Tweet 82/365

Admin September 5, 2022 No Comments

Tweet 82/365

അപ്പോൾ നബി ﷺ അടുത്തേക്ക് കടന്നു വന്നു. കണ്ണുനീർ തുടച്ചു കൊടുത്ത് കൊണ്ട് അവിടുന്ന് ചോദിച്ചു. സത്യനിഷേധികൾ നിങ്ങളെ വെള്ളത്തിൽ മുക്കിയിട്ട് ചിലത് പറയാൻ നിർബന്ധിച്ചു അല്ലേ? വിഷമിക്കേണ്ട, മുത്ത് നബി ﷺ അമ്മാറി(റ)നെ ആശ്വസിപ്പിച്ചു. വിശുദ്ധ ഖുർആനിലെ അന്നഹ്ല് അധ്യായത്തിലെ നൂറ്റി ആറാം സൂക്തം ഓതിക്കേൾപ്പിച്ചു. “വിശ്വാസം ദൃഢമായ ശേഷം നിഷേധവാക്യം പറയാൻ നിർബന്ധിക്കപ്പെട്ടാൽ അവർ കുറ്റക്കാരല്ല” എന്ന ആശയം പ്രസ്തുത സൂക്തത്തിലുണ്ട്. ഇത് കേട്ടപ്പോൾ അമ്മാറി(റ)ന് ആശ്വാസമായി.

നഷ്ടപ്പെട്ട സഹോദരൻ അബ്ദുല്ലയെ അന്വേഷിച്ച് യമനിൽ നിന്ന് മക്കയിൽ എത്തിയതായിരുന്നു യാസിർ ബിൻ ആമിർ. ഒപ്പം വന്ന മറ്റു രണ്ട് സഹോദരങ്ങൾ മാലികും ഹാരിസും യമനിലേക്ക് തന്നെ മടങ്ങി. യാസിർ മക്കയിൽ തന്നെ സ്ഥിരതാമസമാക്കി. മക്കയിൽ തനിക്ക് അഭയം നൽകിയ അബൂഹുദൈഫ അദ്ദേഹത്തിന്റെ മഖ്സൂം ഗോത്രത്തിൽ നിന്ന് ഒരടിമയെ യാസിറിന് നൽകി. ആ അടിമസ്ത്രീയാണ് യാസിറിന്റെ ഭാര്യയായ സുമയ്യ: ബിൻത് ഖയ്യാത്. അവർക്ക് ലഭിച്ച ഓമന മകനായിരുന്നു അമ്മാർ(റ).

അമ്മാർ(റ) ദാറുൽ അർഖമിൽ പോയി മുത്ത് നബി ﷺ യിൽ നിന്ന് ഖുർആൻ കേൾക്കും. വീട്ടിൽ വന്ന് പഠിച്ച കാര്യങ്ങൾ ഉമ്മയോട് പങ്ക് വെക്കും. കേട്ടുകൊണ്ടിരുന്ന ഉമ്മയുടെ ഹൃദയത്തിൽ ഈമാനിന്റെ വെളിച്ചം കടന്നു. ഓരോ സൂക്തങ്ങളും അവരെ കൂടുതൽ ആവേശഭരിതയാക്കി. മനുഷ്യകുലം ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് എന്ന ആശയം നൽകുന്ന സൂക്തം പ്രത്യേകം സ്വാധീനിച്ചു. മുത്ത് നബി ﷺ യെ എത്രയും വേഗം കാണാനുള്ള താത്പര്യം മകനെ അറിയിച്ചു. ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് ദിവസത്തിന് ശേഷം ഉമ്മയെയും കൂട്ടി ദാറുൽ അർഖമിലെത്തി. നബി ﷺ അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വിശുദ്ധവാചകങ്ങൾ ചൊല്ലിക്കൊടുത്തു. ഏറ്റു ചൊല്ലിയ സുമയ്യ(റ)ക്ക് എന്തെന്നില്ലാത്ത ഒരു ഹൃദയാനന്ദം. അവർ ദാറുൽ അർഖമിൽ നിന്ന് പടിയിറങ്ങി. വീട്ടിലെത്തി ഭർത്താവിനെ കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹവും ഇസ്‌ലാമിലേക്ക് വന്നു. ഇസ്‌ലാം സ്വീകരിച്ച ആദ്യത്തെ പത്തിനുള്ളിൽ എണ്ണപ്പെടുന്നവരാണ് യാസിർ കുടുംബം.

ഒരു വർഷത്തോളം അവർ ഇസ്‌ലാമിനെ രഹസ്യമാക്കി പരിപാലിച്ചു. ശേഷം വിശ്വാസം പുറത്തറിഞ്ഞു. ബനൂ മഖ്സൂം ഗോത്രക്കാർക്ക് ഉൾകൊള്ളാനായില്ല. അവർ പ്രതിഷേധിച്ചു. അവർ ഈ കുടുംബത്തെ കൈയാമം വച്ചു. വിവിധങ്ങളായ മർദ്ദനങ്ങളേൽപിച്ചു. വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പലവഴികളും നോക്കി. ഒന്നും ഫലം കണ്ടില്ല.
യാസിർ കുടുംബത്തിൽ ഓരോരുത്തരെയും ഖുറൈശികൾ ആക്രമിച്ചു. ഓരോരുത്തരും ദൃഢമായ വിശ്വാസത്തിന്റെ അവസാനിക്കാത്ത ഉദാഹരണങ്ങളായി മാറി. ബീവി സുമയ്യ അത്ഭുതകരമായ ധൈര്യത്തോടെ രംഗങ്ങളെ നേരിട്ടു. ഒരു പീഡനത്തെയും വകവെക്കുക പോലും ചെയ്യാതെ ഉറച്ചു നിന്നു. ഈ കുടുംബത്തെ നോക്കി മുത്ത്നബി ﷺ പറഞ്ഞു. “ഓ യാസിർ കുടുംബമേ ക്ഷമിക്കുക. നിങ്ങൾക്ക് സ്വർഗ്ഗം ഒരുക്കി വെച്ചിട്ടുണ്ട്.”

നൊന്തുപെറ്റ പൊന്നുമോൻ അമ്മാറി(റ)നെ ചുട്ടു പഴുത്ത ദണ്ഡ് കൊണ്ട് പൊളളിച്ച് ബോധരഹിതനാക്കിയപ്പോൾ മാതാവ് പൊട്ടിക്കരഞ്ഞു. പക്ഷേ, അവരുടെ വിശ്വാസം പതറിയില്ല. ശത്രുക്കൾ അവരെ വിടാതെ മർദ്ദിച്ചു. ഒരു മർദ്ദനത്തിനും തോൽപിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അബൂജഹലിന് അരിശം മൂത്തു. അവൻ കുന്തം ഉയർത്തി മഹതിയുടെ അടിവയറ്റിൽ തറച്ചു. ലവലേഷം പതറാതെ മഹതി വേദന കടിച്ചിറക്കി. അവർ ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയായി… സ്വർഗത്തിലേക്ക് പറന്നു. ബനൂ മഖ്സൂമിലെ അടിമപ്പെണ്ണ് ലോകാവസാനം വരെയുള്ള വിശ്വാസികൾക്ക് ഊർജമായി മാറി. ചരിത്രത്തിലെ ധീരവനിതയായി ഉയർന്നു.

വൈകാതെ യാസിറും(റ) ഈ ലോകത്തോട് യാത്രയായി യാസിറി(റ)ന്റെ സഹോദരൻ അബ്ദുല്ല അമ്പേറ്റ് വീണു. തീഷ്ണതകളുടെ തുടർച്ചയിൽ അമ്മാർ(റ) തനിച്ചായി മാറി. അബൂജഹൽ ബദ്റിൽ കൊല്ലപ്പെട്ടപ്പോൾ മുത്ത് നബി ﷺ അമ്മാറിനോട് പറഞ്ഞു. “നിങ്ങളുടെ ഉമ്മയെ വധിച്ചവനെ അല്ലാഹു വധിച്ചിരിക്കുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply