The biography of Prophet Muhammad – Month 5

Admin October 18, 2022 No Comments

The biography of Prophet Muhammad – Month 5

Mahabba Campaign Part-121/365

നബി ﷺ ക്ക് നൽകാൻ പാനീയങ്ങൾ കൊണ്ടുവന്നു. വ്യത്യസ്ത പാത്രങ്ങളിലായി മദ്യവും പാലും തേനും ഉണ്ടായിരുന്നു. നബി ﷺ പാൽപ്പാത്രം സ്വീകരിച്ച് പാനം ചെയ്തു. ഉടനെ ജിബ്‌രീൽ (അ) പറഞ്ഞു; ‘അവിടുന്ന് ഫിത്റതിനെ അഥവാ, നിർമലതയെ തെരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ സമുദായവും പ്രസ്തുത ഫിത്റതിന്മേലാണ് അടിസ്ഥാനം നിർമിച്ചിട്ടുള്ളത്’.

പിന്നെയും സഞ്ചാരം തുടർന്നു. ‘സിദ്റതുൽ മുൻതഹാ’ എന്ന വൃക്ഷത്തിനടുത്തെത്തി. ഉപരിലോകത്തിന്റെ പ്രത്യേകമായ ചില നിർണയങ്ങളുടെ സീമയാണത്. സിദ്റ വൃക്ഷത്തിന്റെ ചുവട്ടിൽ നിന്ന് ഉറവകൾ പുറപ്പെടുന്നുണ്ട്. തെളിനീരും, പാനം ചെയ്യുന്നവർക്ക് ഹരം നൽകുന്ന മദ്യവും കലർപ്പില്ലാത്ത തേനും ഒഴുകുന്ന ആറുകൾ. സിദ്റയുടെ തണൽ വിശാലമാണ്. മുറിയാതെ എഴുപതാണ്ട് സഞ്ചരിച്ചാൽ തീരാത്ത ശീതളഛായ ! പ്രവിശാലമായ ഇലകൾ ! വർണനാതീതമായ സൗന്ദര്യം! സ്വർണപ്പറവകൾ നിറഞ്ഞ ചില്ലകൾ ! അങ്ങനെ എത്രയെത്ര കാഴ്ചകൾ !

ഇബ്നു മസ്ഊദ് (റ) പറയുന്ന ഒരു വിശദീകരണത്തിൽ ഇങ്ങനെയും വായിക്കാം : ” നബി ﷺ അവിടെ വച്ച് അറുന്നൂറ് ചിറകുകളോടെ ജിബ്‌രീലി (അ)നെ ദർശിച്ചു. ഓരോന്നും മണ്ഡലങ്ങളെ പൊതിയാന്മാത്രം വിശാലമാണ്. ആ ചിറകുകളിൽ നിന്ന് അമൂല്യ രത്നങ്ങളാണ് ചിതറി വീഴുന്നത് .

ശേഷം സ്വർഗത്തിലേക്ക് പ്രവേശിച്ചു. കണ്ടിട്ടോ കേട്ടിട്ടോ സങ്കൽപ്പിച്ചിട്ടോയില്ലാത്തത്ര അനുഗ്രഹങ്ങൾ. അതിലെ കവാടങ്ങളിൽ എഴുതി വച്ചിരിക്കുന്നു, ധർമത്തിന് പത്തിരട്ടി പ്രതിഫലം. വായ്പ നൽകിയതിന് പതിനെട്ടിരട്ടി പ്രതിഫലം. നബി ﷺ ജിബ്‌രീലി (അ)നോട് ചോദിച്ചു; ‘എന്താണ് വായ്പ നൽകുന്നതിന് ധർമത്തെക്കാൾ മഹത്വം ?’ ജിബ്‌രീൽ (അ) വിശദീകരിച്ചു. ‘ഉള്ളവനും ചിലപ്പോൾ യാചിച്ചെന്ന് വരാം. എന്നാൽ ഒരാവശ്യക്കാരനേ വായ്‌പ വാങ്ങുകയുള്ളു’.

അങ്ങനെയിരിക്കെ, അതാ ഒരു പരിചാരക ! ഞാൻ ചോദിച്ചു; ‘നീ ആരുടെ തോഴിയാണ് ? അവൾ പറഞ്ഞു,
‘സൈദു ബിൻ ഹാരിസയുടേതാണ് ‘.

വെൺമയാർന്ന പവിഴങ്ങളിൽത്തീർത്ത കുംഭങ്ങൾ ! മുത്ത് നബി ﷺ ജിബ്‌രീലി (അ)നോട് പറഞ്ഞു; ‘അവർ എന്നോട് സ്വർഗത്തെക്കുറിച്ച് ചോദിക്കുന്നു’. ജിബ്‌രീൽ (അ) പറഞ്ഞു, ‘സ്വർഗത്തിലെ മണ്ണ് കസ്തൂരിയായിരിക്കും’. അപ്പോഴതാ സ്വർഗത്തിൽ നിന്നൊരു മർമരം കേൾക്കുന്നു. നബി ﷺ ചോദിച്ചു; ‘അത് ബിലാലി(റ)ന്റെ സാന്നിധ്യമാണ് ‘ ജിബ്‌രീൽ (അ) മറുപടി പറഞ്ഞു.

തുടർന്ന് സ്വർഗത്തിലെ നിരവധി അനുഗ്രഹങ്ങൾ ദർശിച്ചു. അരുവികളും ഓരങ്ങളും കിളികളും ആരവങ്ങളും. ഒടുവിൽ സവിശേഷമായ ‘കൗസർ തീർഥം’ കണ്ട് സന്തോഷിച്ചു.

യാത്ര മുന്നോട്ട് നീങ്ങി. അവിടെയതാ അല്ലാഹുവിന്റെ കോപത്തിന്റെ ഭവനം. ശിക്ഷയുടെ ഗേഹം. അതിലേക്ക് കല്ലെറിഞ്ഞാലും ഇരുമ്പെറിഞ്ഞാലും അഗ്നി അതിനെ വിഴുങ്ങും. നരകത്തിലെ വ്യത്യസ്തങ്ങളായ ശിക്ഷാ രൂപങ്ങൾ നബി ﷺ ദർശിച്ചു. നരകത്തിന്റെ പാറാവുകാരനായ മലക്കിനെ കണ്ട് നബി ﷺ അങ്ങോട്ട് സലാം പറഞ്ഞു. ശേഷം നരക കവാടങ്ങൾ അടക്കപ്പെട്ടു.

ഒരു നിശയുടെ അൽപ്പസമയത്തിൽ മുത്ത് നബി ﷺ യുടെ സഞ്ചാരവും കാഴ്ചകളുമാണ് നിവേദനങ്ങളിൽ നിന്ന് വായിക്കുന്നത്. ആത്മീയ മാനങ്ങളോടെ മാത്രം വായിക്കാവുന്ന ചില വിശേഷങ്ങൾ തുടർന്നും നമുക്ക് പരിചയപ്പെടാം.

ഒരു നിവേദനത്തിൽ ജിബ്‌രീൽ (അ) പറയുന്നതായി ഇങ്ങനെ വായിക്കാം : ‘അല്ലയോ മുഹമ്മദ് നബിയേ ﷺ ! അല്ലാഹു അവന്റെ മഹത്വം വാഴ്ത്തുന്നു’.
നബി ﷺ, ‘അതെങ്ങനെയാണ്?’
‘സുബ്ബൂഹുൻ ഖുദ്ദൂസുൻ റബ്ബുൽ മലാഇകതി വർറൂഹ്’. എന്റെ കോപത്തെ എന്റെ കാരുണ്യം മറികടന്നിരിക്കുന്നു. അവിടുന്ന് ജിബ്‌രീൽ (അ) അൽപ്പം പിന്നോട്ടടിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-122/365

ശേഷം നബി ﷺ യേയും കൂട്ടി അല്ലാഹുവിന്റെ സവിശേഷ സംവിധാനമായ ഖലമിന്റെ ചലനങ്ങൾ കേൾക്കുന്ന ഇടത്തിലേക്കെത്തി. അർശിന്റെ പ്രഭാവലയത്തിൽ ഒരാൾ ഗുപ്തമായിരിക്കുന്നത് കണ്ടു. നബി ﷺ ചോദിച്ചു; ‘അതാരാണ് ? നബിയാണോ?’ ‘അല്ല ‘.
‘മലക്കാണോ ?’
‘അല്ല ‘.
‘പിന്നെയാരാ?’
‘നിരന്തരമായി ദിക്റ് കൊണ്ട് നാവ് ചലിപ്പിച്ച് നനവ് നിലനിർത്തിയ, ഹൃദയം അല്ലാഹുവിന്റെ ഭവനമായ പള്ളിയുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണത് ‘.

തുടർന്ന് മുത്ത് നബി ﷺ അല്ലാഹുവിനെ നേരിൽ ദർശിച്ചു. നബി ﷺ സാഷ്ടാംഗത്തിലേക്ക് വീണു. അല്ലാഹു നബി ﷺ യോട് സംഭാഷണം നടത്തി. അല്ലാഹുവിനെ മുത്ത് നബി ﷺ അഭിവാദ്യം ചെയ്തു. അല്ലാഹു നബി ﷺ യോട് പ്രത്യഭിവാദ്യം ചെയ്തു. ശേഷം, അല്ലാഹു പറഞ്ഞു; ‘ചോദിച്ചോളൂ ‘.
നബി ﷺ പറഞ്ഞു; “അല്ലാഹുവേ, നീ ഇബ്രാഹീം നബി (അ)യെ ‘ഖലീൽ’ അഥവാ, ആത്മമിത്രമാക്കിയില്ലേ! സവിശേഷമായ അധികാരം നൽകിയില്ലേ! മൂസാ നബി (അ)യെ ‘കലീം’ അഥവാ പ്രത്യേകമായി അവരോട് സംഭാഷണം നടത്തിയില്ലേ! ദാവൂദ് നബി (അ)ക്ക് ശ്രേഷ്ഠമായ അധികാരവും മനുഷ്യ – ഭൂത വർഗങ്ങളെയും കാറ്റിനെയും മറ്റും കീഴ്പ്പെടുത്തിക്കൊടുത്തില്ലേ! ഈസാ നബി (അ)ക്ക് തൗറാതും ഇഞ്ചീലും രോഗശമനത്തിനും മറ്റുമുള്ള സിദ്ധികളും നൽകിയില്ലേ! മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള അനുമതിയും അവിടുത്തെ മാതാവിനടക്കം പിശാചിൽ നിന്നുള്ള സവിശേഷ സുരക്ഷയും നൽകിയില്ലേ!”

അപ്പോൾ മഹോന്നതനായ അല്ലാഹു പറഞ്ഞു; ‘അവിടുത്തെ ഞാൻ ഹബീബ് അഥവാ ഉറ്റ സ്നേഹിതനായി തിരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യകുലത്തിനൊന്നാകെ സുവിശേഷവും താക്കീതുമായി നിയോഗിച്ചിരിക്കുന്നു. ഹൃദയം വിശാലമാക്കിത്തരികയും സ്ഖലിതങ്ങളെ തൊട്ട് പവിത്രമാക്കുകയും ശ്രുതിയെ ഉയർത്തുകയും ചെയ്തു. തങ്ങളുടെ സമുദായത്തെ പ്രാമാണിക സമുദായവും ഉത്തമ ജനതയും മധ്യമ സമുദായവുമാക്കിത്തന്നു. അവിടുത്തെ ജനത നിയോഗത്തിൽ അവസാനത്തേതാണെങ്കിലും മഹത്വത്തിലും പുനർനിയോഗത്തിലും പ്രഥമസ്ഥാനീയരായിരിക്കും. അവിടുത്തെ ജനതയുടെ ‘ഖുതുബ’ സ്വീകാര്യമാകണമെങ്കിൽ തങ്ങൾ എന്റെ അടിമയും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കണം. തങ്ങളുടെ ജനതയിൽ ഹൃദയം തന്നെ വേദഗ്രന്ഥമായവർ അഥവാ, ഖുർആൻ ഹൃദിസ്ഥമാക്കിയവരുണ്ടാകും. തങ്ങളെ നാം ആദ്യത്തെ സൃഷ്ടിയും പ്രവാചക നിയോഗത്തിന്റെ പരിസമാപ്തിയും ആക്കിയിരിക്കുന്നു. നേരത്തെ ഒരു പ്രവാചകനും നൽകിയിട്ടില്ലാത്തെ പ്രത്യേക മഹത്വങ്ങൾ ഉൾക്കൊള്ളുന്ന ഏഴു സൂക്തങ്ങൾ അഥവാ ‘ഫാതിഹ :’ തങ്ങൾക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അർശിന്റെ അടിത്തറയിൽ നിന്നുള്ള നിധി സൂറതുൽ ബഖറ എന്ന അധ്യായത്തിലെ അവസാന സൂക്തങ്ങളും. കൗസർ തീർഥവും അനേകം അനുഗ്രഹങ്ങളും തങ്ങൾക്ക് പ്രത്യേകമായി നൽകിയിരിക്കുന്നു. ഇസ്‌ലാം, ഹിജ്റ, ജിഹാദ്, റമളാൻ വ്രതം, ധർമങ്ങൾ, സദുപദേശം തുടങ്ങിയ എട്ട് ശ്രേഷ്ഠ വിഹിതങ്ങൾ തങ്ങൾക്ക് നൽകിയിരിക്കുന്നു. ആകാശഭൂമികളുടെ സൃഷ്ടിപ്പിന്റെ നേരത്ത് തന്നെ തങ്ങൾക്കും ജനതയ്ക്കും അൻപത് നേരത്തെ നിസ്ക്കാരം നാം നിയമമാക്കിയിരിക്കുന്നു. അതിനാൽ തങ്ങളും സമുദായവും അത് നിർവഹിക്കുക.

അല്ലാഹുവും നബി ﷺ യുള്ള സംഭാഷണാനന്തരം മുത്ത് നബി ﷺ ക്ക് ചുറ്റുമുള്ള മേഘം തെളിഞ്ഞു. അവിടുന്ന് തിരിച്ചുള്ള സഞ്ചാരത്തിനൊരുങ്ങി. ജിബ്‌രീൽ (അ) കരം കവർന്നു. ഇബ്രാഹീം നബി (അ)യുടെ അടുത്തെത്തി. പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. മൂസാ നബി (അ)യുടെ സമീപത്തെത്തി. അവിടുന്ന് ചോദിച്ചു. ‘എന്തൊക്കെയായി! എന്താണ് അല്ലാഹു അവിടുത്തേക്കും സമുദായത്തിനും നിർബന്ധമാക്കിയത്?’ നബി ﷺ പറഞ്ഞു. എനിക്കും എന്റെ സമുദായത്തിനും നിത്യേന അൻപത് നേരത്തെ നിസ്കാരം നിർബന്ധമാക്കി. മൂസാ നബി (അ) ഇടപെട്ടു. നബി ﷺ യോട് പറഞ്ഞു; ‘അല്ലാഹുവിനോട് അവിടുന്ന് ലഘൂകരണം ആവശ്യപ്പെടണം. അവിടുത്തെ ജനതയ്ക്ക് അൻപത് നേരത്തെ നിസ്ക്കാരം പതിവാക്കാൻ സാധിക്കാതെയാകും. ഞാൻ മുമ്പ് ഒരു ജനതയെ പരിപാലിച്ച് പരിചയമുള്ളതാണ്. ഇസ്രയേലുകാരെ നാം ഇതിനേക്കാൾ ലഘുവായ കാര്യങ്ങൾ കൊണ്ട് പരിശോധിച്ചിട്ടുണ്ട്. പക്ഷേ, അവർ വിജയിച്ചിട്ടില്ല. അവരെക്കാൾ കായികമായി ബലം കുറഞ്ഞവരാണ് അവിടുത്തെ ജനത. അതുകൊണ്ട് അവർക്ക് ഏതായാലും പ്രയാസമാകും. നബി ﷺ ജിബ്‌രീലി (അ)നോട് കൂടിയാലോചിച്ചു. അങ്ങനെയാകാമെന്ന് ജിബ്‌രീൽ (അ) സമ്മതം മൂളി. യാത്ര പൂർവസ്ഥാനത്തേക്ക് തിരിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-123/365

വീണ്ടും സിദ്റ വൃക്ഷത്തിന്റെ അടുത്തെത്തി. അപ്പോൾ വീണ്ടും മേഘാവൃതമായി. മുത്ത് നബി ﷺ സാഷ്ടാംഗം നമിച്ചു. അല്ലാഹുവിനോട് അഭ്യർഥിച്ചു. ‘അല്ലാഹുവേ, നീ നിർബന്ധമാക്കിയ ആരാധനാ കർമത്തിൽ ഒരു ലഘൂകരണം നൽകേണമേ. സമുദായങ്ങളിൽ ഏറ്റവും ദുർബലരായവരാണല്ലോ എന്റെ സമുദായം ‘. അപ്പോൾ അഞ്ചുനേരത്തെ നിസ്ക്കാരം ലഘൂകരിക്കപ്പെട്ടു. മേഘം തെളിഞ്ഞു. മൂസാ നബി (അ)യുടെ അടുത്തേക്ക് മടങ്ങി. കാര്യങ്ങൾ പറഞ്ഞു. അപ്പോൾ മൂസാ നബി (അ) പറഞ്ഞു; ‘അത്രയും അവിടുത്തെ ജനതയ്ക്ക് നിർവഹിക്കാനാവില്ല. ഇനിയും ലഘൂകരണം ആവശ്യപ്പെട്ടു നോക്കൂ ‘. അപ്രകാരം മൂസാ നബി(അ)യുടെ അഭ്യർഥന മാനിച്ച് ഒൻപതു തവണ അല്ലാഹുവിനോട് ലഘൂകരണം ആവശ്യപ്പെട്ടു. അവസാനം അഞ്ചു നേരത്തേത് നിലനിർത്തി നാൽപത്തിയഞ്ച് ലഘൂകരിച്ചു നൽകി. ശേഷം, അല്ലാഹു പറഞ്ഞു : ‘ ഈ അഞ്ച് നേരം ഓരോ ദിവസത്തിന്റെ രാപ്പകലുകളിലായി നിർവഹിക്കണം. ഈ അഞ്ചുനേരത്തിന് പത്തിരട്ടി പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു. അപ്പോൾ എണ്ണത്തിൽ അഞ്ചാണെങ്കിലും തത്വത്തിലും മൂല്യത്തിലും അൻപതിന്റെ മാറ്റ് തന്നെയായിരിക്കും. ഇനിയിതിൽ ലഘൂകരണമില്ല ‘.
ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചു. അത് നിർവഹിച്ചാൽ പത്തിരട്ടി പ്രതിഫലം ലഭിക്കും. എന്നാൽ, സംഗതി വശാൽ അയാൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല, എന്നാലും ആ ഉദ്ദേശ്യത്തിന് ഒരു പ്രതിഫലമുണ്ട്. പക്ഷേ, ഒരു തിന്മ ഒരാൾ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ ഒരു കുറ്റമേ ഉള്ളൂ. ഉദ്ദേശിച്ച ശേഷം അത് പ്രവൃത്തിക്കാതിരുന്നാൽ ഒരു കുറ്റവുമില്ല
.
വീണ്ടും മൂസാ നബി (അ)യുടെ അടുത്തെത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴും അവിടുന്നു പറഞ്ഞു; ‘ ഇനിയും കുറച്ചു കൂടി ലഘൂകരണത്തിനാവശ്യപ്പെട്ടുനോക്കൂ. ഇത്രയും തന്നെ അവിടുത്തെ സമുദായത്തിന് നിർവഹിക്കാൻ സാധിക്കാതിരുന്നേക്കാം ‘. അപ്പോൾ നബി ﷺ പറഞ്ഞു :
‘ഞാൻ ഇത്രയും പ്രാവശ്യം അല്ലാഹുവിനോട് ലഘൂകരണം തേടി. ഇനിയെനിക്ക് നാണമാകുന്നു. ഞാനിതിൽ തൃപ്തിപ്പെട്ട് അംഗീകരിച്ചിരിക്കുന്നു ‘. ഉടനെ ഒരശരീരി മുഴങ്ങി. ‘ഞാൻ എന്റെ അടിമകളുടെ മേൽ നിർബന്ധമാക്കിയ ആരാധന നിർണയിച്ചു കഴിഞ്ഞു. ഒപ്പം ഞാൻ ലഘൂകരണവും നൽകി ‘.
മൂസാ നബി (അ) പറഞ്ഞു, ‘എന്നാൽ അല്ലാഹുവിന്റെ നാമത്തിൽ അവരോഹണം നടത്തിക്കോളൂ ‘.
അങ്ങനെ ഉപരിലോകത്ത് നിന്നിറങ്ങാൻ തുടങ്ങി. വരുന്ന വഴിയിൽ കണ്ടുമുട്ടിയ മലക്കുകളുടെ ഓരോ സംഘവും നബി ﷺ യോട് പറഞ്ഞു: ‘അവിടുന്ന് ഹിജാമ അഥവാ കൊമ്പുവയ്ക്കൽ ചികിത്സ സ്വീകരിക്കണേ! അവിടുത്തെ സമുദായത്തോടും അത് പറയണേ ‘ എന്ന്.

അവരോഹണത്തിനിടയിൽ ജിബ്‌രീൽ (അ) നബി ﷺ യോട് പറഞ്ഞു; ‘ ഞാൻ ഉപരിലോകത്ത് കണ്ടുമുട്ടിയ എല്ലാവരും നമ്മെ സ്വാഗതം ചെയ്തു നമ്മോട് ചിരിച്ചു. എന്നാൽ ഒരാൾ മാത്രം നമുക്ക് പ്രത്യഭിവാദ്യം ചെയ്തെങ്കിലും ചിരിച്ചതേയില്ല. അത് നരകത്തിന്റെ പാറാവുകാരനായ മലക്ക് മാലികാ (അ)ണ്. ഇതുവരെ ആ മലക്ക് ചിരിച്ചിട്ടില്ല. ആരോടെങ്കിലും ചിരിക്കുമായിരുന്നെങ്കിൽ തങ്ങളോട് ചിരിക്കുമായിരുന്നു ‘.

തിരിച്ചുള്ള യാത്രാമധ്യേ , പിശാചുക്കളുടെ സങ്കേതവും അവർ ആളുകളെ ശരിയായ ആലോചനകളിൽ നിന്നു തിരിച്ചു വിടുന്നതുമായ വ്യവഹാര ലോകങ്ങളും ദർശിച്ചു.

ശേഷം, ബൈതുൽ മുഖദ്ദസിൽത്തന്നെ തിരിച്ചെത്തി. വാഹനത്തിൽ കയറി ജിബ്‌രീലി (അ)നൊപ്പം മക്കയിലേക്ക് തന്നെ തിരിച്ചു. യാത്രയ്ക്കിടയിൽ ഖുറൈശികളുടെ കച്ചവട സംഘത്തെ ക്കാണാനിടയായി. അവരുടെ കൂട്ടത്തിലെ ഒരൊട്ടകത്തിന്റെ പുറത്ത് കറുത്തതും വെളുത്തതുമായ രണ്ട് ചാക്കുകളുണ്ട്. നബി ﷺ യുടെ സഞ്ചാരം ഖുറൈശി സംഘത്തിന് സമാന്തരമായപ്പോൾ അതിലെ ഒട്ടകങ്ങൾ പരിഭ്രമിച്ചു. കൂട്ടം തെറ്റിയ ഒട്ടകത്തെ ഒരാൾ കൂട്ടിക്കൊണ്ട് വരുന്നത് കണ്ടു. നബി ﷺ അവർക്ക് സലാം ചൊല്ലി. അപ്പോഴവരിൽ ചിലർ പറയുന്നുണ്ടായിരുന്നു , ‘ഇത് മുഹമ്മദ് ﷺ ന്റെ ശബ്ദമാണല്ലോ ‘ എന്ന്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-124/365

പ്രഭാതത്തിന് മുമ്പ് തന്നെ നബി ﷺ മക്കയിൽ തിരിച്ചെത്തി. ഈ വാർത്ത മുശ്‌രിക്കുകൾ വിശ്വസിക്കാനോ അംഗീകരിക്കാനോ യാതൊരു സാധ്യതയുമില്ല. മുത്ത് നബി ﷺ ആലോചനയിലാണ്ടു. അങ്ങനെയിരിക്കെ, അബൂജഹൽ അതുവഴി കടന്നു വന്നു. പരിഹാസപൂർവം നബി ﷺ യോട് ചോദിച്ചു; ‘വിശേഷിച്ച് എന്തെങ്കിലുമുണ്ടോ?’
നബി ﷺ പറഞ്ഞു, ‘ഉണ്ട് ‘.
‘എന്താണ്? ‘
‘ഇന്നലെ ഞാൻ രാപ്രയാണം നടത്തി’.
‘എങ്ങോട്ട്?’
‘ബൈതുൽ മുഖദ്ദസിലേക്ക് ‘.
‘ശരി, എന്നിട്ട് പ്രഭാതത്തിന് മുമ്പ് ഇവിടെ മടങ്ങിയെത്തിയെന്നോ?’
‘അതെ’.
അബൂജഹലിനത് വിശ്വസിക്കാനായില്ല. അയാൾ വീണ്ടും ചോദിച്ചു.
‘ഇക്കാര്യം ജനങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നുണ്ടോ?’ നബി ﷺ പറഞ്ഞു; ‘അതെ, ഞാൻ ജനങ്ങളോട് പറയും ‘.
ഉടനെ അബൂജഹൽ ഉച്ചത്തിൽ വിളിച്ചു : “അല്ലെയോ ! കഅബ് ബിൻ ലുഅയ്യിന്റെ മക്കളേ, വരൂ വരൂ”. ഒരു സംഘം അവിടെയൊത്തു കൂടി. ഉടനെ അബൂജഹൽ പറഞ്ഞു; “മുഹമ്മദേ, ﷺ നേരത്തെ എന്നോട് പറഞ്ഞ കാര്യം ഇവരോടും ഒന്നു പറയൂ “.
നബി ﷺ പറയാൻ തുടങ്ങി. “ഇന്നലെ രാത്രി ഞാൻ പ്രയാണം ചെയ്യപ്പെട്ടു “.
അവർ ചോദിച്ചു; “എങ്ങോട്ട്?”
“ബൈതുൽ മുഖദ്ദസിലേക്ക് “.
“എന്നിട്ട് പ്രഭാതമായപ്പോഴേക്കും ഞങ്ങൾക്കിടയിലേക്ക് മടങ്ങി എത്തിയെന്നോ?”
“അതെ”.
കേട്ടമാത്രയിൽ അവർ അദ്ഭുതപ്പെട്ടു. ചിലർ കൈയടിച്ചു. ചിലർ തലയിൽ കൈവച്ചു. എന്നാൽ നബി ﷺ ക്ക് ഈ സംഭവം പറയുന്നതിൽ ഒരു സങ്കോചവും തോന്നിയില്ല. പക്ഷേ, ഖുറൈശികൾ അദ്ഭുത പരതന്ത്രരായി. മുത്വ്ഇമു ബിനു അദിയ്യ് എന്നയാൾ പറഞ്ഞു; “മുഹമ്മദേ, ﷺ ഇന്നുവരെ പറഞ്ഞിരുന്ന കാര്യങ്ങൾ കുറേയെങ്കിലുമൊക്കെ ഉൾക്കൊള്ളാമായിരുന്നു. എന്നാൽ, ഇത് തീരേ ഉൾക്കൊള്ളാൻ പറ്റാത്തതായിപ്പോയല്ലോ? ലാത്തയും ഉസ്സയും സത്യം ! ഞാനംഗീകരിക്കുകയില്ല. ഇപ്പറയുന്നത് വ്യാജമാണെന്ന് ഞാൻ സാക്ഷി നിൽക്കുന്നു. കാരണം, ഞങ്ങൾ സാഹസപ്പെട്ട് ഒരു മാസം കുതിരയെപ്പായിച്ചാൽ എത്തുന്ന ദൂരത്ത് ഒരു രാത്രിയുടെ അൽപ്പസമയത്തിനുള്ളിൽ പോയി വന്നെന്നോ? എങ്ങനെ വിശ്വസിക്കാനാ ?”

ഉടനെ അബൂബക്കർ (റ) മുത്വ്ഇമിനോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ സഹോദര പുത്രനോട് അങ്ങനെ പ്രതികരിച്ചത് ശരിയായില്ല. മുഹമ്മദ് നബി ﷺ പറഞ്ഞത് ഞാനംഗീകരിക്കുന്നു. അവിടുന്ന് സത്യസന്ധതയുടേയും വിശ്വസ്തതയുടേയും ഉടമയാണ്. ഇപ്പോൾ പറഞ്ഞതും സത്യമാണെന്ന് ഞാനംഗീകരിക്കുന്നു “.
അപ്പോൾ അവിടെക്കൂടിയവർ നബി ﷺ യോട് ചോദിച്ചു; “എന്നാൽ ബൈതുൽ മുഖദ്ദസിനെക്കുറിച്ച് ഒന്ന് വിശദീകരിക്കൂ ! അതിന്റെ എടുപ്പെങ്ങനെയാണ്? വാതിലുകളും മറ്റും ഏത് വിധത്തിലാണ്?”
നബി ﷺ നേരത്തേ അവിടെ പോയിട്ടില്ലെന്ന് അവർക്കറിയാം. അതുപോലെ പല പ്രാവശ്യം അവിടെപ്പോയി വന്നവർ മക്കയിലുണ്ടായിരുന്നു. നബി ﷺ വിവരിക്കാൻ തുടങ്ങി. അതിൻ്റെ പടവുകൾ എങ്ങനെയാണ്. കവാടങ്ങൾ ഏതുവിധമാണ്, ഏതുദിശയിൽ, എത്രയെണ്ണം, അടുത്തുള്ള പർവതത്തിൽ നിന്ന് എത്ര ദൂരെയാണ് സ്ഥിതിചെയ്യുന്നത് – തുടങ്ങി ഓരോന്നും വിശദീകരിച്ചു. ഓരോന്ന് പറയുമ്പോഴും അബൂബക്കർ (റ) പറഞ്ഞുകൊണ്ടിരുന്നു. “സദഖ്ത.. സദഖ്ത..” അവിടുന്ന് സത്യം പറഞ്ഞിരിക്കുന്നു.. സത്യം പറഞ്ഞിരിക്കുന്നു.. “അവിടുന്ന് അല്ലാഹുവിന്റെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു “.
ജനങ്ങൾ ഒരുമിച്ചു പറഞ്ഞു. “ഏതായാലും വിവരണം ശരിയായിരിക്കുന്നു “.

എന്നിട്ടും ജനങ്ങൾ അബൂബക്കറി (റ)നോട് ചോദിച്ചു. “അല്ല, നിങ്ങൾ വിശ്വസിക്കുന്നുണ്ടോ മുഹമ്മദ് നബി ﷺ ഒരു രാത്രി കൊണ്ട് ബൈതുൽ മുഖദ്ദസിൽ പോയി പ്രഭാതത്തിന് മുമ്പ് ഇവിടെ തിരിച്ചെത്തിയെന്ന്?”
സിദ്ദീഖ് (റ) പറഞ്ഞു; “എനിക്കൊരു സംശയവും ഇല്ല. അതിനെക്കാൾ വലിയ കാര്യമല്ലേ ഉപരിലോകത്ത് നിന്ന് ഇലാഹി സന്ദേശം ലഭിക്കുന്നു എന്നത്. അത് വിശ്വസിക്കാമെങ്കിൽ പിന്നെന്താ ഇത് വിശ്വസിച്ചാൽ ?” മഹാനവർകൾ കൃത്യമായ ന്യായങ്ങളോടെ പ്രതികരിച്ചു. ഈ ദൃഢമായ ബോധ്യത്തെ മുൻനിർത്തിയാണ് അന്ന് മുതൽ ‘സിദ്ദീഖ് ‘ എന്ന നാമകരണം പ്രസിദ്ധമായത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-125/365

വീണ്ടും അവർ നബിﷺയോട് ചോദ്യങ്ങൾ ചോദിച്ചു. കൂട്ടത്തിൽ അവർ അന്വേഷിച്ചു. ഖുറൈശികളുടെ കച്ചവട സംഘം സിറിയയിൽ നിന്നു മക്കയിലേക്ക് വരുന്നുണ്ടല്ലോ അവരെയെവിടെയെങ്കിലും വെച്ചുകണ്ടിരുന്നോ? എന്നാണിവിടെ എത്തുക? നബിﷺ പറഞ്ഞു. ഇന്നാലിന്ന ആളുടെ ഒട്ടകത്തെ ഞാൻ റൗഹാഇൽ വെച്ചു കണ്ടു. പിന്നെ ഞാൻ അവരുടെ തമ്പിലേക്ക് പോയി. അപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അവർ കൂട്ടം തെറ്റിയ ഒട്ടകത്തെത്തേടി പോയതായിരുന്നു. ഞാനവരുടെ വെള്ളപ്പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു. പിന്നെ, ഞാൻ ഇന്നയാളുടെ ഒട്ടകത്തെ കണ്ടു. ഒട്ടകപ്പുറത്ത് കറുപ്പും വെളുപ്പുമായി രണ്ട് ചരക്ക് ചാക്കുകൾ കണ്ടു. അദ്ദേഹം ഇന്നലെ രാത്രി തൻഈമിലെത്തിയിരുന്നു. മക്കയിൽ നിന്ന് ഏഴുകിലോമീറ്റർ ദൂരെ ഹറമിന്റെ അതിർത്തി പ്രദേശമാണ് തൻഈം. ഇന്നിപ്പോൾ സനിയ്യത്തിൽ എത്തിയിട്ടുണ്ടാകും. യാത്രികർ മക്കയിലേക്ക് പ്രവേശിക്കുന്ന സ്ഥലമാണ് സനിയ്യത്ത്. അങ്ങനെയെങ്കിൽ മക്കയിൽ എന്നെത്തിച്ചേരും? അവർ നബി ﷺ യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു, ബുധനാഴ്ച എത്തിയേക്കും. അവർ ബുധനാഴ്ച വരെ കാത്തിരുന്നു. വൈകുന്നേരമായി. സംഘത്തെ കണ്ടില്ല. അവർ നബി ﷺ യോട് ചോദിച്ചു. പകൽ ഒരു മണിക്കൂർ കൂടി നീണ്ടു. അതാ വരുന്നു യാത്രാ സംഘം. അവർ അന്വേഷിച്ചു. ഒറ്റപ്പെട്ട ഒട്ടകത്തെ കുറിച്ചും, വെള്ളപ്പാത്രത്തെ കുറിച്ചുമെല്ലാം അവർ കൃത്യത വരുത്തി. പക്ഷേ, അവർക്ക് നേർവഴിയുടെ സൗഭാഗ്യം ലഭിച്ചില്ല. അവർ ഇതൊക്കെ മാരണമാണെന്ന് പറഞ്ഞു മാറ്റിവെച്ചു.

മുത്ത് നബി ﷺ യുടെ നിശാപ്രയാണത്തിന്റെയും ആകാശാരോഹണത്തിന്റെയും ഒരാഖ്യാനമാണ് നാം വായിച്ചത്. എന്നാൽ, ഇതു സംബന്ധമായ ചില അടിസ്ഥാന ചർച്ചകൾ കൂടി നമുക്ക് വായിക്കാനുണ്ട്.
ഒന്ന്, ഈ യാത്രകൾ ശാരീരികമായിരുന്നോ എന്നതാണ്. അതെ ശാരീരികമായിരുന്നു അല്ലാതെ കേവല ആത്മീയ സഞ്ചാരമോ സ്വപ്നദർശനമോ ആയിരുന്നില്ല. ‘അസ്റാ ബി അബ്ദിഹി’ അല്ലാഹു അവന്റെ അബ്ദിനെ രാ പ്രയാണം നടത്തിച്ചു എന്നാണ് ഖുർആൻ പരാമർശിച്ചത്. ‘അബ്ദ്’ എന്ന പദം കേവലം ആത്മാവിന് മാത്രം പ്രയോഗിക്കുന്ന പദമല്ല, മറിച്ച് ആത്മാവും ശരീരവും ഒത്തു ചേർന്ന അവസ്ഥയിൽ പ്രയോഗിക്കപ്പെടുന്നതാണ്. ആയതിനാൽ ഖുർആനിന്റെ പ്രയോഗത്തിൽ നിന്നു തന്നെ ഈ സഞ്ചാരം ശാരീരികം ആയിരുന്നു എന്ന് വ്യക്തമാകുന്നു. അതുപോലെ മക്കയിലെ ആളുകൾ അവിശ്വസിക്കാനും വിമർശിക്കാനും കാരണം ശാരീരികമായ ഒരു പ്രയാണം അവതരിപ്പിച്ചതിനാലാണ്. ഞാൻ ആത്മീയമായി ബൈതുൽ മുഖദ്ദസ് ദർശിച്ചു എന്നോ സ്വപ്നം കണ്ടു എന്നോ പറഞ്ഞാൽ അവർ വിമർശിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു.

ഹിപ്നോട്ടിക് നിദ്രയുടെ സാധ്യതകൾ അവതരിപ്പിച്ചു കൊണ്ട് ഇസ്റാഇനെ ശാസ്ത്രീയമായി അവതരിപ്പിക്കാൻ ശ്രമിച്ചവരുണ്ട്. എന്നാൽ അതും മാനസികമായ ഒരനുഭവമോ വ്യവഹാരമോ മാത്രമേ ആവൂ. ഇസ്‌റാഇനു സമാനമാകില്ല. ഇനിയൊരുപക്ഷേ പ്രാപഞ്ചിക നിയമങ്ങളെയും ക്രമങ്ങളെയും പ്രത്യക രീതിയിൽ സംവിധാനിച്ച് ഒരു മനുഷ്യനെ നിമിഷാർദ്ധത്തിൽ മാസങ്ങളുടെ ദൂരം സഞ്ചരിപ്പിക്കാൻ സാധിച്ചാൽ തന്നെ അതും ഇസ്റാഇനു തുല്യമാകില്ല. എന്നാൽ പ്രപഞ്ചാധിപൻ പടച്ച ശാസ്ത്രത്തിന് ഇതൊക്കെ സാധ്യമെങ്കിൽ അവന്റെ ഇഷ്ട ദാസന് ഇതിലേറെയും അവൻ നൽകാം എന്ന വിചാരത്തിലെത്താൻ ഇത്തരം നിരീക്ഷണങ്ങൾക്കു സാധിക്കും. ഇവിടെ നമ്മുടെ നിലപാടിത്രയേ ഉള്ളൂ.

നബി ﷺ അന്ന് ജീവിച്ചിരുന്നവരോട് അവിടുത്തെ നിശായാത്രയെ കുറിച്ച് അവതരിപ്പിച്ചു. ആദ്യം അവർ നിരാകരിച്ചു. ശേഷം, അവർ ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി മറുപടി നൽകി. പറഞ്ഞ മറുപടികൾ ശരിയാണെന്നും അവർക്ക് സമ്മതിക്കേണ്ടി വന്നു. അവസാനം നിസ്സാരമായ ആരോപണങ്ങൾ ഉന്നയിച്ച് അവർ നിരാകരിച്ചു. ഈ സംവാദങ്ങളെല്ലാം മറ്റു ചരിത്ര സംഭവങ്ങളെപ്പോലെ തന്നെ കാലത്തിന്റെ ഏടുകളിൽ ഇന്നും രേഖപ്പെട്ടു കിടക്കുന്നു. ഈ മാനങ്ങളിലേക്കെത്താൻ ഏത് നിഷ്പക്ഷ നിരീക്ഷണത്തിനും സാധിക്കും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-126/365

രണ്ട്, നബിﷺ അല്ലാഹുവിനെ ദർശിച്ചുവോ ഇല്ലേ എന്നതാണ്. നബിﷺ അല്ലാഹുവിനെ ദർശിച്ചു എന്നതാണ് വൈജ്ഞാനിക ചർച്ചകളുടെ പക്ഷം. അല്ലാഹുവിനെ പരലോകത്ത് വെച്ചു പോലും കാണാൻ സാധ്യമല്ല എന്ന് വാദമുളള നവീനവാദികൾ അഥവാ ബിദ്അത്തുകാർ ഇസ്ലാമിക ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. എന്നാൽ, അല്ലാഹുവിനെ ദർശിക്കൽ സാധ്യമാണ് എന്ന് വിവരിക്കുന്ന നിവേദനം ഇരുപത്തിയൊന്ന് സ്വഹാബികൾ ഉദ്ദരിച്ചിട്ടുണ്ട്. മാത്രമല്ല, ഖുർആൻ തന്നെ അല്ലാഹുവിനെ ദർശിക്കാം എന്ന കാര്യം നേരിട്ട് പറയുന്നുമുണ്ട്.

ഇസ്റാഇന്റെ രാത്രിയിൽ നബിﷺ അല്ലാഹുവിനെ കണ്ടിരുന്നോ എന്നതിൽ വൈജ്ഞാനിക ചർച്ചകൾ എത്തിച്ചേരുന്നത് രണ്ട് വീക്ഷണങ്ങളിലേക്കാണ്. അതിൽ ഒന്ന് ആഇശ (റ) ഉയർത്തിയ ചർച്ചയാണ്. മഹതി പറയുന്നത് അന്ന് രാത്രിയിൽ നബി ﷺ അല്ലാഹുവിനെ ദർശിച്ചിരുന്നില്ല എന്നാണ്. അബൂഹുറൈറ (റ), ഇബ്നുമസ്ഊദ് (റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. എന്നല്ല, ഹാഫിള് ഉസ്മാൻ എന്നവർ സഈദുദ്ദാരിമിയിൽ നിന്ന് ഉദ്ദരിച്ചപ്പോൾ ഈ വിഷയത്തിൽ ഇജ്മാഅ് ഉണ്ടെന്ന് വരെ പറഞ്ഞു. എന്നാൽ, ഹസൻ എന്നവർ അല്ലാഹുവിൽ സത്യം ചെയ്തു പറഞ്ഞു. നബി ﷺ ഇസ്റാഅ് രാത്രിയിൽ അല്ലാഹുവിനെ ദർശിച്ചു എന്ന്. ഇമാം അബ്ദുർ റസാഖ് എന്നവർ ഇക്കാര്യം നിവേദനം ചെയ്തു. ഉർവ്വത് ബിൻ സുബൈറിൽ നിന്ന് ഇമാം ഇബ്നു ഖുസൈമയും ഉദ്ദരിച്ചത് ഈ അഭിപ്രായമാണ്. മാത്രമല്ല ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ അബ്ദുല്ലാഹിബിനു അബ്ബാസ് (റ) ന്റെ ശിഷ്യന്മാർ എല്ലാം ഈ അഭിപ്രായക്കാരാണ്. കഅബുൽ അഹബാർ, മഅമർ, സുഹിരി തുടങ്ങിയവരും ഈ അഭിപ്രായം രേഖപ്പെടുത്തി. ഇമാം അബുൽഹസൻ അൽ അശ്അരിയും ഭൂരിഭാഗം വൈജ്ഞാനിക അനുഗാമികളും ഈ വീക്ഷണം അവതരിപ്പിച്ചു.

തുടർന്ന് നേത്രം കൊണ്ടാണോ ഹൃദയം കൊണ്ടാണോ ദർശിച്ചത് എന്ന ചർച്ച കടന്നു വന്നു. ഇമാം നവവി(റ) ഈ വിഷയികമായി പറഞ്ഞതിങ്ങനെയാണ്. ‘ഭൂരിപക്ഷം പണ്ഡിതന്മാരുടെയും പ്രബലമായ വീക്ഷണം മിഅ്റാജിന്റെ രാത്രിയിൽ നബി ﷺ അവിടുത്തെ മുഖക്കണ്ണു കൊണ്ട് തന്നെ ദർശിച്ചു എന്നാണ്.’ ഇമാം ത്വബ്റാനി സ്വീകാര്യമായ പരമ്പരയിലൂടെ നിവേദനം ചെയ്ത ഹദീസിൽ ഇബ്നു അബ്ബാസ് (റ) പറയുന്നു. മുഹമ്മദ് നബി ﷺ ഒരു പ്രാവശ്യം ഹൃദയം കൊണ്ടും മറ്റൊരു പ്രാവശ്യം കണ്ണ് കൊണ്ടും അങ്ങനെ രണ്ട് പ്രാവശ്യം അല്ലാഹുവിനെ ദർശിച്ചു.

ഈ വിഷയത്തിൽ കണ്ടു എന്നോ കണ്ടില്ല എന്നോ പ്രബലപ്പെടുത്താതെ ഇത് സംബന്ധമായി വന്ന നിവേദനങ്ങൾ മുഴുവൻ ചർച്ച ചെയ്തുപോയ നിരവധി പണ്ഡിതന്മാരുണ്ട്. തങ്ങൾ അല്ലാഹുവിനെ ദർശിച്ചിരുന്നോ എന്ന ചോദ്യത്തിന് അതെ കണ്ടു, പ്രകാശത്തെ ദർശിച്ചു എന്ന ഇമാം അഹ്മദും(റ) മറ്റും ഉദ്ദരിച്ച ഹദീസിലെ പ്രയോഗത്തെ വിവിധ തരത്തിൽ വ്യാഖ്യാനിച്ചവരുണ്ട്. ഒരു പറ്റം അല്ലാഹുവിനെ ദർശിച്ചില്ല പ്രകാശത്തെയേ ദർശിച്ചുള്ളൂ എന്നാണ് വീക്ഷിച്ചത്. എന്നാൽ അല്ലാഹുവിനെത്തന്നെയാണ് ദർശിച്ചത് പക്ഷേ, നമുക്ക് പറഞ്ഞുതരാവുന്ന ഒരു പ്രയോഗം എന്ന നിലയിൽ അല്ലാഹുവിന്റെ നൂറിനെ അഥവാ പ്രകാശത്തെ എന്ന് പ്രയോഗിച്ചുവെന്നേ ഉള്ളൂ എന്നാണ് മറ്റൊരു നിരീക്ഷണം.

ഈ ചർച്ചകളൊക്കെ വിലയിരുത്തുകയും ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളിൽ പ്രത്യേക രചന നിർവഹിക്കുകയും ചെയ്ത ഉമറുൽ ഖാസി(റ) രേഖപ്പെടുത്തിയത് “വ റആഹു ഐനൻ വ ഫുആദൻ -അവിടുന്ന് അല്ലാഹുവിനെ കണ്ണും ഖൽബും കൊണ്ട് ദർശിച്ചു എന്നാണ്.” അവിടുന്ന് കണ്ണ് കൊണ്ട് കണ്ടത് ഹൃദയം നിഷേധിച്ചിട്ടില്ല എന്ന ആശയം നൽകുന്ന സൂറതുന്നജ്മിലെ പതിനൊന്നാമത്തെ സൂക്തത്തിന്റെ ആശയം നിർണയിച്ചു കൊണ്ടാണ് ഉമറുൽ ഖാസി(റ) ഇത്തരം ഒരു പ്രയോഗം നടത്തിയിട്ടുള്ളത്.

ഏത് ഭാഗം വായിച്ചാലും അല്ലാഹുവിനെ ദർശിക്കുക എന്നതിനർത്ഥം രണ്ട് ദേഹങ്ങൾ സന്ധിച്ചു എന്നല്ല. അല്ലാഹുവിന് സൃഷ്ടിപരമായ ഒരു വിശേഷണങ്ങളും ഇല്ല. അവൻ എങ്ങനെ എവിടെ എന്നീ ചോദ്യങ്ങൾക്ക് അതീതനാണ്. സ്ഥല കാലങ്ങൾക്കും അതീതനാണ്. സ്ഥലവും കാലവുമെല്ലാം അവന്റെ സൃഷ്ടികൾ മാത്രമാണ്. സ്ഥലവും കാലവുമെല്ലാം അല്ലാഹു സൃഷ്ടിച്ചപ്പോൾ മാത്രമുണ്ടായതും അല്ലാഹു പ്രാരംഭമില്ലാത്തവനുമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-127/365

ഇസ്റാഇന്റെ പൊരുൾ ഖുറൈശികൾക്ക് ബോധ്യമായില്ല. മുത്ത് നബി ﷺ യോടൊപ്പം നിന്ന ചിലർക്കും ഇതുൾക്കൊള്ളാനായില്ല. ഈ സാഹചര്യം ഖുറൈശികൾ നന്നായി പ്രയോജനപ്പെടുത്തി. അക്രമത്തിന്റെ ഏതു മുറകളും പ്രയോഗിച്ചു. സത്യവിശ്വാസം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ച് നബി ﷺ സമീപിച്ച സഖീഫ്, കിൻദ, കൽബ്, ആമിർ, ഹനീഫ എന്നീ ഗോത്രങ്ങളുടെ പ്രതികരണം തീരെ ആശാവഹമായിരുന്നില്ല. മക്കയിലേക്ക് തീർത്ഥാടനത്തിന് വരുന്ന പരിസര ദേശക്കാരെ സമീപിക്കാനും പ്രബോധനം നടത്താനുമുള്ള സാധ്യതകളിലും ഖുറൈശികൾ ശല്യങ്ങൾ സൃഷ്ടിച്ചു. നബി ﷺ പങ്കുവെക്കുന്ന ആശയങ്ങളിൽ ആകൃഷ്ടരായ ചിലരെങ്കിലും സമൂഹത്തിൽ ഒറ്റപ്പെടുമെന്ന ഒറ്റക്കാരണത്താൽ പരസ്യമായി ഇസ്ലാം പ്രഖ്യാപിക്കാൻ മടി കാണിച്ചു.

അങ്ങനെയിരിക്കെ യസ്’രിബിലെ(പിൽക്കാലത്തെ മദീന) പ്രമുഖ വ്യക്തിയായിരുന്ന സുവൈദ് ബിൻ അൽ സ്വാമിത് മക്കയിലെത്തി. കുലീനനും ശ്രേഷ്ഠനും കവിയുമൊക്കെയായിരുന്നതിനാൽ ‘അൽ കാമിൽ’ (സമ്പൂർണൻ) എന്നായിരുന്നു ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. ഹജ്ജ് നിർവഹിക്കാൻ വേണ്ടിയാണ് അദ്ദേഹം മക്കയിലെത്തിയത്. മുഹമ്മദ് നബി ﷺ അദ്ദേഹത്തെ കണ്ടുമുട്ടി. ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അപ്പോഴദ്ദേഹം ചോദിച്ചു. എന്റെയും തങ്ങളുടെയും പക്കൽ ഉള്ളത് ഒന്നു തന്നെയല്ലേ? നബി ﷺ ചോദിച്ചു, നിങ്ങളുടെ പക്കലുള്ളതെന്താണ്? അദ്ദേഹം പറഞ്ഞു, ലുഖ്മാന്റെ തത്വജ്ഞാനങ്ങൾ അഥവാ ‘ഹിക്മതു ലുഖ്മാൻ’. എന്നാലതൊന്നു കാണിക്കാമോ? സുവൈദ് അത് കാണിച്ചു കൊടുത്തു. അപ്പോൾ നബി ﷺ പറഞ്ഞു. ഇത് നല്ലതു തന്നെയാണ്. എന്നാൽ, എന്റെ കൈവശമുള്ളത് ഇതിനേക്കാൾ മെച്ചപ്പെട്ടതാണ്. വെളിച്ചവും മാർഗ്ഗ ദർശനവുമായ വിശുദ്ധ ഖുർആനാണ്. അത് അല്ലാഹു എനിക്ക് അവതരിപ്പിച്ചു തന്നതാണ്. ശേഷം അവിടുന്ന് അൽപഭാഗം ഖുർആൻ പാരായണം ചെയ്തു കേൾപിച്ചു. സുവൈദ് ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. ശേഷം, പറഞ്ഞു. ഇത് കൊള്ളാമല്ലോ.! കേട്ട സൂക്തങ്ങളെ കുറിച്ച് ആലോചിച്ച് കൊണ്ട് സുവൈദ് യാത്രതിരിച്ചു. പിൽകാലത്ത് അദ്ദേഹത്തെ ഖസ്റജ് ഗോത്രം കൊലപ്പെടുത്തി. അന്നദ്ദേഹം സത്യവിശ്വാസിയായിരുന്നു എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.

യസ്’രിബിലെ പ്രധാന ഗോത്രങ്ങളായ ഔസും ഖസ്റജും തമ്മിൽ പൊരിഞ്ഞ തർക്കത്തിലും നിരന്തര പോരാട്ടങ്ങളിലുമായിരുന്നു കഴിഞ്ഞത്. ഇവരെ തമ്മിൽ തല്ലിച്ചുകൊണ്ടിരുന്നത് അവിടുത്തെ ജൂതന്മാരായിരുന്നു. പലപ്പോഴും ഔസും ഖസ്റജും ഓരോരുത്തർക്കും പിന്തുണ തേടി മക്കയിലെ അറബികളെ സമീപിക്കുമായിരുന്നു. അപ്രകാരം ഔസിലെ അബ്ദുൽ അശ്ഹൽ വംശജരായ ഒരു പറ്റം ചെറുപ്പക്കാർ മക്കയിലെത്തി. ആ സംഘത്തിൽ ഇയാസ് ബിൻ മുആദും ഉണ്ടായിരുന്നു. നബി ﷺ അവരെ സമീപിച്ചു. ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ഖുർആൻ പാരായണം കേൾപ്പിച്ചു കൊടുത്തു. കാര്യങ്ങൾ കേട്ടു വിലയിരുത്തിയ ഇയാസ് കൂട്ടുകാരോട് പറഞ്ഞു. നിങ്ങൾ അന്വേഷിച്ചു വന്നതിനേക്കാൾ എത്ര മെച്ചപ്പെട്ട കാര്യങ്ങളാണ് നമ്മൾ കേട്ടത്. ഇയാസ് സുഹൃത്തുക്കളെ പ്രേരിപ്പിച്ചു. എന്നാൽ ഇയാസിന്റെ സംഘത്തെ നയിച്ച അബുൽഹൈസറും കൂട്ടുകാരും യുദ്ധ സന്നാഹങ്ങൾ ഒരുക്കി യസ്‌രിബിലേക്ക് മടങ്ങി.

ഔസും ഖസ്റജും തമ്മിൽ പോര് പെരുകി. അത് ‘ബുആസ് ‘യുദ്ധത്തിലേക്ക് വഴി തെളിച്ചു. ബുആസ് യുദ്ധം ഘോരമായ പോരാട്ടമായി മാറി. ഓരോ കക്ഷിയും മറുകക്ഷിയെ പൂർണമായി ഇല്ലാതാക്കാനാണ് പരിശ്രമിച്ചത്. അങ്ങനെ ആദ്യഘട്ടത്തിൽ ഔസ് ഗോത്രം പരാജയപ്പെട്ടു. അവർ നജ്ദിന്റെ ഭാഗത്തേക്ക് പിന്തിരിഞ്ഞോടി. അതോടെ ഖസ്റജ്കാർ ഉറഞ്ഞു തുള്ളി. ഖസ്‌റജിനോട് തീരാത്ത പകയുണ്ടായിരുന്ന അബൂ ഉസൈദിന് ഇത് സഹിക്കാനായില്ല. അയാൾ സ്വന്തം തുടയിൽ കുന്തം കുത്തിയിറക്കി. അയാൾ നിലയുറപ്പിച്ചു. എന്നിട്ടൊരട്ടഹാസം നാശം.. നാശം.. മരണം വരിച്ചാലും ഞാനിവിടെ നിന്ന് പിൻവാങ്ങുകയില്ല. നിങ്ങൾ എന്നെ കൊലക്ക് നൽകിയിട്ട് പോവുകയാണെങ്കിൽ പോകാം. നിങ്ങൾ എന്നെ ശത്രുവിന് വിട്ടു കൊടുക്കുകയാണെങ്കിൽ ആവട്ടെ.. ഇത് കേട്ട ഔസുകാർ തിരിച്ചു വന്നു. പരമാവധി ശക്തിയും പകയും ആളിക്കത്തി. ഖസ്റജിനെ ദയനീയമായി പരാജയപ്പെടുത്തി. അവരുടെ വീടുകളും സ്ഥാപനങ്ങളും തീവെക്കാൻ തുടങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-128/365

ഈത്തപ്പന തോട്ടങ്ങൾ അഗ്നിക്കിരയാക്കി. അവസാനം അശ്ഹലി ഗോത്രക്കാരനായ സഅദ് ബിൻ മുആദ് ഇടപെട്ടു. കത്തിക്കൽ നിർത്തി വെപ്പിച്ചു. ഖസ്റജിനെ മുച്ചൂടും നശിപ്പിക്കാനുളള അബൂ ഉസൈദിന്റെ ഉദ്ദേശ്യം അബൂ ഖൈസ് ബിൻ അസ്‌ലത് ഇടപ്പെട്ടു തടഞ്ഞു. അദ്ദേഹം ചോദിച്ചു. കുറുക്കന്മാരെ അടുപ്പിക്കാൻ വേണ്ടി ഒരേ ആദർശക്കാരായ നിങ്ങൾ എന്തിന് പോരടിക്കണം? അപ്പോഴാണ് ജൂതന്മാരുടെ ചതി പ്രയോഗം അദ്ദേഹം തിരിച്ചറിഞ്ഞത്. തമ്മിൽ തല്ലിച്ച് കുറുക്കന്മാരെ പോലെ ചോര കുടിക്കാനുള്ള ജൂതപ്പണി ഉസൈദ് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഒരുപാട് ജീവനും സ്വത്തും ഇല്ലായ്മ ചെയ്യപെട്ടിരുന്നു. ജൂതന്മാർ നേടിയെടുത്ത സ്ഥാനങ്ങളെ കുറിച്ച് ഉസൈദും കൂട്ടരും ബോധവാന്മാരായി.

ഔസും ഖസ്റജും അവർക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞു. അതിൽ ദുഃഖിതരായി. ഒരു രാജാവിനെ വാഴിച്ച് തങ്ങൾക്ക് മേൽനോട്ടം വരുത്താൻ അവർ തീരുമാനിച്ചു. അപ്രകാരം ഖസ്റജ് ഗോത്രത്തിലെ അബ്ദുല്ല ബിൻ മുഹമ്മദ് എന്നയാളെ രാജാവാക്കി. എന്നാൽ ആ പദ്ധതി വിജയിച്ചില്ല.

അങ്ങനെയിരിക്കെ ഹജ്ജ് കാലമായി. ഖസ്റജ് ഗോത്രത്തിലെ കുറച്ച് ആളുകൾ മക്കയിലെത്തി. നബിﷺ യെ കണ്ട് സംഭാഷണം നടത്തി. ഔസും ഖസ്റജും തമ്മിലുള്ള തർക്കങ്ങളും അത് മുതലെടുക്കുന്ന ജൂതന്മാരുടെ നടപടികളും നബി ﷺ നേരിട്ട് മനസ്സിലാക്കി. യസ്‌രിബിലെ ജൂതന്മാർ ഇടക്കിടെ പറയാറുള്ള വാഗ്ദത്ത പ്രവാചകൻ ഇതായിരിക്കുമെന്ന് ഖസ്റജുകാരും മനസ്സിലാക്കി. അറബികളോട് ഇടയുമ്പോഴെല്ലാം ജൂതന്മാർ പറയുമായിരുന്നു, അന്ത്യപ്രവാചകൻ വരാനടുത്തിരിക്കുന്നു. ആ പ്രവാചകൻ വന്നാൽ ഞങ്ങൾ ഒപ്പം ചേർന്ന് നിങ്ങളെ മറികടക്കും എന്ന്. അതേ പ്രവാചകൻ ആദ്യം തന്നെ തങ്ങളെ കണ്ടുമുട്ടുകയും സംഘത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതിൽ ഖസ്റജുകാർക്ക് അത്ഭുതം തോന്നി. ഇനിയേതായാലും ജൂതന്മാരെക്കാൾ മുമ്പേ നമുക്ക് തന്നെ പ്രവാചകനെ അനുഗമിക്കണം എന്നവർ ചിന്തിച്ചു. അവർ നബി ﷺ യുടെ ക്ഷണം സ്വീകരിച്ചു. ഇസ്‌ലാം സ്വീകരിച്ചു. ഉടനെ അവർ മുത്ത് നബിﷺ യോട് പറഞ്ഞു. ലോകത്തു തന്നെ ഏറ്റവും പകയിൽ കഴിയുന്നവരാണ് ഔസും ഖസ്റജും ഗോത്രങ്ങൾ. ഇവരെ തമ്മിൽ യോജിപ്പിച്ചാൽ അവിടുത്തേക്കാൾ പ്രതാപശാലിയായി ഒരാളും പിന്നെയുണ്ടാകില്ല. അല്ലാഹു തങ്ങളിലൂടെ ഒരു യോജിപ്പ് സാധിപ്പിച്ചു തന്നേക്കാം. നബി ﷺ യുടെ അമ്മാവന്റെ കുടുംബക്കാരായ ബനൂ നജ്ജാർ കുടുംബത്തിലെ രണ്ട് പ്രതിനിധികളും ഖസ്റജുകാർക്കൊപ്പമുണ്ടായിരുന്നു.

മക്കയിൽ നിന്ന് മദീനയിലെത്തിയ ഖസ്റജികൾ ഇസ്‌ലാമിനെ പരസ്യം ചെയ്തു. ഒരുമയുടെ നാളെയെ കുറിച്ച് അവർ സന്തോഷം പങ്കുവെച്ചു. ഔസ് ഗോത്രക്കാരും എതിർത്തൊന്നും പറഞ്ഞില്ല. അങ്ങനെ മദീനയിലെ എല്ലാ വീട്ടിലും മുത്ത്നബി ﷺയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നു.

അബൂ ഉമാമ അസ്അദ് ബിൻ സുറാറ:, ഔഫ് ബിൻ അൽ ഹാരിസ്, ഇബ്നു ആമിർ ബിൻ സുറൈഖ്, ഇബ്നു ആമിർ ബിൻ ഹദീദ:, ബനൂ ഹറാം ബിൻ കഅബ്, ബനൂ ഉബൈദ് ബിൻ അദിയ്യ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഈ സംഗമം മിനായുടെ ചാരത്ത് അഖബയിൽ വെച്ചായിരുന്നു. ഈ സംഭാഷണത്തെ ഒന്നാം അഖബ: ഉടമ്പടിയായി രേഖപ്പെടുത്തിയ ചരിത്രകാരന്മാരുണ്ട്. തുടർന്നുള്ള അഖബ ഉടമ്പടികളെ ക്രമപ്രകാരം ഒന്നും രണ്ടുമായി എണ്ണിയവരും ഉണ്ട്. ആദ്യത്തെ ഗണന പ്രകാരം രണ്ട് അഖബാ ഉടമ്പടികളും രണ്ടാമത്തെ ഗണന പ്രകാരം മൂന്ന് അഖബ ഉടമ്പടികളുമാണ് ചരിത്രത്തിന്റെ ഭാഗമായത്. ജംറ ഉൾകൊള്ളുന്ന താഴ്‌വരയാണിത്. ജംറതുൽ അഖബ: എന്ന് അറിയപ്പെടുന്നത് ഈ അടിസ്ഥാനത്തിലാണ്. ഉടമ്പടികൾ നടന്ന സ്ഥലത്ത് നിലകൊള്ളുന്ന കൊച്ചു പള്ളിക്ക് മസ്ജിദുൽ ബൈഅ: എന്നാണറിയപ്പെടുന്നത്.

മക്കയിൽ പ്രാരംഭം കുറിച്ച ഇസ്‌ലാമിക പ്രബോധനം പ്രതിസന്ധികൾ നേരിടുമ്പോൾ സൗമ്യമായി അത് യസ്‌രിബിലേക്ക് എത്തിച്ചേരുകയാണ്. യസ്‌രിബിന്റെ നാഡീ ഞരമ്പുകളിലേക്ക് തന്നെയാണ് ആദ്യം ഇസ്‌ലാമിന്റെ പ്രഭാവം കടന്നു കയറിയതെന്ന് തുടർന്നു നമുക്ക് വായിക്കാനാവും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-129/365

അടുത്ത വർഷം പവിത്ര മാസങ്ങളും ഹജ്ജ് കാലവും സമാഗതമായി. യസ്‌രിബിൽ നിന്ന് പന്ത്രണ്ടാളുകൾ മക്കയിലെത്തി. അഖബയിൽ വച്ച് നബി ﷺ യെ കണ്ടുമുട്ടി. സാധാരണയിൽ സ്ത്രീകൾ ഉടമ്പടി ചെയ്യുന്ന പ്രകാരം നബി ﷺ യുമായി ഉടമ്പടി ചെയ്തു. പുരുഷന്മാരോട് ഉടമ്പടി ചെയ്യുമ്പോൾ യുദ്ധ വേളയിലെ നിലപാടും ഉടമ്പടിയിൽ ഉൾകൊള്ളിക്കാറുണ്ട്. പക്ഷേ, ഈ സമയത്ത് യുദ്ധം നിയമമായിരുന്നില്ല.

അസ്അദ് ബിൻ സുറാറ, ദക്’വാൻ ബിൻ അബ്ദു ഖൈസ്, ഉബാദത് ബിൻ സ്വാമിത്, അബ്ബാസ് ബിൻ ഉബാദത് ബിൻ നള്ല:, ഖുത്ബത് ബിൻ ആമിർ ബിൻ ഹദീദ:, ഉഖ്ബത് ബിൻ ആമിർ, ഔഫ് ബിൻ അൽ ഹാരിസ്, രിഫാഅ:, ഉവൈമിബിനു സാഇദ:, മാലിക് ബിൻ അത്തയിഹാൻ, മുഅവ്വിദ് ബിൻ അൽഹാരിസ്, യസീദ് ബിൻ സഅ്ലബ എന്നിവരാണ് പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്. ഉടമ്പടിയുടെ ഉള്ളടക്കത്തെ കുറിച്ച് ഇബാദത് ബിൻ സാമിത് (റ) പറയുന്നതിങ്ങനെയാണ്. അല്ലാഹുവിൽ ആരെയും പങ്കുചേർക്കുകയില്ല. വ്യഭിചരിക്കുകയോ മോഷണം നടത്തുകയാ ഇല്ല. കുട്ടികളെ കൊല്ലുകയോ ആരുടെയും പേരിൽ ആരോപണം ഉന്നയിക്കുകയോ ഇല്ല. ബോധപൂർവ്വം പാപം ചെയ്യുകയില്ല. നന്മകൾ ചെയ്യുന്നതിൽ വീഴ്ച വരുത്തുകയില്ല. തുടങ്ങിയ കാര്യങ്ങളിൽ ഞങ്ങൾ നബി ﷺ യോട് ഉടമ്പടി ചെയ്തു. അവിടുന്ന് പറഞ്ഞു. ഇവയൊക്കെ പാലിക്കുന്ന പക്ഷം അല്ലാഹു അവർക്ക് പ്രതിഫലം നൽകും. അവന്റെ സ്വർഗ്ഗം അനുവദിക്കും. വീഴ്ച വരുത്തുന്നവരെ അല്ലാഹു ശിക്ഷിക്കുകയോ അവൻ മാപ്പു നൽകുകയോ ചെയ്യും.

ഉടമ്പടി കഴിഞ്ഞ് പിരിഞ്ഞപ്പോൾ അവർക്ക് ഖുർആനും ഇസ്‌ലാമും പഠിപ്പിച്ചു കൊടുക്കാൻ വേണ്ടി മിസ്അബ് ബിൻ ഉമൈർ (റ) നെ ഒപ്പം അയച്ചുകൊടുത്തു. ഖുർആൻ പാരായണം ചെയ്യുന്ന ആൾ, ഓതിക്കൊടുക്കുന്ന ആൾ എന്നർത്ഥമുള്ള ഖാരിഅ അല്ലെങ്കിൽ മുഖ്’രിഅ എന്ന പേരിൽ മഹാനവർകൾ അറിയപ്പെട്ടു. മിസ്അബ് (റ) ന് മദീനയിൽ അഥിത്യം നൽകി സൗകര്യങ്ങൾ ഒരുക്കിയത് അസ്അദ് ബിൻ സുറാറ (റ) ആയിരുന്നു.

അവർ രണ്ടു പേരും ആത്മമിത്രങ്ങളായി. ഒത്തു ചേർന്ന് ഇസ്ലാമിക പ്രചരണത്തിന്റെ ദൗത്യം ഏറ്റെടുത്തു. നാൾക്കുനാൾ ആളുകൾ ഇസ്‌ലാമിനെ അറിയാനും അംഗീകരിക്കാനും തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം അസ്അദ്(റ) മിസ്അബി(റ)നെയും കൂട്ടി പുറപ്പെട്ടു. യസ്‌രിബിലെ മുഖ്യരായ സഅദ് ബിൻ മുആദിനെയും ഉസൈദ് ബിൻ ഹുളൈറിനെയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു പുറപ്പാട്. കുറച്ചു മുസ്‌ലിംകളും ഒപ്പം കൂടി. സഅദ് ഇംറുൽ ഖൈസിന്റെ കുടുംബത്തിൽ പെട്ടയാളും അസ്അദി(റ)ന്റെ അമ്മായിയുടെ മകനുമായിരുന്നു. മുശ്’രിക്കുകളിലെ പ്രമുഖ നേതാക്കളും യസ്‌രിബിലെ പ്രമാണിമാരുമായ ഇവർ രണ്ടുപേരോടും അസ്അദ്(റ) സംസാരിക്കാൻ തുടങ്ങി. അപ്പോഴേക്കും സഅദ് ഉസൈദിനോട് പറഞ്ഞു. അതാ വന്നിരിക്കുന്നു രണ്ടാളുകൾ പുതിയ വാദവുമായി വന്ന് പാവങ്ങളെ പറ്റിക്കുകയാണവർ. അസ്അദ്(റ) എന്റെ കുടുംബക്കാരനായതിനാൽ എനിക്ക് തടയാൻ പ്രയാസമുണ്ട്. നിങ്ങൾ അവരോട് പോകാൻ പറയൂ. ഉസൈദ് ആയുധവുമേന്തി എഴുന്നേറ്റു. അസ്അദി(റ)നെയും മിസ്അബി(റ)നെയും അഭിമുഖീകരിച്ചു. അപ്പോഴേക്കും അസ്അദ്(റ) മിസ്അബി(റ)നോട് പറഞ്ഞു. ഇദ്ദേഹം ഇവിടുത്തെ ജനങ്ങളുടെ നേതാവാണ്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ വിശ്വസിച്ചോളൂ. മിസ്അബ്(റ) പറഞ്ഞു അദ്ദേഹം ഒന്നിരുന്നു കിട്ടിയാൽ ഞാൻ സംസാരിച്ചോളാം. അപ്പോഴേക്കും ഉസൈദ് അക്ഷേപമുയർത്തി. നിങ്ങൾ രണ്ടാളും ഇവിടുത്തെ പാവങ്ങളെ ചൂഷണം ചെയ്യാൻ വന്നതല്ലേ? നിങ്ങൾക്ക് വല്ല ഏർപ്പാടുമുണ്ടെങ്കിൽ ഞങ്ങളെ ഒഴിവാക്കി നിങ്ങളത് നോക്കിക്കോളൂ. ഉടനെ മിസ്അബ്(റ) പറഞ്ഞു. നിങ്ങൾക്ക് ഞങ്ങളെയൊന്ന് കേട്ടുകൂടെ? കേൾക്കുന്നത് നിങ്ങൾക്ക് യോജിക്കാവുന്നതാണെങ്കിൽ അംഗീകരിക്കാം അല്ലെങ്കിൽ നിങ്ങൾ പ്രതിരോധിച്ചോളൂ. അതല്ലേ ശരി. ഉസൈദ് പറഞ്ഞു, അത് ന്യായമാണ്. അയാൾ കുന്തം നാട്ടിവെച്ചു. മിസ്അബി(റ)നെ കേൾക്കാൻ തുടങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-130/365

മിസ്അബ്(റ) സംസാരിക്കാൻ തുടങ്ങി. ഇസ്‌ലാമിനെ പ്രാഥമികമായി പരിചയപ്പെടുത്തി. ശേഷം ഖുർആനിൽ നിന്ന് അൽപഭാഗം പാരായണം ചെയ്തു. അപ്പോൾ തന്നെ ശ്രോതാവിൻ്റെ മുഖഭാവം മാറിത്തുടങ്ങി. സവിശേഷമായ ഒരു പ്രഭ പ്രത്യക്ഷമായി. അദ്ദേഹം പറഞ്ഞു. ഇതെത്ര മനോഹരമായ വചനങ്ങൾ. എത്ര സുന്ദരമായ പാരായണം. ഈ ആദർശത്തിൽ ചേരാൻ ഞാനെന്തു ചെയ്യണം. നിങ്ങൾ ശരീരവും വസ്ത്രവും ശുദ്ധിയാക്കി വരൂ. എന്നിട്ട്, സത്യസാക്ഷ്യം സ്വീകരിക്കുക. അത് പ്രഖ്യാപിക്കുക. നിസ്കരിക്കുക. ഇത്രയും കേട്ടതോടെ ഉസൈദ് എഴുന്നേറ്റു. ശരീരശുദ്ധി വരുത്തി. ശുഭ്രവസ്ത്രം ധരിച്ചു വന്ന് സത്യവാചകം പ്രഖ്യാപിച്ചു. രണ്ട് റകഅത് നിസ്കരിച്ചു. ശേഷം പറഞ്ഞു. എന്റെ പിന്നിൽ ഒരാൾ കൂടിയുണ്ട്. അദ്ദേഹം നിങ്ങളെ സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ സമൂഹത്തിൽ നിന്ന് ആരും നിങ്ങൾക്കെതിരാവുകയില്ല. കാരണം അദ്ദേഹം ജനങ്ങൾക്ക് സ്വീകാര്യനും അവരുടെ നേതാവുമാണ്. സഅദ് ബിൻ മുആദ് എന്നാണദ്ദേഹത്തിന്റെ പേര്. ഞാൻ അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയക്കാം. ഉസൈദ്(റ) തന്റെ ആയുധവുമെടുത്ത് പുറപ്പെട്ടു. സഅദിന്റെ സദസ്സിലേക്കെത്തി. അടുത്തെത്തിയപ്പോൾ തന്നെ സഅദ് പറഞ്ഞു. ഉസൈദ്(റ) നേരത്തേ പോയ ഭാവത്തിലല്ലല്ലോ ഇപ്പോൾ തിരിച്ചു വന്നത്. മുഖത്തെന്തോ ഒരു മാറ്റം. സഅദ് ചോദിച്ചു എന്തേ ഉസൈദേ.. എന്താ കാര്യം? ഞാനവരെ രണ്ടു പേരെയും കണ്ടുമുട്ടി. ഞാനവരെ തടയാൻ ശ്രമിച്ചെങ്കിലും അവർ കുഴപ്പക്കാരൊന്നുമല്ല. പിന്നെ അസ്അദ് ബിൻ സുറാറ(റ) നിങ്ങളുടെ അമ്മാവന്റെ മകനാണെന്നറിഞ്ഞതിനാൽ ബനൂ ഹാരിസക്കാർ അദ്ദേഹത്തെ വധിക്കാൻ പുറപ്പെട്ടു എന്നു കേൾക്കുന്നു. സഅദ് ഉടനെ എഴുന്നേറ്റു. തന്റെ ആയുധവുമെടുത്ത് പുറപ്പെട്ടു. അവർ രണ്ടു പേരുടെ അടുത്തെത്തി. അതാ മിസ്അബും(റ) അസ്അദും(റ) ശാന്തമായി ഇരിക്കുന്നു. അത് കണ്ടപ്പോൾ സഅദിന് മനസ്സിലായി തന്നെ ഇവരുടെ മുന്നിൽ എത്തിക്കാനാണ് ഉസൈദ്(റ) ബനൂഹാരിസയുടെ കാര്യം പറഞ്ഞതെന്ന്.

സഅദ് അസ്അദി(റ)നോട് പരുഷമായി സംസാരിച്ചു. നിങ്ങൾ എന്റെ കുടുംബക്കാരനായിരുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഈ പ്രവേശം ശക്തമായി പ്രതിരോധിക്കുമായിരുന്നു. ഉടനെ അസ്അദ്(റ) മിസ്അബി(റ)നോട് പറഞ്ഞു. ഈ വന്നതാരാണെന്നറിയുമോ? ഇവിടുത്തെ ജനങ്ങളുടെ നേതാവാണ്. ഇദ്ദേഹത്തിന്റെ വാക്കിന് മറുവാക്കില്ലാത്ത വ്യക്തിത്വമാണ്. ഉടനെ മിസ്അബ്(റ) പറഞ്ഞു. അൽപമൊന്നിരിക്കാമോ? ഞങ്ങൾ പറയുന്നതൊന്ന് കേൾക്കുക. സ്വീകാര്യമായ കാര്യങ്ങളാണെങ്കിൽ സ്വീകരിക്കുക. അല്ലാത്ത പക്ഷം നമുക്ക് നല്ല നിലക്ക് പിരിയാം. ശരി, ന്യായമാണിപ്പറഞ്ഞത് സഅദ് സമ്മതിച്ചു. കുന്തം നിലത്ത് നാട്ടി. മിസ്അബി(റ)നെ കേൾക്കാൻ തയ്യാറായി. അദ്ദേഹം ഇസ്ലാമിനെ അവതരിപ്പിച്ചു. ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തു കേൾപ്പിച്ചു.

സഅദിന്റെ മുഖഭാവം മാറാൻ തുടങ്ങി. പ്രകാശരേഖകൾ തെളിഞ്ഞു തുടങ്ങി. അദ്ദേഹം ചോദിച്ചു. ഈ വിശ്വാസത്തിലേക്ക് പ്രവേശിക്കുന്നതിന്റെ രീതി എങ്ങനെയാണ്. നേരത്തേ ഉസൈദി(റ)നോട് പറഞ്ഞ പ്രകാരം സഅദിനോടും പറഞ്ഞു. കുളിച്ച് വൃത്തിയായി ശുഭ്രവസ്ത്രം ധരിച്ച് സത്യസാക്ഷ്യം പ്രഖ്യാപിക്കുക. ശേഷം രണ്ട് റകഅത് നിസ്കരിക്കുക. സഅദ് തന്റെ ആയുധവുമെടുത്ത് കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങിപ്പോയി.

സഅദി(റ)നെ കണ്ട മാത്രയിൽ അവർ ചോദിച്ചു. എന്താണൊരു മാറ്റം പോയ ഭാവത്തിലല്ലല്ലോ വരുന്നത്. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നേർവഴിയുടെ വെളിച്ചം കടന്നു. സഅദ്(റ) തന്റെ ഗോത്രത്തെ അഭിമുഖീകരിച്ചു. അല്ലയോ ബനുൽ അശ്ഹൽ ഗോത്രക്കാരേ! നിങ്ങൾക്ക് എന്നെ കുറിച്ച് എന്താണഭിപ്രായം. അവർ ഒന്നടങ്കം പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ നേതാവും ഞങ്ങളിൽ ഉന്നതനുമാണ്. ഉടനെ സഅദ്(റ) പ്രഖ്യാപിച്ചു. കാര്യം അങ്ങനെയാണെങ്കിൽ ഇനി നിങ്ങളിൽ ഏതൊരു സ്ത്രീയോ പുരുഷനോ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാതെ എന്നോട് സംസാരിക്കുന്നത് പോലും ഞാനിഷ്ടപ്പെടുന്നില്ല. അവർ ഒന്നാകെ ഇസ്‌ലാം സ്വീകരിച്ചു. അംറ് ബിൻ സാബിത് ബിൻ വഖ്‌ശ് എന്നൊരാൾ മാത്രം വിട്ടു നിന്നു. പിന്നീട് ഉഹ്ദ് ദിവസത്തിൽ അയാൾ ഇസ്ലാം സ്വീകരിച്ചു. മുസ്‌ലിം സൈന്യത്തോടൊപ്പം ചേർന്നു. അന്ന് തന്നെ കൊല്ലപ്പെടുകയും രക്തസാക്ഷിയാവുകയും ചെയ്തു. ജീവിതത്തിൽ ഒരു സുജൂദ് ചെയ്യാൻപോലും അവസരം ലഭിച്ചില്ലെങ്കിലും അയാൾ സ്വർഗ്ഗാവകാശിയാണെന്ന് നബിﷺ സന്തോഷ വാർത്ത പറഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-131/365

സഅദും(റ) മിസ്അബും(റ) അസ്അദ് ബിൻ സുറാറ(റ)യുടെ വീട്ടിലേക്ക് വന്നു. യസ്‌രിബിലെ ഇസ്‌ലാമിക പ്രവർത്തനങ്ങൾ കൂടിയാലോചിച്ചു. സജീവമായി രംഗത്തിറങ്ങി. എല്ലാ വീടുകളിലും സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ഇസ്‌ലാമിനെ പരിചയപ്പെട്ടു. ദാറു ബനീ ഉമയ്യ ഒഴികെ അൻസാരികളിലെ മുഴുവൻ കുടുംബങ്ങളും ഇതോടെ ഇസ്ലാം ആശ്ലേഷിച്ചു. അവരുടെ കൂട്ടത്തിൽ സൈഫിയ്യ് എന്നു പേരുള്ള ഖൈസ് ബിൻ അസ്ലത് എന്ന ഒരാൾ ഉണ്ടായിരുന്നു. നബി ﷺ പലായനം ചെയ്ത് മദീനയിലെത്തിയപ്പോൾ അയാൾ ഇസ്ലാം സ്വീകരിച്ചു.

യസ്‌രിബിലെ വർത്തമാനങ്ങൾ മക്കയിലെത്തിത്തുടങ്ങി. ഔസ് ഖസ്റജ് ഗോത്രങ്ങൾ ആവേശപൂർവ്വം ഇസ്‌ലാം സ്വീകരിക്കുന്ന രംഗം അറിഞ്ഞപ്പോൾ മുത്ത് നബി ﷺ ക്ക് സന്തോഷമായി. മിസ്അബി(റ)ൻ്റെ പ്രവർത്തന വിവരങ്ങൾ പ്രവാചകർ ﷺ ക്ക് ആവേശം നൽകി. പത്ത് വർഷമായി മക്കയിലെ കമ്പോളങ്ങളിലും തീർത്ഥാടകർക്കിടയിലും ചുറ്റിസഞ്ചരിച്ച് നേരിട്ട് ക്ഷണിച്ചിട്ടും ലഭിക്കാത്ത അനുകൂലമായ പ്രതികരണം യസ്‌രിബിൽ നിന്ന് ലഭിച്ചിരിക്കുന്നു. വിശ്വാസികളെ അങ്ങോട്ടയച്ച് ആശ്വാസം നൽകാനും യസ്‌രിബ് കേന്ദ്രീകരിച്ച് ഇസ്‌ലാമിനെ ശക്തിപ്പെടുത്താനും സാഹചര്യം അനുകൂലമാണെന്ന് മുത്ത് നബി ﷺ ആത്മാർത്ഥമായും മനസ്സിലാക്കി. മക്കയിൽ ഇപ്പോഴത്തെ അവസ്ഥയിൽ തുടരുന്നതിന്റെ പ്രയാസങ്ങൾ നാൾക്കുനാൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മക്കയിൽ ഒരു പ്രതിരോധം തീർക്കുന്നതോ ഉള്ളവരോടൊപ്പം ഒരു ചെറുത്ത് നിൽപ്പോ നബി ﷺ ചിന്തിച്ചതേയില്ല. ഒരു പോരാട്ടമോ രക്തച്ചൊരിച്ചിലോ മക്കയിൽ സംഭവിച്ചു കൂടാ എന്ന് നബി ﷺ ക്ക് നിർബന്ധമുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് ക്രിസ്താബ്ദം അറുന്നൂറ്റി ഇരുപത്തിരണ്ടിൽ യസ്‌രിബിൽ നിന്ന് എഴുപത്തിഅഞ്ചംഗ സംഘം മക്കയിൽ തീർത്ഥാടകരായി എത്തി. എഴുപത്തിമൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. മൊത്തത്തിൽ എഴുപത്തിമൂന്ന് പേരായിരുന്നു എന്ന അഭിപ്രായവും ഉണ്ട്. പേര് വിവരങ്ങൾ ഇങ്ങനെ വായിക്കാം.

ഔസ് ഗോത്രത്തിൽ നിന്നുള്ള പതിനൊന്നു പേർ
1. ഉസൈദ് ബിൻ ഹുളൈർ
2. അബുൽ ഹൈസം അതയ്യിഹാൻ
3. സലമതുബിനു സലാമ:
4. ളുഹൈർ ബിൻ റാഫിഅ
5. അബു ബർദത് ബിന് നിയാർ
6. നുഹൈർ ബിൻ ഹൈസം
7. സഅദ് ബിൻ ഖൈസമ:
8. രിഫാഅത് ബിൻ അബ്ദുൽ മുൻദിർ
9. അബ്ദുല്ലാഹിബ്നു ജുബൈർ
10. മഅന് ബിൻ അദിയ്യ്
11. ഉവൈം ബിൻ സാഇദ

(ഖസ്റജ് ഗോത്രത്തിൽ നിന്നുള്ള 62 പുരുഷന്മാരും 2സ്ത്രീകളും)

12. അബൂ അയ്യൂബിൽ അൻസ്വാരി.
13. മുആദ് ബിൻ അൽ ഹാരിസ്
14. ഔഫ് ബിൻ അൽ ഹാരിസ്
15. മുഅവ്വിദ് ബിൻ അൽഹാരിസ്
16. ഉമാറത് ബിൻ ഹസം
17. അസ്അദ് ബിൻ സുറാറ:
18. സഹ് ല് ബിൻ അതീക്
19. ഔസ് ബിൻ സാബിത്
20. സൈദ് ബിന് സഹിൽ
21. ഖൈസ് ബിന് അബീ സഅസഅ
22. അംറ് ബിൻ ഗസ്‌യ
23. സഅദ് ബിൻ റബീഅ്
24. ഖാരിജത് ബിൻ സൈദ്‌
25. അബ്ദുല്ലാഹി ബിൻ റവാഹ:
26. ബശീർ ബിൻ സഅദ്
27. അബ്ദുല്ലാഹിബ്നു സൈദ് ബിൻ സഅലബ:
28. ഖല്ലാദ് ബിൻ സുവൈദ്
29. ഉഖ്ബത് ബിൻ അംറ് അൽബദരി
30. സിയാദ് ബിൻ ലബീദ്.
31. ഫർവത് ബിൻ അംറ്
32. ഖാലിദ് ബിൻ ഖൈസ്
33. റാഫിഅ ബിൻ മാലിക്.
34. ദക്‌വാൻ ബിൻ അബ്ദുഖൈസ്.
35. ഉബ്ബാദ് ബിൻ ഖൈസ് ബിൻ ആമിർ
36. ഹാരിസ് ബിൻ ഖൈസ് ബിൻ ആമിർ
37. ബറാഉബിന് മഅറൂർ
38. ബശീർ ബിൻ ബറാഉബിന് മഅറൂർ
39. സിനാൻ ബിൻ സൈഫിയ്യ്
40. ത്വുഫൈൽ ബിൻ നുഅമാൻ
41. മഅഖൽ ബിൻ അൽ മുൻദിർ ബിൻ സറ്ഹ്
42. യസീദ് ബിൻ അൽ മുൻദിർ ബിൻ സറ്ഹ്
43. മസ്ഊദ് ബിൻസൈദ് ബിൻ സബീഅ
44. ളഹ്ഹാക് ബിൻ ഹാരിസ
45. യസീദ് ബിൻ ഖസാം
46. ജബ്ബാർ ബിൻ സഖ്റ്
47. ത്വുഫൈൽ ബിൻ മാലിക്ക്
48. കഅബ് ബിൻ മാലിക്
49. സലീം ബിൻ ആമിർ ബിൻ ഹുദൈദ.
50. ഖുത്ബത് ബിൻ ആമിർ ബിൻ ഹുദൈദ
51. യസീദ് ബിൻ ആമിർ ബിൻ ഹുദൈദ
52. അബുൽ യസ്ർ കഅബ് ബിൻ അംറ്
53. സൈഫ് ബിൻ സവാദ്
54. സഅലബത് ബിൻ ഗൻമ
55. അംറ് ബിൻ ഗൻമ
56. അബ്സ് ബിൻ ആമിർ ബിൻ അദിയ്യ്
57. ഖാലിദ് ബിൻ അംറ്
58. അബ്ദുല്ലാ ബിൻ ഉനൈസ്.
59. അബ്ദുല്ലാഹിബിന് അംറ് ബിൻ ഹറാം
60. ജാബിർ ബിൻ അബ്ദുല്ലാഹിബിന് അംറ് ബിൻ ഹറാം
61. മുആദ് ബിൻ അംറ് ബിൻ അൽ ജമൂഹ്
62. സാബിത് ബിൻ അൽ ജസഅ
63. ഉമൈർ ബിൻ അൽ ഹാരിസ്
64. ഖദീജ് ബിൻ സലാമ:
65. മുആദ് ബിൻ ജബൽ
66. ഉബാദത് ബിൻ സ്വാമിത്
67. അൽ അബ്ബാസ് ബിൻ ഉബാദ:
68. യസീദ് ബിൻ സഅലബ
69. അംറ് ബിൻ അൽ ഹാരിസ്
70. രിഫാഅത് ബിൻ അംറ്
71. ഉഖ്ബത് ബിൻ വഹബ്
72. സഅദ് ബിൻ ഉബാദ
73. മുൻദിർ ബിൻ അംറ്
74. നസീബത് ബിൻത് കഅബ് (ഉമ്മുഉമാറ:)
75. ഉമ്മു മനീഅ അസ്മാഉ ബിൻത് അംറ്

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-132/365

ഈ എഴുപത്തി അഞ്ച് പേർ അഖബയിൽ വെച്ച് നബിﷺയോട് കരാറിലേർപ്പെട്ടു. അപ്പോൾ അവർ നബി ﷺ യോട് ചോദിച്ചു. ഏതൊക്കെ കാര്യത്തിലാണ് ഞങ്ങൾ ഉടമ്പടി ചെയ്യേണ്ടത്. അവിടുന്ന് പ്രതികരിച്ചു. സന്തോഷത്തിലും സന്താപത്തിലും കേൾക്കുകയും അനുസരിക്കുകയും ചെയ്യും, ആയാസത്തിലും പ്രയാസത്തിലും വിനിയോഗിക്കേണ്ട വിഷയങ്ങൾക്കു വിനിയോഗിക്കും, നല്ല കാര്യങ്ങൾ കൽപിക്കുകയും ചീത്ത കാര്യകൾ വിരോധിക്കുകയും ചെയ്യും, അല്ലാഹുവിന്റെ കാര്യത്തിൽ ഒരു ആക്ഷേപകന്റെ ആക്ഷേപവും പ്രശ്നമാക്കുകയില്ല, ഞാൻ യസ്‌രിബിലേക്ക് വന്നാൽ നിങ്ങൾക്കും ഭാര്യ സന്താനങ്ങൾക്കും സുരക്ഷ നൽകുംപോലെ എന്നെയും സംരക്ഷിക്കും ഈ പറയപ്പെട്ട കാര്യങ്ങളിൽ ഉടമ്പടി ചെയ്യുക. ഇതിനെല്ലാം പ്രതിഫലമായി നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും.

യസ്‌രിബിൽ നിന്ന് വന്നവർ സമ്മതിച്ചു. കൈപിടിച്ച് ഉടമ്പടി ചെയ്യാൻ അസ്അദ് ബിൻ സുറാറ(റ) എഴുന്നേറ്റു. ജാബിർ(റ) പറയുന്നു ഞാൻ കഴിഞ്ഞാൽ ഈ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അസ്അദ്(റ). ശേഷം ഒരോരുത്തരായി ഉടമ്പടി തുടർന്നു.

ക്രിസ്താബ്ദം അറുനൂറ്റി ഇരുപത്തിരണ്ടിലായിരുന്നു ഈ ഉടമ്പടി. ഹജ്ജ് കഴിഞ്ഞ രണ്ടാം ദിവസം അർദ്ധരാത്രിയിൽ അഖബയിൽ ഒരുമിച്ചു കൂടാം എന്ന് നേരത്തേ ധാരണയായി. യസ്‌രിബിൽ നിന്ന് വന്ന വിശ്വാസികൾ അവർക്കൊപ്പമുള്ള അവിശ്വാസികൾ അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. നിശ്ചിത ദിവസം അർദ്ധരാത്രിയിൽ തങ്ങളുടെ താമസ സ്ഥലത്ത് നിന്ന് പാത്തും പതുങ്ങിയും അടുത്തുള്ളവർ അനക്കം പോലും അറിയാതെ അവർ എഴുന്നേറ്റു പുറപ്പെട്ടു. അഖബയിലെത്തി മലമുകളിൽ കയറി പ്രവാചകർﷺയുടെ ആഗമനം പ്രതീക്ഷിച്ച് പാത്തിരുന്നു. അധികം വൈകാതെ തന്നെ നബിﷺ എത്തിച്ചേർന്നു. ഒപ്പം പിതൃസഹോദരനായ അബ്ബാസ് ബിൻ അബ്ദിൽ മുത്വലിബും(റ) ഒപ്പമുണ്ടായിരുന്നു. ഒരു സഖ്യം രൂപപ്പെടുന്നു എന്ന വാർത്ത നബി ﷺ യിൽ തന്നെ അറിഞ്ഞിട്ടാണ് അബ്ബാസ്(റ) എന്നവർ ഒപ്പം ചേർന്നത്. ഈ സഖ്യം ഒരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം ഹാഷിം മുത്വലിബ് കുടുംബക്കാർക്ക് പൊതുവേയും സഹോദരപുത്രന് പ്രത്യേകിച്ചും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ അദ്ദേഹം ആലോചിച്ചു. അത് കൊണ്ട് തന്നെ അദ്ദേഹം സംഭാഷണം ആരംഭിച്ചു. ‘അല്ലയോ ഖസ്റജ്കാരേ മുഹമ്മദ് നബി ﷺ ക്ക് ഞങ്ങൾക്കിടയിലുള്ള
സ്ഥാനം നിങ്ങൾക്കറിയാമല്ലോ? ഏത് തന്നെ ആയാലും ഇത് വരെയും മക്കയിൽ ഹാഷിം, മുത്വലിബ് കുടുംബങ്ങൾ അവിടുത്തെ പൂർണമായും കൈവിട്ടിട്ടില്ല. ഇപ്പോൾ നിങ്ങളോടൊപ്പം ചേരാൻ പ്രവാചകൻ ﷺ താത്പര്യപ്പെടുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഉടമ്പടി പൂർണമായും പാലിക്കാൻ സന്നദ്ധരാണെങ്കിൽ മാത്രം നിങ്ങൾ മുന്നോട്ട് പോയാൽ മതി. കരാർ ചെയ്തിട്ട് പാലിക്കാതെ പ്രവാചകനെ ﷺ ശത്രുവിന് ഏൽപിച്ചു കൊടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതിപ്പോൾ തന്നെ പറയുന്നതാണ് നല്ലത്.

അബ്ബാസി(റ)ൻ്റെ സംസാരം പൂർണമായി കേട്ട ശേഷം യസ്‌രിബുകാർ പറഞ്ഞു. അല്ലയോ അബ്ബാസ് നിങ്ങൾ പറഞ്ഞത് പൂർണമായും ഞങ്ങൾ കേട്ടു. അല്ലയോ അല്ലാഹുവിന്റെ ദൂതരേ ﷺ അവിടുത്തേക്കും അവിടുത്തെ നാഥനും ഹിതമായതെന്തും തെരഞ്ഞെടുക്കാം. ഞങ്ങൾ എന്തിനും തയ്യാറാണ്. നബി ﷺ ഖുർആനിലെ ഏതാനും സൂക്തങ്ങൾ പാരായണം ചെയ്ത് കേൾപിച്ചു. യസ്‌രിബുകാർക്ക് മതത്തോടും പ്രവാചകരോടും താത്പര്യം വർദ്ധിക്കാൻ വേണ്ടിയായിരുന്നു അത്. ശേഷം ഒരിക്കൽ കൂടി അവിടുന്ന് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ഭാര്യസന്താനങ്ങളെ പരിരക്ഷിക്കും പോലെ എന്നെയും പരിരക്ഷിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ അത് സർവ്വാത്മനാ ഏറ്റെടുത്തു.

ഒന്നാം അഖബാ ഉടമ്പടിയോടെ ഇസ്‌ലാം സ്വീകരിച്ച ഒരു ഖസ്റജ് നേതാവായിരുന്നു ബർറാഅ ബിൻ മഅറൂർ. ഇസ്‌ലാമിക നിയമങ്ങളെല്ലാം പാലിക്കാൻ താൻ സന്നദ്ധനായിരുന്നെങ്കിലും കഅബയല്ലാത്ത ഒരു ഖിബ്‌ല അംഗീകരിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അക്കാലത്ത് വിശ്വാസികളുടെ ഖിബ്‌ല ബൈതുൽ മുഖദ്ദസായിരുന്നു.
ബർറാഇന്റെ ഈ നിലപാട് വിശ്വാസി സമൂഹത്തിൽ അഭിപ്രായാന്തരങ്ങൾ സൃഷ്ടിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-133/365

ബർറാഇൻ്റെ നിലപാടിനെ കുറിച്ച് മറ്റുള്ളവർ നബി ﷺ യോട് സംശയം ഉന്നയിച്ചു. ഇപ്പോൾ ബൈതുൽ മുഖദ്ദസിലേക്ക് തന്നെയാണ് തിരിയേണ്ടത് അഥവാ ഖിബ്’ലയായി കണക്കാക്കേണ്ടത് എന്ന് നബി ﷺ പറഞ്ഞു.
ശേഷം, ബർറാഅ നബി ﷺ യോട് കരാർ ചെയ്യാൻ വേണ്ടി കൈ നീട്ടി. എന്നിട്ടിപ്രകാരം പറഞ്ഞു. “അല്ലാഹുവിന്റെ ദൂതരേ ﷺ ഞങ്ങളിതാ കരാർ ചെയ്യുന്നു. പടവാളിന്റെയും പോരാട്ടത്തിന്റെയും സന്തതികളാണ് ഞങ്ങൾ. പാരമ്പര്യമായി ഞങ്ങൾക്ക് ലഭിച്ചതാണാമഹത്വം”. ഇത്രയും പറഞ്ഞപ്പോഴേക്കും അബുൽ ഹൈസം അത്തയ്യിഹാൻ എന്നവർ ഇടപെട്ടു. ഞങ്ങൾ ജൂതന്മാരുമായി ചില കരാറിലൊക്കെ ഏർപെട്ടിരുന്നു. അതൊക്കെ ഞങ്ങൾ ദുർബലപ്പെടുത്തി. ഇത്രയുമൊക്കെ ഞങ്ങൾ ചെയ്ത ശേഷം നാളെ അവിടുത്തേക്ക് സ്വീകാര്യതയും ശക്തിയും വിജയവുമൊക്കെ ലഭിച്ചു കഴിഞ്ഞാൽ ഞങ്ങളെ മറന്ന് സ്വന്തം ജനതയിലേക്ക് തന്നെ തിരിച്ചു പോകുമോ?

തൂമന്ദഹാസത്തോടെ നബി ﷺ പറഞ്ഞു. ഇല്ല, ഒരിക്കലുമില്ല. നിങ്ങളുടെ ശത്രുക്കൾ എന്റെയും ശത്രുക്കളാണ്. നിങ്ങളുടെ രക്തം എന്റേത് കൂടിയാണ്. ഞാൻ നിങ്ങളുടേതും നിങ്ങൾ എന്റേതുമാണ്.

അത്യുത്സാഹത്തോടെ ഖസ്റജുകാർ പ്രതിജ്ഞക്കൊരുങ്ങുമ്പോൾ അതാ മറ്റൊരിടപെടൽ കൂടി. അബ്ബാസ് ബിൻ ഉബാദ വിളിച്ചു പറഞ്ഞു. നിങ്ങൾ എന്തൊരു പ്രതിജ്ഞക്കാണ് തയ്യാറാകുന്നത് എന്ന് നിങ്ങൾക്കറിയാമോ? വേണ്ടി വന്നാൽ ചുവന്നവരും കറുത്തവരുമായ ഏത് തരം ശത്രുവിനോടാണെങ്കിലും സായുധമായി നേരിടേണ്ടി വരും. നിങ്ങളുടെ നേതാക്കൾ കൊല്ലപ്പെടുകയും സ്വത്തുകൾ നഷ്ടപ്പെടുകയും ചെയ്തെന്നു വരും. അപ്പോൾ നിങ്ങൾ ഈ വ്യക്തിയെ കൈവിട്ടിട്ടു കാര്യമില്ല. അങ്ങനെയെങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾ കൈവിട്ടേക്കുക. പ്രതിജ്ഞയുടെ പ്രാധാന്യം നിങ്ങൾ അറിയുന്നുണ്ടോ? അവർ ഏകസ്വരത്തിൽ പറഞ്ഞു ആൾനാശമോ സാമ്പത്തിക നഷ്ടമോ നേതാക്കൾ കൊല്ലപ്പെടുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല. ഞങ്ങൾ ഈ വ്യക്തിത്വത്തെ സംരക്ഷിക്കും. അല്ലയോ അല്ലാഹുവിന്റെ തിരുദൂതരേ ﷺ ഇതിന് പ്രതിഫലമായി ഞങ്ങൾക്കെന്താണ് നൽകുക. അവിടുന്ന് പറഞ്ഞു. “നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും.”

പിന്നെ ആരെയും കാത്തുനിന്നില്ല. അവർ കൈകൾ നീട്ടി. മുത്ത് നബി ﷺ അവിടുത്തെ തിരുകരം കൊണ്ട് സ്വീകരിച്ചു. എല്ലാവരും പ്രതിജ്ഞ ചെയ്തു. ഉടമ്പടി പൂർത്തിയായപ്പോൾ നബി ﷺ പറഞ്ഞു നിങ്ങളിൽ നിന്ന് പന്ത്രണ്ട് പ്രതിനിധികളെ പ്രത്യേകം നിർണയിക്കണം. അവരായിരിക്കണം കാര്യനിർവ്വഹണങ്ങളുടെ പ്രധാന ഉത്തരവാദികൾ. ഒരു ജനറൽ ബോഡിയിൽ നിന്ന് എക്സിക്യൂട്ടീവിനെ തെരഞ്ഞെടുക്കും പോലെ ഖസ്റജിൽ നിന്ന് ഒൻപത് പേരെയും ഔസ് ഗോത്രക്കാരായ മൂന്ന് പേരെയും ചേർത്ത് പന്ത്രണ്ട് പേരെ നിർണയിച്ചു.
ശേഷം അവരോട് പറഞ്ഞു. നിങ്ങളുടെ സമൂഹത്തിന്റെ നടപടികൾക്ക് നിങ്ങളായിരിക്കും ഉത്തരവാദികൾ. മർയമിന്റെ മകൻ ഈസാ പ്രവാചകന്റെ(അ) പ്രത്യേകക്കാരായ ശിഷ്യന്മാർ ‘ഹവാരികൾ’ എന്ന പോലെ അൻസാരികൾ അവരോധിക്കപ്പെട്ടു. ‘നുഖബാഅ്’ എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെട്ട പന്തണ്ടാളുകളുടെ പേരുകൾ ഇങ്ങനെ വായിക്കാം.

ഔസ് ഗോത്രത്തിൽ നിന്നും:
1. ഉസൈദ് ബിൻ ഹുളൈർ
2. അബുൽ ഹൈസം അത്തയ്യിഹാൻ
3. സഅദ് ബിൻ ഖൈസമ

ഖസ്റജ് ഗോത്രത്തിൽ നിന്നും:
4. അസ് അദ് ബിൻ സുറാറ:
5. റാഫിഅ ബിൻ മാലിക്
6. സഅദ് ബിൻ ഉബാദ:
7. മുൻദിർ ബിൻ അംറ്
8. ബറാഅ ബിൻ മഅറൂർ
9. സഅദ് ബിൻ ബീഅ്
10. അബ്ദുല്ലാഹ് ബിൻ റവാഹ:
11. ഉബാദത് ബിൻ സ്വാമിത്
12. അബ്ദുല്ലാഹിബിൻ അംറ്:

മുൻദിർ ബിൻ അംറിന്റെ സ്ഥാനത്ത് മാലിക് ബിൻ മാലികിനെയും ഉബാദത് ബിൻ സ്വാമിതിനെയും ഖാരിജത് ബിൻ സൈദിനെയും എണ്ണിയ ചരിത്രകാരന്മാരെയും കാണാം.

രാത്രിയുടെ വന്യതയിൽ മക്കയിലെ ഒരു മലഞ്ചരുവിൽ നടന്ന ഈ ഉടമ്പടി കരാർ ചെയ്തവർക്ക് പുറമേ ഒരാളും അറിയാൻ ഒരു സാധ്യതയും ഇല്ലായിരുന്നു. പക്ഷേ, ഉടമ്പടി പൂർത്തിയായപ്പോൾ അതാ ഒരട്ടഹാസം. “ഖുറൈശികളേ.. മുഹമ്മദ് നബി ﷺ യും കൂട്ടരും അതാ യുദ്ധത്തിന് കോപ്പു കൂട്ടുന്നു. യാദൃശ്ചികമായി ഈ രംഗം വീക്ഷിച്ച ഖുറൈശീ ചാരൻ ഉടമ്പടി ഖുറൈശികൾ അറിഞ്ഞു എന്ന് വരുത്തി നബി ﷺ യുടെ ചർച്ചകൾ വഴിതിരിച്ചു വിടാനാണ് ഇങ്ങനെ വിളിച്ചു കൂവിയത്. എന്നാൽ ഈ ശബ്ദം കേട്ടമാത്രയിൽ ഔസും ഖസ്റജും ഒരേ സ്വരത്തിൽ പറഞ്ഞു. പ്രവാചകരേﷺ അവിടുന്ന് സമ്മതം നൽകിയാൽ നാളെത്തന്നെ ഞങ്ങൾ മിനായിൽ മിന്നലാക്രമണം നടത്താം. നബിﷺ പറഞ്ഞു അതിന് നമുക്ക് കൽപനയില്ല. നിങ്ങൾ വിശ്രമസ്ഥലങ്ങളിലേക്ക് പൊയ്ക്കോളൂ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-134/365

അഖബ ഉടമ്പടി കഴിഞ്ഞു. പന്ത്രണ്ട് നുഖബാഇനെയും തെരഞ്ഞെടുത്തു. ഇതെല്ലാം അല്ലാഹുവിൽ നിന്നുള്ള പ്രത്യേക നിർണയങ്ങളാണ്. ഇമാം മാലിക് (റ) ന്റെ ഒരു നിവേദനത്തിൽ പറയുന്നു. വിശിഷ്ട പ്രതിനിധികളായി നബിﷺ നിശ്ചയിച്ച ഓരോരുത്തരും ജിബ്’രീൽ(അ) ചൂണ്ടിക്കൊടുത്ത പ്രകാരമായിരുന്നു.

പ്രഭാതമായപ്പോഴേക്കും ഖുറൈശീ പാളയങ്ങളിൽ വാർത്ത പരന്നു. അവർ ഖസ്റജുകാരുടെ താമസ സ്ഥലത്ത് വന്നു ആക്ഷേപങ്ങൾ പറഞ്ഞു. കൂട്ടത്തിൽ അവർ ഇങ്ങനെയും വിളിച്ചു പറഞ്ഞു. ‘ഞങ്ങൾ നിങ്ങൾക്കെതിരെ യുദ്ധത്തിനൊന്നും വന്നിട്ടില്ലല്ലോ? പിന്നെന്തിനാണ് നിങ്ങൾ ഞങ്ങൾക്കെതിരെ മുഹമ്മദ്ﷺ യുമായി സഖ്യമുണ്ടാക്കിയത്. “അപ്പോൾ ഖസ്റജിലെ ബഹുദൈവവിശ്വാസികൾ പറഞ്ഞു, ഞങ്ങൾ ആരുമായിട്ടും കരാറൊന്നും ചെയ്തിട്ടില്ലല്ലോ? അവർ മുസ്ലിംകളുടെ ചലനങ്ങൾ തീരെ അറിഞ്ഞിരുന്നില്ല. അവർ ഉടമ്പടിയെ പാടേ നിഷേധിച്ചു സംസാരിച്ചു. മുസ്‌ലിംകൾ അതിവിദഗ്ധമായി മൗനം പാലിച്ചു. ഖുറൈശികൾക്ക് പ്രത്യക്ഷത്തിൽ അതംഗീകരിക്കേണ്ടി വന്നു. അപ്പോൾ പിന്നെ അവർക്ക് ലഭിച്ച വിവരമോ! അവർ ആശയകുഴപ്പത്തിലായി. തൽകാലം അവർ പിരിഞ്ഞുപോയി. തുടർന്നുള്ള അവരുടെ അന്വേഷണത്തിൽ ഉടമ്പടി നടന്നതായി ഉറപ്പിച്ചു. പക്ഷേ അപ്പോഴേക്കും യസ്‌രിബിൽ നിന്ന് വന്നവർ മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞു. ഖുറൈശികൾ അവരെ പിൻതുടർന്നു. സഅദ് ബിൻ ഉബാദയെ(റ) മാത്രമേ അവർക്ക് പിടി കിട്ടിയുള്ളൂ. അദ്ദേഹത്തെ അവർ മക്കയിൽ കൊണ്ടുവന്നു. ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജുബൈർ ബിൻ മുത്ഇമും ഹാരിസ് ബിൻ ഉമയ്യയും ജാമ്യം നിന്ന് രക്ഷപ്പെടുത്തി. തങ്ങളുടെ ശാമിലേക്കുള്ള കച്ചവട യാത്രയിൽ യസ്‌രിബിൽ എത്തുമ്പോൾ സഅദ് ബിൻ ഉബാദ(റ) ചെയ്തിരുന്ന സഹായങ്ങൾക്കുള്ള പ്രത്യുപകാരമായിരുന്നു അത്.

ഉടമ്പടിയെ കുറിച്ച് വിഭിന്ന വിചാരങ്ങളായിരുന്നു ഖുറൈശികളിൽ ഉയർന്നു വന്നത്. ഏകദേശം പതിമൂന്നു കൊല്ലത്തോളം നിരന്തരമായ മർദ്ദനങ്ങളും പീഢനങ്ങളും ബഹിഷ്കരണങ്ങളും ഒക്കെ ഉണ്ടായിട്ടും ആദർശത്തിൽ നിന്നോ ആദർശ പ്രചാരണത്തിൽ നിന്നോ നബിﷺയെയോ മുസ്ലിംകളെയോ പിന്തിരിക്കാനാവുന്നില്ല എന്നവർ തിരിച്ചറിഞ്ഞു. ഒപ്പം യസ്‌രിബുകാരുമായി ഒത്തു ചേർന്ന് ആശയസ്വാതന്ത്ര്യം നേടി വളർന്നേക്കുമോ എന്നവർ ആശങ്കപ്പെട്ടു. ഏതുവിധേനയും അത് തടയണമെന്നവർ തീരുമാനിച്ചു.

വിശ്വാസികൾക് ആശ്വാസം തേടി എത്തിച്ചേരാൻ പറ്റുന്ന പ്രദേശമാണ് യസ്‌രിബ് എന്ന് മുത്ത് നബി ﷺ യും അനുയായികളും തിരിച്ചറിഞ്ഞു. അതിനാൽ കൊച്ചു കൊച്ചു സംഘങ്ങളായി അവിടുത്തേക്ക് പലായനം ചെയ്യാൻ സമ്മതം നൽകി. മക്കയിൽ നിന്ന് ഒറ്റക്കും കൂട്ടമായും ഉള്ള യാത്രകൾ ആരംഭിച്ചു. മക്കക്കാർ അത് തടയാൻ ശ്രമിച്ചു. പലരേയും വഴിയിൽ നിന്ന് പിടിച്ചു തിരികെ കൊണ്ടുവന്നു. അക്രമങ്ങൾ തുടർന്നു. ഒപ്പം യാത്ര ചെയ്യുന്ന ദമ്പതികളെ വേർപെടുത്തി. ചിലരെ വീടുകളിൽ ബന്ധിച്ചിട്ടു. ആളുകളെ കൊന്നാൽ ഗോത്രങ്ങൾക്കിടയിലെ ആഭ്യന്തരയുദ്ധം മക്കക്കാർ ഭയന്നു.

മുഹമ്മദ് നബിﷺ പലായനം ചെയ്യുമോ ഇല്ലയോ എന്നവർക്ക് നിജപ്പെടുത്താനായില്ല. കാരണം അബ്സീനിയായിലേക്ക് വിശ്വാസികൾ പോയ നേരത്ത് നബിﷺ മക്കയിൽ തന്നെ തുടരുകയായിരുന്നല്ലോ? ഇടയിൽ വെച്ച് അബൂബക്കർ(റ) പലായനത്തിന് സമ്മതം ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് നല്ല സഹയാത്രികനെ ലഭിക്കും’ എന്നു പറഞ്ഞത് ചില ചിന്തകൾക്ക് വഴി നൽകി.

നബിﷺ യും കൂടി യസ്‌രിബിലേക്ക് പോയാൽ മുസ്ലിംകളുടെ ഒരു സംഘാടനം അവിടെ നടക്കും എന്നവർ ന്യായമായും സംശയിച്ചു. അത്കൊണ്ട് തന്നെ നബിﷺയുടെ ഓരോ നീക്കങ്ങളും അവർ നിരീക്ഷിച്ചുകൊണ്ടിരുന്നു. മദീനയിൽ നാൾക്കുനാൾ വിശ്വാസികൾ വർദ്ധിക്കുന്നതും മക്കയിൽ നിന്നു എത്തുന്നവർ കുടിച്ചേർന്ന് ഒരു സമൂഹമായി വളരുന്നതും മക്കക്കാരെ ചിന്തിപ്പിച്ചു. നേതൃത്വത്തിന് മുഹമ്മദ്ﷺ കൂടി എത്തിയാൽ എന്തായിരിക്കും എന്നവർ ചർച്ച ചെയ്തു. ശാമിലേക്കുള്ള കച്ചവട സംഘത്തെ വഴിയിൽ തടഞ്ഞ് മക്കയെ ഉപരോധത്തിലാക്കിയേക്കുമോ എന്നവർ ആശങ്കപ്പെട്ടു. മുപ്പത് മാസം മലഞ്ചരുവിൽ ഉപരോധം അനുഭവിച്ചവർ അങ്ങനെ ചിന്തിച്ചു കൂടായികയില്ല എന്നവർ നിഗമിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-135/365

മക്കയിൽ നിന്ന് പലായനം ചെയ്ത് ആദ്യം മദീനയിലെത്തിയത് മിസ്അബ് ബിൻ ഉമൈർ(റ) ആയിരുന്നു. എന്നാൽ, ഇസ്‌ലാം പരിചയപ്പെടുത്താനും ഖുർആൻ പഠിപ്പിക്കാനും നിയോഗിക്കപ്പെട്ട വ്യക്തി എന്ന നിലയിലാണ് മഹാനവർകൾ പരിഗണിക്കപ്പെടുന്നത്. അബൂസലമത് ബിൻഅബ്ദുൽ അസദാ(റ)ണ് പിന്നീട് പലായനം ചെയ്തത്. അഖബാ ഉടമ്പടിയുടെ ഒരു വർഷം മുമ്പാണദ്ദേഹം മദീനയിലേക്ക് പോയതെന്നാണ് ഇബ്നു ഇസ്ഹാഖിൻ്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പത്നി ഹിന്ദി(റ)നെ ഒപ്പം യാത്ര ചെയ്ത് പോകാൻ മക്കക്കാർ അനുവദിച്ചില്ല. ഒരു വർഷം വരെ അവർ മഹതിയെ തടഞ്ഞുവച്ചു. ഒരു വർഷത്തിന് ശേഷം അവർ യാത്ര തിരിച്ചു. ഏകാന്തയായി നടന്ന് ഹറമിന്റെ അതിർത്തിയായ തൻഈമിലെത്തിയപ്പോൾ ഉസ്മാന് ബിൻ ത്വൽഹ: അവരെ കണ്ടുമുട്ടി. അദ്ദേഹം ഒപ്പം ചേർന്നു. അന്ന് ബഹുദൈവ വിശ്വാസിയായിരുന്ന അദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.

ഈ യാത്രയെ കുറിച്ച് ഹിന്ദ് (റ) പിൽക്കാലത്ത് പറഞ്ഞതിങ്ങനെയാണ്. ഉസ്മാന് ബിൻ ത്വൽഹയെക്കാൾ മാന്യനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. കാരണം മക്കയിൽ നിന്ന് ഏകാന്തയായി യാത്ര തിരിച്ച എന്നോടൊപ്പം അദ്ദേഹം സഹയാത്രികനായി സഹായത്തിന് കൂടി. ഇടയിൽ ഇറങ്ങേണ്ട സ്ഥലമെത്തിയാൽ അവിടെ വാഹനം കടിഞ്ഞാൺ പിടിച്ചു നിർത്തും. എന്നിട്ടങ്ങകലെ മാറിനിൽക്കും. ഞാൻ ഇറങ്ങി അൽപമകലത്തേക്ക് മാറിയാൽ വാഹനത്തെ അൽപം ദൂരെ മരത്തിലോ മറ്റോ കെട്ടിയിടും. എന്നിട്ടദ്ദേഹം അവിടെ വിശ്രമിക്കും. വീണ്ടും പുറപ്പെടാൻ നേരമായാൽ വാഹനം അടുപ്പിച്ച് മുട്ട് കുത്തിച്ച് മാറി നിൽക്കും. ഞാൻ കയറി റെഡിയായി കഴിഞ്ഞാൽ കടിഞ്ഞാൺ നിയന്ത്രിച്ച് യാത്ര തുടരും. മദീനയിലെത്തുന്നത് വരെ ഇപ്രകാരമാണദ്ദേഹം പാലിച്ചത്. അങ്ങനെ എന്നെ മദീനയിലെ ഖുബായിൽ എത്തിച്ചു. എന്നിട്ട് പറഞ്ഞു. നിന്റെ ഭർത്താവ് അതാ അവിടെയുണ്ട്. ഞാൻ പോവുകയാണ്. അദ്ദേഹം മക്കയിലേക്ക് തിരിച്ചു.

പിന്നീട് മദീനയിലേക്ക് പുറപ്പെട്ടവരിൽ പ്രധാനിയാണ് അബ്ദുല്ലാഹിബിൻ ജഹ്ശും(റ) കുടുംബവും. കുടുംബത്തിലെ ഭാര്യ സന്താനങ്ങളടക്കം എല്ലാവരും പലായനം ചെയ്തു. അബ്ദുല്ലാഹി(റ)യുടെ സഹോദരൻ കാഴ്ച പരിമിതിയുള്ള അബൂ അഹ്മദും(റ) ഒപ്പമുണ്ടായിരുന്നു. കാഴ്ച പരിമിതനാണെങ്കിലും മക്കയിലെവിടെയും ഒരു സഹയാത്രികനില്ലാതെ അദ്ദേഹം യാത്ര ചെയ്യുമായിരുന്നു.

അന്ന് ഖുറൈശികളുടെ നേതാവായിരുന്ന അബൂസുഫ്യാന്റെ മകൾ ഫാരിഅ:(റ) അബ്ദുല്ല(റ)യുടെ പത്നിയായിരുന്നു. മകളും കുടുംബവും പലായനം ചെയ്തതിൽ പിന്നെ അബൂസുഫ്യാൻ ആ ഭവനം കയ്യേറി. ബനൂ ആമിറിൽ നിന്നദ്ദേഹം വാങ്ങി എന്നും അഭിപ്രായമുണ്ട്. ഇതറിഞ്ഞ അബ്ദുല്ലാഹിബ്നു ജഹ്ഷ്(റ) നബി ﷺ യോട് ആവലാതി പറഞ്ഞു. നബി ﷺ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. നിങ്ങൾക്ക് അതിന് പകരം സ്വർഗത്തിൽ ഒരു ഭവനം അല്ലാഹു നൽകും. അത് മതിയാകുമോ? അദ്ദേഹത്തിന് സന്തോഷമായി അത് സ്വീകരിച്ചു.

പിൽക്കാലത്ത് മക്കാവിജയത്തെ തുടർന്ന് അബ്ദുല്ലാഹി(റ)യുടെ സഹോദരൻ അബൂ അഹമദ്(റ) ഈ ഭവനത്തെ കുറിച്ച് നബി ﷺ യോട് സംസാരിക്കാനൊരുങ്ങി. അപ്പോൾ കൂടെയുള്ളവർ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇസ്‌ലാമിന് വേണ്ടി പണ്ട് നഷ്ടപ്പെടുത്തിയതൊക്കെ നബി ﷺ യോട് ഇനി ചോദിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞു. അത് അബൂ അഹ്മദ്(റ) അംഗീകരിച്ചു.

അതീവ രഹസ്യമായിട്ടാണ് മക്കയിൽ നിന്ന് മദീനയിലേക്ക് വിശ്വാസികൾ പലായനം ചെയ്തത്. എന്നാൽ ഉമർ (റ) രഹസ്യമായി മക്ക വിടാൻ കൂട്ടാക്കിയില്ല

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-136/365

ഉമർ(റ) ‘ഹിജ്റ’ക്ക്‌ അഥവാ പലായനത്തിന് തീരുമാനിച്ചു. പടവാളും ഉയർത്തി ആവനാഴിയിൽ അമ്പ് നിറച്ച് ആയുധങ്ങളണിഞ്ഞ് കഅബയുടെ അടുത്തെത്തി. ഖുറൈശി സംഘങ്ങളുടെ മുന്നിലൂടെ കഅബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്തു അഥവാ ത്വവാഫ് നിർവഹിച്ചു. ശേഷം, ഇബ്രാഹീം മഖാമിന്റെ പിന്നിൽ നിന്ന് രണ്ട് റക്അത് നിസ്കാരം നിർവഹിച്ചു. തുടർന്ന് ഖുറൈശികൾ വട്ടം കൂടിയിരുന്ന ഓരോ കൂട്ടത്തോടും പറഞ്ഞു. നിങ്ങൾക്കു നഷ്ടം! നാശം കൊതിക്കുന്നവർ വരൂ. ഭാര്യമാരെ വിധവകളാക്കാനും മക്കളെ അനാഥരാക്കാനും താത്പര്യമുള്ളവർ ഇതിനപ്പുറത്തെ താഴ്‌വരയിലേക്ക് വരൂ. നമുക്ക് കണ്ടുമുട്ടാം. അലി (റ) പറയുന്നു. ഈ വെല്ലുവിളി നേരിടാനോ ഉമറി(റ)നെ പിൻതുടരാനോ ആരും തയ്യാറായില്ല.

ഉമർ (റ) പറഞ്ഞു കൊടുത്ത കാര്യം മകൻ അബ്ദുല്ലാഹ് നിവേദനം ചെയ്യുന്നു. ഉമർ (റ) പറയുന്നു, അയ്യാശ് ബിൻ അബീ റബീഅയും ഞാനും ഹിഷാമുബിൻ ആസും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. സരിഫ് എന്ന പ്രദേശത്തിനടുത്ത് എത്തേണ്ട സമയം നിശ്ചയിച്ചു. രണ്ടാൾ എത്തി മൂന്നാമൻ എത്തിയില്ലെങ്കിൽ എത്തുന്ന രണ്ടാളും പുറപ്പെടാനും മൂന്നാമനെ മക്കക്കാർ തടഞ്ഞിട്ടുണ്ടാകും എന്ന് മനസ്സിലാക്കണമെന്നും ധാരണയായി. ഞാനും അയ്യാശും നിശ്ചിത സമയത്ത് തന്നെ സരിഫിൽ എത്തി.
ഹിഷാമിനെ മക്കക്കാർ തടഞ്ഞിട്ടുണ്ടാകും എന്ന് മനസ്സിലാക്കി. അദ്ദേഹം പിടിക്കപ്പെടുകയും ബന്ദിയാക്കപ്പെടുകയും ചെയ്തു എന്ന് പിന്നീടറിയാൻ കഴിഞ്ഞു. ഞങ്ങൾ യാത്രയാരംഭിച്ചു. ഞങ്ങൾ മദീനയിലേക്കടുത്തു. ഞങ്ങളെ പിൻതുടർന്ന അബൂജഹലും ഹാരിസ് ബിൻഹിഷാമും(ഇദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) അയ്യാശിനെ സമീപിച്ചു. എന്നിട്ടവർ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങളുടെ ഉമ്മ ചില ശപഥങ്ങൾ ചെയ്തിരിക്കുന്നു. നിങ്ങൾ മടങ്ങിയെത്തിയാലേ ഇനി തലമുടി ചീർപ്പുകയുള്ളൂ. വെയിലത്ത് നിന്ന് മേൽകൂരക്കുള്ളിൽ അഥവാ വീട്ടിൽ കടക്കുകയുള്ളൂ എന്നൊക്കെ. അത് കൊണ്ട് ഉടനെ തന്നെ നിങ്ങൾ മക്കയിലേക്ക് മടങ്ങണം. കുടുംബക്കാർ കൂടിയായ ഇരുവരുടെയും വാക്കുകളിൽ അയ്യാശ് വിശ്വസിച്ചു. അദ്ദേഹം അവർക്കൊപ്പം പോകാനൊരുങ്ങി. ഉമർ (റ) അയ്യാശിനോട് പറഞ്ഞു. ഇവരുടെ വഞ്ചനയിൽ നിങ്ങൾ കുടുങ്ങരുത്. ഇവർ നിങ്ങളെ അക്രമിക്കാൻ കൊണ്ടുപോവുകയാണ്. ഉമ്മയുടെ തലയിൽ പേൻ കടിക്കുമ്പോൾ ഉമ്മ ചീർപ്പെടുത്ത് ചീകിക്കൊള്ളും. മരുഭൂമിയിലെ വെയിൽ കടുക്കുമ്പോൾ ഉമ്മ തണൽ കൊളളാൻ വീടിനുളളിൽ കയറാതെ എന്ത് ചെയ്യും. നിങ്ങൾ ഇവരുടെ ചതിയിൽ വീഴരുതേ. പക്ഷേ അയ്യാശ് നിഷ്കളങ്കമായി അബൂജഹലിനെ വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു. ഞാൻ ഉമ്മയെയും ഒന്നനുനയിപ്പിച്ച് എൻ്റെ സ്വത്തുവകകളൊക്കെ മക്കയിലാണ് അതൊക്കെയെടുത്ത് വരാം. ഉമർ(റ) വീണ്ടും പറഞ്ഞു. നിങ്ങളുടെ സ്വത്ത് പോകട്ടെ. ഞാൻ മക്കയിലെ അതിസമ്പന്നനൊന്നും അല്ലെങ്കിലും എന്റെ സ്വത്തിന്റെ പകുതി ഞാൻ നിങ്ങൾക്ക് തരാം എന്നാലും നിങ്ങൾ പോകരുത്. അയ്യാശ് പക്ഷേ പോകാൻ തയ്യാറായി. അവസാനം ഉമർ(റ) പറഞ്ഞു. നിങ്ങൾക്ക് പോയേ പറ്റൂ എങ്കിൽ എന്റെയീ ചുണയുള്ള പെണ്ണൊട്ടകത്തിന്റെ പുറത്ത് യാത്രചെയ്തോളൂ. വഴിയിൽ വച്ച് വല്ല പന്തികേടും അനുഭവപ്പെട്ടാൽ പെട്ടെന്ന് രക്ഷപ്പെടാനാവും. അയ്യാശ് അത് സ്വീകരിച്ചു. യാത്രാമധ്യേ അബൂജഹൽ ഒരു കൗശലം പ്രയോഗിച്ചു. തങ്ങൾ സഞ്ചരിക്കുന്ന വാഹനം ക്ഷീണിച്ചതിനാൽ അയാളെ കൂടി അയ്യാശിന്റെ വാഹനത്തിൽ കയറ്റാൻ അഭ്യർത്ഥിച്ചു. അദ്ദേഹം അത് സ്വീകരിക്കേണ്ടിവന്നു. ക്രമേണ അവർ വാഹനം കൈവശപ്പെടുത്തി. അയ്യാശിനെ ബന്ധനസ്ഥനാക്കി. മക്കയിലെത്തിയപ്പോൾ അബൂജഹൽ വിളിച്ചു പറഞ്ഞു, ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് പോയ വിഢിയെ ഞങ്ങൾ ഇപ്രകാരമാണ് പിടിച്ചു കൊണ്ടുവന്നത്. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പോയവരെയും നിങ്ങൾ പിടിച്ചു കൊണ്ടുവരൂ. ശേഷം അയ്യാശിനെ ഹിഷാമുബിനുൽ ആസിനൊപ്പം മേൽക്കൂരയില്ലാത്ത തടങ്കലിലിട്ടു.

ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ട് സുമർ അധ്യായത്തിലെ അൻപത്തിമൂന്ന് മുതൽ അൻപത്തി അഞ്ച് വരെ സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “പ്രവാചകരേ അവിടുന്ന് പറഞ്ഞ് കൊടുക്കുക. സ്വന്തത്തോട് അക്രമം ചെയ്ത എന്റെ ദാസന്മാരെ.. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിങ്ങൾ നിരാശരാവരുത്. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരും. അവൻ ദയാപരനും വിട്ടുവീഴ്ച ചെയ്യുന്നവനുമാണ്. നിങ്ങളുടെ രക്ഷിതാവിലേക്ക് തിരിച്ചു വരുവിൻ. നിങ്ങൾക്ക് ശിക്ഷ ഭവികുകയും തുടർന്ന് എവിടെ നിന്നും സഹായം ലഭിക്കാതാവുകയും ചെയ്യുന്നതിന് മുമ്പ്.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-137/365

ഉമർ (റ) പറയുന്നു. ഖുർആനിലെ മേൽപറയപ്പെട്ട സൂക്തങ്ങൾ അവതരിച്ചപ്പോൾ ഞാനത് ഒരു ഫലകത്തിൽ എഴുതി. ഹിഷാമുബിനുൽ ആസിന് കൊടുത്തയച്ചു. ഹിഷാം പറയുന്നു, ദൂത്വ്’വാ എന്ന സ്ഥലത്ത് വെച്ച് ഞാനാ കത്ത് കൈപ്പറ്റി. ആശയം പെട്ടെന്ന് മനസ്സിലായില്ല. ആ സൂക്തങ്ങളിലെ ആശയം മനസ്സിലാക്കിത്തരാൻ അല്ലാഹുവോട് പ്രാർത്ഥിച്ചു. ശേഷം മനസ്സിരുത്തി ഒന്നു വായിച്ചു. അപ്പോൾ ഞങ്ങളെ കുറിച്ചു തന്നെയാണെന്ന് മനസ്സിലായി. ഞാനെന്റെ ഒട്ടകത്തിനടുത്തെത്തി, ഒട്ടകപ്പുറത്ത് കയറി. നബിﷺയുടെ സവിധത്തിലെത്തി.

ഇബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനമാണിപ്പോൾ വായിച്ചത്. എന്നാൽ ഇമാം ഇബിനു ഹിഷാം(റ) ഇവിടെ രേഖപ്പെടുത്തിയതിങ്ങനെയാണ്. പ്രാമാണികരാണെന്ന് എനിക്ക് ബോധ്യപ്പെട്ട ചിലർ എന്നോട് പറഞ്ഞു. നബി ﷺ മദീനയിലായിരിക്കെ അനുചരന്മാരോട് ചോദിച്ചു. അയ്യാശി(റ)നും ഹിഷാമി(റ)നും വേണ്ടി എന്നെ സഹായിക്കാൻ ആരുണ്ട്? വലീദ് ബിൻ വലീദ് ബിൻ അൽമുഗീറ(റ) പറഞ്ഞു ഞാനുണ്ട് പ്രഭോ! അദ്ദേഹം പറയുന്നു, ഞാൻ മക്കയിലേക്ക് പുറപ്പെട്ടു. അതീവ രഹസ്യമായി ഞാൻ മക്കയിൽ പ്രവേശിച്ചു. അപ്പോഴതാ ഒരു വനിത ഭക്ഷണവുമായി പോകുന്നു. അവളോട് ചോദിച്ചു അല്ലയോ അല്ലാഹുവിന്റെ ദാസീ നീ എങ്ങോട്ടാണ് പോകുന്നത്? അവൾ പറഞ്ഞു, ഞാനാ രണ്ട് ബന്ധികൾക്കുള്ള ഭക്ഷണവുമായി പോവുകയാണ്. ഞാനവളെ പിൻതുടർന്നു. അവർ ബന്ധിക്കപ്പെട്ട സ്ഥലം മനസ്സിലാക്കി. മേൽകൂരയില്ലാത്ത ഒരു മുറിയായിരുന്നു അത്. രാത്രിയായപ്പോൾ അവിടെയെത്തി. മതിൽ ചാടി അകത്തിറങ്ങി. അവരുടെ കാലുകൾക്കടിയിൽ ഒരു പാറയെടുത്തുവെച്ച് വാള് കൊണ്ട് വിലങ്ങ് മുറിച്ചു. എൻ്റെ വാഹനപ്പുറത്ത് അവരെയും വഹിച്ച് യാത്ര തുടങ്ങി. അൽപം കഴിഞ്ഞപ്പോഴാണ് അവരുടെ കാലിൽ നിന്ന് രക്തം വാർന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അപ്പോഴവർ മുറിവേറ്റ ഭാഗം നോക്കി ഇങ്ങനെ പാടി.
“ഹൽ അൻതി ഇല്ലാ ഇസ്‌ബഉൻ ദമീതീ..”
അല്ലാവിൻ മാർഗ്ഗത്തിൽ മുറിവേറ്റു നിണം വാർന്ന
കേവലമൊരു കുഞ്ഞു വിരൽ മാത്രമല്ലോ നീ.
ഒടുവിൽ ഞങ്ങൾ മദീനയിലെത്തി. നബിﷺയുടെ തിരുസാന്നിധ്യം പ്രാപിച്ചു.
പിന്നെയും ഒറ്റയും തെറ്റയുമായി മദീനയിലേക്ക് പലായനം തുടർന്നു. ഖുറൈശികൾ പലരെയും പല വിധേനയും തടഞ്ഞു. കൂട്ടത്തിൽ സുഹൈബ് അർറൂമി(റ) യാത്രക്കൊരുങ്ങി. മക്കയിലെ സത്യനിഷേധികൾ അദ്ദേഹത്തെ തടഞ്ഞു. അദ്ദേഹം സമ്പന്നനായിരുന്നു. ശത്രുക്കൾ പറഞ്ഞു. നീ റോമിൽ നിന്ന് മക്കത്ത് വന്നകാലത്ത് ദരിദ്രനായിരുന്നില്ലേ. ഇവിടെ നിന്നല്ലേ നീ ഇത്ര സമ്പന്നനായത്? അത് കൊണ്ട് നിന്റെ സമ്പാദ്യവുമായി ഇവിടന്ന് പോകാൻ ഞങ്ങൾ അനുവദിക്കില്ല. അദ്ദേഹം ചോദിച്ചു. നിങ്ങൾക്ക് വേണ്ടത് എന്റെ സ്വത്തുക്കളല്ലേ? അത് തന്നാൽ എന്നെ നിങ്ങൾ എന്റെ വഴിക്ക് വിടാമോ? അവർ പറഞ്ഞു, അതെ. സുഹൈബ്(റ) പ്രതികരിച്ചു, എന്റെ എല്ലാ സ്വത്തുക്കളും ഞാൻ മക്കയിൽ തന്നെ ഉപേക്ഷിക്കുന്നു. ഈ വിവരം നബിﷺ അറിഞ്ഞു. അവിടുന്ന് പറഞ്ഞു. നിങ്ങളുടെ ഇടപാട് ലാഭകരമായിരിക്കുന്നു സുഹൈബേ!

മക്കയിലെ സഹനത്തിൻ്റെ നാളുകൾ. മേനിയും മാനവും ധനവും സമർപ്പിക്കേണ്ടി വന്നവർ. മനുഷ്യനുണ്ടാകുന്ന സാമ്പത്തിക മോഹത്തെ നിഷ്പ്രഭമാക്കിയ വിശ്വാസദാർഢ്യത. ജന്മനാടിനോടുള്ള പ്രണയത്തെ തോൽപിച്ച നിശ്ചയദാർഢ്യം. ഇണയേക്കാളും ഉറ്റവരേക്കാളും താത്കാലിക ക്ഷേമത്തേക്കാളും വിലപ്പെട്ടതാണ് സത്യവിശ്വാസമെന്ന് പ്രയോഗത്തിൽ കാണിച്ച വിശ്വാസി വൃന്ദത്തിന്റെ ശോഭന ചിത്രങ്ങൾ.
രക്ത ബന്ധവും കുടുംബബന്ധവും സൗഹൃദങ്ങളും എന്തിനേറെ മനുഷ്യത്വത്തെയും മറപ്പിച്ചു കളഞ്ഞ ഇരുളിന്റെ ഗാഢത അറിയിച്ചു തന്ന ശത്രുക്കളുടെ നിലപാടുകൾ. ഏതവസ്ഥയിലും നീതിയും മൂല്യങ്ങളും പരിരക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടേയിരുന്ന പുണ്യപുരുഷനായ പ്രവാചകരുﷺടെ ശോഭന ചിത്രം അടയാളപ്പെടുത്തിയ നാളുകൾ. അതെ, ഹിജ്റയുടെ കുറിമാനങ്ങൾ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-138/365

മുഹമ്മദ് നബി ﷺ ക്ക് മറ്റൊരു നാട്ടിൽ ജനസമ്മിതി വർദ്ധിക്കുന്നത് ഖുറൈശികൾ വിലയിരുത്തി. മദീനയിൽ നാൾക്കുനാൾ വിശ്വാസികൾ കൂടിക്കൊണ്ടിരുന്നു. ഇസ്ലാം ഉയർത്തിയ ഒരുമയും ചിന്തയുമാണ് അവരെ ഏറെ സ്വാധീനിച്ചത്. ഗോത്രങ്ങൾ തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങൾ അവസാനിച്ചു തുടങ്ങി. ഒപ്പം കാരണങ്ങളും ന്യായങ്ങളും വെച്ച് ആളുകൾ ചിന്തിക്കാനും തുടങ്ങി.

ഒരു ഉദാഹരണം ഇങ്ങനെ വായിക്കാം. അംറുബിനിൽ ജമൂഹ് മദീനയിൽ അറിയപ്പെട്ട ബഹുദൈവ വിശ്വാസിയായിരുന്നു. വയോധികനും സ്വന്തമായി പ്രതിഷ്ഠ വെച്ച് ആരാധിക്കുന്ന വ്യക്തിയുമായിരുന്നു. മരം കൊണ്ടുണ്ടാക്കിയ ‘മനാത്’ വിഗ്രഹമായിരുന്നു അതിൽ പ്രധാനം.
മദീനയിലെ ബനൂസലമയിലെ ചില യുവാക്കൾ രാത്രിയിൽ ആ വിഗ്രഹത്തെ എടുത്തു മാലിന്യങ്ങൾ നിറഞ്ഞ സ്ഥലത്ത് കൊണ്ടിട്ടു. രാവിലെ ആരാധനക്കെത്തിയ അംറിന് തന്റെ ദൈവത്തെ കാണാനായില്ല. അദ്ദേഹം അന്വേഷിച്ചു കണ്ടെത്തി. കഴുകി വൃത്തിയാക്കി പുന:സ്ഥാപിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു, ഇതാരാണാവോ ചെയ്തത് നിശ്ചയമായും ഞാനവരെ ഒരു പാഠം പഠിപ്പിക്കും. പക്ഷേ, അടുത്ത ദിവസവും ഇതാവർത്തിച്ചു. അപ്പോഴും കഴുകി വൃത്തിയാക്കി പുന:പ്രതിഷ്ഠിച്ചു. ഒടുവിൽ അദ്ദേഹം ഒരു വാൾ കൊണ്ട് വന്ന് വിഗ്രഹത്തിന്റെ കഴുത്തിൽ അണിയിച്ചു. എന്നിട്ട് പറഞ്ഞു, ഇത് ചെയ്യുന്നതാരാണെന്നറിയാൻ ഞാനെത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. നിനക്ക് വല്ല കഴിവും ഉണ്ടെങ്കിൽ നീ തന്നെ നിന്നെ സംരക്ഷിച്ചോളൂ. ഇതാ ഈ വാളും ഞാനിവിടെ നൽകുന്നു. പിറ്റേന്ന് രാവിലെ എത്തിയപ്പോഴും വിഗ്രഹത്തെ കാണാനില്ല. അയാൾ അന്വേഷിച്ചിറങ്ങി. അതാ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഒരു ചത്ത നായയോടൊപ്പം പൊട്ടക്കിണറ്റിൽ കിടക്കുന്നു. അയാൾ ആലോചിച്ചു. ഞാനീ പ്രതിമയെ ആരാധിക്കുന്നത് എത്ര ശൂന്യതയാണ്. സ്വയം രക്ഷിക്കാനാവാത്തതിനെ ഞാനാരാധികുകയോ? പിന്നെ എങ്ങനെയാണ് അതിന് എന്നെ രക്ഷിക്കാനാവുക? അയാളുടെ ചിന്ത നേർവഴിക്ക് സഞ്ചരിച്ചു. അവസാനം അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചു. എന്നിട്ടദ്ദേഹം ഒരു കവിത ചൊല്ലി.
“വല്ലാഹി ലൗ കുൻത ഇലാഹൻ ലൻ തകുൻ…

“നിശ്ചയം നീയൊരു ദൈവമായിരുന്നെങ്കിൽ,
വന്നുഭവിക്കില്ലീ ശുനക ശവത്തോടൊപ്പം.
കഷ്ടമേ നിന്നെ നമിച്ചൊരുകാലവും.
ഇപ്പോഴറിഞ്ഞു ഞാൻ ഗതകാല മോശവും,
ശ്രേഷ്ഠനാം ‘അല്ലാഹ്’ നിനക്കാണ് സ്തുതികളും,
ശ്രേഷ്ഠമാം മാർഗ്ഗത്തെ ദാനമായ് തന്നതിൽ
കല്ലറ പോലുള്ള കൂരിരുട്ടിൽനിന്ന്
വിശ്വസ്തരഹ്മദാൽ വഴി വെളിച്ചം നൽകും.
മന്നവാ നിന്നിലായ് സ്തോത്രങ്ങളഖിലവും”

അംറിന് വെളിച്ചം നൽകിയ ചിന്ത പലരേയും സ്വാധീനിച്ചു. അവരും നേർവഴിയിൽ സഞ്ചരിക്കാൻ തുടങ്ങി.

ഖുറൈശികൾ ‘ദാറുന്നദ്‌വ’യിൽ ഒരുമിച്ചു കൂടി. ഖുസയ്യ് ബിന് കിലാബിൻ്റെ ഈ ഭവനത്തിൽ വെച്ചാണ് ഖുറൈശികൾ സുപ്രധാന തീരുമാനങ്ങളെടുക്കുക. മക്കയിലെ ഏതാണ്ടെല്ലാ ഗോത്രത്തിന്റെയും പ്രതിനിധികൾ സന്നിഹിതരായിട്ടുണ്ട്. ബനൂ അബ്ദുശംസ് ഗോത്രത്തിൽ നിന്ന് ഉത്ബയും ശൈബയും അബൂ സുഫ്യാനും. ബനൂ നൗഫൽ ഗോത്രത്തിലെ ത്വുഐമയും ജുബൈർ ബിൻ മുത്വ്ഇമും. ബനൂ അബ്ദുദാരിൽ നിന്ന് നള്ർ ബിൻഹർസും ബനൂ അസദിൽ നിന്ന് അബുൽ ബുഖ്തരിയും ഹകീം ബിൻ ഹിസാമും. ബനൂ മഖ്സൂമിൽ നിന്ന് അബൂജഹലും ബനൂ സഹമിൽ നിന്ന് ഹജ്ജാജിൻ്റെ മക്കൾ നുബൈഹും മുനബ്ബഹും. ബനൂ ജുമഹ് ഗോത്രത്തിൽ നിന്ന് ഉമയ്യത് ബിൻ ഖലഫ്. മറ്റു ചെറുതും വലുതുമായ ഗോത്രത്തിൻ്റെ പ്രതിനിധികളും എത്തിച്ചേർന്നു. രംഗങ്ങൾ നന്നായി വിശകലനം ചെയ്തു. മുഹമ്മദ് നബി ﷺ യെ എന്ത് ചെയ്യണം എന്നതാണ് ചർച്ചയുടെ മർമ്മം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-139/365

പലരും പല അഭിപ്രായങ്ങളും പറഞ്ഞു. അബുൽ ബുക്തിരി പറഞ്ഞു. മുഹമ്മദ് നബിﷺയെ ഒരു ചങ്ങലയിൽ ബന്ധിച്ച് ഒരു റൂമിൽ പൂട്ടിയിടുക. മുൻകാലത്ത് ചില കവികളെ അങ്ങനെ ചെയ്തിട്ടുണ്ട്. അവർ മരണപ്പെട്ട പോലെ ആ തടങ്കലിൽ തന്നെ മരിച്ചു പോയിക്കൊള്ളും. അപ്പോൾ അവിടെ നജ്ദിൽ നിന്നുള്ള ഒരു വയോധികൻ പ്രത്യക്ഷപ്പെട്ടു. താടിയും ജഡയും ഒക്കെയുള്ള ഒരാൾ. അയാൾ പറഞ്ഞു ആ തീരുമാനം ശരിയല്ല. നിങ്ങൾ അപ്രകാരം തടങ്കലിൽ വച്ചാൽ പിൻവാതിലിലൂടെ അവർ രക്ഷപ്പെട്ടേക്കും. പിന്നീട് നിങ്ങൾക്കെതിരെ വരുന്ന അക്രമണം ശക്തമായിരിക്കും. അത്കൊണ്ട് നിങ്ങൾ മറ്റഭിപ്രായങ്ങൾ അന്വേഷിക്കൂ.

അപ്പോൾ അബുൽ അസ്‌വദ് പറഞ്ഞു. എന്നാൽ പിന്നെ നാടുകടത്താം. നമ്മുടെ ഇടയിൽ നിന്നങ്ങ് പോകട്ടെ. പിന്നെവിടെ എത്തി എന്തായി അതൊന്നും നമ്മൾ അന്വേഷിക്കേണ്ട. അവർ നമ്മളെ വിട്ടുപോയാൽ നമ്മളായി നമ്മുടെ സൗഹൃദങ്ങളായി ബന്ധങ്ങളായി. അപ്പോഴും ആ വയോധികൻ ഇടപെട്ടു. ഇതെന്ത് നിർദ്ദേശമാ? ഇതൊരു നല്ല അഭിപ്രായമായി എനിക്ക് തോന്നുന്നില്ല. ആ മുഹമ്മദിന്റെﷺ സംഭാഷണ ചാരുത നിങ്ങൾക്കറിയില്ലേ? വശ്യമായ ഇടപെടൽ പെരുമാറ്റം എല്ലാം. നാമിവിടെ നിന്ന് പുറത്താക്കിയാൽ അവർ ഏതെങ്കിലും അറബ് ഗോത്രത്തിൽ എത്തും. അവരെ മുഴുവൻ സ്വാധീനിക്കും. അവർക്ക് വേണ്ടി ആ ഗോത്രം സംഘടിക്കും. അവർ നിങ്ങൾക്കെതിരെ ആക്രമണം നടത്തും. ഇവിടുത്തെ അധികാരവും നിയന്ത്രണവും മുഴുവൻ അവർ ഏറ്റെടുക്കും. അഥവാ നിങ്ങൾ എന്താണോ ഭയക്കുന്നത് അത് സംഭവിക്കും. അത് കൊണ്ട് മറ്റു വല്ല അഭിപ്രായവും ആലോചിക്കൂ.

അപ്പോൾ അബൂജഹൽ എഴുന്നേറ്റു. അയാൾ പറഞ്ഞു എനിക്കൊരഭിപ്രായമുണ്ട്. അവർ ചോദിച്ചു. എന്താണ് അബുൽ ഹകം പറയൂ. അയാൾ പറഞ്ഞു തുടങ്ങി. എല്ലാ ഗോത്രത്തിൽ നിന്നും കരുത്തും ശേഷിയുമുള്ള ഓരോരുത്തർ രംഗത്തു വരിക. എല്ലാവരുടെയും കയ്യിൽ നല്ല മൂർച്ചയുള്ള ഓരോവാളുകൾ കരുതുക. എന്നിട്ട് ഒരുമിച്ചു ചെന്ന് മുഹമ്മദിനെﷺ ഒറ്റവെട്ടിന് കൊലപ്പെടുത്തുക. ഒരാൾ വെട്ടുന്ന പോലെ ഒരുമിച്ചായിരിക്കണം എല്ലാവരും വെട്ടുന്നത്. അതോടെ കഥ കഴിയും. നമ്മുടെ പണി അവസാനിക്കും. രക്തത്തിനുത്തരവാദി എല്ലാ ഗോത്രങ്ങളും ഒരുമിച്ചായിരിക്കും. അതിനാൽ അബ്ദുമനാഫ് കുടുംബത്തിന് പകരം ചോദിക്കാൻ സാധിക്കാതെ വരും. ആ കിഴവൻ പ്രതികരിച്ചു. ഇതു തന്നെയാണഭിപ്രായം! ഏറ്റവും നല്ല അഭിപ്രായം! ഞാനും അത് പിന്തുണക്കുന്നു. യഥാർത്ഥത്തിൽ ഇയാൾ ഇബ്‌ലീസായിരുന്നു. നജ്ദുകാരനായ കിഴവന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ്.

എല്ലാവരും പിരിഞ്ഞു. എതിരഭിപ്രായങ്ങളൊന്നും ഉയർന്നില്ല. പക്ഷേ, അപ്പോഴേക്കും ജിബ്’രീൽ(അ) നബിﷺയെ സമീപിച്ചു. അവിടുത്തോട് പറഞ്ഞു. ഇന്ന് തങ്ങൾ സാധാരണ കിടക്കുന്ന കിടക്കയിൽ കിടക്കരുത്. തുടർന്ന് ഖുറൈശികളുടെ ചതിപ്രയോഗങ്ങളെ കുറിച്ചു പറഞ്ഞു. ഒടുവിൽ പലായനത്തിന് അല്ലാഹു സമ്മതം നൽകിയ വിവരം കൈമാറി.

നബിﷺ പൊള്ളുന്ന വെയിലുള്ള നട്ടുച്ച നേരത്ത് വീട്ടിൽ നിന്നിറങ്ങി. സാധാരണ ആളുകൾ പുറത്തിറങ്ങാത്ത സമയമാണത്. തട്ടം കൊണ്ട് മുഖം മറച്ച് നേരെ സിദ്ദീഖ്(റ)ന്റെ വീട്ടിലേക്ക് നടന്നു. മുത്ത് നബി ﷺ നടന്നുവരുന്ന രംഗം കണ്ട വീട്ടുകാർ സിദ്ദീഖ്(റ)നോട് പറഞ്ഞു. അതാ നബി ﷺ വരുന്നുണ്ടല്ലോ? ഉടനെ സിദ്ദീഖ്(റ) പറഞ്ഞു. എന്റെ മാതാപിതാക്കൾ അവിടുത്തേക്ക് ദണ്ഡം. ഈ സമയത്ത് വരണമെങ്കിൽ എന്തോ പ്രധാനപ്പെട്ട കാര്യം ഉണ്ടാകുമല്ലോ? ചിന്തിച്ചപ്പോഴേക്കും അവിടുന്ന് വീട്ട് പടിക്കൽ എത്തി സലാം ചൊല്ലി. സിദ്ദീഖ്(റ) പ്രത്യഭിവാദ്യം ചെയ്ത് അകത്തേക്ക് ആനയിച്ചു. ഉടനെ നബി ﷺ പറഞ്ഞു. ഇവിടെയുള്ളവർ ഒന്ന് മാറി നിൽക്കാൻ പറയൂ. സിദ്ദീഖ്(റ) പറഞ്ഞു ഇവിടെ മറ്റാരുമില്ല നബിയേ ﷺ! നമ്മുടെ രണ്ട് പെൺമക്കളേ ഇവിടെ ഉള്ളൂ. എന്താണവിടുന്ന് ഈ സമയത്ത് വന്നത്? അല്ലാഹു എനിക്ക് പലായനത്തിന് സമ്മതം നൽകിയിരിക്കുന്നു. നബി ﷺ ഇത് പറഞ്ഞ് നിർത്താനും സിദ്ദീഖ്(റ) ചോദിച്ചു ഞാനും ഒപ്പം കൂടിക്കോട്ടേ! അതെ എന്ന് പറഞ്ഞതും സന്തോഷം കൊണ്ട് സിദ്ദീഖ്(റ) പൊട്ടിക്കരഞ്ഞു. മകൾ ആഇശ(റ) പറയുന്നു. സന്തോഷത്താൽ ഇങ്ങനെയൊരു കരച്ചിൽ ഞാൻ കണ്ടിട്ടേ ഇല്ല. എന്നിട്ട് പറഞ്ഞു എന്റെ ഈ രണ്ട് വാഹനങ്ങളിൽ ഒന്നിൽ നമുക്ക് പുറപ്പെടാം….

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-140/365

നാലുമാസമായി സിദ്ദീഖ് (റ) പ്രത്യേകം പരിപാലിച്ചു വരുന്ന വാഹനങ്ങളാണ് രണ്ടും. സമുർ മരത്തിന്റെ ഇല നൽകി അവയെ യാത്രയ്ക്ക് പാകപ്പെടുത്തി നിർത്തിയിരിക്കുയാണ്. നബിﷺ വിലയ്ക്കു വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു. പക്ഷേ, അബൂബക്കർ (റ) ആ വാഹനം നബിﷺക്ക് ദാനം ചെയ്തു.

പലായനത്തിന് വ്യക്തമായ ഒരു പ്ലാൻ തയ്യാറായി. സഞ്ചരിക്കാനുള്ള വാഹനങ്ങൾ തെളിച്ച് നിശ്ചിത സ്ഥലത്തെത്താൻ അബ്ദുല്ലാഹിബിന് ഉറൈഖതിനെ ഏർപ്പാട് ചെയ്തു. മക്കയിൽ ആടിനെ മേയ്ച് വിവരങ്ങൾ ശേഖരിക്കാനും ഖുറൈശികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സിദ്ദീഖ് (റ) ൻ്റെ പരിചാരകൻ ആമിർബിൻ ഫുഹൈറയെ ഏൽപ്പിച്ചു. നബി ﷺ യും സിദ്ദീഖും (റ) ആദ്യം എത്തിച്ചേരാനുദ്ദേശിക്കുന്ന സ്ഥലം സിദ്ദീഖി (റ)ൻ്റെ മകൻ അബ്ദുല്ലാഹിയോട് പറഞ്ഞു. ആമിറിനു മുമ്പേ അവിടെ എത്താനും കാര്യങ്ങൾ ക്രമീകരിക്കാനും നിർദേശിച്ചു .ആഇശ (റ) പറയുന്നു. “അത്യാവശ്യമുള്ള യാത്രാ സാമഗ്രികൾ ഞങ്ങൾ തയ്യാർ ചെയ്തു. തോൽപ്പാത്രത്തിൽ അവശ്യ ഭക്ഷണവും സുപ്രയും റെഡിയാക്കി വച്ചു. ഉപ്പയുടെ കൈയിൽ ആകെയുണ്ടായിരുന്ന അയ്യായിരം ദിർഹം ഒരു കീസിൽ കരുതി. അത് നിർദേശ പ്രകാരം എത്തിച്ചു നൽകാൻ അബ്ദുല്ലാഹിയെ ഏൽപ്പിച്ചു.

നബിﷺ വീട്ടിലേക്ക് പോയി. വീട് വളയുമെന്നും ഉണർന്നെഴുന്നേറ്റാൽ ചാടിവീണ് അക്രമിക്കാനാണ് പദ്ധതിയെന്നും നബി ﷺ ക്കറിയാം. നബി ﷺ യുടെ വിരിപ്പിൽ കിടക്കാൻ അലി (റ) യെ ഏൽപ്പിച്ചു. തങ്ങൾ മക്കയിൽ നിന്ന് പോയാലും അലി (റ) കുറച്ച് ദിവസം മക്കയിൽത്തന്നെ തങ്ങണമെന്നും നബി ﷺ യുടെ കൈയിൽ ജനങ്ങൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന സ്വത്തുകൾ ഉടമസ്ഥർക്ക് തിരിച്ചേൽപ്പിക്കാനും അലി (റ)യെ ചുമതലപ്പെടുത്തി. ഹളർമൗതിൽ നിർമിതമായ തങ്ങളുടെ പുതപ്പ് പുതച്ച് അലി (റ) നബി ﷺ യുടെ കിടക്കയിൽക്കിടന്നു. രാത്രിയിൽ ശത്രുക്കൾ വീട് വളഞ്ഞു. അവർ പാളി നോക്കിയപ്പോൾ നബി ﷺ യുടെ കിടക്കയിൽ ആളുണ്ട്. അവർ ഇടയ്ക്കിടെ നോക്കി അതുറപ്പിച്ചു കൊണ്ടിരുന്നു. അർധരാത്രിയായി. നബി ﷺ വീടിന്റെ വാതിൽ മെല്ലെത്തുറന്നു. ഒരു പിടിമണൽ വാരി അതിൽ ഖുർആനിലെ സൂക്തങ്ങൾ മന്ത്രിച്ചു. യാസീൻ അധ്യായത്തിലെ ഒന്നു മുതൽ ഒൻപത് വരെ സൂക്തങ്ങളായിരുന്നു അത്. ശേഷം, ആ പിടി മണൽ വാരിവിതറി. വീടു വളഞ്ഞ് നിന്ന ഓരോരുത്തരുടേയും തലയിൽ അത് പതിച്ചു. അവർ സുഖ സുഷുപ്തിയിലായി. നബി ﷺ സുഗമമായി നടന്ന് പുറത്തേക്ക് വന്നു. നേരെ സിദ്ദീഖി (റ)ൻ്റെ വീട്ടിലേക്ക് നടന്നു. അത്യാവശ്യ സാധനങ്ങളും എടുത്ത് നബിﷺ യും സിദ്ദീഖും (റ) വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി. സൗർ ഗുഹയിലേക്ക് നീങ്ങി. മക്കയുടെ തെക്കു ഭാഗത്ത് കഅ്ബയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ പർവത ശിഖിരത്തിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോകേണ്ടത് വടക്കുഭാഗത്താണ്. എന്നാൽ ശത്രുവിന്റെ അന്വേഷണം ആദ്യം ആ ദിശയിലായിരിക്കുമെന്ന് മനസ്സിലാക്കിയാണ് നേരെ എതിർ ദിശയിൽ സഞ്ചരിച്ചത്. ഇത് ഖുറൈശികൾ ആലോചിച്ചതിനുമപ്പുറമായിരുന്നു.

രാത്രിയുടെ അവസാന നിമിഷങ്ങളിൽ നബിﷺ യും സിദ്ദീഖും (റ) നടന്നു നീങ്ങി. സിദ്ദീഖ് (റ) വളരെ കരുതലോടെയാണ് സഞ്ചരിച്ചിരുന്നത്. ചിലപ്പോൾ മുന്നിൽ നടക്കും. പിന്നീട് പിറകിലേക്ക് നീങ്ങും. ഇടയ്ക്ക് ഇടത്തും വലത്തും മാറിമാറി സഞ്ചരിക്കും. നബിﷺ ചോദിച്ചു. ഇതെന്തേയിങ്ങനെ? അവിടുന്ന് പറഞ്ഞു; “വഴിയിൽ വല്ല അപകടവും പതിയിരിക്കുന്നുണ്ടോ എന്നറിയാനാണ് മുന്നേ പോയി നോക്കുന്നത്. ആരെങ്കിലും നമ്മെ പിൻതുടരുന്നുണ്ടോ എന്നറിയാനാണ് ഇടയ്ക്കിടെ പിന്നിലേക്ക് പോയി നോക്കുന്നത്. അംഗരക്ഷകന്റെ ദൗത്യം നിർവഹിക്കാനാണ് ഇടത്തും വലത്തും മാറി മാറി സഞ്ചരിക്കുന്നത് “.

നബിﷺ വീട് വിട്ട് കഴിഞ്ഞപ്പോൾ വീടുവളഞ്ഞ യുവാക്കൾക്കിടയിലേക്ക് ഒരാൾ പ്രത്യക്ഷപ്പെട്ടു. അയാൾ ചോദിച്ചു. “നിങ്ങളെല്ലാവരും ഇവിടെ ആരെയാണ് കാത്ത് നിൽക്കുന്നത്?”
“അത് മുഹമ്മദി ﷺ നെ “.
“ശരി, നിങ്ങളുടെ എല്ലാവരുടെയും തലയിൽ മണ്ണ് വിതറി മുഹമ്മദ് ﷺ പോകേണ്ടിടത്ത് പോയിരിക്കുന്നു “.
അവർ തലയിൽത്തപ്പിനോക്കി. അതെ, എല്ലാവരുടെയും തലയിൽ മണൽത്തരികളുണ്ട്. അവർ ഒന്നദ്ഭുതപ്പെട്ടു. ഉടനെ അവർ വീടിനുളളിലേക്ക് പാളിനോക്കി. അതാ വിരിപ്പിൽ നിന്ന് ആള് എഴുന്നേറ്റിട്ടില്ല. അവർ ആശ്വസിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-141/365

നേരം വെളുക്കാനായി. അവർ ആവേശത്തോടെ നോക്കി. ദൗത്യം നിർവഹിക്കാനുള്ള സമയം അടുത്തു എന്നവർ ഓരോരുത്തരും ഉള്ളിൽപ്പറഞ്ഞു. അപ്പോഴതാ പുതപ്പ് മാറ്റി ഉറങ്ങുന്നയാൾ പുറത്തേക്കു വരുന്നു. അവർ സൂക്ഷിച്ചു നോക്കി. അഹോ! കഷ്ടം! അത് അലി (റ)യാണല്ലോ? അലി (റ) അംഗസ്നാനത്തിനുള്ള വെള്ളമെടുത്തു പുറത്തു വന്നു. വീടുവളഞ്ഞവർ അമ്പരന്നു. കൂട്ടത്തിൽ ചിലർ പറഞ്ഞു, ആ ആഗതൻ പറഞ്ഞത് ശരിയായിരുന്നു. മുഹമ്മദ് നബി ﷺ കടന്നു പോയിരിക്കുന്നു. അലി (റ)യോടവർ ചോദിച്ചു. “ഇതെന്ത്! നീ ആൾമാറാട്ടം നടത്തുന്നുവോ ? നിൻ്റെ നേതാവിനിങ്ങനെയുള്ള ആൾമാറാട്ടം ഒന്നുമില്ലല്ലോ?

ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത് നിർവഹിച്ചതിന്റെ ആനന്ദത്തിൽ പിൽക്കാലത്ത് അലി (റ) ഇങ്ങനെ പാടി. “വഖയ്തു ബി നഫ്സീ ഖൈറ മൻ വത്വിഅസ്സറാ…..”
“ജീവൻ സമർപ്പിച്ചു കാത്തു ഞാൻ തിരുനബിയെ.
ഭൂവിൽ നടന്നവരിൽ ശ്രേഷ്ഠരാം ദൂതരെ.
കഅ്ബയെച്ചുറ്റിയ വിശുദ്ധരിൽ ശുദ്ധരാം,
ഹിജ്റിൽ നടന്ന മഹോന്നതരിലുന്നതർ.
വഞ്ചകർ പാർത്തു വളഞ്ഞു വധിക്കുവാൻ,
അവരുടെ ചതികളെത്തോൽപ്പിച്ചു അഹദവൻ
ഗുഹയിൽക്കഴിഞ്ഞു, നബി അല്ലാവിൻ കാവലിൽ
അവനേകും രക്ഷയിൽ ഭയമേതുമില്ലാതെ..”

ഖുറൈശികളുടെ ചതിപ്രയോഗം നടക്കാത്തതിൽ അവർ സ്വയം ചതിക്കപ്പെട്ടത് പോലെയായി. ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ട് ഖുർആനിലെ സൂറതുൽ ‘അൻഫാൽ ‘ മുപ്പതാം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം : “തങ്ങളെ നാടുകടത്തുകയോ തടവിലാക്കുകയോ വധിച്ചുകളയുകയോ ചെയ്യുന്നതിന് വേണ്ടി സത്യവിരോധികൾ കുതന്ത്രങ്ങൾ ആവിഷ്ക്കരിച്ച സദർഭം. അവർ സ്വന്തം തന്ത്രം രൂപപ്പെടുത്തുന്ന നേരത്ത് അല്ലാഹു അവന്റെ തന്ത്രങ്ങൾ പ്രയോഗിച്ചു. തന്ത്രങ്ങൾ പ്രയോഗിക്കുന്നവരിൽ ഏറ്റവും സമർഥൻ അല്ലാഹു തന്നെ”

പരിഭ്രാന്തരായ ഖുറൈശികൾ നബി ﷺ യെ പിന്തുടരാനുള്ള ഏത് മാർഗവും സ്വീകരിക്കാമെന്നായി. അവർ നാലുപാടും അന്വേഷിച്ചിറങ്ങി.

നബി ﷺ യും സിദ്ദീഖും (റ) സൗർ ഗുഹയുടെ അടുത്തെത്തി. സിദ്ദീഖ് (റ) പറഞ്ഞു. പ്രവാചകരെ ﷺ അൽപ്പനേരം അവിടുന്ന് പുറത്ത് നിൽക്കാമോ?ഞാനാദ്യം ഗുഹയുടെ അകത്ത് കടക്കാം. എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അത് ഞാൻ ഏറ്റുവാങ്ങാം. മുത്ത് നബി ﷺ യുടെ ഉത്തരം കാത്ത് നിൽക്കുന്നതിന് മുൻപ് സിദ്ദീഖ് (റ) ഗുഹയുടയുള്ളിൽ പ്രവേശിച്ചു. അകത്തളം നന്നായി പരിശോധിച്ചു. ശ്രദ്ധയിൽപ്പെട്ട ചെറിയ ചെറിയ ദ്വാരങ്ങളെല്ലാം ഉടുമുണ്ടിന്റെ അഗ്രം കീറിക്കീറിയെടുത്തു, ആ തുണിക്കഷണങ്ങൾക്കൊണ്ടടച്ചു. ശേഷിച്ച ഒരു പൊത്ത് സ്വന്തം കാല് കൊണ്ട് അമർത്തിയടച്ച് മുത്ത് നബി ﷺ ക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കി. ഗുഹാരത്തിലേക്ക് നബി ﷺ യെ സ്വാഗതം ചെയ്തു. തങ്ങൾ അകത്തേക്ക് കടന്നു. സിദ്ദീഖി (റ)ന്റെ മടിത്തട്ടിൽ അവിടുത്തെ ശിരസ്സുവച്ചു കിടന്നു. അങ്ങനെ ‘സിദ്ഖ്’ അഥവാ സത്യസന്ധതയുടെ പ്രതീകമായ പ്രവാചകനും ﷺ വിശ്വാസത്തിൻ്റെ നേർസാക്ഷിയായ ‘സിദ്ദീഖും(റ)’ സൗർ ഗുഹയിൽ വിശ്രമിച്ചുകൊണ്ടു നന്നു.

ഇബ്നു അബീശൈബയുടെ നിവേദനത്തിൽ ഇങ്ങനെയും കൂടിയുണ്ട്. ആദ്യം ഗുഹയിൽ കടന്ന സിദ്ദീഖി (റ)ൻ്റെ കൈയിൽ എന്തോ ഒന്നു തടഞ്ഞു. കൈയിൽ മുറിവുപറ്റി രക്തമൊലിക്കാൻ തുടങ്ങി. അവിടുന്നത് കാര്യമാക്കിയില്ല. കൈയിൽ നോക്കി ഇങ്ങനെ പാടിയത്രെ. “ഹൽ അൻതി ഇല്ലാ ഇസ്‌ബഉൻ ദമീതി…”

മുത്ത് നബി ﷺ യെ മടിത്തട്ടിൽക്കിടത്തി. അവിടുന്ന് മയങ്ങുന്നു എന്ന് ബോധ്യമായതിൽ സിദ്ദീഖി (റ)ന് ആശ്വാസമായി. അധികം വൈകിയില്ല പൊത്തിൽ അമർത്തിയടച്ച കാലിൽ എന്തോ കൊത്തുന്നു. സിദ്ദീഖ് (റ) കാലനക്കിയില്ല. എന്തെങ്കിലും ജീവി പുറത്തേക്ക് വന്നാൽ മുത്ത് നബി ﷺ ക്ക് പ്രയാസമാകുമോ? കാലിളകിയാൽ അവിടുത്തെ ഉറക്കിന് ഭംഗം വരുമോ? ഈ ആലോചനകൾ സിദ്ദീഖി (റ)നെ അലട്ടി. പക്ഷേ, കാലിലെ അതികഠിനമായ വേദന കിടിച്ചിറക്കുന്നതിടയിൽ സിദ്ദീഖി (റ)ൻ്റെ കണ്ണുനിറഞ്ഞു. അറിയാതെ കണ്ണുനീർ അടർന്ന് താഴേക്ക് വീണു…..

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم

Mahabba Campaign Part-142/365

ഉണർന്നെഴുന്നേറ്റ മുത്ത് നബി ﷺ അബൂബക്കറി(റ)നോട് കാര്യമന്വേഷിച്ചു. പെരുവിരൽ അമർത്തിയടച്ച പൊത്തിനുള്ളിൽ നിന്ന് കൊത്ത് കൊള്ളുന്ന വിഷയം സിദ്ദീഖ്(റ) പറഞ്ഞു. കാലുയർത്തിയപ്പോൾ മാളത്തിൽ പാർത്തിരുന്ന പാമ്പായിരുന്നു കൊത്തിയത് എന്ന് മനസ്സിലായി. പ്രാണൻ പണയപ്പെടുത്തി കാത്തിരുന്ന കൂട്ടുകാരനെ മുത്ത് നബി ﷺ ആശ്വസിപ്പിച്ചു. അവിടുത്തെ തുപ്പുനീർ മുറിവിൽ പുരട്ടിക്കൊടുത്തു. സിദ്ദീഖി(റ)നാശ്വാസമായി. അദ്ദേഹത്തിന്റെ ഉടുവസ്ത്രത്തിന്റെ താഴ്ഭാഗം കീറിയത് ശ്രദ്ധയിൽ പെട്ട തിരുനബി ﷺ കാര്യം അന്വേഷിച്ചറിഞ്ഞു. ഗുഹാന്തരത്തിലെ മാളങ്ങൾ അടക്കാൻ കീറിയെടുത്തതാണെന്നറിഞ്ഞതിൽ പിന്നെ ആത്മമിത്രത്തിന് വേണ്ടി ഇരുകരങ്ങളുയർത്തി പ്രാർത്ഥിച്ചു. അല്ലാഹുവേ സ്വർഗ്ഗത്തിൽ എനിക്കു നൽകുന്ന അതേ പദവി എന്റെ സിദ്ദീഖി(റ)നും നൽകേണമേ.

സിദ്ദീഖി(റ)ന്റെ വീട്ടിൽ അബ്ദുല്ലയും അസ്മാഉം ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിച്ചു. അബ്ദുല്ല വിവരങ്ങൾ ശേഖരിച്ച് ഗുഹയിലേക്കെത്തി. നേരം വെളുക്കും മുമ്പ് വീണ്ടും മലയിറങ്ങി മക്കയിലേക്കും. പുതിയ നീക്കങ്ങൾ നിരീക്ഷിക്കും. ആമിർബിൻ ഫുഹൈറ ആട് മേയ്ച്ച് ഗുഹാമുഖത്തെത്തും പാൽ കറന്ന് ചുടുകല്ലിട്ട് ചൂടാക്കി പാൽകുടിച്ച് പശിയടക്കും.

മുത്തുനബി ﷺ യും സിദ്ദീഖും(റ) പുറപ്പെട്ടതറിഞ്ഞ സിദ്ദീഖി(റ)ന്റെ പിതാവ് മക്കളോട് ചോദിച്ചു അന്നദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. അബൂബക്കർ(റ) എല്ലാ സ്വത്തും എടുത്തിട്ടാണോ പോയത്? ബുദ്ധിമതിയായ അസ്മാഅ. പിതാമഹനോട് പറഞ്ഞു. ഇല്ല, നമുക്കാവശ്യമായ സംഖ്യ ഇവിടെ വച്ചിട്ടാണ് പോയത്. തുടർന്ന് സാധാരണ സിദ്ദീഖ്(റ) പണം വെക്കുന്ന പൊത്തിൽ ചരൽ കല്ല് പൊതിഞ്ഞ തുണിപ്പുറത്ത് കാഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ കൈകൊണ്ട് തപ്പിനോക്കിച്ചു സമാധാനിപ്പിച്ചു. യഥാർത്ഥത്തിൽ സിദ്ദീഖ്(റ) ഒരു സ്വത്തും വീട്ടിൽ കരുതിവച്ചിരുന്നില്ല. വൈകുന്നേരമായപ്പോൾ ഭക്ഷണം തയ്യാർ ചെയ്തു. അത് കെട്ടി കൊണ്ടു പോകാൻ ഒന്നും കാണാത്തതിനാൽ അവളുടെ സ്വന്തം ചേലയഴിച്ച് രണ്ട് കഷ്ണമാക്കി പട്ടകയൊരുക്കി, അത് കൊണ്ട് കെട്ടി. അതീവ രഹസ്യമായി സൗർ ഗുഹയിലേക്ക് നടന്നു. നടന്നു പോകുന്ന കാൽപാടുകൾ മറ്റാരും പിൻതുടരാതിരിക്കാൻ തിരിഞ്ഞു നിന്ന് ഇടക്കിടെ കാൽപാടുകൾ മായ്ച്ച് കളഞ്ഞു. ഗുഹാമുഖത്ത് ഭക്ഷണവുമായി നിൽക്കുന്ന സിദീഖി(റ)ന്റെ പുത്രി അസ്മാഇനെ നബി ﷺ ആശീർവദിച്ചു. കീറിയ അവളുടെ അരപ്പട്ടകണ്ടപ്പോൾ ‘ദാതുന്നിതാഖൈൻ’ അഥവാ ഇരട്ടപ്പട്ടക്കാരി എന്ന് വിളിച്ച് അനുഗ്രഹിച്ചു.

ഖുറൈശികൾ പ്രവാചകനെ ﷺ ത്തേടി നാലുപാടും പരക്കം പാഞ്ഞു. അവസാനം അവർ ഈ ഗുഹയുടെ അടുത്തെത്തി. നോക്കിയാൽ കാണുന്ന ദൂരം. സൂക്ഷ്മമായി നോക്കിയാൽ അകത്താളുള്ളത് കണ്ടെത്താൻ പ്രയാസമില്ല. അന്നേരം നിസ്സാരമായ രണ്ട് കവചങ്ങൾ കൊണ്ട് അല്ലാഹു അവരുടെ ശ്രദ്ധതിരിച്ചു. ഒന്ന്, ഗുഹാമുഖത്ത് ചിലന്തിയൊരു വലയൊരുക്കി. രണ്ട്, അതിനടുത്ത് തന്നെ രണ്ട് കാട്ട് പ്രാവുകൾ മുട്ടയിട്ട് അടയിരുന്നു. അപ്പോൾ അവിടെയൊരു ചെടി മുളച്ച് ഇലവിടർത്തിയതായും ഒരു നിവേദനത്തിൽ വായിക്കാം. ഖുറൈശീയുവാക്കളിൽ ചിലർ നാൽപത് മീറ്റർ അകലെയെത്തി. ഗുഹാമുഖത്തേക്ക് നോക്കി. ചിലന്തിവലയും പ്രാവുകളെയും കണ്ട അവർ താഴ്’വാരത്ത് ചെന്ന് കൂട്ടുകാരോട് പറഞ്ഞു. അവിടെ ആരും ഇല്ല. ഒരു സാധ്യതയും കാണുന്നുമില്ല.

ഗുഹാമുഖത്ത് നിന്ന് നിരീക്ഷിക്കുന്ന സമയത്ത് നബി ﷺ നിസ്കാരത്തിലായിരുന്നു. സിദ്ദീഖ്(റ) നെഞ്ചിടിപ്പോടെ കണ്ണുനട്ടിരുന്നു. എന്താണ് സംഭവിക്കുക എന്നറിയാതെ ഉള്ളു പിടഞ്ഞു. മുത്ത് നബി ﷺ ശാന്തമായി നിസ്കാരത്തിൽ തന്നെ തുടർന്നു. അതിനിടയിൽ ഉമയ്യത്ത് ബിൻ ഖലഫ് ഗുഹയുടെ മുകളിലെത്തി. താഴേക്ക് നോക്കിയാൽ അകത്തിരിക്കുന്നവരെ കാണാവുന്ന വിധത്തിലാണ് നിൽപ്പ്. സിദ്ദീഖി(റ)ന്റെ നെഞ്ച് കത്തി. എന്റെ മുത്ത് നബി ﷺ യെ എന്ന ചിന്തയാണ് സിദ്ദീഖി(റ)നെ അലട്ടിയത്. ഉടനെ നബി ﷺ ആശ്വസിപ്പിച്ചു. അല്ല സിദ്ദീഖേ(റ) അല്ലാഹുവിന്റെ സംരക്ഷണത്തിലുള്ള രണ്ടു പേരെ കുറിച്ച് എന്താണ് നിങ്ങളുടെ ഭാവം. മൂന്നാമനായി അല്ലാഹുവുള്ള രണ്ട് പേർ. ഉടനേ സ്വിദ്ദീഖ്(റ) പറഞ്ഞു. ഞാൻ എന്റെ സുരക്ഷയോർത്തല്ല അവിടുത്തെയോർത്താണ് ഭയപ്പെടുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-143/365

സിദ്ദീഖ് (റ) പറഞ്ഞു; “നബിയേ !ﷺ അവർ അവരുടെ കാൽച്ചുവട്ടിലേക്ക് നോക്കിയാൽ നമ്മളെക്കാണുമല്ലോ? അതാനിൽക്കുന്നു അവർ !”
“പേടിക്കേണ്ട കൂട്ടുകാരാ, അല്ലാഹു നമ്മോടൊപ്പമുണ്ട് “. സിദ്ദീഖി (റ)ന് സമാധാനമായി.

ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ അവതരിച്ചു. തൗബ സൂറത്തിലെ നാൽപതാമത്തെ സൂക്തത്തിന്റെ ആശയം ഇപ്രകാരം വായിക്കാം:

“ദൈവ നിഷേധികൾ അവിടുത്തെ നാടുകടത്തിയപ്പോൾ ഗുഹാന്തരത്തിൽ രണ്ടിൽ ഒരാളായി പ്രവാചകനിരിക്കുന്ന സമയം ആരും ആ പ്രവാചകനെ സഹായിച്ചില്ലെങ്കിലും അല്ലാഹു സഹായിച്ചിട്ടുണ്ടല്ലോ? നബിയും സഹചാരിയും മാത്രമേ അപ്പോൾ ഗുഹാന്തരത്തിലുണ്ടായിരുന്നുള്ളൂ. രണ്ടാമനോട് പ്രവാചകൻ പറഞ്ഞു. ‘അല്ലാഹു നമ്മോടൊപ്പമുണ്ട് നിങ്ങൾ ഭയപ്പെടേണ്ടതില്ല.’ അല്ലാഹു പ്രവാചകരുടെ മനസ്സിൽ സമാധാനം നൽകി. നിങ്ങൾക്ക് കാണാൻ കഴിയാത്ത സൈന്യത്തെക്കൊണ്ട് അല്ലാഹു അവിടുത്തേക്ക് ശക്തി നൽകി. അല്ലാഹുവിന്റെ വചനങ്ങൾ ഉന്നതിയിലെത്തുകയും നിഷേധികളുടേത് പൊയ്‌വാക്കാവുകയും ചെയ്തു. അല്ലാഹു പ്രതാപവാനും ബുദ്ധിമാനുമാണ്.”

ഉത്ബ അവിടെയിരുന്നു. മൂത്രമൊഴിച്ചു. ഗുഹയിൽ ഇരിക്കുന്നവരുടെ മുമ്പിൽ അത് വന്ന് തളം കെട്ടുന്നുണ്ടായിരുന്നു. മഖാമു ഇബ്റാഹീമിലെ ഇബ്റാഹീം നബി (അ)യുടെ കാൽപ്പാടിനോട് സാദൃശ്യമുണ്ടായിരുന്നുവത്രെ നബി ﷺ യുടെ കാൽപ്പാദങ്ങൾക്ക്. ഖുറൈശികൾ കാൽപ്പാട് പിൻതുടർന്നാണ് ഗുഹാമുഖത്തെത്തിയത്. അവിടെയെത്തിയപ്പോൾ അവർ പരിഭ്രമിച്ചു. അവർ സ്വയം ചോദിച്ചു. : “ഇവിടെ നിന്ന് എങ്ങോട്ടാണ് പോയത്? വലത്തോട്ടോ? ഇടത്തോട്ടോ?” അവസാനം ഉമയ്യത് ബിൻ ഖലഫ് ചോദിച്ചു; “ഈ ഗുഹയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?”
” ഓ , മുഹമ്മദ് ﷺ ജനിക്കുന്നതിന് മുമ്പുള്ള ഒരു ചിലന്തിയാണ് അവിടെ വല കെട്ടിയിട്ടുള്ളത്. പിന്നെന്ത് നോക്കാനാ!” അവർ തിരിച്ചു നടന്നു. ഇമാം അബൂനു ഐമി (റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കാണാം : “സിദ്ദീഖ് (റ) പറഞ്ഞതായി മകൾ അസ്മാ പറഞ്ഞു. ഒരാൾ ഗുഹയ്ക്ക് നേരെ അഭിമുഖമായി വന്നു. അപ്പോൾ ഞാൻ പറഞ്ഞു. ‘പ്രിയപ്പെട്ട റസൂലേ, അവർ നമ്മളെക്കണ്ടല്ലോ?’
‘ഏയ് വിഷമിക്കേണ്ട! മലക്കുകൾ ചിറകുകൾ കൊണ്ട് അയാളെ മറച്ചു കൊള്ളും ‘.
അധികം വൈകിയില്ല. ഞങ്ങളുടെ ഗുഹയ്ക്ക് അഭിമുഖമായി അയാൾ മൂത്രിക്കാനിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു. നമ്മെ അയാൾ കണ്ടിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല “.

ഈ ഗുഹാവാസത്തെ ഇമാം ബൂസീരീ പകർത്തിയതിങ്ങനെയാണ്.
“നന്മയും മേന്മയും ഗുഹയിൽ വസിച്ചപ്പോൾ
അന്ധരായ് മുന്നിൽ വലഞ്ഞു പോയ് വൈരികൾ
‘സിദ്ഖും’ സിദ്ദീഖുമാ ഗുഹയിലുണ്ടെങ്കിലും
അവരോ പറഞ്ഞതിൽ ആരോരുമില്ലെന്ന്
ആളുണ്ടേലെങ്ങനെ ഗുഹാ മുഖത്തുണ്ടാകും
അടയിരിക്കും പ്രാവുമെട്ടുകാലിക്കൂടും
അല്ലാവിൻ കാവൽ ലഭിച്ചതിൽ പിന്നെയീ
പടയങ്കിയെന്തിന് കോട്ടയുമെന്തിന്?”

സമുദ്രനിരപ്പിൽ നിന്ന് എഴുനൂറ്റി നാൽപ്പത്തിയെട്ട് മീറ്റർ ഉയരത്തിലുള്ള സൗർ ഗുഹയിലെ താമസം രണ്ട് ദിവസം പിന്നിട്ടു. ഇനിയിവിടെ നിന്ന് മദീനയിലേക്ക് തിരിക്കാൻ സമയമായി. യാത്രയ്ക്കും കൃത്യമായ ചില നിർണയങ്ങൾ വേണം. മക്കയിൽ നിന്ന് മദീനയിലേക്കുള്ള വ്യത്യസ്ത വഴികൾ അറിയുന്ന ഒരു വഴികാട്ടിയെ ആവശ്യമുണ്ട്. അങ്ങനെ ബനൂദൈൽ ഗോത്രക്കാരനായ അബ്ദുല്ലാഹിബിനു ഉറൈഖതിനെ കൂലിക്ക് വിളിച്ചു. ഇതര മതവിശ്വാസിയായിരുന്നെങ്കിലും വിശ്വസ്തനും വിദഗ്ധനായ വഴികാട്ടി ആസ്ബിൻ വാഇൽ അസ്സഹ്‌മിയുമായി കരാറിൽ കഴിഞ്ഞിരുന്ന ആളുമായിരുന്നു അദ്ദേഹം. നേരത്തെ രണ്ട് ഒട്ടകങ്ങളെ ഏൽപ്പിച്ച് ചുമതലപ്പെടുത്തിയ പ്രകാരം മൂന്നാം ദിവസം അയാൾ ഗുഹാമുഖത്തെത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-144/365

നബിﷺയുടെ സഞ്ചാരഗതിയെ ഒന്നു കൂടി സംഗ്രഹിക്കാം. നബി ﷺയും ഖദീജ ബീവി(റ)യും താമസിച്ചിരുന്ന മക്കയിലെ ഭവനത്തിൽ നിന്ന് ഹിജ്റ ഒന്നാം വർഷം സഫർ ഇരുപത്തിയാറ് വെള്ളിയാഴ്ച രാത്രി മുത്ത് നബി ﷺ പുറപ്പെട്ടു. ക്രിസ്താബ്ദം ഏകദേശം അറുനൂറ്റി ഇരുപത്തിരണ്ട് സെപ്തംബർ എട്ട്. നേരെ മക്കയിലെ ഹസ്’വിറ മാർക്കറ്റിൽ എത്തി. നബിﷺ യുടെ പിതൃസഹോദരൻ അബൂത്വാലിബിന്റെ മകൾ ഉമ്മുഹാനിഇന്റെ വീട്ടുമുറ്റത്തായിരുന്നു അത്. ഇന്നത്തെ മസ്ജിദുൽ ഹറാമിന്റെ അബ്ദുൽ അസീസ് കവാടത്തോട് ചേർന്നുള്ള ബാബുൽ വിദാഇൻ്റെ സ്ഥാനത്താണ് ഈ സ്ഥലം. അവിടുന്ന് നേരെ അബൂബക്കർ സിദ്ദീഖ് (റ) വിൻ്റെ വീട്ടിലേക്ക് നടന്നു. പ്രസ്തുത ഭവനം പിൽക്കാലത്ത് മസ്ജിദ് അബൂബക്കർ എന്ന പേരിൽ പള്ളിയായി നിർമിച്ചു. കാലാന്തരത്തിൽ അത് പൊളിച്ചുമാറ്റി. ഇന്ന് ‘അബ്‌റാജ് മക്ക’ അഥവാ മക്കാ ടവർ നിലകൊള്ളുന്ന സ്ഥലമാണിത്. അവിടെ നിന്ന് സാധാരണയിൽ കുദായ് കുന്നു വഴി വടക്കോട്ടാണ് മദീനയിലേക്ക് തിരിയേണ്ടത്. പക്ഷേ, നബിﷺയും സിദ്ദീഖും(റ) തെക്കോട്ട് അയ്യായിരത്തി അഞ്ഞൂർ മീറ്റർ നടന്ന് സൗർ മലയുടെ അടുത്തെത്തി. തുടർന്ന് ഗുഹയിൽ കയറി താമസിച്ച് മൂന്നാമത്തെ ദിവസമായി. ഇബ്നു ഉറൈഖിത് വാഹനങ്ങളുമായി എത്തി.

സഫർ ഇരുപത്തി ഒൻപത് സെപ്തംബർ പതിനൊന്ന് ഞായറാഴ്ച രാത്രി സൗറിൽ നിന്ന് യാത്ര തുടർന്നു. മുത്ത് നബിﷺയും സിദ്ദീഖും(റ) ആമിർബിൻ ഫുഹൈറയും വഴികാട്ടിയും സാധാരണയിൽ യാത്രക്കാർ പോകാത്ത വഴിതേടി ചെങ്കടലിന്റെ ഭാഗത്തേക്ക് നീങ്ങി. നബി ﷺ പ്രത്യേക പ്രാർത്ഥനകൾ നിർവഹിച്ചു. പ്രാർത്ഥനാ വാചകങ്ങളുടെ ആശയം ഇങ്ങനെ മനസ്സിലാക്കാം.

“ശൂന്യതയിൽ നിന്ന് എന്നെ സൃഷ്ടിച്ച അല്ലാഹുവേ നിനക്കാണ് സർവ സ്തുതിയും. എന്റെ യാത്രയിൽ നീ കൂട്ടാവുകയും കുടുംബത്തിന് നീ തുണയാവുകയും ചെയ്യേണമേ! രാപകലുകളുടെ വിപത്തിൽ നിന്നും ഈ ഭൗതിക ലോകത്തിന്റെയും കാലത്തിന്റെയും കെടുതികളിൽ നിന്നും നീ സംരക്ഷിക്കേണമേ! എന്നെ നീ നിന്നോട് വിനയമുള്ള ദാസനാക്കുകയും നീ നൽകിയ വിഭവങ്ങളിൽ നീ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ! സജ്ജനങ്ങളോട് എന്നെ കൂട്ടിത്തരികയും നിന്നോട് എനിക്ക് പ്രിയം വർദ്ധിപ്പിക്കുകയും ചെയ്യേണമേ! നീ എന്റെയും എല്ലാ ദുർബലരുടേയും പരിപാലകനാണല്ലോ! നിൻ്റെ കോപവും അനിഷ്ടവും വന്നുഭവിക്കാതിരിക്കാൻ നിന്റെ സത്തയെത്തന്നെ മുൻനിർത്തി ഞാൻ കാവൽ തേടുന്നു. നിൻ്റെ നിശ്ചയപ്രകാരമാണല്ലോ ആകാശഭൂമികൾ ഉദയം ചെയ്തത്, ഇരുൾ വെളിച്ചമായി മാറിയത്, കഴിഞ്ഞവരും വരാനുള്ളവരുമായ മുഴുവൻ ആളുകളുടെയും കാര്യങ്ങൾ ചൊവ്വാകുന്നത്. അല്ലാഹുവേ നീ തന്ന അനുഗ്രഹങ്ങളും ക്ഷേമവും നീങ്ങിപ്പോകാതിരിക്കാൻ നിന്നോട് തന്നെ ഞാൻ കാവൽതേടുന്നു. വിപത്തുകൾ വന്നുഭവിക്കാതിരിക്കാനും നിന്റെ കോപത്തിന് പാത്രമാകാതിരിക്കാനും. എല്ലാ നീക്കു പോക്കുകളും നിന്നിൽ നിന്ന് മാത്രമാണ്”.

മക്കയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ബുശൈമാത്ത് പർവ്വത നിരകൾ വാഹനത്തിന്റെ വലതു ഭാഗത്താണുള്ളത്. ‘വാദീ ഇബ്രാഹീം’ എന്നറിയപ്പെടുന്ന മക്കാ താഴ്’വര കഴിയുന്നത് വരെ ഇപ്രകാരം യാത്ര തുടർന്നു. ‘വാദീ ഉർന’ എന്ന താഴ്‌വര എത്തിയപ്പോൾ വാഹനം വടക്കോട്ട് തിരിഞ്ഞു. വാഹനം മുന്നോട്ട് നീങ്ങി. ഇപ്പോൾ വടക്കു ഭാഗത്ത് ഉമ്മുൽ ഹുശൈമിന്റെ തോട്ടമുണ്ട്. ഇത് ഖുസാഅ ഗോത്രക്കാർ താമസിക്കുന്ന സ്ഥലമാണ്. അവിടെ നിന്ന് ‘മർ അളളഹിറാൻ’ എത്തുന്നതിന് മുമ്പ് ദർബിൽ ഹബ്ബിൽ എത്തി. ഹിജ്റയുടെ ആറാം വർഷം ഇവിടെ വച്ചാണ് ഹുദൈബിയ്യ സന്ധി നടന്നത്. ചരിത്രത്തിൽ ഇങ്ങനെയാണ് അറിയപ്പെടുന്നത്. ഇപ്പോൾ ശുമൈസി എന്നറിയപ്പെടുന്ന പ്രദേശത്തോട് ചേർന്ന സ്ഥലമാണിത്. ഈ പ്രദേശത്തിനടുത്താണ് പിൽക്കാലത്ത് ഹറമിന്റെ അതിർത്തി നിർണയിക്കുന്ന അടയാളങ്ങൾ സ്ഥാപിച്ചത്.

തുടർന്ന് മർറുള്ളഹറാനിൽ നിന്ന് ‘അൽ മുറാർ’ ഭാഗത്തേക്ക് നീങ്ങി. മുകസ്സിർ, ദഫ് എന്നീ പർവ്വതങ്ങൾക്കിടയിലൂടെയായിരുന്നു കടന്നുപോയത്. അൽമുറാർ കുന്നിൻ പ്രദേശത്തെ പിൽക്കാലത്ത് അൽ ഫജ്ജുൽ കരീമി എന്നാണ് അറിയപ്പെട്ടത്. ഹുദൈബിയ വർഷത്തിൽ നബി ﷺ ആയിരത്തിനാനൂറ് അനുയായികളോടൊപ്പം ഉംറ തീർത്ഥാടനം നടത്തിയത് ഇത് വഴിയായിരുന്നു.
സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ട ഒന്നാം ദിവസത്തെ യാത്ര തുടരുകയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-145/365

വാദി മുറാറിൽ നിന്ന് നേരെ ‘ഹർറതു ളജ്നാൻ’ അഥവാ ളജ്നാൻ ലാവാ ട്രാക്കിലൂടെ യാത്ര തുടർന്നു. ളജ്നാൻ മല എന്നും ഇവിടത്തെ കുറിച്ച് പ്രയോഗിക്കാറുണ്ട്. ഇസ്‌റാഇന്റെ രാത്രിയിൽ ഖുറൈശികളുടെ ഒരു യാത്രാ സംഘത്തെ ഇവിടെ വച്ച് കണ്ടുമുട്ടിയെന്നാണ് ഖുറൈശികൾ വിശദീകരണം തേടിയപ്പോൾ നബിﷺ പറഞ്ഞത്. അവിടത്തെ പാനപാത്രത്തിൽ നിന്നാണ് നബിﷺ വെള്ളം കുടിച്ചു എന്ന് പറഞ്ഞത്. സമുദ്രനിരപ്പിൽ നിന്ന് ഇരുന്നൂറ്റി നാൽപത് മീറ്റർ ഉയരമുള്ള ഈ പ്രദേശം മക്കയിൽനിന്ന് ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലാവാട്രാക്കിന്റെ നീളം ഏകദേശം പത്ത് കിലോമീറ്ററാണ്.

തുടർന്ന് അൽ സഗു താഴ്‌വരയിലേക്ക് പ്രവേശിച്ചു. അൽ ഖശ്ശാശ് പർവ്വത നിരകൾക്കയിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇവിടെ നിന്ന് ഒരൽപം പടിഞ്ഞാറ് ഭാഗത്ത് നിരപ്പായ ഒരു സ്ഥലമുണ്ട്. ഇവിടെ ചേർന്നു കിടക്കുന്ന അഗ്നിപർവ്വത പ്രദേശത്ത് വച്ചാണ് ഹിജ്റ ആറിന് ഖാലിദ് ബിൻ വലീദിന്റെ നേതൃത്വത്തിലുള്ള ഇരുനൂറ് അശ്വഭടന്മാർ നബിﷺയെയും അനുയായികളെയും കണ്ട് മുട്ടിയത്. നബി ﷺ യും ആയിരത്തിനാനൂറ് അനുയായികളും ഉംറ ലക്ഷ്യം വച്ചു വരുന്നു എന്നറിഞ്ഞ് മക്കയിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഖാലിദിന്റെ സൈന്യം. തുടർന്നാണ് ഹുദൈബിയയിലെത്തി സന്ധിയിൽ ഏർപ്പെട്ടത്. അവിടുന്നുള്ള മടക്കയാത്രയിൽ വീണ്ടും ഇവിടെയെത്തിയപ്പോഴാണ് ‘സൂറതുൽ ഫത്ഹ്’ അഥവാ വിജയ വാർത്ത അറിയിച്ചുകൊണ്ടുള്ള ഖുർആനിലെ നാൽപത്തിയെട്ടാം അധ്യായം അവതരിക്കുന്നത്.

ബറാഅ് ബിൻ ആസിബി(റ)ന്റെ പിതാവ് അബൂബക്കർ (റ) വിനോട് ചോദിച്ചു. നിങ്ങൾ നബി ﷺ യോടൊപ്പം സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ട ശേഷം എന്താണ് ചെയ്തത്. അവിടുന്ന് പറഞ്ഞു. ഞങ്ങൾ രാത്രിയിൽ പുറപ്പെട്ടു. തുടർന്ന് പകലും യാത്ര തുടർന്നു. നട്ടുച്ച ആയപ്പോൾ പൊട്ടുന്ന വെയിലത്ത് ഞങ്ങൾ ഒരു തണൽ തേടി. ഒടുവിൽ ഒരു പാറയുടെ തണൽ കിട്ടി. ഞാൻ തണലിൽ പ്രവേശിച്ച് തങ്ങൾക്ക് തണൽ ഒരുക്കി. നിലം നിരപ്പാക്കി കൈയിലുള്ളത് വിരിച്ച ശേഷം നബി ﷺ യോട് പറഞ്ഞു അവിടുന്ന് അൽപം വിശ്രമിക്കൂ.. ഞാൻ പരിസരം നിരീക്ഷിച്ചോളാം. ഞാൻ തണലിൽ നിന്നിറങ്ങി പരിസരം നിരീക്ഷിച്ചു. നമ്മളെ അന്വേഷിച്ചിറങ്ങിയ ആരെങ്കിലും നമ്മെ കണ്ടെത്തിയിട്ടുണ്ടോ എന്നായിരുന്നു ആലോചന. അതാ ഒരിടയൻ. ഞങ്ങൾ തണൽ തേടിയ പാറയുടെ തണൽ ലക്ഷ്യംവച്ച് അടുത്തു വന്നു. അയാളോട് ഞാൻ ചോദിച്ചു നിങ്ങൾ എവിടുന്നാണ്? അയാൾ പറഞ്ഞു മക്കയിൽ നിന്ന്. അയാൾ പേര് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. ഞാനയാളോട് ചോദിച്ചു. നിന്റെ ആടിന് പാലുണ്ടോ? അയാൾ പറഞ്ഞു, അതെ. ഞങ്ങൾക്ക് അല്പം പാൽ കറന്നു തരുമോ? അതെ, തരാം. അയാൾ ആടിനെ കെട്ടിയിട്ടു. ഞാൻ പറഞ്ഞു അകിടിൽ നിന്ന് മണ്ണും ചളിയുമൊക്കെ തട്ടി വൃത്തിയാക്കണേ? അയാൾ പാൽ കറന്നു. അയാളുടെ പക്കൽ നിന്ന് പാലും വാങ്ങി ഒപ്പം മുത്ത് നബി ﷺ ക്ക് പാൽ കുടിക്കാനും വുളുവിന് ഉപയോഗിക്കാനും പറ്റുന്ന പാത്രവുമായി ഞാൻ നബി ﷺ യുടെ അടുത്തെത്തി. ആ പാത്രത്തിന്റെ വായയിൽ ഒരു തുണിക്കഷ്ണം വച്ചിട്ടുണ്ട്. അവിടുന്ന് നന്നായി ഉറങ്ങുകയാണ്. ഉണർത്താൻ എനിക്ക് മനസ്സു വന്നില്ല. ഉണരുന്നത് വരെ കാത്ത് നിന്നു. ഉണർന്നപ്പോൾ ഞാൻ പാലും വെള്ളവും സമം ചേർത്തു. എന്നിട്ട് ഞാൻ പറഞ്ഞു. അവിടുന്ന് പാൽ കുടിച്ചാലും. എനിക്ക് തൃപ്തിയാകുന്നത് വരെ അവിടുന്ന് കുടിച്ചു. ശേഷം ചോദിച്ചു. ഇനി യാത്ര തുടരുകയല്ലേ? ഞാൻ പറഞ്ഞു, അതെ! ഞങ്ങൾ യാത്ര തുടർന്നു.

രണ്ടാം ദിവസമായപ്പോഴേക്കും യാത്ര ഉസ്ഫാൻ പട്ടണത്തിലേക്ക് കടന്നു. ഏകദേശം സെപ്തംബർ പതിമൂന്ന് റബീഉൽ അവ്വൽ രണ്ടായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-146/365

തിരക്കുള്ള കച്ചവടയാത്രാമാർഗം ഒഴിവാക്കി യാത്ര തുടരാൻ തീരുമാനിച്ചു. അപ്രകാരം അസ്ഫാൻ പട്ടണം മുറിച്ചു കടന്ന് ഗൗല താഴ്‌വരയിലേക്ക് പ്രവേശിച്ചു. ‘അമജി’ന്റെ പടിഞ്ഞാറ് വശത്ത് കൂടി നഖാറ അഗ്നിപർവ്വത പ്രദേശം വഴി യാത്ര തുടർന്നു. പിന്നീട്, ഉവൈജ താഴ്‌വരയും കടന്ന് ‘ജബൽ അൽ അഖൽ’ അഥവാ അൽ അഖൽ പർവ്വതത്തിനടുത്തെത്തി.

പിൽക്കാലത്ത് വിശുദ്ധ ഖുർആനിലെ നാലാമത്തെ അധ്യായം അന്നിസാഇലെ നൂറ്റിരണ്ടാം സൂക്തം അവതരിച്ചത് ഇവിടെ വച്ചായിരുന്നു. യുദ്ധം പോലെയുള്ള ഭീതിത ഘട്ടങ്ങളിലെ നിസ്കാര നിർവ്വഹണത്തെ കുറിച്ചായിരുന്നു സൂക്തം അവതരിച്ചത്. നിസ്കാരം ‘ഖസ്റ്’ അഥവാ ചുരുക്കി നിർവ്വഹിക്കാനുള്ള ദൂരത്തെ കുറിച്ച് പരാമർശിച്ചപ്പോൾ ഹദീസിൽ പ്രയോഗിച്ച ദൂരം മക്ക മുതൽ ഉസ്ഫാൻ വരെ എന്നായിരുന്നു. പ്രസ്തുത പ്രദേശങ്ങൾക്കിടയിലെ ദൂരം നാൽപത്തിയെട്ട് മൈലാണ്. ഒരു ഹാഷിമി മൈൽ രണ്ടേമുക്കാൽ കിലോമീറ്റർ എന്ന ഗണനപ്രകാരം നൂറ്റിമുപ്പത്തിരണ്ട് കിലോമീറ്റർ വരും.

തുടർന്ന് ഗൗല താഴ്‌വരയും ഗൗലാൻ താഴ്‌വരയും സന്ധിക്കുന്ന സ്ഥലത്തെത്തി. കിഴക്കേ കാരവൻ പാതയോട് ചേർന്നു നിൽക്കുന്ന സ്ഥലമാണിത്. അവിടെ നിന്ന് ‘ഉവൈജ’ താഴ്‌വരയിലേക്ക് കടന്നു. അപ്പോൾ ‘അഖൽ’ പർവ്വതം നബി ﷺ യുടെ ഇടതുഭാഗത്തായിവരും. വീണ്ടും മുന്നോട്ട് ഗമിച്ച് ‘ജുംദാൻ’ പർവ്വതത്തിന് സമാന്തരമായി സഞ്ചരിച്ചു. പിന്നീടൊരിക്കൽ നബി ﷺ ഇതു വഴി കടന്നു വന്നപ്പോൾ ഒപ്പമുള്ള അനുചരന്മാരോട് പറഞ്ഞു. ഇതാണ് ജുംദാൻ നിങ്ങൾ മുന്നോട്ട് സഞ്ചരിച്ചോളൂ. മുഫ്’രിദീങ്ങൾ വിജയിച്ചിരിക്കുന്നു. അബൂഹുറൈറ പറയുന്നു. ഞങ്ങൾ ചോദിച്ചു ആരാണ് മുഫ്’രിദീങ്ങൾ?അവിടുന്ന് പറഞ്ഞു, അല്ലാഹുവിനെ അധികമായി സ്മരിക്കുന്ന സ്ത്രീ പുരുക്ഷന്മാരാണ് മുഫ്’രിദീങ്ങൾ.

തുടർന്ന് അമജ് ഗ്രാമത്തിലേക്ക് പ്രവേശിച്ചു. അവിടുന്ന് പടിഞ്ഞാറ് ഭാഗത്തുള്ള ബക്കാവിയ്യ അഗ്നിപർവ്വത പ്രദേശത്തേക്ക് കടന്നു. അപ്പോഴതാ അവിടെ രണ്ട് കുടിലുകൾ. മുത്ത് നബി ﷺ യും സഹയാത്രികരും കുടിലുകൾക്കടുത്തേക്ക് ചെന്നു. വീട്ടുകാരിയായ ഉമ്മു മഅബദിനോട് ചോദിച്ചു. ഇവിടെ കാരക്കയോ മാംസമോ വല്ലതും വിലക്ക് തരാനുണ്ടോ? അവർ പറഞ്ഞു, ഇവിടെയൊന്നും ഇല്ലല്ലോ! മറുപടി കേട്ടതിൽ ചോദിച്ചവർക്ക് പ്രയാസമായി. അത് മനസ്സിലാക്കിയ ഉമ്മു മഅബദ് പറഞ്ഞു. ഇവിടെയെന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് തരുന്നതിൽ നമുക്ക് സന്തോഷമേ ഉള്ളൂ. പക്ഷേ, ഇല്ലാത്തത് കൊണ്ടാണ്. അപ്പോൾ അവരുടെ കുടിലിൽ നിൽക്കുന്ന ആട് നബി ﷺ യുടെ ശ്രദ്ധയിൽപെട്ടു. ഇത് ആരുടേതാണ്? അവിടുന്ന് ചോദിച്ചു. അവർ പറഞ്ഞു, നമ്മുടെ ആട്ടിൻ പറ്റത്തിൽ നിന്ന് ക്ഷീണിച്ച ആടാണത്. വീട്ടുകാരൻ അബൂ മഅബദ് ആട്ടിൻ പറ്റത്തെയും തെളിച്ച് മേയ്ക്കാൻ പോയതായിരുന്നു. നബി ﷺ ചോദിച്ചു. അതിനെ കറക്കാൻ പറ്റുമോ? വീട്ടുകാരി പറഞ്ഞു, അത് കറവയുള്ള ആടല്ല. എന്നാലും ഞങ്ങൾ ഒന്ന് കറന്നോട്ടെ? അതിനെ കൂറ്റൻ മെതിച്ചിട്ടില്ല. കുഴപ്പമില്ല, ഞങ്ങൾ കറന്നുനോക്കിയാലോ? അവർ പറഞ്ഞു അതിനെന്താ കറന്നോളൂ. നബി ﷺ ആടിനെ അടുത്തേക്ക് നിർത്തി. അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു ആടിന്റെ അകിടിൽ തഴുകി. അൽഭുതമെന്ന് പറയട്ടെ പാൽ ചുരത്തി. പാത്രത്തിലേക്ക് കറന്നു. നബി ﷺ തന്നെ ഏവർക്കും പാൽ നൽകി. അവസാനം അവിടുന്നും പാനം ചെയ്തു. രണ്ടാമത് പാൽ കറന്ന് പാത്രം നിറഞ്ഞപ്പോൾ വീട്ടുകാരിക്ക് നൽകി. യാത്ര പറഞ്ഞിറങ്ങി.

ഉമ്മു മഅബദ് പറഞ്ഞതായി അബൂ നുഐം ഉദ്ദരിക്കുന്നു. അന്ന് മുത്ത് നബി ﷺ പാൽ കറന്ന ആട് ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഹിജ്റയുടെ പതിനെട്ടാം വർഷം ഉമർ(റ)ന്റെ ഭരണകാലത്ത് വലിയ ദാരിദ്ര്യമുണ്ടായി. മഴലഭിക്കാതെ എല്ലായിടത്തും കരിഞ്ഞ് ചാമ്പൽ പോലെയായി. അതിനാൽ ആ വർഷത്തെ ‘ആമു റമാദ:’ അഥവാ ചാമ്പൽവർഷം എന്നാണറിയപ്പെടുന്നത്. അക്കാലത്തും ഞങ്ങളുടെ ഈ ആട് പാൽ നൽകുമായിരുന്നു. രാവിലെയും വൈകുന്നേരവും ഞങ്ങൾ കറക്കുമായിരുന്നു. ഹിഷാം ബിൻ ഹുബൈശ് എന്നവർ പറയുന്നു. ഞാനാ ആടിനെ കണ്ടിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم

Mahabba Campaign Part-147/365

നബിﷺ യാത്രപറഞ്ഞിറങ്ങിയിട്ട് അധികം വൈകിയില്ല. അബൂമഅബദ് അടുകളെയും തെളിച്ച് മടങ്ങിയെത്തി. ആടുകൾക്കൊപ്പം നടന്ന് ക്ഷീണിച്ചാണ് വരവ്. മേയ്ക്കാൻ കൊണ്ടുപോയ ആടുകളും വേണ്ടത്ര ആരോഗ്യമുള്ളതല്ല. ഒന്നു പോലും ഗർഭിണിയുമല്ല. വീട്ടിൽ വന്നു കയറിയതും പാൽ കണ്ട് അയാൾ ആശ്ചര്യപ്പെട്ടു. അയാൾ ആത്വിഖയോട് ചോദിച്ചു. എവിടെന്നാണ് പാൽ ലഭിച്ചത്?ഉമ്മു മഅബദിൻ്റെ ശരിയായ പേര് ആത്വിഖ ബിൻത് ഖാലിദ് എന്നാണ്. ബനൂ ഖുസാഅ കുടുംബക്കാരിയാണ്. അവർ ഭർത്താവിന്റെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്നായി. എന്നാലും അവർ പറഞ്ഞു തുടങ്ങി. വളരെ പ്രത്യേകതകളുള്ള ഒരാൾ ഇതുവഴി കടന്നുപോയി. ശരി, അബൂമഅബദ് പറഞ്ഞു. എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് നീയൊന്ന് വിശദീകരിച്ചാലും. അവർ പറഞ്ഞു, പ്രകാശിക്കുന്ന മുഖവും തിളക്കമാർന്ന ഭാവവുമുള്ള ഒരാൾ. ഒത്ത ഭംഗിയുള്ള ശരീര പ്രകൃതം. അമിത വണ്ണമോ ഉദരത്തിനുയർച്ചയോ ഒന്നും തന്നെയില്ല. കണ്ണുകളിൽ കറുപ്പിൻ്റെ രാശി. നീളമുള്ള കൺപീലികൾ. ശബ്ദത്തിന് നല്ല വ്യക്തത. നീളമുള്ള പിരടി. നീണ്ട പുരികങ്ങൾ. പുരികങ്ങൾ തമ്മിൽ ചേർന്നു നിൽക്കുന്നു. തിങ്ങിയ താടിരോമങ്ങൾ. മനനത്തിലായിരിക്കുമ്പോഴും ഒരു പ്രൗഢി വലയം ചെയ്തിരിക്കുന്നു. സംസാരിക്കാൻ തുടങ്ങിയാൽ പ്രഭ പൊഴിയുന്ന സംസാരം. ഉതിർന്നു വീഴുന്ന മുത്തുമണികൾ പോലെയാണ് ഓരോ വാക്കുകളും. നീളക്കൂടുതലോ നീളക്കുറവോ പറയാനില്ലാത്ത ഒത്ത ശരീരം. രണ്ടു കൊമ്പുകൾക്കിടയിൽ ഒരു കൊമ്പുപോലെ മൂന്നു പേർക്കിടയിലെ ഏറ്റവും സൗന്ദര്യമുള്ള ആൾ. ഒപ്പമുള്ളവർക്കിടയിൽ ഉന്നത സ്ഥാനം കൽപിക്കപ്പെടുന്ന വ്യക്തി. അവിടുന്ന് സംസാരിച്ചാൽ ഒപ്പമുള്ളവർ സാകൂതം ശ്രദ്ധിച്ചു നിൽക്കും. അവരോടെന്തെങ്കിലും ആജ്ഞാപിച്ചാൽ ധൃതിയിൽ അവരത് നിറവേറ്റും. ശിരസ്സാവഹിക്കാൻ അവർ മത്സരിക്കും. വാർദ്ധക്യത്തിൻ്റെ ക്ഷീണമോ ശാരീരിക പരിഭവങ്ങളോ ഒന്നുമില്ല. മൊത്തത്തിൽ ആകർഷണീയമായ ഒരു മഹൽ വ്യക്തിത്വം. ഇത്രയും കേട്ടപ്പോഴേക്കും അബൂ മഅബദ്, ഇത് തന്നെയാണ് ഖുറൈശികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ മഹാൻ. ഹോ! എനിക്കൊന്നു കണ്ടുമുട്ടാൻ കഴിഞ്ഞെങ്കിൽ ഞാനും ഒപ്പം സഞ്ചരിക്കുമായിരുന്നു.

മുത്ത് നബി ﷺ പുറപ്പെട്ടതിൽ പിന്നെ എങ്ങോട്ടാണ് പോയത് എന്ന് ഖുറൈശികൾക്ക് ഒരു ധാരണയും ലഭിച്ചില്ല. അസ്മാഅ്(റ) പറയുന്നു. നബി ﷺ യും ഉപ്പയും പുറപ്പെട്ടതിൽ പിന്നെ ഖുറൈശി നേതാക്കൾ ഞങ്ങളുടെ വീട്ടിൽ വന്നു. കൂട്ടത്തിൽ നിന്ന് അബൂജഹൽ എന്നോട് ചോദിച്ചു. നിൻ്റെ ബാപ്പയെവിടെ? ഞാൻ പറഞ്ഞു എനിക്കറിയില്ല. വൃത്തികെട്ട അവൻ ദേഷ്യത്തോടെ എൻ്റെ മുഖത്തടിച്ചു. അടിയുടെ ശക്തിയിൽ എൻ്റെ കമ്മൽ ഒടിഞ്ഞുപോയി. സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ട് മൂന്നുദിവസം വരെ ഞങ്ങൾക്കും ഒരു വിവരവും ഇല്ലായിരുന്നു എങ്ങോട്ടാണ് പോയതെന്ന്. അങ്ങനെയിരിക്കെയാണ് ഒരു അശരീരി മുഴങ്ങിയത്. മക്കയുടെ ഉയർന്ന പ്രദേശത്ത് നിന്ന് ഒരു ജിന്നിന്റെ രാഗം. മനുഷ്യർക്കും അത് കേൾക്കാമായിരുന്നു.

“ജസല്ലാഹു റബ്ബുന്നാസി ഖൈറ ജസാഇഹി
റഫീഖൈനി ഹല്ലാ ഖൈമത്തൈ ഉമ്മി മഅബദീ…”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-148/365

കവിതാ ശകലത്തിന്റെ സാരം ഇങ്ങനെ പകർത്താം.

‘ഉമ്മു മഅബദിൻ ഖൈമയിലെത്തിയ
ആത്മമിത്രങ്ങളാമിരുവർക്കുമേകണേ
അല്ലാഹുവേ നിന്റെ കൃപാ കടാക്ഷങ്ങൾ

നന്മയാലവരെത്തി ധർമ്മത്തിൻ വാഹകരായ്
മുത്തു മുഹമ്മദിൻ മിത്രങ്ങളായവർ
എത്രയോ ഭാഗ്യം ലഭിച്ച സമുന്നതർ

അർത്ഥമില്ലാ വൃത്തി ചെയ്യും ഖുസയ്യേ നീ
അറിയണം നിന്റെ കർമ്മങ്ങളഖിലവും
അല്ലാഹു പാലിച്ച് വെക്കുകയില്ലെന്ന്

ചോദിച്ചു നോക്കിടൂ പെങ്ങളോടൊരുമാത്ര,
ആടിന്റെ കഥയെന്ത്? പാത്രത്തിൻ കഥയെന്ത്?
ആടുതാൻ ചൊന്നിടും സാക്ഷിപ്രമാണങ്ങൾ

കറവയില്ലാത്തൊരു ആടിനെ ചോദിച്ചു
ചുരത്തിയത് നൽകി ക്ഷീരക്കുടത്തിനെ
മതിവരുവോളം കുടിച്ചു സഞ്ചാരികൾ

വിട ചൊല്ലും നേരത്തവൾക്കേകി പാനവും
പാത്രത്തിൽ നുരയുന്ന ക്ഷീര സമൃദ്ധിയും
ഉറവയും കറവയും വറ്റാത്ത നന്മയും’

ഉമ്മു മഅബദിൻ്റെ കുടിലിൽ നിന്നിറങ്ങി ഖുദൈദ് താഴ്‌വരയിലേക്കാണ് വാഹനം പ്രവേശിച്ചത്. ചെങ്കടൽ വരെ വ്യാപിച്ചു കിടക്കുന്ന നൂറ്റിഅൻപത് കിലോമീറ്റർ താഴ്‌വരയാണ് ഖുദൈദ്. ഈ താഴ്‌വരയുടെ വടക്ക് ഭാഗം അൽമുശല്ലൽ ലാവാ ട്രാക്ടിന്റെ അതിർത്തിയാണ്.

അബൂബക്കർ (റ) പറയുന്നതായി ഇമാം ബൈഹഖി(റ) ഉദ്ദരിക്കുന്ന ഒരു കഥനം ഇങ്ങനെ വായിക്കാം. ഞാനും നബി ﷺ യും മക്കയിൽ നിന്ന് പുറപ്പെട്ടു. ഒരു അറബി ഗ്രാമത്തിലെത്തി. അപ്പോഴതാ ചരുവിലേക്ക് നിൽക്കുന്ന ഒരു കുടിൽ. നബി ﷺ ആ കുടിൽ ലക്ഷ്യം വച്ച് നീങ്ങി. അടുത്തെത്തിയപ്പോൾ അവിടെ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. അവൾ പറഞ്ഞു.
നിങ്ങൾ ഇവിടെ ആഥിത്യം ആഗ്രഹിക്കുന്നു എങ്കിൽ ഈ ഗ്രാമത്തിലെ മുഖ്യനോട് പറയുക. ഇപ്പോഴിവിടെ ഞാൻ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. ഞങ്ങൾ ഒന്നും പ്രതികരിച്ചില്ല. അധികം വൈകാതെ തന്നെ അവളുടെ മകൻ ആടുകളെയും തെളിച്ച് വീട്ടിലേക്ക് വന്നു. അപ്പോൾ അവൾ മകനോട് പറഞ്ഞു മോനേ ഒരാടിനെയും കത്തിയും അവർക്ക് നൽകൂ. എന്നിട്ട് ഉമ്മ പറഞ്ഞു, ആടിനെ അറുത്ത് ഭക്ഷണം തയ്യാർ ചെയ്തു കൊള്ളാൻ പറയൂ. മകൻ വന്ന് കാര്യം പറഞ്ഞപ്പോൾ നബി ﷺ പറഞ്ഞു, കത്തി അവിടെ വച്ചിട്ട് പാൽ കുടിക്കാനുള്ള പാത്രം വാങ്ങി വരൂ. നബി ﷺ അതിന്റെ അകിടിൽ തലോടി. നന്നായി പാൽ കറന്നു. ശേഷം, പാത്രം നിറയെ പാൽ വീട്ടുകാരിക്ക് കുടിക്കാൻ കൊടുത്തയച്ചു. അവർ പാനം ചെയ്തു. അടുത്ത പാത്രം വരുത്തി. അതിൽ പാൽ കറന്ന് അബൂബക്കറിന് നൽകി. അടുത്ത കോപ്പ കറന്ന് നബി ﷺ പാനം ചെയ്തു.

തുടർന്ന് രണ്ട് ദിവസം അവിടെ താമസിച്ചു. ആ ഗ്രാമീണയുടെ ആടുകൾ പെരുകി. അവൾ നബി ﷺ യെ മുബാറക് (അനുഗ്രഹീത വൃക്തി) എന്നാണ് പരിചയം വെച്ചിരുന്നത്. നാളുകൾക്ക് ശേഷം ഉമ്മയും മകനും ആടുകളെയും തെളിച്ച് മദീനയിലെത്തി. യാദൃഛികമായി അവർ അബൂബക്കർ(റ)ന്റെ അടുത്തെത്തി. മകനെക്കണ്ടപ്പോൾ സിദീഖ്(റ)ന് ആളുകളെ മനസ്സിലായി. മകൻ ഉമ്മയോട് പറഞ്ഞു. ഉമ്മാ അന്ന് ആ മുബാറക്കിന്റെ കൂടെ വന്നയാളാണിത്. ഉമ്മക്കും മനസ്സിലായി. അവർ ചോദിച്ചു. അന്ന് ഒപ്പമുണ്ടായിരുന്ന ആ വ്യക്തി ആരാണ്? അതാരാണെന്ന് നിങ്ങൾക്കറിയില്ലേ? ഇല്ല. അതാണ്ആ പ്രവാചകൻ ﷺ. അവൾ ചോദിച്ചു. ഒന്നു കാണാൻ പറ്റുമോ? അവരെ നബി ﷺ യുടെ സന്നിധിയിലെത്തിച്ച് സൽക്കാരം നൽകി. അവർ അവരുടെ പക്കലുണ്ടായിരുന്ന പാൽ കട്ടിയും മറ്റു നാടൻ സാധനങ്ങളും നബി ﷺ ക്ക് സമ്മാനിച്ചു. നബി ﷺ അവർക്ക് വസ്ത്രങ്ങളും മറ്റും പാരിതോഷികം നൽകി. അബൂബക്കർ(റ) പറഞ്ഞു. അവർ ഇസ്‌ലാം സ്വീകരിച്ചു എന്നതിനപ്പുറം പിന്നീട് കൂടുതൽ വിവരങ്ങളൊന്നും അവരെക്കുറിച്ചറിവില്ല.

ഉമ്മു മഅബദിൻ്റെ സംഭവവുമായി പല സമാനതകളും ഈ നിവേദനത്തിനുള്ളതിനാൽ ഇത് ഒരേ സംഭവത്തിന്റെ രണ്ട് ആഖ്യാനങ്ങളായി ഇമാം ബൈഹഖി(റ)യും ഇബ്നു ഇസ്ഹാഖും(റ) നിരീക്ഷിച്ചിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-149/365

ഖുറൈശികൾ നബിﷺ യെക്കുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തി. നബിﷺയെയും സിദ്ദീഖി( റ)നെയും വധിക്കുകയോ ജീവനോടെ ഹാജരാക്കുകയോ ചെയ്യുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. അതോടെ നാലുപാടും അന്വേഷണം ശക്തിപ്പെട്ടു. അതിനിടയിൽ ഒരു സംഘം ഉമ്മു മഅബദിൻ്റെ വീട്ടിലെത്തി. അവർ അവളോട് ചോദിച്ചു, “ഇന്നാലിന്ന വിശേഷണങ്ങളുള്ള മുഹമ്മദ് ﷺ ഇതു വഴി വന്നിരുന്നോ?” അവൾ പറഞ്ഞു; “അതൊന്നും എനിക്കറിയില്ല. കറവയില്ലാത്ത ആടിന് പാൽ കറന്നു തന്ന ഒരാൾ ഇതുവഴി വന്നിരുന്നു “.
അപ്പോൾ ഖുറൈശികൾ പറഞ്ഞു, “അത് തന്നെ ഞങ്ങൾ അന്വേഷിക്കുന്നയാൾ ! ”

അതിനിടയിൽ ഖുദൈദ് എന്ന സ്ഥലത്ത് സഭ കൂടുകയായിരുന്നു കിനാന ഗോത്രത്തിലെ ബനൂ മുദ്ലജ്കാരനായ സുറാഖത് ബിൻ മാലിക്. കുതിര സവാരിക്കാരനും മരുഭൂമിയിലെ വഴികളെക്കുറിച്ച് വിദഗ്ധ ജ്ഞാനമുള്ള ആളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് ഖുറൈശികളിൽപ്പെട്ടയൊരാൾ വന്ന് ചോദിച്ചു; “ഇതു വഴി ഒരു നിഴൽ നീങ്ങുന്നത് കണ്ടിരുന്നല്ലോ ? ഒരു മൂന്ന് നാലാളുകൾ കടന്നു പോയില്ലേ? മുഹമ്മദ് നബി ﷺ യും കൂട്ടുകാരുമാണോ അത് ?”
സുറാഖ പറയുന്നു, അത് അവർ തന്നെയാണെന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷേ, ഞാനയാളോട് മിണ്ടാതിരിക്കാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ടു പറഞ്ഞു, “അതവരൊന്നുമല്ല. അത് വേറെ ചില വ്യക്തികളാണ്. അവരുടെ നഷ്ടപ്പെട്ട ഒട്ടകത്തെത്തേടിയിറങ്ങിയതാണ് “. അപ്പോൾ എന്റെ മനസ്സിൽ ഒരാശയമുദിച്ചു. ‘ആരുമറിയാതെ ഞാൻ തന്നെ അവരെ പിടികൂടുക. എന്നിട്ട് നൂറൊട്ടകം സ്വന്തമാക്കുക ‘.

ആതീവരഹസ്യമായി കുതിരയെ താഴ്’വരയിലൂടെ അൽപ്പം മൂന്നോട്ടെത്തിക്കാൻ ഞാനെന്റെ പരിചാരകയോട് പറഞ്ഞു. അൽപ്പം കഴിഞ്ഞ് ഞാൻ സഭയിൽ നിന്നിറങ്ങി. എന്റെ കുന്തവും ആയുധങ്ങളുമെടുത്ത് വീടിന്റെ മുൻവാതിലിലൂടെ പുറത്തിറങ്ങി. ക്രമേണ എന്റെ കുതിരയുടെ അടുത്തെത്തി. കുതിരപ്പുറത്തേറി യാത്ര തുടങ്ങി. അതിവേഗം കുതിരയെ പായിച്ചു. നബി ﷺ യുടേയും സിദ്ദീഖി (റ)ന്റെയും നിഴൽ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഞാൻ അമ്പുകൾ എടുത്ത് ശകുനം നോക്കി.

അറബികൾക്കങ്ങനെ ഒരു പതിവുണ്ടായിരുന്നു. ശകുനം നോക്കാൻ വേണ്ടി മൂന്നമ്പുകൾ ഒരാവനാഴിയിൽ ഇടും. ഒന്നിൽ ‘വേണം’ മറ്റൊന്നിൽ ‘വേണ്ട’ മൂന്നാമതൊന്നിൽ ഒന്നും എഴുതാതെയും ഇടും. ശേഷം നറുക്കെടുക്കും. വേണം എന്ന അമ്പു കിട്ടിയാൽ ശകുനം നന്നായി എന്നും, വേണ്ട എന്നത് കിട്ടിയാൽ ദുഃശകുനമായി എന്നും കണക്കാക്കും. മൂന്നാമത്തെ അമ്പ് കിട്ടിയാൽ വീണ്ടും നറുക്കിടണം എന്നാണ് ആചാരം.

സുറാഖ നറുക്കിട്ടപ്പോൾ ‘അവരെ ബുദ്ധിമുട്ടിക്കരുത്’ എന്നെഴുതിയ അമ്പാണ് കിട്ടിയത്. അദ്ദേഹം തുടരുന്നു, ഞാനത് പരിഗണിച്ചില്ല. നൂറൊട്ടകം എന്നത് എന്നെ വീണ്ടും പ്രേരിപ്പിച്ചു. ഞാനെന്റെ ശകുനം അവഗണിച്ചു. മുന്നോട്ട് തന്നെ നീങ്ങി. നബി ﷺ യുടെയും സിദ്ദീഖി (റ)ൻ്റെയും നിഴൽ കണ്ടു തുടങ്ങി. എന്റെ കുതിരയുടെ കാലുകൾ മണ്ണിൽ ആഴ്ന്നു. ഞാൻ നിലത്ത് വീണു. വീണ്ടും അവിടുന്ന് എഴുന്നേറ്റ് കുതിരയെ തെളിച്ചു. ശകുനം അവഗണിച്ച് യാത്ര തുടർന്നു. നബി ﷺ യുടെ വാഹനത്തോടടുത്തു. സിദ്ദീഖ് (റ) എന്നെ നോക്കുന്നുണ്ടായിരുന്നു. നബി ﷺ ഖുർആൻ ഓതുകയായിരുന്നു. പാരായണം എനിക്ക് കേൾക്കാമായിരുന്നു. വീണ്ടും എന്റെ വാഹനം മുട്ടുവരെ ആഴ്ന്നു പോയി. ഉടനെ ഞാൻ നബി ﷺ യോടും സിദ്ദീഖി (റ)നോടും സഹായം തേടി. ഞാൻ വിളിച്ചു പറഞ്ഞു; “നിങ്ങൾ എന്റെ ആയുധങ്ങളും ഭക്ഷണ സാധനങ്ങളുമൊക്കെ എടുത്തോളൂ. ഞാൻ നിങ്ങൾക്കനിഷ്ടമായി ഒന്നും ചെയ്യില്ല “. ഉടനെ നബി ﷺ സിദ്ദീഖി (റ)നോട് പറഞ്ഞു; “അയാൾക്കെന്താണ് വേണ്ടതെന്ന് ചോദിക്കൂ “. ഉടനെ ഞാൻ മക്കക്കാർ ഇനാം പ്രഖ്യാപിച്ച വിവരം പങ്കുവച്ചു. അവരുടെ ചർച്ചകളും ആലോചനകളും പറഞ്ഞു. അവർ എന്റെ ഭക്ഷണമോ ആയുധമോ ഒന്നും സ്വീകരിച്ചില്ല. മറിച്ച് ഞങ്ങളെക്കണ്ട വിവരം രഹസ്യമാക്കിവയ്‌ക്കണമെന്ന് മാത്രം എന്നോട് പറഞ്ഞു. പ്രവാചകരുടെ മതം അതിജയിക്കുമെന്നും നാളത്തെ അധികാരം പ്രവാചകരുടെ കൈയിൽ വരുമെന്നും എനിക്കു ബോധ്യമായി. അതുകൊണ്ട് ഞാനവരോട് ആവശ്യപ്പെട്ടു; “എനിക്കൊരു സുരക്ഷാ കരാർ എഴുതിത്തരണം”. നാളെ ഇസ്‌ലാം ജയിച്ചടക്കുമ്പോൾ എനിക്ക് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു അത്. നബി ﷺ സിദ്ദീഖി (റ)നോട് എഴുതി നൽകാൻ പറഞ്ഞു. ഒരു എല്ലിമേൽ എഴുതിത്തന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-150/365

സംരക്ഷണകരാറും വാങ്ങി ഞാൻ പോകാനൊരുങ്ങിയപ്പോൾ നബി ﷺ എന്നോട് ചോദിച്ചു. കിസ്റയുടെ രണ്ട് രാജവളകൾ നിങ്ങളുടെ കൈയ്യിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാകും സുറാഖാ? ഞാൻ ചോദിച്ചു, ഹുർമുസിൻ്റെ മകൻ കിസ്‌റയോ? അതെ. ആശ്ചര്യത്തോടെ സുറാഖ അത് ഓർത്തു വച്ചു. മക്കയിലേക്ക് തന്നെ തിരിച്ചു. നബി ﷺ യെ തേടിയിറങ്ങിയ ഖുറൈശികളെ മുഴുവൻ മടക്കയാത്രയിൽ അദ്ദേഹം വഴിതിരിച്ചു വിട്ടു. നബി ﷺ യെ കണ്ടുമുട്ടിയ വിവരം രഹസ്യമാക്കണമെന്ന വാക്ക് അയാൾ പാലിച്ചു. രാവിലെ ആക്രമിക്കാൻ വന്ന സുറാഖ വൈകുന്നേരം കാവൽക്കാരനായി മാറി.

സുറാഖ നബി ﷺ യുടെ വാഹനത്തോടടുത്തപ്പോഴെല്ലാം സിദ്ദീഖ്(റ)കരഞ്ഞു. അല്ലാഹു നമുക്കൊപ്പമുണ്ട് എന്ന് നബി ﷺ ആശ്വസിപ്പിച്ചുകൊണ്ടുമിരുന്നു. കൂട്ടത്തിൽ സിദ്ദീഖ്(റ) പറഞ്ഞു. അല്ലയോ പ്രവാചകരേ ﷺ ഞാൻ കരയുന്നത് എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താലല്ല. തങ്ങൾക്കെന്തെങ്കിലും സംഭവിച്ചേക്കുമോ എന്ന് ഭയന്നിട്ടാണ്. ഞാൻ കൊല്ലപ്പെട്ടാൽ ഞാനൊരു വ്യക്തി. അവിടുത്തേക്ക് എന്തെങ്കിലും ഹിതമല്ലാത്തത് സംഭവിച്ചാൽ ഒരു വ്യക്തിയുടെ നഷ്ടമല്ലല്ലോ. സൗർ ഗുഹയുടെ ഉള്ളിൽ വെച്ച് സിദ്ദീഖ്(റ) പറഞ്ഞതങ്ങനെയായിരുന്നു. എന്നാൽ ഈ സമയങ്ങളിലൊന്നും നബി ﷺ ക്ക് ലവലേശം ഭയം ബാധിച്ചിരുന്നില്ല. അവിടുന്ന് നിസ്കാരത്തിലോ ഖുർആൻ പാരായണത്തിലോ ആയിരുന്നു. അനുരാഗിയുടെ അർപ്പണവും പ്രവാചകരു ﷺ ടെ നിശ്ചയദാർഢ്യവും ഒത്തു ചേരുന്ന രംഗങ്ങളായിരുന്നു ഓരോന്നും.

ഹിജ്റയുടെ നാളുകൾ കഴിഞ്ഞു. സുറാഖ ഇസ്‌ലാമിന്റെ വളർച്ചയും പ്രവാചകരു ﷺ ടെ മുന്നേറ്റവും അറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഹിജ്‌റയുടെ എട്ടാം വർഷമായി. മക്കാവിജയം പ്രഖ്യാപിച്ച് നബി ﷺ യും അനുയായികളും കഅബയുടെ സന്നിധിയിലെത്തി. നബി ﷺ എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചു. എട്ട് വർഷം മുമ്പ് ലഭിച്ച സംരക്ഷണരേഖയും വഹിച്ച് സുറാഖ മുന്നോട്ട് നീങ്ങി. അനുയായി വൃന്ദത്തിന്റെ നടുവിൽ നിൽക്കുന്ന പ്രവാചകരു ﷺ ടെ അടുത്തേക്ക് സാഹസപ്പെട്ട് എത്തിച്ചേർന്നു. കരാർ ഉയർത്തിക്കാട്ടി സ്വയം പരിചയപ്പെടുത്തി. നബി ﷺ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അദ്ദേഹം ഹൃദയ പൂർവം ഇസ്ലാം സ്വീകരിച്ചു. വിശ്വാസ വാചകം പ്രഖ്യാപിച്ചു.

ഇനിയും ഒരു പ്രതീക്ഷകൂടി സുറാഖയുടെ മനസ്സിൽ ബാക്കിയുണ്ട്. അതും പുലരും എന്ന് തന്നെ സുറാഖ ഉറപ്പിച്ചു. കാലങ്ങൾ കടന്നു പോയി. മുത്ത് നബി ﷺ പരലോകത്തേക്ക് യാത്രയായി. സുറാഖ പിന്നെയും കാത്തിരുന്നു. സിദ്ദീഖി(റ)ന്റെ ഭരണകാലവും കഴിഞ്ഞ് ഉമർ (റ) ഭരണാധികാരിയായി. മുസ്ലിംകൾ പേർഷ്യയെ ജയിച്ചടക്കി. സഅദ്ബിൻ അബീവഖാസ് സമരാർജിത സ്വത്തുമായി മദീനയിലെത്തി. ഖലീഫയുടെ മുന്നിൽ എല്ലാം നിരത്തി വച്ചു. അതായിരിക്കുന്നു കിസ്റയുടെ രാജവളകൾ. ഉടനേ ഖലീഫ സുറാഖയെ വിളിപ്പിച്ചു. ആ രാജവളകൾ അദ്ദേഹത്തെ അണിയിച്ചു. ശേഷം അദ്ദേഹത്തിന്റെ ഇരുകരങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ഉമർ(റ) പറഞ്ഞു. കിസ്റയുടെ രാജവളകൾ ബനൂ മുദ്ലജിലെ അറബ് ഗ്രാമീണൻ്റെ കൈകളിൽ അണിയിച്ച അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും….

നമുക്ക് ഹിജ്റയുടെ വഴിയിലേക്ക് തന്നെ വരാം. മുത്ത് നബി ﷺ യും സിദ്ദീഖും(റ) യാത്ര തുടരുകയാണ്. ഖുദൈദ് താഴ്’വരയിൽ നിന്ന് അൽമുശല്ലൽ ലാവാ ട്രാക്കിലേക്ക് കടന്നു. യമനിനും ഡമാസ്കസിനും ഇടയിലുള്ള കച്ചവടയാത്രകൾ കടന്നു പോകുന്ന വഴിയാണിത്. ഇന്ന് ഈ സ്ഥലം ‘അൽ ഖുദൈദിയ്യ’ എന്നാണറിയപ്പെടുന്നത്. അൽമുശല്ലൽ താഴ്‌വരയിലൂടെ അധികം മുന്നോട്ട് പോയില്ല. അപ്പോഴേക്കും കുലയ്യ താഴ്’വരയിലേക്ക് പ്രവേശിച്ചു. ഇവിടെ വച്ചാണ് സുറാഖയെ കണ്ടുമുട്ടിയതെന്നും അഭിപ്രായമുണ്ട്. സെപ്തംബർ പതിമൂന്ന് ഉച്ചക്ക് ശേഷമാണ് ഇവിടം കടന്നു പോയത്. അത് പ്രകാരം ഇവിടെ വെച്ചാണ് സുറാഖയുടെ മുമ്പിൽ മേഘപടലങ്ങൾ പ്രത്യക്ഷപ്പെടുകയും നബി ﷺ യെ ആവരണം ചെയ്യുകയും ചെയ്തത്. അപ്പോഴാണ് സുറാഖയുടെ കുതിരയുടെ ആഴ്ന്നു പോയ കാലുകൾ രക്ഷപ്പെടുത്താൻ നബി ﷺ യോട് സഹായാർത്ഥന നടത്തിയത്.
പിന്നീട് സഞ്ചാരം അൽപം കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply