക്കുകയും ചെയ്യരുത്. നബിﷺ പറഞ്ഞത് പ്രകാരം തന്നെ ഞങ്ങൾ രാവിലെ തബൂക്ക് അരുവിയുടെ അടുത്തെത്തി. നബിﷺയുടെ ആഗമനം കാത്ത് ഞങ്ങൾ എല്ലാവരും നിന്നു. പക്ഷേ, രണ്ടാളുകൾ വെള്ളം കണ്ട മാത്രയിൽ തന്നെ അതിലേക്ക് ഇറങ്ങി. ഒരു നേരിയ ധാര മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. നബിﷺ എത്തിച്ചേർന്ന ഉടനെ ചോദിച്ചു. നിങ്ങൾ രണ്ടുപേരും ഈ വെള്ളത്തിൽ സ്പർശിച്ചിരുന്നുവോ. അവർ പറഞ്ഞു, അതെ. അപ്പോൾ നബിﷺ അവരെ വഴക്കു പറഞ്ഞു. ശേഷം, കുറേശ്ശെ കുറേശ്ശെ വെള്ളം കോരിയെടുത്തു. ശേഷം, നബിﷺ അവിടുത്തെ മുഖവും കൈകളും കഴുകി. ശേഷം, ആ വെള്ളം അരുവിയിലേക്ക് തന്നെ ഒഴിച്ചു. ഞൊടിയിടയിൽ തന്നെ അരുവി നിറഞ്ഞൊഴുകാൻ തുടങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-512

Tweet 512

തബൂക്കിലെ അരുവികളിൽ നിന്ന് വെള്ളമുപയോഗിച്ച ശേഷം നബിﷺ മുആദി(റ)നെ വിളിച്ചു. അല്ലയോ മുആദേ(റ).. നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകിയാൽ ഇവിടെ ഉദ്യാനങ്ങളും തോട്ടങ്ങളും അരുവികളും സസ്യലതാദികളും നിറഞ്ഞുനിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വരണ്ടു കിടന്നിരുന്ന തബൂക്ക് പിൽക്കാലത്ത് ഹരിതാഭമായത് എല്ലാവർക്കും കാണാൻ നിയോഗം ഉണ്ടായി. ഇന്നും ആ ഹരിത ഭംഗിയിൽ അതേ പ്രദേശം തുടർന്നു പോകുന്നു.

അബൂ സഈദ് ഖുദ്രി(റ)യുടെ നിവേദനത്തിലേക്ക് നമുക്ക് പോകാം. തബൂക്ക് യുദ്ധവേളയിൽ ജനങ്ങൾ ആകെ വിശന്നു. ഭക്ഷണത്തിന് ഒരു വകുപ്പും കാണുന്നില്ല. ഒടുവിൽ അവരുടെ പക്കലുള്ള ഒട്ടകങ്ങളെ അറുത്താലോ എന്ന് ആലോചിച്ചു. ചില സ്വഹാബികൾ നബിﷺയോട് ചോദിച്ചപ്പോൾ അവിടുന്ന് സമ്മതം നൽകുകയും ചെയ്തു. വിവരമറിഞ്ഞ ഉമർ(റ) നബിﷺയെ സമീപിച്ചു. അവിടുന്ന് പറഞ്ഞു. അല്ലയോ പ്രവാചകരെﷺ… ഇങ്ങനെ നമ്മൾ വിശപ്പകറ്റാൻ വേണ്ടി ഒട്ടകങ്ങളെ അറുത്താൽ പിന്നീട് നമുക്ക് സഞ്ചരിക്കാൻ വാഹനങ്ങൾ മതിയാകാതെ വരും. അതുകൊണ്ട് അവിടുന്ന് നമ്മുടെ ഭക്ഷണത്തിൽ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ചാലും. ഉടനെ തിരുനബിﷺ സൈന്യത്തിൽ ഓരോരുത്തരുടെയും പക്കൽ ബാക്കിയുള്ള ഭക്ഷണം എന്താണോ അത്‌ കൊണ്ടുവരാൻ പറഞ്ഞു. അങ്ങനെ ലഭിച്ചത് മുഴുവനും ഒരുമിച്ചുകൂട്ടി അതിന്മേൽ തിരുനബിﷺ പ്രാർത്ഥിച്ചു. എല്ലാവരോടും കഴിക്കുവാനും പാത്രങ്ങളിൽ കരുതുവാനും നിർദേശിച്ചു. മതിയാവോളം കഴിക്കുകയും പാത്രങ്ങളിൽ ശേഖരിക്കുകയും ചെയ്തിട്ടും ആദ്യം കൊണ്ടുവന്നത് അവസാനിച്ചില്ല. അപ്പോൾ നബിﷺ സത്യ വാചകം ചൊല്ലിയിട്ട് പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹൻ ഇല്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും മനസ്സറിഞ്ഞ് സത്യസന്ധമായി ഉൾക്കൊണ്ട ഒരാൾ മരണാനന്തരം സ്വർഗ്ഗ പ്രവേശത്തിൽ നിന്ന് തടയപ്പെടുകയില്ല.

പ്രവാചകരുﷺടെ പ്രാർത്ഥന കൊണ്ടും അനുഗ്രഹം കൊണ്ടുമാണ് ഭക്ഷണപാനീയങ്ങളിൽ വർദ്ധനവുണ്ടായത്. പ്രവാചകത്വത്തിന്റെ പ്രമാണങ്ങളിലെ അത്ഭുത സംഭവങ്ങൾ സുപ്രധാനമായ ഒരു അധ്യായമാണ്. കേവല യുക്തിയുടെയും സാധാരണ ന്യായങ്ങളുടെയും മുന്നിൽ വച്ച് പ്രവാചകത്വത്തെയും തിരുജീവിതത്തെയും വ്യാഖ്യാനിക്കുകയും മാറ്റുരക്കുകയും ചെയ്യുന്നവരുണ്ട്. അവർക്ക് മതത്തിന്റെ മൂല്യവും പ്രവാചകത്വത്തിന്റെ പ്രാധാന്യവും ദിവ്യ സന്ദേശങ്ങളുടെ യാഥാർത്ഥ്യവും അറിയില്ല.

തിരുനബിﷺയുടെ തബൂക്ക് മുന്നേറ്റ വേളയിൽ കപട വിശ്വാസികൾ പല കുതന്ത്രങ്ങളും പ്രയോഗിച്ചു. പ്രവാചകരെﷺക്കുറിച്ച് അവിശ്വാസം പ്രചരിപ്പിക്കാനും തിരുനബിﷺയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാനും പല വഴികളും അവർ നോക്കി. കൂട്ടത്തിൽ പത്തിൽപരം ആളുകൾ പലവിധ ആക്ഷേപങ്ങളുമായി സ്വഹാബികൾക്കിടയിൽ സഞ്ചരിച്ചു. തിരുനബിﷺയെ കാണുമ്പോൾ നല്ല പിള്ളമാരായി ചമയുകയും ഒറ്റപ്പെട്ട സമയങ്ങളിൽ പ്രവാചകർﷺക്കെതിരെ പലതും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അല്ലാഹുവിൽ നിന്നുള്ള വിവരപ്രകാരം ഈ വിഷയങ്ങളെല്ലാം തിരുനബിﷺ അറിഞ്ഞു. അവരെ വിളിച്ചുകൊണ്ട് നബിﷺ ചോദിച്ചു. എന്താണ് നിങ്ങളീ ചെയ്തുകൊണ്ടിരിക്കുന്നത്? അല്ലാഹുവിന്റെ ദൂതരെ നിഷേധിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളെ നിരൂപണം നടത്തുകയും ചെയ്യുകയാണോ? അപ്പോൾ അവർ അവരുടെ വർത്തമാനങ്ങളെ നിഷേധിച്ചു. ഞങ്ങൾ ഒന്നും പറഞ്ഞിട്ടേയില്ല എന്ന് ആണയിട്ടു പറഞ്ഞു.

ഈ സന്ദർഭം പരാമർശിച്ചുകൊണ്ട് അത്തൗബ അധ്യായത്തിലെ 74 ആം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെയാണ്. “തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ ‎ആണയിടുന്നു. എന്നാല്‍ ഉറപ്പായും അവര്‍ സത്യനിഷേധത്തിന്റെ വാക്ക് ‎ഉരുവിട്ടിരിക്കുന്നു. ഇസ്ലാം സ്വീകരിച്ചശേഷം അവര്‍ സത്യനിഷേധികളായി. ‎തങ്ങൾക്കു ചെയ്യാനാവാത്ത ചിലത് പ്രവർത്തിക്കാന്‍ മുതിരുകയും ചെയ്തു. ‎എന്നാല്‍, അല്ലാഹുവും ‎അവന്റെ ദൂതനുംﷺ ദൈവാനുഗ്രഹത്താല്‍ അവർക്ക് സുഭിക്ഷത ‎നൽകിയതുമാത്രമാണ്, അവരുടെ ഈ ശത്രുതക്കൊക്കെയും കാരണം. ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ ‎അതാണവർക്കു നല്ലത്. അഥവാ, അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ ‎അല്ലാഹു ഇഹത്തിലും പരത്തിലും അവർക്ക് നോവേറിയ ശിക്ഷ നല്കും . ‎ഇവിടെ ഭൂമിയിലും അവർക്ക് ഒരു രക്ഷകനോ സഹായിയോ ‎ഉണ്ടാവുകയില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-513

Tweet 513

തബൂക്ക് യുദ്ധത്തോട് ചേർന്ന് വളരെയേറെ വായിക്കപ്പെടുന്ന ഒരു സംഭവമാണ് കഅബു ബിനു മാലിക്കി(റ)ന്റേത്. തബൂക്ക് മുന്നേറ്റത്തിൽ നബിﷺയോടൊപ്പം പോകാൻ സാഹചര്യം ഉണ്ടായിട്ടും പോകാതിരുന്ന മൂന്നു പേരുടെ കഥ കൂടിയാണത്.

നബിﷺയോടൊപ്പം തബൂക്കിലേക്ക്‌ പോകാതെ പിന്തിനിന്നവര്‍ മൂന്ന് വിഭാഗക്കാരായിരുന്നു.

ഒന്ന്. കപടവിശ്വാസികൾ: ഇവരായിരുന്നു അവരില്‍ അധികവും. അവ൪ യുദ്ധത്തിന് പുറപ്പെടാതെ പിന്തിരിഞ്ഞ് വഞ്ചന കാണിച്ചു. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന നബിﷺയോട് അവ൪ കളവ് പറഞ്ഞ് ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ച് തല്‍ക്കാലം രക്ഷപ്പെട്ടു. അവരുടെ കാര്യത്തില്‍ വിശുദ്ധ ഖുർആൻ ഒമ്പതാം അധ്യായം 101 ആം വചനത്തിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
“നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്‌, മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. തങ്ങൾക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌. പിന്നീട്, വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌.”

രണ്ട്. അലസതയും മടിയും കാരണം പോകാതിരുന്നുവെങ്കിലും പിന്നീട്‌ കുറ്റം സമ്മതിച്ച് ഖേദിക്കുകയും, നബിﷺയോട് പാപമോചനം തേടുവാന്‍ അപേക്ഷിക്കുകയും, ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്‌തവര്‍. അബൂലുബാബത്തല്‍ അന്‍സ്വാരി(റ)യും അദ്ദേഹത്തിന്റെ ചില കൂട്ടുകാരുമാണ് അവരെന്നാണ് ഇബ്‌നു ജരീര്‍(റ) മുതലായ ഖുർആൻ വ്യാഖ്യാതാക്കൾ പ്രസ്‌താവിക്കുന്നത്‌. അവരുടെ കാര്യത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത് 102 ആം സൂക്തത്തിൽ ഇങ്ങനെയാണ്.
“തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്‌. സല്‍കര്‍മ്മവും, വേറെ ദുഷ്കര്‍മ്മവും അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

മൂന്ന്. അലസതയും മടിയുമായി പോകാതിരിക്കുകയും പിന്നീട്‌ കുറ്റം സമ്മതിച്ച് ഖേദിക്കുകയും ചെയ്‌തുവെങ്കിലും നബിﷺയുടെ അടുക്കല്‍ വന്ന്‌ ഒഴികഴിവ്‌ പറയുകയോ, പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കുകയോ ചെയ്യാത്തവരാണിവ൪. കഅ്ബ് ഇബ്‌നു മാലിക്(റ), മറാറത്ത് ഇബ്‌നു റബീഅ്(റ), ഹിലാലുബ്‌നു ഉമയ്യ(റ) എന്നീ മൂന്നു പേരാണവര്‍. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന നബിﷺയോട് എന്തെങ്കിലും കളവ് പറഞ്ഞോ, ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ചോ രക്ഷപെടാന്‍ ശ്രമിക്കാതെ ഈ മൂന്ന് സ്വഹാബികള്‍ സത്യം മാത്രം പറഞ്ഞു. അവരുടെ കാര്യത്തില്‍ അല്ലാഹു 106ആം സൂക്തത്തിൽ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്.
“അല്ലാഹുവിന്‍റെ കല്‍പന കിട്ടുന്നത് വരെ തീരുമാനം മാറ്റിവെക്കപ്പെട്ട മറ്റുചിലരുമുണ്ട്‌. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.”

ഈ മൂന്നുപേരുടെ കാര്യത്തില്‍, അവരുടെ തൗബഃ അഥവാ പശ്ചാത്താപം സ്വീകരിക്കുമെന്നോ, ഇല്ലെന്നോ ഈ വചനത്തില്‍ സൂചിപ്പിച്ചിട്ടില്ല. അവരുടെ കാര്യത്തില്‍ അല്ലാഹുവിൽ നിന്ന് തീരുമാനം വരുന്നതുവരെ നബിﷺ അവരെ അകറ്റി നിര്‍ത്തി. അല്ലാഹുവിന്റെ വിധി വരുന്നതുവരെ അവരുമായി ഒരു സാമൂഹിക ബന്ധവും പാടില്ലെന്ന് മുസ്‌ലിംകള്‍ക്ക് പൊതുകല്‍പ്പന നല്‍കുകയും ചെയ്തു. അവ൪ക്കെതിരെ നിസ്സഹകരണവും വിലക്കും പ്രഖ്യാപിച്ചു. ജനങ്ങളെല്ലാം അവരെ ബഹിഷ്ക്കരിച്ചു. അന്നുവരെ ഇല്ലാത്ത മാനസിക സംഘര്‍ഷവും ബഹിഷ്‌കരണവുമായിരുന്നു കഅ്ബ് ഇബ്‌നു മാലികിനും(റ) മറ്റ് രണ്ട് സ്വഹാബിമാ൪ക്കും ഉണ്ടായിരുന്നത്.

തുല്യതയില്ലാത്ത പ്രയാസങ്ങളും മാനസിക സംഘര്‍ഷവും ഉണ്ടായിട്ടും സത്യസന്ധത പുലര്‍ത്തിയ ആ സ്വഹാബിമാര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആഴ്ചകള്‍ കഴിച്ചു കൂട്ടിയ അവരുടെ മാനസിക പ്രയാസത്തെക്കുറിച്ച് ഒമ്പതാം അധ്യായം 118 ആം സൂക്തത്തിൽ അല്ലാഹു പറയുന്നത് ഇങ്ങനെയാണ്. “അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് സംഘർഷപ്പെടുകയും, അല്ലാഹുവില്‍ നിന്ന് രക്ഷതേടുവാന്‍ അവനിലേക്കല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍.”

നാല്‍പത് ദിവസത്തിന് ശേഷം അവരുടെ കാര്യത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും അവരുടെ തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു. തബൂക്ക്‌ യുദ്ധയാത്രയില്‍ നബിﷺയോടൊപ്പം പങ്കെടുത്ത മുഹാജിറുകളും അന്‍സ്വാരികളും അടങ്ങുന്ന സത്യവിശ്വാസികള്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നുവെന്ന് വിശുദ്ധ ഖു൪ആന്‍ പ്രഖ്യാപിച്ചതിനോട് ചേ൪ത്ത്, ഈ മൂന്ന് സ്വഹാബിമാരുടെ കാര്യവും പറഞ്ഞിരിക്കുന്നു. 117, 118 സൂക്തങ്ങളുടെ ആശയം നോക്കൂ.

“പ്രവാചകനുംﷺ പ്രയാസഘട്ടത്തില്‍ പ്രവാചകനെﷺ പിൻപറ്റിയ ‎മുഹാജിറുകൾക്കും അൻസ്വാറുകൾക്കും അല്ലാഹു മാപ്പ് നൽകിയിരിക്കുന്നു. ‎അവരിലൊരു വിഭാഗത്തിന്റെ മനസ്സ് അൽപം പതറിപ്പോയിരുന്നുവെങ്കിലും! ‎പിന്നീട് അല്ലാഹു അവർക്ക് പൊറുത്തുകൊടുത്തു. തീർച്ചയായും അല്ലാഹു ‎അവരോട് ഏറെ കൃപയുള്ളവനും പരമദയാലുവുമാണ്. ‎തീരുമാനം മാറ്റിവെക്കപ്പെട്ട ആ മൂന്നാളുകൾക്കും അവന്‍ ‎മാപ്പ് നൽകിയിരിക്കുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-514

Tweet 514

‘കഅ്‌ബുബ്‌നു മാലിക്കി(റ)ന്റെ സംഭവം വിശദീകരിക്കുന്ന വിശാലമായ ഒരു നിവേദനം ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‍റെ മകൻ അബ്ദുല്ല(റ) പറയുന്നു. പിതാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടശേഷം അദ്ദേഹത്തെ നയിച്ചു കൊണ്ടിരുന്ന ആളും അദ്ദേഹമായിരുന്നു. കഅബ്(റ) പറയുന്നു. ‘’തബൂക്ക്‌ യുദ്ധത്തിലല്ലാതെ മറ്റൊരു യുദ്ധത്തിലും നബിﷺയൊന്നിച്ച് ഞാന്‍ പങ്കെടുക്കാതിരുന്നിട്ടില്ല. പക്ഷേ, ബദ്‌റില്‍ പങ്കെടുക്കാൻ അവസരമുണ്ടായില്ല. അതില്‍ പങ്കെടുക്കാത്തവരെപ്പറ്റി ആക്ഷേപവും ഉണ്ടായിട്ടില്ല. ഒരു മുന്‍നിശ്ചയം കൂടാതെ ഖുറൈശികളുടെ വര്‍ത്തകസംഘത്തെ ഉദ്ദേശിച്ചുകൊണ്ട്‌ മാത്രമായിരുന്നുവല്ലോ നബിﷺ അന്ന്‌ പുറപ്പെട്ടത്‌. അല്‍അഖബഃ ഉടമ്പടി ഉണ്ടായ രാത്രിയില്‍ ഞങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിച്ച്‌ കരാര്‍ നടത്തിയപ്പോള്‍ ഞാനും അതില്‍ സന്നിഹിതനായിരുന്നു. ജനമദ്ധ്യേ ബദ്‌ര്‍ യുദ്ധത്തിനാണ്‌ അധികം പ്രശസ്‌തിയുള്ളതെങ്കിലും അഖബഃയുടെ സ്ഥാനം ബദ്‌റിനു നല്‍കുവാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. തബൂക്കില്‍ നിന്ന്‌ ഞാന്‍ പിന്തി നിന്നത്‌ ഇങ്ങിനെയാണ്‌.

അന്ന്‌ എനിക്ക്‌ മുമ്പത്തെക്കാളൊക്കെ കഴിവും, സൗകര്യവുമുണ്ടായിരുന്നു. നബിﷺ യുദ്ധയാത്രകള്‍ ചെയ്യുമ്പോള്‍ സാധാരണ ലക്ഷ്യസ്ഥാനം വ്യക്തമാക്കാറില്ലായിരുന്നു. ആ യാത്ര ഉഷ്‌ണകാലത്ത് വളരെ ദൂരേക്ക്, വമ്പിച്ച ഒരു സൈന്യത്തെ നേരിടുവാനായിരുന്നത് കാരണം മുസ്‌ലിംകള്‍ വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുവാന്‍ വേണ്ടി യാത്രയുടെ ലക്ഷ്യം നേരത്തെതന്നെ അവിടുന്ന്‌ അറിയിച്ചിരുന്നു. നബിﷺയോടൊപ്പം അക്കാലത്ത്‌ മുസ്‌ലിംകൾ ധാരാളമുണ്ടായിരുന്നു. പക്ഷേ, പട്ടാളക്കാരുടെ പട്ടിക രേഖപ്പെടുത്തുന്ന സമ്പ്രദായം അന്നില്ലായിരുന്നു. അതുകൊണ്ട്‌ യുദ്ധത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നില്‍ക്കണമന്നുദ്ദേശിക്കുന്നവരെ പ്രത്യേകം വഹ്‌യ്‌ മുഖേന അറിവുകിട്ടിയാലല്ലാതെ പ്രഥമ ദൃഷ്ട്യ അറിയുമായിരുന്നില്ല. തങ്ങളെപ്പറ്റി നബിﷺക്ക്‌ അറിയുവാന്‍ കഴിയുകയില്ലെന്ന്‌ ധരിക്കാത്തവര്‍ കുറവായിരുന്നു. പഴവര്‍ഗങ്ങളും തണലും നന്നായി വരുന്ന ഒരു കാലത്തായിരുന്നു നബിﷺയുടെ പുറപ്പാട്‌.

ഏതായാലും, നബിﷺയും മുസ്‌ലിംകളും ഒരുക്കങ്ങള്‍ ചെയ്‌തു. ഞാന്‍ ഒരുങ്ങിയും അല്ലാതെയും പോകണോ വേണ്ടേ എന്ന രീതിയിൽ കഴിഞ്ഞുകൂടി. നബിﷺയും ജനങ്ങളും യാത്ര തുടങ്ങി. അപ്പോഴും ഞാന്‍ വാഹനം കയറി പുറപ്പെട്ടെങ്കിലോ എന്നുദ്ദേശിച്ചു. കഷ്ടമായിപ്പോയി! അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ എത്ര നന്നായേനേ! പക്ഷേ, അതിന്‌ വിധിയുണ്ടായില്ല! നബിﷺ പുറപ്പെട്ടുപോയതില്‍ പിന്നെ, പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ കപടവിശ്വാസത്തിന്‍റെ ആക്ഷേപത്തിനു വിധേയരായ ആളുകളെ, അല്ലെങ്കില്‍ അല്ലാഹു ഒഴിവു കഴിവ്‌ അനുവദിച്ചുകൊടുത്തിട്ടുള്ള ദുര്‍ബ്ബലരായ ആളുകളെ അല്ലാതെ എനിക്ക്‌ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. തബൂക്കിലെത്തുന്നതുവരെ നബിﷺക്ക്‌ എന്നെക്കുറിച്ച്‌ ഓര്‍മവന്നില്ല. തബൂക്കില്‍ വെച്ച്‌ കഅ്‌ബ്‌(റ) എന്ത്‌ ചെയ്‌തുവെന്ന്‌ നബിﷺ അന്വേഷിച്ചു. ബനൂസലമ ഗോത്രത്തില്‍പെട്ട ഒരാള്‍ “അദ്ദേഹത്തിന്‍റെ സുഖസൗകര്യങ്ങള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കയാണ്‌.’’ എന്ന്‌ പറഞ്ഞു. അപ്പോള്‍ മുആദുബ്‌നുജബല(റ) പറഞ്ഞു: “താന്‍ ആ പറഞ്ഞത്‌ മോശമായിപ്പോയി. അദ്ദേഹത്തെ സംബന്ധിച്ച്‌ നല്ലതല്ലാതെ നമുക്കറിവില്ല.’’ നബിﷺ അപ്പോള്‍ മൗനമവലംബിച്ചു. അങ്ങനെയിരിക്കെ, വെള്ള വസ്‌ത്രം ധരിച്ചുകൊണ്ട്‌ ഒരാള്‍ മരീചികതാണ്ടി വരുന്നതായി ദൂരെ നിന്ന്‌ കണ്ടു. ‘അത്‌ അബൂഖൈസമ(റ)യായിരിക്കണം’ എന്ന്‌ നബിﷺ പറഞ്ഞു. ഒരു സ്വാഅ് കാരക്ക സംഭാവന നല്‍കിയതിനാല്‍, കപടവിശ്വാസികളുടെ പരിഹാസം കേട്ട അബൂഖൈസമ(റ) തന്നെയായിരുന്നു അത്‌.

കഅ്ബ്‌(റ) തുടരുന്നു: ”തബൂക്കില്‍ നിന്ന്‌ നബിﷺ മടങ്ങിവരുന്നുണ്ടെന്ന്‌ കേട്ടപ്പോള്‍, ഞാൻ ദുഖഃത്തിലായി . നബിﷺയുടെ കോപത്തില്‍നിന്ന്‌ ഞാന്‍ എങ്ങിനെ രക്ഷപ്പെടും? ആരെയൊക്കെ അതിന്‌ ഉപയോഗപ്പെടുത്താം? എന്നൊക്കെ ആലോചിച്ചു. പറഞ്ഞു രക്ഷപ്പെടാനുള്ള ഉപായങ്ങൾ മനസ്സിൽ സ്വരൂപിച്ചുകൊണ്ടിരുന്നു. നബിﷺ എത്താറായി എന്ന്‌ കേട്ടപ്പോള്‍, ആ ദുര്‍വിചാരമൊക്കെ എന്നില്‍ നിന്ന്‌ നീങ്ങി. ഒന്നുകൊണ്ടും എനിക്ക്‌ രക്ഷയില്ലെന്ന്‌ ബോധ്യം വന്നു. സത്യം പറയുവാന്‍ തന്നെ ഞാന്‍ നിശ്ചയിച്ചു. നബിﷺ രാവിലെ എത്തി. വല്ല യാത്രയും കഴിഞ്ഞു വരുമ്പോള്‍ അവിടുന്ന്‌ ആദ്യം പളളിയില്‍ കടന്നു രണ്ടു റക്‌അത്ത്‌ നിസ്‌കരിക്കുകയും പിന്നീട്‌ ജനങ്ങള്‍ക്കുവേണ്ടി ഇരുന്നുകൊടുക്കുകയും പതിവാണ്‌. ആ ഇരുത്തത്തില്‍, യുദ്ധത്തില്‍ നിന്ന്‌ ഒഴിഞ്ഞുനിന്നവര്‍ ചെന്ന്‌ നബിﷺയോട്‌ ഒഴിവുകഴിവുകള്‍ പറയുകയും, സത്യം ചെയ്യുകയുമൊക്കെ ചെയ്തു. അവര്‍ എൻപതിലധികം പേരുണ്ടായിരുന്നു. അവരില്‍ നിന്ന്‌ അവരുടെ ബാഹ്യമായ പ്രസ്താവനകൾ അംഗീകരിച്ചുകൊണ്ട്‌ നബിﷺ അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും അവരുടെ രഹസ്യം അല്ലാഹുവിങ്കലേക്ക്‌ വിടുകയും ചെയ്‌തു.

അങ്ങനെ, ഞാന്‍ ചെന്നു സലാം പറഞ്ഞു. അപ്പോള്‍, കോപം ഒതുക്കിവെച്ച ഒരാളുടെ മാതിരി ഒന്ന്‌ പുഞ്ചിരിച്ചുകൊണ്ട്‌ നബി ﷺ എന്നോട്‌ ‘വരൂ’ എന്ന്‌ പറഞ്ഞു. ഞാന്‍ പതുക്കെച്ചെന്നു അടുത്തിരുന്നു. എന്താണ്‌ പിന്തിനിന്നത്‌? വാഹനം വാങ്ങിയിരുന്നില്ലേ? എന്ന്‌ നബി ﷺ ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേﷺ, ലോകത്ത്‌ മറ്റേതെങ്കിലും ഒരാളുടെ അടുക്കലേക്കാണ്‌ ഞാന്‍ ഇരിക്കുന്നതെങ്കില്‍, വല്ല ഒഴികഴിവും പറഞ്ഞു അയാളുടെ കോപത്തില്‍ നിന്ന്‌ എനിക്ക്‌ ഒഴിവാകുവാന്‍ കഴിയുമായിരുന്നു. എനിക്ക്‌ കുറേയൊക്കെ തര്‍ക്കം നടത്തുവാനും കഴിവുണ്ട്‌. പക്ഷേ, അല്ലാഹുവിനെത്തന്നെ സത്യം! ഇന്ന്‌ ഞാന്‍ അവിടുത്തോട് വല്ല കളവും പറഞ്ഞു രക്ഷപ്പെട്ടാല്‍, അല്ലാഹു എന്നെ ശിക്ഷിച്ചേക്കും. ഞാന്‍ സത്യം പറഞ്ഞാല്‍, എന്നോട്‌ ദേഷ്യവും തോന്നും. അതുകൊണ്ട്‌ ഞാന്‍ അല്ലാഹുവിങ്കല്‍ നിന്ന്‌ നല്ല ഒരു തീരുമാനം കാത്തിരിക്കുകയാണ്‌. അല്ലാഹുതന്നെ സത്യം! എനിക്ക്‌ ഒരു മുടക്കവും ഉണ്ടായിരുന്നില്ല. ആ സമയത്തെക്കാള്‍ കഴിവും സൗകര്യവും അതിന്‌ മുമ്പുണ്ടായിരുന്നിട്ടുമില്ല. അപ്പോള്‍ നബിﷺ പറഞ്ഞു: ”ഇയാള്‍ പറഞ്ഞത്‌ സത്യമാണ്‌. താങ്കള്‍ പോയിക്കൊളളുക, താങ്കളുടെ കാര്യത്തില്‍ അല്ലാഹു തീരുമാനമെടുത്തുകൊള്ളും.’’

ബനൂസലമക്കാരായ ചിലര്‍ എന്‍റെ പിന്നാലെ വന്നു: ‘താങ്കള്‍ ഇതിന്‍റെ മുമ്പ്‌ കുറ്റമൊന്നും ചെയ്‌തിട്ടില്ലല്ലോ, മറ്റുള്ളവര്‍ ചെയ്‌തതുപോലെ നബിﷺയോട്‌ ചില ഒഴികഴിവുകള്‍ പറഞ്ഞ്‌ അവിടുന്ന്‌ താങ്കള്‍ക്കുവേണ്ടി പാപമോചനം തേടിയാല്‍ മതിയായിരുന്നുവല്ലോ?’ എന്നൊക്കെപ്പറഞ്ഞു എന്നെ ആക്ഷേപിച്ചുകൊണ്ടിരുന്നു. അങ്ങനെ നബിﷺയുടെ അടുക്കല്‍ മടങ്ങിച്ചെന്നു കളവ്‌ പറഞ്ഞാലോ എന്ന്‌ പോലും എനിക്ക്‌ തോന്നി. ‘എന്‍റെ ഈ അനുഭവമുണ്ടായ മറ്റാരെയെങ്കിലും നിങ്ങള്‍ക്കറിയാമോ?’ എന്ന്‌ ഞാന്‍ അവരോട്‌ അന്വേഷിച്ചു. അവര്‍ പറഞ്ഞു: ‘അറിയാം. മുറാറത്തുബ്‌നു റബീഉം(റ), ഹിലാലുബ്‌നുഉമയ്യയും(റ).’ ബദ്‌റില്‍ പങ്കെടുത്തവരും, നല്ലവരുമായിരുന്നു ആ രണ്ടുപേരും. അവര്‍ എനിക്കൊരു മാതൃകയുമാണ്‌. അത്‌ കേട്ടപ്പോള്‍, ഞാന്‍ മറ്റൊന്നിനും മുതിരാതെ എന്‍റെ വഴിക്കുപോന്നു .

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-515

Tweet 515

കഅ്‌ബ്‌ (റ) തുടരുന്നു: ‘ഞങ്ങള്‍ മൂന്നുപേരുമായി സംസാരിക്കുന്നത്‌ നബിﷺ നിരോധിച്ചു. അങ്ങനെ, ജനങ്ങള്‍ക്ക്‌ ഞങ്ങളോടുള്ള ഭാവം മാറി. ഈ ഭൂമി എനിക്കു അപരിചിതമായി തോന്നി. എന്‍റെ തുണക്കാരായ ആ രണ്ടുപേരും കരഞ്ഞുകൊണ്ട്‌ വീട്ടില്‍ ഇരുന്നു. അമ്പതു ദിവസം ഞങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ അവരെക്കാള്‍ യുവാവും ശക്തനുമായിരുന്നതുകൊണ്ട്‌ ഞാന്‍ നിസ്‌കാരത്തിന്‌ പള്ളിയില്‍ ഹാജരാകുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്‌തിരുന്നു. എന്നോട്‌ ഒരാളും സംസാരിക്കുകയില്ല. ഞാന്‍ നബിﷺക്ക്‌ സലാം പറയും. അവിടുന്ന്‌ സലാം മടക്കിയോ, ഇല്ലേ എന്നെനിക്ക്‌ സംശയം തോന്നും. ഞാന്‍ നബിﷺയുടെ അടുത്തുനിന്ന്‌ നിസ്‌കരിക്കും. നബിﷺ കാണാതെ ഞാൻ നബിﷺയുടെ നേരെ നോക്കുകയും ചെയ്യും. ഞാന്‍ അങ്ങോട്ട്‌ നോക്കുമ്പോള്‍ നബിﷺ എന്നില്‍ നിന്ന്‌ തിരിഞ്ഞുകളയും. ഞാന്‍ നിസ്‌കാരത്തിലേക്ക്‌ തിരിയുമ്പോള്‍ അവിടുന്ന്‌ എന്നെ നോക്കുകയും ചെയ്യും. മുസ്‌ലിംകള്‍ക്ക്‌ എന്നോടുള്ള വിലക്ക് വര്‍ധിച്ചപ്പോള്‍, ഞാന്‍ എന്‍റെ പിതൃവ്യപുത്രനും അടുത്ത സ്‌നേഹിതനുമായ അബൂഖത്താദഃ(റ)യുടെ അടുക്കല്‍ മതില്‍ കയറിച്ചെന്നു. അദ്ദേഹത്തിന്‌ ഞാന്‍ സലാം ചൊല്ലി. അല്ലാഹു തന്നെ സത്യം! അദ്ദേഹം സലാം മടക്കിയില്ല. ഞാന്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ട്‌ അദ്ദേഹത്തോട്‌ ചോദിച്ചു: ഞാന്‍ അല്ലാഹുവിനെയും റസൂലിനെﷺയും സ്‌നേഹിക്കുന്നതായി താങ്കള്‍ക്കറിയാമോ? അദ്ദേഹം മിണ്ടിയില്ല. ഞാന്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിനും റസൂലിനുംﷺ അറിയാം.’’ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ മതില്‍ കയറി തിരിച്ചുപോന്നു.

അങ്ങനെയിരിക്കെ, ധാന്യം വില്‍ക്കുവാന്‍ മദീനയില്‍ വന്ന ഒരു നബ്‌ത്വീ അഥവാ കര്‍ഷകന്‍ കഅ്‌ബുബ്‌നു മാലികി(റ)നെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌ ഞാന്‍ കേട്ടു. ജനങ്ങള്‍ എന്നെ ചൂണ്ടിക്കാട്ടി. അയാള്‍ ഗസ്സാനിലെ രാജാവിന്‍റെ വക ഒരു എഴുത്ത്‌ എനിക്ക്‌ തന്നു. എനിക്ക്‌ എഴുത്തറിയാമായിരുന്നു. ഞാന്‍ അത്‌ വായിച്ചുനോക്കുമ്പോള്‍ ഉള്ളടക്കം ഇതായിരുന്നു: ‘’തന്‍റെ ആള്‍ (നബിﷺയെയാണ് ഉദ്ദേശിച്ചത്) തന്നെ കൈവെടിഞ്ഞതായി അറിയുന്നു. ഈ ഭൂമി നിന്ദ്യതയുടെ ഭൂമിയൊന്നുമല്ല. താങ്കള്‍ ഇങ്ങോട്ട്‌ വരുക. നാം താങ്കള്‍ക്ക്‌ വേണ്ടുന്ന സഹായം ചെയ്യാം.’’ ഇതും ഒരു പരീക്ഷണം തന്നെയെന്ന്‌ പറഞ്ഞു ഞാന്‍ ആ എഴുത്ത്‌ അടുപ്പിലേക്കിട്ടു. അമ്പതില്‍ നാല്‍പതു ദിവസം കഴിഞ്ഞിട്ടും വഹ്‌യ്‌ വരാന്‍ താമസിച്ചു. അപ്പോഴതാ, നബിﷺയുടെ ഒരു ദൂതന്‍ വന്ന്‌ താന്‍ തന്‍റെ ഭാര്യയെ വിട്ടുനില്‍ക്കണം എന്ന്‌ കല്‍പിക്കുന്നു! വിവാഹമോചനം ചെയ്യേണമോ എന്ന്‌ ഞാന്‍ ചോദിച്ചു. വേണ്ടാ, തന്‍റെ കാര്യത്തില്‍ തീരുമാനം വരുന്നതുവരെ ഭാര്യയുമായി വിട്ടുനില്‍ക്കണം, സമീപിക്കരുത്‌ എന്ന്‌ അയാള്‍ മറുപടി പറഞ്ഞു. മറ്റേ രണ്ടാളുകളുടെ അടുക്കലേക്കും അപ്രകാരം ആളയച്ചിരുന്നു. എന്‍റെ ഭാര്യയോട്‌ അവളുടെ വീട്ടിലേക്ക്‌ പോയിക്കൊള്ളുവാന്‍ ഞാന്‍ പറഞ്ഞു.

കഅ്‌ബ്‌ (റ) പറയുന്നു: ‘ഹിലാലുബ്‌നു ഉമയ്യയുടെ ഭാര്യ നബിﷺയുടെ അടുക്കല്‍ ചെന്നു. ഇങ്ങിനെ പറഞ്ഞു. ‘’റസൂലേﷺ, ഹിലാലുബ്‌നുഉമയ്യ ഒരു വൃദ്ധനാണല്ലോ. അദ്ദേഹത്തിന്‌ ഭൃത്യന്‍മാരുമില്ല. അതുകൊണ്ട്‌ ഞാന്‍ അദ്ദേഹത്തിന്‌ ഭൃത്യവേല, ചെയ്‌തുകൊടുക്കുന്നതിന്‌ വിരോധമുണ്ടോ?” നബി ﷺ പറഞ്ഞു: ‘’ഇല്ല. എങ്കിലും അദ്ദേഹം തന്നെ സമീപിക്കരുത്‌.’’ ആ സ്‌ത്രീ പറഞ്ഞു; ‘’ഇല്ല, അദ്ദേഹത്തിനു യാതൊരു വിഷയത്തിലും ഒരു വികാരവുമില്ല. ഇന്നുവരെയും കരഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഇത്‌ കേട്ടപ്പോള്‍ എന്‍റെ ചില കുടുംബക്കാര്‍ എന്നോട്‌ എന്‍റെ ഭാര്യയെക്കുറിച്ചും നബിﷺയോടു സമ്മതം ചോദിക്കുവാന്‍ നിര്‍ദേശിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘ഞാനത്‌ ചെയ്യുകയില്ല. ഞാനൊരു യുവാവായിരിക്കെ, അവിടുന്ന്‌ എന്നോട്‌ എന്ത്‌ പറയുമെന്ന്‌ എനിക്ക്‌ നിശ്ചയമില്ല.’ അങ്ങനെ, പത്തുദിവസം കൂടി കഴിഞ്ഞു. ഞങ്ങളുമായുള്ള സംസാരം മുടക്കം ചെയ്‌തിട്ട്‌ അപ്പോഴേക്ക്‌ അമ്പതു ദിവസം പൂര്‍ത്തിയായി. അമ്പതിന്‍റെ പ്രഭാതത്തില്‍ ഞാന്‍ ഞങ്ങളുടെ ഒരു വീടിന്‍റെ മുകളില്‍വെച്ച്‌ സ്വുബ്‌ഹ്‌ നിസ്‌കാരം കഴിഞ്ഞു ഇരിക്കുകയായിരുന്നു. അല്ലാഹു പറഞ്ഞതുപോലെ ഭൂമി വിശാലമായിരുന്നിട്ടും എനിക്കത്‌ ഇടുങ്ങിയതായിക്കൊണ്ടിരിക്കുകയാണ്‌.

അപ്പോഴതാ! സല്‍അ്‌ മലയുടെ മുകളില്‍ നിന്ന്‌ ഒരാള്‍ അത്യുച്ചത്തില്‍ വിളിച്ചു പറയുന്നു: ‘കഅ്‌ബുബ്‌നു മാലികേ! സന്തോഷിച്ചു കൊള്ളുക!’ ഞാന്‍ നിലത്തുവീണു അല്ലാഹുവിന് സാഷ്ടാഗം ചെയ്തു. ഒരു പരിഹാരം വന്നുകഴിഞ്ഞിട്ടുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കി. സുബ്‌ഹി നിസ്‌കാരാനന്തരം അല്ലാഹുവില്‍ ഞങ്ങളുടെ തൗബഃ അഥവാ പശ്ചാത്താപം സ്വീകരിച്ച വിവരം നബിﷺ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്‌തിരുന്നു. ജനങ്ങള്‍ ഞങ്ങളെ അനുമോദിക്കുവാന്‍ വന്നുകൊണ്ടിരുന്നു. എന്‍റെ രണ്ടു കൂട്ടുകാരിലേക്കും ആളുകള്‍ പോയിരുന്നു. എന്‍റെ അടുക്കലേക്ക്‌ ഒരാള്‍ കുതിരപ്പുറത്ത്‌ കയറിയും, വേറൊരാള്‍ ഓടിക്കൊണ്ടും കുതിച്ചുവന്നു. പക്ഷേ, സൽഅ് മലയില്‍ നിന്ന്‌ കേട്ട ആ ശബ്‌ദമായിരുന്നു ആദ്യം എനിക്ക്‌ എത്തിയത്‌. അതുകൊണ്ട്‌ ആ ശബ്‌ദത്തിന്‍റെ ആള്‍ക്ക്‌ ഞാന്‍ എന്‍റെ മേലുണ്ടായിരുന്ന രണ്ടു വസ്‌ത്രവും അഴിച്ചുകൊടുത്തു സമ്മാനിച്ചു. സത്യമായും, അത്‌ രണ്ടുമല്ലാത്ത വസ്‌ത്രം എനിക്ക്‌ വേറെയുണ്ടായിരുന്നില്ല. അനന്തരം രണ്ടു വസ്‌ത്രങ്ങള്‍ വായ്‌പമേടിച്ചു ധരിച്ചുകൊണ്ട്‌ ഞാന്‍ നബിﷺയുടെ അടുക്കലേക്ക്‌ പോയി. ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്നു എന്നെ അനുമോദിക്കുകയും, എനിക്ക്‌ മംഗളം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-516

Tweet 516

കഅ്‌ബ്‌ (റ) തുടരുന്നു.ഞാന്‍ പള്ളിയില്‍ ചെല്ലുമ്പോള്‍, നബി ﷺ ഇരിക്കുന്നു. ചുറ്റുപാടും ആളുകളുമുണ്ട്‌. ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാ(റ) ഓടിവന്ന്‌ എനിക്ക്‌ കൈ തരുകയും, എന്നെ അനുമോദിക്കുകയും ചെയ്‌തു. മുഹാജിറുകളില്‍ വേറെ ആരും അങ്ങനെ മുന്നോട്ട് വന്നില്ല. നബിﷺക്കു ഞാന്‍ സലാം പറഞ്ഞപ്പോള്‍, നബിﷺയുടെ മുഖം സന്തോഷം കൊണ്ട്‌ പ്രകാശിതമായിരുന്നു. അവിടുന്ന് പറഞ്ഞു: ‘’താങ്കളുടെ മാതാവ്‌ താങ്കളെ പ്രസവിച്ചത്‌ മുതല്‍ ഏറ്റവും നല്ല ഒരു ദിവസത്തെക്കുറിച്ച്‌ സന്തോഷപ്പെട്ടുകൊള്ളുക!’’ ഞാന്‍ ചോദിച്ചു: ‘’അങ്ങയില്‍ നിന്നുള്ളതോ, അല്ലാഹുവിങ്കല്‍നിന്നുള്ളതോ?’’ നബിﷺ പറഞ്ഞു: ‘‘അല്ലാഹുവിങ്കല്‍ നിന്നുള്ളതുതന്നെ.’’ നബിﷺക്ക്‌ സന്തോഷം വന്നാല്‍ അവിടുത്തെ മുഖം ചന്ദ്രനെപ്പോലെ പ്രകാശമയമായിത്തീരുമെന്ന്‌ ഞങ്ങള്‍ പരിചയിച്ചതാണ്‌. അങ്ങനെ, ഞാന്‍ ഇരുന്നു. ഞാന്‍ പറഞ്ഞു: ‘’അല്ലാഹുവിന്‍റെ റസൂലേﷺ, എന്‍റെ തൗബഃയുടെ പൂര്‍ത്തീകരണമായി ഞാന്‍ എന്‍റെ ധനം മുഴുവന്‍ ധര്‍മമായി അല്ലാഹുവിനും റസൂലിﷺനും ഒഴിഞ്ഞുതരുവാന്‍ ഉദ്ദേശിക്കുന്നു.’’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘‘കുറച്ചു ധനം താന്‍ സൂക്ഷിച്ചു വെച്ചുകൊള്ളുക. അത്‌ തനിക്ക്‌ നല്ലതാണ്‌.’’ ഞാന്‍ പറഞ്ഞു: ”ഖൈബറിലുള്ള എന്‍റെ ഓഹരി ഞാന്‍ സൂക്ഷിച്ചുകൊള്ളാം അഥവാ ബാക്കിയൊക്കെ ധര്‍മമാണ്‌. ഞാന്‍ ജീവിക്കുന്ന കാലത്തോളം ആരോടും ഞാന്‍ കളവു പറയുകയില്ലെന്നതും എന്‍റെ തൗബഃയില്‍പ്പെട്ടതാകുന്നു.’’

‘’ഞാന്‍ നബി ﷺ യോട്‌ ആ സത്യം പറഞ്ഞശേഷം, എന്നെപ്പോലെ പരീക്ഷണത്തിന്‌ വിധേയനായി വിജയം വരിച്ച ഒരാളെ എനിക്കറിവില്ല. അതിന്‌ ശേഷം ഇന്നേവരെ അറിഞ്ഞുകൊണ്ട്‌ ഞാന്‍ ആരോടും കളവ്‌ പറഞ്ഞിട്ടില്ല. മേലിലും അല്ലാഹു എന്നെ കാക്കുമെന്ന്‌ ഞാന്‍ ആശിക്കുന്നു. അങ്ങനെ, അല്ലാഹു അത്തൗബ അധ്യായത്തിലെ നൂറ്റിപ്പതിനേഴ്‌, നൂറ്റി പതിനെട്ടു സൂക്തങ്ങൾ അവതരിപ്പിച്ചു.

കഅ്‌ബ്‌ (റ) പറയുന്നു: അല്ലാഹുവിനെത്തന്നെയാണെ സത്യം! അല്ലാഹു എന്നെ ഇസ്ലാമിലേക്ക് മാർഗ്ഗദർശനം നൽകിയതിനു ശേഷം എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം നബിﷺയോട് കളവു പറഞ്ഞു നാശത്തിനിരയാക്കപ്പെടാതെ സത്യം പറഞ്ഞു രക്ഷപ്പെടാൻ ആയതായിരുന്നു. വഹ്‌യ്‌ വന്നപ്പോള്‍, കളവ്‌ പറഞ്ഞവരെപ്പറ്റി അല്ലാഹു വളരെ കടുത്തവാക്കുകളാണ്‌ പറഞ്ഞത്‌. 95-96 സൂക്തങ്ങൾ ആ ആശയങ്ങളാണ് ഉൾക്കൊള്ളുന്നത്. നബി ﷺ യോട്‌ സത്യം ചെയ്‌തു ഒഴികഴിവുകള്‍ പറഞ്ഞപ്പോള്‍ അത്‌ സ്വീകരിച്ചുകൊണ്ട്‌ നബിﷺ പാപമോചനം തേടിയിരുന്ന ആളുകളുടെ കൂട്ടത്തില്‍ നിന്ന്‌ ഞങ്ങള്‍ മൂന്നുപേരുടെയും കാര്യം അല്ലാഹുവിന്റെ തീരുമാനത്തിനു വേണ്ടി മാറ്റിവെക്കുകയായിരുന്നല്ലോ ചെയ്തത് എന്നിട്ട്‌ ഞങ്ങളുടെ വിഷയത്തില്‍ പിന്നോക്കം വെക്കപ്പെട്ട മൂന്നാളുടെ പേരിലും…. എന്ന ആശയം കൊണ്ട് തുടങ്ങുന്ന സൂക്തം അവതരിച്ചു‌. യുദ്ധത്തിന്‌ പോകാതെ പിന്തിനിന്നവര്‍ എന്നല്ല ഉദ്ദേശ്യം. സത്യം ചെയ്‌ത്‌ ഒഴികഴിവ്‌ പറഞ്ഞവരില്‍ നിന്നും വ്യത്യസ്‌തമായി കാര്യം പിന്നേക്ക്‌ നീട്ടിവെക്കപ്പെട്ടവര്‍ എന്നാണുദ്ദേശ്യം.

ബുഖാരി(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയം ഇവിടെ അവസാനിക്കുന്നു.

ഈ സംഭവം നമുക്ക് പകർന്നു തരുന്ന നിരവധി പാഠങ്ങൾ ഉണ്ട്. എല്ലാ ഭൗതിക താൽപര്യങ്ങളെക്കാളും അല്ലാഹുവിനെയും റസൂലിനെﷺയും പ്രാധാന്യം കൽപ്പിക്കുന്ന ഒരു മനോഗതി രൂപപ്പെടുത്താൻ തിരുനബിﷺയുടെ സംഹിതക്കു കഴിഞ്ഞു. എല്ലാ വിലക്കുകളും വന്നപ്പോഴും അതിനെല്ലാം അപ്പുറം അല്ലാഹുവിന്റെ തൃപ്തിയെ കാംക്ഷിക്കുന്ന വിശ്വാസദാർഢ്യത ആയിരുന്നു അത്. ഭൗതികമായ ചുറ്റുപാടുകൾ വികസിക്കുകയും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യുമ്പോൾ ആത്മീയതയും മതവിചാരങ്ങളും നഷ്ടപ്പെട്ടു പോകരുത് എന്ന് ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ജീവിതത്തിന്റെ വൈകാരിക ഘട്ടങ്ങളെ ചൂഷണം ചെയ്യാൻ പിശാച് പരിശ്രമിച്ചുകൊണ്ടിരിക്കും അപ്പോൾ ആത്മനിയന്ത്രണം പാലിക്കാൻ കഴിയുന്നവൻ എന്നെന്നേക്കുമായി ജയിക്കും. മദീനയിൽ ശിക്ഷണത്തിൽ കഴിയുന്ന നേരം കഅബി(റ)നെ തേടിയെത്തിയ ക്ഷണവും സന്ദേശവും അതാണ് നമ്മെ പഠിപ്പിക്കുന്നത്. അപ്പോൾ ഏറ്റവും ഉചിതമായ നിലപാട് എടുക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ഏതു കാലത്തും ദൗർബല്യങ്ങളെ ചൂഷണം ചെയ്യാനുള്ള പൈശാചിക ശക്തികൾ ഉണ്ടാവും. അപ്പോഴെല്ലാം വിവേകത്തോടുകൂടി പെരുമാറാൻ നമുക്ക് സാധിക്കണം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-517

Tweet 517

തബൂക്കിന്റെ അനുബന്ധ അധ്യായങ്ങളിൽ നിരവധി കൗതുകകരമായ ഉപ അധ്യാങ്ങൾ വായിക്കാനുണ്ട്. സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മുഗീറത്തു ബിൻ ശുഅ്ബ(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ഹിജറിന്റെയും തബൂക്കിന്റെയും ഇടയിലായിരുന്നു. സുബഹിയോട് അടുത്ത സമയം നബിﷺ പ്രാഥമികാവശ്യത്തിന് പോയി. ഞാൻ നബിﷺക്കുള്ള വെള്ളവും കൊണ്ട് പിന്നാലെ സഞ്ചരിച്ചു. ജനങ്ങളിൽനിന്ന് ഏറെ വിദൂരത്ത് പോയാണ് നബിﷺ പ്രാഥമികാവശ്യം നിർവഹിക്കാറുള്ളത്. അങ്ങനെ അല്പ സമയം മുന്നോട്ടു പോയി. സ്വഹാബികൾ നബിﷺയുടെ ആഗമനം കാത്തു നിന്നു. പക്ഷേ, സുബഹിയുടെ സമയം കടന്നു പോകുമോ എന്ന് ഭയന്നപ്പോൾ. അബ്ദുറഹ്മാനുബ്നു ഔഫി(റ)നെ ജനങ്ങൾ ഇമാമായി നിശ്ചയിച്ചു. അദ്ദേഹത്തിന്റെ പിന്നിൽ മറ്റുള്ളവർ അണിനിരന്നു നിസ്കാരം ആരംഭിച്ചു. ഞാൻ നബിﷺയോടൊപ്പം തന്നെയാണ് ഉണ്ടായിരുന്നത്. പ്രാഥമികാവശ്യ നിർവഹണത്തിനുശേഷം നബിﷺ തിരിച്ചുവന്നപ്പോൾ. അംഗ സ്നാനത്തിനു വേണ്ടിയുള്ള വെള്ളം ഞാൻ പകർന്നു കൊടുത്തു. അവിടുന്ന് ധരിച്ചിരുന്ന കുപ്പായത്തിന്റെ കൈ ഇറുകി കിടന്നതായിരുന്നു. അപ്പോൾ അവിടുന്ന് കൈകൾ കുപ്പായത്തിനുള്ളിലൂടെ പുറത്തെടുത്തു കഴുകി. അപ്പോഴേക്കും അവിടുത്തേക്ക് കാലിൽ ധരിച്ചിരുന്ന പ്രത്യേക കാലുറ അഥവാ ഖുഫ്ഫ അഴിച്ചു കൊടുക്കാൻ വേണ്ടി ഞാൻ കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. അത് അഴിക്കേണ്ടതില്ല. ശുദ്ധിയോടു കൂടിയാണ് ഞാൻ അത് അണിഞ്ഞിട്ടുള്ളത്. അഥവാ കാലുറ ധരിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകൾ ഞാൻ പാലിച്ചിട്ടുണ്ടെന്ന് സാരം. ശേഷം, അതിന്മേൽ തടകി. അങ്ങനെ ഞങ്ങൾ അംഗസ്നാനം പൂർത്തിയാക്കി സ്വഹാബികളുടെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും അബ്ദുറഹ്മാൻ ബിനു ഔഫ്(റ) ഒരു റക്അത്ത് നിസ്കാരം പിന്നിട്ടിരുന്നു. നബിﷺയുടെ ആഗമനം അറിഞ്ഞ സ്വഹാബികൾ അത്‌ പ്രകടിപ്പിക്കാൻ തുടങ്ങി. ഇമാമായി നിന്ന ഇബ്നു ഔഫ്(റ) പിൻവാങ്ങാൻ ഒരുങ്ങി. അപ്പോൾ അവിടെത്തന്നെ തുടരാനും നിസ്കാരം പൂർത്തിയാക്കാനും നബിﷺ ആംഗ്യം കാണിച്ചു. ശേഷം, നബിﷺ അതേ ജമാഅത്തിൽ കൂടി. അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ന്റെ പിന്നിൽ നിന്ന് നിസ്കരിച്ചു. അവർ നിസ്കാരം പൂർത്തിയാക്കി സലാം വീട്ടിയപ്പോൾ നബിﷺ എഴുന്നേറ്റു നിന്ന് ഒരു റക്അത്തുകൂടി നിസ്കരിച്ചു. ശേഷം, അവരോട് പറഞ്ഞു. നിങ്ങൾ ശരിയാണ് ചെയ്തിരിക്കുന്നത്. നിങ്ങൾ നല്ലത് ചെയ്തിരിക്കുന്നു. നിസ്കാരം കൃത്യ സമയത്ത് തന്നെ നിർവഹിക്കാനുള്ള സ്വഹാബികളുടെ താൽപര്യത്തെ നബിﷺ പ്രശംസിച്ചു. എന്നിട്ട് അവിടുന്ന് ഇങ്ങനെ കൂടി പറഞ്ഞു. ഏതൊരു നബിയും മരണപ്പെടുന്നതിനു മുമ്പ് അവിടുത്തെ ഉമ്മത്തിൽ നിന്ന് സദ് വൃത്തനായ ഒരാളുടെ പിന്നിൽ നിന്ന് നിസ്കരിച്ചിട്ടുണ്ടാവും.

തിരുനബിﷺയുടെ ജീവിതത്തിന്റെയും സമീപനത്തിന്റെയും മനോഹരമായ ഒരു സംഭവമാണ് നാം വായിച്ചത്. അനുയായികളോട് അവിടുന്ന് സഹവസിച്ച രീതി, അവിടുത്തെ ജീവിതത്തിൽ നിന്ന് അധ്യാപനങ്ങൽ പകർന്നുകൊടുത്ത ശൈലി, അനുയായികളിൽ മഹത്വമുള്ളവരെ പ്രശംസിക്കുന്നതിന് മടിയില്ലാത്ത സ്വഭാവം ഇവകളെല്ലാം ഇതിൽ നിഴലിച്ചു കാണുന്നു.

നിത്യജീവിതത്തിലെ എല്ലാ മേഖലകളെയും എങ്ങനെയൊക്കെ ആകണം കൈകാര്യം ചെയ്യേണ്ടത് എന്ന് വ്യക്തമായി അവിടുന്ന് അനുയായികൾക്ക് പഠിപ്പിച്ചുകൊടുത്തു. പ്രാഥമികാവശ്യ നിർവഹണത്തിൽ പാലിക്കേണ്ട ചിട്ടകൾ, അംഗസ്നാനം നിർവഹിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, പ്രത്യേകമായ കാലുറ ധരിക്കുന്നതിന്റെ കർമ്മശാസ്ത്രപരമായ വിധികൾ, അങ്ങനെയാവുമ്പോൾ അംഗസ്നാനം ചെയ്യുന്നതിന്റെ നിബന്ധനകൾ ഇങ്ങനെ ഒരുപാട് പാഠങ്ങൾ ഈ സംഭവം ഉൾക്കൊള്ളുന്നു.

അനുയായിയുടെ പിന്നിൽ അനുഗാമിയായി നിന്ന് ആരാധന നിർവഹിക്കുന്ന നബിﷺയുടെ സമീപനം വിനയത്തിന്റെയും താഴ്മയുടെയും ഉദാത്തമായ ഉദാഹരണം കൂടിയാണ്. അല്ലാഹുവിന്റെ മുന്നിൽ ദാസന്മാർ എങ്ങനെയായിരിക്കണം എന്ന് പ്രായോഗികമായ ജീവിതത്തിലൂടെ പഠിപ്പിച്ചു തന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-518

Tweet 518

മുഹമ്മദ്‌ ബിൻ ഉമൈർ(റ) എന്നവർ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരിൽ നിന്ന് നിവേദനം ചെയ്യുന്നു. ബനൂ സഅദ് ഹുദൈം ഗോത്രത്തിലെ ഒരാൾ പറയുന്നു. ഒരു സംഘം അനുയായികളോടൊപ്പം നബിﷺ തബൂക്കിൽ ഇരിക്കുകയായിരുന്നു. അവിടുന്ന് ബിലാലി(റ)നെ വിളിച്ചു പറഞ്ഞു. അല്ലയോ ബിലാലെ(റ) നമുക്ക് ഭക്ഷണം തരൂ.. ബിലാൽ(റ) കയ്യിൽ കരുതിയിരുന്ന ഭക്ഷണം സുപ്രയിലേക്കിട്ടു. കൂടിയിരുന്നവരോട് മുഴുവൻ ഭക്ഷിച്ചുകൊള്ളാൻ നബിﷺ പറഞ്ഞു. നിറയുന്നതുവരെ ഞങ്ങളെല്ലാവരും കഴിച്ചു. ഞാൻ പറഞ്ഞു നബിﷺയെ, നേരത്തെ ആയിരുന്നെങ്കിൽ എനിക്ക് തന്നെ തികയുമായിരുന്നില്ല ഇത്രയും ഭക്ഷണം. അപ്പോൾ നബിﷺ പറഞ്ഞു. ഒരു വിശ്വാസിയുടെ വയറു നിറയുന്ന ഭക്ഷണം, അതിന്റെ 7 ഇരട്ടി ഉണ്ടായാലും അവിശ്വാസിയുടെ ആമാശയം നിറയില്ല. അടുത്ത ദിവസവും ഞാൻ ഭക്ഷണം ലക്ഷ്യം വെച്ച് നബിﷺയുടെ അടുത്ത് വന്നു. അപ്പോൾ ഞങ്ങൾ പത്തുപേർ അടുത്തുണ്ടായിരുന്നു. പതിവുപോലെ നബിﷺ ബിലാലി(റ)നെ വിളിച്ചു. ബിലാൽ(റ) തളികയിലേക്ക് ഉള്ള ഭക്ഷണം നിരത്തി. അർശിന്റെ അധിപനായ അല്ലാഹുവിൽ നിന്ന് ദാരിദ്ര്യം ഭയക്കേണ്ടതില്ലെന്നു പറഞ്ഞുകൊണ്ട് നബിﷺ ഭക്ഷണത്തിൽ അനുഗ്രഹ പ്രാർത്ഥന നടത്തി. അല്ലാഹുവിന്റെ നാമത്തിൽ ഭക്ഷിച്ചുകൊള്ളാൻ കൂടിയിരുന്നവരോട് പറഞ്ഞു. ഞാനും നന്നായി കഴിച്ചു. പള്ളയിൽ ഇടം ഒഴിവില്ലാത്ത വിധം നിറഞ്ഞു. എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും തളികയിൽ ആദ്യം ഉണ്ടായിരുന്ന അത്രയും ഭക്ഷണം തന്നെ ബാക്കിയായി. മൂന്നു ദിവസവും ഇപ്രകാരം നബിﷺയുടെ അനുഗ്രഹ സാന്നിധ്യത്തിൽ ഭക്ഷണം കഴിച്ചു. നബിﷺക്ക് അല്ലാഹു നൽകിയ അമാനുഷിക സിദ്ധികളിൽ ഏറെ ഉദ്ധരിക്കപ്പെട്ട സംഭവമാണ് ഭക്ഷണത്തിൽ ലഭിച്ച വർദ്ധനവ്.

കേവലം സാധാരണമായ സമീപനങ്ങളിലൂടെയും അതിസാധാരണമായ നിലപാടുകളിലൂടെയും മാത്രമാണ് തിരുനബിﷺയുടെ ജീവിതവും പ്രബോധനവും കടന്നുപോയത് എന്ന് വാദിക്കുന്നവർ നബിചരിത്രത്തെ വേണ്ട പോലെ സമീപിക്കാത്തവരാണ്. മേൽപ്പറഞ്ഞതുപോലെയുള്ള സംഭവങ്ങൾ നിരവധി വിശ്വാസികളുടെ വിശ്വാസം ഉറയ്ക്കാനും പുതുതായി പലരും ഇസ്ലാമിലേക്ക് കടന്നു വരാനും കാരണമായി. നബിﷺയെയും നബി ജീവിതത്തെയും കേവലസാധാരണത്വം ആരോപിച്ച് മതപരിഷ്കരണം ആവശ്യപ്പെടുന്നവരും അവകാശപ്പെടുന്നവരും മതത്തിന്റെ മധുരത്തെയും ആത്മാവിനെയും ആണ് ചോദ്യം ചെയ്യുന്നത്. പ്രവാചകത്വം അഥവാ നുബുവ്വത്, പ്രവാചകന്മാരിൽ നിന്നുണ്ടാകുന്ന അമാനുഷിക സംഭവങ്ങൾ അഥവാ മുഅ്ജിസത്ത്, ദിവ്യ ബോധനം അഥവാ വഹിയ് ഇതെല്ലാം മാറ്റിവെച്ചുകൊണ്ട് മുഹമ്മദ് നബിﷺയെ വായിച്ചാൽ അല്ലാഹു നിയോഗിച്ച പ്രവാചകനെﷺ അറിയാൻ സാധിക്കില്ല. മറിച്ച് അവർ രൂപകൽപ്പന ചെയ്യുന്ന ഒരു വ്യക്തിയെ മാത്രമേ വായിക്കാനാവൂ.

ഇത്തരം വസ്തുതകളുടെ ആശയങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളണമെങ്കില്‍ മനുഷ്യന്റെ പരിധിയ്ക്കും പരിമിതിക്കും അപ്പുറമുള്ള ചില ലോകത്തെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. ഇത്തരം അധ്യായങ്ങളിൽ അതെങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടാവണമെന്നില്ല. സത്യം മാത്രം പറയുന്ന പ്രവാചകൻﷺ പറഞ്ഞ മൊഴികൾ അംഗീകരിക്കുകയല്ലാതെ ന്യായമില്ല എന്ന താത്വികവും വസ്തുതാപരവുമായ പ്രമാണത്തിലേക്ക് നാം എത്തിച്ചേരണം.

പ്രവാചകന്മാർ മുന്നോട്ടുവെച്ച ഏറ്റവും വലിയ ആശയം അല്ലാഹുവിന്റെ അടുപ്പവും അവന്റെ സാന്നിധ്യവും പരമാധികാരവും ആണ്. അത്തരമൊരു യാഥാർത്ഥ്യത്തെ അംഗീകരിക്കുന്ന വ്യക്തിക്ക് അല്ലാഹുവിന്റെ ദൂതനെﷺയും അംഗീകരിക്കാൻ പ്രയാസമില്ല.

നബി ചരിത്രത്തിന്റെ അടരുകളിൽ നിന്ന് ആത്മീയ സ്പർശമായ സംഭവങ്ങളെ അടർത്തിമാറ്റിയാൽ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബിﷺയെ കണ്ടെത്താനാവില്ല. വിശന്നു വിഷണ്ണനാകുന്ന ബിലാലി(റ)നെയും തിരുനബിﷺയുടെ അനുഗ്രഹീത കരങ്ങളിൽ നിന്ന് വർദ്ധിതമായ ഭക്ഷണം കഴിക്കുന്ന ബിലാലി(റ)നെയും ഒരേ സ്ക്രീനിൽ തന്നെ മദീനയിൽ നിന്ന് കാണാൻ കഴിയും. സ്വയം തന്നെ വിശന്ന് പാറ വെച്ചു കെട്ടിയ പ്രവാചകനെﷺയും അനുഗ്രഹീതമായ ആത്മീയ ഭക്ഷണങ്ങളുടെ വിശപ്പകറ്റി നടക്കുന്ന തിരുദൂതനെﷺയും അനുയായികൾ നെഞ്ചേറ്റുന്ന ചിത്രവും മദീനയുടെ സ്ക്രീനിൽ തെളിയുന്നുണ്ട്. ഇവയെല്ലാം ചേർത്തുവച്ച് വിശ്വസിക്കാൻ കഴിയുമ്പോഴാണ് നമ്മുടെ വിശ്വാസം ശരിയായ ദിശയിലാകുന്നത്.

നമുക്ക് തബൂക്കിൽ നിന്ന് പുറപ്പെടാൻ ആയിട്ടില്ല. ചാരത്തുതന്നെ ചേർന്നുനിന്ന് കുറച്ചുകൂടി സംസാരിക്കാൻ ഉണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-519

Tweet 519

മുഹമ്മദ് ബിൻ ഉമർ(റ) ഉദ്ധരിക്കുന്നു. തബൂക്ക് മുന്നേറ്റത്തിന്റെ യാത്രയ്ക്കിടയിൽ ഒരു വഴിയിൽ വച്ച് ഒരു മഹാസർപ്പം നബിﷺയുടെ സംഘത്തിന്റെ യാത്ര മുടക്കി വഴിയിൽ പ്രത്യക്ഷപ്പെട്ടു. അസാധാരണമായ വലിപ്പവും വണ്ണവും ഉള്ള സർപ്പമായിരുന്നു അത്. ജനങ്ങളെല്ലാം ഭയവിഹ്വലരായി. ആ സർപ്പം പിന്നീട് നീങ്ങി നബിﷺക്ക് അഭിമുഖമായി നിന്നു. നബിﷺ വാഹനത്തിന്മേൽ ഇരുന്നുകൊണ്ട് അല്പനേരം അതിനെ അഭിമുഖീകരിച്ചു. ശേഷം, അത് ചുരുണ്ട് വഴിയിൽ നിന്ന് മാറി. അനുയായികൾ നബിﷺയുടെ അടുത്തേക്ക് വന്നു ചേർന്നു. അപ്പോൾ നബിﷺ ചോദിച്ചു. അല്ല ഇതെന്താണെന്ന് നിങ്ങൾക്കറിയുമോ. അവർ പറഞ്ഞു അല്ലാഹുവിനും അവന്റെ ദൂതനുംﷺ അറിയാം. എന്റെ പക്കൽ നിന്ന് ഖുർആൻ കേൾക്കാൻ വേണ്ടി വന്ന എട്ടു ജിന്നുകളിൽ പെട്ട ഒരു ജിന്നാണ് ഇത്. ശേഷം, നബിﷺ പറഞ്ഞു. അതാ ആ ജിന്ന് നിങ്ങൾക്ക് സലാം പറയുന്നുണ്ട്. നിങ്ങൾ അദ്ദേഹത്തിന് സലാം മടക്കൂ. സ്വഹാബികൾ ഒരുമിച്ച് ആ ജിന്നിനു അഭിവാദ്യം ചെയ്തു.

മുഹമ്മദ് നബിﷺ നിയോഗിക്കപ്പെട്ടത് കേവലം മനുഷ്യവർഗ്ഗത്തിന് മാത്രം മാർഗ്ഗദർശനം നൽകാനല്ല. ഭൂതവർഗ്ഗം അഥവാ ജിന്ന് എന്ന ഒരു വിഭാഗം കൂടിയുണ്ട്. അങ്ങനെ ഒരു വിഭാഗത്തിന്റെ സാന്നിധ്യം ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരെ പരാമർശിക്കുന്ന ഒരു അധ്യായം തന്നെ സ്വതന്ത്രമായി ഖുർആനിൽ കാണാം. ഭൂതവർഗ്ഗത്തിലും നല്ലവരും ചീത്ത ആളുകളുമുണ്ട്. മുഹമ്മദ് നബിﷺ പ്രബോധനവുമായി വന്നപ്പോൾ പ്രവാചകനിﷺൽ നിന്ന് ഖുർആൻ പഠിക്കാൻ വേണ്ടി ഒരുപറ്റം ജിന്നുകൾ മക്കയിൽ വച്ച് നബിﷺയെ സമീപിച്ചു. അവരുമായി നബിﷺ സഞ്ചരിച്ച സ്ഥലത്ത് ഇന്നും ഒരു പള്ളിയുണ്ട്. ആ പള്ളിയുടെ പേര് മസ്ജിദുൽ ജിന്ന് എന്നാണ്. അല്ലാഹുവിന്റെ പ്രത്യേക അടിമകളും അവന്റെ നിയമങ്ങൾക്ക് വിധേയപ്പെടേണ്ട ദാസന്മാരുമാണ് ജിന്നുകൾ. മനുഷ്യന്മാർ മണ്ണിൽ നിന്നാണ് പടക്കപ്പെട്ടതെങ്കിൽ ജിന്നുകൾ അഗ്നിയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അവരിലും വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഉണ്ട് എന്നും ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജിന്നുകളുമായി സംവദിക്കുകയും അവരെക്കുറിച്ച് നബിﷺ പരാമർശിക്കുകയും ചെയ്ത വേറെയും സംഭവങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്.

ഈ കാലയളവിലെ മറ്റൊരു സംഭവം കൂടി വായിക്കാം. യഅ്ലാ ബിൻ ഉമയ്യ(റ) ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്റെ ഒരു പരിചാരകനും മുസ്ലിം സൈന്യത്തിലെ ഒരു പട്ടാളക്കാരനും തമ്മിൽ തർക്കത്തിൽ ആയി. ഒടുവിൽ പട്ടാളക്കാരൻ വേലക്കാരന്റെ കയ്യിൽ കടിച്ചു. വേലക്കാരൻ കൈവലിച്ചെടുത്തതും പട്ടാളക്കാരന്റെ ഒരു പല്ല് കൊഴിഞ്ഞു പോയി. ഒടുവിൽ രണ്ടുപേരും നബിﷺയുടെ അടുത്തെത്തി. ഞാനെന്റെ വേലക്കാരന്റെ അടുത്തുതന്നെ നിന്നു, എന്തായിരിക്കും നബിﷺ ഈ വിഷയത്തിൽ തീരുമാനിക്കുന്നത് എന്നറിയാൻ. നബിﷺ ചോദിച്ചു. ഒട്ടകം കടിക്കും പോലെ ഒരാൾ മറ്റൊരാളുടെ കൈ കടിക്കുമോ? അടുത്ത ആളോട് ചോദിച്ചു, ഒട്ടകം കടിക്കും പോലെ കടിക്കാൻ ഒരാൾ മറ്റൊരാളുടെ വായയിൽ കൈവെച്ചു കൊടുക്കുമോ? അവർ എന്റെ പല്ല് നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തം നബിﷺ ഒഴിവാക്കി.

ഒരു വിഷയത്തിൽ തിരുനബിﷺ ഇടപെട്ടതിന്റെ ഉദാഹരണമാണിത്. വൈകാരികമായി ഉയർത്തി കാട്ടേണ്ട ഒരു വിഷയത്തെ മാനുഷികമായ ചില വിചാരങ്ങളിലൂടെ രമ്യമായി പരിഹരിക്കുകയാണ്. അപരനെ കടിക്കുന്നത് മനുഷ്യരുടെ സ്വഭാവമല്ലെന്നും. ഒരാൾ കടിക്കപ്പെട്ടാൽ വേഗം കൈ വലച്ചെടുക്കുക സ്വാഭാവികമാണെന്നും അതുവഴി നഷ്ടപ്പെട്ട പല്ലിന് നഷ്ടപരിഹാരം ചോദിക്കാൻ ന്യായമില്ലെന്നും അങ്ങനെ കുറഞ്ഞ വാചകങ്ങളിൽ ഒരുപാട് ആശയങ്ങളെ നബിﷺ അനുചരന്മാർക്ക് പഠിപ്പിച്ചു കൊടുത്തു.

തബൂക്ക് യാത്രാ വേളയിലെ ഒരു ചെറിയ അധ്യായം കൂടി പരാമർശിച്ചു പോകാം. സുഹൈൽബിൻ ബൈളാ(റ) എന്ന ആളെ നബിﷺ തബൂക്ക് ദിവസത്തിൽ വാഹനത്തിന്മേൽ സഹയാത്രികൻ ആക്കിയിരുത്തി. യാത്രാ സംഘത്തിൽ വച്ചുതന്നെ മൂന്നുപ്രാവശ്യം ഉറക്കെ നബിﷺ വിളിച്ചു, യാ സുഹൈൽ(റ) അല്ലയോ സുഹൈലേ എന്ന്. യാത്രാ സംഘത്തിന് മുഴുവനും ഉള്ള ഒരു ഉണർത്തൽ ആയിരുന്നു അത്. അത് അവർക്കെല്ലാം ബോധ്യപ്പെടുകയും ചെയ്തു. മൂന്നുപ്രാവശ്യം നബിﷺ ആവർത്തിച്ചു വിളിച്ചപ്പോൾ ഓരോ വിളിക്കും യാ ലബ്ബൈക് യാ റസൂലല്ലാഹ്… എന്ന് സുഹൈൽ(റ) ഉത്തരം ചെയ്തു. നബിﷺയോടൊപ്പം സഞ്ചരിച്ചിരുന്ന എല്ലാവരും ഒത്തുചേർന്ന് നിന്നു. നബിﷺ അവരോട് ഇങ്ങനെ പറഞ്ഞു. അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും ബോധ്യത്തോടുകൂടി പ്രഖ്യാപിക്കുന്ന ആർക്കും അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു. ഇമാം അഹ്മദും(റ) ത്വബ്രാനി(റ)യും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-520

Tweet 520

ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്. അനസ്(റ) പറയുന്നു. ഞങ്ങൾ നബിﷺയോടൊപ്പം തബൂക്കിലായിരുന്നു. അസാധാരണമായ ശോഭയോടെയും തെളിച്ചത്തോടെയും ഒരു ദിവസം സൂര്യനുദിച്ചു. മുമ്പൊരിക്കലും അങ്ങനെ ഒരു പ്രകാശവും തെളിച്ചവും കണ്ടിട്ടില്ല. അങ്ങനെയിരിക്കെ ജിബ്‌രീല്‍(അ) നബിﷺയുടെ അടുത്ത് വന്നു. നബിﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു. എന്താണ് ഇന്നത്തെ സൂര്യോദയത്തിന് പ്രത്യേകമായ ഒരു ശോഭയും വെളിച്ചവും ഒക്കെ? അപ്പോൾ ജിബ്‌രീൽ(അ) പറഞ്ഞു. മദീനയിൽ മുആവിയത് ബിൻ മുആവിയ അൽ മുസനി(റ) എന്നയാൾ മരണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മേൽ നിസ്കരിക്കാൻ 70,000 മലക്കുകളെ അല്ലാഹു അയച്ചിരിക്കുന്നു. അല്ലയോ നബിﷺയെ അവിടുത്തേക്ക് അദ്ദേഹത്തിന്റെ മേൽ ഒന്ന് നിസ്കരിക്കാമോ? നബിﷺ പറഞ്ഞു, അതെ. നബിﷺ അതിനു വേണ്ടി പുറപ്പെട്ടു. ജിബ്‌രീലി(അ)ന്റെ കരങ്ങൾ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ കുന്നുകളും മലകളും ഇരുവശങ്ങളിലേക്കുമായി മാറി. നബിﷺയുടെ പിന്നിൽ 70,000 മലക്കുകൾ അണിനിന്നു. രണ്ടുനിരകളിലായിട്ടാണ് അവർ നിന്നത്. നിസ്കാരത്തിൽ നിന്ന് നബിﷺ വിരമിച്ചപ്പോൾ ജിബ്‌രീൽ(അ) ചോദിച്ചു. എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് ഇത്ര വലിയ സ്ഥാനം ലഭിച്ചത്? അപ്പോൾ നബിﷺ പറഞ്ഞു. വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഇഖ്ലാസ് എന്ന അധ്യായത്തോട് അദ്ദേഹത്തിനുള്ള സ്നേഹം കൊണ്ടാണ്. അദ്ദേഹം അത് എല്ലായിപ്പോഴും പാരായണം ചെയ്യുമായിരുന്നു. ഇരുന്നും നിന്നുമൊക്കെ പതിവാക്കിയിരുന്നു. യാത്രയിലും അല്ലാത്തപ്പോഴും ഒന്നും മുടങ്ങിയിരുന്നില്ല.

ലിസാനുൽ മീസാൻ എന്ന ഗ്രന്ഥത്തിൽ പറയുന്നു. പ്രവാചകത്വത്തിന്റെ അടയാളങ്ങളിൽ സുപ്രധാനമായ ഒന്നാണ് ഈ ഹദീസിൽ പരാമർശിച്ചത്. ഇതിന്റെ നിരവധി വേദന പരമ്പരകൾ പല വഴിയിലൂടെയും വന്നതുകൊണ്ട് സ്വീകാര്യമാണ്. ഇമാം നവവി(റ)യും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

എത്രയോ മയിലുകൾക്ക് അകലെനിന്ന് മദീനയിൽ മരണപ്പെട്ട ജനാസയുടെ നേരിട്ടുള്ള നിസ്കാരത്തിന് നബിﷺ നേതൃത്വം നൽകുകയാണ്. അസാധാരണമായി അല്ലാഹു അനുവദിച്ചു കൊടുത്ത ഒരു അവസരമാണിത്. പ്രവാചകന്മാർക്ക് ഇങ്ങനെയും ഇതിലപ്പുറവും ഉള്ള നിരവധി അമാനുഷിക സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മുആവിയ(റ) എന്ന വ്യക്തി പതിവാക്കിയിരുന്ന അധ്യായത്തിന്റെ ഉള്ളടക്കം, അല്ലാഹുവിന്റെ ഏകത്വത്തെയും അവന്റെ വിശേഷണങ്ങളെയും പരാമർശിക്കുന്നതാണ്. തൗഹീദിന്റെ അടിസ്ഥാന നിയമങ്ങളെ പഠിപ്പിക്കുന്നതാണ്. ഖുർആനിന്റെ മൂന്നിലൊരു ഭാഗം എന്ന് വിശേഷിപ്പിക്കപ്പെട്ട അധ്യായം കൂടിയാണ് സൂറത്തുൽ ഇഖ്ലാസ്. പ്രസ്തുത അധ്യായം മൂന്നു പ്രാവശ്യം പാരായണം ചെയ്താൽ ഖുർആൻ മുഴുവനായും ഒരു പ്രാവശ്യം പാരായണം ചെയ്തതിന് തുല്യമായ പ്രതിഫലം ലഭിക്കും.

നബിﷺയുടെ വ്യക്തിത്വത്തെയും ജീവിതത്തെയും കേവല സാധാരണമെന്ന് പ്രയോഗിക്കുന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ ആവുകയില്ല. അസാധാരണത്വം ഏറെ നിറഞ്ഞ ഒരു വ്യക്തിത്വം ആകുമ്പോൾ മാത്രമേ പ്രവാചകൻ ആവുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. കാഴ്ചയും കേൾവിയും ശാരീരിക ഘടനയും സമീപന രീതിയും എല്ലാം ആ അസാധാരണത്വത്തെ ഉൾക്കൊള്ളുന്നു.

പല സന്ദർഭങ്ങളിലും നബിﷺ പറഞ്ഞത് കാണാം. ഞാൻ കാണുന്നതുപോലെ നിങ്ങൾ കാണുകയും ഞാൻ അറിയുന്നതുപോലെ നിങ്ങൾ അറിയുകയും ചെയ്താൽ എന്നൊക്കെ. പ്രവാചകന്റെﷺ ജീവിതത്തിൽ പാലിച്ച ചില കാര്യങ്ങൾ, ഞങ്ങൾക്കും അങ്ങനെ ആയിക്കൂടെ എന്ന് ചോദിച്ചപ്പോൾ, ഇല്ല നിങ്ങൾക്കതിന് സാധ്യമല്ല എന്ന് പറയുകയും അസാധാരണമായും അഭൗമികമായും നബിﷺക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവിടുന്ന് വിശദീകരിക്കുകയും ചെയ്തു.

മലക്ക് ജിബ്‌രീലി(അ)ന്റെ സാന്നിധ്യവും സഹവാസവും സംഭാഷണവും ഇടപെടലും ഇതെല്ലാം തന്നെ അസാധാരണത്വത്തിന്റെ വലിയ ഒരു പ്രമാണമാണ്. നബിﷺ ചിലപ്പോൾ മലക്കിനൊപ്പം സഹവസിക്കുകയും മലക്കിനൊപ്പം സഞ്ചരിക്കുകയും, മറ്റു ചിലപ്പോൾ മലക്കിനെ പോലെ സഞ്ചരിക്കുകയും, മലക്കിനെ പോലെ സഹവസിക്കുകയും ഒക്കെ ചെയ്തത് നബി ചരിത്രത്തിൽ നമുക്ക് വായിക്കാൻ കഴിയും. പ്രവാചകത്വം എന്ന മഹാപദവിയുടെ വ്യാപ്തിയും മഹത്വവും ആത്മീയമാനങ്ങളോടെ ഉൾക്കൊള്ളുമ്പോൾ മാത്രമേ ഇവകളെല്ലാം ബോധ്യമാവുകയുള്ളൂ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-521

Tweet 521

തബൂക്കിന്റെ ചരിത്ര വായനയ്ക്കിടയിൽ സുപ്രധാനമായ ഒരു അധ്യായമാണ് ഹിർഖൽ ചക്രവർത്തിയുമായുള്ള സന്ദേശസമ്പർക്കം. ഹാരിസ് ബിൻ ഉസാമ(റ) നിവേദനം ചെയ്യുന്നു. ബക്കർ ബിൻ മുസ്നി(റ) പറയുന്നു. നബിﷺ ചോദിച്ചു. ആരാണ് ഈ കത്തുമായി കൈസർ ചക്രവർത്തിയുടെ അടുക്കലേക്ക് പോവുക? അദ്ദേഹത്തിന് സ്വർഗ്ഗം ഉണ്ട്. അദ്ദേഹത്തിന് സ്വർഗം ഉണ്ട്. അപ്പോൾ ഒരാൾ ചോദിച്ചു. ഒരുപക്ഷേ ചക്രവർത്തി കത്ത് സ്വീകരിച്ചില്ലെങ്കിലും കൊണ്ടുപോകുന്ന ആൾക്ക് സ്വർഗം ഉണ്ടോ? നബിﷺ പറഞ്ഞു. അതെ, ഉണ്ട്. ഒരാൾ ആ സന്ദേശവുമായി യാത്രതിരിച്ചു. രാജാവ് കത്ത് സ്വീകരിച്ചു. വായിച്ചശേഷം അദ്ദേഹം പറഞ്ഞു. നിങ്ങൾ നബിﷺയുടെ അടുക്കൽ ചെന്ന് പറയുക. ഞാൻ ആ പ്രവാചകനെﷺ അനുഗമിക്കുന്നുവെന്ന്. പക്ഷേ, ഞാൻ എന്റെ അധികാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല. ശേഷം, കുറച്ചു ദീനാറുകൾ സമ്മാനമായി അദ്ദേഹം നബിﷺക്ക് കൊടുത്തയച്ചു. അയാൾ മടങ്ങിവന്ന് നബിﷺയോട് കാര്യങ്ങൾ പറഞ്ഞു. കാര്യങ്ങൾ കേട്ട ശേഷം നബിﷺ പ്രതികരിച്ചു. അയാൾ പറഞ്ഞത് കളവാണ്. അയാൾ കൊടുത്തയച്ച ദീനാറുകൾ ജനങ്ങൾക്ക് വിതരണം ചെയ്തു.

ഇമാം അഹ്മദ്(റ) അബൂ യഅ്ലാ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു. ഹിർക്കൽ നബിﷺയുടെ അടുത്തേക്ക് നിയോഗിച്ച ദൂതനെ ഞാൻ കണ്ടുമുട്ടി. രാജാവ് അപ്പോൾ ഹിംസിലായിരുന്നു അത്രേ. സംഭവത്തിന്റെ ലളിതവിവരണം ഇങ്ങനെയാണ്. നബിﷺ തബൂക്കിൽ ആയിരുന്നപ്പോൾ ദിഹിയത്തുൽ കൽബി(റ)യെ നബിﷺ ഹിർഖൽ രാജാവിന്റെ അടുത്തേക്ക് അയച്ചു. നബിﷺയുടെ കത്ത് കിട്ടിയപ്പോൾ രാജാവ് വായിച്ചു നോക്കി. ശേഷം, അദ്ദേഹത്തിന്റെ മന്ത്രിമാരെയും മറ്റും വിളിച്ച് അടുത്തിരുത്തി, സഭയുടെ വാതിൽ അടച്ചു. കൂട്ടത്തിൽ അവിടുത്തെ പുരോഹിതന്മാരും പാത്രിയാർഖീസുമാരും ഉണ്ടായിരുന്നു. എന്നിട്ട് രാജാവ് പറഞ്ഞു. അതാ കണ്ടില്ലേ നിങ്ങൾ, ഒരു പ്രതിനിധി വന്നിരിക്കുന്നത്. മൂന്നിൽ ഒരു കാര്യമാണ് പ്രവാചകൻﷺ ആവശ്യപ്പെട്ടത്. ഒന്നാമത്തേത്, ആ പ്രവാചകന്റെﷺ മതത്തെ അംഗീകരിക്കണം. രണ്ടാമത്തേത്, നമ്മുടെ ഭൂമിയുടെ അധികാരം നമുക്കുണ്ടെങ്കിലും ഇവിടുത്തെ സമ്പാദ്യം അങ്ങോട്ട് നൽകണം. മൂന്നാമത്തേത്, രണ്ടുമല്ലെങ്കിൽ അഭിമുഖീകരിക്കാൻ തയ്യാറാവണം. ശേഷം, പാതിരിമാരോടും സദസ്സിലുള്ളവരോടും രാജാവ് ചോദിച്ചു. നമ്മളെല്ലാവരും ആ പ്രവാചകന്റെﷺ മതത്തെ അംഗീകരിച്ച് പിന്നിൽ കൂടിയാലോ? അപ്പോൾ അവരെല്ലാവരും ഒരേ സ്വരത്തിൽ പ്രതികരിച്ചു. എന്താണ് അവിടുന്ന് പറയുന്നത്? നമ്മൾ നമ്മുടേതെല്ലാം ഉപേക്ഷിച്ചുകൊണ്ട് ഹിജാസിൽ നിന്നുള്ള ഒരു വ്യക്തിയെ പിന്തുടരാൻ ആണോ പറയുന്നത്! അതൊരിക്കലും നമുക്ക് സാധ്യമല്ല.

ഈ രൂപത്തിൽ അവർ പുറത്തേക്കിറങ്ങി പോയാൽ നാട്ടിൽ വലിയ നാശം ഉണ്ടാകുമെന്ന് രാജാവ് നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ഉള്ളിൽ മുഹമ്മദ് നബിﷺയുടെ യാഥാർത്ഥ്യം ബോധ്യപ്പെട്ടെങ്കിലും തനിക്ക് വേണ്ടപ്പെട്ടവർ ഇപ്പോൾ അംഗീകരിക്കാത്ത ഇടത്തോളം പരസ്യമായി ആ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹം നയപരമായി ഒരു കാര്യം പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസത്തോടും ആദർശത്തോടുമുള്ള ബന്ധം ബോധ്യപ്പെടാൻ വേണ്ടിയായിരുന്നു ഞാൻ ചോദിച്ചത്. ഇപ്പോൾ അതെനിക്ക് ബോധ്യമായിരിക്കുന്നു. അതുകൊണ്ട് നമുക്ക് മറ്റുകാര്യങ്ങളെ ആലോചിക്കാം. തത്ക്കാലം അവർ ശാന്തരായി. ശേഷം, അറബി അറിയുന്ന ഒരാളെ അടുത്തേക്ക് വിളിച്ചു. മുഹമ്മദ് നബിﷺയുടെ സന്നിധിയിലേക്ക് മറുപടി അയക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-522

Tweet 522

ഹിർഖൽ ചക്രവർത്തിയുടെ ദൂതൻ തനൂഖി തുടരുന്നു. രാജാവ് എന്നെ വിളിച്ച് എന്റെ കയ്യിൽ പ്രവാചകന്ﷺ നൽകാനുള്ള കത്ത് ഏൽപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഈ കത്തുമായി നിങ്ങൾ ആ വ്യക്തിയുടെ അടുത്തേക്ക് പോവുക. എന്നിട്ട് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക. എന്തെങ്കിലും രേഖപ്പെടുത്തിയ ഏടിനെ കുറിച്ച് സംസാരിക്കുന്നുണ്ടോ? അവിടുത്തെ ശരീരത്തിന്റെ പിൻഭാഗത്ത് സംശയാസ്പദമായ എന്തെങ്കിലും അടയാളങ്ങൾ ഉണ്ടോ? ഈ കത്തു വായിക്കുന്ന നേരത്ത് രാവിനെ കുറിച്ച് വല്ലതും പറയുന്നുണ്ടോ? എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കാൻ ഏൽപ്പിച്ചത്.

കത്തുമായി പോയ ദൂതൻ തുടരുന്നു. ഞാൻ തബൂക്കിൽ വച്ചാണ് നബിﷺയെ കണ്ടുമുട്ടിയത്. അപ്പോൾ അവിടന്ന് അനുയായികൾക്കൊപ്പം ഇരിക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് കടന്നു ചെന്ന് ചോദിച്ചു. നിങ്ങളുടെ നേതാവ് എവിടെയാണ്? അപ്പോൾ പറഞ്ഞു ഇതാ ഈ ഇരിക്കുന്നതാണ് ഞങ്ങളുടെ നേതാവ്. ഞാനും ആ സദസ്സിൽ മുന്നിൽ പോയി ഇരുന്നു. ഞാൻ എന്റെ പക്കലുള്ള കത്ത് കൈമാറി. അവിടുന്ന് സ്വീകരിച്ചു മടിയിലേക്ക് വച്ചു. എന്നിട്ട് എന്നോട് ചോദിച്ചു. നിങ്ങൾ ആരാണ്? ഞാൻ പറഞ്ഞു. തനൂഖിന്റെ സഹോദരനാണ്. നിങ്ങൾ ഇസ്ലാമിൽ ആണോ ഉള്ളത്. ഞാൻ അവിടുത്തെ പിതാവ് ഇബ്രാഹിം നബി(അ)യുടെ മാർഗത്തിലാണ്. ഞാനൊരു ജനതയുടെ പ്രതിനിധിയായി വന്നതാണ്. അവരുടെ അടുക്കലേക്ക് മടങ്ങിയെത്തുന്നത് വരെ ആ പ്രാതിനിധ്യത്തിൽ നിന്ന് ഞാൻ ഒഴിവാകില്ല. അപ്പോൾ അവിടുന്ന് ചിരിച്ചു. എന്നിട്ട് വിശുദ്ധ ഖുർആനിലെ അൽ ഖസസ് അധ്യായത്തിലെ 56 ആം സൂക്തം പാരായണം ചെയ്തു. ആശയം ഇങ്ങനെ വായിക്കാം.

“സംശയമില്ല; തങ്ങൾക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ തങ്ങൾക്കാവില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായറിയുന്നവനാണവന്‍.” എന്നിട്ട് എന്നോട് നബിﷺ പറഞ്ഞു. അല്ലയോ തനൂഖ് സഹോദരാ.. ഞാൻ കിസ്രാ രാജാവിന് ഒരു കത്ത് എഴുതി. അദ്ദേഹം അത് കീറിക്കളഞ്ഞു. അല്ലാഹു അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധികാരത്തെയും പിച്ചിചീന്തുക തന്നെ ചെയ്യും. ഞാൻ നിങ്ങളുടെ ഭരണാധികാരിക്ക് കത്തെഴുതി. അദ്ദേഹം സ്വീകരിച്ചു. അദ്ദേഹത്തിൽ നിന്ന് ജനങ്ങൾക്ക് നല്ലതേ ലഭിക്കുകയുള്ളൂ. നന്മയിൽ വർത്തിക്കുന്നിടത്തോളം അദ്ദേഹത്തിൽ നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

അപ്പോൾ എന്റെ മനസ്സിൽ ഓടി വന്ന കാര്യം, രാജാവ് എന്നോട് നിരീക്ഷിക്കാൻ പറഞ്ഞ ഒന്നാമത്തെ കാര്യമായിരുന്നു. സന്ദേശ കുറിപ്പിനെ കുറിച്ചുള്ള കാര്യമായിരുന്നല്ലോ അത്. ശേഷം, എന്റെ ഭരണാധികാരിയുടെ കത്തെടുത്ത് വായിക്കാൻ തുടങ്ങി. അതിൽ നിന്ന് ഇങ്ങനെ ഒരു ഭാഗം മുആവിയ(റ) വായിച്ചു കേൾപ്പിച്ചു. പ്രവാചകനെﷺ അഭിസംബോധന ചെയ്തു കൊണ്ട് രാജാവ് എഴുതിയ ഭാഗമായിരുന്നു അത്. അല്ലയോ പ്രവാചകരെﷺ അവിടുന്ന് ആകാശഭൂമികളോളം വിശാലതയുള്ള സ്വർഗ്ഗത്തെക്കുറിച്ചാണല്ലോ പറയുന്നത്. അതിലേക്കാണല്ലോ ക്ഷണിക്കുന്നത്. എന്നാൽ പിന്നെ നരകം എവിടെയാണുള്ളത്? ഇതു കേട്ട മാത്രയിൽ നബിﷺ ഇങ്ങനെ പ്രതികരിച്ചു. പുലരി വന്നാൽ പിന്നെ രാവ് എവിടെയാണ് ഉണ്ടാവുക! നേരത്തെ മറുപടി എഴുതി വച്ചതുപോലെ ഞാൻ ഈ മറുപടിയും എഴുതിവെച്ചു. കാരണം രാജാവ് നിരീക്ഷിക്കാൻ പറഞ്ഞ രണ്ടാമത്തെ കാര്യമായിരുന്നു ഇത്. ശേഷം ഉസ്മാനുബ്നു അഫ്ഫാൻ(റ) വളരെ വിലപിടിപ്പുള്ള ഒരു ഉപഹാരം എനിക്ക് നൽകി. അതുകഴിഞ്ഞ് നബിﷺ ചോദിച്ചു എവിടെയാണ് ഇദ്ദേഹത്തെ താമസിപ്പിക്കുക? അൻസ്വാരികളിൽ ഒരാളുടെ അടുക്കൽ ആണെന്ന് വിവരം അറിയിച്ചു. അതുപ്രകാരം സദസ്സിൽ നിന്ന് ആതിഥേയനൊപ്പം പോകാൻ വേണ്ടി ഈ ദൂതൻ ഇറങ്ങി. ഉടനെ നബിﷺ പറഞ്ഞു. നിങ്ങളെ ഏൽപ്പിക്കപ്പെട്ട കാര്യം കാണണമെങ്കിൽ ഇതാ ഇതുവഴി പോയിക്കൊള്ളൂ. അഥവാ നബിﷺയുടെ ശരീരത്തിന്റെ പിൻഭാഗത്ത് നിരീക്ഷിക്കണമെന്ന് രാജാവ് പറഞ്ഞ കാര്യമാണ് നബിﷺ അങ്ങോട്ട് പറയുന്നത്. രാജാവിന്റെ ദൂതൻ പറയുന്നു. നബിﷺ പറഞ്ഞ ഭാഗത്ത് കൂടി കടന്നുചെന്നപ്പോൾ അവിടുത്തെ ചുമലിന്റെ ഭാഗം എനിക്ക് വെളിവായി. ഞാൻ നോക്കിയപ്പോൾ അതാ പ്രവാചകത്വത്തിന്റെ മുദ്ര.. അതൊരു മാംസത്തിന്റെ തടിപ്പ് ആയിരുന്നു.

ദൗത്യനിർവഹണം പൂർത്തിയാക്കി തനൂഖ് നാട്ടിലേക്ക് മടങ്ങി. രാജാവിന്റെ സന്നിധിയിൽ എത്തിച്ചേർന്നു. വിവരങ്ങളെല്ലാം വിശദമായി അവതരിപ്പിച്ചു. അദ്ദേഹം ജനങ്ങളെ നേർവഴിയിലേക്ക് ക്ഷണിച്ചു.

ഇമാം സുഹൈലി(റ) നിവേദനം ചെയ്യുന്നു. ഹിർഖൽ രാജാവ് നബിﷺക്ക് ഉപഹാരങ്ങൾ കൊടുത്തയച്ചു. നബിﷺ ഉപഹാരങ്ങൾ സ്വീകരിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-523

Tweet 523

തബൂക്ക് വേളയിൽ ഉണ്ടായ സുപ്രധാനമായ ഒരു സംഭവം മുഹമ്മദ് ബിൻ ഉമർ ബിൻ ജാബിർ(റ) ഉദ്ധരിക്കുന്നു. അയിലക്കാരുടെ പൗരപ്രമുഖനായ യുഹന്നാ ബിൻ റുഅബയെ നബിﷺയും അനുയായികളും കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ശാമിലെ മഖ്ന, ജുറബ, അദ്റുഹ് പ്രവിശ്യകളിലെ ആളുകളും ഉണ്ടായിരുന്നു. നബിﷺ അവർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. അതിന്റെ സാരം ഉൾക്കൊള്ളാനോ വിശ്വസിക്കാനോ അവർ തയ്യാറായില്ല. എന്നാലും നബിﷺ അവരോട് അനുഭാവപൂർവ്വം പെരുമാറി. നികുതിയിലും മറ്റും അവർക്ക് വിട്ടുവീഴ്ച നൽകി. തുടർന്നങ്ങോട്ട് അവരുമായുള്ള പെരുമാറ്റ ചട്ടങ്ങളും ഇടപെടലുകളും നയ നിലപാടുകളും എങ്ങനെയായിരിക്കണം എന്ന് കരാർ മൂലം രേഖപ്പെടുത്തി. യുഹന്ന അദ്ദേഹത്തിന്റെ വകയായി ഒരു വെള്ള കോവർ കഴുതയെ നബിﷺക്ക് സമ്മാനമായി നൽകി. തിരുനബിﷺയുടെ കൈവശമുണ്ടായിരുന്ന ഒരു പുതപ്പ് പ്രത്യഭിവാദ്യമായി അദ്ദേഹത്തിനും നൽകി.

അദ്റഹു കാർക്ക് നബിﷺ കരാറായി എഴുതിക്കൊടുത്തതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ നാമത്തിൽ. “മുഹമ്മദ് നബിﷺ അദ്റഹുകാർക്കും ജർബ്കാർക്കും നൽകുന്ന ഉടമ്പടിയാണിത്. അവർ മുഹമ്മദ് നബിﷺയുടെയും അല്ലാഹുവിന്റെയും സുരക്ഷിതത്വത്തിൽ സുരക്ഷിതരാണ്. എല്ലാ റജബ് മാസത്തിലും 100 ദിനാർ അനുഗ്രഹീത വിഹിതമായി അവർ നൽകണം. വിശ്വാസികൾ അവരോട് നല്ല രൂപത്തിൽ വർത്തിക്കുമെന്നതിന് അല്ലാഹു സാക്ഷിയാണ്. അവർക്ക് കരയിലും കടലിലും സുരക്ഷിതമായി യാത്ര ചെയ്യാം. അവരെ ശല്യപ്പെടുത്തുന്ന വിശ്വാസികൾക്ക് ശിക്ഷയുണ്ടാകും.

വികസിതമായി പുതിയകാലത്ത് പ്രയോഗിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ രീതികളെ, ഒന്നര സഹസ്രാബ്ദം മുമ്പ് തന്നെ പ്രവാചകൻﷺ പ്രയോഗിച്ചിരുന്നു. ബഹുസ്വരമായ ഒരു സമൂഹത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിന് പ്രായോഗികമായ രൂപങ്ങൾ ഉണ്ടായിരുന്നു. മതവിശ്വാസത്തിലും മത ചിട്ടകളിലും കണിശത ഉണ്ടാകുന്നതോടൊപ്പം തന്നെ ഇതര മതത്തെയും വിശ്വാസികളെയും എങ്ങനെ സഹവസിക്കണമെന്നതിന് കൃത്യമായ ചിട്ടകൾ ഉണ്ടായിരുന്നു. വൈവിധ്യങ്ങളുടെ പേരിൽ വൈരുദ്ധ്യങ്ങൾ നിലനിർത്തുകയും വൈരുദ്ധ്യങ്ങൾ യുദ്ധങ്ങളിലേക്കും കലാപങ്ങളിലേക്കും നീങ്ങുകയും ചെയ്തുകൊണ്ടിരുന്ന ഒരു ജനതയെ ഒരു പുരോഗമനപരമായ നിയമ രീതികൾക്കുള്ളിൽ നിന്ന് ചിട്ടപ്പെടുത്തിയ ഒരു സമൂഹഗാത്രമാക്കി പരിപാലിക്കാൻ നബിﷺ പഠിപ്പിച്ചു. ഉടമ്പടികൾക്കും കരാറുകൾക്കും വലിയ പ്രാധാന്യമാണ് മതത്തിൽ വ്യവസ്ഥയാക്കിയത്. അത് ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകളാണ് മതം പ്രഖ്യാപിച്ചത്. വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും യാതൊരു വിലയുമില്ലാത്ത ഒരു കാലത്ത് കരാർ പാലനത്തിന്റെ ഉയർന്ന മൂല്യങ്ങളാണ് നബിﷺ ഉൽഘോഷിക്കുകയും പ്രയോഗിക്കുകയും ചെയ്തത്.

യുഹന്നക്കും അയലക്കാർക്കും സ്വതന്ത്രമായ ഒരു കരാർ തന്നെ പ്രവാചകൻﷺ എഴുതി നൽകി. അതിൽ അവരുടെ കപ്പലുകൾ കടന്നു പോകുന്നതിനുള്ള സ്വാതന്ത്ര്യം കൂടി എഴുതിയിട്ടുണ്ടായിരുന്നു. സിറിയ, യമൻ തുടങ്ങിയ പ്രവിശ്യകളിൽ നിന്നും അതുവഴി കടന്നു പോകുന്നവരെ ശല്യപ്പെടുത്തിയാൽ അവർക്കെതിരെ കർക്കശമായ ശിക്ഷയും പ്രഖ്യാപിച്ചു. ജുഹൈമു ബിൻ അസ്സൽതും(റ) ശുരഹ്ബീൽ ബിൻ ഹസന(റ)യുമാണ് നബിﷺക്ക് വേണ്ടി കരാറുകൾ എഴുതിയത്.

ആധുനിക രാഷ്ട്രീയ സമീപനങ്ങളിലുള്ള ഏതെല്ലാം നിയമങ്ങളും രീതികളുമാണ് അക്കാലത്ത് നബിﷺ പ്രയോഗിച്ചത് എന്ന് ഈ സംഭവങ്ങൾ മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-524

Tweet 524

തബൂക്കിലെ സൈനിക നീക്കങ്ങൾ ഏതാണ്ട് അവസാനിച്ചു. ഇനി മടങ്ങണോ അതല്ല ഇവിടെത്തന്നെ നിൽക്കണോ എന്ന ആലോചനകൾ ഉയർന്നു. നബിﷺ അനുയായികളുമായി കൂടിയാലോചന നടത്തി. അപ്പോൾ ഉമർ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുത്തേക്ക് എന്താണോ കൽപ്പന ലഭിച്ചിട്ടുള്ളത് അതുപ്രകാരം നമുക്ക് ചെയ്യാം. പോകാനാണ് കൽപ്പന എങ്കിൽ നമുക്ക് പോകാം. അപ്പോൾ നബിﷺ പറഞ്ഞു. പ്രത്യേകമായ കൽപ്പനകൾ വന്നിട്ടില്ല. കൂടിയാലോചിക്കുക എന്നതാണ് ഇപ്പോൾ വേണ്ടത്. അപ്പോൾ ഉമർ(റ) പറഞ്ഞു തുടങ്ങി. റോമുകാർ വിവിധ സംഘങ്ങളുണ്ട്. നമ്മുടെ ഈ നീക്കം അവരെ മുഴുവനും ഞെട്ടിച്ചിട്ടുമുണ്ട്. നമ്മൾ മടങ്ങിയാൽ അവരുടെ നീക്കം എന്താകാൻ ഇടയുണ്ട് എന്ന് അറിയില്ല.

അബ്ദുറഹ്മാനിബ്നു ഗനം(റ) നിവേദനം ചെയ്യുന്നു. തബൂക്കിലെ സൈനിക നീക്കങ്ങളൊക്കെ അവസാനിച്ചപ്പോൾ ഒരു ദിവസം ജൂതന്മാർ നബിﷺയെ സമീപിച്ചു. എന്നിട്ട് അവർ പറഞ്ഞു. അല്ലയോ അബുൽ ഖാസിം അഥവാ നബിﷺയെ അവർ അങ്ങനെയാണ് സംബോധന ചെയ്തത്. അവിടുന്ന് സത്യപ്രവാചകൻ ആണെങ്കിൽ ശാമിലേക്ക് വരിക. അതാണ് പ്രവാചകൻമാരുടെ ഭൂമിയും പുനരുദ്ധാനത്തിന്റെ ഇടവും. അവരുടെ വർത്തമാനങ്ങൾ ശരിയാണെന്ന് തോന്നി. ശ്യാമിന്റെ ഭാഗം ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണല്ലോ തബൂക്കിലേക്ക് പുറപ്പെട്ടതും. പക്ഷേ, അപ്പോഴേക്കും സൂറത്തുൽ ഇസ്റാഇലെ 76, 77 സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “തങ്ങളെ ഭൂമിയില്‍നിന്ന് പറിച്ചെടുത്ത് പുറത്തെറിയാന്‍ അവര്‍ തയ്യാറെടുത്തിരിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ തങ്ങൾക്കു ശേഷം അല്‍പകാലമല്ലാതെ അവരവിടെ താമസിക്കാന്‍ പോകുന്നില്ല. തങ്ങൾക്കു മുമ്പ് നാം അയച്ച നമ്മുടെ ദൂതന്മാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെയാണിത്. നമ്മുടെ നടപടിക്രമങ്ങളില്‍ ഒരു വ്യത്യാസവും തങ്ങൾക്കു കാണാനാവില്ല.”

ശേഷം, മദീനയിലേക്ക് പോയിക്കൊള്ളാൻ അള്ളാഹു നബിﷺയോട് കൽപ്പിച്ചു. എന്നിട്ട് പറഞ്ഞു. അല്ലയോ പ്രവാചകരേﷺ അവിടുത്തെ വാസനവും വിയോഗ ഭൂമിയും മദീനയാണ്. അവിടെ നിന്നു തന്നെയാണ് നാളെ പുനർജനിപ്പിക്കപ്പെടുന്നതും. നബിﷺ യാത്രക്കൊരുങ്ങി. അപ്പോഴേക്കും ജിബ്‌രീല്‍(അ) നബിﷺയെ ഉണർത്തി. എല്ലാ പ്രവാചകന്മാർക്കും പ്രാർത്ഥനയുണ്ടല്ലോ അവിടുന്നും പ്രാർത്ഥിച്ചേക്കുക. ജിബ്‌രീലി(അ)ന്റെ നിർദ്ദേശം അനുസരിച്ചുകൊണ്ട് നബിﷺ നിർവഹിച്ച പ്രാർത്ഥനയുടെ ആശയം അൽ ഇസ്റാഅ് അധ്യായത്തിലെ 80ആമത്തെ സൂക്തം ഉൾവഹിച്ചിരിക്കുന്നു. നമുക്ക് വായിക്കാം. “നബിയേ തങ്ങൾ പ്രാര്‍ഥിക്കുക.” എന്റെ നാഥാ, നീ എന്റെ പ്രവേശനം സത്യത്തോടൊപ്പമാക്കേണമേ! എന്റെ പുറപ്പാടും സത്യത്തോടൊപ്പമാക്കേണമേ. നിന്നില്‍ നിന്നുള്ള ഒരധികാരശക്തിയെ എനിക്ക് സഹായിയായി നല്‍കേണമേ!”

ഈ പ്രാർത്ഥനാ വാചകങ്ങൾ ഉരുവിട്ടുകൊണ്ട് തിരുനബിﷺ മടക്കയാത്ര ആരംഭിച്ചു. നബിﷺ ശാമിലേക്ക് പ്രവേശിക്കാതെ മടങ്ങാനുള്ള ചില കാരണങ്ങൾ കൂടി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ വ്യാപകമായ പ്രദേശമായിരുന്നു ശ്യാം. അങ്ങനെയുള്ള ദേശത്തേക്ക് പോകരുതെന്നും അവിടെയുള്ളവർ പുറത്തേക്ക് പോകരുതെന്നും ആണ് പ്രവാചകൻﷺ പഠിപ്പിച്ചിട്ടുള്ളത്. ഇതാണ് കാരണമായി പ്രമുഖരിൽ പലരും ഉദ്ധരിച്ചത്.

പ്രവാചകൻﷺ അനുയായികളുമായി നടത്തിയ കൂടിയാലോചനകൾ. സാമൂഹിക രാഷ്ട്രീയ ആരോഗ്യ സാഹചര്യങ്ങളോടുള്ള സമീപനങ്ങൾ. ആധുനിക കാലത്തും സ്വീകരിക്കാവുന്ന, നാം സമീപകാലത്ത് പ്രയോഗിക്കേണ്ടി വന്ന സമ്പർക്ക രഹിത ജീവിതത്തിലൂടെയുള്ള രോഗപ്രതിരോധം. അഥവാ ക്വാറന്റൈൻ സംവിധാനത്തിന്റെ ചരിത്രത്തിലെ അറിയപ്പെട്ട സുപ്രധാനമായ കാഴ്ചപ്പാട്. പകർച്ചവ്യാധികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നുള്ള തിരുനബിﷺ പാഠം.
വർത്തമാന സാഹചര്യങ്ങളോട് എങ്ങനെയൊക്കെയാണ് നബി ചരിത്രം ചേർത്തുവച്ചു വായിക്കേണ്ടത് എന്നുള്ള ബോധ്യങ്ങളെയാണ് ഓരോ അധ്യായങ്ങളും നമുക്ക് പകർന്നു തരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-525

Tweet 525

നബിﷺയും അനുയായികളും തബൂക്കിൽ നിന്ന് മടങ്ങുകയാണ്. വഴിമധ്യേ കപടവിശ്വാസികളുടെ ചില കുതന്ത്രങ്ങൾ ഉണ്ടായി. പ്രത്യക്ഷത്തിൽ മുസ്ലിംകൾ ആണെന്ന് പ്രഖ്യാപിക്കുകയും ഒപ്പം നിന്ന് വിധ്വംസക പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നവരാണ് മുനാഫിഖുകൾ അഥവാ കപടവിശ്വാസികൾ. അവരിൽ ഒരു സംഘം മദീനയിലേക്കുള്ള മടക്കത്തിനിടയിൽ വഴിയിൽ വച്ച് നബിﷺയെ ചതിയിൽ പെടുത്തി കൊല്ലാൻ തീരുമാനിച്ചു. അതിനാവശ്യമായ തന്ത്രങ്ങൾ അവർ മെനഞ്ഞു. യാത്രാമധ്യേയുള്ള ഒരു മലയിടുക്കിൽ വച്ച് തങ്ങളുടെ സംഘം പ്രവാചകനോﷺടൊപ്പം കൂടുകയും മറ്റുള്ളവരെ വഴിതിരിച്ചുവിടുകയും യാത്രാമധ്യേ പ്രവാചകനെﷺ വധിക്കുകയും ആയിരുന്നു അവരുടെ ലക്ഷ്യം. അവർ ഇങ്ങനെ ചതിക്കാൻ ഒരുങ്ങുന്നു എന്ന വിവരം അല്ലാഹുവിൽ നിന്ന് നബിﷺക്ക് ലഭിച്ചു.

അങ്ങനെ യാത്രാസംഘം മുന്നോട്ടു പോയിക്കൊണ്ടിരിക്കേ നബിﷺയുടെ വാഹനം ഒരു മലയിടുക്കിലേക്ക് പ്രവേശിച്ചു. ഉടനെ കപടവിശ്വാസികളിൽ നിന്നൊരാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പ്രവാചകൻﷺ ഇതുവഴി കടന്നുപോകുന്നുണ്ട്. പിന്നിൽ വരുന്നവരൊക്കെ ഇതിനപ്പുറത്തുള്ള സുതാര്യമായ വഴിയിലൂടെ കടന്നു പോകണം. പ്രവാചകന്ﷺ കൂടുതൽ സൗകര്യം ലഭിക്കാനാണ് എന്നാണ് ഈ പ്രസ്താവനയിൽ നിന്ന് തോന്നുക. പെട്ടെന്നുതന്നെ സ്വഹാബികളുടെ സംഘം അടുത്ത വഴിയിലേക്ക് പ്രവേശിച്ചു. ഈ തക്കം നോക്കി തിരുനബിﷺയുടെ വഴിയിലേക്ക് കപട വിശ്വാസികൾ ഇരച്ചു കയറി. നല്ല ഇരുട്ട് പടർന്ന സമയമായിരുന്നു അത്. പോരാത്തതിന് അവരെല്ലാവരും മുഖംമൂടി അണിയുകയും ചെയ്തു. നബിﷺയുടെ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് അമ്മാർ ബിൻ യാസിർ(റ) ആയിരുന്നു. ഹുദൈഫത്ത് ബിനു യമാനി(റ)യായിരുന്നു പിന്നിൽ ഉണ്ടായിരുന്നത്. രണ്ടുപേരും ശ്രദ്ധാപൂർവ്വം നബിﷺയെ മുന്നോട്ടു നയിച്ചു. കപട വിശ്വാസികൾ നബിﷺയുടെ വാഹനത്തെ കുതറിച്ചു. ചില സാധനങ്ങളൊക്കെ വാഹനപുറത്തുനിന്ന് നിലത്തുവീണു. അപ്പോഴേക്കും ഹംസ ബിൻ അംർ അൽ അസ്ലമി(റ) നബിﷺയുടെ അടുത്തെത്തി.

അദ്ദേഹം പറയുന്നു. എന്റെ അഞ്ചു വിരലുകളും പ്രകാശിക്കാൻ തുടങ്ങി. നബിﷺയുടെ വാഹനത്തിന്റെ പുറത്തുനിന്ന് വീണ സാധനങ്ങൾ ആ വിരലുകളുടെ വെളിച്ചത്തിൽ പെറുക്കിയെടുത്തു. നബിﷺയുടെ മുഖത്ത് കോപം തെളിഞ്ഞു. ഹുദൈഫ(റ)യോട് പ്രതിരോധിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം കപട വിശ്വാസികളെ പ്രതിരോധിച്ചു. നബിﷺയുടെ കൈവശമുണ്ടായിരുന്ന വളഞ്ഞ വടികൊണ്ട് ശത്രുക്കളുടെ വാഹനത്തിന്റെ മുഖത്തടിച്ചു. പ്രവാചകന്ﷺ വിവരം ലഭിച്ചിട്ടുണ്ടെന്നും തങ്ങളുടെ ചതിപ്രയോഗം ഇനി വിജയിക്കില്ലെന്നും കപട വിശ്വാസികൾക്ക് തോന്നി. അവർ പെട്ടെന്ന് മലയിടുക്കിൽ നിന്ന് ഇറങ്ങിയോടി മറ്റു ജനങ്ങളോടൊപ്പം ചേർന്നു. ഹുദൈഫ(റ) വേഗം നബിﷺയുടെ അടുത്തേക്ക് തന്നെ എത്തി. വാഹനം വേഗം മുന്നോട്ടു നീക്കണമെന്ന് ഹുദൈഫ(റ)യോട് നബിﷺ പറഞ്ഞു. അങ്ങനെ അമ്മാറും(റ) ഹുദൈഫയും(റ) നബിﷺയുടെ വാഹനത്തെ പർവ്വത മുഖത്തേക്ക് എത്തിച്ചു. നബിﷺ ഹുദൈഫ(റ)യോട് ചോദിച്ചു. നമ്മെ ചതിക്കാൻ വന്നവരെ നിങ്ങൾക്ക് മുഖപരിചയം ആയോ? അദ്ദേഹം പറഞ്ഞു അവരെല്ലാവരും മുഖംമൂടി അണിഞ്ഞതുകൊണ്ടും പരിസരം ഇരുട്ടായതുകൊണ്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പക്ഷേ, അവരുടെ വാഹനങ്ങൾ കണ്ടാൽ എനിക്ക് അറിയാൻ കഴിയും. അപ്പോൾ നബിﷺ ചോദിച്ചു. അവരുടെ ഉദ്ദേശം എന്തായിരുന്നു എന്ന് നിങ്ങൾക്കറിയാമോ? അപ്പോൾ ഹുദൈഫ(റ) പറഞ്ഞു. എന്താണെന്ന് പടച്ചവൻ സത്യം എനിക്കറിയില്ല. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. ഈ മലയിടുക്കിൽ വച്ച് എന്നെ ഞെരുക്കി പർവത മുഖത്തേക്ക് എത്തിച്ചു അവിടെനിന്നും ഉന്തിയിട്ട് വധിച്ചു കളയാനാണ് അവർലക്ഷ്യം വെച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-526

Tweet 526

പ്രവാചകൻﷺ തുടർന്നു. അള്ളാഹു അവരുടെ നാമങ്ങളും അവരുടെ പിതാക്കളുടെ പേരുകളും അടക്കം എനിക്ക് അറിയിച്ചു തന്നിരിക്കുന്നു. വേണ്ടിവന്നാൽ ഞാൻ അവരുടെ പേരുകൾ നിങ്ങൾക്ക് പറഞ്ഞു തരാം. അപ്പോൾ ഹുദൈഫ(റ) പറഞ്ഞു. അവിടുന്ന് ആജ്ഞാപിക്കുകയാണെങ്കിൽ അവരെ കൈകാര്യം ചെയ്യുന്ന കാര്യം ഞങ്ങൾ ഏറ്റു. വേണമെങ്കിൽ അവർക്ക് വധശിക്ഷ നടപ്പിലാക്കാനും ഞങ്ങൾ തയ്യാറാണ്. അപ്പോൾ തിരുനബിﷺ പറഞ്ഞു. മുഹമ്മദ് നബിﷺ ഒപ്പമുള്ളവരെ തന്നെ വധിച്ചു കളയുന്നു എന്ന് പറയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ശേഷം നബിﷺയെ വധിക്കാൻ പ്ലാൻ ഇട്ടവരുടെ പേരുകൾ അമ്മാറി(റ)നോടും ഹുദൈഫ(റ)യോടും പറഞ്ഞു. പരസ്യപ്പെടുത്തരുതെന്ന് അവരോട് പ്രത്യേകം നിർദ്ദേശിക്കുകയും ചെയ്തു. എന്നിട്ട് നബിﷺ പറഞ്ഞു. പ്രഭാതമായാൽ നമ്മുടെ അനുയായികളെ മുഴുവൻ വിളിച്ചു ചേർക്കുക.

രാവിലെയായപ്പോൾ അപ്രതീക്ഷിതമായി ഉസൈദ് ബിൻ ഹുദൈർ(റ) നബിﷺയോട് ചോദിച്ചു. ഇന്നലെ രാത്രിയിൽ അവിടുന്ന് താഴ്‌വരയിലൂടെ സഞ്ചരിക്കാതെ പ്രയാസകരമായ മലയിടുക്കിലൂടെ സഞ്ചരിച്ചത് എന്തുകൊണ്ടാണ്? അപ്പോൾ നബിﷺ പറഞ്ഞു അല്ലയോ അബൂ യഹ്യാ(റ)… കപടവിശ്വാസികൾ ഇന്നലെ ലക്ഷ്യം വെച്ച കാര്യം നിങ്ങളറിഞ്ഞില്ലേ! ആ മലയിടുക്കിൽ വച്ച് എന്നെ കൈകാര്യം ചെയ്യാനായിരുന്നു അവരുടെ താല്പര്യം. അതിനുവേണ്ടി അവർ പ്ലാനുകൾ തയ്യാറാക്കി. അപ്പോൾ ഉസൈദ്(റ) പറഞ്ഞു. എല്ലാവരും ഇവിടെ ഒരുമിച്ചു കൂടിയിട്ടുണ്ടല്ലോ. തങ്ങളെ വധിക്കാൻ ഉദ്ദേശിച്ച ആളുകളെ കുറിച്ച് പറഞ്ഞാൽ അവരവരുടെ ഗോത്രക്കാർക്ക് അവരെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് കൈമാറാം. ആ ഗോത്രങ്ങൾ തന്നെ അവർക്ക് മേൽ ശിക്ഷ നടപ്പിലാക്കട്ടെ. അതല്ല അവിടുന്ന് താൽപര്യപ്പെടുകയാണെങ്കിൽ അവരുടെ പേര് വിവരങ്ങൾ എനിക്ക് നൽകിയാൽ അവരുടെ ശിരസ്സുകൾ ഞാൻ ഹാജരാക്കാം.

അല്ലയോ ഉസൈദ്(റ)! മുഹമ്മദ് നബിﷺ ഒരു സംഘത്തെ നയിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്ത ശേഷം ഒപ്പം തന്നെയുള്ള ഒരു സംഘത്തെ കൊന്നുകളഞ്ഞു എന്ന ആക്ഷേപം കേൾക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അപ്പോൾ ചോദിച്ചു അല്ലയോ പ്രവാചക പ്രഭോﷺ അവർ കപടവിശ്വാസികൾ അല്ലേ! അവർ യഥാർത്ഥത്തിൽ സ്വഹാബികൾ അല്ലല്ലോ. അപ്പോൾ നബിﷺ പറഞ്ഞു. പ്രത്യക്ഷത്തിൽ അവർ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നുണ്ടല്ലോ. ഞാൻ അല്ലാഹുവിന്റെ റസൂൽﷺ ആണെന്നും അവർ പരസ്യമായി പ്രസ്താവിക്കുകയും ചെയ്യുന്നുണ്ടല്ലോ. യഥാർത്ഥത്തിൽ അവർ വിശ്വസിക്കുന്നില്ലെങ്കിലും വിശ്വാസം പരസ്യപ്പെടുത്തിയ അവരെ വധിക്കരുതെന്നാണ് എനിക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.

യൂനുസ് ബിൻ ബുക്കൈറി(റ)ൽ നിന്ന് ഇബ്നു ഇസ്ഹാക്ക്(റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇങ്ങനെ കാണാം. കപട വിശ്വാസികളുടെ കൂട്ടത്തിൽ നിന്നുള്ള 12 നേതാക്കൾ ആയിരുന്നു തിരുനബിﷺക്കെതിരെ ഇങ്ങനെ ഒരു ഗൂഢാലോചന നടത്തിയത്. അവരെ 12 പേരെയും നബിﷺ വിളിച്ചുവരുത്തി. അവർ ഓരോരുത്തരും പറഞ്ഞ വാചകങ്ങളും ലക്ഷ്യംവെച്ച കാര്യങ്ങളും വ്യക്തമായി അവരുടെ മുന്നിൽ നബിﷺ അവതരിപ്പിച്ചു. അവർ അത്ഭുതപ്പെടുകയും അതോടൊപ്പം അവർ ഒഴിവുകഴിവുകൾ പറഞ്ഞ് അതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി നോക്കുകയും ചെയ്തു. നിങ്ങൾ എന്തിനാണ് എന്നെ വധിക്കാൻ ശ്രമിച്ചത്? നിങ്ങൾ ഒരാൾ അടുത്തയാളോട് ഇപ്രകാരം എന്തിനാണ് പറഞ്ഞത്? തുടങ്ങിയ ഓരോ വസ്തുതകളും അവതരിപ്പിച്ചു കൊണ്ടായിരുന്നു തിരുനബിﷺയുടെ സംഭാഷണം. അവർ ഓരോന്നിനും ന്യായങ്ങൾ പറയുകയോ നിരാകരിക്കുകയോ ഒക്കെ ചെയ്തു. നബിﷺ അവർക്കെതിരെ പരസ്യമായി ഒരു നടപടിയും സ്വീകരിച്ചില്ല.

തൗബ അദ്ധ്യായത്തിലെ 74 ആം സൂക്തം ഈ വിഷയം പരാമർശിക്കുന്നുണ്ട്. ആശയം ഇങ്ങനെ വായിക്കാം. “തങ്ങള്‍ അങ്ങിനെ പറഞ്ഞിട്ടില്ല’ എന്ന്‌ അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ ആണയിട്ട് പറയുന്നു; തീര്‍ച്ചയായും, അവര്‍ അവിശ്വാസത്തിന്‍റെ വാക്ക്‌ പറഞ്ഞിട്ടുണ്ട്‌. അവരുടെ ‘ഇസ്‌ലാമി’നുശേഷം അവര്‍ അവിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു. അവർക്ക് പ്രാപിക്കാനാവാത്തതിനെ അവര്‍ ഉദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവും, അവന്‍റെ റസൂലും അവന്‍റെ അനുഗ്രഹത്താല്‍ അവര്‍ക്ക്‌ ഐശ്വര്യം നല്‍കിയെന്നുള്ളതിനാലല്ലാതെ മറ്റൊന്നിനും അവര്‍ ആക്ഷേപിക്കുകയും ചെയ്‌തിട്ടില്ല. ആകയാല്‍, അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍, അതാണവർക്ക് നല്ലത്. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, അവർക്ക് അല്ലാഹു ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നൽകുകയും ചെയ്യും. അവരെ ഇവിടെ ആരും സഹായിക്കുകയും ഇല്ല.”

ഈ 12 പേരുടെയും അന്ത്യം ഏറെ ദുരന്തപൂർണമായിരുന്നു. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബിﷺ പറയുന്നു. എന്റെ അനുയായികളോടൊപ്പമുള്ള 12 പേരുണ്ട്. സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നാൽ പോലും അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.

കപട വിശ്വാസികളുടെ മനോഗതികൾ എത്രമേൽ ക്രൂരമായിരുന്നു എന്നും പ്രവാചകരുﷺടെ സമീപനങ്ങൾ എത്രമേൽ കൃത്യമായിരുന്നു എന്നും വായിക്കാനുള്ളതാണ് ഈ സംഭവം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-527

Tweet 527

തിരുനബിﷺ മദീനയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണല്ലോ? അതിനിടയിൽ അവിടുത്തെ ചില വർത്തമാനങ്ങളും ഇടപെടലുകളും ആണ് നാം വായിക്കുന്നത്. അനസ്‌(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. തബൂക്ക് സൈനിക നീക്കത്തിനുശേഷം മദീനയിലേക്ക് മടങ്ങിയപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. അല്ലയോ സ്വഹാബികളെ നിങ്ങൾ സഞ്ചരിച്ച ഓരോ വഴികളിലും നിങ്ങളോടൊപ്പം ഉണ്ടായിരുന്ന, നിങ്ങൾ ഓരോ താഴ്‌വരകളും മുറിച്ചു കടന്നപ്പോൾ നിങ്ങളെ വിട്ടു പിരിയാതിരുന്ന ഒരു സംഘം ആളുകൾ മദീനയിൽ ഉണ്ട്. അവർ മദീനയിൽ തന്നെ ഉണ്ടായിരുന്നവരാണ്. മതിയായ കാരണങ്ങളാൽ അവർക്ക് തബൂക്കിലേക്ക് നമ്മോടൊപ്പം വരാൻ കഴിഞ്ഞില്ല.

അഥവാ ശാരീരികമായി തബൂക്കിലേക്ക് പുറപ്പെട്ടില്ലെങ്കിലും മാനസികമായും ആത്മീകമായും ഒപ്പം സഞ്ചരിച്ചിരുന്നവരെ കുറിച്ചുള്ള തിരുനബിﷺയുടെ പരാമർശം ആയിരുന്നു ഇത്.

അബൂ ഖതാദ(റ)യിൽ നിന്ന് ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ തബൂക്കിൽ നിന്നു മടങ്ങി. ഞങ്ങൾ മദീനയിലേക്ക് അടുത്തു. അപ്പോൾ നബിﷺ പറഞ്ഞു. ഇത് ‘ത്വാബ’യാണ്. അഥവാ പരിശുദ്ധിയെന്നർഥമുള്ള ത്വാബ എന്ന പേര് മദീനക്ക് വിളിക്കുകയായിരുന്നു. എന്നിട്ട് നബിﷺ തുടർന്നു. അല്ലാഹു ഈ ത്വാബയിൽ എന്നെ താമസിപ്പിച്ചു. ആലയിൽ വെച്ച് ഇരുമ്പിന്റെ കറ കളയും പോലെ മദീന അതിലെ നിവാസികളുടെ പാപങ്ങളെ കഴുകി കളയും. ഉഹദ് പർവതം ദൃഷ്ടിയിൽ പെട്ടപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. ഉഹദ് എന്നെ ഇഷ്ടപ്പെടുന്ന പർവതമാണ്. ഉഹദിനെ ഞാനും ഇഷ്ടപ്പെടുന്നു. അൻസ്വാരികളുടെ ഭവനങ്ങളിൽ വച്ച് ഏറ്റവും ഉത്തമമായ ഭവനം ഏതാണെന്ന് ഞാൻ പറയട്ടെ. അനുയായികൾ പറഞ്ഞു, അതെ. ബനൂ നജ്ജാർ കുടുംബക്കാരാണ്. പിന്നെ ബനൂ അബ്ദുൽ അശ്ഹലാണ്. ശേഷം, ബനൂ സാഇദയാണ്. അബൂ ഉസൈദ്(റ) എന്നവർ പറയുന്നു. മദീനയിലെ കുടുംബങ്ങളെ കുറിച്ച് നബിﷺ പറയുകയും അൻസ്വാരികളിലെ ഉത്തമ ഭവനങ്ങളിൽ അവസാനത്തേതായി എന്റെ ഭവനത്തെ എണ്ണുകയും ചെയ്തു. അപ്പോൾ സഅദ്(റ) നബിﷺയോട് ചോദിച്ചു. അവിടുന്ന് മദീനയിലെ ഭവനങ്ങൾ എണ്ണിയപ്പോൾ ഉത്തമ ഭവനങ്ങളിൽ അവസാനത്തേതായിട്ടാണല്ലോ എന്റെ ഭവനത്തെ എണ്ണിയത്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. ഉത്തമം എന്ന ഗണത്തിൽ ഉൾപ്പെട്ടത് തന്നെ മതിയായ മഹത്വമല്ലേ!

നബിﷺയും അനുയായികളും മദീനയോട് അടുത്തു. ദീർഘദൂരവും ദീർഘനാളുകളും താണ്ടിയുള്ള തിരിച്ചു വരവ്. മദീനക്കാർക്ക് അന്നും ഒരു ആഘോഷ ദിനമായി. അവർ സനിയ്യത്തുൽ വദാഇൽ ഒരുമിച്ചു കൂടി. മക്കയിൽ നിന്ന് മദീനയിലേക്ക് നബിﷺ പലായനം ചെയ്തെത്തിയ അന്ന് ആഘോഷിച്ചത് പോലെ അവർ ആഘോഷിച്ചു. അതേ ഈരടികൾ അവർ ചൊല്ലാൻ തുടങ്ങി.

ത്വലഅൽ ബദ്റു അലൈനാ, മിൻ സനിയ്യത്തിൽ വദാഇ….

ഇമാം ത്വബ്റാനി(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു. ഔസ് ബിൻ ഹാരിസ്(റ) പറയുന്നു. നബിﷺ തബൂക്കിൽ നിന്നും മടങ്ങി വരുമ്പോൾ ഞാൻ നബിﷺയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അബ്ബാസ്ബിന് അബ്ദുൽ മുത്തലിബ്(റ) നബിﷺയോട് പറയുന്നത് കേട്ടു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ തങ്ങളെ ഞാനൊന്ന് പ്രകീർത്തിക്കാൻ ഒരുങ്ങിയാലോ? അല്ലാഹു നിങ്ങളുടെ പല്ലുകൾ കൊഴിക്കാതിരിക്കട്ടെ. അഥവാ അദ്ദേഹത്തിന്റെ ശബ്ദത്തിനും വായക്കും അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ചു.

നബിﷺ മദീനയിലേക്ക് പ്രവേശിച്ച് ആദ്യം പോയത് പള്ളിയിലേക്കാണ്. എന്നിട്ട് രണ്ടു റക്അത്ത് നിസ്കരിച്ചു. ശേഷം ജനങ്ങളെ അഭിമുഖീകരിച്ചു. യാത്രയിൽ ഉടനീളം ഉണ്ടായ നന്മയുടെയും സുരക്ഷയുടെയും പേരിൽ അല്ലാഹുവിനെ പ്രത്യേകം സ്തുതിച്ചു.

അതിനിടയിലും കപട വിശ്വാസികൾ അവർ അവരുടെ പണി നടത്തിക്കൊണ്ടിരുന്നു. നബിﷺയെയും അനുയായികളെയും കുറ്റപ്പെടുത്താനുള്ള വഴികൾ അവർ തിരഞ്ഞു. അത്തൗബാ അദ്ധ്യായത്തിലെ അമ്പതാം സൂക്തം അക്കാര്യം പറയുന്നത് ഇങ്ങനെയാണ്.
“തങ്ങൾക്കു വല്ല നേട്ടവും കിട്ടിയാല്‍ അതവരെ ദുഃഖിതരാക്കും. തങ്ങൾക്കു വല്ല ‎വിപത്തും വന്നാല്‍, അവര്‍ പറയും: “ഞങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ ‎കാര്യം കൈക്കലാക്കിയിരിക്കുന്നു.” അങ്ങനെ ആഹ്ളാദത്തോടെ അവര്‍ ‎പിന്തിരിഞ്ഞുപോവുകയും ചെയ്യും.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-528

Tweet 528

തബൂക്ക് സൈനിക നീക്കത്തിന്റെ അനുബന്ധമായി വായിക്കേണ്ട ഒരധ്യായമാണ് മസ്ജിദ് ളിറാർ സംഭവം. അതിങ്ങനെയാണ്. ബനൂ അംറുബിൻ ഔഫ് ഒരു പള്ളി നിർമ്മിച്ചു. അതിൽ വന്നൊന്നു നിസ്കാരം നിർവഹിച്ചു കൊടുക്കാൻ അവർ നബിﷺയെ സമീപിച്ചു. ഈ സംഭവത്തിന് സാക്ഷിയായ ബനൂ ഗനം ബിനു ഔഫ് പറഞ്ഞു. നമുക്കും അതുപോലെ ഒരു പള്ളി നിർമ്മിക്കാം. അങ്ങനെയിരിക്കെ കപട വിശ്വാസികളിൽ പെട്ട അബൂ ആമിർ അവരോട് പറഞ്ഞു, നിങ്ങളും ഒരു പള്ളി നിർമ്മിക്കുക. അതിൽ പരമാവധി ആയുധങ്ങൾ ശേഖരിച്ചു വെക്കുക. ഞാൻ റോമിന്റെ ഭരണാധികാരി കൈസറിന്റെ അടുത്തേക്ക് പോവുകയാണ്. അവിടെനിന്ന് ഒരു സൈന്യത്തെ കൂടി ഞാൻ കൊണ്ടുവരാം. ശേഷം, നമുക്കൊരുമിച്ച് മുഹമ്മദ് നബിﷺയെ ഇവിടുന്ന് പുറത്താക്കാം. അബൂ ആമിർ സിറിയയിലേക്ക് പോകുന്നതിനു മുമ്പായിരുന്നു ഈ നിർദേശം.

ഏതായാലും പള്ളി നിർമ്മാണത്തിനു ശേഷം അവരിൽനിന്ന് ഒരു സംഘം നബിﷺയെ സമീപിച്ചു. എന്നിട്ട് അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങൾ ഒരു പള്ളി നിർമ്മിച്ചിരിക്കുന്നു. രോഗികൾക്കും സമീപത്തുള്ളവർക്കും മഴ അധികരിക്കുമ്പോഴും ഒക്കെ നിസ്കരിക്കാൻ വേണ്ടി അടുത്തുതന്നെ ഒരു പള്ളി ഉണ്ടാക്കിയതാണ്. അവിടുന്ന് വന്ന് ആ പള്ളിയിലൊന്ന് നിസ്കരിക്കണം. പള്ളി ഔദ്യോഗിക വൽക്കരിക്കാനുള്ള അവരുടെ ഒരു കുതന്ത്രമായിരുന്നു അത്. തബൂക്കിലേക്ക് പോകാൻ ഒരുങ്ങി നിന്ന നബിﷺ പറഞ്ഞു. ഞാനിപ്പോൾ കൂടുതൽ ജോലിയിലും യാത്രയിലും ഒക്കെയാണ്. മടങ്ങി വന്നിട്ട് അല്ലാഹു നിശ്ചയിച്ചാൽ ഞാൻ നിസ്കരിക്കാൻ വരാം. അങ്ങനെ തബൂക്കിൽ നിന്ന് നബിﷺ മടങ്ങി വരുന്ന വഴിയിൽ ദൂ അവാൻ എന്ന സ്ഥലത്ത് ഇറങ്ങി. മദീനയിലേക്ക് ഒരു മണിക്കൂർ മാത്രം വഴി ദൂരമുള്ള സ്ഥലമാണത്. അവിടെവച്ച് വിശുദ്ധ ഖുർആനിലെ അത്തൗബ അദ്ധ്യായത്തിലെ 107 ആം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “ദ്രോഹം വരുത്താനും സത്യനിഷേധത്തെ സഹായിക്കാനും ‎വിശ്വാസികൾക്കിടയില്‍ ഭിന്നതയുണ്ടാക്കാനും നേരത്തെ അല്ലാഹുവോടും ‎അവന്റെ ദൂതനോﷺടും യുദ്ധം ചെയ്തവന് താവളമൊരുക്കാനുമായി പള്ളി‎‎യുണ്ടാക്കിയവരും അവരിലുണ്ട്. നല്ലതല്ലാത്തതൊന്നും ഞങ്ങള്‍ ‎ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറയും. എന്നാല്‍, തീർച്ചയായും അവര്‍ ‎കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.”

ശേഷം, അല്ലാഹു ആ പള്ളിയുടെ ഭവിഷ്യത്തിനെ കുറിച്ച് പറഞ്ഞു. അതിൽ നിസ്കരിക്കാൻ വേണ്ടി തങ്ങൾ പോകേണ്ടതില്ല എന്ന് നബിﷺയോട് ആജ്ഞാപിക്കുകയും ചെയ്തു. ആ പരാമർശം മേലെ ഉദ്ധരിച്ചതിനോട് അനുബന്ധമായ സൂക്തത്തിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്. “തങ്ങൾ ഒരിക്കലും അതില്‍ നിസ്കരിക്കരുത്. തങ്ങൾക്ക് നിസ്കാരം നിർവഹിക്കാൻ ഏറ്റവും അർഹതപ്പെട്ടത് തുടക്കം മുതൽക്കു തന്നെ ‎ദൈവഭക്തിയില്‍ പടുത്തുയർത്തപ്പെട്ട പള്ളിയാണ്. വിശുദ്ധി വരിക്കാനിഷ്ടപ്പെടുന്നവരുള്ളത് ‎അവിടെയാണ്. അല്ലാഹു വിശുദ്ധി കൈവരിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”

ഇതിൽ പവിത്രതയോട് ചേർത്ത് പറയപ്പെട്ട പള്ളി മദീനയിലെ ഖുബ മസ്ജിദ് ആണ്.

സമൂഹത്തിന്റെ ചിദ്രതയും ഭിന്നതയും ലക്ഷ്യം വെച്ചുകൊണ്ട് ഉണ്ടാക്കിയ ഈ നിർമ്മിതി പൊളിച്ചു നീക്കാൻ പ്രവാചകൻﷺ നിർദ്ദേശം നൽകി. കേവലമായ നിർമ്മിതികളേക്കാൾ വലുത് മാനുഷികമായ ഒരുമയും മൂല്യങ്ങളിൽ ഊന്നിയുള്ള സംഘാടനവുമാണെന്ന് പ്രവാചകൻﷺ പഠിപ്പിച്ചു. വ്യക്തമായ ഒരു ആശയത്തെ മുന്നോട്ടുവെക്കാതെ നിലവിലുള്ള ഒരാശയത്തെ ആക്ഷേപിക്കാനും ഇല്ലായ്മ ചെയ്യാനും കാപട്യത്തിന്റെ മൂടുപടം അണിഞ്ഞു കൊണ്ടായിരുന്നു മുനാഫിക്കുകൾ നിർമ്മാണം നടത്തിയത്. അതിന് വിപാടനം ചെയ്യുകയല്ലാതെ ഒരു ഭരണാധികാരിക്കും നേതൃത്വത്തിനും മറ്റൊരു മാർഗം അവിടെ ഉണ്ടായിരുന്നില്ല. ആ നിർമിതിയെ ഇല്ലായ്മ ചെയ്തതോടുകൂടി അതിലൂടെ രൂപപ്പെടുത്തിയ വിധ്വംസക വിചാരങ്ങളെയും ഇല്ലായ്മ ചെയ്യാൻ സാധിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-529

Tweet 529

നബിﷺയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങളും അവിടുത്തെ നിർദ്ദേശപ്രകാരമുള്ള നയതന്ത്ര നീക്കങ്ങളും സ്വതന്ത്രമായി തന്നെ നമുക്ക് വായിക്കാനുള്ളതാണ്. അവകളുടെ പരിസരത്തു നിന്നു കൊണ്ടുള്ള തിരുനബിﷺയുടെ സമീപനങ്ങളും നീതിശാസ്ത്രങ്ങളും കൂടി നമുക്ക് പഠിക്കാനുണ്ട്.

38 സൈനിക നീക്കങ്ങളാണ് നബി ചരിത്രത്തിൽ നിന്ന് വായിക്കാനുള്ളത്, ചെറുതും വലുതുമായ നയതന്ത്ര ഇടപെടലുകളെ ചേർത്തുവച്ച് നാൽപ്പതിൽ ഏറെയുണ്ടെന്നും നൂറോളം സംഭവങ്ങൾ ഉണ്ടെന്നും വ്യത്യസ്തങ്ങളായ ചരിത്രാഭിപ്രായങ്ങൾ നമുക്ക് കാണാനാവും. സൈനിക നീക്കം, യുദ്ധം എന്നിവയ്ക്ക് ക്രമപ്രകാരം സരിയ്യത്, ഗസ്വത് എന്നീ പദങ്ങളാണ് ഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. സരിയ്യത് പൊതുവേ നയതന്ത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ചെറിയ സംഘങ്ങളാണ്.

ഇത്തരം സംഘങ്ങളെ നിയോഗിക്കുമ്പോൾ തിരുനബിﷺ പാലിച്ചിരുന്ന ചില കാര്യങ്ങളാണ് ആദ്യം നമുക്ക് അറിയാനുള്ളത്. ഒന്ന്, പൊതുവേ തിരുനബിﷺ ഇത്തരം സംഘങ്ങളെ പ്രഭാതങ്ങളിലാണ് യാത്രയാക്കിയിരുന്നത്. എന്റെ സമുദായത്തിന് പ്രഭാതത്തിൽ പ്രത്യേകം അനുഗ്രഹം ചൊരിയേണമേ എന്ന് നബിﷺ പ്രാർത്ഥിച്ചതായി ഹദീസുകളിൽ കാണാം.
രണ്ട്, അവരെ യാത്രയാക്കുന്ന സമയത്ത് പ്രത്യേകമായി പ്രവാചകൻﷺ പ്രാർത്ഥിച്ചിരുന്നു. അല്ലാഹുവിൽ നിന്നുള്ള സഹായം ലഭിക്കുന്നതിനായി അല്ലാഹുവിന്റെ നാമത്തിൽ നിയോഗിക്കുന്നു എന്നായിരുന്നു പ്രവാചകരുﷺടെ പ്രാർത്ഥനാ വാചകങ്ങളുടെ പൊരുൾ.
മൂന്ന്, തിരുനബിﷺ നിയോഗിച്ച ചില സംഘങ്ങളുടെ നേതാക്കളോടൊപ്പം നബിﷺ അൽപനേരം നടക്കുകയും യാത്രയാക്കുകയും ചെയ്യുമായിരുന്നു. മുആദുബിനു ജബലി(റ)നെ നബിﷺ യമനിലേക്ക് നിയോഗിച്ചു. അദ്ദേഹം വാഹനത്തിൽ കയറി യാത്ര ആരംഭിച്ചപ്പോൾ അല്പദൂരം വരെ നബിﷺയും ഒപ്പം നടന്നു. യാത്രാ മംഗളങ്ങൾ പറഞ്ഞു പിരിയുന്ന നേരത്ത് അദ്ദേഹത്തോട് നബിﷺ ഇങ്ങനെ കൂടി ഉണർത്തി. അല്ലയോ മുആദേ(റ) ഈ വർഷത്തിനു ശേഷം നിങ്ങൾ എന്നെ കണ്ടെന്ന് വരില്ല. ഒരുപക്ഷേ, നിങ്ങൾ എന്റെ ഖബറിന്റെയും പള്ളിയുടെയും ചാരത്ത് കൂടി ആയിരിക്കും നടക്കേണ്ടി വരിക. നബിﷺയുടെ വിയോഗത്തെ കുറിച്ചുള്ള ഒരു മുന്നറിയിപ്പായിരുന്നു അത്. മുആദി(റ)ന് അത് താങ്ങാനായില്ല. അദ്ദേഹം പൊട്ടിക്കരഞ്ഞു. ശേഷം, വിരഹത്തിന്റെ വേദന കടിച്ചിറക്കി നബിﷺയോട് യാത്ര പറഞ്ഞു പിരിഞ്ഞു.

നാല്, സൈനിക മേധാവികളോടുള്ള നിർദ്ദേശങ്ങൾ. ബുറൈദ(റ) എന്നവർ പറയുന്നു. യാത്രാ സംഘങ്ങളെ നിയോഗിക്കുമ്പോൾ അതിലെ നേതാക്കന്മാർക്ക് തിരുനബിﷺ പ്രത്യേകം നിർദ്ദേശങ്ങൾ നൽകുമായിരുന്നു. അതിൽ ഏറ്റവും പ്രധാനം അല്ലാഹുവിന്റെ നിയമങ്ങളെ ശ്രദ്ധിച്ചു പാലിക്കാൻ ആയിരുന്നു. യുദ്ധനീതികളെ കുറിച്ചുള്ള ഒരുപാട് നിർദ്ദേശങ്ങൾ പ്രവാചകൻﷺ ചേർത്തു പറയുമായിരുന്നു. കേവലമായ ഒരു അധികാര സ്ഥാപനമോ ശക്തി പ്രകടനമോ ആയിരുന്നില്ല തിരുനബിﷺയുടെ നീക്കങ്ങൾ. മറിച്ച് വ്യക്തമായ ഒരു ലക്ഷ്യത്തിലും ഉദ്ദേശത്തിലും ആയിരുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന ഏറ്റവും വലിയ പ്രാപഞ്ചിക സത്യവും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്ന യാഥാർത്ഥ്യവും ലോകത്തെവിടെയും എത്തിക്കുകയും അനുബന്ധമായി മനുഷ്യന്റെ മാനുഷികമായ രക്ഷയ്ക്കും ആത്യന്തികമായ മോചനത്തിനും ആവശ്യമായ നിയമനിഷ്ടകളെ പഠിപ്പിക്കലും ആയിരുന്നു ലക്ഷ്യം. അക്രമവും അനാചാരവും ഒരു കടുകിട പോലും അനുവദിച്ചു കൊടുക്കാൻ അവിടുന്ന് തയ്യാറായില്ല.

മനുഷ്യനെ എന്നെന്നേക്കും ഇല്ലായ്മ ചെയ്യുകയും അവനെ ആജീവനാന്തം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഏതു നയങ്ങൾക്കും വിചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടായിരുന്നു തിരുനബിﷺ ഉയർത്തിയത്. നിലപാടുകൾക്കും മൂല്യങ്ങൾക്കും വേണ്ടിയുള്ള നയതന്ത്ര സമീപനങ്ങളെ പ്രത്യക്ഷത്തിൽ യുദ്ധമെന്നോ ആയുധപ്രയോഗമെന്നോ ഒക്കെ പറയാമെങ്കിലും അടിസ്ഥാനപരമായി ലോക നന്മയ്ക്കു വേണ്ടിയുള്ള ഇടപെടലായിരുന്നു. ഇങ്ങനെ മൂല്യങ്ങളെ വെച്ചുകൊണ്ട് കാര്യങ്ങളെ മനസ്സിലാക്കാൻ നമുക്ക് സാധിക്കണം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-530

Tweet 530

ഇസ്ലാമിനോട് യുദ്ധം ചേർത്ത് വായിക്കുമ്പോഴേക്കും തീവ്രവാദവും ഭീകരവാദവും ആരോപിക്കാൻ തൽപരകക്ഷികൾക്ക് വലിയ ആവേശമാണ്. യുദ്ധത്തിന്റെ ചരിത്രവും വർത്തമാനവും രാഷ്ട്രീയപരമായ പശ്ചാത്തലവും അവഗണിച്ചുകൊണ്ടാണ് അത്തരം പ്രയോഗങ്ങൾ നടത്താറുള്ളത്.

പുരോഗമനം അവകാശപ്പെടുന്ന പുതിയലോകം മുന്നോട്ട് വെക്കുന്ന മുഴുവൻ യുദ്ധനീതികളും കാറ്റിൽ പറത്തി ഒരു ജനതയെ തുറന്ന ജയിലിൽ അരുംകൊല ചെയ്യുന്ന കാലത്തും ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിക്കൂട്ടിൽ ആക്കുന്നതിലാണ് ചിലരുടെയൊക്കെ വിനോദം. എന്നാൽ, മുഹമ്മദ് നബിﷺ ആരായിരുന്നുവെന്നും ഓരോ സൈനികനീക്കത്തിന്റെയും താല്പര്യമെന്തായിരുന്നു എന്നും വിശദമായി പഠിക്കുമ്പോഴാണ് കാര്യങ്ങൾ ബോധ്യമാകുന്നത്.

ഒരു ഭരണാധികാരിയെന്ന നിലയിൽ രാജ്യത്തിന്റെ സുരക്ഷക്കുമാവശ്യമായ നിലപാടുകൾ അവിടുന്ന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അകാരണമായി ആക്രമിച്ചവർക്കെതിരെ പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. ജന്മനാട്ടിൽ താമസിക്കാനും പ്രവർത്തിക്കാനും അനുവദിക്കാതെ വന്നപ്പോൾ മറുദേശത്തു പോയി സുരക്ഷിതമായ വാസവും പ്രവർത്തനവും നടത്തിയപ്പോഴും അവിടെ നിൽക്കാനും മുന്നോട്ടുപോകാനും അനുവദിക്കാതെ വന്നപ്പോൾ അവിടുന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടിവന്നു. അത് ഏത് സാമൂഹിക നീതിയും അനുവദിക്കുന്ന പ്രതിരോധമാണ്. ഏത് രാഷ്ട്രീയ സംവാദങ്ങളും അനുകൂലിക്കേണ്ട രീതിശാസ്ത്രമാണ്.

അങ്ങനെയൊക്കെ ഉണ്ടായപ്പോഴും മാനവികമായ സുരക്ഷയും നീതിയും പുലർത്താൻ തിരുനബിﷺ പ്രത്യേകം ശ്രദ്ധിച്ചു. അനുയായികളെ സവിശേഷമായി ബോധ്യപ്പെടുത്തി. ഏതു മതക്കാരനായാലും ആദർശക്കാരനായാലും ഏകാന്തമായി ധ്യാനിക്കുന്നവരെ ശല്യപ്പെടുത്തരുതെന്ന് പഠിപ്പിച്ചു. ആരാധനാലയങ്ങൾ തകർക്കുന്നത് സാമൂഹികശാന്തി ഇല്ലാതെയാകും എന്ന് ഉദ്ബോധിപ്പിച്ചു. നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും തൊട്ടേക്കരുത് എന്ന് താക്കീത് നൽകി.

ഇത്തരം കരണീയമായ വിചാരങ്ങളെ മുഴുവനും നിഷ്പ്രഭമാക്കുന്ന സൈനിക ആക്രമണം നടത്തിയിട്ടും അത്തരം രാജ്യങ്ങളെ മതത്തോട് ചേർത്തു പറയാൻ ഒരു മീഡിയയും തയ്യാറാവാറില്ല. കാരണങ്ങൾ പടച്ചു നീതീകരിക്കാനാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply