Mahabba Campaign Part-91/365
മക്കയിലെ പ്രതിസന്ധികൾ, എത്യോപ്യയിൽ നിന്ന് മടങ്ങിയെത്തിവരുടെ ദുഃഖങ്ങൾ ഇതെല്ലാം നബി ﷺ നേരിൽക്കാണുകയാണ്. എന്താണൊരു പരിഹാരം. ഏതായാലും സൗമനസ്യത്തോടെ സ്വീകരിക്കുന്ന നേഗസ് രാജാവിന്റെ നാട്ടിലേക്ക് തന്നെ വിശ്വാസികളെ അയയ്ക്കാം. രണ്ടാമതും ഒരു സംഘം ഹബ്ശ അഥവാ എത്യോപ്യയിലേക്ക് തന്നെ പലായനം ചെയ്തു. എൺപത്തിമൂന്ന് പുരുഷന്മാരും പതിനൊന്ന് സ്ത്രീകളുമാണ് യാത്രയ്ക്കൊരുങ്ങിയത്. നബി ﷺ യുടെ മരുമകൻ ഉസ്മാൻ (റ) ഈ സംഘത്തിലും ഉണ്ടായിരുന്നു. മഹാനവർകൾ നബി ﷺ യോട് ചോദിച്ചു. “ഞങ്ങൾ ആദ്യം പലായനം ചെയ്തു. ഇപ്പോഴിതാ രണ്ടാമതും യാത്ര പോകുന്നു. അവിടുന്ന് ഇവിടെത്തന്നെ നിൽക്കുകയാണല്ലോ?” ഉടനെ നബി ﷺ പറഞ്ഞു; “നിങ്ങൾ പലായനം ചെയ്യുന്നത് അല്ലാഹുവിലേക്കും എന്റെയടുത്തേക്കുമാണ്. അഥവാ, അല്ലാഹുവിന്റെയും അവൻ്റെ ദൂതന്റെയും പ്രീതി കാംക്ഷിച്ചു കൊണ്ടാണ്. അത് കൊണ്ട് വിഷമിക്കേണ്ടതില്ല. നിങ്ങളിപ്പോൾ ഇരട്ടപ്പാലായനത്തിന്റെ പുണ്യം നേടുകയാണ് “. ഉസ്മാൻ (റ) പറഞ്ഞു, “ഞങ്ങൾക്ക് ആശ്വാസമായി നബിയേ “.. ﷺ
ജഅഫർ (റ) പറയുന്നു, ഞങ്ങൾ ഹബ്ശയിൽ സുരക്ഷിതരായിക്കഴിഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ആരാധനകൾ മുറപോലെ നിർവഹിച്ചു. ആരും ഞങ്ങളെ പ്രയാസപ്പെടുത്തുകയോ കുറ്റപെടുത്തുകയോ ഒന്നും ചെയ്തില്ല. പക്ഷേ, ഇത് ഖുറൈശികൾ അറിഞ്ഞപ്പോൾ അവർക്കത്ര സുഖിച്ചില്ല. അവർ സഭ കൂടി വിവരങ്ങൾ വിലയിരുത്തി. രണ്ട് സമർഥരായ പ്രതിനിധികളെ നേഗസ് ചക്രവർത്തിയെക്കാണാൻ നിയോഗിച്ചു. വിലപിടിപ്പുള്ള ആകർഷകമായ ഉപഹാരങ്ങൾ നൽകി മുസ്‌ലിംകൾക്ക് നൽകിയ അഭയം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
അപ്രകാരം ഉമാറത് ബിൻ അൽ വലീദും അംറ് ബിൻ അൽ ആസും കൊട്ടാരത്തിലെത്തി. നേരത്തെ നിശ്ചയിച്ച പ്രകാരം മക്കയിൽ നിന്നുള്ള വിവിധയിനം കറിക്കൂട്ടുകൾ രാജാവിനെക്കാണുന്നതിന് മുമ്പ് തന്നെ എല്ലാ കൊട്ടാര പാലകർക്കും സമ്മാനിച്ചു. രാജാവിനോട് നേരിട്ടുള്ള ദർശനത്തിനും തുടർന്ന് മുസ്‌ലിംകളെ അവരുടെ ഭാഗം കേൾക്കാൻ അവസരം നൽകാതെ ഖുറൈശികൾക്ക് വിട്ടു ലഭിക്കാനുമാണ് അവർ കോപ്പുകൾ ഒരുക്കിയത്.
അപ്രകാരം കണ്ണഞ്ചിപ്പിക്കുന്ന കാണിക്കകളുമായി രാജസന്നിധിയിലെത്തി. സാഷ്ടാംഗം ചെയ്ത് അഭിവാദ്യം അറിയിച്ചു. എന്നിട്ട് സംസാരിക്കാൻ തുടങ്ങി. “മഹാരാജാവേ! ഞങ്ങളുടെ മക്കയിൽ നിന്ന് ബുദ്ധിശൂന്യരായ കുറച്ചാളുകൾ ഈ നാട്ടിൽ എത്തിയിട്ടുണ്ട്. അവർ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചവരാണ്. ഞങ്ങൾക്കോ നിങ്ങൾക്കോ പരിചയമില്ലാത്ത പുതിയ ഒരു മതം അവർ അവതരിപ്പിക്കുന്നു. ഞങ്ങളുടെ നാട്ടിലെ നേതാക്കന്മാരാണ് ഞങ്ങളെ ഇങ്ങോട്ട് നിയോഗിച്ചത്. അത് കൊണ്ട് ഇവിടെയെത്തിയവരെ ഞങ്ങളിലേക്ക് തന്നെ തിരിച്ചയയ്ക്കണം. അവരെക്കുറിച്ച് വിശദമായി അറിയുന്ന നാട്ടുകാരും ബന്ധുക്കളുമാണ് ഞങ്ങൾ “. അപ്പോൾ രാജാവിൻ്റെ പരിചാരകൻ പറഞ്ഞു, “രാജാവേ, ഇവർ രണ്ടു പേരും പറഞ്ഞത് വാസ്തവമാണ്. ഇവർ മക്കയിലെ നേതാക്കളാണ് .അവരെക്കുറിച്ച് നന്നായി പരിചയമുള്ളവരാണ്. അത് കൊണ്ട് ഇവരോടൊപ്പം നമുക്കവരെ ഏൽപ്പിച്ചു വിടാം. അവരുടെ നാട്ടിൽ എത്തിച്ചു കൊടുക്കട്ടെ “.
രാജാവ് ചോദിച്ചു : “അവരെവിടെ?” “അങ്ങയുടെ നാട്ടിൽ ത്തന്നെയുണ്ട് പ്രഭോ “. പ്രതികരണം വന്നു. രാജാവിന് ദേഷ്യം പിടിച്ചു. “ആഹാ ! എന്റെ നാട്ടിൽ വന്ന് എന്നെ അഭയം തേടിയവരെ ഞാൻ വിട്ടു കൊടുക്കില്ല. മറ്റൊരു ദേശത്തെയോ ഭരണാധികാരിയെയോ തെരഞ്ഞെടുക്കാതെ എന്നെയും എന്റെ രാജ്യത്തെയും അഭയം തേടി വന്നവരെ അങ്ങനെയങ്ങ് വിട്ടു കളയുകയോ?
ഞാനവരെ വിളിക്കട്ടെ. നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങൾ ആവശ്യപ്പെട്ട കാര്യം ആലോചിക്കാം. അല്ലാത്ത പക്ഷം ഞാനവരെ സംരക്ഷിക്കും. അവർക്ക് വേണ്ട പരിചരണങ്ങൾ നൽകും”.
പ്രവാചക ശിഷ്യന്മാരെ വിവരമറിയിക്കാൻ ദൂതനെ അയച്ചു. അദ്ദേഹം ഔദ്യോഗികമായി അവരെ വിവരമറിയിച്ചു. അവർ കൂടിയാലോചിച്ചു. ‘രാജസദസ്സിൽ നമ്മളെന്താണ് പറയുക ? നമ്മൾ ശരിയായ വിവരങ്ങൾ പങ്കുവയ്ക്കുക. നബി ﷺ പഠിപ്പിച്ച കാര്യങ്ങൾ, നമ്മുടെ വിശ്വാസങ്ങൾ എന്നിവയൊക്കെ നേരെ ചൊവ്വെ അവതരിപ്പിക്കാം’ – അവർ ധാരണയായി. അപ്പോൾ ജഅ്ഫർ ബിൻ അബീത്വാലിബ് (റ) പറഞ്ഞു. “ഇന്ന് നമ്മുടെ പ്രതിനിധിയായി വിഷയമവതരിപ്പിക്കുന്നത് ഞാനായിരിക്കും “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-92/365
രാജാവ് തന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. അവർ അവരുടെ ഏടുകൾ നിവർത്തി വച്ചു. മുസ്‌ലിം പ്രതിനിധികളെ രാജസന്നിധിയിലേക്ക് ക്ഷണിച്ചു. അവർ സലാം അഥവാ അഭിവാദ്യ വാചകം ചൊല്ലിക്കൊണ്ട് കടന്നു വന്നു. രാജാവ് ചോദിച്ചു, “ഇതെന്തേ , രാജാവിനെ സാഷ്ടാംഗം ചെയ്തു വണങ്ങാത്തത് ?”
“ഞങ്ങൾ സൃഷ്ടികൾക്ക് സാഷ്ടാംഗം ചെയ്യാറില്ല. ഞങ്ങൾ സ്രഷ്ടാവായ അല്ലാഹുവിന് മാത്രമേ സാഷ്ടാംഗം ചെയ്യാറുള്ളൂ “.
രാജാവ് ചോദിച്ചു, “നിങ്ങളെ നിങ്ങളുടെ ജനങ്ങളിൽ നിന്ന് മാറ്റിനിർത്തിയ മതമേതാണ് ? നിങ്ങൾ നിങ്ങളുടെ പാരമ്പര്യമതം ഉപേക്ഷിച്ചു. എന്നാൽ, ഞങ്ങളുടെയോ മറ്റു വിഭാഗങ്ങളുടെയോ മതത്തിൽ ചേർന്നതുമില്ല പിന്നേതാണീമതം?”
ജഅഫർ (റ) സംസാരിക്കാൻ തുടങ്ങി. “അല്ലയോ , രാജാവേ ! ഞങ്ങൾ ജാഹിലിയ്യത്തിൽ അഥവാ വിവരക്കേടിൽ മുങ്ങിയ ജനതയായിരുന്നു. ബിംബങ്ങളെ ആരാധിക്കുക, ശവം തിന്നുക, വൃത്തികേടുകൾ പ്രവർത്തിക്കുക, കുടുംബ ബന്ധങ്ങൾ ഛേദിക്കുക, അയൽവാസിയെ മോശമാക്കുക, കരുത്തുള്ളവൻ ഇല്ലാത്തവനെ പിടിച്ചടക്കുക ഇങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ ജീവിതം. അപ്പോഴതാ ഞങ്ങളിലേക്ക് അല്ലാഹു ഞങ്ങളിൽ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ നിയോഗിച്ചു. സത്യസന്ധതയിലും പവിത്രതയിലും വിശ്വസ്ഥതയിലും പേരു കേട്ട, അറിയപ്പെട്ട തറവാട്ടിലെ ഒരു വ്യക്തിയെ. ‘ഏകനായ രക്ഷിതാവ് അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനോട് ആരേയും പങ്കുചേർക്കരുത്. അവനെ കൂടാതെ ആരാധിക്കപ്പെടുന്ന ശിലകളെയും ശിൽപ്പങ്ങളെയും ഒഴിവാക്കുക’ എന്നീ സന്ദേശങ്ങളിലേക്ക് ഞങ്ങളെ ആ പ്രവാചകൻ ﷺ ക്ഷണിച്ചു. നിസ്ക്കാരം, ധാനധർമം, വ്രതാനുഷ്ടാനം എന്നിവ കൽപ്പിച്ചു. സത്യം പറയുക, വിശ്വസ്ഥത പാലിക്കുക, കുടുംബ ബന്ധം ചേർക്കുക, അയൽവാസിയോട് നല്ല നിലയിൽ വർത്തിക്കുക, സ്വത്തോ ജീവനോ അപഹരിക്കാതിരിക്കുക, കള്ളസാക്ഷി പറയരുത്, പതിവ്രതകളെ മാനം കെടുത്തരുത് തുടങ്ങിയ കാര്യങ്ങൾ ഉദ്ബോധിപ്പിച്ചു “.
അദ്ദേഹം തുടർന്നു. “അങ്ങനെ ഞങ്ങൾ നല്ല രീതിയിൽ ജീവിച്ചു തുടങ്ങിയപ്പോൾ നാട്ടിലുള്ളവർ ഞങ്ങളുടെ സ്വൈര്യം കെടുത്തി. പഴയ ജീവിതത്തിലേക്ക് കൊണ്ടു പോകാൻ ബലപ്രയോഗം നടത്തി. ഞങ്ങളെ അക്രമിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങൾ സ്വസ്ഥമായി ജീവിക്കാൻ ഈ നാട്ടിലേക്കുവന്നു. നിങ്ങളുടെ ഭരണ പരിധിയിൽ ഞങ്ങൾ അക്രമിക്കപ്പെടില്ല എന്ന് വിശ്വസിച്ച് ഈ നാട്ടിൽ നിങ്ങളുടെ ഭരണത്തിൽ അഭയം തേടി “.
ജഅ്ഫറി(റ)ന്റെ സംഭാഷണം രാജാവിന് നന്നായി ബോധിച്ചു. അദ്ദേഹം ചോദിച്ചു, “നിങ്ങളുടെ പ്രവാചകൻ ﷺ അവതരിപ്പിച്ച വേദത്തിന്റെ ഏതെങ്കിലും ഭാഗം നിങ്ങൾക്കറിയാമോ? ”
ജഅ്ഫർ (റ) പറഞ്ഞു, “അതെ”.
“എന്നാൽ അൽപ്പം പാരായണം ചെയ്യൂ “.
ജഅ്ഫർ (റ) വിശുദ്ധ ഖുർആനിലെ മർയം അധ്യായത്തിന്റെ ആദ്യഭാഗം പാരായണം ചെയ്തു കേൾപ്പിച്ചു. ഖുർആനിന്റെ ആശയത്തിലും പാരായണത്തിലും ലയിച്ച് അദ്ദേഹം കരയാൻ തുടങ്ങി. കണ്ണുനീർ താടിരോമങ്ങളിലൂടെ ഒലിച്ചിറങ്ങി. ചുറ്റുമുള്ള പാത്രിയാർക്കീസുമാരുടെ കണ്ണുനീർ വീണ് ഏടുകൾ നനഞ്ഞു. മർയം അധ്യായത്തിന്റെ പ്രമേയം ഈസാ നബി (അ)യും മാതാവ് മർയമു (റ)മാണല്ലോ! അടിസ്ഥാന ക്രൈസ്തവരായ രാജാവിനെയും സഭാംഗങ്ങളെയും അതേറെ സ്വാധീനിച്ചു.
ഉടനെ രാജാവ് പറഞ്ഞു, “ഈസാ മൂസാ (അ) പ്രവാചകന്മാർ അവതരിപ്പിച്ചതും ഇപ്പോൾ കേട്ടതും ഒരേ ഉറവിടത്തിൽ നിന്നാണല്ലോ! ഒരേ വിളക്കുമാടത്തിലെ വ്യത്യസ്ത പ്രകാശരേഖകൾ “.
തുടർന്ന് ഖുറൈശീ പ്രതിനിധിയായ അംറിനോട് രാജാവ് ചോദിച്ചു. “ഇവിടെയെത്തിയ മുസ്‌ലിംകളുടെ കൂട്ടത്തിൽ നിങ്ങളുടെ അടിമകളായവർ ആരെങ്കിലും ഉണ്ടോ ?”
iഇല്ല “.
“ഇവർ നിങ്ങൾക്കെന്തെങ്കിലും വായ്പകൾ തിരിച്ചു തരാനുണ്ടോ?”
” ഇല്ല ” , അംറ് മറുപടി പറഞ്ഞു.
അവസാനം രാജാവ് പറഞ്ഞു. “ഇക്കൂട്ടരെ ഒരിക്കലും ഞാൻ നിങ്ങൾക്ക് വിട്ടുതരില്ല. നിങ്ങൾക്ക് പോകാം ” .
പുറത്തിറങ്ങിയപ്പോൾ അംറ് പറഞ്ഞു. “നാളെയാവട്ടെ, ഞാൻ അവസാനത്തെ ഒരടവും കൂടി പയറ്റി നോക്കാം “.
ആമിർ പറഞ്ഞു, “വേണ്ട, ഏതായാലും അവർ നമ്മുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെത്തന്നെയല്ലേ “.
അംറ് പറഞ്ഞു, “അവർക്ക് ഈസാ നബി (അ)യെക്കുറിച്ചുള്ള വിശ്വാസം ശരിയല്ല എന്ന കാര്യം ഞാൻ നാളെ രാജാവിനോട് പറയും. അതുവഴി എല്ലാം തിരിച്ചു വീശും “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-93/365
അടുത്ത ദിവസം തന്നെ അംറ് രാജസന്നിധിയിലെത്തി. രാജാവിനോട് പറഞ്ഞു, മുസ്‌ലിംകൾ ഈസാ നബി(അ)യെക്കുറിച്ച് തെറ്റായ വിശ്വാസമാണ് വച്ച് പുലർത്തുന്നത് എന്ന്. രാജാവ് ജഅ്ഫറി (റ)നെ വിളിപ്പിച്ചു. അപ്പോൾ മുസ്‌ലിംകൾ കൂടിയാലോചിച്ചു. എന്തായിരിക്കും പ്രശ്നം? ഇനി ഈസാ നബി (അ)യെക്കുറിച്ചുള്ള അഭിപ്രായാന്വേഷണമാണെങ്കിൽ നമ്മൾ എന്താ പറയുക? എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു, “അല്ലാഹുവും റസൂലും ﷺ എന്താണോ പറഞ്ഞത് , അത് തന്നെ പറയുക. ജഅ്ഫർ (റ) പറഞ്ഞു, “ഇന്നും ഞാൻ തന്നെ വിഷയം അവതരിപ്പിക്കാം “.
സ്വഹാബികൾ രാജസന്നിധിയിലെത്തി, അംറും ഉമാറയും ഇരുവശത്തുമായി ഇരുന്നു. പാത്രിയാർക്കീസുമാർ ഒപ്പം അണിനിരന്നു. ജഅ്ഫറി (റ)നോടും കൂട്ടുകാരോടും ചോദിച്ചു; “ഈസാ പ്രവാചകനെ (അ) ക്കുറിച്ച് നിങ്ങളുടെ നിലപാടെന്താണ് ?”
“ഞങ്ങളോട് ഞങ്ങളുടെ പ്രവാചകൻ ﷺ പറഞ്ഞു തന്നതു തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. ഇസാ നബി (അ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണ്. പവിത്രാത്മാവാണ്. അല്ലാഹു അവന്റെ പരിശുദ്ധയും പതിവ്രതയുമായ ദാസി മർയമിൽ ആ ആത്മാവിനെ നിക്ഷേപിച്ചു. കേട്ടമാത്രയിൽത്തന്നെ കൈനിലത്തടിച്ച് ഒരു കൊള്ളിക്കഷണമെടുത്തിട്ട് രാജാവ് പറഞ്ഞു; “ജഅ്ഫർ പറഞ്ഞത് കൃത്യമാണ്. ഈ കൊളളിക്കഷണത്തിന്റെ പോലും വ്യത്യാസം വന്നിട്ടില്ല. അല്ലയോ , പാതിരിമാരേ ! ഇനിയൊന്നും പറയേണ്ടതില്ല “. പാതിരിമാർ ചില കലപിലകൾ ഉണ്ടാക്കാൻ തുടങ്ങി. ഉടനെ രാജാവ് പറഞ്ഞു, “നിങ്ങൾ ശബ്ദമുണ്ടാക്കിയാലും ശരി ഇത് കൃത്യമാണ് “. വേദങ്ങളും പ്രവാചകത്വ വിശ്വാസവുമൊക്കെ നന്നായി അറിയുന്ന ആളായിരുന്നു അദ്ദേഹം.
രാജാവ് വിശ്വാസികൾക്കു നേരെ തിരിഞ്ഞു കൊണ്ട് തുടർന്നു. “നിങ്ങൾക്ക് സ്വാഗതം ! നിങ്ങൾക്കൊപ്പമുള്ളവർക്കും സ്വാഗതം. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. തൗറാതിൽ സുവിശേഷം പറയുകയും ഇൻജീലിൽ എടുത്ത് പറയുകയും ചെയ്ത സത്യ ദൂതൻﷺ. നിങ്ങൾ ഈ രാജ്യത്ത് എവിടെയും സ്വസ്ഥമായി ജീവിച്ചോളൂ. ഈ രാജദൗത്യം ഇല്ലായിരുന്നെങ്കിൽ ഞാനാ പ്രവാചകന്റെ ﷺ പാദസേവകനാകുമായിരുന്നു “. വിശ്വാസികൾക്ക് ഭക്ഷണവും വസ്ത്രവുമെത്തിക്കാൻ കൽപനയിറക്കി. ശേഷം പറഞ്ഞു, “നിങ്ങൾ സുരക്ഷിതരായി വസിച്ചോളൂ. ആരെങ്കിലും നിങ്ങളെ ആക്ഷേപിച്ചാൽ അവരിൽ നിന്ന് ്് പിഴയിടാക്കും”. മൂന്നു പ്രാവശ്യം അതാവർത്തിച്ചു പറഞ്ഞു. “എനിക്ക് ഒരു പർവതം കണക്കെ സ്വർണം പകരം തരാമെന്ന് പറഞ്ഞാലും നിങ്ങളിൽ ഒരാളെയും ഞാൻ പ്രയാസപ്പെടുത്തുകയില്ല”.
ഒരു നിവേദനത്തിൽ ഇങ്ങനെ കൂടി വായിക്കാം : “മുസ്‌ലിംകളോട് രാജാവ് ചോദിച്ചു, നിങ്ങളെ ആരെങ്കിലും ഇവിടെ ശല്യപ്പെടുത്താറുണ്ടോ? ഉണ്ട് എന്ന് ചില വിശ്വാസികൾ പറഞ്ഞു. ഉടനെ രാജവിളംബരം നടത്തുന്ന ആളെ വിളിച്ചു പറഞ്ഞു. മുസ്‌ലിംകളിൽ ആരെയെങ്കിലും ശല്യപ്പെടുത്തിയാൽ നാല് ദിർഹം പിഴയായിരിക്കും. പോരേ എന്ന് വിശ്വാസികളോട് ചോദിച്ചു. പോരാ എന്നു പറഞ്ഞപ്പോൾ എന്നാൽ ഇരട്ടി അഥവാ എട്ട് ദിർഹം പിഴയായിരിക്കും എന്ന് വിളംബരം ചെയ്യാൻ പറഞ്ഞു. മൂസ ബിൻ ഉഖ്ബയുടെ നിവേദനപ്രകാരം ആരെങ്കിലും മുസ്‌ലിംകളിൽ ഒരാളെ പ്രയാസപ്പെടുത്തുന്ന നോട്ടം നോക്കിയാൽ അവൻ എന്നോട് എതിര് പ്രവർത്തിച്ചു എന്നു കൂടിയുണ്ട്.
അഭയാർഥി പ്രവാഹങ്ങളുള്ള വർത്തമാനകാലത്ത് ഈ ചരിത്രവായനയ്ക്ക് ഏറെ കൗതുകമുണ്ട്. സഹിഷ്ണുതയോടെയും ന്യായമായ സംവാദങ്ങളിലൂടെയും ഉൾക്കൊള്ളലിന്റെ രീതിശാസ്ത്രം എങ്ങനെ പ്രയോഗിക്കാം എന്ന വായന കൂടിയാണിത്.
ഖുറൈശി പ്രതിനിധികളായ അംറിനെയും ആമിറിനേയും തിരിച്ചയച്ചു. എന്നിട്ട് പറഞ്ഞു ന അവർ കൊണ്ടു വന്ന ഉപഹാരങ്ങൾ അവർക്ക് തിരിച്ചു നൽകിയേക്കൂ. എനിക്കതാവശ്യമില്ല. എനിക്കെന്റെ അധികാരം തിരിച്ചു നൽകുന്നതിന് അല്ലാഹു എന്റെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ല. പിന്നെ ഞാനെങ്ങനെ കൈക്കൂലി സ്വീകരിക്കും. എനിക്ക് ജനങ്ങളെ അനുസരിപ്പിച്ചു തന്ന പടച്ചവനെ ജനങ്ങളുടെ കാര്യത്തിൽ ഞാൻ അനുസരിക്കുന്നു.
ഖുറൈശീ പ്രതിനിധികൾ വളരെ ഇളിഭ്യരായി മടങ്ങേണ്ടി വന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-94/365
അധികാരം തിരിച്ചു ലഭിക്കാൻ ഞാൻ അല്ലാഹുവിന് കൈക്കൂലി നൽകിയിട്ടില്ല എന്ന പ്രയോഗത്തിന് ചരിത്രപരമായ ഒരു കാരണമുണ്ട്. നജ്ജാശി അഥവാ, നേഗസ് എന്നത് ഹബ്ഷയിലെ ഭരണാധികാരികൾക്ക് പൊതുവെ പറയുന്ന പേരാണ്. നബി ﷺ യുടെ കാലത്ത് ഭരിച്ചിരുന്ന നജ്ജാശിയുടെ പേര് ‘അസ്ഹമത് ബിന് അബ്ജർ ‘ എന്നായിരുന്നു. അദ്ദേഹത്തിന് മുമ്പ് ഭരണാധികാരിയാവേണ്ടത് പിതാവ് അബ്ജർ ആയിരുന്നു. എന്നാൽ അബ്ജറിനെ വധിച്ച് സഹോദരൻ അധികാരത്തിലേറി. എന്നാലും സഹോദരൻ്റെ മകൻ അസ്ഹമിനെ നല്ല ഇഷ്ടമായിരുന്നു. എപ്പോഴും ഒപ്പം കൊണ്ട് നടക്കുകയും ചെയ്തു. എന്നാൽ പന്ത്രണ്ട് മക്കളുടെ പിതാവായ ഇദ്ദേഹത്തോട് സ്വന്തം മക്കൾ ഇക്കാര്യത്തിൽ അനിഷ്ടത്തിലായി. അസ്ഹം വലുതായാൽ പിതാവിന്റെ ഘാതകനായ പിതൃസഹോദരനെ കൊന്നുകളഞ്ഞേക്കുമെന്നു വരെ ധരിപ്പിച്ചു. അസ്ഹമിനെയും കൊല്ലണമെന്നായിരുന്നു അവരുടെ ആവശ്യം. സ്വന്തം സഹോദരനെ കൊന്നതിൽപ്പിന്നെ അവന്റെ മകനെയും കൊല്ലാൻ ഭരണാധികാരിക്ക് മനസ്സു വന്നില്ല. എങ്കിലും മക്കളുടെ നിർബന്ധത്തിന് വഴങ്ങി. അറുനൂറ് ദിർഹമിന് അടിമയാക്കി വിറ്റ് നാടു കടത്തി.
കാലങ്ങൾ കഴിഞ്ഞ് ഭരണാധികാരി മരണപ്പെട്ടു. മക്കളിൽ ആരെയും അധികാരമേൽപ്പിക്കാൻ നാട്ടുകാർ തയ്യാറായില്ല. അവർ പ്രാപ്തരുമായിരുന്നില്ല. അവർ അസ്ഹമിനെ അന്വേഷിച്ചു കണ്ടെത്തി. നാട്ടിൽക്കൊണ്ടുവന്ന് കിരീടം വച്ചുകൊടുത്തു. അവസാനം, പണം കൊടുത്തു വാങ്ങിയ ആൾ ഹബ്ശയിലെത്തി. ഒന്നുകിൽ സംഖ്യ തിരിച്ചു തരണം. അല്ലെങ്കിൽ അസ്ഹം അടിമയായിത്തിരിച്ചെത്തണം എന്നായി. നാട്ടുകാർ ഇടപെട്ടു പണം നൽകി അദ്ദേഹത്തെ മടക്കിയയച്ചു.
കൗതുകകരമായ ഈ അനുഭവത്തെയോർത്തു കൊണ്ടാണ് കൈക്കൂലി നൽകാതെയാണ് അല്ലാഹു അധികാരം നൽകിയത് എന്ന് നജ്ജാശി എടുത്ത് പറഞ്ഞത്.
മുസ്‌ലിംകളോട് ആഭിമുഖ്യം കാണിച്ചതിനാൽ ഹബ്ശയിലെ ക്രിസ്ത്യാനികളായ ഒരു സംഘത്തിന് രാജാവിനോട് നീരസമായി. അവർ തന്നെ തോൽപ്പിച്ചാലും മുസ്‌ലിംകൾ പ്രയാസപ്പെടരുത് എന്ന് രാജാവ് ആത്മാർഥമായി ആഗ്രഹിച്ചു. ഉടനെ ജഅ്ഫറി (റ)നെ വിളിച്ചു. എന്നിട്ട് മുസ്‌ലിംകളോട് ഇങ്ങനെ പറഞ്ഞു : “ഞാനിതാ ഇവിടെ ഒരു കപ്പൽ തയ്യാർ ചെയ്തിട്ടുണ്ട്. ഒരു പക്ഷേ, ഞാൻ പരാജയപ്പെട്ടാൽ നിങ്ങൾ ഈ കപ്പലിൽക്കയറി സുരക്ഷിതമായ സ്ഥലത്തേക്ക് പൊയ്ക്കൊള്ളണം. ഞാൻ ജയിച്ചെന്നറിഞ്ഞാൽ ഇവിടെത്തന്നെ തുടരാം “. തുടർന്ന് അദ്ദേഹം ഒരു കുറിപ്പെഴുതി. ഉള്ളടക്കം ഇങ്ങനെയായിരുന്നു : “അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്ന് സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദാസനും ദൂതനുമാകുന്നു. മർയമിന്റെ മകൻ ഈസാ (അ) അല്ലാഹുവിന്റെ ദൂതനും ദാസനും മർയമയിലേക്ക് നിക്ഷേപിക്കപ്പെട്ട വചനവും പവിത്രാത്മാവുമാകുന്നു. ഈ കുറിപ്പ് ഒരു കവചത്തിലാക്കി വലത്തേ ചുമലിൽ വച്ചു. ശേഷം ഹബ്ശയിലെ ജനങ്ങളെ അഭിമുഖീകരിച്ചു. എന്നിട്ട് ചോദിച്ചു; “അല്ലയോ ജനങ്ങളേ, ഞാൻ നിങ്ങൾക്ക് കടപ്പെട്ട ആളല്ലേ?”
അവർ പറഞ്ഞു, “അതേ!”
“നിങ്ങളുമായുള്ള എന്റെ നടപടിക്രമങ്ങൾ എങ്ങനെയാണ്?”
“നല്ലതു തന്നെ”.
“പിന്നെയെന്താണ് നിങ്ങൾക്ക് പ്രശ്നം?”
അവർ പറഞ്ഞു, “രാജാവേ, നിങ്ങൾ നമ്മുടെ മതം ഒഴിവാക്കിയിരിക്കുന്നു. നിങ്ങൾ വിശ്വസിക്കുന്നു, ഈസാ (അ) അല്ലാഹുവിന്റെ ദാസനാണെന്ന്. യഥാർഥത്തിൽ അവിടുന്ന് അല്ലാഹുവിന്റെ പുത്രനാണ് “.
ഉടനെ അദ്ദേഹം ചുമലിൽ കൈവച്ചു. എഴുതിക്കരുതിവെച്ച കുറിപ്പിന്മേൽ കൈയമർത്തിക്കൊണ്ട് പറഞ്ഞു. “ഇതിനപ്പുറം ഒന്നുമല്ല “. ശ്രോതാക്കൾ വിചാരിച്ചു. ദൈവപുത്രനപ്പുറം ഒന്നുമല്ല എന്ന്. രാജാവ് ലക്ഷ്യം വച്ചത് താൻ എഴുതിവച്ചതിനപ്പുറം ഒന്നുമല്ല എന്നും. ജനങ്ങൾ പറഞ്ഞു. “ഞങ്ങൾക്ക് തൃപ്തിയായി “. അവർ പിരിഞ്ഞു പോയി.
മഹതിയായ ഉമ്മുസലമ:(റ) വിശദീകരിക്കുന്നു. “ഞങ്ങൾ നേഗസ് രാജാവിൻ്റെയടുക്കൽ നല്ല ക്ഷേമത്തിൽ ജീവിച്ചു പോന്നു. അതിനിടയിൽ ഹബ്ശക്കാരനായ മറ്റൊരാൾ അധികാരവാദം ഉന്നയിച്ച് രംഗത്ത് വന്നു. ഞങ്ങൾ ഏറെ ദുഃഖിച്ചു. അയാൾ ജയിച്ചടക്കുമോ എന്ന് ആകുലപ്പെട്ടു. നൈലിന്റെ തീരത്താണ് അവർ തമ്മിലുള്ള പോരാട്ടം. സ്വഹാബികൾ കൂടിയാലോചിച്ചു ആരാണ് നമ്മുടെ കൂട്ടത്തിൽ നിന്ന് പോരാട്ടരംഗം നേരിട്ട് വീക്ഷിക്കാൻ പോവുക? കൂട്ടത്തിൽ ചെറുപ്പക്കാരനായ സുബൈർ ബിൻ അൽ അവ്വാം(റ) പറഞ്ഞു ഞാൻ പോകാം…”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-95/365
ഉമ്മുസലമ: (റ) തുടരുന്നു. “ഞങ്ങൾ സുബൈറി (റ)നു വേണ്ടി ഒരു തോണിയുണ്ടാക്കി, അതിൽക്കയറി. അദ്ദേഹം നൈലിൽ സഞ്ചരിച്ച് യുദ്ധരംഗം നിരീക്ഷിച്ചു. ഞങ്ങൾ നജ്ജാശിക്ക് വേണ്ടി ആത്മാർഥമായി പ്രാർഥിച്ചു. എന്താണ് സംഭവിക്കുകയെന്ന് ഞങ്ങൾ ആശങ്കയോടെ കാത്തിരുന്നു. അപ്പോഴതാ സുബൈർ (റ) ആവേശത്തോടെ വന്നു പറയുന്നു : ‘നിങ്ങൾ സന്തോഷിച്ചോളൂ. നേഗസ് ജയിച്ചിരിക്കുന്നു ‘. ഞങ്ങൾ അത്രമേൽ സന്തോഷിച്ച ഒരനുഭവം ഹബ്ശയിലെ ജീവിതകാലത്ത് വേറെയില്ല. നാടും നാട്ടുകാരും ആനന്ദത്തിലും സമാധാനത്തിലുമായി “.
വളരെ കൗതുകകരമായ ഒരു കഥ ഈ അധ്യായത്തിൽ ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം : – “ഖുറൈശി പ്രതിനിധികളായി ഹബ്ശയിലേക്ക് പോയ അംറിൻ്റെയും ഉമാറയുടെയും കഥയാണിത്. അംറ് അത്ര സൗന്ദര്യമുള്ള ആളായിരുന്നില്ല.
എന്നാൽ ഉമാറ നല്ല സുന്ദരനായിരുന്നു. അംറിന്റെ ഭാര്യ ഉമാറയെ പ്രേമിച്ചു. അവർ രണ്ടുപേരും ചേർന്ന് അംറിനെ കടലിൽ ഉന്തിയിട്ടു. അംറ് നീന്തിക്കയറാൻ ശ്രമിച്ചു. കപ്പിത്താന്മാർ സഹായിച്ചു കപ്പലിൽ തിരിച്ചു കയറി. പക്ഷേ, അംറ് വിരോധമൊന്നും പ്രകടിപ്പിച്ചില്ല. പത്നിയോട് പറഞ്ഞു; ‘നീ ഉമാറയെ ഒന്നു ചുംബിച്ചോളൂ; അദ്ദേഹത്തിന് ഒരു സന്തോഷമാകട്ടെ ‘. അങ്ങനെ യാത്ര തുടർന്നു “.
ഹബ്ശയിൽ നിന്ന് പദ്ധതികൾ മുഴുവൻ പാളി നിന്ദ്യരായി. പക്ഷേ, അംറിൻ്റെ പക ഉള്ളിലുണ്ടായിരുന്നു. അദ്ദേഹം ഉമാറയോട് പറഞ്ഞു. നീ നല്ല സുന്ദരനാണല്ലോ? സ്ത്രീകളെ സൗന്ദര്യം വേഗം ആകർഷിക്കും. നീ രാജാവിന്റെ ഭാര്യയെ ആകർഷിച്ചാൽ നമ്മുടെ പദ്ധതികൾ നടപ്പിലാക്കാൻ ചിലപ്പോൾ സാധിച്ചേക്കും. ഉമാറ അതിൽ വീണു. രാജാവിന്റെ ഭാര്യയെ ആകർഷിക്കാനുള്ള സന്ദർശനങ്ങളായി. അവർക്കിഷ്ടമുള്ള സുഗന്ധം ഉപയോഗിച്ചു. അംറ് രാജാവിനെ സമീപിച്ചു. ഉമാറ രാജാവിന്റെ ഭാര്യയെ വശീകരിക്കാനൊരുങ്ങുന്നതായി അറിയിച്ചു. രാജാവിന്റെ കോപമുണർന്നു. അദ്ദേഹം പറഞ്ഞു. എന്റെ നാട്ടിൽ അതിഥിയായി വന്ന ആളായിപ്പോയി. അല്ലെങ്കിൽ ഞാൻ ഉമാറയെ വധിച്ചു കളഞ്ഞേനെ. എന്നാൽ, കൊന്നുകളയുന്നതിനേക്കാൾ നല്ല പണി നാം അവനു നൽകും.
അദ്ദേഹം മാരണക്കാരെ വിളിച്ചു. അവർ മന്ത്രങ്ങൾ ചെയ്ത് മൂത്രദ്വാരത്തിൽ ബ്ലാക്ക് മാജിക് ചെയ്തു. ഉമാറ കാട്ടിൽപ്പതിച്ചു. മനുഷ്യന്മാരെക്കണ്ടാൽ ഓടിയൊളിക്കും കാട്ടിലഭയം തേടും. ജീവിതം മുഴുവൻ വന്യജീവികൾക്കൊപ്പമായി.
ഉമർ (റ) വിന്റെ ഭരണകാലം വരെ അങ്ങനെ തുടർന്നു. അക്കാലത്ത് ഉമാറയുടെ അമ്മാവന്റെ മകൻ അബ്ദുല്ലാഹ് ബിൻ അബീ റബീഅ ഖലീഫയുടെ സമ്മതത്തോടെ ഹബ്ശയിലെത്തി. വന്യജീവികൾക്കൊപ്പം സഞ്ചരിക്കുന്ന ഉമാറയെക്കണ്ടെത്തി. ശരീരം മറയുന്നവിധം മുടി വളർന്നിരിക്കുന്നു. നീണ്ടു വളർന്ന നഖങ്ങൾ. പിച്ചിച്ചീന്തിയ വസ്ത്രം. മൊത്തത്തിൽ ഒരു പിശാചിന്റെ രൂപം. മൃഗങ്ങൾക്കൊപ്പം വെള്ളത്തിലേക്ക് പോകുന്ന വഴിക്ക് അബ്ദുല്ല അയാളെ കടന്നു പിടിച്ചു. ബന്ധവും കുടുംബവും ഒക്കെപ്പറഞ്ഞു. അയാൾ കുതറിയോടി. വീണ്ടും കടന്നുപിടിച്ചു. അയാൾ അട്ടഹസിച്ചു. അല്ലയോ ബുജൈർ, എന്നെ വിടൂ. ബുജൈർ എന്നെ വിട്ടയയ്ക്കൂ എന്നിങ്ങനെ ആർത്തുവിളിച്ചു. അബ്ദുല്ല പിടിമുറുക്കി. അധികം വൈകിയില്ല. ഉമാറ മരണപ്പെട്ടു.
വിശ്വാസികൾ സുരക്ഷിതരായി ഹബ്ശയിൽക്കഴിഞ്ഞു. നബി ﷺ യുടെ സന്ദേശങ്ങളെയും ദർശനങ്ങളെയും രാജാവ് നന്നായി പരിഗണിച്ചു. മുത്ത് നബി ﷺ രാജാവിനയച്ച കത്തും അദ്ദേഹം നൽകിയ മറുപടിയും ചരിത്രത്തിലെ വളരെ മനോഹരമായ ഒരു വായനയാണ്. ഇമാം ബൈഹഖി(റ)യുടെ നിവേദനം ഇങ്ങനെയാണ്.
“ബിസ്മില്ലാഹി…. അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് ബിൻ അബ്ദില്ലാഹ് ﷺ യിൽ നിന്ന് അൽ അസ്ഹം നജ്ജാശിക്ക്,
നിങ്ങൾക്ക് ശാന്തിയുണ്ടാകട്ടെ.! അല്ലാഹുവിനെ സ്തുതിക്കുന്നു. ഈസാനബി (അ) അല്ലാഹുവിന്റെ ദാസനും ദൂതനും പവിത്രാത്മാവുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ആ ആത്മാവിനെ പരിശുദ്ധയായ മർയമിൽ അവൻ നിക്ഷേപിച്ചു. ആദം പ്രവാചക (അ)നെ അല്ലാഹു നേരിട്ട് സൃഷ്ടിച്ചത് പോലെ മർയമിൽ ആത്മാവ് നിക്ഷേപിച്ച് ഗർഭവതിയാക്കി ഈസ (അ)യെ സൃഷ്ടിച്ചു. ഏകനായ അല്ലാഹുവിനെ ആരാധിക്കാനും അവനെ അനുസരിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അവന് പങ്കുകാരില്ല. ഞാൻ അല്ലാഹുവിന്റെ ദൂതനാകുന്നു. എന്നെ അനുഗമിക്കാനും അനുസരിക്കാനും അവതരിപ്പിക്കുന്ന കാര്യങ്ങൾ സ്വീകരിക്കാനും അഭ്യർഥിക്കുന്നു. എൻ്റെ പിതൃസഹോദരന്റെ മകൻ ജഅ്ഫറിനെ ഒരു സംഘത്തോടൊപ്പം ഞാനങ്ങോട്ടയച്ചിരിക്കുന്നു. അധികാരത്തിന്റെ പ്രൗഢി കാണിക്കാതെ അവരെ അംഗീകരിക്കുക. സ്വീകരിക്കുക! ഞാൻ നിങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ഉപദേശിക്കുകയും എനിക്ക് ലഭിച്ച നന്മ എത്തിച്ചു തരികയും ചെയ്തിരിക്കുന്നു. സ്വീകരിച്ചാലും..! നേർവഴി സ്വീകരിച്ചവർക്ക് ശാന്തി നേരുന്നു”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-96/365
ആദരപൂർവം നജ്ജാശി കത്ത് സ്വീകരിച്ചു. അവിടുന്ന് മറുപടി എഴുതി. ഉള്ളടക്കം ഇങ്ങനെ വായിക്കാം.
“അസ്ഹം ബിൻ അബ്ജർ അന്നജ്ജാശി അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് ﷺ ക്ക് എഴുതുന്നത്. അല്ലാഹുവിന്റെ ദൂതർക്ക് അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും കടാക്ഷവും വർഷിക്കട്ടെ. എന്നെ നേർവഴിയിലാക്കിയ അല്ലാഹു, അവനല്ലാതെ ആരാധനക്കർഹനില്ല. അല്ലയോ, അല്ലാഹുവിന്റെ ദൂതരേ! അവിടുന്ന് ഈസാനബി (അ)യെക്കുറിച്ച് എഴുതിയത് എനിക്ക് ലഭിച്ചു. ആകാശഭൂമികളുടെ പരിപാലകൻ സത്യം! നൂറു ശതമാനം ശരിയായ വിശദീകരണമാണ് ഇസാ നബി (അ)യെക്കുറിച്ച് അവിടുന്ന് പറഞ്ഞത്. അവിടുത്തെ പിതൃസഹോദരൻ്റെ മകൻ പറഞ്ഞ കാര്യങ്ങളും അവിടുന്ന് നിയോഗിച്ച സന്ദേശങ്ങളും ബോധ്യമായി. അവിടുന്ന് സത്യസന്ധനും സത്യ ദൂതനുമായ പ്രവാചകനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഞാൻ അങ്ങയെ അനുകരിക്കുന്നു. അവിടുത്തെ പിതൃസഹോദരന്റെ മകന്റെ കൈപിടിച്ച് അല്ലാഹുവിനോട് ഉടമ്പടി ചെയ്തിരിക്കുന്നു. എന്റെ മകൻ അരീഹയെ ഞാൻ അങ്ങോട്ടയക്കുന്നു. എല്ലാ വിധേനയും ഞാൻ അവിടുത്തെ അനുസരിക്കുന്നു. സന്ദേശങ്ങൾ സത്യമാണെന്നംഗീകരിക്കും. അവിടുന്ന് കൽപ്പിക്കുന്ന പക്ഷം ഞാൻ അങ്ങോട്ടെത്തിച്ചേരാൻ സന്നദ്ധനാണ് ” .
ഹബ്ശയിലെ രാജാവ് ഇസ്‌ലാം അംഗീകരിച്ചു. വിശ്വാസികൾ സന്തോഷത്തോടെ അവിടെ ജീവിച്ചു പോന്നു. മക്കയിലും ആ വാർത്ത സന്തോഷം നൽകി. അവിടേക്ക് പലായനം തുടരാൻ ആഗ്രഹിച്ചു. കൂട്ടത്തിൽ അബൂബക്കർ (റ)വും അങ്ങനെ ചിന്തിച്ചു.
ആഇശ (റ) പറയുന്നു. നബി ﷺ നിത്യേന രാവിലെയും വൈകുന്നേരവും എന്റെ ഉപ്പയുടെ അടുക്കൽ വരുമായിരുന്നു. പരീക്ഷണങ്ങൾ വർധിച്ച നാളുകളിൽ ഹബ്ശയിലേക്ക് പുറപ്പെടാൻ ഉപ്പ തീരുമാനിച്ചു. യാത്ര പുറപ്പെട്ട് ‘ബർക്കുൽ ഗിമാദ് ‘ വരെ എത്തി. അവിടുത്തെ പ്രവിശ്യാ നായകനായ ഇബ്നുദ്ദഗന്ന ചോദിച്ചു, “നിങ്ങൾ എവിടേക്കാണ്? എന്തിനാണിവിടുന്ന് പോകുന്നത്?”
“ഇവിടുത്തെ ജനങ്ങളാണ് എന്നെ പുറത്താക്കുന്നത്. സ്വസ്ഥമായി അല്ലാഹുവിനെ ആരാധിക്കാൻ നാട് വിട്ട് പോവുകയാണ് “.
ഇബ്നുദ്ദഗന്ന പറഞ്ഞു, ” നിങ്ങൾ ഇവിടം വിട്ടുപോകാൻ പാടില്ല. പാവങ്ങൾക്ക് അഭയവും അശരണരുടെ ആശ്രയവുമൊക്കെയായ നിങ്ങൾ . ഇവിടെത്തന്നെ തുടരണം. ഞാൻ നിങ്ങൾക്ക് അഭയം പ്രഖ്യാപിക്കുന്നു. നിങ്ങൾ ഈ നാട്ടിൽത്തന്നെ നിങ്ങളുടെ ആരാധന നിർവഹിച്ചോളൂ “.
അബൂബക്കർ (റ) പറഞ്ഞു, “ശരി എനിക്കൊപ്പം ഹാരിസ് ബിൻ ഖാലിദ് കൂടിയുണ്ട് “.
ഇബ്നുദ്ദഗന്ന പറഞ്ഞു; “അദ്ദേഹം യാത്ര തുടർന്നോട്ടെ. നിങ്ങൾ മാത്രം ഇവിടെ നിന്നോളൂ “.
“അപ്പോൾ പിന്നെ സൗഹൃദത്തിനെന്തു വിലയാണുള്ളത് ?” സിദ്ദീഖ് (റ) ചോദിച്ചു.
പക്ഷേ, ഹാരിസ് ഒപ്പമുള്ളവരെയും കൂട്ടി ഹബ്ശയിലേക്കു തന്നെ യാത്ര തുടർന്നു. ഇബ്‌നുദ്ദഗന്ന അബൂബക്കറി (റ)നൊപ്പം ഖുറൈശീ പ്രമുഖരുടെയടുത്തെത്തി. അദ്ദേഹം പറഞ്ഞു, “പാവങ്ങളെ സഹായിക്കുകയും അതിഥികളെ സത്ക്കരിക്കുകയുമൊക്കെച്ചെയ്യുന്ന അബൂബക്കർ (റ) ഈ നാട് വിടേണ്ടിവരരുത് “.
ഖുറൈശികൾ ഇബ്‌നുദ്ദഗന്നയുടെ ജാമ്യം അംഗീകരിച്ചു. ഒരു നിവേദനത്തിൽ ഇങ്ങനെയാണ് : “ഖുറൈശികൾ പറഞ്ഞു; അബൂബക്കർ (റ) വീട്ടിൽ ആരാധനയും ഖുർആൻ പാരായണവുമൊക്കെത്തുടർന്നോട്ടെ. പരസ്യമായിട്ട് പാടില്ല. അതു വഴി നമ്മുടെ കുടുംബങ്ങളൊക്കെ സ്വാധീനിക്കപ്പെട്ടേക്കും “.
അബൂബക്കർ (റ) വീടിനുള്ളിൽ ആരാധനയുമായിക്കഴിഞ്ഞു കൂടി. അധികം വൈകാതെത്തന്നെ, വീട്ടുമുറ്റത്ത് ഒരു പള്ളിയുണ്ടാക്കി നിസ്ക്കാരവും ഖുർആൻ പാരായണവുമൊക്കെ അവിടെത്തുടർന്നു. പരിസരവാസികളായ സ്ത്രീകളും കുട്ടികളുമെല്ലാം മഹാനവർകളുടെ ആരാധനകളിൽ ആകൃഷ്ടരായി. മഹാനവർകൾ ഖുർആൻ പാരായണം ചെയ്യുമ്പോൾ ആശയം ചിന്തിച്ച് ഏറെ കരയുന്നവരായിരുന്നു. മുശ്’രിക്കുകൾക്ക് അബൂബക്കറി (റ)ൻ്റെ നടപടികൾ ആശങ്കയുണർത്തി. അവർ ഇബ്നുദ്ദഗന്നയോട് പറഞ്ഞു; “നിങ്ങളുടെ ജാമ്യത്തിൽ വീടിന്റെയുള്ളിൽ ആരാധന നിർവഹിക്കാനാണ് അബൂബക്കറി (റ)ന് സമ്മതം നൽകിയത്. ഇപ്പോഴിതാ വീട്ടുമുറ്റത്ത് പളളിയുണ്ടാക്കി, പരസ്യമായി ആരാധന നിർവഹിക്കുന്നു, ഇതു ശരിയാവില്ല “.
ഇബ്നുദ്ദഗന്ന അബൂബക്കറി (റ)നെ സമീപിച്ചു. കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്നു പറഞ്ഞു. “എന്റെ അഭയത്തിലുള്ള ഒരാൾ കൈയേറ്റം ചെയ്യപ്പെടുന്നത് ഞാനാഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ ആരാധനകൾ വീട്ടിനുള്ളിൽ നിർവഹിക്കണം. അല്ലെങ്കിൽ, എൻ്റെ ജാമ്യത്തിൽ നിന്നൊഴിവാകണം. ഉടനെ അബൂബക്കർ (റ) പറഞ്ഞു; “ഞാൻ നിങ്ങളുടെ ജാമ്യം ഒഴിവാക്കി അല്ലാഹുവിൽ അഭയം തേടുന്നു “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-97/365
ഇബ്നു ഇസ്ഹാഖ് തുടരുന്നു. അബൂബക്കർ (റ) ഇബ്നുദ്ദഗന്ന യുടെ ജാമ്യത്തിൽ നിന്ന് ഒഴിവായ ശേഷം കഅ്ബയുടെ അടുത്തെത്തി. അപ്പോൾ ഖുറൈശികളുടെ കൂട്ടത്തിലെ ഒരു വിഡ്ഢിയായ മനുഷ്യൻ സിദ്ദീഖ് (റ) ന്റെ ശിരസ്സിൽ മണ്ണുവാരിയിട്ടു. ആ സമയത്ത് വലീദ്ബിൻ മുഗീറയോ ആസ്വ് ബിൻ വാഇലോ അതുവഴി കടന്നു പോയി. സിദീഖ് (റ) അദ്ദേഹത്തോട് ചോദിച്ചു; “കണ്ടില്ലേ നിങ്ങളുടെ കൂട്ടത്തിലുള്ളവർ ചെയ്യുന്നത് ?”
അയാൾ പറഞ്ഞു, “നിങ്ങൾ തന്നെയാണിത് വരുത്തി വച്ചത് “.
സിദ്ദീഖ് (റ) അപ്പോൾ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തിപ്പറഞ്ഞു.
പരീക്ഷണങ്ങൾ വിശ്വാസികളുടെ ആദർശവീര്യം വർധിപ്പിച്ചു. വിമർശങ്ങൾക്കിടയിലും ഭാഗ്യവാന്മാർ ഇസ്‌ലാം തേടിയെത്തി. നാനാ തുറകളിൽ നിന്നും തീർഥാടകരെത്തുന്ന മക്കയിൽ നിന്ന് പുതിയ വാർത്തകൾ എല്ലാ ദിക്കിലേക്കും പരന്നു.
അങ്ങനെയിരിക്കെ, ദൗസ് ഗോത്രക്കാരനായ ത്വുഫൈൽ ബിൻ അംറ് മക്കയിലെത്തി. അറിയപ്പെട്ട ഗോത്രത്തിലെ നേതാവും ബുദ്ധിമാനുമായ കവി. അദ്ദേഹത്തിന്റെ സ്വാധീനവും പ്രതിഭാത്വവും എല്ലാവർക്കും പരിചിതമാണ്. ഖുറൈശി പ്രമുഖർ അദ്ദേഹത്തെ സമീപിച്ചു. മുഹമ്മദ് നബി ﷺ യെക്കുറിച്ച് പറഞ്ഞു. “ഇവിടെ ഇങ്ങനെയൊരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രവാചകത്വം വാദിക്കുന്നു. മാസ്മരികമായ വചനങ്ങളാണ് അവതരിപ്പിക്കുന്നത്. അത് മാരണമാണ്. നിങ്ങൾ ആ വചനങ്ങൾ കേൾക്കുകയോ ആ വ്യക്തിയെ സന്ദർശിക്കുകയോ ചെയ്യരുത് “. പ്രാഥമികമായി ത്വുഫൈൽ അത് വിശ്വസിച്ചു. അദ്ദേഹം കരുതലോടെയാണ് സഞ്ചരിച്ചത്. കഅ്ബയുടെ മുറ്റത്തേക്ക് വന്നപ്പോൾ പ്രവാചകൻ ﷺ അവിടെ നിന്ന് നിസ്ക്കരിക്കുന്നു. ഖുർആൻ കേൾക്കാതിരിക്കാൻ കാതടച്ചു വച്ചു. പക്ഷേ, ഖുർആൻ പാരായണത്തിന്റെ ശകലം അദ്ദേഹം കേൾക്കാനിടയായി. അദ്ദേഹത്തെ അതാകർഷിച്ചു. അദ്ദേഹം സ്വയം വിലയിരുത്തി വിവേകശാലിയായ ഞാൻ എന്തിനിത് കേൾക്കാതിരിക്കണം. കവിയും ജ്ഞാനിയുമായ എനിക്ക് നല്ലതും അല്ലാത്തതും എന്ത് കൊണ്ട് വേർതിരിച്ചു കൂടാ ? ഏതായാലും കേൾക്കാം നല്ലതെങ്കിൽ സ്വീകരിക്കാം, അല്ലാത്തപക്ഷം ഒഴിവാക്കാമല്ലൊ. പ്രവാചകൻ ﷺ കഅ്ബയിൽ നിന്ന് വീട്ടിലേക്ക് തിരിക്കുന്നതു വരെ കാത്തിരുന്നു. പുറപ്പെടാൻ ഒരുങ്ങിയപ്പോൾ നബി ﷺ യെ സമീപിച്ചു. എന്നിട്ട് പറഞ്ഞു,
” അല്ലയോ , മുഹമ്മദ് ﷺ അവിടുത്തെ നാട്ടുകാർ അവിടുത്തെക്കുറിച്ച് ഇപ്രകാരമൊക്കെപ്പറഞ്ഞു. അവർ എന്നെ ഭയപ്പെടുത്തി. അത് പ്രകാരം ഖുർആൻ വചനങ്ങൾ കേൾക്കാതിരിക്കാൻ കാത് തിരുകി അടച്ചിട്ടാണ് ഞാൻ കഅ്ബയുടെ അടുത്തെത്തിയത്. എന്നാൽ എനിക്ക് വചനങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടായി. മനോഹരമായ വചനങ്ങൾ. എന്തു ഭംഗിയാണെന്നോ കേൾക്കാൻ ! എന്താണ് അവിടുന്ന് പ്രചരിപ്പിക്കുന്ന കാര്യം ?എനിക്കൊന്ന് പറഞ്ഞു തരൂ”. നബി ﷺ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചു. നൂറ്റിപ്പന്ത്രണ്ടാമത്തെ അധ്യായം ‘അൽ ഇഖ്‌ലാസ്’ ആണ് ആദ്യം കേൾപ്പിച്ചത്. ഏക ദൈവ വിശ്വാസം അഥവാ, തൗഹീദാണ് ആ അധ്യായത്തിന്റെ പ്രമേയം. ത്വുഫൈലിനെ അത് നന്നായി സ്വാധീനിച്ചു. തുടർന്ന് നൂറ്റിപ്പതിമൂന്ന്, നൂറ്റിപ്പതിന്നാല് (ഫലക്, നാസ്) എന്നീ രണ്ടധ്യായങ്ങളും ഓതിക്കേൾപ്പിച്ചു. തുടർന്ന് ഇസ്‌ലാമിലേക്കെന്നെ ക്ഷണിച്ചു. എത്ര സുന്ദരമായ വചനങ്ങൾ ! എത്ര നീതിപൂർവകമായ ആദർശം ! എന്തൊരു ചാരുതയുള്ള സംഹിത! ഞാൻ ഇസ്‌ലാം സ്വീകരിച്ചു. തുടർന്നു ഞാൻ പറഞ്ഞു; “എൻ്റെ ജനതയിൽ ഞാൻ സർവാംഗീകൃതനാണ്. ഞാൻ നാട്ടുകാരെ ഈ മാർഗത്തിലേക്ക് ക്ഷണിക്കാം. ഒപ്പം എനിക്ക് സവിശേഷമായ ഒരു അദ്ഭുത പ്രമാണം കൂടിത്തന്നാൽ നന്നായിരുന്നു “. തിരുനബി ﷺ അതിന് വേണ്ടി പ്രാർഥിച്ചു.
മഴയും ഇരുട്ടുമുള്ള രാത്രിയിൽ ഞാൻ നാട്ടിലേക്ക് മടങ്ങി. കൂരിരുട്ടിൽ ഒരു കുന്നിന്റെ അടുത്തെത്തി. അപ്പോഴതാ എന്റെ കണ്ണുകൾക്കിടയിൽ ഒരു വിളക്കുപോലെ വഴിയിൽ വെളിച്ചം പകർന്നു പ്രകാശിക്കുന്നു. ഞാനാലോചിച്ചു കണ്ണുകൾക്കിടയിൽ ഇതിങ്ങനെ നിന്നാൽ മുഖത്തുണ്ടായ ഒരു കലപോലെ അത് വായിക്കപ്പെടും. അത് മുഖമല്ലാത്ത സ്ഥലത്ത് ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു. വൈകിയില്ല ചാട്ടവാറിന്റെ അഗ്ര ഭാഗത്തേക്ക് ആ വെളിച്ചം മാറി. കൊളുത്തി വച്ച ഒരു വിളക്ക് പോലെ പ്രകാശിക്കാൻ തുടങ്ങി. മെല്ലെ മെല്ലെ കുന്നിറങ്ങി. വീട്ടിലേക്കടുത്തു. വയോധികനായ എന്റെ പിതാവ് അടുത്തേക്കു വന്നു. ഞാൻ പറഞ്ഞു, “ഉപ്പാ, അൽപ്പം അകലം പാലിക്കാം നമുക്ക് “.
“അതെന്താ മോനേ ?”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.
.
Mahabba Campaign Part-98/365
“ഞാൻ സത്യവിശ്വാസം സ്വീകരിച്ചു. മുഹമ്മദ് നബി ﷺ യുടെ മതം പിൻപറ്റിയിരിക്കുന്നു “.
“മോനേ, മോന്റെ മതം തന്നെ എന്റേതും. ഞാനും ഇസ്‌ലാം അംഗീകരിക്കുന്നു “. ഉപ്പ പറഞ്ഞു.
അപ്പോൾ ഞാൻ ഉപ്പയോട് പറഞ്ഞു; “എന്നാൽ അംഗശുദ്ധി വരുത്തി ഒരുങ്ങി വന്നാലും “. വേഗം തന്നെ ഉപ്പ റെഡിയായി വന്നു. ഞാൻ ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അവിടുന്ന് ഇസ്‌ലാം സ്വീകരിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ എൻ്റെ സഹധർമിണി അടുത്തേക്ക് വന്നു. ഞാൻ പറഞ്ഞു, “അൽപ്പം വിട്ടുനിൽക്കൂ “.
“എന്റെ ഉമ്മയും ഉപ്പയും എല്ലാമായ അങ്ങെന്തേ അങ്ങനെ പറയുന്നത് ?”
” ഞാൻ മുഹമ്മദ് ﷺ യെ അനുകരിക്കുന്നു. ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. ഇപ്പോൾ നമ്മൾ തമ്മിൽ ഒക്കുകയില്ല”.
അവൾ പറഞ്ഞു; “നിങ്ങൾ ഏത് മതത്തിലാണോ അത് തന്നെയാണ് എന്റെയും മതം “.
ഞാൻ പറഞ്ഞു; “എന്നാൽ നീ ശുദ്ധിവരുത്തി റെഡിയായി വരൂ”.
അവൾ റെഡിയായി വന്നു. ഞാൻ ഇസ്‌ലാമിനെപ്പരിചയപ്പെടുത്തി. അവൾ ഇസ്‌ലാം ആശ്ലേഷിച്ചു.
പക്ഷേ, എന്റെ ഉമ്മ അതിന് കൂട്ടാക്കിയില്ല. തുടർന്ന് ഞാൻ ദൗസ് ഗോത്രത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവർ ഉദാസീനത കാണിച്ചു. ഞാൻ നബി ﷺ യെ സമീപിച്ചു. എന്നിട്ട് ആവലാതി പറഞ്ഞു. ദൗസ് ജനതയിൽ വ്യഭിചാരം പെരുകിയിരിക്കുന്നു. അവിടുന്ന് അവർക്കെതിരിൽ ഒന്നു പ്രാർഥിക്കണം. നബി ﷺ പറഞ്ഞു “നിങ്ങൾ നാട്ടിലേക്ക് തന്നെ മടങ്ങുക. അവരോട് സൗമ്യമായിപ്പെരുമാറുക “.
നബി ﷺ മദീനയിലേക്ക് പലായനം ചെയ്യുന്നത് വരെ ഞാൻ നാട്ടിൽത്തന്നെ തുടർന്നു. പിന്നീട് ദൗസിൽ നിന്ന് സത്യവിശ്വാസം ഏറ്റെടുത്തവരോടൊപ്പം ഞാൻ ഖൈബറിൽ എത്തി. നബി ﷺ യെ അനുഗമിച്ചു.
മുത്ത് നബി ﷺ മക്കയിൽ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതരായി. ശത്രുക്കൾ അവരുടെ തന്ത്രങ്ങൾ മാറ്റി മാറ്റിപ്പയറ്റി. ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. പോരാത്തതിന് ഇസ്‌ലാം നാൾക്കുനാൾ വളരുന്നു. അതിനിടയിൽ ഖുറൈശി പ്രമുഖർ അറിഞ്ഞോ അറിയാതെയോ നബി ﷺ യുടെ വ്യക്തിത്വമഹത്വത്തെ സമ്മതിക്കേണ്ടി വരുന്നു. ഇക്കാലയളവിൽ അത്തരമൊരു സംഭവം മക്കയിലുണ്ടായി. അതിപ്രകാരമാണ് :
ഇറാഷിൽ നിന്നൊരാൾ മക്കയിൽ വന്നു. അയാളുടെ ഒട്ടകങ്ങൾ അബുൽ ഹകം അഥവാ, അബൂ ജഹൽ വില നിശ്ചയിച്ചു വാങ്ങി. പക്ഷേ, അയാൾ വില നൽകിയില്ല. അബൂ ജഹലിൽ നിന്ന് തന്റെ അവകാശം നേടിയെടുക്കാൻ ഇറാഷുകാരൻ പലരെയും സമീപിച്ചു, നടന്നില്ല. അദ്ദേഹം കഅ്ബയുടെ അടുത്തെത്തി. ഒരു ഭാഗത്ത് ഖുറൈശികളുടെ സഭ. പള്ളിയുടെ ഒരു ഭാഗത്ത് നബി ﷺ യും ഇരിക്കുന്നുണ്ട്. ഈ മനുഷ്യൻ വിളിച്ചു പറഞ്ഞു. അല്ലയോ , ഖുറൈശികളേ! അബുൽ ഹകമിന്റെ പക്കൽ നിന്ന് എന്റെ അവകാശം ആരാണ് വാങ്ങിത്തരിക? ഖുറൈശീ കൂട്ടത്തിൽ നിന്നുള്ളവർ വിളിച്ചു പറഞ്ഞു, “അതാ ആ ഇരിക്കുന്ന വ്യക്തിയോട് പറയൂ”.
നബി ﷺ യെ ലക്ഷ്യം വച്ച് പരിഹാസപൂർവം അവർ പറഞ്ഞു. അബൂജഹലിന് നബി ﷺ യോടുള്ള ശത്രുത മനസ്സിൽക്കണ്ട് ഊറിച്ചിരിച്ചുകൊണ്ടാണ് അവർ അതു പറഞ്ഞത്. പാവം പരദേശിയായ ആ മനുഷ്യൻ അത് മുഖവിലക്കെടുത്തു.
അയാൾ പ്രവാചകർ ﷺ യെ സമീപിച്ചു. തന്റെ ആവലാതി ബോധിപ്പിച്ചു. നബി ﷺ എഴുന്നേറ്റ് അയാൾക്കൊപ്പം നടന്നു. അബൂജഹലിന്റെ ഭവനം ലക്ഷ്യം വച്ച് നീങ്ങി. എന്തായിരിക്കും സംഭവിക്കുക എന്നറിയാൻ ഖുറൈശികൾ ഒരാളെ അങ്ങോട്ടയച്ചു. നബി ﷺ നേരെ അബൂജഹലിന്റെ വീട്ടുപടിക്കലെത്തി. വാതിലിൽ മുട്ടി. വാതിൽ തുറന്ന അബൂജഹൽ വിനീതനായി നിന്നു. നബി ﷺ പറഞ്ഞു, “ഇങ്ങോട്ട് വരൂ”. വിളറി വെളുത്ത് വിഹ്വലനായി അയാൾ മുന്നോട്ട് വന്നു. നബി ﷺ പറഞ്ഞു, “നിങ്ങൾ ഇയാൾക്ക് നൽകാനുള്ള അവകാശം നൽകണം “.
അയാൾ പറഞ്ഞു “ശരി”.
“ഇപ്പോൾ ഇവിടുന്ന് തന്നെ നൽകണം “. നബി ﷺ പറഞ്ഞു.
അയാൾ അകത്തു പോയി ഒട്ടകത്തിന്റെ വിലയുമായി വന്ന് ഇറാഷുകാരന്റെ ഇടപാട് തീർത്തു. അദ്ദേഹം നേരേ ഖുറൈശികളുടെ സഭയ്ക്കടുത്തെത്തി. പരസ്യമായി നബി ﷺ ക്ക് നന്ദി രേഖപ്പെടുത്തി. രംഗം വീക്ഷിക്കാൻ പോയ ആളോട് ഖുറൈശികൾ ചോദിച്ചു. “അഹോ , കഷ്ടം! എന്താണ് സംഭവിച്ചത് ? ” അയാൾ രംഗം വിശദീകരിച്ചു.
വൈകാതെ അബൂജഹൽ അവിടേക്കെത്തി. അയാളോട് ചോദിച്ചു, “എന്താണ് സംഭവിച്ചത് ?” അയാൾ പറഞ്ഞു. “മുഹമ്മദ് ﷺ എന്റെ വാതിലിൽ മുട്ടി. ശബ്ദം കേട്ടതും എന്റെ ഉള്ളിൽ ഒരു ഭയം. ഞാൻ വാതിൽത്തുറന്ന് പുറത്തെത്തി. അതാ മുഹമ്മദ് ﷺ ന്റെ ശിരസ്സിനു മുകളിൽ ഇന്നു വരെ കണ്ടിട്ടില്ലാത്തവിധം ഭീകരമായ ഒരൊട്ടകം വാ പിളർന്ന് നിൽക്കുന്നു. ഞാൻ അനുസരിച്ചില്ലെങ്കിൽ എന്നെ ആ ഒട്ടകം വിഴുങ്ങിക്കളയുമോ എന്നായി “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-99/365
നബി ﷺ യെ വിമർശിക്കുമ്പോഴും ശത്രുക്കൾക്കുണ്ടായ അദ്ഭുതകരമായ ചില അനുഭവങ്ങളിൽ ഒന്നാണ് നാം വായിച്ചത്. പക്ഷേ, പകയും അസൂയയും കാരണം അവർക്ക് നേർവഴിയിലെത്താൻ ഭാഗ്യം ലഭിച്ചില്ല. നീതിയും ന്യായവും സ്ഥാപിക്കാനെത്തിയ നബി ﷺ അവകാശ സംരക്ഷണത്തിന് എത്ര പ്രാധാന്യം നൽകി എന്നത് കൂടി മേൽ സംഭവം നമുക്ക് പകർന്നു തരുന്നു. അക്കാലയളവിൽ നബി ﷺ നടത്തിയ മറ്റൊരിടപെടൽക്കൂടി നമുക്ക് വായിക്കാം.
ഒരിക്കൽ നബി ﷺ കഅ്ബയുടെ പരിസരത്തിരിക്കുകയായിരുന്നു. ഒപ്പം ശിഷ്യൻമാരിൽ ചിലരുമുണ്ട്. അതാ സുബൈദ് ഗോത്രത്തിൽ നിന്നൊരാൾ കടന്നു വരുന്നു. അയാൾ ഇങ്ങനെ വിളിച്ചു ചോദിച്ചു കൊണ്ടാണ് വരുന്നത്. “അല്ലയോ ഖുറൈശികളേ, നിങ്ങളുടെ ഈ ഹറമിൽ വച്ച് ഇങ്ങനെ അക്രമിക്കപ്പെട്ടാൽ എങ്ങനെയാണിവിടെ ആളുകൾ വരുക ? ഇവിടെയെങ്ങനെയാ കച്ചവടം നടത്താൻ പറ്റുക? ചരക്കുകൾ എത്തിക്കാൻ കഴിയുക?” ഖുറൈശികൾ സംഘം ചേർന്നിരിക്കുന്ന ഓരോ സംഘത്തിനടുത്തും ഇങ്ങനെ അയാൾ ചോദിച്ചുകോണ്ടേയിരുന്നു. അവസാനം തിരുനബി ﷺ യുടെ അടുത്തെത്തി. നബി ﷺ അയാളോട് കാര്യമന്വേഷിച്ചു ; “ആരാണ് നിങ്ങളെ അക്രമിച്ചത്?”
അയാൾ പറഞ്ഞു തുടങ്ങി. “ഞാൻ എന്റെ വിലപിടിപ്പുള്ള മൂന്ന് ഒട്ടകങ്ങളുമായി ഇവിടെയെത്തി. അബൂജഹൽ ഒട്ടകങ്ങളുടെ മൂല്യത്തിന്റെ മൂന്നിലൊന്ന് വില മാത്രം പറഞ്ഞു. അയാൾ വിലപറഞ്ഞ കാരണം വേറെയാരും പിന്നെ ഒരു വിലയും പറഞ്ഞില്ല. എന്റെ ചരക്കിന്റെ വിലയിടിക്കുകയും അതുവഴി എന്നെ അക്രമിക്കുകയും ചെയ്തു “.
നബി ﷺ ചോദിച്ചു : “നിന്റെ ഒട്ടകങ്ങളെവിടെ?”
“അവകൾ ഖസ്’വറയിലുണ്ട് “, അയാൾ പറഞ്ഞു.
നബി ﷺ യുടെ ശിഷ്യന്മാരും അയാൾക്കൊപ്പം നടന്നു. ഒട്ടകങ്ങളുടെ അടുത്തെത്തി. കണ്ടപ്പോൾ നല്ല ലക്ഷണമൊത്ത ഒട്ടകങ്ങൾ. സുബൈദിയോട് വില പറഞ്ഞു. അയാൾ തൃപ്തിപ്പെട്ടു, വിലയുറപ്പിച്ചു. അതിൽ രണ്ടെണ്ണം നബി ﷺ വിറ്റഴിച്ചു. മൂന്നാമത്തതിന്റെ വില മുത്തലിബ് കുടുംബത്തിലെ വിധവകൾക്ക് നൽകി. രംഗമൊക്കെ വീക്ഷിച്ച അബൂജഹൽ മൗനിയായി മാർക്കറ്റിന്റെ ഒരു കോണിലിരിക്കുന്നു. നബി ﷺ അങ്ങോട്ട് നടന്നു ചെന്നു. എന്നിട്ട് പറഞ്ഞു. “അല്ലയോ , അംറ് ! ഇപ്പോൾ ഈ ഗ്രാമീണനായ അറബിയോട് ചെയ്ത പോലെ ആരോടെങ്കിലും ഇനി ചെയ്താൽ നിങ്ങൾക്കിഷ്ടമല്ലാത്തത് എന്നിൽ നിന്ന് നിങ്ങൾ കാണേണ്ടി വരും”.അബൂജഹൽ പറഞ്ഞു. “ഇല്ല, ഇനി ഞാൻ ചെയ്യില്ല. ഇല്ല, ഇനിയാവർത്തിക്കില്ല “.
നബി ﷺ തിരിഞ്ഞു നടന്നു.
ഉടനെ ഉമയ്യത് ബിൻ ഖലഫും കൂട്ടുകാരും അബൂജഹലിന്റെ അടുത്തെത്തി. അവർ ചോദിച്ചു. “ഇതെന്താ ഇത്ര വിനയത്തോടെ മുഹമ്മദ് ﷺ നോട് പ്രതികരിച്ചത്. വല്ല ഭയപ്പാടും കൊണ്ടാണോ? അല്ല മുഹമ്മദി ﷺ നെ പിൻപറ്റാനുള്ള വല്ല പദ്ധതിയുമുണ്ടോ?”
“ഏയ്, ഞാനൊരിക്കലും പിൻപറ്റുകയില്ല. പിന്നെ, ഞാൻ അങ്ങനെ പെരുമാറാൻ ഒരു കാരണമുണ്ട്. മുഹമ്മദ് ﷺ എന്റെ അടുത്തേക്ക് വന്നപ്പോൾ ഇടത്തും വലത്തുമായി കുന്തവും വഹിച്ച രണ്ടാളുകൾ. ഞാനെന്തെങ്കിലും എതിരു പറഞ്ഞാൽ എന്റെ മേൽ അവർ ചാടി വീഴുമോ എന്നു ഞാൻ പേടിച്ചു പോയി “.(നബി ﷺ ഒപ്പം കൂട്ടിയ മനുഷ്യരല്ല അയാൾക്കനുഭവപ്പെട്ട കാഴ്ചയാണത്)
മക്കയിലെ തീക്ഷ്ണതകൾക്കിടയിലും മുത്ത്നബി ﷺ യുടെ വിലാസം ഉയർന്നു കൊണ്ടിരുന്നു. ശത്രുക്കളുടെ പാളയങ്ങൾ നാൾക്കുനാൾ പരാജയം നേരിട്ടു. വിവിധ ദേശങ്ങളിൽ നിന്ന് സംഘങ്ങൾ മക്കയിലേക്ക് വന്നു കൊണ്ടിരുന്നു. എല്ലാ പ്രധാന സംഭവങ്ങളെയും പരാമർശിച്ചു കൊണ്ട് ഖുർആൻ സൂക്തങ്ങൾ അവതരിക്കുകയും ചെയ്തു. ഇബ്നു ഇസ്ഹാഖ് ഉദ്ധരിക്കുന്ന അപ്രകാരമൊരു നിവേദനം നമുക്ക് വായിക്കാം.
എത്യോപ്യയിൽ നിന്നുള്ള വാർത്തകളറിഞ്ഞ ഇരുപതോളം ക്രിസ്ത്യാനികൾ മക്കയിലെത്തി. കഅ്ബയുടെ പരിസരത്ത് വച്ച് നബി ﷺയെ അവർ കണ്ടുമുട്ടി. ഈ രംഗം ഖുറൈശികൾ അവരുടെ കൂട്ടങ്ങളിലിരുന്ന് വീക്ഷിച്ചുകൊണ്ടിരുന്നു. ആഗതർ നബി ﷺ യോട് സംഭാഷണം നടത്തി. മുത്ത് നബി ﷺ അവർക്ക് ഇസ്‌ലാം പരിചയപ്പെടുത്തി. ശേഷം, അവർക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചു. പാരായണത്തിന്റെ മാധുര്യവും ഉള്ളടക്കവും അവരെ സ്വാധീനിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മുത്ത് നബി ﷺ യുടെ ക്ഷണത്തിന് ഉത്തരം ചെയ്തു. അവർ ഇസ്‌ലാം സ്വീകരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-100/365
തിരുനബി ﷺ യുടെ സവിധത്തിൽ നിന്നവർ എഴുന്നേറ്റു. രംഗം വീക്ഷിച്ചു കൊണ്ടിരുന്ന അബൂജഹലും സംഘവും അവരുടെ നേരെ തിരിഞ്ഞു. എന്നിട്ടിങ്ങനെ പറയാൻ തുടങ്ങി. “അല്ലാഹു നിങ്ങളെ പരാജയപ്പെടുത്തട്ടെ! നിങ്ങളുടെ അനുയായികൾ നിങ്ങളെ നിയോഗിച്ചത് ഈ വ്യക്തിയെക്കുറിച്ച് അന്വേഷിച്ചു ചെല്ലാനല്ലേ? എന്നാൽ നിങ്ങൾ ഇവരെ കണ്ടുമുട്ടിയപ്പോഴേക്കും നിങ്ങളുടെ മതം വിട്ട് പുതിയ മതം സ്വീകരിച്ചു, അല്ലേ? നിങ്ങളെത്ര വിഡ്ഢികളായ സംഘം?”
അവർ തിരിച്ചു പറഞ്ഞു ; “നിങ്ങൾക്ക് നിങ്ങളുടെ നിലപാട്. ഞങ്ങൾക്ക് ഞങ്ങളുടെ ലോകം”.
നബി ﷺ യെ സമീപിച്ച ഈ സംഘം നജ്റാൻ കാരായ ക്രിസ്ത്യൻ പ്രതിനിധികളായിരുന്നു എന്നാണ് പ്രബലാഭിപ്രായം. ഈ സംഘത്തിന്റെ ആഗമനവും സമീപനവും ഖുർആനിലെ ഇരുപത്തിയെട്ടാം അധ്യായം അൽഖസ്വസ്വിലെ അൻപത്തിരണ്ട് മുതൽ അൻപത്തിയാറ് വരെയുള്ള സൂക്തങ്ങൾ പരാമർശിക്കുന്നുണ്ട്. ആശയം ഇങ്ങനെ വായിക്കാം : “മുൻകാലത്ത് വേദം ലഭിച്ചവർ ഇതിൽ അഥവാ, ഖുർആനിൽ വിശ്വസിക്കുന്നു. ഖുർആൻ ഓതിക്കേൾപിക്കുമ്പോൾ, തീർച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള സത്യമാകുന്നു, നേരത്തേ തന്നെ ഞങ്ങൾ അനുസരിച്ചിരിക്കുന്നു, ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു എന്നവർ പറയും. ഇത്തരക്കാർക്ക് അവരുടെ സഹിഷ്ണുത കാരണം ഇരട്ടി പ്രതിഫലം നൽകുന്നതാണ്. നാമവർക്ക് നൽകിയതിൽ നിന്നവർ ചിലവഴിക്കുന്നവരും തിന്മയെ നന്മ കൊണ്ട് തടുക്കുന്നവരുമാണവർ. അർത്ഥശൂന്യമായ വാക്കുകൾ കേട്ടാൽ അവർ അതിൽ നിന്ന് തിരിഞ്ഞുകളയും. എന്നിട്ടവർ പറയും , ഞങ്ങൾ അവിവേകികളെ പിന്തുടരാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങൾ, ഞങ്ങൾക്ക് ഞങ്ങളുടെ കർമങ്ങൾ. നിങ്ങൾക്ക് പോകാം.”
ഈ സൂക്തങ്ങൾ നജ്ജാശി രാജാവിനെയും അനുയായികളെയും പരാമർശിച്ചു കൊണ്ടാണെന്ന അഭിപ്രായം ഇമാം സുഹ്‌രി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഈ സംഭവത്തിന്റെ ആത്മാവുൾക്കൊള്ളുന്ന സൂക്തങ്ങളാണ് ഖുർആനിലെ അഞ്ചാം അധ്യായം അൽമാഇദയിലെ എൺപത്തിരണ്ടും എൺപത്തിമൂന്നും സൂക്തങ്ങൾ.
ഖുർആനും തിരുനബി ﷺ യും വിലാസങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. ലോകത്തെ ഓരോ ചലനവും എങ്ങനെ മുസ്‌ലിംകൾക്കെതിരിൽ ഉപയോഗപ്പെടുത്താം എന്ന് ഖുറൈശികൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. ആയിടയ്ക്കാണ് പേർഷ്യ റോമിനെ കിഴടക്കിയത്. മക്കയിലെ ഖുറൈശികൾക്ക് സന്തോഷമായി. അവർ മുസ്‌ലിംകളോട് പറഞ്ഞു : “അഗ്നിയാരാധകരായ പേർഷ്യക്കാർ വേദക്കാരായ റോമിനെ തോൽപ്പിച്ചിരിക്കുന്നു. കുറച്ചു കഴിയട്ടെ ഞങ്ങൾ നിങ്ങളെയും പരാജയപ്പെടുത്തും “.
വിവരം നബി ﷺ അറിഞ്ഞു. അവിടുന്ന് ഖുർആനിലെ മുപ്പതാമത്തെ അധ്യായം അർറൂം ഒന്നു മുതൽ ആറ് വരെയുള്ള സൂക്തങ്ങൾ ഓതിക്കേൾപിച്ചു. ആശയം ഇങ്ങനെയാണ്.
“അലിഫ് ലാം മീം, അടുത്ത ഭൂപ്രദേശത്ത് വച്ച് റോമക്കാർ പരാജിതരായിരിക്കുന്നു. ഈ പരാജയത്തിന് ശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ ജയിച്ചടക്കും. അന്ന് സത്യവിശ്വാസികൾ സന്തോഷിക്കും. പരമാധികാരം അല്ലാഹുവിന് മാത്രം. കഴിഞ്ഞതും വരാനുള്ളതും മുഴുവൻ അറിയുന്നവനാണവൻ. അവനിച്ഛിക്കുന്നവരെ അവൻ സഹായിക്കുന്നു. കരുണാവാരിധിയും അതിശക്തനുമാണവൻ. അല്ലാഹു വാഗ്ദാനം ചെയ്തതാണിത്. അവന്റെ വാഗ്ദാനം അവൻ ലംഘിക്കുകയില്ല. പക്ഷേ, അധിക ജനങ്ങളും അതറിയുന്നില്ല.”
പ്രാഥമികമായി ഒരു നിലയ്ക്കും സങ്കൽപ്പിക്കാൻ പോലും പറ്റുന്നതായിരുന്നില്ല റോമിന്റെ വിജയം. ഏതാനും വർഷങ്ങൾക്കകം എന്നതിന് പല പരികൽപ്പനകളും അവർ നൽകി. ഉബയ്യ് ബിൻ ഖലഫ്, അബൂബക്കർ (റ) നോട് ബെറ്റ് വച്ചു. മൂന്ന് വർഷത്തിനകം റോം ജയിച്ചാൽ മികവൊത്ത പത്ത് ഒട്ടകങ്ങൾ അബൂബക്കറി (റ)ന് നൽകാം. അല്ലാത്ത പക്ഷം ഉബയ്യിന് പത്ത് ഒട്ടകം നൽകണം. വിവരം നബി ﷺ അറിഞ്ഞു. അവിടുന്ന് പറഞ്ഞു. ഏതാനും വർഷങ്ങൾ എന്നതിന് ഖുർആൻ ഉപയോഗിച്ചത് “ബിള്അ സിനീൻ” എന്നാണ്. പത്തിൽ താഴെ വർഷങ്ങൾ എന്നാണതിന്റെ താത്പ്പര്യം. അതിനാൽ പന്തയം പത്ത് വർഷത്തിനുള്ളിൽ എന്നാക്കുക. ഇനാം നൂറൊട്ടകമായി വർധിപ്പിക്കുക. അബൂബക്കർ (റ) ഉബയ്യുമായി സംസാരിച്ച് പന്തയത്തിന്റെ കാലവും വസ്തുവും പുന:നിർണയിച്ചു. നിശ്ചയദാർഢ്യത്തോടുകൂടിയുള്ള ഈ വാതുവയ്പ്പ് ശത്രുക്കളെ അദ്ഭുതപ്പെടുത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-101/365
ക്രിസ്ത്വാബ്ദം 615 ലായിരുന്നു നബി ﷺ യുടെ പ്രവചനം. നാളുകൾ കടന്നു പോയി. ക്രി:622 ൽ അബൂബക്കർ (റ) മദീനയിലേക്ക് പലായനം ചെയ്യാൻ നേരം ഉബയ്യ് പന്തയത്തിന്റെ കാര്യം സിദ്ദീഖി (റ)നെ ഓർമപ്പെടുത്തി. സിദീഖ് (റ) തന്റെ അസാന്നിധ്യത്തിൽ പന്തയം പാലിക്കാൻ മകൻ അബ്ദുല്ലയെ ചുമതലപ്പെടുത്തി. പിൽക്കാലത്ത് ഉബയ്യ് ഉഹ്ദിലേക്ക് പുറപ്പെട്ടപ്പോൾ അബ്‌ദുല്ല ഉബയ്യിനെ സമീപിച്ചു. അയാളുടെ അസാന്നിധ്യത്തിൽ പന്തയത്തിനുത്തരവാദിയെ നിർണയിച്ചു തരാൻ പറഞ്ഞു. അത് നിർണയിച്ചു കൊടുത്തു. ഉഹ്ദിൽ നേരിട്ട പരിക്കിൽ ഉബയ്യ് മരണപ്പെട്ടു.
സീസർ ഹെർകുലീസ് സ്വകാര്യമായി കോൺസ്റ്റാന്റിനോപ്പിൾ വിട്ട് തറാപ് സോണിലേക്ക് പോയി. കരിങ്കടൽ വഴിയായിരുന്നു യാത്ര. പുഷ്ടുകളുടെ ഭാഗത്ത് നിന്ന് പേർഷ്യയെ അക്രമിക്കാൻ പദ്ധതികൾ തയ്യാറാക്കി. ക്രൈസ്തവ സഭകളുടെ സഹായത്തോടെ ക്രിസ്താബ്ദം 623 ൽ അർമേനിയയിൽ നിന്ന് ഹെർക്കുലീസ് പ്രത്യാക്രമണമാരംഭിച്ചു. തൊട്ടടുത്ത വർഷം അസർബീജാനിലേക്ക് നുഴഞ്ഞുകയറി സൗരാഷ്ട്രരുടെ കേന്ദ്രമായ ഇർമിയ കീഴടക്കി. തുടർന്ന് നിരന്തരമായി റോം പേർഷ്യയെ ആഘാതങ്ങൾ ഏൽപ്പിച്ചു. ഒടുവിൽ ക്രി: 627ൽ നീനവയിൽ നടന്ന ഏറ്റുമുട്ടലിൽ പേർഷ്യൻ സാമ്രാജ്യത്തിന്റെ അടിത്തറയിളകി.
ഇംഗ്ലീഷ് ചരിത്രകാരനായ ഗിബ്ബൺ പറയുന്നു; “ഖുർആനിന്റെ പ്രസ്താവനയെത്തുടർന്നുള്ള ഏഴെട്ടു വർഷങ്ങളിൽ പേർഷ്യയുടെ പരാജയം സങ്കൽപ്പിക്കാൻ പോലും പറ്റാത്തതായിരുന്നു. എന്ന് മാത്രമല്ല, റോം നിലനിൽക്കുമോ എന്നു പോലും ആശങ്കപ്പെടുന്ന അവസ്ഥയായിരുന്നു”
റോമിന്റെ വിജയത്തെത്തുടർന്ന് ഉബയ്യിന്റെ അനന്തരാവകാശികൾ പരാജയം സമ്മതിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട ഒട്ടകങ്ങൾ അബൂബക്കർ സിദീഖി (റ)ന് അവർ നൽകി. ചൂതാട്ട നിരോധന നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള പന്തയമായതിനാൽ യുദ്ധത്തിലേർപ്പെട്ട ശത്രുക്കളിൽ നിന്ന് ഒട്ടകങ്ങളെ സ്വീകരിച്ചു. എന്നാൽ സ്വന്തമായി ഉപയോഗിക്കാതെ സാധുക്കൾക്ക് വിതരണം ചെയ്യാനുള്ള നിർദേശം പാലിക്കപ്പെട്ടു.
*************
പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പത്താം വർഷമായി. മുത്ത് നബി ﷺ യുടെ പിതൃ സഹോദരൻ അബൂത്വാലിബ് രോഗശയ്യയിലായി. പിതാമഹന്റെ വിയോഗത്തെത്തുടർന്ന് എട്ടാം വയസ്സു മുതൽ മുത്ത് നബി ﷺ ക്ക് എല്ലാമെല്ലാമായി നിന്ന മഹദ് വ്യക്തിത്വം. അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ നബി ﷺ ഏറെ ദുഃഖം കടിച്ചിറക്കി. പരീക്ഷണങ്ങളുടെ തീച്ചൂളയിൽ ആശ്വാസത്തിന്റെ പ്രധാന അവലംബമാണ് ശയ്യാവസ്ഥയിൽ എത്തിയത്. നബി ﷺ ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ടിരുന്നു.
സഈദ് ബിൻ അൽ മുസയ്യബ് (റ) നിവേദനം ചെയ്യുന്നു. “ഒടുവിൽ മരണാസന്നനായപ്പോൾ നബി ﷺ സമീപത്ത് ചെന്നിരുന്നു. അപ്പോൾ ഖുറൈശി പ്രമുഖരായ അബൂജഹൽ, അബ്ദുല്ലാഹിബ്നു അബീഉമയ്യത്ബിനുൽ മുഗീറ എന്നിവർ അടുത്തുണ്ടായിരുന്നു. നബി ﷺ അബൂത്വാലിബിനോട് പറഞ്ഞു. അല്ലയോ , പിതൃസഹോദരാ! ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനം പറയൂ. ഞാൻ അല്ലാഹുവിങ്കൽ നിങ്ങൾക്ക് വേണ്ടി സാക്ഷി നിൽക്കാം. ഉടനെ അബൂജഹലും അബ്ദുല്ലയും പറഞ്ഞു. ഓ , അബൂത്വാലിബ് ! നിങ്ങൾ അബ്ദുൽ മുത്വലിബിന്റെ മാർഗത്തോട് വിസമ്മതം പറയുകയാണോ? നബി ﷺ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലാൻ പറഞ്ഞപ്പോഴൊക്കെ അവർ അബൂത്വാലിബിനോട് ഇതാവർത്തിച്ചു. അവസാനം അദ്ദേഹം പറഞ്ഞു. ഞാൻ അബ്ദുൽ മുത്വലിബിന്റെ മാർഗത്തിലാണ്. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് അദ്ദേഹം മൊഴിഞ്ഞില്ല. അപ്പോൾ നബി ﷺ പറഞ്ഞു. ഞാൻ വിലക്കപ്പെടുന്നത് വരെ നിങ്ങൾക്ക് വേണ്ടി ഞാൻ പാപമോചനം തേടിക്കൊണ്ടിരിക്കും. ”
തുടർന്ന് ഖുർആനിലെ തൗബ: അധ്യായത്തിലെ നൂറ്റിപ്പതിമൂന്നാം സൂക്തം അവതരിച്ചു. “പ്രവാചകനോ വിശ്വാസികളോ ബഹുദൈവവിശ്വാസികൾക്ക് വേണ്ടി പാപമോചനം തേടാവുന്നതല്ല. അവർ ഉറ്റബന്ധുക്കളാണെങ്കിലും ശരി. (അവർ നരകാവകാശികളാണെന്ന് വ്യക്തമായതിൽപ്പിന്നെ)”.
‘അൽ-ഖസ്വസ് ‘ അധ്യായത്തിലെ അമ്പത്തിയാറാമത്തെ സൂക്തവും ഇവ്വിഷയകമായി ഇറങ്ങിയതാണ്. “പ്രവാചകരേ, അവിടുന്ന് താത്പ്പര്യപ്പെടുന്നവരെ സന്മാർഗത്തിലാക്കാൻ അവിടുത്തേക്ക് സമ്മതമില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കും. സത്യമംഗരീകരിക്കുന്നവരെ ഏറ്റവും നന്നായി അറിയുന്നവൻ അവനാണ്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-102/365
മേൽ ഉദ്ധരണികളുടെ പ്രാഥമിക സാരങ്ങളിലൂടെ സഞ്ചരിച്ചവർ അബൂത്വാലിബ് അവിശ്വാസിയായി മരണപ്പെട്ടു എന്ന അഭിപ്രായക്കാരാണ്. എന്നാൽ, അബൂത്വാലിബിന്റെ ജീവിതത്തിലെ നിലപാടുകൾക്കും സാഹചര്യങ്ങൾക്കും പ്രാധാന്യം നൽകി അവലോകനം നടത്തിയവർ അദ്ദേഹം ആന്തരികമായി സത്യവിശ്വാസിയായി വിയോഗം തേടി എന്ന വീക്ഷണമാണ് രേഖപ്പെടുത്തിയത്. ഈ നിരീക്ഷണം അവതരിപ്പിച്ചവർക്ക് ഒന്നാം വാദക്കാർ അവലംബിച്ച സൂക്തങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടത് മേലുദ്ധരിച്ച സൂക്തങ്ങളുടെ അവതരണ കാരണം അബൂത്വാലിബ് അല്ല എന്നതാണ്.
ഇവ്വിഷയകമായി രണ്ടു വാദക്കാരും ഒരുപോലെ സമ്മതിക്കുന്ന വസ്തുതകളെ നമുക്കിപ്രകാരം സംഗ്രഹിക്കാം :
1. ഏതു ഘട്ടത്തിലും അബൂത്വാലിബ് നബി ﷺ ക്ക് സംരക്ഷണം നൽകിയ ആളായിരുന്നു.
2. നിരവധി കവിതകളിലും പ്രസ്താവനകളിലും അദ്ദേഹം നബി ﷺ മുന്നോട്ട് വച്ച ആശയം സത്യമാണെന്നും ശരിയാണെന്നും സമ്മതിച്ചിട്ടുണ്ട്.
3. ഉപരോധമടക്കമുളള തീക്ഷ്ണമായ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും പ്രവാചകരെയോ ഇസ്‌ലാമിനെയോ നിരാകരികുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
4. സ്വന്തം മക്കളായ അലിയ്യും ജഅ്ഫറും മറ്റും പ്രവാചകരെ അനുഗമിച്ചപ്പോൾ അവരെ അപലപിക്കുകയോ പിന്തിരിപ്പികുകയോ ചെയ്തില്ല; എന്നു മാത്രമല്ല, പ്രോത്സാഹിപ്പിക്കുകയായിരുന്നു.
5. ആസന്ന ഘട്ടത്തിൽ നബിﷺ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ ഏറ്റു ചൊല്ലിയില്ല. പകരം ഖുറൈശി നേതാക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി അബ്ദുൽ മുത്വലിബിന്റെ ആശയത്തിലാണ് താനുള്ളത് എന്ന് പറഞ്ഞു.
6.എന്നാൽ അപ്പോഴും ബഹു ദൈവങ്ങളെ വിളിക്കുകയോ മറ്റാരാധ്യ വസ്തുക്കളെ ഉദ്ധരിക്കുകയോ തൗഹീദിനെ നിരാകരിക്കുകയോ ചെയ്തില്ല.
ഇവിടെ രണ്ട് വാദക്കാരും തമ്മിൽ വിയോജിക്കുന്ന പ്രധാനപ്പെട്ട കാര്യം സത്യവാചകം പരസ്യമായി പ്രഖ്യാപിക്കാത്ത വ്യക്തിയെ വിശ്വാസിയാണെന്ന് പറയണോ വേണ്ടയോ എന്നതാണ്. സത്യവാചകം പ്രഖ്യാപിക്കാനാവശ്യപ്പെട്ടപ്പോൾ ഉച്ചരിക്കാത്ത കാരണത്താൽ വിശ്വാസിയായി ഗണിക്കാൻ തരമില്ല എന്നാണ് ഒരു പക്ഷം. അവർക്ക് പ്രമാണമായി ഉദ്ധരിക്കാവുന്ന ഹദീസുകളും മറ്റു നിവേദനങ്ങളുമുണ്ട്. അബ്ബാസ് (റ) വിന്റെയും അലി (റ)വിന്റെയും നിവേദനങ്ങൾ അതിൽപ്പെട്ടതാണ്.
അദ്ദേഹത്തെ വിശ്വാസിയായിത്തന്നെ പരിഗണിക്കണം എന്ന വാദക്കാർക്ക് വിശുദ്ധ ഖുർആനിലെ അഅ്റാഫ് അധ്യായത്തിലെ നൂറ്റിയമ്പത്തിയേഴാം സൂക്തം പിന്തുണ നൽകുന്നു. ആശയം ഇങ്ങനെയാണ്. “അപ്പോള്‍ നബി ﷺയെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും സഹായിക്കുകയും അവിടുത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍”
ഈ സൂക്തത്തിൽപ്പറഞ്ഞ എല്ലാ വിശേഷണങ്ങളും അബൂത്വാലിബിൽ സമ്മേളിച്ചിട്ടുണ്ട്. അതിനാൽ സത്യവിശ്വാസിയായിത്തന്നെ പരിഗണിക്കണം എന്നതാണ് വാദം. അബൂത്വാലിബ് തത്വത്തിൽ വിശ്വാസിയും വിജയിയുമാണ് എന്ന പ്രമേയത്തിൽ മാത്രം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം ബർസൻജിയുടെ ‘ബിഗ്’യതുത്വാലിബ് ലി ഈമാനി അബീത്വാലിബ് വ ഹുസ്നി ഖാതിമതിഹി’, മുഹമ്മദ് മുഈൻ അൽ ഹിന്ദിയുടെ ‘ഇസ്ബാതു ഇസ്‌ലാമി അബീത്വാലിബ്’, മുഹമ്മദ് അഫൻദിയുടെ ‘അസ്സഹ് മുസ്സ്വാഇബ് ഇലാ കബിദി മൻ ആദാ അബാത്വാലിബ്’, അസ്സയ്യിദ് അലി കബീർ ന്റെ ‘ഗായതുൽ മത്വാലിബ് ഫീ ബഹ്സി ഈമാനി അബീത്വാലിബ്’, അഹ്മദ് ഫൈളി യുടെ ‘ഫൈളുൽ വാഹിബ് ഫീ നജാതി അബി ത്വാലിബ്’, മക്കയിലെ ഹദീസ് പണ്ഡിതനും മുഫ്തിയുമായിരുന്ന ഇമാം സൈനി ദഹ്‌ലാന്റെ ‘അസ്നൽ മത്വാലിബ്’ എന്നിവ ഉദാഹരണങ്ങളാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-103/365
അബൂത്വാലിബിന്റെ വിയോഗം മുത്ത് നബി ﷺ യെ ഏറെ നൊമ്പരപ്പെടുത്തി. ആ വിരഹത്തിന്റെ മുറിവുണങ്ങും മുമ്പ് പ്രിയ പത്നി ഖദീജ (റ) രോഗിണിയായി. വൈകാതെത്തന്നെ മഹതിയും യാത്രാമൊഴി ചൊല്ലി. ഇമാം ഹാകിമിന്റെ നിവേദനപ്രകാരം മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മഹതിയുടെ വിയോഗം.
ബീവി ഖദീജ (റ) മുത്ത് നബി ﷺ ക്ക് ഒരു ഭാര്യ മാത്രമായിരുന്നില്ല; ചിലപ്പോൾ ഉമ്മയും മറ്റുചിലപ്പോൾ കൂട്ടുകാരിയുമായിരുന്നു. ഒരു ഊർജസ്രോതസ്സും ആശ്വാസവുമായിരുന്നു. മഹതിയുടെ പക്വവും പ്രതാപവുമായ പെരുമാറ്റം അവിടുത്തേക്ക് താങ്ങും തണലും നൽകി. പ്രണയത്തിന്റെ സ്പർശവും നയതന്ത്രത്തിന്റെ നിരീക്ഷണവും ഇഴ ചേർന്ന അദ്ഭുതകരമായ സാന്നിധ്യമായിരുന്നു ബീവി. ഉമ്മയുടെ അന്ത്യനിമിഷങ്ങളിൽ കണ്ണീർ പൊഴിക്കുന്ന നിറകുസുമങ്ങളായ മൂന്നു പെൺമക്കളെ ആശ്വസിപ്പിക്കേണ്ട ദൗത്യം കൂടി മുത്ത് നബി ﷺ ക്കുണ്ടായിയുന്നു. ജിബ്’രീൽ (അ) മഹതിക്ക് മംഗളാശംസകൾ നേർന്ന വിവരം മുത്ത് നബി ﷺ മക്കളോട് പങ്കുവച്ചു. അതവർക്ക് കുറെ ആശ്വാസമായി.
മഹതിയുടെ ശരീരം നിറകണ്ണുകളോടെ മുത്ത് നബി ﷺ ഹജൂനിലെ ഖബർസ്ഥാൻ അഥവാ, ജന്നതുൽ മുഅല്ലയിലേക്ക് ആനയിച്ചു. അബൂത്വാലിബിനെയും ഇവിടെത്തന്നെയാണ് മറമാടിയത്. ജനാസ നിസ്ക്കാരം അന്ന് നിയമമായിരുന്നില്ല. അതിനാൽ വീട്ടിൽനിന്ന് നേരെ ഖബറിടത്തിലേക്കാണ് കൊണ്ടുപോയത്. മുത്ത് നബി ﷺ ഖബറിൽ ഇറങ്ങി. തപിക്കുന്ന ഹൃദയത്തോടെയും ഒലിക്കുന്ന മിഴികളോടെയും പ്രിയതമയോട് വിടചൊല്ലി. തുടർന്നുള്ള പതിമൂന്ന് വർഷത്തെ പ്രബോധന ജീവിതത്തിൽ എല്ലാ ധന്യനിമിഷങ്ങളിലും മുത്ത് നബി ﷺ മഹതിയെ ഓർത്തുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആ ധന്യസ്മൃതിയിൽ ബീവിയുടെ കൂട്ടുകാരികൾക്ക് ഉപഹാരങ്ങൾ നൽകി. ആടറുത്ത് ഭക്ഷണം തയ്യാർ ചെയ്ത് വിതരണം നടത്തി. പരലോകത്തെ പറുദീസയിൽ കൊട്ടാരമൊരുക്കി യാത്രയായ ഏറ്റവുംവലിയ ഭാഗ്യരത്നമായി ഖദീജ (റ) വാഴ്ത്തപ്പെട്ടു.
മുത്ത് നബി ﷺ ക്ക് അഭയവും ആശ്വാസവും നൽകിയ രണ്ടു പേരുടെ അടുത്തടുത്തുള്ള വിയോഗം; പ്രവാചകത്വ പ്രഖ്യാപനത്തിൻ്റെ പത്താം വർഷത്തെ ‘ആമുൽഹുസുൻ’ അഥവാ ‘ദുഃഖ വർഷം’ എന്നടയാളപ്പെടുത്തി.
അബൂത്വാലിബിന്റെ അസാന്നിധ്യം ശത്രുക്കൾക്ക് അൽപ്പം ഊക്ക് വർധിപ്പിച്ചു. ചോദ്യം ചെയ്യാൻ അർഹതയും അധികാരവുമുള്ള ആൾ മൺമറഞ്ഞത് അവർ ചൂഷണം ചെയ്തു. ഒരു വിഷമഘട്ടത്തിൽ മുത്ത്നബി ﷺ അത് തുറന്ന് പറഞ്ഞതിങ്ങനെയാണ്. “അല്ലയോ പിതൃവ്യാ, എത്ര വേഗമാണ് അവിടുത്തെ അസാന്നിധ്യം എന്നെ ബാധിച്ചത്.!” ആ അടുത്തയിടയിൽ ഖുറൈശികളുടെ കൂട്ടത്തിലെ ഒരു ഭോഷൻ മുത്ത് നബി ﷺ യുടെ ശിരസ്സിൽ മണ്ണുവാരിയിട്ടു. അവിടുന്ന് വീട്ടിലേക്ക് വേഗം നടന്നെത്തി. മകൾ പൊട്ടിക്കരഞ്ഞുകൊണ്ട് തിരുശിരസ്സ് കഴുകിക്കൊടുത്തു. മുത്ത്നബി ﷺ പറഞ്ഞു, “കരയാതെ മോളേ, അല്ലാഹു ഉപ്പാനെ കാത്തുകൊള്ളും. ഹാ.. അബൂത്വാലിബ് മരണപ്പെടും വരെ ആരും ഇതിനൊന്നും തയ്യാറായിരുന്നില്ല “.
തുടർന്നുള്ള കുറച്ചു ദിവസം നബി ﷺ അധിക സമയവും വീട്ടിൽക്കഴിച്ചു കൂട്ടി. ഗൃഹനാഥയില്ലാത്ത വീട്ടിലെ നല്ല ഗൃഹനാഥനായി ഇടപെട്ടു. കർമത്തിന്റെ വഴിയിലെ വരും നാളുകളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു.
അതിനിടയിൽ കൗതുകകരമായ ഒരു സംഭവമുണ്ടായി. അബൂത്വാലിബിന്റെ അസാന്നിധ്യം മൂലം മുത്ത്നബി ﷺ അനുഭവിക്കുന്ന പ്രതിസന്ധി അബൂലഹബ് തിരിച്ചറിഞ്ഞു. തന്റെ സഹോദര പുത്രനാണല്ലോ ഈ പ്രയാസപ്പെടുന്നത് എന്ന ഒരു രക്തബന്ധം അയാൾക്കോർമ വന്നു. അയാൾ നബി ﷺ യെ സമീപിച്ചുകൊണ്ട് പറഞ്ഞു. “ഓ മുഹമ്മദേ ﷺ അബൂതാലിബ് ജീവിച്ചിരുന്നപ്പോൾ നിർവഹിച്ച കാര്യങ്ങളൊക്കെ ചെയ്തോളൂ. ഞാൻ മരിക്കുന്നത് വരെ ആരും മോനെ ശല്യപ്പെടുത്തൂല്ല. ഞാൻ കൂടെയുണ്ടാകും. ലാത്തയും ഉസ്സയും സാക്ഷി! ”
ആയിടയ്ക്ക് അബൂ ഗൈത്വല എന്നയാൾ നബി ﷺ യെ തെറി വിളിച്ചു. അയാളെ അബൂലഹബ് നേരിട്ടു. ഉടനെ അയാൾ പിന്മാറി. അയാൾ വിളിച്ചുകൂവി. “ഓ ഖുറൈശികളേ, അബുഉത്ബ(അബൂലഹബ്) മതം മാറിയിരിക്കുന്നു. സാബിഇ ആയിരിക്കുന്നു “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-104/365
അബൂ ഗൈത്വലയുടെ അട്ടഹാസം കേട്ട് ഖുറൈശികൾ ഓടിക്കൂടി. അവർ അബൂ ലഹബിനോട് ചോദിച്ചു : “എന്താണിക്കേൾക്കുന്നത് ?”
അയാൾ പറഞ്ഞു, “ഒന്നുമില്ല. ഞാനൊരിക്കലും അബ്ദുൽ മുത്വലിബിന്റെ മതം വിട്ടു പോയിട്ടില്ല. പിന്നെ, എൻ്റെ സഹോദരന്റെ മകനെ ഞാൻ സംരക്ഷിച്ചു എന്ന് മാത്രം. മോൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്തോട്ടെ “.
ഖുറൈശികൾ പറഞ്ഞു; “നല്ലത്. നിങ്ങൾ കുടുംബ ബന്ധം ചേർത്തിരിക്കുന്നു. അത് എന്തായാലും നല്ല കാര്യം തന്നെ “.
കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അബൂലഹബ് കാരണം ഖുറൈശികൾക്ക് മുത്ത്നബി ﷺ യെ ഒന്നും ചെയ്യാൻ വയ്യാതെയായി. അങ്ങനെ ഉഖ്ബ ബിൻ അബീ മുഐത്വും അബൂജഹലും കൂടി അബൂലഹബിനെ സമീപിച്ചു. എന്നിട്ട് ചോദിച്ചു, “നിങ്ങളുടെ പിതാവ് എവിടെയാണെത്തുക എന്നാണ് നിങ്ങളുടെ സഹോദരന്റെ മകൻ പറഞ്ഞത് ? അഥവാ, അബ്ദുൽ മുത്വലിബ് സ്വർഗത്തിലോ നരകത്തിലോ എന്ന് ?”
അബൂലഹബ് നബി ﷺ യോട് ചോദിച്ചു, “ഓ, മുഹമ്മദേ ! ﷺ എന്റെ പിതാവ് എവിടെയാണ് എത്തുക?”
നബി ﷺ പറഞ്ഞു, “അദ്ദേഹത്തിന്റെ ജനത എത്തുന്ന സ്ഥലത്ത് “.
അബൂ ലഹബ് ഈ മറുപടി അവർക്ക് കൈമാറി. അവർ പറഞ്ഞു, “ആ പറഞ്ഞതിന്റെയർഥം, അബ്ദുൽ മുത്വലിബ് നരകത്തിലാണെന്നാണ് “. അബൂലഹബ് വീണ്ടും നബി ﷺ യോട് ചോദിച്ചു ; “അബ്ദുൽ മുത്വലിബ് നരകത്തിൽ കടക്കുമോ?”
“അല്ലാഹുവിന് പങ്കാളികളെ വിശ്വസിക്കുന്ന ആദർശക്കാർ നരകത്തിൽ പ്രവേശിക്കും, തീർച്ച ! ” മുത്ത്നബി ﷺ പ്രതികരിച്ചു. അവർ നരകത്തിലാണെങ്കിൽപ്പിന്നെ ഞാൻ നിങ്ങളെ ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കുകയില്ല”. അബൂലഹബ് പറഞ്ഞൊഴിഞ്ഞു.
ശത്രുക്കൾക്ക് വീണ്ടും ധൈര്യം വർധിച്ചു. നബി ﷺ ക്കെതിരെ ശക്തമായി അവർ രംഗത്ത് വന്നു. അബൂലഹബ്, ഹകമ് ബിൻ അബിൽ ആസ്വ്, ഉഖ്ബത്ബിൻ അബീ മുഐത്വ്, അദിയ്യ് ബിൻ അൽ ഹംറാഅ, ഇബ്നുൽ അസദാഅൽ ഹുദലി എന്നിവർ മുഖ്യശത്രുക്കളായി മുൻനിരയിൽ നിന്നു. അവരിൽച്ചിലർ നബി ﷺ നിസ്ക്കരിക്കുന്ന നേരത്ത് ആടിന്റെ കുടൽ തിരുദേഹത്തേക്കിട്ടു കൊടുത്തു. ചിലർ അവിടുത്തെ പാത്രത്തിലേക്ക് ആട്ടിൻ കുടലെറിഞ്ഞു. നബി ﷺ ക്ക് സുരക്ഷിതമായി നിസ്ക്കരിക്കാൻ ഹിജ്‌റ് ഇസ്മാഈലിൽ മറഞ്ഞ് നിൽക്കേണ്ടി വന്നു. ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. ഉർവ (റ) പറയുന്നു. ഞാൻ അംറ് ബിൻ അൽ ആസ്നോട് ചോദിച്ചു; “ഖുറൈശികൾ നബി ﷺ യെ ഏറ്റവും ശക്തമായി പ്രയാസപ്പെടുത്തിയ രംഗം ഒന്ന് പറയാമോ?”
അദ്ദേഹം പറഞ്ഞു;
“ഒരിക്കൽ നബി ﷺ കഅ്ബയുടെ ഹിജ്റിൽ (ഹിജ്റ് ഇസ്മാഈൽ) നിസ്ക്കരിക്കുകയായിരുന്നു. ഉഖ്ബത് ബിൻ അബീമുഐത്വ് എന്നയാൾ അടുത്തേക്ക് വന്നു. മുത്ത് നബി ﷺ യുടെ കഴുത്തിൽ ഒരു തുണി ചുറ്റി. ശക്തമായി ഇറുക്കാൻ തുടങ്ങി. ശ്രദ്ധയിൽപ്പെട്ട അബൂബക്കർ (റ) ഓടി വന്ന് അയാളെ തടുത്തു. എന്നിട്ട് ഉറക്കെ വിളിച്ചു ചോദിച്ചു. “എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറഞ്ഞതിന് ഒരു വ്യക്തിയെ നിങ്ങൾ കൊല്ലുകയാണോ? ആ വ്യക്തി ആവശ്യമായ പ്രമാണങ്ങൾ നിങ്ങൾക്കു നൽകിയിട്ടുണ്ടല്ലോ “.
ഇമാം ത്വബ്റാനി(റ) ഇങ്ങനെ ഒരനുബന്ധം ഇവിടെച്ചേർത്തത് കാണാം. “നബി ﷺ എഴുന്നേറ്റു. നിസ്ക്കാരം നിർവഹിച്ചു. ശേഷം കഅ്ബയുടെ തണലിലിരിക്കുന്ന ഖുറൈശികൾക്ക് നേരെ തിരിഞ്ഞു നിന്ന് കഴുത്തിലേക്ക് ആംഗ്യം കാണിച്ചിട്ട് പറഞ്ഞു; ‘അല്ലയോ ഖുറൈശികളേ, അറവുകൊണ്ടല്ലാതെ എന്നെ നിയോഗിച്ചിട്ടില്ല ‘.( ഉപ്പയുടെയും ഇസ്മാഈൽ നബി(അ)യുടെയും ബലിദാന സംഭവമായിരിക്കും ഓർമിപ്പിച്ചത്). ഉടനെ അബുൽ ഹകം പറഞ്ഞു. “മുഹമ്മദേ.. ﷺ ജാഹിലായിരുന്നില്ലേ?” (തങ്ങളെയാണുദ്ദേശിച്ചത്). അവിടുന്ന് പ്രതികരിച്ചു; “നിങ്ങളാണ് ജാഹിലുകളിൽ അഥവാ വിവരശൂന്യരിൽപ്പെട്ടയാൾ “.
അക്കാലത്തെ ഒരനുഭവം അനസ് (റ) ഉദ്ധരിക്കുന്നതിങ്ങനെയാണ്. “ഒരു ദിവസം നബി ﷺ യെ അവർ മർദിച്ചു. അവിടുന്ന് ബോധം കെട്ടു വീണു. അബൂബക്കർ (റ) ശബ്ദമുയർത്തിക്കൊണ്ട് ഏഴുന്നേറ്റു വന്നു. എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞതിന് ഒരു വ്യക്തിയെ നിങ്ങൾ കൊല്ലുകയോ? നിങ്ങൾക്കു നാശം..! ”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-105/365
അക്കാലത്ത് നബി ﷺ യും അനുയായികളും നേരിട്ട പരീക്ഷണങ്ങളുടെ നിരവധി ചിത്രങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഇമാം ബുഖാരി (റ)യും മുസ്‌ലിമും (റ) നിവേദനം ചെയ്യുന്ന ഒരു സംഭവത്തിന്റെ സംക്ഷിപ്തം ഇങ്ങനെ വായിക്കാം : “അബ്ദുല്ലാഹിബിൻ മസ്ഊദ് (റ) പറയുന്നു. നബി ﷺ ഖുറൈശികൾക്കെതിരിൽ പ്രാർഥിക്കുന്ന ഒരു രംഗത്തിനേ ഞാൻ സാക്ഷിയായിട്ടുള്ളൂ. അതിങ്ങനെയാണ്. ഒരു ദിവസം നബി ﷺ കഅ്ബയുടെ ചാരത്തു നിന്ന് നിസ്ക്കരിക്കുന്നു. ഒരു സംഘം ഖുറൈശികൾ അകലെയല്ലാതെ ഇരിക്കുന്നുണ്ട്. നബി ﷺ നിസ്ക്കാരത്തിൽ സുജൂദിലേക്കെത്തി. അബൂജഹൽ കൂട്ടുകാരോടു ചോദിച്ചു. ഇന്നലെ അറുത്ത ഒട്ടകത്തിന്റെ കുടൽമാല കൊണ്ടുവന്ന് മുഹമ്മദ് ﷺ ന്റെ ചുമലിൽ ആരാണൊന്നിട്ടുകൊടുക്കുക. സംഘത്തിലെ അതിനീചനായ ഉഖ്ബ ബിൻ അബീ മുഐത്വ് എഴുന്നേറ്റു. കഴിഞ്ഞ ദിവസം അറുത്ത ഒട്ടകത്തിന്റെ കുടൽമാല ചുമന്ന് കൊണ്ടുവന്നു. സാഷ്ടാംഗത്തിൽ കിടക്കുന്ന നബി ﷺ യുടെ ചുമലിൽ ഇട്ടു കൊടുത്തു. കണ്ടിരുന്ന ഖുറൈശികൾ കുലുങ്ങിച്ചിരിച്ചു. ചിരിച്ചു ചിരിച്ച് പരസ്പരം വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞു. നബി ﷺ ക്ക് സുജൂദിൽ നിന്ന് ഉയരാൻ കഴിയുന്നില്ല. ഞാൻ കണ്ടുകൊണ്ട് നിൽക്കുകയാണ്. എനിക്ക് പ്രതിരോധിക്കാനാകുമായിരുന്നെങ്കിൽ ഞാനത് എടുത്ത് മാറ്റുമായിരുന്നു. ആരോ ഒരാൾ ഫാത്വിമ (റ)യെ വിവരമറിയിച്ചു. ചെറുപ്രായക്കാരിയായ ഫാത്വിമ (റ) ഖുറൈശികളെ വിമർശിച്ചുകൊണ്ട് ഓടി വന്നു. സാഹസപ്പെട്ട് ആ കുടൽമാല എടുത്തു മാറ്റി. നബി ﷺ ശിരസ്സുയർത്തി. നിസ്ക്കാരം പൂർത്തിയായ ശേഷം അല്ലാഹുവിനെ സ്തുതിച്ചു. ശിരസ്സും കരങ്ങളും ആകാശത്തേക്കുയർത്തി. ഖുറൈശികൾക്കെതിരെ പ്രാർഥനയാരംഭിച്ചു. നബി ﷺ പ്രാർഥിച്ചാൽ വാചകങ്ങൾ മൂന്നു പ്രാവശ്യം ആവർത്തിക്കും. അപ്രകാരം പ്രാർഥന നിർവഹിച്ചു. അബൂജഹൽ, ഉത്ബ, വലീദ്, ശൈബ, ഉമയ്യ, ഉഖ്ബ എന്നിവരെ നീ കൈകാര്യം ചെയ്യേണമേ അല്ലാഹുവേ… ഏഴാമതൊരാൾ കൂടിയുണ്ടായിരുന്നു പേര് ഞാൻ വിട്ടുപോയി. പ്രാർഥന നിർവഹിക്കുന്നത് കണ്ടപ്പോൾ ശത്രുക്കളുടെ സന്തോഷം മങ്ങി. ഇബ്നു മസ്ഊദ് (റ) തുടരുന്നു. ഈ പേര് പറയപ്പെട്ട ഓരോരുത്തരും ബദ്റിൽ വീണു കിടക്കുന്നത് ഞാൻ കാണുകയുണ്ടായി. പിന്നീടവരെ ബദ്റിലെ പൊട്ടക്കിണറ്റിൽ മറമാടപ്പെട്ടു “.
ഇമാം ത്വബ്’രി (റ) ഒരു തുടർച്ച കൂടി ഇവിടെ ചേർക്കുന്നുണ്ട്. “ഈ സംഭവത്തിന് ശേഷം നബി ﷺ പള്ളിയുടെ പുറത്തേക്കിറങ്ങി. കൈയിൽ ചാട്ടവാറുമായി വരുന്ന അബുൽ ബഖ്തരിയെ കണ്ടുമുട്ടി. നബി ﷺ യുടെ മുഖത്ത് എന്തോ പന്തികേട് വായിച്ച അയാൾ ചോദിച്ചു. എന്ത് സംഭവിച്ചു? നബി ﷺ പറഞ്ഞു ഒന്നുമില്ല നിങ്ങൾ പൊയ്ക്കോളൂ. അയാൾ വിട്ടൊഴിയാൻ കൂട്ടാക്കിയില്ല. പറയാതിരിക്കാൻ തരമില്ലെന്നായപ്പോൾ നബി ﷺ വിഷയങ്ങൾ പറഞ്ഞു. അയാൾ നബി ﷺ യെയും കൂട്ടി പള്ളിമുറ്റത്തേക്ക് തന്നെ വന്നു. അബുൽ ബഖ്തരി അബൂ ജഹലിനോട് ചോദിച്ചു; “നീയാണോ , മുഹമ്മദ് ﷺ ന്റെ മേൽ കുടൽ മാലയിടാൻ കൽപ്പിച്ചത്? അയാൾ പറഞ്ഞു, അതെ. അബുൽ ബഖ്തരി ചാട്ടവാറുയർത്തി അബൂജഹലിന്റെ തലയിൽ അടിച്ചു. അയാൾ അട്ടഹസിച്ചു. കണ്ടു നിന്നവർ നാലുപാടും ഓടി. അബൂജഹൽ പറഞ്ഞു. നിങ്ങൾക്ക് നാശം മുഹമ്മദ് ﷺ നമുക്കിടയിൽ ശത്രുതയുണ്ടാക്കുന്നു. അനുയായികൾക്കൊപ്പം രക്ഷപ്പെടുന്നു “.
സാധാരണയിൽ നബി ﷺ ആർക്കുമെതിരെ പ്രാർഥിക്കാറില്ല. സ്വന്തം താത്പ്പര്യത്തിന് വേണ്ടി ആരോടും ദേഷ്യപ്പെടാറില്ല. ശത്രുത വയ്ക്കാറില്ല. എന്നാൽ സത്യം നിഷേധിക്കപ്പെടുകയോ മൂല്യങ്ങൾ ഹനിക്കപ്പെടുകയോ ചെയ്താൽ അവിടുന്ന് വിട്ടു വീഴ്ച ചെയ്യാറുമില്ല. അല്ലാഹുവിന്റെ ചിഹ്നങ്ങളെയോ നിയമങ്ങളെയോ അപഹസിച്ചാൽ തങ്ങൾക്ക് സഹിക്കുമായിരുന്നില്ല. ഈ സംഭവത്തിൽ രക്ഷിതാവിനോടുള്ള ഏറ്റവും അടുക്കുന്ന ആരാധനാംശത്തെ അപഹസിച്ചു എന്നതാണ് പ്രശ്നം. അത് അവിടുത്തേക്ക് ക്ഷമിക്കുന്നതിലും അപ്പുറമായിരുന്നു. ഈ സംഭവത്തിന്റെ നിവേദകൻ ഇബ്നു മസ്ഊദ് (റ) ഇത്തരം ഒരേ ഒരു രംഗമേ പറയാനുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് വിശദീകരിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-106/365
അബൂത്വാലിബിന്റെ വിയോഗത്തിന് ശേഷം മക്കയിൽ രൂപപ്പെട്ട സാഹചര്യത്തെ പകർന്നു തരുന്ന ഒരു നിവേദനം ഇപ്രകാരം വായിക്കാം : “അനസ് (റ) പറയുന്നു. ഖുറൈശികൾ നബി ﷺ യെ മർദിച്ചവശനാക്കി. അവിടുത്തെ ബോധം നഷ്ടപ്പെടുമെന്നായി. പെട്ടെന്ന് അബൂബക്കർ (റ) ഓടിയെത്തി. ഖുറൈശികളോട് ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു ; എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞ വ്യക്തിയെ നിങ്ങൾ വധിക്കാൻ നോക്കുകയാണോ? എന്തൊരു കഷ്ടം.! ”
പ്രസ്തുത നാളുകളിൽ അബൂബക്കർ (റ) വിന്റെ ഇടപെടലുകൾ ധീരമായിരുന്നു. അതടയാളപ്പെടുത്തുന്ന ഒരു സംഭവം അബൂ നുഐം ഉദ്ധരിക്കുന്നു. “മുഹമ്മദ് ബിൻ അഖിൽ പറയുന്നു : ഒരു പ്രഭാഷണമധ്യേ , അലി (റ) ചോദിച്ചു. ‘ജനങ്ങളിൽ ഏറ്റവും ധൈര്യശാലി ആരാണെന്ന് നിങ്ങൾ ഒന്നു പറയൂ’. ഞങ്ങൾ പറഞ്ഞു; ‘അല്ലയോ അമീറുൽ മുഅ്മിനീൻ ! [അല്ലയോ ഭരണാധികാരീ ] അങ്ങ് തന്നെ ‘.
ഉടനെ അവിടുന്ന് പറഞ്ഞു; ‘ഞാൻ നേരിട്ട എല്ലാ ശത്രുവിനെയും ഞാൻ ജയിച്ചടക്കിയിട്ടുണ്ട്. അതല്ല, എന്റെ ചോദ്യം. ഏറ്റവും വലിയ ശുജായി അഥവാ ധീരൻ ആരാണ് ? ‘ ഞങ്ങൾ പറഞ്ഞു, ‘അവിടുന്ന് തന്നെ പറയൂ’.
ഉടനെയദ്ദേഹം പറഞ്ഞു, ‘അബൂബക്കറാ (റ)ണ്. കാരണം, ഖുറൈശികൾ ഒരു ദിവസം നബി ﷺ യെ നേരിട്ടു. ഉന്താനും ഉലയ്ക്കാനും തുടങ്ങി. എന്നിട്ടവർ പറഞ്ഞു. ഈ വ്യക്തിയാണ് പല ദൈവങ്ങളെ ഒരു ദൈവമാക്കിയത്. നമ്മുടെ ആരാധ്യവസ്തുക്കളെ നിരാകരിച്ചത്. ഞങ്ങൾക്കാർക്കും ആ രംഗത്തേക്ക് കടന്നു പോകാൻ പറ്റുന്നില്ല. അബൂബക്കർ( റ) നേരേ കടന്നുവന്നു. നബി ﷺ യെ വളഞ്ഞവരെ നേരിട്ടു. ചിലരെ തള്ളിമാറ്റി ചിലരെ ഉന്തിമാറ്റി. പലരീതിയിലായി അവരെ തുരത്തി മാറ്റി. എന്നിട്ടവരോട് പറഞ്ഞു. നിങ്ങൾക്ക് നാശം! രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞ വ്യക്തിയെ കൊല്ലുകയോ?’
ഇത്രയും പറഞ്ഞതും അലി (റ) മേൽത്തട്ടമെടുത്ത് പൊത്തിപ്പിടിച്ചു. കരയാൻ തുടങ്ങി. കണ്ണുനീർ താടി രോമങ്ങളിലൂടെ ഒലിച്ചിറങ്ങി. അവിടുന്ന് സദസ്സിനോട് ചോദിച്ചു : “ഫറോവയുടെ ജനതയിലെ സത്യവിശ്വാസിയാണോ അബൂബക്കറാ (റ)ണോ ഉത്തമൻ?” സദസ്സ് ഒന്നും പറഞ്ഞില്ല. ഉടനെ അലി(റ) തുടർന്നു. “എന്തേ നിങ്ങളാരും ഒന്നും മിണ്ടാത്തത്? അബൂബക്കറി (റ)ന്റെ ജീവിതത്തിലെ ഒരു നിമിഷം ഫറോവയുടെ കുടുംബത്തിലെ ഒരു സത്യവിശ്വാസിക്ക് തുല്യമാണ്. അവർ വിശ്വാസം ഒളിച്ചു വച്ചു സഹിച്ചവരാണ്. അബൂബക്കർ (റ) വിശ്വാസം പരസ്യപ്പെടുത്തി നേരിട്ടവരാണ് “.
ഹിജ്റ പത്താം വർഷത്തെ വർത്തമാനങ്ങളാണ് നാം പറഞ്ഞു കൊണ്ടിരിക്കുന്നത്. മക്കയിലെ പ്രതികരണങ്ങൾ പലതും അസഹ്യമാകുന്നു. ഇസ്‌ലാം സംസ്കൃതിയുടെ മൂല്യങ്ങളെ ബോധ്യപ്പെടുത്താൻ എന്താണിനിയൊരു മാർഗം ? ‘സഖീഫ്’ ഗോത്രത്തോടൊന്ന് പിന്തുണ തേടിയാലോ? മുത്ത് നബി ﷺ ആലോചിച്ചു. സഖീഫ് ഗോത്രക്കാർ താമസിക്കുന്നത് ത്വാഇഫിലാണ്. മുത്ത്നബി ﷺ യുടെ കുടുംബക്കാർ അവിടെയുണ്ട്. പോറ്റുമ്മ ഹലീമ ബീവി (റ)യുടെ നാടുകൂടിയാണത്. അങ്ങനെ ഹിജ്റ പത്താം വർഷം ശവ്വാലിൽ മുത്ത്നബി ﷺ താഇഫിലേക്ക് പുറപ്പെട്ടു. ഒപ്പം സൈദ് ബിൻ ഹാരിസ (റ)യും ഉണ്ടായിരുന്നു. ത്വാഇഫുകാർ സ്വീകരിക്കുമെന്ന ഉത്തമ പ്രതീക്ഷയോടെ ത്വാഇഫിലെത്തി, സഖീഫ് ഗോത്ര പ്രമുഖന്മാരെ സമീപിച്ചു. അംറ് ബിൻ ഉമൈറിന്റെ മക്കളായ മൂന്ന് സഹോദരങ്ങളായിരുന്നു അവരിൽ പ്രമുഖർ. അബ്ദു യാലിൽ, ഹബീബ്, മസ്ഊദ് എന്നിങ്ങനെയാണ് അവരുടെ പേരുകൾ. സഫ്‌വാൻ ബിൻ ഉമയ്യയുടെ ഉമ്മ ഖുറൈശീ വനിത സഫിയ്യ അവരിൽ ഒരാളുടെ ഭാര്യയായിരുന്നു.
നബി ﷺ അവരെ നേരിട്ടു സന്ദർശിച്ചു. ഇസ്‌ലാം പരിചയപ്പെടുത്തി. അവരുടെ പിന്തുണ ആവശ്യപ്പെട്ടു. ശത്രുക്കൾക്കെതിരെ ഒപ്പമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. എല്ലാം കേട്ടതിന് ശേഷം അവരിൽ ഒരാൾ പരിഹാസപൂർവം പറഞ്ഞു. “അല്ലാഹു പ്രവാചകനായി മുഹമ്മദി ﷺ നെ നിയോഗിച്ചുവെങ്കിൽ കഅ്ബയുടെ കിസ്വ ഞാൻ പിച്ചിച്ചീന്തും “.
അടുത്തയാൾ ചോദിച്ചു, “പ്രവാചകനായി നിയോഗിക്കാൻ വേറെയാരെയും ലഭിച്ചില്ലേ?” മൂന്നാമൻ പറഞ്ഞു, “ഞാൻ ഒന്നും സംസാരിക്കുന്നില്ല. അവിടുന്ന് ശരിക്കും പ്രവാചകനാണെങ്കിൽ ഞാൻ സംസാരിക്കാതിരിക്കലാണ് നല്ലത്. വ്യാജമായി പ്രവാചകത്വം വാദിക്കുന്ന ആളാണെങ്കിൽ അപ്പോഴും സംസാരിക്കുന്നത് ഉചിതമല്ല “.
നബി ﷺ സഖീഫു ഗോത്രത്തിൽ പ്രതീക്ഷയില്ലെന്ന വേദനയോടെ അവിടെ നിന്നും എഴുന്നേറ്റു. അവരോട് പറഞ്ഞു, “നിങ്ങളെന്നോട് പ്രവർത്തിച്ചതും പറഞ്ഞതുമൊക്കെ ഇരിക്കട്ടെ. ഇത് നിങ്ങൾ പ്രചരിപ്പിക്കരുത് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-107/365
നബി ﷺ ത്വാഇഫിൽ പത്തു ദിവസം കഴിച്ചു കൂട്ടി. ഒരു മാസമെന്ന അഭിപ്രായവുമുണ്ട്. ത്വാഇഫിലെ മുഴുവൻ പ്രമുഖരെയും അവിടുന്ന് സന്ദർശിച്ചു. ആശയവിനിമയം നടത്തി. പക്ഷേ, ആരും സ്വീകരിച്ചില്ല. ത്വാഇഫിൽ നിന്ന് മടങ്ങിപ്പോകാൻ അവർ ആവശ്യപ്പെട്ടു. ഒപ്പം കുട്ടികളെയും വിഡ്ഢികളെയും അടിമകളെയും നബി ﷺ ക്കെതിരെ ഇളക്കിവിട്ടു. അവർ നബി ﷺ യെ ഉപദ്രവിക്കാനും കല്ലെറിയാനും തുടങ്ങി. കൂക്കി വിളിക്കുകയും തെറി വിളിക്കുകയും ചെയ്തു. ചിലവേളകളിൽ അവരൊന്നാകെ തങ്ങൾക്കെതിരെത്തിരിഞ്ഞു. ഏറുകൾക്കൊണ്ട് കാലുകളിൽ പരുക്കേറ്റു. രക്തമൊലിക്കാൻ തുടങ്ങി. നബി ﷺ കടന്നു വരുന്ന വഴിയിൽ രണ്ട് വരിയായി ശത്രുക്കൾ നിരന്നു നിന്നു. ഇരുവശങ്ങളിൽ നിന്നുമായി നബി ﷺ യെ അവർ അക്രമിച്ചു. അവിടുത്തെ പവിത്ര മേനിയിൽ പരുക്കുകളേറ്റു. ഒപ്പമുള്ള സൈദ് ബിൻ ഹാരിസ (റ) ആവും വിധം നബിﷺക്ക് സംരക്ഷണം നൽകി. ഒടുവിൽ അദ്ദേഹത്തിന്റെ തല പൊട്ടിയൊലിച്ചു. ഇടയ്ക്ക് നബി ﷺ ഇരുന്ന സ്ഥലങ്ങളിൽ നിന്നും എഴുന്നേൽപ്പിച്ചു. നടന്നു നീങ്ങുമ്പോൾ വീണ്ടും അക്രമിച്ചു.
ഇബ്നു ഉഖ്‌ബ തുടരുന്നു. ഇരുകാലുകളും രക്തമൊലിപ്പിച്ചു കൊണ്ട് ഒരു വിധത്തിൽ അവർക്കിടയിൽ നിന്ന് രക്ഷപ്പെട്ടു. ഒരു തോട്ടത്തിലേക്ക് പ്രവേശിച്ചു. നോവുന്ന മേനിയും മനസ്സും. ഒരു മരച്ചുവട്ടിൽ അൽപ്പം തണൽ കൊള്ളാമെന്നു കരുതി. റബീഅയുടെ മക്കൾ ഉത്ബയും ശൈബയും ആ തോട്ടത്തിലുണ്ടായിരുന്നു. അവരുടേതാണാ തോട്ടം. അവരും ഇസ്‌ലാമിന്റെയും പ്രവാചകരു ﷺ ടെയും ശത്രുക്കളാണ്. എന്നാലും അൽപ്പസമയം മരച്ചുവട്ടിലിരുന്നു. ഇമാം ത്വബ്റാനി(റ) ഇവിടെ ഒരു തുടർച്ച എഴുതുന്നത് ഇപ്രകാരം വായിക്കാം. നബി ﷺ മരച്ചുവട്ടിൽ എത്തി രണ്ട് റക്അത്ത് നിസ്ക്കരിച്ചു. എന്നിട്ട് അല്ലാഹുവിനോട് പ്രാർഥിച്ചു. “അല്ലാഹുവേ ഞാൻ നിന്നോട് ആവലാതി പറയുന്നു. എന്റെ ശക്തിയില്ലായ്മ, തന്ത്രക്കുറവ്, ജനങ്ങളുടെ മുമ്പിലുള്ള എന്റെ പരിമിതി. കാരുണ്യവാന്മാരിൽ കരുണാമയനായ അല്ലാഹുവേ! ദുർബലരുടെ രക്ഷിതാവണല്ലോ നീ, ആരുമില്ലാത്തവരുടെ രക്ഷിതാവായ അല്ലാഹുവേ.. നീ എന്നെ ആർക്കാണ് ഏൽപ്പിച്ചു കൊടുക്കുന്നത് ? ഈ എതിരാളികൾക്കാണോ ? നിന്റെ കോപവും അനിഷ്ടവുമില്ലെങ്കിൽ എനിക്ക് പരിഭവമില്ല. നീ നൽകുന്ന സൗഖ്യമാണെന്റെ ശക്തി. ഈ ലോകത്തെ മുഴുവൻ ശരിയായി നിയന്ത്രിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന നിന്റെ കോപത്തിൽ നിന്ന് നിന്നോട് തന്നെ ഞാൻ കാവൽത്തേടുന്നു. എല്ലാ നിയന്ത്രണവും കഴിവും നിനക്ക് മാത്രമാണല്ലോ അല്ലാഹുവേ”
മരച്ചുവട്ടിൽ പരീക്ഷീണിതനായി ഇരുന്ന് പ്രാർഥിക്കുന്ന നബി ﷺ യെക്കണ്ടപ്പോൾ ഉത്ബയുടെയും ശൈബയുടെയും മനസ്സിൽ എന്തോ ഒരു കരുണ കിനിഞ്ഞു. അവർ അവരുടെ പരിചാരകൻ അദ്ദാസിനെ വിളിച്ചു പറഞ്ഞു; ” അതാ, അതിൽനിന്ന് ഒരുകുല മുന്തിരിയെടുത്ത് ആ താലത്തിൽ വച്ച് ആയിരിക്കുന്ന വ്യക്തിക്ക് കൊണ്ടുക്കൊടുക്കൂ. എന്നിട്ട് കഴിച്ചു കൊള്ളാൻ പറയൂ “. അദ്ദാസ് അനുസരിച്ചു. മുന്തിരിപ്പാത്രവുമായി നബി ﷺ യുടെ അടുത്തെത്തി. തിരുസവിധത്തിൽ പാത്രം വച്ചുകൊടുത്തു. കഴിക്കാൻ ആവശ്യപെട്ടു. അവിടുന്ന് സ്വീകരിച്ചു. ‘ബിസ്മില്ലാഹ്’ – അല്ലാഹുവിന്റെ നാമത്തിൽ എന്ന് ചൊല്ലി, കഴിക്കാൻ തുടങ്ങി. അദ്ദാസ് തിരുമുഖം നോക്കി കണ്ണെടുക്കാതെ അടുത്ത് നിന്നു. എന്നിട്ടദ്ദേഹം പറഞ്ഞു, ‘ഇത് ഈ നാട്ടുകാർ ചൊല്ലുന്ന വാചകമല്ലല്ലോ?’ അപ്പോൾ നബി ﷺ തിരിച്ചുചോദിച്ചു. ‘നിങ്ങൾ ഏത് നാട്ടുകാരനാണ്? നിങ്ങൾ ഏത് മതക്കാരനാണ്?’
‘ഞാൻ നീനവക്കാരനായ നസ്രാണിയാണ് ‘.
‘ഓ! സദ്‌വൃത്തരായ യൂനുസ് ബിൻമതായുടെ നാട്ടുകാരനാണ് അല്ലേ ? ‘
‘യൂനുസ് ബിൻ മതാ ആരാണെന്ന് അവിടുത്തേക്കറിയുമോ? ഞാൻ നീനവയിൽ നിന്ന് യാത്രതിരിക്കുമ്പോൾ ഒരു പത്ത് പേർക്കുപോലും യൂനുസ് ബിൻമതായെ അറിയില്ലാരുന്നു. അങ്ങനെയൊരു വ്യക്തിയെ നിരക്ഷരരായ ജനങ്ങളുടെയിടയിൽ ജീവിക്കുന്ന അവിടുത്തേക്കെങ്ങനെയറിയാം ? ‘
നബി ﷺ മറുപടി പറഞ്ഞു; ‘അത് എന്റെ സഹോദരനായ പ്രവാചകനാണ്. ഞാനും അല്ലാഹുവിന്റെ ദൂതനാണ് ‘. അദ്ദാസ് വിനയാന്വിതം കുനിഞ്ഞു. തിരുശിരസ്സിലും കൈകാലുകളിലും ചുംബിച്ചു. രംഗം വീക്ഷിച്ചുകൊണ്ടിരുന്ന റബീഅയുടെ മക്കളിൽ ഒരാൾ മറ്റൊരാളോട് പറഞ്ഞു. ‘നിന്റെ പരിചാരകനെ നാശപ്പെടുത്തിയല്ലോ ? ‘
മടങ്ങി വന്ന പരിചാരകനോട് യജമാനൻ ചോദിച്ചു; ‘നീ എന്തിനാണ് ആ വ്യക്തിയുടെ ശിരസ്സും കൈകാലുകളും ചുംബിച്ചത്? ‘
അദ്ദേഹം പറഞ്ഞു, ‘അല്ലയോ യജമാനരേ, ഈ വ്യക്തിയോളം മഹത്വമുള്ള ഒരാളും ഇന്ന് ഭൂമിലോകത്തില്ല. ഒരു പ്രവാചകന് മാത്രം പറയാവുന്ന ഒരു കാര്യമാണ് അവിടുന്നെന്നോട് പറഞ്ഞത് ‘. കേട്ട മാത്രയിൽ അവർ പറഞ്ഞു; ‘അഹോ , കഷ്ടം! അദ്ദാസ്, നിങ്ങൾ നിങ്ങളുടെ മതം വിട്ടു പോകരുത്. അത് ആ വ്യക്തിയുടെ മതത്തെക്കാൾ മെച്ചപ്പെട്ടതാണ് ‘.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-108/365
ത്വാഇഫിൽ നിന്ന് ഒരു സ്ത്രീയോ പുരുഷനോ നബി ﷺ യുടെ ക്ഷണം സ്വീകരിച്ചില്ല. ദുഃഖഭാരം പേറി അവിടുന്ന് തിരിച്ചു നടന്നു. ഖാലിദുൽ അദവാനി ഒരനുബന്ധം ഇവിടെ പറയുന്നതിങ്ങനെയാണ് : ” അദ്ദേഹം ത്വാഇഫിലെ തെരുവിൽ ഒരു വില്ലിൽ ഊന്നി നിൽക്കുകയായിരുന്നു. അപ്പോൾ മുഹമ്മദ് ﷺ ഖുർആനിലെ എൺപത്തിയാറാമത്തെ അധ്യായം ‘ത്വാരിഖ്’ പാരായണം ചെയ്യുന്നത് ഞാൻ കേട്ടു. അത് ഹൃദ്യസ്ഥമാക്കി. അന്ന് ഞാൻ ബഹുദൈവ വിശ്വാസിയായിരുന്നു. പിന്നീട് ഇസ്‌ലാമിൽ ഞാനത് പാരായണം ചെയ്തു.
ഞാൻ പ്രവാചകനിൽ ﷺ നിന്ന് എന്തോ ശ്രദ്ധാപൂർവം ശ്രവിക്കുന്നത് കണ്ട ത്വാഇഫുകാർ എന്നോട് ചോദിച്ചു. എന്താണ് നിങ്ങൾ മുഹമ്മദിൽ ﷺ നിന്ന് ശ്രവിച്ചത് ? ഞാനവരെ അത് കേൾപ്പിച്ചു. അപ്പോഴേക്കും ആ കൂട്ടത്തിലുള്ള ഖുറൈശികൾ പറഞ്ഞു, ഞങ്ങളുടെ നാട്ടിലുള്ള വ്യക്തിയെ ഞങ്ങൾക്കല്ലേ നന്നായി അറിയുന്നത് ? അവർ പറയുന്നതിൽ വല്ല സത്യവുമുണ്ടെങ്കിൽ ഞങ്ങൾ പിൻപറ്റുമായിരുന്നില്ലേ?”
ഖുറൈശികൾ മറ്റുള്ളവരുടെ അന്വേഷണത്തിന്റെ വഴികൾ കൂടി മുടക്കുകയായിരുന്നു. ത്വാഇഫിൽ മുത്ത്നബി ﷺ അനുഭവിച്ച പരീക്ഷണങ്ങളുടെ തീക്ഷ്ണത അവിടുത്തെ ഓർമയിൽ മറക്കാനാവാത്തതായിരുന്നു. ഇമാം ബുഖാരി (റ)യും ഇമാം അഹ്മദും (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം : “മഹതി ആഇശ (റ) നബി ﷺ യോട് ചോദിച്ചു. ഉഹ്ദ് യുദ്ധ ദിവസത്തെക്കാൾ പ്രയാസമേറിയ വല്ലദിവസവും അവിടുത്തേക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ? അവിടുന്ന് ഇപ്രകാരം പറഞ്ഞു. ആഇശാ.. നിന്റെ ജനതയിൽ ഞാനഭിമുഖീകരിച്ച ഏറ്റവും തിക്തമായ അനുഭവം ത്വാഇഫിലെ അഖബയിൽ വച്ച് യാലീൽ ബിൻ അബ്ദു കുലാലിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോഴായിരുന്നു. ഒരാളും എന്റെ ക്ഷണം സ്വീകരിച്ചില്ല. ഞാൻ മനം നൊന്ത് തിരിച്ചു സഞ്ചരിച്ചു. ‘ഖർനു സ്സആലിബ്’ എന്ന പ്രദേശത്ത് എത്തിയപ്പോഴാണ് എനിക്കൊരാശ്വാസമായത്. ഞാൻ ശിരസ്സുയർത്തി നോക്കിയപ്പോൾ ഒരു മേഘക്കൂട്ടം തണൽ വിരിച്ചിരിക്കുന്നു. അതിലേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ അതായിരിക്കുന്നു മലക്ക് ജിബ്’രീൽ (അ). മലക്ക് സലാം ചൊല്ലിക്കൊണ്ട് എന്നെ വിളിച്ചു. അല്ലയോ , മുഹമ്മദ് ! ﷺ. അവിടുത്തെ ജനതയുടെ വർത്തമാനങ്ങളും അവർ അവിടുത്തോട് പ്രതികരിച്ചതും അല്ലാഹു അറിഞ്ഞിരിക്കുന്നു. അത് കൊണ്ട് പർവതത്തിന്റെ ദൗത്യമുള്ള മലക്കിനെ അങ്ങോട്ടയച്ചിരിക്കുന്നു. തങ്ങൾക്ക് വേണ്ടത് ആ മലക്കിനോട് കൽപ്പിച്ചോളൂ. ഉടനെ പർവതത്തിന്റെ മലക്ക് വിളിച്ചു. സലാം ചൊല്ലി. എന്നിട്ട് പറഞ്ഞു, അവിടുത്തെ ജനത അവിടുത്തോട് പറഞ്ഞതും പ്രതികരിച്ചതുമൊക്കെ അല്ലാഹു അറിഞ്ഞിരിക്കുന്നു. ഞാൻ പർവതത്തിന്റെ ദൗത്യമുള്ള മലക്കാണ്. തങ്ങൾ വേണ്ടത് കൽപ്പിച്ചോളൂ. അതിനാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. അവിടുന്ന് താത്പ്പര്യപ്പെടുന്ന പക്ഷം, രണ്ട് പർവതങ്ങൾ അവർക്ക് മേൽ മറിച്ചിടാം. അപ്പോൾ നബി ﷺ പറഞ്ഞു. വേണ്ട, അല്ലാഹുവിനോട് ഒന്നിനെയും പങ്കു ചേർക്കാത്ത വിധം അവനെ മാത്രം ആരാധിക്കുന്നവർ അവരുടെ പരമ്പരയിൽ അല്ലാഹു ജനിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം “.
ഇക്‌രിമ (റ) ന്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്. “നബി ﷺ പറഞ്ഞു. ജിബ്‌രീൽ (അ) എന്റെയടുക്കൽ വന്നു പറഞ്ഞു, അല്ലാഹു അവിടുത്തേക്ക് സലാം അറിയിച്ചിരിക്കുന്നു. ഇത് പർവതങ്ങളുടെ മലക്കാണ്. അവിടുത്തെ കൽപ്പനയെന്തോ അത് നിർവഹിക്കാനാണ് ഉത്തരവ് നൽകപ്പെട്ടിട്ടുള്ളത്. അപ്പോൾ പർവതത്തിന്റെ മലക്ക് പറഞ്ഞു. അവിടുന്ന് ആവശ്യപ്പെടുന്ന പക്ഷം ത്വാഇഫുകാരുടെ മേൽ പർവതത്തെ മറിച്ചിടാം. അല്ലെങ്കിൽ, അവരെ ഭൂമിയിൽ ആഴ്ത്തിക്കളയാം. ഞാൻ അവർക്ക് അവസരം നൽകാൻ ആഗ്രഹിക്കുന്നു. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലുന്നവർ അവരുടെ പരമ്പരയിൽ നിന്നുണ്ടാകുന്നതിനെ ഞാൻ പ്രതീക്ഷിക്കുന്നു, നബി ﷺ പ്രതികരിച്ചു. അപ്പോൾ മലക്ക് പറഞ്ഞു. അല്ലാഹു അവിടുത്തേക്ക് ‘റഊഫ്’, ‘റഹീം’ എന്ന് നാമകരണം ചെയ്ത പോലെ അവിടുന്ന് കരുണയും വിട്ടുവീഴ്ചയും ചെയ്യുന്നവരാണല്ലോ “.
മുത്ത്നബി ﷺ ത്വാഇഫിൽ നിന്ന് മക്കയിലേക്ക് മടങ്ങാനൊരുങ്ങിയപ്പോൾ ഒപ്പമുള്ള സൈദ് ബിൻ ഹാരിസ (റ) ചോദിച്ചു; “അവിടുന്ന് മക്കയിലേക്ക് എങ്ങനെ തിരിച്ചുപോകും ? അവർ അവിടുത്തെ അവിടെ നിന്ന് പുറത്താക്കിയതല്ലേ?”
“അല്ലയോ , സൈദേ ! ഇക്കാര്യത്തിലെല്ലാം ഒരു തുറസ്സും പരിഹാരവും നൽകിയ അല്ലാഹു അവന്റെ മതത്തെ സഹായിക്കുക തന്നെ ചെയ്യും”.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-109/365
മുത്ത്നബിﷺയും സൈദു ബിൻ ഹാരിസ (റ)യും സഞ്ചരിച്ച് ഹിറയുടെ അടുത്തെത്തി. മക്കയിലേക്ക് ഇനി ഒരു ജാമ്യക്കാരന്റെ അഭയത്തിലേ പ്രവേശിക്കാൻ പറ്റൂ. അതിനായി അബ്ദുല്ലാഹിബിന് ഉറൈഖിതിനെ അഖ്‌നസ് ബിൻ ശരീഖ് എന്ന പ്രമാണിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അദ്ദേഹം പറഞ്ഞു, “ഞാൻ ഉടമ്പടിയിൽക്കഴിയുന്ന ആളാണ്. അതിനാൽ മറ്റൊരാൾക്ക് അഭയം നൽകാൻ എനിക്ക് അനുവാദമില്ല “. തുടർന്ന് സുഹൈൽ ബിൻ അംറിനോട് അഭയംതേടി. അപ്പോൾ അദ്ദേഹം പറഞ്ഞു, “ബനൂ ആമിർ ഗോത്രം ബനൂ കഅബ് ഗോത്രക്കാർക്ക് അഭയം നൽകുകയില്ല” എന്ന്. അവസാനം മുത്വ്ഇമുബിൻ അദിയ്യിനോട് ചോദിച്ചു. അയാൾ സ്വാഗതം ചെയ്തു. നബി ﷺ യോട് വരാൻ ആവശ്യപ്പെട്ടു. ആദ്യം അഭയം അന്വേഷിച്ച രണ്ട് പേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു. പക്ഷേ, അഭയം നൽകിയ മൂന്നാമന് ആ ഭാഗ്യം ലഭിച്ചില്ല. പിറ്റേന്ന് രാവിലെ തന്നെ മുത്വ്ഇം പുറപ്പെട്ടു. ആയുധ ധാരിയായി ആറോ എഴോ തന്റെ സന്താനങ്ങളോടൊപ്പം കഅ്ബയുടെ അടുത്തെത്തി. മുത്ത്നബി ﷺ യോടദ്ദേഹം ത്വവാഫ് അഥവാ കഅ്ബ പ്രദക്ഷിണം ചെയ്തുകൊള്ളാൻ പറഞ്ഞു. അപ്പോൾ അബൂസുഫ്’യാൻ മുത്വ്ഇമിനോട് ചോദിച്ചു : “നിങ്ങൾ മുഹമ്മദ് ﷺ ന്റെ അനുയായി ആണോ? അതല്ല, അഭയം നൽകിയ ആളാണോ?” മുത്വ്ഇം പറഞ്ഞു, “ഞാൻ അഭയം നൽകിയെന്നേയുള്ളൂ “.
“എന്നാൽ കുഴപ്പമില്ല, നിങ്ങൾ അഭയം നൽകിയ വ്യക്തിക്ക് ഞങ്ങളും അഭയം നൽകിയിരിക്കുന്നു “. എന്നു പറഞ്ഞു കൊണ്ട് നബി ﷺ ത്വവാഫ് പൂർത്തിയാക്കുന്നത് വരെ മുത്വ്ഇമിനൊപ്പം അബൂ സുഫ്’യാനും അവിടെയിരുന്നു. നബി ﷺ വീട്ടിലേക്ക് പോയപ്പോൾ അദ്ദേഹം കൂട്ടുകാർക്കൊപ്പം മജ്ലിസിലേക്ക് പോയി. മുത്ത് നബി ﷺ യുടെ ഹിജ്റയെത്തുടർന്ന് മുത്വ്ഇം മരണപെട്ടു. അദ്ദേഹത്തോടുള്ള കടപ്പാട് നബി ﷺ യുടെ ഹൃദയത്തിലുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു, ബദറിലെ ബന്ദികൾക്ക് വേണ്ടി മുത്വ്ഇം സംസാരിക്കാനുണ്ടായിരുന്നെങ്കിൽ എനിക്ക് മോചിപ്പിക്കേണ്ടി വരുമായിരുന്നു.
ജന്മനാട്ടിലേക്ക് മറ്റൊരാളുടെ അഭയം തേടി പ്രവേശിക്കേണ്ട സാഹചര്യം. കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ അനുവദിക്കപ്പെടാത്ത ചുറ്റുപാട്. അക്രമിക്കപ്പെടുന്ന വിശ്വാസികളുടെ രോദനങ്ങൾ. പലായനം കൊണ്ട് അപരവൽക്കരിക്കപ്പെട്ട കുടുംബങ്ങൾ, മനുഷ്യപ്പറ്റില്ലാത്ത ക്രൂരതകളുടെ ദിനരാത്രങ്ങൾ. മുത്ത് നബി ﷺ അല്ലാഹുവിൽ നിന്നുള്ള പുതിയ കൽപ്പനകൾക്ക് കാതോർക്കുകയാണ്.
അതിനിടയിൽ ത്വാഇഫിൽ നിന്ന് മക്കയിലേക്ക് മടങ്ങിയെത്തുമ്പോൾ വളരെ വ്യത്യസ്തമായ ഒരനുഭവം നബിചരിത്രത്തിന്റെ ഭാഗമായി. ഇമാം ഇബ്നു സഅദും ഇബ്നു ഇസ്ഹാഖും ഉദ്ധരിക്കുന്നു. “നബി ﷺ സഖീഫിൽ നിന്ന് ലക്ഷ്യം പ്രാപിക്കാതെ മടങ്ങി വരുകയായിരുന്നു. മക്കയിലേക്കടുക്കുന്നു. വഴിമധ്യേ , അർധരാത്രിയിൽ ജിന്നുകളിൽ നിന്ന് കുറച്ചു പേർ നബി ﷺ യുടെ ഖുർആൻ പാരായണം ശ്രവിച്ചു. നസ്വീബീൻ ഗോത്രത്തിലെ ഏഴു പേർ എന്നാണ് ഇബ്നു ഇസ്ഹാഖിന്റെ നിർണയം. നിസ്കാരാനന്തരം അവർ അവരുടെ കൂട്ടത്തിലേക്ക് പോയി. മുത്ത് നബി ﷺ യിൽ നിന്ന് കേട്ട സൂക്തങ്ങൾ അവരെക്കേൾപിച്ചു. അവർ അതംഗീകരിക്കുകയും അനുകരിക്കുകയും ചെയ്തു.
ഈ സംഭവം വിശുദ്ധ ഖുർആനിലെ നാൽപത്തിയാറാം അധ്യായം അൽ അഹ്ഖാഫിലെ ഇരുപത്തി ഒൻപത് മുതൽ മുപ്പത്തിയൊന്ന് വരെയുള്ള സൂക്തങ്ങളിൽ പരാമർശിക്കുന്നുണ്ട്. ആശയം ഇപ്രകാരമാണ് “ജിന്നുകളിൽ നിന്ന് ഒരു വിഭാഗത്തെ തങ്ങളുടെ അടുത്തേക്ക് ഖുർആൻ കേൾക്കാൻ വേണ്ടി അയച്ച സന്ദർഭം ശ്രദ്ധേയമാണ്. തങ്ങൾ ഖുർആൻ പാരായണം ചെയ്യുന്ന സമയത്ത് മൗനമായിയിരിക്കാൻ അവർ പരസ്പരം പറഞ്ഞു. പാരായണം കഴിഞ്ഞപ്പോൾ അവർ അവരുടെ കൂട്ടത്തിലേക്ക് മടങ്ങി. എന്നിട്ട് പറഞ്ഞു അല്ലയോ സമൂഹമേ മൂസാ പ്രവാചകന്(അ) ശേഷമുള്ള ഒരു വേദം ഞങ്ങൾ കേട്ടിരിക്കുന്നു. അത് നേരിലേക്കും നന്മയിലേക്കും ക്ഷണിക്കുന്നതും ഒപ്പം മുൻകാല വേദങ്ങളെ ശരിവെക്കുന്നതുമാണ്”
ജിന്നുകളുടെ പ്രതിനിധികളായി വന്നവർ ഒൻപത് പേരാണെന്നും അവരിൽ ഒരാളുടെ പേര് സൗബിഅ: എന്നാണെന്നും അഭിപ്രായമുണ്ട്. ജിന്നുവർഗത്തിൽ നിന്ന് മൂന്നു പേരെയും കൊണ്ട് അവർ ഹുജൂനിൽ എത്തി. നബി ﷺ അവർക്ക് വേണ്ടി സമയം അനുവദിച്ചു. ഈ രാത്രിയിൽ നബി ﷺ യോടൊപ്പം അനുചരർ ആരും ഉണ്ടായിരുന്നില്ല. മറ്റൊരു സന്ദർഭത്തിൽ ഇബ്നു മസ്ഊദ്(റ) ഒപ്പമുണ്ടായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹
Mahabba Campaign Part-110/365.
പരീക്ഷണങ്ങൾക്കിടയിലും നബി ﷺ പ്രബോധന പ്രവർത്തനങ്ങൾക്ക് കുറവ് വരുത്തിയില്ല. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ ആദ്യത്തെ മൂന്ന് വർഷം രഹസ്യ പ്രബോധനമായിരുന്നു. ശേഷമാരംഭിച്ച പരസ്യ പ്രവർത്തനങ്ങൾക്ക് പത്ത് വർഷം തികയുകയാണ്. നേർവഴിയിലേക്കുള്ള ക്ഷണം അനവരതം തുടർന്നു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും പല മുഖങ്ങളും സ്വീകരിച്ചു. നബി ﷺ ഗോത്രങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് നേരിട്ടുള്ള ഒരു രംഗ പ്രവേശനം നടത്തി. മക്കയിലേക്ക് തീർഥാടകർ എത്തുന്ന സീസണുകൾ അതിനു വേണ്ടി തെരഞ്ഞെടുത്തു. മക്കയിലെത്തുന്ന ഹാജിമാർ കൂടുതലായും താമസിച്ചിരുന്ന പ്രധാന അങ്ങാടികൾ ഉക്കാള്, മജിന്ന, ദുൽ മജാസ് എന്നിവയായിരുന്നു. കഅ്ബയിൽ നിന്ന് വരുന്ന ഹാജിമാരെ നബി ﷺ പിൻതുടരും. അവർ തമ്പടിച്ച സ്ഥലത്തേക്കെത്തും. ഗോത്രങ്ങളെ മനസ്സിലാക്കും. അവരോട് മറ്റുള്ളവരുടെ ഇടങ്ങൾ അന്വേഷിക്കും. അങ്ങനെ ഓരോ ഖബീലകളെയും പിന്തുടരും. അവരോട് പറയും “ലാഇലാഹ ഇല്ലല്ലാഹ് ‘പറയൂ, വിജയം കൈവരിക്കൂ. നിങ്ങൾ വിശ്വസിച്ചാൽ സ്വർഗത്തിൽ നിങ്ങൾ രാജാക്കളാകും”. അപ്പോഴേക്കും ഖുറൈശികൾ നബി ﷺ എത്തിയ സ്ഥലത്ത് എത്തിയിട്ടുണ്ടാകും. അവരുടെ നേതാവായി പലപ്പോഴും അബൂലഹബാണ് ഉണ്ടാവുക. അവർ പറയും, “ഈ വ്യക്തിയെ നിങ്ങൾ അനുസരിക്കല്ലേ. ഇത് സാബിഇയാണ്. വ്യാജമാണ് പറയുന്നത് “. ഉടനെ ഗോത്രങ്ങൾ രൂക്ഷമായി പ്രതികരിക്കും. പരുഷമായ വാക്കുകൾ പറയും. ‘നാട്ടുകാരല്ലെ പറയുന്നത്; അവർക്കല്ലെ ഒരു വ്യക്തിയെ നന്നായി അറിയുക ‘ എന്നവർ പ്രതികരിക്കും. മുത്ത് നബി ﷺ വേദനയോടെ അടുത്ത അവസരങ്ങൾ അന്വേഷിക്കും.
ഇമാം ബൈഹഖി (റ)യുടെ നിവേദനത്തിൽ റബീഅത് ബിൻ ഇബാദ് എന്നവർ പറയുന്നു : ഞാൻ എന്റെ ചെറുപ്പകാലത്ത് ഉപ്പയോടൊപ്പം മിനയിൽ നിൽക്കുകയായിരുന്നു. അപ്പോൾ നബി ﷺ അറബ് ഗോത്രങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന രംഗത്തിന് സാക്ഷിയാകാൻ കഴിഞ്ഞു. നബി ﷺ പറയുന്നത് ഇങ്ങനെയായിരുന്നു. “അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാണ് ഞാൻ. അവനെ മാത്രം ആരാധിക്കണമെന്നും അവനോട് ആരെയും പങ്കുചേർക്കരുതെന്നുമാണ് അവൻ കൽപ്പിച്ചിട്ടുള്ളത്. നിങ്ങൾ ആരാധിക്കുന്ന ബിംബങ്ങളിൽ നിന്ന് നിങ്ങൾ മുക്തരാവുക. എന്നെ വിശ്വസിക്കാം. അനുകരിക്കാം. അല്ലാഹു എന്നെ നിയോഗിച്ച ദൗത്യം വിശദീകരിക്കാൻ എന്നോടൊപ്പം നിന്ന് പ്രതിരോധിക്കുക “. ജനങ്ങൾ തങ്ങളുടെ ചുറ്റും ഒത്തുകൂടി. ആര് എന്ത് ചോദിച്ചപ്പോഴും അവിടുന്ന് മൗനിയായില്ല. അപ്പോഴതാ വെളുത്ത ശരീരവും രണ്ടു കുടുമയുമുളള ഒരാൾ ഒരു അദനീ തട്ടവുമിട്ട് പിന്നിൽ നിന്ന് വരുന്നു. മുത്ത് നബി ﷺ സംസാരിച്ചു നിർത്തിയതും അയാൾ തുടങ്ങി. “ഓ ജനങ്ങളെ ഈ വ്യക്തി നിങ്ങളോട് പറയുന്നത് ലാത, ഉസ്സ, നാം സേവ ചെയ്യുന്ന ജിന്നുകൾ എന്നിവയെ ഒഴിവാക്കാനാണ്. നിങ്ങൾ അനുസരിക്കല്ലേ! ആ വ്യക്തിയുടെ ഒരു പുത്തനാശയമുണ്ട്. അതിൽച്ചേരാനാണ്. ചേരല്ലേ! റബീഅ പറയുന്നു ഞാൻ ഉപ്പയോട് ചോദിച്ചു. ഇപ്പോൾ ഈ പിന്നിൽ നിന്ന് സംസാരിച്ച ആൾ ആരാണ്? ഉപ്പ പറഞ്ഞു : “അത് ആ പ്രവാചകന്റെ ﷺ പിതൃസഹോദരൻ കൂടിയായ അബൂലഹബാണ്.”
മുദിരിക് ബിൻ മുനീബ് എന്നവർ പറയുന്നു : അദ്ദേഹത്തിന്റെ പിതാമഹന്റെ അനുഭവം പിതാവിൽ നിന്നു കേട്ടതായി ഉദ്ധരിക്കുന്നു. ജാഹിലിയ്യാകാലത്ത് ഞാൻ അല്ലാഹുവിന്റെ ദൂതരെ ﷺ കാണാനിടയായി. അവിടുന്ന് പറയുന്നു; “അല്ലയോ ജനങ്ങളേ! ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ, വിജയം വരിക്കൂ! ” ഇത് കേട്ടതും ചിലർ അപ്പോൾത്തന്നെ മുഖം തിരിച്ചു. ചിലർ മണ്ണുവാരി തലയിലിട്ടു. ചിലർ തെറിവിളിച്ചു. അങ്ങനെ മധ്യാഹ്നം വരെ തുടർന്നു. അപ്പോഴതാ ഒരു ചെറുപ്പക്കാരി പെൺകുട്ടി അവിടേക്ക് വന്നു. അവൾ പാത്രത്തിൽക്കൊണ്ടു വന്ന വെള്ളം കൊണ്ട് നബി ﷺ യുടെ കൈയും മുഖവും കഴുകി. ശേഷം ആ കുട്ടിയോട് പറഞ്ഞു. “മോളുടെ ഉപ്പാക്ക് നിന്ദ്യതയും പരാജയവും പേടിക്കണ്ട മോളേ!” ഞാൻ ചോദിച്ചു. “അതാരാണ് ?” അപ്പോൾ പറഞ്ഞു. “അത് മുഹമ്മദ് നബി ﷺയുടെ മകൾ സൈനബാണ് “.
നബി ﷺ യുടെ പിന്നിൽ നടന്ന് ശല്യമുണ്ടാക്കുക. അതെ, അക്കാലത്ത് അബൂ ലഹബിന്റെ ഏറ്റവും വലിയ വിനോദമായിരുന്നു അത്. അബൂലഹബ് എത്തിപ്പെടാത്ത സ്ഥലങ്ങളിൽ അബൂജഹൽ ഉണ്ടാകുമായിരുന്നു. കിൻദ, കൽബ്, ബനൂ ആമിർ, ബനൂ ഹനീഫ എന്നീ ഗോത്രങ്ങൾ വളരെ രൂക്ഷമായിട്ടായിരുന്നു നബി ﷺ യോട് പ്രതികരിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-111/365
പരിഹാസങ്ങളും അപഹാസങ്ങളും മുത്ത് നബി ﷺ യെ നൊമ്പരപ്പെടുത്തി. അല്ലാഹുവിന്റെ മാർഗത്തിൽ എല്ലാം ക്ഷമയോടെ നേരിട്ടു. അപ്പോഴേക്കും ഖുർആനിന്റെ ആശ്വാസ സൂക്തങ്ങൾ അവതരിച്ചു. “തങ്ങൾക്ക് മുമ്പ് ദൂതന്മാർ പരിഹസിക്കപ്പെട്ടിട്ടുണ്ട്. നിഷേധികൾക്ക് എപ്പോഴും നാം സാവകാശം നൽകിയിരുന്നു. അവസാനം നാമവരെ പിടികൂടുകയും ചെയ്തു. ( അവർക്കു ) നൽകിയ ശിക്ഷ എത്ര കഠിനമായിരുന്നു ?”. (അൽ റഅദ്/32) “നിശ്ചയം തങ്ങളെ പരിഹസിക്കുന്നവരിൽ നിന്ന് രക്ഷപ്പെടുത്താൻ നാം തന്നെ മതി”.(അൽഹിജ്റ്/95) “ഈ ജനത തങ്ങളെക്കുറിച്ചു പറയുന്ന വർത്തമാനങ്ങളിൽ തങ്ങൾക്ക് മനോവേദനയുണ്ടെന്ന് നമുക്കറിയാം. അല്ലാഹുവിനെ വാഴ്ത്തുകയും അവന് സാഷ്ടാംഗം നമിക്കുകയും ചെയ്യുക. അന്ത്യനിമിഷം വരെ അല്ലാഹുവിന്റെ ആരാധനയിൽ കഴിയുക”. (അൽഹിജ്റ്/95-99)
മുത്ത് നബി ﷺ പൂർണാർഥത്തിൽ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു. പ്രവർത്തനവഴിയിൽ കൂടുതൽ ഉൻമേഷത്തോടെയും ജാഗ്രതയോടെയും മുന്നോട്ട് ഗമിച്ചു. എന്നാൽ തങ്ങളെ പരിഹസിച്ചവർ ലോകജനതയ്ക്ക് മുന്നിൽ അപഹാസ്യരായി. അവരുടെ പരിണതികൾ ഗുണപാഠങ്ങളായി. നബി ﷺ യെ അപഹസിക്കാൻ മുന്നിൽ നിന്ന ചിലരെ ഒന്നു വായിച്ചു നോക്കാം.
1. അൽ അസ്’വദ് ബിൻ അബ്ദു യഗൂസ്:
ബലാദുരി വിശദീകരിക്കുന്നു. “അയാൾ വിശ്വാസികളെക്കണ്ടാൽ പറയും. ഓ കിസ്റയെയും കൈസറിനെയും ഒക്കെ അനന്തരമെടുക്കുന്ന ലോകരാജാക്കൾ വന്നിരിക്കുന്നു. നബി ﷺ യെക്കണ്ടാൽ ചോദിക്കും – ഇന്ന് ആകാശത്ത് നിന്ന് വല്ല വാർത്തയും ഉണ്ടോ? പരിഹാസപൂർവം നിരന്തരം ഇത് ചോദിച്ചു കൊണ്ടേയിരിക്കും. ഒരു ദിവസം അയാൾ വീട്ടിൽ നിന്ന് പുറത്ത് പോയി . വിഷബാധയേറ്റു. വെളുത്ത സുന്ദരനായിരുന്ന അയാളുടെ മുഖം ഇരുണ്ടു വിവർണമായി. ഹബ്ശയിലെ കറുത്ത വർഗക്കാരിൽപ്പെട്ടവരെപ്പോലെയായി. വീട്ടുകാർ അയാളെ ബഹിഷ്കരിച്ചു. അയാൾ പരിഭ്രാന്തനായി അലഞ്ഞു. ദാഹിച്ചു വിവശനായി അന്ത്യം വരിച്ചു. കർമഫലം അയാൾ അനുഭവിച്ചു.
2. ഹാരിസ് ബിൻ ഖൈസ് അസ്സഹ്’മി:
മാതാവ് അൻഥിലയുടെ മകൻ എന്നാണ് അറിയപ്പെട്ടിരുന്നത്. അയാൾ കല്ലിനെയാണ് ആരാധിച്ചിരുന്നത്. ഭംഗിയുള്ള ഒരു കല്ലിനെ പൂജിക്കും അതിനേക്കാൾ ഭംഗിയുള്ള മറ്റൊരു കല്ലു കണ്ടാൽ ആദ്യത്തേതിനെ വിട്ട് പുതിയതിനെ പൂജിക്കും. ഇതായിരുന്നു രീതി. ഖുർആനിലെ അൽഫുർഖാൻ അധ്യായത്തിൽ നാൽപത്തിമൂന്നാം സൂക്തത്തിൽ ഇയാളെക്കുറിച്ച് പരാമർശമുണ്ട്. ആശയം ഇങ്ങനെയാണ്. “സ്വന്തം ഇച്ഛയെ ദൈവമാക്കിയവനെക്കുറിച്ച് അവിടുന്ന് ചിന്തിച്ചിട്ടുണ്ടോ?അവരെ നേർവഴിയിലാക്കാനുള്ള ചുമതല തങ്ങൾക്കേൽക്കാനാകുമോ?” അയാൾ പറയുമായിരുന്നു, മുഹമ്മദ് ﷺ സ്വയം വഞ്ചിക്കപ്പടുകയും അനുയായികളെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു. കാരണം, മരണാനന്തരം ജീവിതമുണ്ടത്രെ. കാലമാണ് എല്ലാം നശിപ്പിക്കുന്നത്. കാലഭേദങ്ങളാണ് മാറ്റങ്ങളുടെ കാരണം. പരിഹാസപൂർവം മതത്തെയും പ്രവാചകനെ ﷺ യും സമീപിച്ചു. അയാളുടെ അന്ത്യത്തെക്കുറിച്ചുള്ള വായന ഇങ്ങനെയാണ്. “അയാൾ ഉപ്പിലിട്ട മത്സ്യം കഴിച്ചു. ദാഹിച്ചു ദാഹിച്ചു വലഞ്ഞു. വെളളത്തിനു മേൽ വെള്ളം കുടിച്ച് വയറിന് രോഗം ബാധിച്ചു, അന്ത്യം വരിച്ചു. ഹീനമായ അന്ത്യത്തെക്കുറിച്ച് വേറെയും അഭിപ്രായങ്ങളുണ്ട്.
3. അസ്‌വദ് ബിൻ അൽ മുത്വലിബ്:
പ്രവാചകരെ ﷺ യും അനുയായികളെയും നിരന്തരം അപഹസിച്ചു. ഓ , വലിയ ലോക രാജാക്കൾ ! കിസ്റയെയും കൈസറിനെയും ഉടമപ്പെടുത്തുന്നവർ! എന്നിങ്ങനെ കളിയാക്കി. നബി ﷺ യെ വേദനിപ്പിക്കുന്ന പല വർത്തമാനങ്ങളും പറഞ്ഞു. ഒടുവിൽ അയാൾക്കും തിക്തമായ പരിണതി അനുഭവിക്കേണ്ടി വന്നു. മകൻ മുഖത്തടിച്ചു. ശാമിൽ നിന്ന് വരുന്ന മകനെ സ്വീകരിക്കാൻ പോയ വഴിയിൽ ഒരു മരച്ചുവട്ടിലിരുന്നു. അവിടുന്ന് അടിയേറ്റ് കാഴ്ച നഷ്ടമായി. അയാളുടെ മക്കൾ സംഅയും അഖീലും ബദറിൽ കൊല്ലപ്പെട്ടു. യഥാക്രമം അബൂദുജാനയും അലിയ്യുമാണ് അവരെ നേരിട്ടത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-112/365
4. ആസ്വ് ബിൻ വാഇൽ:
നബി ﷺ യെയും അനുയായികളെയും ആക്ഷേപിക്കുന്നതിൽ മുന്നിൽ നിന്ന ആളായിരുന്നു ഇയാൾ. ഖബ്ബാബ് ബിൻ അൽ അറത്ത് എന്നവർ പറയുന്നതായി ഹദീസുകളിൽ ഇങ്ങനെ ഒരു നിവേദനം കാണാം : “ജാഹിലിയ്യാ കാലത്ത് ഞാൻ ഒരു ആയുധപ്പണിക്കാരനായിരുന്നു. ആസ്വ് ഇബ്നു വാഇലിനു വേണ്ടി ഒരു വാൾ നിർമിച്ചു നൽകി. ആ ഇടപാടിന്റെ തുക വാങ്ങാനായി ഞാൻ ചെന്നു. അയാൾ പറഞ്ഞു; ‘മുഹമ്മദ് ﷺ യെ നിഷേധിക്കാതെ ഞാൻ നിനക്ക് തരാനുള്ളത് തരില്ല’. ഞാൻ പറഞ്ഞു – ‘നിങ്ങൾ മരണപ്പെട്ട് പുനർജനിക്കുന്നത് വരെ ഞാൻ മുഹമ്മദ് ﷺ നബിയെ നിഷേധിക്കില്ല’.
‘ഞാൻ മരിച്ചിട്ട് പിന്നെ നിയോഗിക്കപ്പെടുകയോ?’ ആശ്ചര്യത്തോടെ അയാൾ ചോദിച്ചു. ഞാൻ പറഞ്ഞു, ‘അതെ’. അയാൾ തുടർന്നു, ‘ശരി എന്നാൽ നിനക്ക് തരാനുള്ളത് അപ്പോൾ ഞാൻ തരാം. ഖബ്ബാബേ.. നീയും നിന്റെ നേതാവും അല്ലാഹുവിന്റെ അടുക്കൽ എന്നെക്കാൾ സ്വാധീനമുള്ളവരൊന്നുമല്ല ‘. ”
ഇവ്വിഷയകമായി വിശുദ്ധ ഖുർആൻ ‘മർയം’ അധ്യായത്തിലെ എഴുപത്തിയേഴ് മുതൽ എൺപത് വരെ സൂക്തങ്ങൾ അവതരിച്ചു. സംക്ഷിപ്തം ഇങ്ങനെ വായിക്കാം. “നമ്മുടെ സൂക്തങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും എനിക്കെന്നും സമ്പാദ്യവും സന്താനവും ലഭിച്ചു കൊണ്ടിരിക്കും എന്ന് വീമ്പു പറയുകയും ചെയ്യുന്നവനെ കണ്ടില്ലെയോ? അല്ല അവൻ വല്ല അദൃശ്യവും അറിയുകയോ കരുണാവാരിധിയായ അല്ലാഹുവിൽ നിന്ന് വല്ല കരാറും വാങ്ങിവയ്ക്കുകയോ ചെയ്തിട്ടുണ്ടോ? ഇല്ല , ഒരിക്കലുമില്ല. അവൻ പറയുന്നതെല്ലാം നാം രേഖപ്പെടുത്തുകയും അവന്റെ ശിക്ഷയെ നാം ശക്തിപ്പെടുത്തുകയും ചെയ്യുന്നു”.
ഇയാളുടെ അന്ത്യത്തെക്കുറിച്ച് സീറാ ഗ്രന്ഥങ്ങളിൽ വന്ന വിശകലനം ഇങ്ങനെയാണ് : “കഴുതപ്പുറത്ത് ത്വാഇഫിലേക്ക് യാത്ര ചെയ്യവെ, വാഹനം മെട കാണിച്ചു. നിലത്ത് വീണ അയാൾക്ക് കാലിൽ പരുക്കു പറ്റി. പരുക്ക് ഗുരുതരമായി. അംറ് ചികിത്സിക്കാൻ ആളെത്തേടി ത്വാഇഫിലേക്ക് പോയെങ്കിലും വൈകാതെത്തന്നെ ആസ്വ് ബിൻ വാഇലിന് ദാരുണമായ അന്ത്യം നേരിടേണ്ടി വരുകയും ചെയ്തു “.
5. അബൂ ലഹബ്:
മുത്ത് നബി ﷺ യെ
ഏറ്റവും വിമർശിക്കുകയും അപഹസിക്കുകയും ചെയ്തയാളായിരുന്നു അബൂലഹബ്. തിരുനബി ﷺ യുടെ കവാടത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മുതൽ പിന്നാലെ നടന്ന് പരിഹസികുന്നത് വരെ എല്ലാ നിന്ദ്യമായ സമീപനങ്ങളും അയാൾ സ്വീകരിച്ചിട്ടുണ്ട്. അയാളുടെ മോശമായ പിന്തുടർച്ചയുടെ പല രംഗങ്ങളും കഴിഞ്ഞ പല അധ്യായങ്ങളിലും നാം വായിച്ചു കഴിഞ്ഞു. അയാളുടെ നിന്ദ്യമായ അന്ത്യവും ദാരുണമായ പരിണിതിയും ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എണ്ണിപ്പറയപ്പെട്ടവർക്ക് പുറമേ വലീദ് ബിൻ അൽ മുഗീറ:, ഹകം ബിൻ അബുൽ ആസ്വ്,
മാലിക് ബിൻ ത്വലാത്വില: എന്നിവരുടെയും പിൽക്കാല ചരിത്രങ്ങൾ സീറാഗ്രന്ഥങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇരുട്ടിന്റെയും അക്രമത്തിന്റെയും ഉപാസകർക്കുണ്ടായ കർമഭേദങ്ങൾ ചരിത്രം നൽകുന്ന ഒരു ഗുണപാഠമാണ്. ആരുടെയും കഷ്ടമോ ദുരന്തമോ മുത്ത്നബി ﷺ ആശിച്ചില്ല. അക്രമത്തിനനുകൂലമായി നിൽക്കുകയോ പ്രാർഥിക്കുകയോ ചെയ്തില്ല. എന്നാൽ പ്രപഞ്ചാധിപന്റെ വ്യവസ്ഥിതിയുടെ ഭാഗമാണ് നന്മകൾക്കുള്ള സമ്മാനവും തിന്മകൾക്കുള്ള ശിക്ഷയും. ഒരു പക്ഷേ, പല സമൂഹഘടനയിലും ഭൂരിപക്ഷമാളുകൾ തിന്മകളിൽ നിന്നും വിട്ടു നിൽക്കുന്നത് ശിക്ഷയെ ഭയന്നു കൊണ്ടായിരിക്കും. ഏറെ ചിട്ടകൾ സംരക്ഷിക്കപ്പെടുന്ന നഗരസംവിധാനങ്ങളും ഗതാഗത നിയമങ്ങളും നിലനിന്നുപോകുന്നത് ലംഘനത്തിൻമേൽ സഹിക്കേണ്ടി വരുന്ന സാമ്പത്തികമോ അല്ലാതെയോ ഉള്ള ശിക്ഷാരീതികളായിരിക്കും.
നമ്മുടെ നാട്ടിൽ പല തെറ്റുകളും വ്യാപകമാകുന്നത് മാതൃകാപരമായ ശിക്ഷാനടപടികൾ ഏർപ്പെടുത്താത്തതിനാലാണ്.
നന്മയുടെ പ്രവാചകനെ ﷺ അപഹസിച്ചവർക്കുള്ള തിക്തപരിണിതികൾ നാം അത്തരം വീഴ്ചകളിൽ അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ്.
വിമർശങ്ങളുടെ നടുവിൽ നിന്ന് ആദർശ സംരക്ഷണത്തിനായി സഹിഷ്ണുതയോടെ അതിജീവനം തേടുന്ന മുത്ത് നബി ﷺ യുടെ നാൾവഴികളിലൂടെയുള്ള സഞ്ചാരം നമുക്ക് തുടരാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-113/365
വിഷമഘട്ടങ്ങളിലെല്ലാം മുത്ത് നബി ﷺയെ അല്ലാഹു ആശ്വസിപ്പിച്ചു. ഖുർആനിക സൂക്തങ്ങൾ അവതരിപ്പിച്ചു. ചില സന്ദർഭങ്ങളിൽ അത് “മുഅ്ജിസത്തുകൾ” അഥവാ, അമാനുഷിക സംഭവങ്ങളായി നബി ﷺയിൽ നിന്ന് പ്രകടമായി. ഇക്കാലയളവിൽ ഉണ്ടായ സുപ്രധാനമായൊരു സംഭവമായിരുന്നു ചന്ദ്രൻ പിളർന്നത്. വിശുദ്ധ ഖുർആനിലെ ‘അൽഖമർ’ അധ്യായത്തിലെ ആദ്യത്തെ രണ്ട് സൂക്തങ്ങളിലെ പ്രമേയം ഇതാണ്. ആശയം ഇങ്ങനെ പകർത്താം: “അന്ത്യനാൾ അടുത്തു, ചന്ദ്രൻ പിളർന്നു.” സംഭവത്തിന്റെ വിശദാംശങ്ങൾ നിരവധി ഹദീസുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. വിജ്ഞാന ശാസ്ത്ര പ്രകാരം ‘തവാതുർ’ അഥവാ, അനിഷേധ്യമാംവിധം നിരവധി ആളുകൾ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദ് (റ) നിവേദനം ചെയ്യുന്നു. “അനസ്(റ) പറയുന്നു. മക്കക്കാർ നബി ﷺ യോട് ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടു. അത് പ്രകാരം ചന്ദ്രൻ പിളർന്നു. രണ്ട് പ്രാവശ്യം ഇപ്രകാരം സംഭവിച്ചു “.
ഇമാം ബുഖാരി (റ) നിവേദനം ചെയ്തതിപ്രകാരമാണ്. “മക്കക്കാർ നബി ﷺയോട് ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടു. അവിടുന്ന് ചന്ദ്രനെ രണ്ട് ഭാഗമാക്കിക്കാണിച്ചു കൊടുത്തു. രണ്ട് പിളർപ്പുകൾക്കിടയിൽ അവർ ഹിറാ പർവതം ദർശിച്ചു.
ഈ സംഭവം വിശ്വാസികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. എന്നാൽ ശത്രുക്കൾ പുതിയ ആരോപണം ഉയർത്തി. ഇത് മുഹമ്മദ് നബി ﷺ യുടെ മാരണക്രിയയാണെന്ന് പ്രചരിപ്പിച്ചു. പക്ഷേ, അവരിൽത്തന്നെ ചിലർ ചോദിച്ചു; “ജനങ്ങളെ മുഴുവനായും ഒരേ സമയത്ത് മായാവിദ്യയിൽ കുടുക്കിയെന്നാണോ നിങ്ങൾ പറയുന്നത് ?”
ഈ സംഭവത്തെക്കുറിച്ചുള്ള വിവിധ നിവേദനങ്ങളിൽ വ്യത്യസ്തമായ വിശദവിവരങ്ങൾ വായിക്കാൻ കഴിയും. ചന്ദ്രൻ രണ്ട് പിളർപ്പായി രണ്ട് കുന്നുകളുടെ മുകൾ ഭാഗത്തായിക്കാണപ്പെട്ടു. അന്നേരം നബി ﷺ ഖുറൈശികളോട് ചോദിച്ചു; ‘ഇത് കാണുന്നില്ലേ ‘ എന്ന്. മക്കയിൽ ഉണർന്നിരുന്ന ഏവർക്കും ബോധ്യമായ ഒരു സംഭവമായിരുന്നു ഇത്.
പ്രവാചകന്മാർ അവതരിപ്പിച്ച അദ്ഭുത സംഭവങ്ങൾക്ക് ‘മുഅ്ജിസത്ത്’ എന്ന പദമാണ് പ്രയോഗിക്കുക. കാര്യകാരണബന്ധങ്ങൾക്ക് അതീതമായിട്ടായിരിക്കും അവകൾ സംഭവിക്കുക. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെടണം എന്ന ന്യായത്തിന് പ്രസക്തിയില്ല. ശാസ്ത്രം – കാര്യം, കാരണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് വിഷയങ്ങളെ നിരീക്ഷിക്കുന്നത്. ദൈവികം, പ്രവാചകത്വം, ദിവ്യ സന്ദേശം എന്നീ കാര്യങ്ങളെ ഉൾക്കൊള്ളാൻ എങ്ങനെ സാധിക്കുന്നുവോ ആ വിധത്തിൽത്തന്നെയാണ് അടിസ്ഥാനപരമായി മുഅ്ജിസത്തിനെയും ഉൾക്കൊള്ളേണ്ടത്.
ഇതിനർഥം, ഇവയൊക്കെ കേവലം സങ്കൽപ്പങ്ങളാണെന്നല്ല. മറിച്ച്, ഈ യാഥാർഥ്യങ്ങളുടെയൊക്കെ എല്ലാ വശങ്ങളെയും നമ്മുടെ കേവലബുദ്ധിക്കും പഠനങ്ങൾക്കും ബോധ്യപ്പെട്ടു കൊള്ളണമെന്നില്ല എന്ന് മാത്രം.
ഉദാഹരണമായിപ്പറഞ്ഞാൽ, ഈ ലോകത്തിന് ഒരു സംവിധായകനും രക്ഷിതാവും ഉണ്ട്/ഉണ്ടാകണം എന്ന് ഈ പ്രപഞ്ചത്തെ ശരിയായി നിരീക്ഷിക്കുന്ന ഏവർക്കും ബോധ്യമാകും. എന്നാൽ, എന്തുകൊണ്ട് എനിക്കാ സംവിധായകനെ കാണാൻ കഴിയുന്നില്ല ? എൻ്റെ കണ്ണുകളിൽ അല്ലെങ്കിൽ, സെൻസുകളിൽ തെളിയാത്തതൊന്നും ഞാൻ അംഗീകരിക്കില്ല എന്ന് പറഞ്ഞാൽ പ്രശ്നം ദൈവസാന്നിധ്യത്തിനല്ല. മറിച്ച്, എന്റെ ഈ ചെറിയ ബുദ്ധിയിലും കണ്ണിലും എല്ലാം തെളിയണം എന്നു വാദിക്കുന്നവനാണ്.
ഇനിയൊന്ന് ചിന്തിക്കൂ. മക്കക്കാർ പ്രവാചകരോട് ﷺ ഒരു തെളിവ് ചോദിച്ചു. “അതാ “, ചന്ദ്രനിലേക്ക് നോക്കാൻ പ്രവാചകൻ ﷺ പറഞ്ഞു. എല്ലാവരും നോക്കി. “ശരി”, ചന്ദ്രൻ രണ്ടു ഭാഗമായി രണ്ട് ഭാഗത്ത് നിൽക്കുന്നു ! അന്നുള്ളവരൊക്കെക്കണ്ടു. അംഗീകരിക്കാൻ മനസ്സില്ലാത്തവർ മാരണമാണെന്നാരോപിച്ചു. എന്നാൽ, ഏതെങ്കിലും മാരണക്കാർ സമാനമായി എപ്പോഴെങ്കിലും ചെയ്തതായി ഉദ്ധരിക്കപ്പെടുകയോ ആരോപണമുയർത്തിയവർ തെളിയിക്കുകയോ ചെയ്തില്ല. ഈ സംഭവം അനിഷേധ്യമാം വിധം മറ്റു ചരിത്ര സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ട രീതിയിൽ നിവേദനം ചെയ്യപ്പെട്ടു. ഇതിനപ്പുറം എന്താണ് വേണ്ടത് ?!
ചന്ദ്രൻ രണ്ട് ഭാഗമായി എന്നതു ശരിയാണ്. എന്നാൽ, എങ്ങനെയാണതുണ്ടായത്? എങ്ങനെയെന്ന് മറ്റുള്ളവർക്ക് നിർണയിക്കാൻ കഴിയാത്ത കാര്യം ചെയ്തു എന്നതാണ് പ്രവാചകരെ വ്യത്യസ്തമാക്കിയത്. അപ്പോഴാണത് ദൃഷ്ടാന്തമായി മാറിയതും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-114/365
പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പതിനൊന്നാം വർഷം റജബ് ഇരുപത്തിയേഴ് രാത്രി. പ്രബോധന വഴിയിൽ പ്രയാസങ്ങൾ അതിജീവിക്കുന്ന പുണ്യനബി ﷺക്ക് അംഗീകാരത്തിന്റെയും ആശ്വാസത്തിന്റെയും രാവായിരുന്നു അത്. അഥവാ മുത്ത് നബിﷺയെ അത്യുന്നതങ്ങളിൽ ക്ഷണിച്ചു വരുത്തി പ്രപഞ്ചാധിപനായ അല്ലാഹു പ്രത്യേക സംഭാഷണം നടത്തിയ മിഅ്റാജിന്റെയും ഇസ്റാഇന്റെയും മുഹൂർത്തം ! മക്കയിൽ നിന്ന് ബൈതുൽ മുഖദ്ദസ് വരെയുള്ള രാത്രിസഞ്ചാരത്തിനാണ് സാങ്കേതികമായി ഇസ്റാഅ് എന്ന് പറയുന്നത്. വിശുദ്ധ ഖുർആനിലെ പതിനേഴാമത്തെ അധ്യായത്തിന്റെ പേരും ഇസ്റാഅ് എന്നാണ്. ഈ അധ്യായത്തിലെ പ്രാരംഭ സൂക്തം തന്നെ മുത്ത് നബിﷺയുടെ നിശായാത്രയെയാണ് പരാമർശിക്കുന്നത്. ആശയം ഇങ്ങനെയാണ് : “ഒരു രാത്രിയിൽ തന്റെ വിശിഷ്ട ദാസനെ മസ്ജിദുൽ ഹറാമിൽ നിന്ന് പരിസരം പവിത്രമായ മസ്ജിദുൽ അഖ്‌സയിലേക്ക് രാത്രിയിൽ സഞ്ചരിപ്പിച്ചവൻ എത്ര പരിശുദ്ധൻ” ബൈതുൽ മുഖദ്ദസിൽ നിന്ന് ഉപരിലോകത്തേക്കുള്ള പ്രയാണത്തിനാണ് ‘മിഅ്റാജ്’ അഥവാ ആകാശാരോഹണം എന്ന് പറയുന്നത്. വിശുദ്ധ ഖുർആനിലെ ‘അന്നജ്മ് ‘ അധ്യായത്തിലെ ഒന്നു മുതൽ പതിനെട്ട് വരെയുള്ള സൂക്തങ്ങൾ ഈ സംഭവത്തെ പരാമർശിക്കുന്നു.
മുത്ത്നബിﷺയുടെ ജീവിതത്തിലെ വളരെ സവിശേഷമായ ഈ സംഭവത്തെക്കുറിച്ച് പ്രമാണങ്ങളിൽ വന്ന ആഖ്യാനങ്ങൾ നിരവധിയാണ്. നബിﷺ പിതൃ സഹോദരനായ അബൂത്വാലിബിൻ്റെ മകൾ ഉമ്മുഹാനി എന്നറിയപ്പെടുന്ന ഹിന്ദിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും ഉറങ്ങിയപ്പോൾ ജിബ്‌രീൽ (അ) നബിﷺ യെ സമീപിച്ചു. അനസ് (റ) അബൂദർറിൽ നിന്ന് ഉദ്ധരിക്കുകയാണ് – മുത്ത് നബിﷺ പറയുന്നു; “വീടിന്റെ മേൽക്കൂരയിൽ ഒരു വിടവിലൂടെ ജിബ്‌രീൽ (അ) പ്രത്യക്ഷപ്പെട്ടു. എന്റെയടുത്തു വന്ന് എന്റെ നെഞ്ച് വിടർത്തി. സംസം വെള്ളം കൊണ്ട് അതിനെ കഴുകി. പിന്നെ ഒരു സ്വർണത്തളിക കൊണ്ടുവന്നു. അതിൽ വിശ്വാസവും തത്വജ്ഞാനവും അഥവാ, ഈമാനും ഹിക്മതും നിറച്ചിരുന്നു. അത് എന്റെ ഹൃദയാന്തരത്തിലേക്ക് പകർന്നു. ശേഷം മാറിടം പൂർവാവസ്ഥയിലേക്ക് കൂട്ടിച്ചേർത്തു. പിന്നീടെന്റെ കൈപ്പിടിച്ച് ഭൗമാകാശത്തിലേക്കുയർന്നു. മക്കയിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണം ‘ബുറാഖ് ‘ എന്ന വാഹനത്തിന്മേലായിരുന്നു. കോവർ കഴുതയെക്കാൾ ചെറുതും കഴുതയെക്കാൾ വലുതുമായ ഒരു തരം മൃഗമായിരുന്നു ബുറാഖ്. മിന്നൽ എന്നർഥമുള്ള ‘ബർഖ്’ എന്ന അറബി പദത്തിൽ നിന്ന് ‘മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം’ എന്ന അർഥത്തിൽ ‘ബുറാഖ്’ എന്ന നാമം പ്രയോഗിക്കപ്പെട്ടു എന്ന് പറഞ്ഞവരുണ്ട്. മുൻകാല പ്രവാചകന്മാർ സഞ്ചരിച്ച വാഹനമായിരുന്നു, ഇബ്രാഹീം നബി (അ) മക്കയിൽ വന്നു പോയിരുന്ന വാഹനമായിരുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങൾ ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
നിമിഷാർധത്തിൽ ഓരോ ചുവടുകൾ വച്ച ബുറാഖ് അതിവേഗം ബൈതുൽ മുഖദ്ദസിലെത്തി. യാത്രാമധ്യേ, പല അദ്ഭുത കാഴ്ചകളും ദർശിച്ചു. ഹെബ്രോണും ബത്’ലഹേമും സന്ദർശിച്ചു. മൂസാ പ്രവാചകൻ (അ) അന്ത്യവിശ്രമം കൊള്ളുന്ന ചുവന്ന കുന്നിനടുത്ത് കൂടി യാത്ര ചെയ്തു. മൂസാനബി (അ) ഖബറിനുള്ളിൽ നിസ്ക്കരിക്കുന്ന കാഴ്ച കണ്ടു. മുൻകാല പ്രവാചകന്മാരെയും ജനതയെയും സ്മരിപ്പിക്കുന്ന പല രംഗങ്ങളും ദർശിച്ചു. ചില പ്രത്യേക സ്ഥലങ്ങളിൽ എത്തിയപ്പോൾ ജിബ്‌രീലി (അ)ന്റെ നിർദേശ പ്രകാരം ഇറങ്ങി നിസ്‌ക്കാരം നിർവഹിച്ചു. പലായനം ചെയ്തെത്തേണ്ട ത്വൈബയിലും അഥവാ, മദീനയിലും ഇറങ്ങി. വിവിധയിനം ശിക്ഷാ രംഗങ്ങൾ കാണാനിടയായി. അതിന്റെ വിശദാംശങ്ങൾ ജിബ്‌രീൽ (അ) നബിﷺക്ക് പറഞ്ഞു കൊടുത്തു. സൽകർമികളായ മുൻഗാമികൾ അനുഭവിക്കുന്ന ആനന്ദങ്ങളുടെ രംഗങ്ങൾ ദൃശ്യമായി. അവർ ആരൊക്കെയാണെന്ന് ജിബ്‌രീൽ (അ) വിശദീകരിച്ചു.
ബൈതുൽ മുഖദ്ദസിൽ എത്തിയപ്പോൾ പൂർവകാല പ്രവാചകന്മാർ എല്ലാം സ്വീകരിക്കാനുണ്ടായിരുന്നു. ആദ്യം നബിﷺയും ജിബ്‌രീലും (അ) മാത്രം നിസ്ക്കാരം നിർവഹിച്ചു. ശേഷം എല്ലാ പ്രവാചകർക്കും ഇമാമായി നബി ﷺ സമൂഹ നിസ്ക്കാരത്തിന് നേതൃത്വം നൽകി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-115/365
ഇസ്റാഉം മിഅ്റാജും പ്രയാണങ്ങൾക്കിടയിലെ വിവിധ കാഴ്ചകളുടെ വ്യത്യസ്ത രീതിയിലുള്ള നിവേദനങ്ങൾ സീറാഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. ഈ നിവേദനങ്ങളിൽ നിന്ന് ലഭ്യമായവയെ ക്രോഡീകരിച്ചുകൊണ്ട് ഒരു ആഖ്യാനമായി സുബ്‌ലുൽ ഹുദയിൽ ഒരധ്യായമുണ്ട്. അതിന്റെ സംക്ഷിപ്തം ഇങ്ങനെ വായിക്കാം :
“മലക്ക് ജിബ്‌രീൽ (അ) നബി ﷺ യുടെ വലത്തും മികാഈൽ (അ) ഇടത്തുമായി മക്കയിൽ നിന്ന് യാത്രതിരിച്ചു. കുറെ മുന്നോട്ട് ഗമിച്ചു. ഈന്തപ്പനകൾ നിറഞ്ഞ ഒരു ദേശത്തെത്തി. അവിടെയിറങ്ങി നിസ്ക്കരിക്കാൻ ജിബ്‌രീൽ (അ) നബി ﷺ യോട് പറഞ്ഞു. നബി ﷺ അപ്രകാരം നിർവഹിച്ചു. ശേഷം യാത്ര തുടർന്നു. അപ്പോൾ ചോദിച്ചു; ‘ഈ നിസ്ക്കരിച്ച പ്രദേശം ഏതാണെന്നറിയാമോ?’ നബി ﷺ പറഞ്ഞു, ‘അറിയില്ല’. ജിബ്‌രീൽ (അ) തുടർന്നു; ‘ഇതാണ് ത്വൈബ. ഇവിടേക്കാണ് പലായനം ചെയ്ത് എത്താനുളളത്’. ബുറാഖ് മുന്നോട്ട് ഗമിച്ചു. നോട്ടമെത്തുന്ന ദൂരത്തിൽ അടുത്ത ചുവട് എന്ന രീതിയിലാണ് ബുറാഖ് സഞ്ചരിച്ചിരുന്നത്. അടുത്ത ഒരു ദേശമെത്തി. അവിടെയിറങ്ങി നിസ്ക്കരിക്കാൻ ജിബ്‌രീൽ (അ) നബി ﷺ യോട് പറഞ്ഞു. അപ്രകാരം നിർവഹിച്ചു. ശേഷം യാത്ര തുടർന്നപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു. ‘ഇതെവിടെയാണെന്നറിയാമോ?’ ഇല്ലെന്ന് നബി ﷺ പ്രതികരിച്ചു. ‘ഇതാണ് മദ്‌യൻ. മൂസാ നബി (അ)യുടെ മരത്തിനടുത്ത് ‘ – ജിബ്‌രീൽ (അ) വിശദീകരിച്ചു. വീണ്ടും മുന്നോട്ട് ഗമിച്ചു. അടുത്ത ഒരു സ്ഥലത്തിറങ്ങി നിസ്ക്കരിച്ചു. ശേഷം ജിബ്‌രീൽ (അ) വിശദീകരിച്ചു. ‘ഇതാണ് സീനാ പർവതം. അല്ലാഹുവിന്റെ വചനം മൂസാനബി (അ) കേട്ട സ്ഥലം’.
ശേഷം കോട്ടകൾ കാണപ്പെടുന്ന ഒരു ദേശത്തിറങ്ങി. നിസ്ക്കാരം നിർവഹിച്ചു. ‘ഈ പ്രദേശമാണ് ഈസാനബി (അ)യുടെ ജന്മദേശമായ ബത്‌ലഹേം’ എന്ന് ജിബ്‌രീൽ (അ) വിവരിച്ചു കൊടുത്തു. അൽപ്പം മുന്നോട്ട് ഗമിച്ചപ്പോൾ ഭൂതവർഗത്തിലെ ഇഫ്‌രീത് തീ നാളവുമായി കാണപ്പെടുന്നു. തിരിഞ്ഞു നോക്കുമ്പോഴെല്ലാം ദൃഷ്ടിയിൽപ്പെടുന്നു. ജിബ്‌രീൽ (അ) നബി ﷺ ക്ക് ഒരു മന്ത്രം പറഞ്ഞു കൊടുത്തു. ‘ഖുൽ അഊദു ബി വജ്ഹില്ലാഹിൽ കരീം…’ എന്നാണാ മന്ത്രത്തിന്റെ തുടക്കം. അത് ചൊല്ലിയാൽ കാണപ്പെട്ട തീനാളം കെട്ടുപോകുമെന്ന് ജിബ്‌രീൽ (അ) പറഞ്ഞു. അപ്രകാരം നബി ﷺ ചൊല്ലി. പറഞ്ഞ പ്രകാരം ഇഫ്‌രീതിന്റെ നാളം അണഞ്ഞു. അവൻ മുഖം കുത്തി വീണു.
സഞ്ചാരം മുന്നോട്ട് നീങ്ങി. ഒരു ജനതയുടെ അടുത്തെത്തി. അവർ ഒരു ദിവസം വിതയ്ക്കും അടുത്ത ദിവസം കൊയ്യും. കൊയ്യുന്തോറും വിളവുകൾ പൂർവസ്ഥിതിയിൽ എത്തുന്നു. നബി ﷺ ജിബ്‌രീലി (അ)നോട് ചോദിച്ചു; ‘ഇവരാരാണ് ?’
‘ഇവരാണ് അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയവർ. അവരുടെ നന്മകൾക്ക് എഴുപതിനായിരം ഇരട്ടി വരെ പ്രതിഫലം നൽകപ്പെടും. അവർ വിനിയോഗിച്ചതിന് മുഴുവൻ അവർക്ക് അനന്തരം ലഭിക്കും’. അപ്പോഴതാ ഒരു മികച്ച സുഗന്ധം. നബി ﷺ ചോദിച്ചു. ‘ഇതെന്താണ്?’
‘ഫിർഔനിന്റെ മകളുടെ പരിചാരക മാശിത (മുടി വാർന്നു കൊടുത്തിരുന്നവർ)യുടെയും സന്താനങ്ങളുടെയും സുഗന്ധമാണ്. എന്റെ രക്ഷിതാവും ലോകത്തിന്റെ അധിപനും അല്ലാഹുവാണ് ഫറോവയല്ല എന്ന് വിശ്വസിച്ച് പ്രഖ്യാപിച്ചതിന്റെ പേരിൽ തിളച്ച എണ്ണയിലെറിഞ്ഞ് കൊല്ലപ്പെട്ടവരാണവർ’.
തല തല്ലിപ്പൊളിക്കപ്പെടുകയും വീണ്ടും പൂർവസ്ഥിതിയിലാവുകയും ഈ പ്രവണത ആവർത്തിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ അടുത്തെത്തി. ‘നിസ്ക്കാരം ഉപേക്ഷിച്ച് മറ്റു കാര്യങ്ങളിൽ വ്യാപൃതരായവർ അനുഭവിക്കുന്ന ശിക്ഷയുടെ കാഴ്ചകളാണിത്’ എന്ന് ജിബ്‌രീൽ (അ) വിശദീകരിച്ചു. തുടർന്ന് മറ്റൊരു വിഭാഗത്തെക്കണ്ടു. അവരുടെ മുന്നിലും പിന്നിലും കണ്ടം വച്ചിരിക്കുന്നു. നാൽകാലികളെപ്പോലെ മേഞ്ഞു കൊണ്ടിരിക്കുന്നു. നരകവാസികൾക്കൊരുക്കിയ ശിക്ഷകളുടെ ഭാഗമായ ചലവും മുള്ളുമൊക്കെ നിറഞ്ഞ പ്രദേശത്താണവർ മേയുന്നത്. മുത്ത് നബി ﷺ ചോദിച്ചു ‘ഇവരാരാണ്?’
‘ദാനധർമങ്ങൾ നൽകാത്തവർ അനുഭവിക്കുന്ന ശിക്ഷകളുടെ കാഴ്ചയാണത്’ എന്ന് ജിബ്‌രീൽ (അ) വിശദീകരണം നൽകി. മറ്റൊരു വിഭാഗത്തെക്കൂടി അവിടെക്കണ്ടു. അവരുടെ മുന്നിൽ ഒരു പാത്രത്തിൽ നല്ല വൃത്തിയുള്ള മാംസം, മറ്റൊരു പാത്രത്തിൽ വൃത്തിഹീനമായ മാംസം. അവർ രണ്ടാമത്തേതിൽ നിന്ന് കഴിക്കുന്നു. ഇവരാരാണെന്ന് ജിബ്‌രീൽ (അ) വിശദീകരിച്ചു. ‘അവർ അനുവദിക്കപ്പെട്ട ഇണകൾ ഉണ്ടായിരിക്കെ, അവരിൽ തൃപ്ത്തിപ്പെടാതെ അന്യരോടൊപ്പം ശയിച്ചിരുന്നവരാണ് ” .
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم
Mahabba Campaign Part-116/365
മുത്ത്നബി ﷺ യുടെ സഞ്ചാരം തുടർന്നു. അതാ വഴിയിൽ ഒരു മരക്കഷ്ണം ! അതുവഴി കടന്നുപോകുന്ന ഓരോരുത്തരുടെയും വസ്ത്രവും മറ്റും അതിൽ ഉടക്കുകയും കീറുകയും ചെയ്യുന്നു. നബി ﷺ അതിന്റെ വിശദീകരണം തേടി. അവിടുത്തെ സമുദായത്തിൽ നിന്ന് വഴിവക്കിൽ ഇരുന്ന് സഞ്ചാരികളെ പ്രയാസപ്പെടുത്തുന്നവരാണ് അവർ. ജിബ്‌രീൽ (അ) വിശദീകരണം നൽകി.
യാത്ര മുന്നോട്ടു തന്നെ നീങ്ങി. പലിശ തിന്നുന്നവർ, വിശ്വസ്ഥത പാലിക്കാത്തവർ, വിനാശം വിതയ്ക്കുന്ന പ്രഭാഷകർ, വലിയ വാക്ക് പറയുകയും എന്നാൽ പാലിക്കാതിരിക്കുകയും ചെയ്യുന്നവർ തുടങ്ങിയ വിഭാഗങ്ങൾ അനുഭവിക്കുന്ന ശിക്ഷയുടെ രൂപങ്ങൾ, സ്വർഗനരകങ്ങളുടെ കാഴ്‌ചകൾ. ദജ്ജാലിന്റെ തനിരൂപം, അണിഞ്ഞൊരുങ്ങിയ പെണ്ണിന്റെ ഭാവത്തിലുള്ള ഭൗതികത, എന്നിങ്ങനെ നിരവധി രംഗങ്ങൾ കണ്ട ശേഷമാണ് ബൈതുൽ മുഖദ്ദസിൽ എത്തിയത്.
നബിﷺയും ജിബ്‌രീലും (അ) ബൈതുൽ മുഖദസിൽ എത്തിയ രംഗത്തെക്കുറിച്ച് വ്യത്യസ്ത നിവേദനങ്ങൾ ചേർത്തു വച്ച് ഇങ്ങനെ വായിക്കാം : “മുത്ത് നബിﷺയും ജിബ്‌രീലും (അ) ബൈതുൽ മുഖദ്ദസിൻ്റെ യമനി കവാടത്തിലൂടെ പ്രവേശിച്ചു. അപ്പോൾ ഇരുവശങ്ങളിലായി ജ്വലിക്കുന്ന രണ്ട് പ്രകാശങ്ങൾ കാണാനിടയായി. നബിﷺ ചോദിച്ചു, ‘അല്ലയോ ജിബ്‌രീലേ(അ) ! ഇതെന്താണ് ?’
അവിടുന്ന് വിശദീകരിച്ചു. ‘വലതു ഭാഗത്തെ പ്രകാശം അവിടുത്തെ സഹോദരൻ ദാവൂദി (അ)ന്റെ മിഹ്റാബിൽ നിന്നും ഇടതുഭാഗത്തേത് അവിടുത്തെ സഹോദരി മഹതിയായ മർയമിന്റെ ഖബറിൻ പുറത്ത് നിന്നുമാണ് ‘. ശേഷം ജിബ്‌രീൽ (അ) അവിടുത്തെ ഒരു പാറയിൽ ദ്വാരമുണ്ടാക്കി. ബുറാഖിനെ അതിൽ ബന്ധിച്ചു. മറ്റു പ്രവാചകന്മാരും അവരുടെ വാഹനങ്ങൾ അവിടെ ബന്ധിച്ചു. ശേഷം പള്ളിയുടെ തറയിലേക്ക് കയറിയപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു. ‘ഹൂറികളേ, കാണണമെന്ന് അവിടുന്ന് അല്ലാഹുവിനോട് പ്രാർഥിച്ചിരുന്നോ?’
നബിﷺ പറഞ്ഞു, ‘അതെ’.
ജിബ്‌രീൽ (അ) പറഞ്ഞു, ‘നബിയേ, അതാ അവിടേക്കൊന്ന് ചെല്ലൂ.. അവിടെയുള്ള സ്ത്രീകൾക്ക് സലാം ചൊല്ലൂ..’
മുത്ത് നബി ﷺ അവിടേക്ക് ചെന്നു. സലാം ചൊല്ലി. അവർ സലാം മടക്കി. നബി ﷺ ചോദിച്ചു; ‘നിങ്ങളാരാണ്? ‘
– ഞങ്ങൾ ‘ഖൈറാതുൻ ഹിസാൻ’ അഥവാ സജ്ജനങ്ങളും ഉന്നതരുമായ മഹത്തുക്കളുടെ ഭാര്യമാരാണ് – . മസ്ജിദുൽ അഖ്‌സയുടെ മുറ്റത്തുള്ള പ്രത്യേക ശിലയുടെ ഇടതുവശത്താണ് അവർ ഉണ്ടായിരുന്നത്. അവർ അനന്ത സൗന്ദര്യത്തിന്റെയും ശാലീനതയുടേയും പ്രതീകങ്ങളാണ്.
ശേഷം പളളിയിലേക്ക് പ്രവേശിച്ചു. നബിﷺ യും ജിബ്‌രീലും (അ) രണ്ട് റക്അതുവീതം നിസ്ക്കരിച്ചു. അൽപ്പം കഴിഞ്ഞതേയുള്ളൂ നിരവധിയാളുകൾ എത്തിച്ചേർന്നു. റുകൂഇലും സുജൂദിലുമായി മറ്റു പ്രവാചകന്മാർ. ജിബ്‌രീൽ (അ) വാങ്കുകൊടുത്തു. ഉപരിലോകത്ത് നിന്ന് മലക്കുകൾ അവതരിച്ചു. ഇഖാമത് കൊടുത്തപ്പോൾ എല്ലാവരും ഒരുമിച്ച് നബിﷺയെ ഇമാമത്തിനായി ആനയിച്ചു. നിസ്ക്കാരാനന്തരം ജിബ്‌രീൽ (അ) നബിﷺ യോട് ചോദിച്ചു. ‘അവിടുത്തെ പിന്നിൽ നിന്ന് നിസ്ക്കരിച്ചത് ആരൊക്കെയാണെന്നറിയാമോ?’ കഴിഞ്ഞു പോയ പ്രവാചകന്മാരാണ് “.
അവിടെ ഒത്തു കൂടിയ പ്രവാചകന്മാരോട് സംവദിക്കാൻ പറഞ്ഞ കാര്യം ‘സുഖ്റുഫ്’ അധ്യായത്തിലെ നാൽപത്തിയേഴാം സൂക്തം പരാമർശിക്കുന്നുണ്ട്. ആശയം ഇപ്രകാരമാണ് : “മുൻകാലത്ത് നിയോഗിക്കപ്പെട്ട പ്രവാചകന്മാരോട് അവിടുന്ന് ചോദിക്കൂ, പ്രവാചകരേ ! അല്ലാഹുവല്ലാതെ എന്തിനെയെങ്കിലും നാം ആരാധ്യവസ്തുക്കളായി നിശ്ചയിച്ചിട്ടുണ്ടോ? എന്ന്.”
ഓരോ പ്രവാചകരും അവരുടെ പദവികൾ പങ്കുവച്ച് അല്ലാഹുവിനെ സ്തുതിച്ചു. ഇബ്രാഹീം നബി (അ) പറഞ്ഞു; ‘എന്നെ ഖലീലാക്കിയ അല്ലാഹുവിന് സർവസ്തുതിയും. അവൻ എന്നെ അഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തി. അഗ്നികുൺഠം എനിക്ക് ശാന്തവും ശീതവുമാക്കിത്തന്നു. സമുദായം എന്ന വിശേഷം എനിക്ക് നൽകി’. മൂസാ നബി(അ) പറഞ്ഞു : ‘അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു. അവൻ എന്നെ ‘കലീമുല്ലാഹി’ അഥവാ അല്ലാഹു സവിശേഷമായി സംഭാഷണം നടത്തിയ ആളായിത്തിരഞ്ഞെടുത്തു. ഫറോവയുടെ അന്ത്യവും ഇസ്റായീല്യരുടെ രക്ഷയും എന്നിലൂടെ അവൻ നിർവഹിച്ചു. എന്റെ ജനതയെ നീതിയിലും നേർവഴിയിലുമാക്കി’.
ദാവൂദ് നബി (അ) പറഞ്ഞു : ‘അല്ലാഹുവിനാണ് എല്ലാ സ്തോത്രങ്ങളും. അവൻ എനിക്ക് ഉന്നതാധികാരം നൽകി. ‘സബൂർ’ എന്ന വേദം നൽകി. ഇരുമ്പിനെ എനിക്ക് മൃദുവാക്കിത്തന്നു. പർവതത്തെ കീഴ്പ്പെടുത്തിത്തന്നു. തത്വജ്ഞാനവും സംഭാഷണമികവും നൽകി’.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-117/365
സുലൈമാൻ നബി (അ) പറഞ്ഞു; ‘അല്ലാഹുവേ, നിന്നെ ഞാൻ സ്തുതിക്കുന്നു. നീ എനിക്ക് മനുഷ്യ – ഭൂത വർഗങ്ങളെ അധീനപ്പെടുത്തിത്തന്നു. അവർ എനിക്കു വേണ്ടി സൗധങ്ങളും നിർമിതികളും ഉണ്ടാക്കി. വേലക്കാരെപ്പോലെ എന്റെ ആജ്ഞപ്രകാരം പണിയെടുത്തു. അല്ലാഹുവേ, നീ എനിക്ക് പക്ഷികളുടെ ഭാഷ പഠിപ്പിച്ചു തന്നു. നിരവധി അനുഗ്രഹങ്ങൾ എല്ലാ മേഖലയിലും
കനിഞ്ഞു നൽകി. സവിശേഷവും വ്യാപകവുമായ അധികാരവും നൽകി’.
ഇസാ നബി (അ) പറഞ്ഞു : ‘അല്ലാഹുവേ, നിന്നെ ഞാൻ സ്തുതിക്കുന്നു. നീ എന്നെ നിന്റെ വചനം അഥവാ, ‘കലിമത്ത്’ ആയി തെരഞ്ഞെടുത്തു. ആദമിനെപ്പോലെ പ്രത്യേകമായ രൂപത്തിൽ മണ്ണിൽ നിന്ന് സൃഷ്ടിച്ചു. നീ എനിക്ക് വേദവും തത്വജ്ഞാനവും നൽകി. തൗറാതും ഇൻജീലും നൽകി. നിന്റെ സമ്മതത്തോടെ മരിച്ചവരെ ജീവിപ്പിക്കാനും അന്ധരെയും വെള്ളപാണ്ഡ് ബാധിച്ചവരെയും ശമിപ്പിക്കാനും അവസരം നൽകി. എനിക്കും മാതാവിനും പൈശാചികതയിൽ നിന്ന് പ്രത്യേക സുരക്ഷ നൽകി’.
പ്രവാചകന്മാരുടെ സ്തുതി വാചകങ്ങൾക്ക് ശേഷം മുത്ത്നബി ഇപ്രകാരം ﷺ പറഞ്ഞു തുടങ്ങി : ‘നിങ്ങളെല്ലാവരും അല്ലാഹുവിന് സ്തോത്രം സമർപ്പിച്ചു. ഞാനും എന്റെ അല്ലാഹുവിനെ സ്തുതിക്കുകയാണ്. എന്നെ മനുഷ്യകുലത്തിന് മുഴുവൻ സുവിശേഷവും താക്കീതുമായി നിയോഗിച്ച, പ്രപഞ്ചത്തിന് കാരുണ്യമായി അയച്ച അല്ലാഹുവിന് സ്തുതി. എന്തിനും പ്രമാണമായി ഖുർആൻ എനിക്ക് അവതരിപ്പിച്ചു തന്നു. മനുഷ്യകുലത്തിലെ ഉത്തമ സമുദായമായി എന്റെ സമുദായത്തെ നിശ്ചയിച്ചു. അവരെ പ്രാമാണിക സമുദായമാക്കി. നിയോഗത്തിൽ അവസാനവും മഹത്വത്തിൽ ഒന്നാമത്തെയും സമുദായമാക്കി. എന്റെ ഹൃദയം വിശാലമാക്കുകയും മാലിന്യങ്ങളിൽ നിന്ന് പവിത്രമാക്കുകയും ചെയ്തു. എന്റെ ശ്രുതിയെ ഉയർത്തുകയും എല്ലാ നന്മകളുടെയും പ്രാരംഭവും പൂർത്തീകരണവുമാക്കി’.
തുടർന്നു പ്രവാചകന്മാർത്തമ്മിൽ അന്ത്യനാളിനെക്കുറിച്ച് സംസാരിച്ചു. ഇബ്രാഹിം നബി (അ) പറയട്ടേ എന്നായി. അവിടുന്ന് പറഞ്ഞു; ‘എനിക്കറിയില്ല’. മൂസാ നബി (അ)യും പറഞ്ഞു, ‘എനിക്കറിയില്ല’. അവസാനം ഇസാ നബി (അ)യിലേക്കെത്തി. അവിടുന്ന് പറഞ്ഞു; ‘എന്തായാലും അന്ത്യനാൾ വരും; പക്ഷേ, എപ്പോഴാണെന്നെനിക്കറിയില്ല. എന്നാൽ ഒരുടമ്പടി അല്ലാഹു എന്നോട് നൽകിയിട്ടുണ്ട്. അത് ദജ്ജാലിന്റെ രംഗ പ്രവേശനത്തെക്കുറിച്ചാണ്. ഞാൻ രണ്ടാമത് ഭൂമിയിലേക്ക് നിയോഗിക്കപ്പെടുന്നതോടെ ദജ്ജാൽ കൊല്ലപ്പെടും. കല്ലുകൾ മുസ്‌ലിംകൾക്കു വേണ്ടി സംസാരിക്കും. യഅ്ജൂജ് – മഅ്ജൂജ്ന്റെ ആഗമനം’ തുടങ്ങിയ കാര്യങ്ങൾ ഈസാ നബി (അ) ചേർത്തു പറഞ്ഞു.
നബി ﷺ ക്ക് നല്ല ദാഹം അനുഭവപ്പെട്ടു. അപ്പോൾ ഒരു ഭാഗത്ത് നിന്ന് പാലും മറുഭാഗത്ത് നിന്ന് തേനും അങ്ങനെ രണ്ട് പാത്രങ്ങളിൽ പാനീയങ്ങൾക്കൊണ്ടുവന്നു. മറ്റൊരു നിവേദന പ്രകാരം മൂടിയ മൂന്ന് പാത്രങ്ങൾ കൊണ്ടുവന്നു. ഒന്നിൽ നിന്ന് അൽപ്പം കുടിച്ചു, അത് വെള്ളമായിരുന്നു. രണ്ടാമത്തേതിൽ നിന്ന് വയർ നിറയെ പാനം ചെയ്തു, അത് പാലായിരുന്നു .മൂന്നാമത്തെ പാത്രത്തിൽ നിന്ന് തീരെക്കുടിച്ചില്ല, ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചു, അതിൽ മദ്യമായിരുന്നു. ഒരു നിവേദനത്തിൽ വെള്ളപ്പാത്രത്തിന് പകരം തേൻ എന്നാണുള്ളത്. ജിബ്‌രീൽ (അ) പറഞ്ഞു. അവിടുത്തെ സമുദായത്തിന് മദ്യം നിഷിദ്ധമാക്കിയിരിക്കുന്നു. നബി ﷺ പാൽ തെരഞ്ഞെടുത്തപ്പോൾ ജിബ്‌രീൽ (അ) മുത്ത് നബി ﷺ യുടെ ഇരുചുമലുകളിൽ തട്ടിയിട്ട് പറഞ്ഞു. അവിടുന്ന് പരിശുദ്ധിയെ തെരഞ്ഞെടുത്തിരിക്കുന്നു. അവിടുന്ന് മദ്യം തെരഞ്ഞെടുത്തിരുന്നെങ്കിൽ അവിടുത്തെ സമുദായം നഷ്ടത്തിലാവുകയും അനുയായികൾ വളരെ ന്യൂനപക്ഷമാവുകയും ചെയ്യുമായിരുന്നു. അവിടുന്ന് പൂർണമായും വെള്ളം തെരഞ്ഞെടുത്തിരുന്നെങ്കിൽ തങ്ങളുടെ സമുദായം മുങ്ങിപ്പോകുമായിരുന്നു. ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിക്കാണാം : ‘ ഒരു വയോധികൻ ഒരു ഉയർന്ന ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് പറഞ്ഞു. അല്ലയോ , ജിബ്‌രീൽ (അ) നിങ്ങൾ ആനയിച്ചു കൊണ്ടുവന്ന മഹദ് വ്യക്തി പവിത്രതയെ തെരഞ്ഞെടുത്തിരിക്കുന്നു. നിശ്ചയമായും അവർ നേർവഴിയിലേക്ക് നയിക്കുന്ന മാർഗദർശിയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-118/365
മുത്ത് നബിﷺ മസ്ജിദുൽ അഖ്‌സയുടെ മുറ്റത്ത് പ്രത്യേക ശിലയുടെ ചാരെ നിന്നു. വാനലോകത്തേക്കുള്ള സവിശേഷമായ ഗോവണി ഹാജരാക്കപ്പെട്ടു. ആത്മാക്കൾ ഉന്നതങ്ങളിലേക്ക് കയറുന്ന പടവുകൾ. അത്രമേൽ മനോഹരമായ സൃഷ്ടി വേറെയുണ്ടോ എന്ന പോലെ സുന്ദരമായ വസ്തു. വലത്തും ഇടത്തും മലക്കുകൾ അകമ്പടി സേവിക്കുന്ന പവിഴങ്ങളാലുള്ള പടവുകൾ. നബി ﷺ ജിബ്‌രീലി(അ)നൊപ്പം ഉപരിലോകത്തേക്കുയർന്നു. ഭൗമാകാശത്തിന്റെ കവാടമെത്തി. ‘ഹഫള: കവാടം’ എന്നാണ് അത് വിളിക്കപ്പെടുന്നത്. ഇസ്മാഈൽ എന്ന് നാമമുള്ള മലക്കാണ് പാറാവ് നിൽക്കുന്നത്. ജിബ്‌രീൽ(അ) വാനകവാടം തുറക്കാൻ ആവശ്യപ്പെട്ടു. ആരാണ് ? ചോദ്യം വന്നു. ജിബ്‌രീൽ(അ) പറഞ്ഞു ഞാൻ ജിബ്‌രീൽ(അ). ഒപ്പമാരാണ്? മുഹമ്മദ് ﷺ ആണ്, ജിബ്‌രീൽ(അ) പ്രതികരിച്ചു. ഓ അവിടുത്തേക്ക് നിയോഗിക്കപ്പെട്ടു അല്ലേ? അതെ, വീണ്ടും ഉത്തരം നൽകി. മംഗളം.. സ്വാഗതം.. എത്ര ശ്രേഷ്ഠതയുള്ള സഹോദരൻ! എത്ര ഉത്തമനായ പ്രതിനിധി! ആഗതർ എത്ര ഉന്നതർ! കവാടം തുറക്കപ്പെട്ടു. ആകാശത്തിന്റെ ഒന്നാം വിതാനത്തിലേക്കെത്തിയപ്പോൾ അതായിരിക്കുന്നു ആദം(അ). ആദ്യം സൃഷ്ടിക്കപ്പെട്ട അതേ രൂപത്തിലാണിരിപ്പ്. മഹാനവർകളുടെ മുമ്പിൽ വിശ്വാസികളുടെ പവിത്രാത്മാക്കൾ പ്രദർശിപ്പിക്കപ്പെടുന്നു. അപ്പോൾ അവരെ ‘ഇല്ലിയ്യീൻ’ എന്ന ഇടത്തിലേക്ക് അയക്കാൻ പറയുന്നു. അവിശ്വാസികളുടെയും മറ്റും മ്ലേഛാത്മാക്കളെയും പ്രദർശിപ്പിക്കപ്പെടുന്നു. അപ്പോൾ ആദം നബി(അ) പറയും. ചീത്ത ആത്മാവ് ഇതിനെ സിജ്ജിയ്യീനിലേക്കയക്കൂ. അവിടുത്തെ വലതുഭാഗത്ത് ഒരു സംഘമുണ്ട്. അവരുടെ കവാടത്തിൽ നിന്ന് സുഗന്ധം വരുന്നു. ഇടതുഭാഗത്ത് ഒരു സംഘമുണ്ട് അവിടുത്തെ വാതിലിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. അവിടുന്ന് വലത്തോട്ട് നോക്കി ചിരിച്ച് സന്തോഷിക്കുകയും ഇടത്തോട് നോക്കി ദുഃഖിച്ച് കരയുകയും ചെയ്യുന്നു.
മുത്ത് നബി ﷺ ആദം നബി(അ)ക്ക് സലാം ചൊല്ലി. അവിടുന്ന് സലാം മടക്കി. സദ്’വൃത്തനായ മകന് സ്വാഗതം. സദ്’വൃത്തരായ നബിക്ക് സ്വാഗതം. നബി ﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു ഇതാരാണ്. മലക്ക് പറഞ്ഞു ഇതാണ് അവിടുത്തെ പിതാവ് ആദം. അവിടുത്തെ വലതുഭാഗത്ത് കാണുന്നത്. സ്വർഗ്ഗത്തിലേക്കുള്ള കവാടമാണ്. അതിലൂടെ കടക്കുന്ന സന്താനങ്ങളെ കാണുമ്പോൾ അവിടുന്ന് സന്തോഷിക്കും. ഇടതുഭാഗത്ത് കാണുന്നത് നരക വാതിൽ. അതിലൂടെ പ്രവേശിക്കുന്ന മനുഷ്യരെ കാണുമ്പോൾ അവിടുന്ന് ദുഃഖിക്കും.
പിന്നീട് മുത്ത് നബി ﷺ പതുക്കെ മുന്നോട്ട് നീങ്ങി. അതാ കുറേ തീൻമേശകൾ. അതിൻമേൽ നല്ല മാംസം വിളമ്പി വച്ചിട്ടുണ്ട്. പക്ഷേ അതിനടുത്ത് ആരും തന്നെയില്ല. അടുത്ത കുറേ മേശകളുടെ മേൽ ചീത്ത മാംസം വച്ചിരിക്കുന്നു. അവിടെ കുറേ ആളുകൾ ഇരുന്ന് ഭക്ഷിക്കുന്നു. നബി ﷺ ചോദിച്ചു ഇവരാരാണ്? ജിബ്‌രീൽ(അ) പറഞ്ഞു, അവിടുത്തെ സമുദായത്തിൽ നിന്ന് അനുവദിക്കപ്പെട്ടതിനെ ഉപേക്ഷിച്ച് നിഷിദ്ധമായതിനെ സ്വീകരിച്ചവരാണവർ. വേറൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. ഒരു തളികയിൽ നല്ല ഭംഗിയുള്ള പൊരിച്ച മാംസം വച്ചിരിക്കുന്നു. മറ്റൊരു ഭാഗത്ത് ശവം കിടക്കുന്നു. നല്ല ഭക്ഷണം ഒഴിവാക്കി ഈ ശവം കഴിക്കുന്ന ഒരു കൂട്ടർ. ഇതാരാണെന്ന ചോദ്യത്തിന് മലക്ക് പറഞ്ഞ മറുപടി. അനുവദിക്കപ്പെട്ട ഇണകൾക്ക് പകരം നിഷിദ്ധമാക്കപ്പെട്ടവരുമായി ശയിച്ച വ്യഭിചാരികൾ എന്നാണ്.
തുടർന്ന് മുത്ത് നബിﷺ അൽപം മുന്നോട്ട് നീങ്ങി. അവിടെ ഒരു വിഭാഗം ആളുകൾ. അവരുടെ വയറുകൾ വലിയ വീടുകൾ പോലെ. ആമാശയത്തിലെ സർപ്പങ്ങളെ പുറത്ത് നിന്ന് തെളിഞ്ഞു കാണാം. അവർ എഴുന്നേൽക്കാൻ ഒരുങ്ങുമ്പോഴേക്കും വീണുപോകുന്നു. ഈ വിഭാഗം പലിശ ഭോജിച്ചിരുന്നവരാണെന്ന് ജിബ്‌രീൽ(അ) വിശദീകരണം നൽകി. യതീമുകളുടെ സ്വത്ത് അപഹരിച്ചവർ, പെൺകുട്ടികളെ കുഴിച്ചു മൂടിയവർ, ഏഷണിയും പരദൂഷണവുമായി നടന്നവർ തുടങ്ങി തെറ്റുകൾ ചെയ്തവർ അനുഭവിക്കുന്ന മോശപ്പെട്ട ശിക്ഷകളും പ്രദർശിപ്പിക്കപ്പെട്ടു. ഓരോ വിഭാഗത്തെ കുറിച്ചും ജിബ്‌രീൽ(അ) വിശദീകരിച്ചു കൊടുത്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-119/365
മുത്ത് നബി ﷺ യും ജിബ്‌രീലും (അ) മുന്നോട്ട് നീങ്ങി. ആകാശത്തിന്റെ രണ്ടാം വിതാനത്തിലെത്തി. ജിബ്‌രീൽ (അ) വാതിൽ തുറക്കാനാവശ്യപ്പെട്ടു. ‘ആരാണ്?’ ചോദ്യം വന്നു. ‘ഞാൻ’ – ജിബ്‌രീൽ (അ), ഉത്തരം ചെയ്തു. ‘ഒപ്പമാരാണ് ?’ അടുത്ത ചോദ്യം വന്നു. ‘മുഹമ്മദ് ‘ ﷺ എന്ന് ഉത്തരം നൽകി. ‘ഓ, അവിടുത്തെ ആനയിക്കാൻ നിയോഗിക്കപ്പെട്ടു അല്ലേ ? മംഗളം..! സ്വാഗതം.!’ കവാടം തുറക്കപ്പെട്ടു. അതാ അവിടെയുണ്ട് രണ്ട് പ്രവാചകന്മാർ. ഈസാ നബി (അ)യും യഹിയാ നബി (അ)യും. രണ്ടു പേരും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്. വസ്ത്രത്തിലും മുടിയിലും ഒക്കെ. ഒപ്പം അനുയായികളുടെ ഒരു സംഘവുമുണ്ട്. ഈസാ നബി (അ)യെക്കണ്ടാൽ ചുവപ്പു കലർന്ന വെളുത്ത നിറമുള്ള ഒരൊത്ത മനുഷ്യൻ. നല്ല തലമുടിയുണ്ട്. പെട്ടെന്ന് കണ്ടാൽ കുളിപ്പുരയിൽ നിന്ന് ഇറങ്ങി വരികയാണെന്ന് തോന്നും. ആകാരത്തിൽ ഉർവത് ബിൻ മസ്ഊദ് അസ്സഖഫി എന്ന സ്വഹാബിയെപ്പോലെയുണ്ട്.
നബി ﷺ അവർക്കിരുവർക്കും സലാം ചൊല്ലി. അവർ പ്രത്യഭിവാദ്യം ചെയ്തു. ‘സദ്‌വൃത്തരായ സഹോദരനും പ്രവാചകനും സ്വാഗതം’ എന്ന് പറഞ്ഞ് നന്മകൾക്കായി പ്രാർഥിച്ചു. മുത്തുനബി ﷺ യാത്ര തുടർന്നു.
മൂന്നാമത്തെ വിതാനത്തിലേക്കുയർന്നു. കഴിഞ്ഞ വിതാനങ്ങളിലേത് പോലെ തുറക്കാനാവശ്യപ്പെടുകയും സ്വാഗത വാചകങ്ങൾ നേരുകയും ചെയ്തു. അതാ അവിടെയുണ്ട് യൂസുഫ് നബി (അ). അവർ മുത്ത് നബി ﷺ യെ സ്വാഗതം ചെയ്തു. നന്മകൾക്കായി പ്രാർഥിച്ചു. മനുഷ്യ സൗന്ദര്യത്തിന്റെ പകുതിയും യൂസുഫ് നബി (അ)യിൽ തന്നെ കാണാം. നക്ഷത്രങ്ങൾക്കിടയിൽ പൂർണ ചന്ദ്രനെന്നപോലെ അല്ലാഹുവിന്റെ സൃഷ്ടികളിൽ അതിസുന്ദരനാണ് യൂസുഫ് നബി (അ). ജിബ്‌രീൽ (അ) നബി ﷺ യോട് പരിചയപ്പെടുത്തി.
ശേഷം നാലാമത്തെ വിതാനത്തിലേക്കുയർന്നു. പ്രവേശനത്തിന്റെ പ്രാരംഭ ഉപചാരങ്ങൾക്ക് ശേഷം ഇദ്’രീസ് നബി (അ)യെക്കണ്ടുമുട്ടി. അഭിവാദ്യങ്ങളും പ്രാർഥനകൾക്കും ശേഷം അഞ്ചാമത്തെ വിതാനത്തിലേക്കുയർന്നു. സ്വാഗതോപചാരങ്ങൾക്ക് ശേഷം ഹാറൂൻ നബി (അ)യെക്കണ്ടുമുട്ടി. അവിടുന്ന് ഹൃദ്യമായി സ്വാഗതം ചെയ്തു. ഹാറൂൻ നബി (അ)യുടെ താടിരോമങ്ങൾ പകുതി വെളുത്തും ബാക്കി കറുത്തും കാണപ്പെട്ടു. താടി നീണ്ട് ഏകദേശം പൊക്കിൾ വരെ എത്തിയിരുന്നു. അനുയായികളിൽ കുറച്ച് പേരോടൊപ്പം കഥ പറഞ്ഞിരിക്കുകയായിരുന്നു അവിടുന്ന്. ജിബ്‌രീൽ (അ) ഹാറൂൻ നബി (അ)യെ പരിചയപ്പെടുത്തി.
നബി ﷺ യും ജിബ്‌രീലും (അ) ആകാശത്തിന്റെ ആറാമത്തെ മണ്ഡലത്തിലേക്കെത്തി. കഴിഞ്ഞ വിതാനങ്ങളിലേത് പോലെ സ്വാഗതോപചാരങ്ങൾ കഴിഞ്ഞു. അവിടെ കുറേ പ്രവാചകന്മാർ ഓരോരുത്തരോടുമൊപ്പം ചെറുതും വലുതുമായ സംഘങ്ങൾ. അങ്ങനെ മുന്നോട്ട് ഗമിക്കവെ ഒരു വലിയ സംഘം. അത് മൂസാ നബി (അ)യും അനുയായികളുമാണ്. അപ്പോൾ ഒരു സന്ദേശം ഉയർന്നു. അവിടുന്ന് ശിരസ്സൊന്നുയർത്തുക. ആ കാണുന്ന മഹാസംഘം മുഹമ്മദ് നബി ﷺ യുടെ സമുദായമാണ്. അവർ മണ്ഡലങ്ങൾ നിറയെ വലിയ സംഘമാണ്. ഇതിനു പുറമെ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകൾ വേറെയുമുണ്ട്.
മൂസാ നബി (അ) ദീർഘകായനായ വ്യക്തിത്വമായിരുന്നു. ഒറ്റനോട്ടത്തിൽ ‘ശനൂഅ’ ഗോത്രത്തിലെ വ്യക്തികളെപ്പോലെയായിരുന്നു.
നബി ﷺ മൂസാ നബി (അ)ക്ക് സലാം ചൊല്ലി. അവിടുന്ന് പറഞ്ഞു, ഇസ്റായീല്യർ പറയുന്നത് എല്ലാവരെക്കാളുമുന്നതൻ ഞാനാണെന്നാണ്. എന്നാൽ എന്നെക്കാൾ ഉന്നതർ മുഹമ്മദ് ﷺ ആണ്. നബി ﷺ മൂസാ നബി (അ)യെ വിട്ടുപിരിഞ്ഞ് മൂന്നോട്ട് നീങ്ങുമ്പോൾ അവിടുത്തെ കണ്ണുകൾ നിറഞ്ഞു. മഹാനവർകളോട് ചോദിക്കപ്പെട്ടു. ‘എന്തിനാണ് കരയുന്നത് ?’ മറുപടി ഇങ്ങനെയായിരുന്നു : ‘എന്റെ പിൻഗാമിയായ പ്രവാചകൻ . കണ്ടില്ലേ എന്നേക്കാൾ വലിയ സംഘത്തോടൊപ്പം സ്വർഗത്തിലേക്ക് പ്രവേശിക്കും. ഞാൻ പരലോകത്തേക്ക് യാത്രയായ ശേഷമാണ് ഈ പ്രവാചകൻ ഭൗതിക ലോകത്തേക്ക് വന്നത്. എന്നാൽ, എന്റെ സമുദായത്തേക്കാൾ എത്രയോ മടങ്ങ് ആളുകളോടൊപ്പമാണ് സ്വർഗത്തിലേക്കെത്തുക’.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-120/365
പ്രയാണം ഏഴാം വിതാനത്തിലേക്കെത്തി. മറ്റു വിതാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടിമിന്നലുകൾ കേൾക്കുന്നു; അനുഭവപ്പെടുന്നു. ജിബ്‌രീൽ (അ) നബി ﷺ യെ ആനയിച്ച് ആകാശക്കവാടത്തിലെത്തി. സാധാരണ സ്വാഗത സംഭാഷണങ്ങൾ കഴിഞ്ഞു. നബി ﷺ യെ സവിശേഷമായ പ്രാർഥനാ വാചകങ്ങൾ കൊണ്ട് മംഗളം നേർന്നു. ഏഴാം വിതാനത്തിന്റെ കവാടം തുറന്നതോടെ തസ്ബീഹിന്റെ അഥവാ, അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുന്ന വാചകങ്ങൾ കേൾക്കാൻ തുടങ്ങി. അതായിരിക്കുന്നു ഇബ്രാഹീം അലൈഹിസ്സലാം. മുത്ത് നബി ﷺ യെ അവിടുന്ന് പ്രത്യേകം സ്വീകരിച്ചു. ‘സദ്‌വൃത്തരായ പ്രവാചകനും പുത്രനുമായവരേ, സ്വാഗതം !’ എന്ന് പറഞ്ഞു സന്തോഷം പങ്കുവച്ചു. ശേഷം മുത്ത് നബി ﷺയോട് പറഞ്ഞു; ‘അവിടുത്തെ സമുദായത്തോട് സ്വർഗത്തിലേക്ക് വിളവിറക്കാൻ പറയണം. അവിടുത്തെ മണ്ണ് വിശാലവും പരിശുദ്ധവുമാണ് ‘. അപ്പോൾ ചോദിച്ചു : ‘എന്താണ് സ്വർഗത്തിലെ വിള?’ അവിടുന്ന് പറഞ്ഞു. ‘ലാഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം’ എന്ന മന്ത്രമാണ്. ഒരു നിവേദനത്തിൽ ഇങ്ങനെയും കൂടി കാണാം. ‘ഇബ്രാഹീം നബി (അ) മുത്ത് നബി ﷺ യോട് പറഞ്ഞു, അവിടുത്തെ സമുദായത്തിന് എന്റെ അഭിവാദ്യം അറിയിക്കുക. എന്നിട്ടവരോട് പറയണം , സ്വർഗത്തിന്റെ മണ്ണ് വിശാലവും വിചിത്രവുമാണ്. അവിടെ വിളവിറക്കാൻ പറയുക. വിളവ് എന്താണെന്നല്ലേ? ‘സുബ്ഹാനല്ലാഹി വൽ ഹംദുലില്ലാഹി വ ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ'(അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവനാണ് സർവസ്തുതിയും. അവനാണ് ഏറ്റവും ഉന്നതൻ) എന്ന മന്ത്രമാണ് സ്വർഗത്തിലെ വിള’.
ഇബ്രാഹീം നബി (അ)യുടെ അടുക്കൽ ഒരു പറ്റം ആളുകൾ ഇരിക്കുന്നു. അവർ നല്ല വെളുത്ത പ്രസന്ന മുഖമുള്ളവരാണ്. നല്ല തൂവെള്ള ഭാവം. അടുത്ത് വേറെ കുറച്ചാളുകൾ. അവർ അൽപ്പം നിറം മങ്ങിയവരാണ്. അവർ ഒരരുവിയിൽ കയറിയിറങ്ങിയപ്പോഴേക്ക് ഭാവം മാറി. ശേഷം, അവരും ആദ്യത്തെ വിഭാഗത്തോടൊപ്പമിരുന്നു. നബി ﷺ ജിബ്‌രീലി (അ)നോട് ചോദിച്ചു. ‘ഈ രണ്ടുവിഭാഗം ആരാണ്?’ മറുപടി പറഞ്ഞു; ‘ആദ്യത്തെ വിഭാഗം ലവലേശം അരുതായ്മകൾ കലരാത്ത വിധം നന്മകൾ ചെയ്തവരാണ്. രണ്ടാമത്തെ വിഭാഗം നന്മകൾക്കൊപ്പം അബദ്ധങ്ങൾ കൂടി ചെയ്തു പോയവരാണ്. അവർ പാപമോചനം എന്ന അരുവിയിൽ നിന്ന് ശുദ്ധിവരുത്തി നല്ലവരോടൊപ്പം ചേർന്നു. ഇക്കാണുന്ന പുഴകളിൽ ഒന്നാമത്തേത് അല്ലാഹുവിന്റെ കരുണയും. രണ്ടാമത്തേത് അല്ലാഹുവിന്റെ അനുഗ്രഹവും മൂന്നാമത്തേത് വിശുദ്ധ പാനീയവുമാണ് ‘.(സൂറതുൽ ഇൻസാനിലെ ഇരുപത്തിയൊന്നാമത്തെ സൂക്തം ഈ പാനീയത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.)
ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നബി ﷺ യോട് പറയപ്പെട്ടു. ‘ഇത് അവിടുത്തെയും സമുദായത്തിന്റെയും സ്ഥലമാണ്. നബി ﷺ യുടെ സമുദായം അവിടെ രണ്ട് വിഭാഗമായി കാണപ്പെട്ടു. ഒരു വിഭാഗം നല്ല ശുഭ്ര വസ്ത്രധാരികൾ. മറ്റൊരു വിഭാഗം അൽപ്പം പൊടിപടലങ്ങൾ പുരണ്ട വസ്ത്രം ധരിച്ചവർ. അവർ ‘ബൈതുൽ മഅ്മൂർ’ എന്ന പ്രത്യേക ഗേഹത്തിൽ പ്രവേശിച്ചു. ശുഭ്രവസ്ത്രധാരികൾ രണ്ടാം വിഭാഗത്തിന് കവചമായി. ബൈതുൽ മഅ്മൂറിൽ നിത്യേന എഴുപതിനായിരം പേർ പ്രവേശിക്കും. അന്ത്യനാൾവരെ അവർ പിന്നീടൊരിക്കലും അവിടേക്ക് മടങ്ങി വരില്ല. മക്കയിലെ കഅ്ബയുടെ നേർരേഖയിൽ ഉപരിമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക ഭവനമാണ് ‘ബൈതുൽ മഅ്മൂർ’ എന്നാണ് ഹദീസ് പരാമർശം. വിശുദ്ധ ഖുർആനിലെ ‘അത്ത്വൂർ’ അധ്യായത്തിലെ നാലാമത്തെ സൂക്തം ഈ സവിശേഷ ഭവനത്തെ പരാമർശിക്കുന്നു’.
ഇതിന്റെ തുടർച്ചയെന്നോണം ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ച ഒരു ഭാഗം ഇങ്ങനെ വായിക്കാം : ‘നബി ﷺ യുടെ ഉപരിലോക സഞ്ചാരത്തെക്കുറിച്ച് പറയുന്നു. അത്യുന്നതങ്ങളിൽ, പ്രത്യേകിച്ചും അൽ മലഉൽ അഅ്ലാ എത്തിയപ്പോൾ ജിബ്‌രീൽ (അ) ഏറ്റവും വിനീതനായി. താഴ്മ കൊണ്ട് ഒരു പഴന്തുണി പോലെ ഒതുങ്ങി. അൽ മലഉൽ അഅ്ലാ എന്നതിന് അല്ലാഹുവിന്റെ ഏറ്റവും സമീപസ്ഥരായ മലക്കുകളുടെ ലോകം എന്നാണ് പറയപ്പെടുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
2 Comments
MAHMOOD USMAN HISHAMI
September 22, 2022اللهم صل على سيدنا محمد
MAHMOOD USMAN HISHAMI
September 22, 2022اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ