The biography of Prophet Muhammad – Month 8

Admin February 15, 2023 No Comments

The biography of Prophet Muhammad – Month 8

Mahabba Campaign Part-211/365

ആത്വിഖാ ബീവി ഭീതിതമായ ഒരു സ്വപ്നം കണ്ടു. അബ്ദുൽ മുത്വലിബിന്റെ മകളും നബി ﷺ യുടെ അമ്മായിയുമാണ് ബീവി ആത്വിഖ. അവർ സഹോദരൻ അബ്ബാസിനെ വിളിച്ചു വരുത്തി സ്വപ്ന വിവരം പങ്കുവച്ചു. “ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അതെന്നെ ഏറെ ഭയപ്പെടുത്തി. അതിന്റെ വിപത്ത് നിന്റെ കുടുംബത്തെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ദൈവനിഷേധികളായ ഖുറൈശികൾ ഇതറിഞ്ഞാൽ നമ്മെ ഉപദ്രവിച്ചേക്കും. അസുഖകരമായ വല്ലതും നമുക്ക് വന്നു ഭവിച്ചേക്കും. ഇതാരോടും പറയുകയില്ലെന്ന് നീ സത്യം ചെയ്യണം.”

അബ്ബാസ് സത്യം ചെയ്തു. ആത്വിഖ കണ്ട കാര്യം പറഞ്ഞു തുടങ്ങി. “ഒരു യാത്രക്കാരൻ തന്റെ ഒട്ടകപ്പുറത്ത് അബ്ത്വഹിൽ (മക്കയുടെ സമീപത്തുള്ള പ്രദേശം) പ്രത്യക്ഷപ്പെട്ടു. പിന്നെ അയാളുച്ചത്തിൽ വിളിച്ചു പറഞ്ഞു. ‘അല്ലയോ വഞ്ചകരേ,
മൂന്ന് ദിവസങ്ങൾക്ക് ശേഷം നിങ്ങൾ നിങ്ങളുടെ അന്ത്യഭൂമിയിലേക്ക് പുറപ്പെട്ടോളൂ…’
ഈ ശബ്ദം കേട്ടതും ജനങ്ങൾ ഇയാളുടെയടുത്തേക്ക് ഓടിക്കൂടി. അപ്പോഴേക്കും അയാൾ പളളിയിലേക്ക് പ്രവേശിച്ചു. ജനങ്ങൾ അയാളെ പിൻതുടർന്നു. ഉടനെ അയാൾ ഒട്ടകപ്പുറത്ത് നിന്നും കഅ്ബയുടെ മുകളിലേക്ക് കയറി. നേരത്തെ വിളിച്ചു പറഞ്ഞ കാര്യം അവിടെ നിന്ന് വീണ്ടും വിളിച്ചു പറഞ്ഞു. പിന്നെ അയാൾ അബൂഖുബൈസ് പർവതത്തിന് മുകളിലേക്ക് കയറി. അവിടുന്ന് വീണ്ടും അതാവർത്തിച്ചു. ശേഷം, അയാൾ മലമുകളിൽ നിന്ന് ഒരു പാറക്കല്ല് താഴേക്കുരുട്ടി വിട്ടു. ആ കല്ല് താഴെ വീണ് പൊട്ടിച്ചിതറി. അതിന്റെ ചീളുകൾ മക്കയിലെ ഒരു കുടിലും കൂരയും ഒഴിയാതെ എല്ലാ വീടുകളിലേക്കും എത്തിച്ചേർന്നു.”

അബ്ബാസ് ആത്വിഖയെ ശ്രദ്ധാപൂർവം കേട്ടിരുന്നു. അദ്ദേഹം അൽപ്പനേരം ചിന്തയിലാണ്ടു. ശേഷം, സഹോദരിയോട് പറഞ്ഞു. ‘അല്ലാഹു സത്യം! ഇത് വല്ലാത്തൊരു സ്വപ്നമാണല്ലോ? നീയിതാരോടും പറയരുത്. അതീവ രഹസ്യമാക്കി വയ്ക്കുക’.

അബ്ബാസ് വലീദ് ബിൻ ഉഖ്ബയെ കണ്ടുമുട്ടി. രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ്. ആരോടും പറയരുതെന്ന ആമുഖത്തോടെ അബ്ബാസ് വലീദിനോട് സ്വപ്നത്തെക്കുറിച്ച് പറഞ്ഞു.
വലീദ് തന്റെ മകൻ ഉത്ബയോട് പങ്കുവച്ചു. കാതോട് കാതോരം കൈമാറിക്കൈമാറി സ്വപ്നദർശനം മക്കയിലാകെ പാട്ടായി. അബ്ബാസ് തന്നെ പറയുന്നു. ‘അതിരാവിലെ ഞാൻ കഅ്ബാ പ്രദക്ഷിണത്തിന് ചെന്നപ്പോൾ ഒരു സംഘം ഖുറൈശികൾ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുന്നു. കൂട്ടത്തിൽ അബൂജഹലുമുണ്ടായിരുന്നു. ‘കഅ്ബാ പ്രദക്ഷിണം കഴിഞ്ഞാൽ ഇങ്ങോട്ട് വരണം’ എന്നയാൾ എന്നോട് പറഞ്ഞു. അപ്രകാരം ത്വവാഫ് കഴിഞ്ഞ് ഞാൻ മടങ്ങിവന്നു. പ്രസ്തുത സംഘത്തിന്റെയടുത്തെത്തി. ഉടനെ ആ അപശപ്തൻ ചോദിച്ചു. ‘അല്ലാ, അബ്ദുൽ മുത്വലിബിന്റെ മക്കളേ.. നിങ്ങളിൽ എപ്പോഴാണ് വനിതാ പ്രവാചകൻ വന്നത് ?’
ഞാൻ തിരിച്ചു ചോദിച്ചു; ‘എന്താണ് കാര്യം?’
‘അല്ലാ, ആത്വിഖയെന്തോ സ്വപ്നം കണ്ടെന്നൊക്കെ കേൾക്കുന്നല്ലോ?’ അയാൾ പ്രതികരിച്ചു.
‘ഓ , അവളങ്ങനെയൊന്നും കണ്ടിട്ടില്ല’. ഞാൻ നിരാകരിച്ചു. പക്ഷേ, അബൂജഹൽ വിട്ടില്ല. അവൻ പറയാൻ തുടങ്ങി.
“നിങ്ങളിൽ പുരുഷന്മാർ പ്രവാചകത്വം അവകാശപ്പെട്ടത് മതിയാകാഞ്ഞിട്ടാണോ ഇപ്പോൾ സ്ത്രീകൾക്കൂടി പ്രവാചകനാവാൻ ശ്രമിക്കുന്നത്? മൂന്നു ദിവസത്തിന് ശേഷം വധഭൂമിയിലേക്ക് പുറപ്പെട്ടോളൂ എന്ന് കേട്ടുവെന്നാണത്രെ അവകാശപ്പെടുന്നത്. മൂന്നു ദിവസമൊന്ന് കഴിയട്ടെ. അതുവരെ ഞങ്ങൾ കാത്തിരിക്കും. ശേഷം ഒന്നും സംഭവിച്ചില്ലെങ്കിൽ അറബികളിലെ ഏറ്റവും വലിയ നുണയന്മാരായി നിങ്ങളെക്കുറിച്ച് പരസ്യപ്പെടുത്തും. ഇതെന്ത്? ആണുങ്ങൾ ഓരോന്ന് പറഞ്ഞിട്ട് മതിയാകാതെ പെണ്ണുങ്ങളും ഓരോന്ന് പറഞ്ഞു വരുകയോ?’

‘ഞങ്ങളും ഒട്ടും പ്രതാപം കുറഞ്ഞവരൊന്നുമല്ല. നിങ്ങൾ പറഞ്ഞു സിഖായ അഥവാ, ഹാജിമാർക്ക് പാനം നൽകുന്ന ദൗത്യം ഞങ്ങൾക്കാണെന്ന്. ഞങ്ങൾ വക വച്ചു തന്നു. പിന്നീട് നിങ്ങൾ പറഞ്ഞു കഅ്ബാ പരിപാലനം അഥവാ ഹിജാബത്ത് ഞങ്ങൾക്കാണെന്ന്. അതും ഞങ്ങൾ സമ്മതിച്ചു നൽകി’.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-212/365

“പിന്നീട് നിങ്ങൾ പറഞ്ഞു, കൂടിയാലോചനാ നേതൃത്വം അഥവാ രിഫാദ: ഞങ്ങൾക്കാണെന്ന്. അതും ഞങ്ങൾ അനുവദിച്ചു നൽകി. അതിഥികളെ സൽകരിക്കാനുള്ള വിഭവങ്ങൾ ശേഖരിക്കാൻ ഞങ്ങൾ നിങ്ങൾക്കനുമതി നൽകി. നിങ്ങൾ ജനങ്ങളെ സത്ക്കരിച്ചു. ഞങ്ങളും ജനങ്ങളെ സത്ക്കരിച്ചു. നമ്മൾ പരസ്പരം പന്തയക്കുതിരകളെപ്പോലെ മത്സരിച്ചു. ഒപ്പത്തിനൊപ്പം തന്നെ മുന്നോട്ട് ഗമിച്ചു. അതിനിടയിൽ നിങ്ങളിൽ നിന്ന് പ്രവാചകത്വവാദം ഉയർന്നു വന്നു. ഇനിയൊരു വനിതാപ്രവാചകയുണ്ടെന്നു കൂടിയേ അവകാശമുന്നയിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. നിങ്ങളെപ്പോലെ കല്ലുവച്ച നുണ പറയുന്ന ആണും പെണ്ണും വേറെയെവിടെയുമുണ്ടാവില്ല !”

അബൂജഹലിന്റെ ആക്ഷേപവർഷം അബ്ബാസ് ശാന്തമായി കേട്ടുനിന്നു. ആത്മനിയന്ത്രണത്തോടെ താൻ നിലകൊണ്ട കാര്യം അബ്ബാസ് പറയുന്നതിങ്ങനെയാണ്. “ആത്വിഖയുടെ സ്വപ്നം നിരാകരിച്ചു എന്നല്ലാതെ ഞാനൊന്നും പ്രതികരിച്ചില്ല.”

ഒരു നിവേദനപ്രകാരം സഹികെട്ട അബ്ബാസ് ഇങ്ങനെ പറഞ്ഞുവത്രെ. “എടാ ഭീരു.. ഇനിയും ഒന്നും നിർത്താനായില്ലേ? നീയും നിന്റെ കുടുംബവുമാണ് കള്ളം പറയുന്നവർ.” കേട്ടു നിന്നവർ അബ്ബാസിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “അല്ലയോ, അബുൽ ഫള്ൽ ! താങ്കൾ അവിവേകിയോ വിവരശൂന്യനോ അല്ലല്ലോ!”
നിങ്ങൾ എന്തിന് പ്രതികരിക്കണം എന്ന് സാരം.

അബ്ബാസും അബൂജഹലും തമ്മിൽ നടന്ന വർത്തമാനം അബ്ദുൽ മുത്വലിബിൻ്റെ കുടുംബമറിഞ്ഞു. അബ്ബാസിൻ്റെ പ്രതികരണം ആത്വിഖയ്ക്ക് അത്ര തൃപ്തിയായില്ല. വൈകുന്നേരമായപ്പോൾ കുടുംബത്തിലെ സ്ത്രീകൾ ഒന്നടങ്കം അബ്ബാസിനെ സമീപിച്ചു, എന്നിട്ട് പറഞ്ഞു. “ആ തെമ്മാടി നിങ്ങൾ ആണുങ്ങളെ വേണ്ടത്ര ആക്ഷേപിച്ചു. പോരാഞ്ഞിട്ട് പെണ്ണുങ്ങളെയും തെറിവിളിച്ചു. എന്നിട്ടെന്തേ നിങ്ങൾ ഒരു ചൂരും ചുണയും കാട്ടാതെ വെറുതേ നിന്നത്. ഇത് മഹാ മോശമായിപ്പോയില്ലേ?” അബ്ബാസിന് ആകെയൊരു നാണം. അവസാനം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “അല്ലാഹു സത്യം ! ഞാനവനെക്കണ്ടോളാം. ഇനിയെങ്ങാനും അവൻ വല്ലതും പറഞ്ഞാൽ ഞാനവനെ വച്ചേക്കില്ല.”

അബൂ ജഹലിനോട് മൃദുവായി പ്രതികരിച്ചതിൽ അബ്ബാസിന് ഒരു ആത്മനിന്ദ അനുഭവപ്പെട്ടു. സ്വപ്നത്തിന്റെ മൂന്നാം ദിവസം നേരത്തെത്തന്നെ അദ്ദേഹം പുറപ്പെട്ടു.
ഇന്ന് അബൂ ജഹലിനെ ഒന്ന് നേരിടാൻ തന്നെ തീരുമാനിച്ചു എന്ന മട്ടിലാണ് പുറപ്പെട്ടത്. അബ്ബാസിനെ കണ്ടതും അബൂജഹൽ പള്ളിയുടെ വാതിലിലൂടെ പുറത്തേക്ക് ചാടി. അബ്ബാസ് ആലോചിച്ചു. ഇതെന്ത് പറ്റി ഈ പഹയൻ ഇങ്ങനെ ചാടാൻ ? എന്നെ പേടിച്ചുതന്നെയാണോ? അതല്ല മറ്റെന്തെങ്കിലും സംഭവിച്ചോ?

ഉടനെയതാ ഒരു ശബ്ദം. ളംളമുൽ ഗിഫാരി എന്നയാളുടെ ശബ്ദമാണല്ലോ കേൾക്കുന്നത്. അബ്ത്വഹിൽ ഒട്ടകപ്പുറത്ത് നിന്നാണ് അയാൾ ഒച്ചവയ്ക്കുന്നത്. വാഹനം തിരിച്ചു നിർത്തിയിരിക്കുന്നു. ഒട്ടകത്തിന്റെ മൂക്കും ചെവിയും ഛേദിച്ചിരിക്കുന്നു. ളംളം തന്റെ കുപ്പായത്തിന്റെ മുൻഭാഗവും പിൻഭാഗവും കീറിപ്പറിച്ചിരിക്കുന്നു. ചങ്കുപൊട്ടുന്ന ശബ്ദത്തിൽ അയാൾ വിളിച്ചു പറയുന്നതിപ്രകാരമാണ്. “അല്ലയോ , ഖുറൈശികളേ..! അബൂസുഫിയാൻ നയിക്കുന്ന നിങ്ങളുടെ കച്ചവട സംഘം…. അതിനെ നിങ്ങൾ വേഗം വീണ്ടെടുത്തോളൂ. നിങ്ങളുടെ ചരക്കുകളും സമ്പാദ്യങ്ങളും മുഴുവൻ മുഹമ്മദും ﷺ സംഘവും വഴിയിൽ തടഞ്ഞിരിക്കുന്നു. അത് വീണ്ടെടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ എല്ലാം പോയി. വേഗം സഹായിക്കാൻ നോക്കൂ “.

വാർത്ത മക്കയാകെപ്പരന്നു. കേട്ടവർ കേട്ടവർ പരിഭ്രാന്തരായി. അബ്ബാസും അബൂജഹലും കച്ചവട സംഘത്തെ എങ്ങനെ മോചിപ്പിക്കാം എന്ന ആലോചനയിലായി. കാരണം, മക്കക്കാർക്ക് മുഴുവനുമുള്ള വിഭവങ്ങളാണ് തടയപ്പെടാൻ പോകുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-213/365

അബൂസുഫ്‌യാൻ നേരത്തെ ഉശൈറ വിട്ടു പോയതിനാലാണല്ലോ ശാമിലേക്കുള്ള യാത്രയിൽ രക്ഷപ്പെട്ടത്. ഖാഫില ശാമിലെത്തി. നിരവധി വിഭവങ്ങൾ സമാഹരിച്ചു. സമീപകാലത്തൊന്നും വാങ്ങിയിട്ടില്ലാത്തത്ര ചരക്കുകളാണ് ഇക്കുറി വാങ്ങിയത്. പട്ടും സുഗന്ധവും കൗതുക വസ്തുക്കളുമൊക്കെ ചരക്കിന്റെ കൂട്ടത്തിലുണ്ട്.

ജുദാം ഗോത്രക്കാരനായ ഒരാളെ അബൂസുഫ്‌യാൻ കണ്ടുമുട്ടി. നബി ﷺ യും സംഘവും നടത്തുന്ന നീക്കുപോക്കുകളെക്കുറിച്ച് അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മടക്കയാത്ര കരുതലോടെയാകണം എന്നയാൾ തീർച്ചപ്പെടുത്തി. ശാമിലേക്ക് പോയപ്പോൾ അതിവേഗം സഞ്ചരിച്ച ഒട്ടകങ്ങൾ ചരക്കുമേറ്റി വരുന്നതിനാൽ സാവധാനമാണിപ്പോൾ നീങ്ങുന്നത്. അബൂസുഫ്‌യാൻ എതിരെ വരുന്ന ഓരോ യാത്രികരോടും വിവരങ്ങൾ അന്വേഷിച്ചു. ഹിജാസിലേക്കടുക്കുംതോറും ആധി വർധിച്ചുകൊണ്ടിരുന്നു.

ശാമിലേക്ക് പോകുമ്പോൾ വഴികാട്ടിയായി ഉപയോഗപ്പെടുത്തിയ ളംളമിനെ അടുത്തു വിളിച്ചു. അയാൾ ഗിഫാർ ഗോത്രക്കാരനായിരുന്നു. ഇരുപത് മിസ്ഖാൽ പ്രതിഫലത്തിനായിരുന്നു അയാളെ വഴികാട്ടിയായിക്കൂട്ടിയത്. അബൂസുഫ്‌യാൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ അതിവേഗം മക്കയിലെത്തണം. നമ്മുടെ കച്ചവട സംഘത്തെ മുഹമ്മദും ﷺ സംഘവും തടയാൻ പോകുന്നു എന്ന വാർത്ത വിളംബരം ചെയ്യണം. ഖുറൈശികളെ പ്രകോപിതരാക്കി രംഗത്തെത്തിക്കാനുള്ള എന്ത് ഉപായവും പ്രയോഗിക്കണം. മക്കക്കാരുടെ സ്വത്തുവകകൾ മുഴുവൻ ഭീഷണിയിലാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അതുപ്രകാരമാണ് ളംളം മക്കയിലെത്തി അട്ടഹസിക്കുകയും അത്യുച്ചത്തിൽ അപായമറിയിക്കുകയും ചെയ്തത്.

മക്ക മുഴുവൻ ഇളകിവശായി. കാരണം, മക്കയിലെ ഏതാണ്ടെല്ലാവരുടെയും സമ്പാദ്യം ഈ ഖാഫിലയിൽ ഉണ്ടായിരുന്നു.
അതീവ ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയ അബൂസുഫ്‌യാൻ ബദ്റ് എന്ന പ്രദേശത്തെത്തി. അവിടുത്തെ ജലസംഭരണിയുടെ സമീപത്തേക്ക് നീങ്ങി. വഴിയിൽ ഹൗറാനിൽ വച്ച് ജുഹൈന ഗോത്രത്തിലെ കശ്ദ് എന്ന് പേരുള്ള വയോധികനെക്കണ്ടുമുട്ടി. അബൂസുഫ്‌യാൻ അദ്ദേഹത്തോട് ചോദിച്ചു. മുഹമ്മദ് നബി ﷺ യുടെ സംഘത്തിലെ ചാരന്മാരാരെങ്കിലും ഇതുവഴി വന്നിരുന്നോ? ഇല്ലല്ലോ, ആരും ഇതുവഴി വന്നില്ലല്ലോ! യഥാർഥത്തിൽ മുസ്‌ലിം ചാരന്മാർ അദ്ദേഹത്തിന്റെ അതിഥികളായി അവിടെ താമസിച്ചിരുന്നു. അബൂസുഫ്‌യാൻ പിന്നെയും മുന്നോട്ട് നീങ്ങി. മജ്ദീ ബിൻ അംറ് എന്നയാളെക്കണ്ടുമുട്ടി. അയാൾ ഒരേ സമയം ഖുറൈശികളുമായും മുസ്‌ലിംകളുമായും സഖ്യത്തിൽ കഴിഞ്ഞിരുന്ന വിഭാഗത്തിൽപ്പെട്ടയാളാണ്. അബൂസുഫ്‌യാൻ ചോദിച്ചു. “ഇതുവഴി ആരെങ്കിലും കടന്നു പോകുന്നത് താങ്കൾ കണ്ടിരുന്നോ?” അദ്ദേഹം പറഞ്ഞു, “അസാധാരണമായി ആരെയും കണ്ടില്ല. നിങ്ങൾ മുന്നോട്ട് നീങ്ങിക്കോളൂ, നിങ്ങൾക്കും മദീനയക്കുമിടയിൽ ശത്രുക്കളാരും തന്നെയില്ല. അങ്ങനെയുണ്ടെങ്കിൽ നാം അറിയാതിരിക്കില്ല. വല്ല വിവരവുമുണ്ടെങ്കിൽ നാം നിങ്ങളോട് മറച്ചുവയ്ക്കില്ലല്ലോ. പിന്നെ, രണ്ടു വാഹന യാത്രക്കാർ ആ കിണറിന്റെ പിന്നിൽ വന്ന് ഒട്ടകം നിർത്തി വെള്ളമെടുത്തിരുന്നു. പിന്നെയവർ തിരിച്ചു പോവുകയും ചെയ്തു “. ശേഷം, അദ്ദേഹം ആ കിണർ ചൂണ്ടിക്കാണിച്ചു കൊടുത്തു.

യഥാർഥത്തിൽ ആ വെള്ളമെടുത്ത് പോയത് മുസ്‌ലിം സംഘത്തിലെ ചാരന്മാരായിരുന്നു. ബസ് ബസ് ബിൻ അംറും അദിയ്യ് ബിൻ അബിസ്വഅബാഉം ആയിരുന്നു ആ രണ്ടു പേർ. അവർ മക്കക്കാരുടെ ഖാഫിലയുടെ വിവരം തേടി അലയുകയായിരുന്നു. അങ്ങനെയാണ് ഈ വെള്ളത്തിനടുത്തെത്തിയത്. അപ്പോൾ മറുവശത്ത് രണ്ട് യുവതികൾ സംസാരിക്കുന്നുണ്ടായിരുന്നു. ഒരാൾ മറ്റെയാളിൽ നിന്ന് ലഭിക്കാനുള്ള കടം തിരിച്ചു ചോദിക്കുകയായിരുന്നു. അപ്പോൾ നൽകാനുള്ളവൾ പറഞ്ഞു; ‘നാളെ ഖാഫില ഇതുവഴി കടന്നു പോകും. അപ്പോൾ അവർക്ക് വേല ചെയ്ത് കിട്ടുന്നത് കൊണ്ട് ഞാൻ വീട്ടിക്കൊള്ളാം’. ഇതു കേട്ട് സ്വഹാബികൾ നബി ﷺ യുടെയടുത്തേക്ക് തിരിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-214/365

മജ്ദീബിൻ അംറ് ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അബൂസുഫ്‌യാൻ നടന്നു. അവിടെയുണ്ടായിരുന്ന ഒട്ടകക്കാഷ്ഠം എടുത്ത് പരിശോധിച്ചു. അതിൽ നിന്ന് ഈത്തപ്പഴക്കുരു കണ്ടെത്തിയ അബൂസുഫ്‌യാന്റെ നിരീക്ഷണ ചിന്തയുണർന്നു. ഇത് മദീനയിലെ കാലിത്തീറ്റയുടെ ഭാഗമാണെന്നയാൾ കണ്ടെത്തി. അപ്പോൾ ഇവിടെ വന്ന് വെള്ളമെടുത്തത് മുഹമ്മദ് നബി ﷺ യുടെ ചാരന്മാർ തന്നെയാണെന്നദ്ദേഹം ഉറപ്പിച്ചു. ഇനിയിതുവഴി യാത്ര തുടരുന്നത് യുക്തിയല്ലെന്ന് തീർച്ചപ്പെടുത്തി. ഇനിയീ ഖാഫിലയെ മറ്റൊരു വഴിക്ക് മക്കയിലേക്ക് നയിക്കണം. അങ്ങനെ ചെങ്കടൽ വഴി യാത്രയുടെ ഗതി തിരിച്ചുവിട്ടു. മുസ്‌ലിം സംഘത്തിന്റെ കണ്ണിൽപ്പെടാതെ സുരക്ഷിതമായി ഖുറൈശികളുടെ ഖാഫില മക്കയിലേക്കെത്തി.

ഖാഫില മക്കയിലെത്തുന്നതിന് മുമ്പ് ഖുറൈശികൾ സൈനിക നീക്കത്തിന്റെ ചർച്ചകളാരംഭിച്ചു. ആത്വിഖയുടെ സ്വപ്നവും ളംളമിന്റെ മുന്നറിയിപ്പും അവരിലുയർത്തിയ ആകുലതകൾ അവർക്ക് സമരവീര്യം നൽകി. അവർ ആവേശപൂർവം പല വർത്തമാനങ്ങളും പറയാൻ തുടങ്ങി. കൂട്ടത്തിൽ അവർ പറഞ്ഞു; “മുഹമ്മദും ﷺ കൂട്ടരും വിചാരിക്കുന്നുണ്ടോ ഇത് ഇബ്നുൽ ഹള്റമിയുടെ സംഘത്തെത്തടഞ്ഞതുപോലെയാകുമെന്ന് ? ഇല്ല, ഇതൊരിക്കലും അങ്ങനെയാവില്ല ! ഫലം മറിച്ചായിരിക്കും. അതവർ വഴിയേ അറിഞ്ഞോളും.”

ഖുറൈശികൾ യുദ്ധത്തിലേക്ക് ഒരുങ്ങിക്കഴിഞ്ഞു. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ പകരം പ്രതിനിധിയെയോ തന്റെ ചെലവിൽ ഒരു യോദ്ധാവിനെയോ അയയ്ക്കാൻ തീരുമാനിച്ചു. അബൂലഹബ് തത്‌ക്കാലം വരുന്നില്ലെന്ന് തീരുമാനിച്ചു. ആത്വിഖയുടെ സ്വപ്നം പുലരുമെന്ന ഭീതി അയാളെ ആത്മാർഥമായും അലട്ടി. ആസ്വ് ബിൻ ഹിഷാമിനെ തനിക്ക് പകരം പടക്കളത്തിലേക്ക് അയയ്ക്കാൻ ധാരണയാക്കി. അയാൾ അബൂലഹബിന് നൽകാനുള്ള നാലായിരം ദിർഹം പ്രതിഫലമായി വിട്ടു നൽകാമെന്ന് സമ്മതിച്ചു.

ജനങ്ങളുടെ പോരാട്ടവീര്യം കത്തിച്ചു നിർത്താൻ ഖുറൈശികൾ നിരന്തരമായി ശ്രമിച്ചു കൊണ്ടിരുന്നു. ഇത്തരമൊരു പടനീക്കം ഒഴിവാക്കിയാൽ നമ്മുടെ സ്വത്തും ആസ്തിയും മുഴുവൻ അന്യാധീനപ്പെടുമെന്ന് ആവർത്തിച്ചാവർത്തിച്ച് അവരെ ഉണർത്തിക്കൊണ്ടിരുന്നു. നേതാക്കളും പ്രമാണികളും സാധാരണക്കാർക്കിടയിലിറങ്ങി പ്രവർത്തിച്ചു. അവർക്ക് പടച്ചട്ടകളും പടവാളുകളും മറ്റായുധങ്ങളും വിതരണം ചെയ്തു. സമ്പന്നർ യുദ്ധത്തിലേക്ക് സംഭാവനകളും യോദ്ധാക്കൾക്ക് ഓഫറുകളും നൽകി. പത്ത് പോരാളികൾക്കുള്ള ഒട്ടകം, ഇരുപത് ഭടന്മാർക്കുള്ള ഭക്ഷണം എന്നിങ്ങനെ പലരും പിന്തുണ നൽകി. കൂട്ടത്തിൽ സുഹൈൽ ബിൻ അംറ് വിളിച്ചുപറഞ്ഞു. “നിങ്ങളുടെ സമ്പത്തുകൾ മുഹമ്മദി ﷺ നും മതം മാറിയ യസ്‌രിബുകാർക്കും വിട്ടുകൊടുക്കുകയോ! ഇല്ല, ഒരിക്കലും പാടില്ല. ഖുറൈശികളേ! നിങ്ങൾക്ക് പണമാണോ വേണ്ടത് , ഇവിടെ റെഡിയാണ്. ഭക്ഷണമാണോ വേണ്ടത് ,എന്റെ കലവറയിതാ തുറന്ന് വച്ചിരിക്കുന്നു…! ”

സംഅത്ത് ബിൻ അസ്‌വദ് ഖുറൈശികൾക്കിടയിൽ വിളിച്ചു പറഞ്ഞു. “ലാത്തയും ഉസ്സയും സത്യം! ഇതിലേറെ ഒരു വിപത്ത് നിങ്ങൾക്കിനി വരാനില്ല. മുഹമ്മദും ﷺ അനുയായികളും നിങ്ങളുടെ സമ്പാദ്യം വഴിയിൽ തടയാൻ പോകുന്നു. നിങ്ങളെ കേവലം ഭീഷണിപ്പെടുത്താനല്ല അവരുടെ നീക്കം. നിങ്ങളുടെ മേൽ അധികാരം സ്ഥാപിക്കാനാണ്. നമ്മെയൊന്നാകെ പിടിച്ചടക്കാനാണ്. അത് കൊണ്ട് വേഗം സജ്ജരാവുക. ആരും ഇതിൽ നിന്ന് വിട്ടു നിൽക്കരുത്. ആയുധമില്ലാത്തവർ അത് സംഘടിപ്പിച്ച് തയ്യാറാവുക.”

മക്കക്കാർ സർവായുധ വിഭൂഷിതരായി പുറപ്പെടാനൊരുങ്ങുകയാണ്. ആവേശപൂർവം അബൂജഹൽ മുന്നിൽ നിന്നു. മുഹമ്മദ് ﷺ യെ പരാജയപ്പെടുത്തിയേ അടങ്ങൂ എന്ന പ്രതിവികാരത്തിൽ അയാൾ അഹങ്കാരിയായി.

പക്ഷേ, ശത്രു നിരയിലെ രണ്ടാമനായ ഉമയ്യത്തിന് ഒരുത്സാഹം പോരാ. അയാൾ യുദ്ധത്തിന് പുറപ്പെടുന്നില്ലത്രെ! അയാൾ തത്ക്കാലം വീട്ടിലിരിക്കുകയാണത്രെ! കാരണം, അയാളെ ചില ചിന്തകളും ഓർമകളും പ്രയോഗങ്ങളും വേട്ടയാടുന്നുണ്ട്. അതൊന്ന് വായിച്ച് നമുക്ക് മുന്നോട്ട് പോകാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-215/365

നബി ﷺ തന്നെ വധിച്ചുകളയുമോ എന്ന ഭീതിയാണ് ഉമയ്യത്തിനെ അലട്ടിയത്. കാരണം മറ്റൊന്നുമല്ല. കുറച്ചു നാളുകൾക്ക് മുമ്പത്തെ ഒരു സംഭാഷണം അദ്ദേഹം മറന്നിട്ടില്ലായിരുന്നു. അൻസ്വാരി പ്രമുഖനായ സഅദ് ബിൻ മുആദും(റ) ഉമയ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. സഅദ് (റ) മക്കയിൽ വന്നാൽ ഉമ്മയ്യതിന്റെ അതിഥിയായിട്ടായിരിക്കും കഴിയുക. ഉമയ്യ മദീനയിൽ ചെന്നാൽ തിരിച്ചും അങ്ങനെയായിരുന്നു. സഅദ് (റ) വിശ്വാസിയായി ഉംറ നിർവഹിക്കാൻ വന്നപ്പോഴും ഉമയ്യ പഴയ ആതിഥ്യം ഉപേക്ഷിച്ചില്ല. സഅദി (റ)ന് കഅ്ബ പ്രദക്ഷിണം ചെയ്യാൻ സൗകര്യം ചെയ്ത് കൊടുത്തു. കഅ്ബയുടെയടുത്ത് ആളുകൾ കുറഞ്ഞ ഒരു ഉച്ചനേരത്താണ് സഅ്ദിനെ (റ)യും കൂട്ടി ഉമയ്യ ത്വവാഫിനെത്തിയത്. പക്ഷേ, വളരെ അപ്രതീക്ഷിതമായി അബൂജഹൽ അവിടെ പ്രത്യക്ഷപ്പെട്ടു. അയാൾ വിളിച്ചു ചോദിച്ചു : “ആരാണ് ആ കഅ്ബ ചുറ്റുന്നത് ?” “സഅ്ദ്ബിൻ മുആദ്”
“ഹാ! കൊള്ളാമല്ലോ മതമുപേക്ഷിച്ച് മക്കയിൽ നിന്ന് കടന്നു വന്നവർക്ക് അഭയം നൽകിയിട്ട് മക്കയിൽ വന്ന് സുരക്ഷിതരായി നിങ്ങൾ ത്വവാഫ് ചെയ്യുകയോ? ഉമയ്യത് അഥവാ അബൂസ്വഫ്‌വാൻ്റെ ഒപ്പമല്ലായിരുന്നെങ്കിൽ നിനക്ക് ഞാൻ കാണിച്ചു തരാമായിരുന്നു. കുടുംബത്തിലേക്കു നിങ്ങൾ മടങ്ങുമായിരുന്നില്ല “.

തന്നോട് ദേഷ്യം പിടിച്ച അബൂജഹലിനോട് അതേ ഭാഷയിൽ സഅ്ദ് (റ) പ്രതികരിച്ചു. “ഞങ്ങളെ ത്വവാഫ് ചെയ്യാൻ അനുവദിക്കാതിരുന്നാൽ അതേ നാണയത്തിൽ മറുപടി തരാൻ ഞങ്ങൾക്കറിയാം. നിങ്ങളുടെ കച്ചവട സംഘത്തിനെ ഞങ്ങൾ കാണേണ്ടത് പോലെ കാണും “. ഉടനെ ഉമയ്യത്തിടപെട്ടു. സഅ്ദി(റ)നോട് പറഞ്ഞു. “അബുൽ ഹകം ഈ പ്രവിശ്യയുടെ നേതാവാണ്. അദ്ദേഹത്തോട് ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ല”. സഅ്ദി (റ)നെ ഒന്നു മയപ്പെടുത്താം എന്ന് കരുതിയാണ് ഉമയ്യ അങ്ങനെ പറഞ്ഞത്‌. എന്നാൽ സഅ്ദ് (റ) അടങ്ങിയില്ല. ഉമയ്യയുടെ നേരെ ത്തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു. “അല്ല ഉമയ്യാ , നീയും ഇങ്ങനെ ആയോ? വെറുതെയല്ല ! നിന്നെക്കുറിച്ച് ഒരിക്കൽ നബി ﷺ പറയുന്നത് ഞാൻ കേട്ടു. അവിടുന്ന് നിന്നെ വധിച്ചു കളയുമെന്ന് “.

ഇതു കേട്ടതും ഉമയ്യ ആകെ അന്ധാളിച്ചു പോയി. പൊടുന്നനെ അയാൾ ചോദിച്ചു. “എന്നെത്തന്നെയാണോ?”
“അതെ, നിന്നെത്തന്നെ “.
“മക്കയിൽ വച്ച് തന്നെയാണോ?” അയാൾ എടുത്ത് ചോദിച്ചു. “അതൊന്നുമെനിക്കറിയില്ല ” സഅദ് (റ) പൂർത്തീകരിച്ചു. “അല്ലാഹു സത്യം! മുഹമ്മദ് ﷺ കളവു പറയുകയില്ല”. അയാൾ ആരോടെന്നില്ലാതെ ഇങ്ങനെ പറഞ്ഞു കൊണ്ടു തിരിഞ്ഞ് നടന്നു. ആശയപരമായി നബി ﷺ യെ എതിർത്തപ്പോഴും അവിടുത്തെ പ്രവചനങ്ങൾ അവരെ ഭയപ്പെടുത്തിയിരുന്നു. അതുപോലെ ഉമയ്യയെ ഈ പ്രസ്താവന വല്ലാതെ ബാധിച്ചു.

ഈ ഓർമയാണ് ഉമയ്യയെ ബദ്റിലേക്ക് പുറപ്പെടുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത്. ഭാര്യമാരോട് ഈ പ്രവചനമൊക്കെ അയാൾ പറഞ്ഞിരുന്നു. അന്നു മുതൽ അയാൾ തീരുമാനിച്ചതാണ് എന്ത് വന്നാലും താൻ മക്ക വിട്ട് എവിടേക്കും പോവുകയില്ലെന്ന്. പക്ഷേ, മക്ക മുഴുവൻ ഇളകിയൊരുങ്ങി മുസ്‌ലിംകൾക്കെതിരെ പുറപ്പെടാനൊരുങ്ങിയപ്പോൾ താനും കൂടെപ്പോയാലോ എന്നാദ്യം ആലോചിച്ചു. അപ്പോഴാണ് സഅ്ദിന്റെ (റ) അറിയിപ്പ് ഭാര്യ ഒരിക്കൽക്കൂടി ഓർമിപ്പിച്ചത്. ഇനിയെന്തായാലും യുദ്ധത്തിനില്ലെന്ന തീരുമാനത്തിൽ ഉമയ്യ മക്കയിൽത്തന്നെ കൂടാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തെ എന്തായാലും കൂടെക്കൂട്ടണമെന്ന് ഖുറൈശികൾ ഒന്നടങ്കം തീരുമാനിച്ചു. അവർ അതിന് പലവഴികളും പയറ്റി. സ്നേഹാദരങ്ങൾ മുന്നിൽ വച്ചും വിപത്തുകൾ ചൂണ്ടിക്കാട്ടിയുമൊക്കെ സമീപിച്ചു നോക്കി. പക്ഷേ, അയാൾ ഇളകിയില്ല. ഒടുവിൽ ഒരു ‘ഉലുവാൻ കൂടും കുറച്ച് ഊദും’ എടുത്ത് ഉഖ്ബത് ബിൻ അബീ മുഐത്ത് എന്നയാൾ വന്നു. ഉമയ്യയോട് പറഞ്ഞു. “പെണ്ണുങ്ങളെപ്പോലെ ഇതും പുകച്ച് നീയിവിടെയിരുന്നോളൂ.”
ഇതയാളെ ചൊടിപ്പിച്ചു. അയാൾ ചാടിയെഴുന്നേറ്റു. എന്നിട്ട് പറഞ്ഞു “നിനക്കും നിന്റെയീ കുന്തത്തിനും നാശം! പടച്ചോനേ, ഇവനൊക്കെയൊന്ന് ഒടുങ്ങിയെങ്കിൽ..”

കൂട്ടത്തിൽ ഒന്നു കൂടി സംഭവിച്ചുവത്രെ! അബൂ ജഹൽ പറഞ്ഞു. “അല്ലയോ , അബൂ സ്വഫ്‌വാൻ ! നിങ്ങൾ ഈ താഴ്‌വരയുടെ നേതാവാണ്. നിങ്ങൾ പുറപ്പെടാതിരുന്നാൽ പലരും ഈ മുന്നേറ്റത്തിൽ നിന്ന് പിൻവലിഞ്ഞേക്കും. അത് കൊണ്ട് വേഗം റെഡിയാകൂ…”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-216/365

ഉമയ്യത്ത് പ്രശ്നം വച്ചു നോക്കിയപ്പോഴും പുറപ്പെടരുത് എന്നായിരുന്നു ലഭിച്ചത്. സംഅതുബിൻ അൽ അസ്‌വദ്, റബീഅയുടെ മക്കളായ ഉത്ബ:, ശൈബ എന്നവരും ഉമയ്യയോടൊപ്പം പ്രശ്നം വച്ചു നോക്കിയിരുന്നു. അവർക്കും പുറപ്പെടരുത് എന്ന സൂചനയായിരുന്നു ലഭിച്ചിരുന്നത്. ഏതായാലും ഈ നോട്ടവും അയാളെ ആശങ്കയിലാക്കിയിരുന്നു.

പക്ഷേ, ഇതിനെയെല്ലാം മറികടക്കുന്ന സമ്മർദങ്ങൾ വന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ പുറപ്പെടാനൊരുങ്ങി. മക്കയിൽ ലഭിക്കാവുന്നതിൽ ഏറ്റവും മുന്തിയ ഒട്ടകത്തെ വാങ്ങി. അതിന്മേൽ യാത്രതിരിച്ചു. തക്കം കിട്ടിയാൽ ഇടയിൽ വച്ച് മടങ്ങിപ്പോരണം എന്ന വിചാരം ഉള്ളിലുണ്ടായിരുന്നു. പക്ഷേ, ബദറിൽ എത്തുന്നത് വരെ അത് സാധിച്ചില്ല.

ഉഖ്ബത്ത് ബിൻ അബീ മുഐതും പുറപ്പെടാൻ മടി കാണിച്ചു. അദ്ദേഹത്തെയും ഒരു ഓർമയായിരുന്നു വേട്ടയാടിയത്. അതിപ്രകാരമാണ്. പലായനത്തിന് മുമ്പ് ഒരു ദിവസം അദ്ദേഹം നബി ﷺ യെ സത്ക്കാരത്തിന് ക്ഷണിച്ചു. നബി ﷺ ക്ഷണം സ്വീകരിച്ചു. പക്ഷേ, സത്യവാചകം പ്രഖ്യാപിച്ചാലെ അവിടുന്ന് ഭക്ഷണം കഴിക്കുകയുള്ളൂ എന്ന് നബി ﷺ ഉഖ്‌ബയോട് പറഞ്ഞു. അയാൾ അതംഗീകരിച്ചു. സത്യവാചകം പ്രഖ്യാപിച്ചു. “അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” ഇതോടെ പ്രശ്നം തീർന്നു എന്നാണ് കരുതിയത്. എന്നാൽ മക്കയിലെ മുശ്‌രിക്കുകൾ ഇതൊരു പ്രശ്നമായി ഉയർത്തിക്കാട്ടി. അവർ ഉഖ്ബയെ കണക്കിന് കുറ്റപ്പെടുത്തി. ഉഖ്ബയ്ക്കും തോന്നി ഞാനത്ര മാറേണ്ടതില്ലായിരുന്നു എന്ന്. അതിനാൽ ഇനിയെന്തു ചെയ്യണം എന്ന് അദ്ദേഹം അവരോട് ചോദിച്ചു. അവർ ഉഖ്ബയോട് പറഞ്ഞു. നിങ്ങൾ മുഹമ്മദ് നബി ﷺ യെ തെറി പറയുകയും മുഖത്ത് തുപ്പുകയും വേണം. അയാൾ അത് നിർവഹിക്കാമെന്നായി.

അത് പ്രകാരം അയാൾ നബി ﷺ യെ തെറി വിളിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. അപ്പോൾ നബി ﷺ പറഞ്ഞു : “മക്കയുടെ പുറത്ത് വച്ച് നിന്നെക്കണ്ടാൽ നിന്നെ വധിക്കേണ്ടി വരും”. ഈ പ്രസ്താവന അയാളെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അതുകൊണ്ട് മക്കയ്ക്ക് പുറത്തേക്ക് പോകാൻ അയാൾക്കും ധൈര്യം വന്നില്ല. പക്ഷേ, ഖുറൈശികൾ അയാളെയും സമ്മർദപ്പെടുത്തി. ഒരു ചുവന്ന ഒട്ടകം നൽകി. അതിന്മേൽ അയാൾക്ക് പുറപ്പെടേണ്ടി വന്നു. അയാളും ബദ്റിൽ എത്തിച്ചേർന്നു. അദ്ദേഹം ബന്ദിയായി പിടിക്കപ്പെടുകയും മരണപ്പെടുകയും ചെയ്തു.

ഉത്ബത് ബിൻ റബീഅയ്ക്കും പുറപ്പെടാൻ മനസ്സില്ലായിരുന്നു. പക്ഷേ, ശൈബയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. ചില നിവേദനങ്ങളിൽ ഇവിടെ ഒരു രംഗം കൂടിയുണ്ട്. ഉത്ബയും ശൈബയും പുറപ്പെടാൻ നേരം ‘അദ്ദാസ് ‘ എന്ന ക്രിസ്ത്യാനിയായ അവരുടെ അടിമ ഇടപെട്ടു. ത്വാഇഫിൽ നിന്ന് മർദനമേറ്റ് മടങ്ങിയ നബി ﷺ യെ തോട്ടത്തിൽ സ്വീകരിച്ച ആളാണ് അദ്ദാസ്. അദ്ദേഹം യജമാനന്മാരോട് കേണപേക്ഷിച്ചു ; “നിങ്ങൾ പോവല്ലേ ; എന്റെ മാതാപിതാക്കൾ നിങ്ങൾക്ക് ദാനം. നിശ്ചയം നിങ്ങൾ കൊലക്കളത്തിലേക്കാണ് ആനയിക്കപ്പെടുന്നത്. തീർച്ച!” അപ്പോഴവർ തെല്ലൊന്ന് പിന്മാറി. പക്ഷേ, അബൂജഹൽ അവരെ പിൻതുടർന്നു. ഇടയിൽ നിന്ന് തിരിച്ചു പോരുമെന്ന ചിന്തയോടെ അവർ പുറപ്പെട്ടു. അവരും ബദ്റിൽ എത്തിച്ചേർന്നു. അവരുടെയും അന്ത്യം അവിടെയായിരുന്നു.

മക്കയിലെ സുഹ്‌റ ഗോത്രത്തില്‍ നിന്നുള്ള ഒരാള്‍ പോലും ഖുറൈശികളോടൊപ്പം ചേര്‍ന്നില്ല. അവര്‍ പൂര്‍ണമായും വിട്ടുനിന്നു. നബി ﷺ യുടെ മാതാവ് ഈ ഗോത്രക്കാരി ആയതുകൊണ്ടായിരുന്നില്ല അത്. മറിച്ച്, സമാധാനവാദിയായ അഖ്‌നസു ബ്‌നു ശരീഖിന്റെ ഇടപെടല്‍ കാരണമായിരുന്നു. ഖുറൈശി സൈന്യത്തില്‍ അദിയ്യ് ഗോത്രവും ഉണ്ടായിരുന്നില്ല. അദിയ്യ് ഗോത്രവുമായി ബന്ധമുള്ള ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ സ്വാധീനമാകാം അതിനു കാരണം എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-217/365

ഖുറൈശികൾ മക്കയിൽ നിന്ന് പുറപ്പെടാനൊരുങ്ങി. തയ്യാറെടുപ്പുകൾ പൂർത്തിയായപ്പോൾ പ്രധാനപ്പെട്ട ഒരു വിഷയം ഉയർന്നുവന്നു. കിനാന ഗോത്രവുമായുള്ള ഒരു പ്രതികാരത്തിന്റെ ഓർമയായിരുന്നു അത്. ഒരു കിനാനക്കാരനെ ഖുറൈശികൾ വധിച്ചു. ആയിടയ്ക്ക് സുന്ദരനും സുമുഖനുമായ ഒരു ഖുറൈശി യുവാവ് കാണാതായ മൃഗത്തെത്തേടി കിനാനക്കാരുടെയിടയിലെത്തി. ഇദ്ദേഹത്തോട് അസൂയ തോന്നിയ ഗോത്രത്തലവൻ ആമിർ ബിൻ ഖലൂജ് തൻ്റെ ജനതയെ ഈ യുവാവിനെതിരെ ഇളക്കിവിട്ടു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു. പകരത്തിന് പകരമായ കൊലപാതകമായി കിനാനക്കാർ ഇതിനെ തീരുമാനിച്ചു. ഖുറൈശികൾക്കും അത് സമ്മതിക്കേണ്ടി വന്നു. അങ്ങനെയിരിക്കെയാണ് കൊല്ലപ്പെട്ട ഖുറൈശീ യുവാവിന്റെ സഹോദരൻ മർറുള്ള ഹിറാനിൽ വച്ച് കിനാന തലവൻ ആമിറിനെക്കണ്ടുമുട്ടിയത്. വെട്ടേറ്റ് അയാൾ കൊല്ലപ്പെട്ടു. മൃതശരീരം കഅ്ബയുടെ കില്ലയിൽ കെട്ടിത്തൂക്കി. ശരീരത്തിൽ ആമിറിന്റെ വാളും കോർത്തുവച്ചിരുന്നു.
പ്രഭാതമായപ്പോൾ ഖുറൈശികൾ ഈ കാഴ്ച കണ്ട് ആശങ്കാകുലരായി. വാൾ കണ്ടപ്പോൾ ആമിറാണെന്നറിഞ്ഞു. ഘാതകനാരാണെന്നും ഏവർക്കും ബോധ്യമായി. എന്നാൽ കിനാനക്കാരുടെ പ്രതികരണം എന്തായിരിക്കുമെന്നതിൽ ഒരു കൃത്യതയും ലഭിച്ചില്ല.

ഇങ്ങനെയിരിക്കെയാണ് മുഹമ്മദ് നബി ﷺ യേയും അനുയായികളെയും നേരിടേണ്ട സാഹചര്യം മക്കക്കാർക്കെത്തുന്നത്. ഇപ്പോൾ മക്കവിട്ടുപോയാൽ കിനാനക്കാർ മക്കയെ ആക്രമിച്ചേക്കുമോ എന്നൊരാശങ്ക കൂടി ഖുറൈശികളെയലട്ടി. കരുത്തരായ യുവാക്കളുടെ അസാന്നിധ്യത്തിൽ സ്ത്രീകളെയും കുട്ടികളെയും കടന്നാക്രമിച്ചേക്കുമോ? അതല്ല, വല്ല മിന്നലാക്രണവും നടത്തി പ്രതികാരം വീട്ടുമോ? ഇതെല്ലാമവർ ആലോചിച്ചു. അപ്പോഴതാ ഒരാൾ പ്രത്യക്ഷപ്പെട്ടു. സുറാഖത് ബിൻ മാലിക് ! അയാൾ വിളിച്ചു പറഞ്ഞു; “നിങ്ങൾക്കെതിരെ കിനാനക്കാർ എന്തെങ്കിലും ചെയ്തേക്കുമോ എന്ന് നിങ്ങൾ ഭയക്കേണ്ടതില്ല. അക്കാര്യം ഞാനേറ്റു. എനിക്കൊപ്പമുള്ള കിനാനക്കാർ നിങ്ങളെ സഹായിക്കാൻ സന്നദ്ധരാണ്. നിങ്ങളെ തോൽപ്പിക്കാൻ ആരും വളർന്നിട്ടില്ല. നിങ്ങൾ ധൈര്യത്തോടെ പുറപ്പെട്ടോളൂ!” ഖുറൈശികൾക്ക് സമാധാനമായി.

യഥാർഥത്തിൽ സുറാഖയുടെ രൂപത്തിൽ പിശാചായിരുന്നു ഈ ഇടപെട്ടത്. ബദ്റിൽ മലക്കുകൾ അവതരിച്ചപ്പോൾ ഖുറൈശികൾ അത് തിരിച്ചറിഞ്ഞു.

മക്കയിൽ നിന്ന് ഖുറൈശികളുടെ സംഘം യാത്രതിരിക്കുകയാണ്. നേരെ കഅ്ബയെ സമീപിച്ചു. ഖില്ല പിടിച്ച് പടച്ചവനോട് പ്രാർഥിച്ചു. “പടച്ചവനേ, രണ്ട് സൈന്യങ്ങളിൽ നിന്ന് ഏറ്റവും പ്രതാപമുള്ളവരെയും, രണ്ട് ഗോത്രങ്ങളിൽ നിന്ന് ഏറ്റവും മഹത്വമുള്ളവരെയും, രണ്ടു പക്ഷത്ത് നിന്ന് ഏറ്റവും ആദരമർഹിക്കുന്നവരെയും നീ സഹായിക്കേണമേ!” ഈ പ്രാർഥനയെ പരാമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ എട്ടാമത്തെ അധ്യായം അൽ അൻഫാലിലെ പത്തൊൻപതാമത്തെ സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം.
“സത്യനിഷേധികളേ, നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് നല്ലത്. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്‌. നിങ്ങളുടെ സംഘം എത്ര അംഗബലമുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികൾക്കൊപ്പം തന്നെയാണ്‌.”

ഖുറൈശികൾ ആഘോഷപൂർവം പുറപ്പെട്ടു കഴിഞ്ഞു. ആവേശത്തിന്റെ കൊടുമുടിയിലാണവർ. താളമേളങ്ങൾ അരങ്ങു തകർത്തുകൊണ്ടിരുന്നു. നർത്തകനാരികളും പാട്ടുകാരികളും കൂടെ സഞ്ചരിച്ചു. ഓരോ ദിവസത്തേക്കും ഭക്ഷണ വിഭവങ്ങളുടെ കൂമ്പാരങ്ങൾ തന്നെ. പുകയ്ക്കുന്ന ഉലുവാൻ കൂട്ടുകൾ പരിസരങ്ങൾ മുഴുവൻ സുഗന്ധപൂർണമാക്കി. ഇതോടെ ഇസ്‌ലാമിനെ അവസാനിപ്പിക്കാനാവും എന്ന വ്യാമോഹത്തോടെയാണ് ഖുറൈശിപ്പടയുടെ മുന്നേറ്റം. അബൂജഹലടക്കമുള്ളവർ അമിതാവേശത്തോടെ സഞ്ചാരം തുടന്നുകൊണ്ടിരുന്നു……

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-218/365

ഇനി നമുക്ക് അൽപ്പസമയം മദീനയിൽ നിന്നുള്ള സംഘത്തോടൊപ്പം സഞ്ചരിക്കാം. ബിഅ്റു അബീ ഉത്ബ എന്ന കിണറ്റിൽ നിന്ന് നബിﷺ വെള്ളം കുടിച്ചു. ശേഷം അതിൽ നിന്നു തന്നെ കുളിച്ചു. തുടർന്ന് അനുയായികളോട് അതിൽ നിന്ന് വെള്ളമെടുക്കാൻ കൽപ്പിച്ചു. മുന്നൂറ്റിപ്പത്തിൽ പരം അനുചരരോടൊപ്പം അവിടുന്ന് യാത്ര തുടർന്നു. ബദ്റിൽ പങ്കെടുത്ത സ്വഹാബികളുടെ എണ്ണത്തെക്കുറിച്ച് അഭിപ്രായാന്തരങ്ങളുണ്ട്. ബദ്റിലേക്ക് പുറപ്പെട്ടെങ്കിലും മാർഗതടസ്സങ്ങളാൽ എത്തിച്ചേരാത്തവർ, യുദ്ധത്തിൽ പങ്കെടുത്തില്ലെങ്കിലും ഗനീമത് അഥവാ, സമരാർജിത സ്വത്തിന് അവകാശപ്പെട്ടവർ എന്നിവരെ എണ്ണുകയോ എണ്ണാതിരിക്കുകയോ ചെയ്തപ്പോഴാണ് എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ വന്നത്. ‘റൗഹാഅ’ എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ അനുയായികളെ എണ്ണി നോക്കി. അപ്പോൾ അംഗബലം മുന്നൂറ്റിപ്പതിമൂന്നായിരുന്നു. അപ്പോൾ അവിടുന്ന് സന്തോഷപൂർവം പറഞ്ഞു; “ഖുർആൻ പരിചയപ്പെടുത്തിയ താലൂത്തിനൊപ്പം പുഴകടന്നവരുടെ എണ്ണമാണല്ലോ ഇത്.
താലൂത്തിനൊപ്പം പുഴകടന്നവരെല്ലാം വിശ്വാസികളായിരുന്നു “.

ബദ്റിൽ ശാരീരികമായി സാന്നിധ്യമില്ലായിരുന്നെങ്കിലും ബദ്‌രീങ്ങളിൽ എണ്ണപ്പെടുന്ന പ്രമുഖനാണ് ഉസ്മാൻ (റ). അവിടുത്തെ പത്നിയും നബിﷺയുടെ മകളുമായ റുഖിയ്യ:(റ) രോഗിണിയായതിനാൽ പരിചരണത്തിനായി മദീനയിൽത്തന്നെ നിൽക്കേണ്ടി വന്നു. അത് നബിﷺയുടെ നിർദേശപ്രകാരമായിരുന്നു. ആ രോഗത്തിൽ തന്നെ മഹതി മരണപ്പെടുകയും ചെയ്തു. ഉസ്മാൻ (റ) തന്നെ വസൂരി ബാധിതനായിരുന്നതിനാലാണ് എന്ന ഒരഭിപ്രായവും നിവേദനങ്ങളിൽക്കാണാം. ബദ്റിൽ പങ്കെടുത്തതിൻ്റെ പ്രതിഫലവും വിഹിതവും ഉസ്മാനി (റ)നുണ്ടെന്ന് നബിﷺ തന്നെ പ്രസ്താവിച്ചു.

അൻസ്വാരിയായ അബൂ ഉമാമത് ബിൻ സഅ്ലബ:(റ)യുടെ കഥയും സമാനമായിരുന്നു. അദ്ദേഹം ബദ്റിലേക്ക് പുറപ്പെടാൻ റെഡിയായിരുന്നു. പക്ഷേ, നബിﷺ യുടെ നിർദേശപ്രകാരം രോഗിണിയായ ഉമ്മയ്ക്ക് വേണ്ടി മദീനയിൽ നിന്നു. ആ രോഗത്തിൽ ഉമ്മ മരണപ്പെടുകയും ചെയ്തു. നബിﷺ അവരുടെ ഖബ്റിനു സമീപം ജനാസ നിസ്കരിച്ചു.

സഈദുബിൻ സൈദും(റ) ത്വൽഹത് ബിൻ അബ്ദില്ല (റ)യും ഇപ്രകാരം തന്നെ ബദ്ർ പോരട്ടഭൂമിയിൽ ഉണ്ടായിരുന്നില്ല. അവർ അബൂസുഫ്‌യാന്റെ ഖാഫിലയെ അന്വേഷിച്ചു പോയവരായിരുന്നു. അവർ ദൗത്യം കഴിഞ്ഞു നബിﷺ മദീനയിലായിരിക്കും എന്നു കരുതി മദീനയിലേക്ക് പോയി. അവിടുന്ന് വിവരമറിഞ്ഞ് ബദ്റിലേക്ക് തിരിച്ചു. വഴിയിലെത്തിയപ്പോഴേക്കും നബിﷺയും സംഘവും ബദ്റ് കഴിഞ്ഞ് തിരിച്ചു വരുകയായിരുന്നു. വഴിമധ്യേ , കണ്ടുമുട്ടി. അവർക്ക് വിഹിതം നൽകി. അവർ പറഞ്ഞു; “ഞങ്ങൾക്ക് ബദ്‌രീങ്ങളുടെ പ്രതിഫലവും വേണം “. നബിﷺ അതംഗീകരിച്ചു നൽകി.

റൗഹാഅ എന്ന സ്ഥലത്ത് നിന്ന് അബൂ ലുബാബ അബ്ദുൽ മുൻദിറി (റ)നെ നബിﷺ മദീനയിലേക്ക് തന്നെ തിരിച്ചയച്ചു. നബിﷺയുടെ പ്രതിനിധിയായി അവിടെയുണ്ടാകാൻ വേണ്ടിയായിരുന്നു. അതുപോലെ ഖുബാഇലെയും പരിസര പ്രദേശത്തെയും പ്രാതിനിധ്യം ഏൽപ്പിച്ച് ആസിമു ബിൻ അദിയ്യി (റ)നെയും തിരിച്ചയച്ചു. മദീനയിൽ നിസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകാൻ അബ്ദുല്ലാഹിബിൻ ഉമ്മി മക്തൂമി (റ)നെ നേരത്തെത്തന്നെ നിശ്ചയിച്ചിരുന്നു. അംറ് ബിൻ ഔഫി (റ)നെയും സന്താനങ്ങളെയും സംബന്ധിച്ച വിവരാന്വേഷണത്തിനായി ഹാരിസ് ബിൻ അംറിനെയും നബിﷺ റൗഹാഇൽ നിന്നു തന്നെ തിരിച്ചയച്ചു. ഖവ്വാത് ബിൻ ജുബൈറും (റ) ഹാരിസ് ബിൻ സ്വിമ്മ (റ)യും പരുക്കേറ്റതിനാൽ മടങ്ങിപ്പോയതും ഇവിടെ നിന്നായിരുന്നു.

പാമ്പുകടിയേറ്റ് വിഷബാധിതനായതിനാൽ സഅ്ദ്ബിൻ ഉബാദ (റ)യ്ക്ക് ബദ്റിൽ പങ്കെടുക്കാനായില്ല. അൻസ്വാരികളുടെ വീടുകൾക്കയറി ബദ്റിലേക്ക് അംഗങ്ങളെ സംഘടിപ്പിച്ച വ്യക്തിയായിരുന്നു അവിടുന്ന്. അദ്ദേഹത്തിൻ്റെ താത്പ്പര്യം നബിﷺ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു.

അനസ്ബിൻ മാലിക് (റ) ചെറുപ്പമായിരുന്നതിനാൽ ബദ്റിൽ പങ്കെടുത്തിരുന്നോ എന്നതിൽ വിവിധ അഭിപ്രായങ്ങളുണ്ട്. അബ്ദുല്ലാഹിബിന് അംറ് (റ), ജഅ്ഫർ ബിൻ അബീത്വാലിബ്(റ) എന്നിവർക്ക് നബിﷺ വിഹിതം നൽകിയിരുന്നു.

ഈ പറയപ്പെട്ടവരെ ഉൾപ്പെടുത്തിയും അല്ലാതെയുമുള്ള ഗണനകളാണ് ബദ്‌രീങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള അഭിപ്രായാന്തരങ്ങളുടെ അടിസ്ഥാനം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-219/365

റൗഹാഇൽ വച്ച് ഹബീബു ബിൻ യസാഫ് എന്ന വ്യക്തി നബി ﷺ യോടൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം ബഹുദൈവ വിശ്വാസിയും എന്നാൽ ജനപിന്തുണയുളള ഒരു ധീരനുമായിരുന്നു. തന്റെ പിതൃവ്യന്റെ മുസ്‌ലിംകളായ മക്കൾക്കൊപ്പം കൂടാനും യുദ്ധാനന്തര സ്വത്ത് ലഭിച്ചാൽ നേടാനുമായിരുന്നു അയാൾ സംഘത്തിൽ ചേരാൻ ആഗ്രഹിച്ചത്. നബി ﷺ അയാളോട് ചോദിച്ചു; “നീ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നുണ്ടോ?”
” ഇല്ല “.
അപ്പോൾ നബി ﷺ അയാളെ തിരിച്ചയച്ചു. എന്നിട്ട് അവിടുന്ന് വിശദീകരിച്ചു.

“ബഹുദൈവാരാധകർക്കെതിരെ ബഹുദൈവാരാധകരുടെ സഹായം നാം സ്വീകരിക്കുകയില്ല.” പക്ഷേ, അയാൾ പോകാൻ കൂട്ടാക്കിയില്ല. വീണ്ടും അയാൾ അഭ്യർഥന ആവർത്തിച്ചു. വീണ്ടും നബി ﷺ തിരിച്ചയച്ചു. മൂന്നാമതും അയാൾ അനുമതി തേടിയപ്പോൾ നബി ﷺ തങ്ങൾ ചോദ്യം ആവർത്തിച്ചു. “നീ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുന്നുണ്ടോ?” അപ്പോഴയാൾ വിശ്വാസ വാചകം ചൊല്ലിക്കൊണ്ട് പറഞ്ഞു; “അതെ”. അപ്പോഴയാൾക്ക് സമ്മതം നൽകി. പോരാട്ടത്തിൽ അയാൾ ധീരമായ സാന്നിധ്യം രേഖപ്പെടുത്തി.
എന്നാൽ ഇദ്ദേഹം ഇസ്‌ലാം പ്രഖ്യാപിച്ച ശേഷമാണ് നബി ﷺ യോട് സമ്മതം തേടിയത് എന്ന അഭിപ്രായവും ചിലർ ഉദ്ധരിച്ചിട്ടുണ്ട്.

മുസ്‌ലിം സംഘത്തിന് സഞ്ചരിക്കാൻ വെറും എഴുപത് ഒട്ടകങ്ങളേ ഉണ്ടായിരുന്നുള്ളൂ. മൂന്നും നാലും ആളുകൾ ഒരൊട്ടകത്തിന് ഊഴം വച്ചാണ് സഞ്ചരിച്ചിരുന്നത്. നബി ﷺ യും അലി (റ)യും മർസദ് അബീ മർസദും (റ) ഒരേ വാഹനത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. നബി ﷺ പൂർണമായും വാഹനത്തിൽ സഞ്ചരിക്കാനും ഞങ്ങൾ നടന്നു കൊള്ളാമെന്നും അലി (റ)യും മർസദും (റ) നബി ﷺ യോട് പറഞ്ഞു. നബി ﷺ അത് നിരസിച്ചു കൊണ്ടിങ്ങനെ പറഞ്ഞു; “നിങ്ങൾ എന്നെക്കാൾ ശക്തരോ ഞാൻ നിങ്ങളെക്കാൾ അല്ലാഹുവിൽ നിന്നും പ്രതിഫലം ആവശ്യമില്ലാത്ത ആളോ അല്ല “.

മുത്തു നബി ﷺ യുടെ സഹവാസ ത്തിൻ്റെയും വിനയത്തിൻ്റെയും ശോഭനമായ ഒരു ചിത്രമാണിത്.
ഓരോ ഒട്ടകത്തെ ഊഴം വച്ച് യാത്ര ചെയ്ത ചില സംഘങ്ങളുടെ ലിസ്റ്റ് നമുക്കിങ്ങനെ വായിക്കാം.

1) ഉബയ്യു ബിൻ കഅ്ബ് (റ), ഉമാറ ബിൻ ഹസ്മ് (റ), ഹാരിസത് ബിൻ നുഅ്മാൻ (റ)

2) ഹംസ (റ), സൈദ് ബിൻ ഹാരിസ (റ), അനസത് (റ), അബൂ കബ്ശ (റ)

3) ഖിരാശ് ബിൻ സമ്മ: (റ), ഖുത്ബത് ബിൻ ആമിർ (റ), ഉത്ബത് ബിൻ ഗസ്വാൻ (റ), ത്വുഫൈൽ ബിൻ അംറ് (റ)

4) ഉബൈദത് ബിൻ ഹാരിസ് (റ), ഹാരിസിന്റെ രണ്ട് മക്കൾ(ത്വുഫൈൽ, ഹുസൈൻ), മിസ്തഹ് ബിൻ അസാസ: (റ)

5) അബുൽ ഹംറാഅ (റ), അഫ്റാഇന്റെ മൂന്ന് മക്കൾ (മുആദ്, മുഅവ്വിദ്, ഔഫ്)

6) അബ്ദുല്ല ബിൻ മസ്ഊദ് (റ), അമ്മാർ ബിൻ യാസിർ (റ)

7) മിസ്അബ് ബിൻ ഉമൈർ (റ), സുവൈബത് ബിൻ ഹർമല (റ), മസ്ഊദ് ബിൻ റബീഅ് (റ)

8) ഉസ്മാൻ ബിൻ മള്ഗൂൻ (റ), ഖുദാമ( റ), അബ്ദുല്ലാ ബിൻ മള്ഗൂൻ (റ), സാഇബ് ബിൻ ഉസ്മാൻ (റ)

9) അബ്ദുല്ല ബിൻ കഅ്ബ് (റ), അബൂ ദാവൂദ് അൽ മാസിനി (റ), സുലൈത് ബിൻ ഖൈസ് (റ)

10) അബൂ ബക്കർ (റ), ഉമർ(റ), അബ്ദു റഹ്മാൻ ബിൻ ഔഫ് (റ)

11) സഅദ് ബിൻ സൈദ് (റ), സലമത് ബിൻ സലാമ (റ), ഉബ്ബാദ് ബിൻ ബിശ്റ് (റ), റാഫിഅ് ബിൻ യസീദ് (റ)

12) ഉബൈദ് ബിൻ സൈദ് (റ), റാഫിഇൻ്റെ രണ്ടു മക്കൾ (രിഫാഅ, ഖല്ലാദ്)

13) സഅദ് ബിൻ മുആദ് (റ), ഹാരിസ് ബിൻ ഔസ് (റ), ഹാരിസ് ബിൻ അനസ് (റ)

ഉബൈദ് ബിൻ സൈദും (റ) കൂട്ടുകാരും സഞ്ചരിച്ച ഒട്ടകം റൗഹാഇലെത്തിയപ്പോൾ തളർന്ന് വീണു പോയി. അവർ നബി ﷺ യോട് ആവലാതി അറിയിച്ചു. നബി ﷺ അല്പം വെള്ളം കൊണ്ടുവരാൻ പറഞ്ഞു. കുറച്ച് വെള്ളം വായയിൽ കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് കൊപ്ലിച്ചു. ശേഷം അവിടുന്ന് അംഗസ്നാനം ചെയ്തു. ഉടനെത്തന്നെ, അതെടുത്ത് ഒട്ടകത്തിന്റെ വായയിലേക്കും ശരീരത്തേക്കും ഒഴിച്ചു. എന്നിട്ട് അതിന്മേൽ യാത്ര തുടരാൻ നബി ﷺ പറഞ്ഞു. ഒട്ടകം അക്ഷീണം, അതിവേഗം സഞ്ചരിച്ചു.

മുസ്‌ലിംകൾക്ക് ബദ്റിലേക്കുള്ള യാത്രയിൽ ആകെയുണ്ടായിരുന്ന കുതിരകൾ വെറും അമ്പതെണ്ണം മാത്രമായിരുന്നു. നബി ﷺ, മിഖ്ദാദ് (റ), മർസദ് (റ), സുബൈർ (റ) എന്നിവരുടേതായിരുന്നു കുതിരകൾ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-220/365

ബിഅ്ർ അബീ ഇനബ: അഥവാ അബൂ ഇനബ: കിണറ്റിന്റെ അടുത്തെത്തിയപ്പോൾ നബി ﷺ വാൾ ഉറയിലിട്ട് പടയങ്കി അണിഞ്ഞു. ശേഷം, അനുയായികൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു. “അല്ലാഹുവേ,
ഇവർ നഗ്ന പാദരാണ്; ഇവർക്ക് നീ വാഹനം നൽകേണമേ..!
ഇവർ ഉടുക്കാനില്ലാത്തവരാണ്; ഇവരെ നീ ഉടുപ്പിക്കേണമേ..! വിശപ്പടക്കാനില്ലാത്തവരാണ്; ഭക്ഷണം നൽകേണമേ..!
ഇവർ ദരിദ്രരാണ്; നിന്റെ ഔദാര്യം കൊണ്ട് നീ ഐശ്വര്യം നൽകേണമേ..!”

ഈ പ്രാർഥനയ്ക്ക് ഫലമുണ്ടായി. ബദ്റിൽ നിന്ന് മടങ്ങിവരുമ്പോൾ വിഭവങ്ങളും വാഹനങ്ങളുമെല്ലാം ലഭിച്ചു. പോരാത്തതിന് ബന്ദികളെ മോചിപ്പിക്കാൻ ഖുറൈശികൾ നൽകിയ തുക സമ്പത്തായും ലഭിച്ചു.
മദീനക്കാർക്ക് വേണ്ടി നബി ﷺ പ്രത്യേകം പ്രാർഥന നിർവഹിച്ചു. “അല്ലാഹുവേ,
നിന്റെ അടിമയും ഇഷ്ടമിത്രവുമായ ഇബ്റാഹീം (അ) മക്കയ്ക്ക് വേണ്ടി പ്രാർഥിച്ചു. നിന്റെ ദാസനും ദൂതനുമായ ഞാൻ മുഹമ്മദ് ﷺ നിന്നോട് മദീനയ്ക്ക് വേണ്ടി പ്രാർഥിക്കുന്നു. ഇവിടുത്തെ ധാന്യങ്ങളിലും വിളകളിലും വിഭവങ്ങളിലും നീ അനുഗ്രഹം ചൊരിയേണമേ..! മദീനയെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കേണമേ..! ഇവിടുത്തെ വ്യാധിയെ നീ ജുഹ്ഫയിലേക്ക് നാടുകടത്തേണമേ..! നിനക്ക് പ്രിയപ്പെട്ട ഇബ്റാഹീം (അ) മക്കയെ പവിത്രഭൂമി അഥവാ ഹറമായി പ്രഖ്യാപിച്ചപ്പോലെ, മദീനയെ കറുത്ത ശിലകളുള്ള രണ്ടതിർത്തികൾക്കിടയിൽ ഞാനിതാ പുണ്യഭൂമിയായി പ്രഖ്യാപിക്കുന്നു.”

മുസ്‌ലിം സംഘം യാത്ര തുടർന്നു. മദീനയിൽ നിന്ന് അറുപത്തിയെട്ട് കിലോമീറ്റർ ദൂരത്തുള്ള ‘അർഖുള്ളബിയ’ എന്ന പ്രദേശത്തെത്തി. ബിഅ്റു റൗഹാഇൽ നിന്ന് മൂന്ന് കി.മി അകലെയാണിത്. അധികം തണുപ്പോ ചൂടോ ഇല്ലാത്ത കാറ്റടിക്കുന്ന പ്രദേശമായതിനാൽ ‘സജ്സാജ് ‘ എന്നും ഈ പ്രദേശത്തിന് പേരുണ്ട്.

വഴിയിൽക്കണ്ടുമുട്ടിയ വയോധികനായ ഗ്രാമീണനോട് ഖുറൈശീ കച്ചവട സംഘത്തെക്കുറിച്ച് ചോദിച്ചു. അയാളുടെ പക്കൽ വിവരമൊന്നുമില്ലായിരുന്നു. പിന്നീടു കണ്ടയാളോടും അന്വേഷിച്ചു. ശേഷം അയാളോട് നബി ﷺ യുമായി ഒന്ന് സംസാരിക്കാൻ പറഞ്ഞു. ഉടനെ അയാൾ നബി ﷺ യോട് ‘അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണോ’ എന്ന് ചോദിച്ചു. ‘അതെ’യെന്ന് നബി ﷺ മറുപടിയും പറഞ്ഞു. ‘അങ്ങനെയെങ്കിൽ, ഈ ഒട്ടകത്തിന്റെ പള്ളയിലുള്ളതെന്താണ്?’ അയാൾ ചോദിച്ചു. ദുരുദ്ദേശ്യപരമായ അയാളുടെ ചോദ്യം സലമത് ബിൻ സലാമ:(റ) എന്ന സ്വഹാബിക്ക് അത്രയ്ക്കങ്ങ് ദഹിച്ചില്ല. അദ്ദേഹം മുന്നോട്ട് വന്നു പറഞ്ഞു : ‘നീയിപ്പോൾ അതൊന്നും നബി ﷺ യോട് ചോദിക്കേണ്ട, ഞാൻ പറഞ്ഞു തരാം. അതിന്റെ പള്ളയിൽ നിന്നിൽ നിന്നുണ്ടായ കുട്ടിയാണ് ‘.
അഹങ്കാരത്തോടെ ചോദ്യമുന്നയിച്ചവനെ മിണ്ടാട്ടം മുട്ടിക്കാനാണ്‌ ഇങ്ങനെ പറഞ്ഞതെങ്കിലും നബി ﷺ ക്ക് അതിഷ്ടപ്പെട്ടില്ല. അവിടുന്നിടപെട്ടു ശാസിച്ചു. “നീയെന്താണയാളോട് അസഭ്യം പറയുകയാണോ? നിർത്തൂ.” എന്നിട്ടവിടുന്ന് മുഖം തിരിച്ചു കളഞ്ഞു.

വീണ്ടും യാത്ര തുടർന്നു. മക്കയിലേക്കുള്ള പാത ഇടതു ഭാഗത്താക്കി സഞ്ചരിച്ചു. അപ്പോൾ വലതു ഭാഗം ‘നാസിയ്യ’ പ്രദേശത്തിന് നേരേയായി. കുറേ മുന്നോട്ട് പോയപ്പോൾ ‘റഹ് ഖാൻ’ താഴ്‌വരയിലെത്തി. അവിടെ വച്ച് നബി ﷺ രണ്ട് പേരെ ഖുറൈശികളെക്കുറിച്ചന്വേഷിക്കാൻ നിയോഗിച്ചു. ബനൂ സാഇദാ ഗോത്രവുമായി സന്ധിയിലുള്ള ബസ്ബസ് ബിൻ അംറ് അൽജുഹനി, ബനൂനജ്ജാർ ഗോത്രവുമായി ഉടമ്പടിയിൽ കഴിയുന്ന അദിയ്യു ബിൻ അബുസ്സഗബാഅ് എന്നിവരായിരുന്നു ആ രണ്ടു പേർ.

വീണ്ടും സംഘം മുന്നോട്ട് നീങ്ങി. നബി ﷺ ചോദിച്ചു; “ആ കാണുന്ന പർവതങ്ങൾ ഏതാണ് ?” ആരോ പറഞ്ഞു ‘മുസ് ലിഹ്’, ‘മുഅര്‌രിഖ്’ എന്നീ മലകളാണ്. തുടർന്നവിടുന്ന് ചോദിച്ചു; “അവിടെ വസിക്കുന്ന ഗോത്രക്കാർ ആരാണ്?”
“ബനുന്നാർ, ബനൂഹർറാഖ് എന്നീ ഗോത്രങ്ങളാണ് “. പേരു കേട്ടപ്പോൾത്തന്നെ നബി ﷺ ക്ക് അത്ര തൃപ്തിയായില്ല. അവിടുന്ന് അൽപ്പം വലത്തോട്ട് മാറി വാദീ ‘ദഫ്റാനി’ലേക്കെത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-221/365

വാദീ ദഫ്റാനിലെത്തിയപ്പോഴാണ് മക്കക്കാർ സൈനികമായി നേരിടാൻ പടപ്പുറപ്പാട് നടത്തിയ വിവരം അറിയുന്നത്. അതോടെ രംഗം മാറി. എഴുപതംഗങ്ങളുള്ള ഒരു വ്യാപാരസംഘത്തെ നേരിടാൻ വന്നവർ ഒരു സൈന്യത്തെയാണ് ഇനി നേരിടേണ്ടത്. സിറിയയിലേക്കുള്ള വ്യാപാരപാത മക്കക്കാരുടെ എല്ലാമെല്ലാമാണ്. അതിനെ തടസ്സപ്പെടുത്തുന്ന എന്തും മക്കക്കാരുടെ ജീവിതത്തിന്റെ എല്ലാ മേഖലയേയും ബാധിക്കും. അതുകൊണ്ടു തന്നെ മക്കയൊന്നാകെ ഇളകിപ്പുറപ്പെട്ടിരിക്കുകയാണ്. വിവരങ്ങൾ നബിﷺക്ക് ലഭിച്ചു തുടങ്ങി.

നബി ﷺ തങ്ങളുടെ സംഘത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിച്ചു. അല്ലാഹുവിൽ നിന്നുള്ള സഹായമാണ് മുത്ത് നബി ﷺ യുടെ അവലംബം. ഒന്നുകിൽ കച്ചവട സംഘം അഥവാ ‘ഈർ’ അല്ലെങ്കിൽ, സൈന്യം അഥവാ ‘നഫീർ’. രണ്ടാലൊന്ന് ജയിച്ചടക്കാം എന്ന അല്ലാഹുവിൽ നിന്നുള്ള വാഗ്ദാനത്തോടെയാണ് മുത്ത് നബി ﷺ യുടെ പുറപ്പാട്. അത്കൊണ്ട് പരിഭ്രമിക്കേണ്ട സാഹചര്യമൊന്നും നേരിട്ടില്ല.

മുത്ത് നബി ﷺ അനുയായികളെ ഒരുമിച്ചു കൂട്ടി. പുതിയ വാർത്തകൾ പങ്കുവച്ചു. മുന്നോട്ട് നീങ്ങാനുള്ള നയതന്ത്രങ്ങൾ കൂടിയാലോചിച്ചു. ലോക ഗതിയെത്തന്നെ മാറ്റി എഴുതേണ്ട ഒരു മഹായുദ്ധത്തെ മുന്നിൽക്കാണുകയാണ്.

ഇവിടെ മുത്ത് നബി ﷺ ഒരു മഹാദൗത്യം നിർവഹിക്കേണ്ടതുണ്ട്. ഒരു പ്രതിരോധത്തിൻ്റെയും ധർമയുദ്ധത്തിൻ്റെയും നടപടികൾ എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്നതാണ്. അതിവിടെ പ്രയോഗിക്കുകയായിരുന്നു. സ്വഹാബികൾക്കൊപ്പം നബി ﷺ അസാഫീർ താഴ്‌വരയിലേക്ക് നീങ്ങി. അനുചരന്മാരോട് ഒരു യുദ്ധത്തിൻ്റെ സാഹചര്യം തുറന്നു പറഞ്ഞു. എന്നിട്ടവരോട് ചോദിച്ചു. നമ്മളെന്താണ് ചെയ്യേണ്ടത്? കച്ചവട സംഘത്തെ പിടികൂടണോ? അതല്ല രണ്ടും കല്പിച്ചു യുദ്ധം നേരിടണോ?
അപ്പോൾ, ഒരു വിഭാഗം ഇങ്ങനെ പറഞ്ഞു, “അവിടുന്ന് ഒരു യുദ്ധത്തിൻ്റെ സാധ്യത ആദ്യം പറഞ്ഞിരുന്നെങ്കിൽ നമുക്ക് അതിനായി ഒരുങ്ങി വരാമായിരുന്നല്ലോ. ഇപ്പോൾ നമുക്ക് കച്ചവട സംഘത്തെപ്പിടികൂടി മടങ്ങിപ്പോകാം. ശത്രുക്കളെ വിട്ടേക്കാം “.
ഈ സമയത്ത് നബി ﷺ യുടെ മുഖഭാവമൊന്ന് മാറി. അപ്പോഴാണ് ഖുർആനിലെ എട്ടാം അധ്യായം അൽ-അൻഫാലിലെ അഞ്ചാം സൂക്തം അവതരിക്കുന്നത്. ആശയം ഇപ്രകാരം വായിക്കാം. “വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ തങ്ങളുടെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് തങ്ങളുടെ രക്ഷിതാവ് തങ്ങളെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്‌.”

നബി ﷺ സ്വഹാബികളോട് വീണ്ടും അഭിപ്രായങ്ങളാരാഞ്ഞു. അപ്പോൾ അബൂബക്കർ (റ) എഴുന്നേറ്റ് നിന്ന് സംസാരിച്ചു. ആത്മസമർപ്പണത്തോടെ എന്തിനും തങ്ങൾ തയ്യാറാണെന്നതായിരുന്നു സംഭാഷണത്തിന്റെ സാരം. ശേഷം ഉമർ (റ) എഴുന്നേറ്റു. മുഹാജിറുകൾ ആത്മവീര്യത്തോടെ യുദ്ധത്തിന് തയ്യാറാകാമെന്നും നമ്മുടെ ധൈര്യം ചോർന്നു പോയിട്ടില്ലെന്നും പറഞ്ഞു നിർത്തി. വീണ്ടും നബി ﷺ അനുചരന്മാരിൽ നിന്നും അഭിപ്രായം അന്വേഷിച്ചു. അപ്പോൾ മിഖ്ദാദ് ബിൻ അംറ് (റ) പറഞ്ഞു. “അല്ലയോ, അല്ലാഹുവിന്റെ ദൂതരേ! അവൻ കൽപ്പിച്ച പ്രകാരം അവിടുന്ന് മുന്നോട്ട് പോകൂ.. നിങ്ങളും നിങ്ങളുടെ പടച്ചവനും പോയി യുദ്ധം ചെയ്തോളൂ, ഞങ്ങൾ ഇവിടെ ഇരിക്കാം എന്ന് മൂസാ നബി (അ)യോട് ഇസ്രയേൽക്കാർ പറഞ്ഞതു പോലെ ഞങ്ങൾ തങ്ങളോട് പറയില്ല. തങ്ങളും തങ്ങളുടെ നാഥനും യുദ്ധത്തിലേർപ്പെട്ടോളൂ ഞങ്ങൾ ഒപ്പമുണ്ടാകും എന്നായിരിക്കും ഞങ്ങൾ പറയുക. അല്ലാഹു സത്യം! ഞങ്ങളുടെ ഇമ അനങ്ങുന്ന കാലത്തോളം ഞങ്ങൾ ഒപ്പം നിലകൊള്ളും. ഒരുപക്ഷേ, അറേബ്യൻ ഉപദ്വീപിന്റെ അങ്ങേയറ്റം ബർക്കുൽ ഗിമാദിലേക്കാണ് ഞങ്ങളെ അവിടുന്ന് നയിക്കുന്നതെങ്കിലും ഞങ്ങൾ കൂടെത്തന്നെയുണ്ടാകും.” ഇത്രയും കേട്ടതോടെ മുത്ത് നബി ﷺ യുടെ തിരുമുഖം പ്രകാശിച്ചു. പുഞ്ചിരി വിടർന്നു. മിഖ്ദാദി (റ)ന് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് അവിടുന്ന് പ്രാർഥിച്ചു.

Mahabba Campaign Part-222/365

നബിﷺ വീണ്ടും അനുചരന്മാരോട് സംവദിച്ചു. ഇനിയും നിങ്ങൾ അഭിപ്രായങ്ങൾ പറയൂ എന്ന് അവിടുന്ന് ആവശ്യപ്പെട്ടു. അൻസ്വാറുകൾ അഥവാ, മദീനക്കാർ എന്തായിരിക്കും പ്രതികരിക്കുക എന്നതായിരുന്നു ചോദ്യത്തിന്റെ താത്പ്പര്യം. കാരണം, നബിﷺ മദീനക്കാരുമായി നേരത്തെ ചെയ്ത ഉടമ്പടിയെക്കുറിച്ചുള്ള ഓർമകൾക്കൂടി യുണ്ടായിരുന്നു. മദീനയിൽ സംരക്ഷണം നൽകാമെന്ന് മാത്രമേ അതിൽ പരാമർശിച്ചിട്ടുള്ളൂ. മദീനയുടെ പുറത്തേക്കുള്ള ഈ നീക്കത്തിലെന്തായിരിക്കും അവരുടെ നിലപാട് എന്നറിയേണ്ടതുണ്ടായിരുന്നു.

മുഹാജിറുകൾ അഥവാ മക്കക്കാരായ സ്വഹാബികൾ പൂർണമായി പിന്തുണ പ്രഖ്യാപിച്ചിട്ടും നബിﷺ അന്വേഷിക്കുന്നതിന് പിന്നിൽ ഞങ്ങളുടെ അഭിപ്രായമറിയാനാണെന്ന് അൻസ്വാറുകൾ തിരിച്ചറിഞ്ഞു. ഉടനെ സഅ്ദ് ബിൻ മുആദ് (റ) എഴുന്നേറ്റു സംസാരിക്കാനാരംഭിച്ചു. “അല്ലയോ , അല്ലാഹുവിന്റെ ദൂതരേ!
അവിടുന്ന് ഞങ്ങളെയായിരിക്കും ലക്ഷ്യം വച്ചത്. അല്ലേ? ”
നബിﷺ പറഞ്ഞു, “അതെ”. അപ്പോൾ സഅദ് (റ) തുടർന്നു. “ഞങ്ങൾ അവിടുത്തെ വിശ്വസിച്ചു. അല്ലാഹുവിൽ നിന്നുള്ള സത്യദൂതരായി അംഗീകരിച്ചു. അവിടുത്തെ മതം സത്യമതമായി ഞങ്ങൾ സ്വീകരിച്ചു. അവിടുത്തെ ആജ്ഞകൾ അനുസരിക്കുകയും ചെയ്തു. അത്കൊണ്ട് അവിടുന്ന് കൽപിക്കപ്പെട്ട കാര്യവുമായി മുന്നോട്ട് പോവുക. ഞങ്ങൾ ഒപ്പമുണ്ടാകും. തങ്ങളെ നിയോഗിച്ച അല്ലാഹു സത്യം! ആ കാണുന്ന സമുദ്രം ചൂണ്ടിക്കാണിച്ച് അതിലേക്കിറങ്ങിയാൽ ഞങ്ങളും ഒപ്പമിറങ്ങും. ഞങ്ങളിൽ ഒരാളും പിന്നോട്ട് നിൽക്കുകയില്ല. നമ്മുടെ ശത്രുവിനെ നേരിടാൻ ഞങ്ങൾക്കൊരു മടിയുമില്ല. പോരാട്ട വീര്യവും യുദ്ധക്കെടുതികളിൽ സഹനമുളളവരുമായിരിക്കും ഞങ്ങൾ. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ അവിടുന്ന് മുന്നോട്ട് ഗമിക്കുക. നയനാനന്ദകരമായ കാഴ്ചകൾ ഞങ്ങളിൽ നിന്ന് അവിടുത്തേക്ക് ലഭിച്ചേക്കും.”

സഅദ്(റ)വിന്റെ സംഭാഷണത്തിന്റെ മറ്റൊരു നിവേദനം ഇങ്ങനെയാണ്. “അൻസ്വാറുകൾക്കു അവരുടെ നാട്ടിൽ വെച്ചല്ലാതെ സഹായിക്കൽ ബാധ്യതയില്ലല്ലോ എന്ന് അവിടുന്ന് ചിന്തിച്ചേക്കാം. എന്നാൽ, അൻസ്വാറുകളുടെ പ്രതിനിധിയായിട്ടാണ് ഞാൻ സംസാരിക്കുന്നത്. തങ്ങൾ ഉദ്ദേശിക്കുന്നിടത്തേക്ക് യാത്ര ചെയ്തു കൊള്ളുക. അവിടുന്ന് താത്പര്യമുള്ളവരോട് ബന്ധം പുലർത്തിക്കൊള്ളുക. താത്പര്യമില്ലാത്തവരോട് ബന്ധം മുറിച്ചു കൊള്ളുക. ആരോട് സന്ധി, ആരോട് ശത്രുത അതൊക്കെ തങ്ങൾ തീരുമാനിച്ചു കൊള്ളുക. ഞങ്ങളുടെ സ്വത്തിൽ നിന്ന് അവിടുത്തേക്ക് ഇഷ്ടമുള്ളത് ഇഷ്ടമുള്ളത്ര എടുത്ത് കൊള്ളുക. അവിടുന്ന് ബാക്കി വെക്കുന്നതിനേക്കാൾ ഞങ്ങൾക്കിഷ്ടം അവിടുന്ന് എടുക്കുന്ന സ്വത്തിനോടായിരിക്കും. അവിടുത്തെ ഏത് കൽപനയും ശിരസ്സാവഹിക്കാൻ ഞങ്ങൾ സദാ സന്നദ്ധരായിരിക്കും. അവിടുത്തെ ഇടത്തും വലത്തും മുന്നിലും പിന്നിലും ഞങ്ങളുണ്ടാവും.”

ഇത്രയും കേട്ടപ്പോഴേക്കും അവിടുത്തെ തിരുകമലങ്ങൾ വിടർന്നു. മുഖത്ത് പ്രകാശം നിറഞ്ഞു. എന്തെന്നില്ലാത്ത ആനന്ദം പ്രകടമായി. ഉടനെ അവിടുന്ന് പറഞ്ഞു. നിങ്ങൾ മുന്നോട്ട് നടക്കുക. രണ്ടാലൊരു സംഘത്തെ നാം അതിജയിക്കും. ഒന്നുകിൽ ഈർ അഥവാ കച്ചവട സംഘത്തെ. അല്ലെങ്കിൽ, നഫീർ അഥവാ സൈന്യത്തെ. അല്ലാഹു എനിക്കത് വാഗ്ദാനം ചെയ്തിരിക്കുന്നു. ശത്രുനിരയിലെ പ്രമുഖർ മരിച്ചു വീഴുന്നത് ഞാൻ കൺമുന്നിൽ കാണുന്നത് പോലെയുണ്ട്.

ശക്തമായ ഒരു സൈന്യത്തെ തന്നെ നേരിട്ട് വിജയം വരിക്കാനാണ് പുറപ്പാടെന്ന് ആ സംസാരത്തിൽ നിഴലിച്ചു നിന്നു. സ്വഹാബികൾക്കത് ബോധ്യമാവുകയും ചെയ്തു. അത്തരം ഒരു മാനസിക തയ്യാറെടുപ്പോടെയാണ് ഇനി മുന്നോട്ടുള്ള ഗമനം.

മൂന്നു പതാകകൾ വഹിച്ചു കൊണ്ടാണിപ്പോൾ മുസ്ലിം സംഘം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടു കറുത്തതും ഒരു വെളുത്തതുമായ പതാകകൾ. വെളുത്ത പതാക വഹിക്കുന്നത് മിസ്അബുബിൻ ഉമൈറാ(റ)ണ്. കറുത്ത പതാകകളിൽ ഒന്ന് അലി(റ)യും രണ്ടാമത്തേത് അൻസ്വാരികളുടെ നേതാവായ സഅദു ബിൻ മുആദും(റ) കൈകളിലേന്തി. മദീനയിൽ നിന്ന് പുറപ്പെടുന്ന നേരത്ത് പതാക ഉയർത്തിയിരുന്നില്ല എന്നാണ് ഇമാം വാഖിദിയുടെ വിവരങ്ങളിലുള്ളത്.

Mahabba Campaign Part-223/365

ഇനി നമുക്ക് ഖുറൈശികൾ എവിടെയെത്തിയെന്ന് നോക്കാം. ആഘോഷപൂർവം പുറപ്പെട്ട അവർ ഓരോ ദിവസവും സുലഭമായി ഭക്ഷണങ്ങൾ തയ്യാർ ചെയ്തു. ‘മർറുള്ളഹ്റാൻ’ എന്ന സ്ഥലത്തെത്തിയപ്പോൾ അബൂജഹൽ പത്ത് ഒട്ടകങ്ങളെയറുത്തു. പക്ഷേ, അവിടെ ഒരു സംഭവമുണ്ടായി. കൂട്ടത്തിൽ നിന്നൊരൊട്ടകം മരണവെപ്രാളത്തിൽ പാഞ്ഞു. ആളുകൾ താമസിക്കുന്ന ടെൻ്റുകളിലൂടെ രക്തം ചീറ്റി. ഇതൊരു അവലക്ഷണമായിക്കണ്ട് ബനൂഅദിയ്യ് ഗോത്രക്കാർ അവിടെ നിന്നു നാട്ടിലേക്ക് മടങ്ങി.

ബദ്റിലേക്കുള്ള ഖുറൈശികളുടെ യാത്ര പത്തു നാളുകളാണ് നീണ്ടു നിന്നത്. ഓരോ ദിവസവും ഓരോ സ്ഥലത്ത് വച്ച് അറുത്ത ഒട്ടകങ്ങളുടെ കണക്ക് ഇങ്ങനെ വായിക്കാം. ഉസ്ഫാനിൽ വച്ച് ഉമയ്യത്ത് ബിൻ ഖലഫ് ഒൻപത്. ഖദീദിൽ വച്ച് സുഹൈൽ ബിൻ അംറ് പത്ത്. ശൈബത് ബിൻ റബീഅ: മനാതിൽ വച്ച് ഒൻപത്. അവിടെ യാത്രാ സംഘം ഒരു ദിവസം താമസിച്ചു. ഉത്ബത് ബിൻ റബീഅ: ജുഹ്ഫയിൽ വച്ച് പത്ത്. മഖീസ് ബിൻ ഉമർ അബവാഇൽ വച്ച് ഒൻപത്. ഏഴാം ദിവസം ഹജ്ജാജിന്റെ പുത്രന്മാരായ നബീഹും മുനബ്ബിഹും കൂടി പത്ത്. എട്ടാമത്തെയും ഒൻപതാമത്തെയും ദിവസങ്ങളിൽ ക്രമപ്രകാരം അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബ് പത്തും ഹാരിസ് ബിൻ അംറ് ബിൻ നൗഫൽ ഒൻപതും ഒട്ടകങ്ങളെയറുത്തു. പത്താം ദിവസം ബദ്റിൽ വച്ച് അബുൽ ബുഖ്തിരി പത്ത് ഒട്ടകങ്ങളെയും അറുത്തു.

സംഘം ജുഹ്ഫയിൽ എത്തിയപ്പോൾ ചില സംഭവങ്ങളുണ്ടായി. മുത്വലിബ് ഗോത്രക്കാരനായ ജുഹൈമ് ബിൻ സ്വലത് എന്നയാൾ ഒരു സ്വപ്നം കണ്ടു. കുതിരപ്പുറത്ത് ഒരാൾ വരുന്നു. അയാൾക്കൊപ്പം മറ്റൊരൊട്ടകം കൂടിയുണ്ട്. എന്നിട്ടയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഉത്ബതു ബിൻ റബീഅ: വധിക്കപ്പെട്ടു. ശൈബത് ബിൻ റബീഅ: വധിക്കപ്പെട്ടു. അബുൽ ഹകം ബിൻ ഹിഷാം വധിക്കപ്പെട്ടു. അങ്ങനെ ഖുറൈശീ പ്രമാണിമാരെ പേരെടുത്തെണ്ണി വധിക്കപ്പെട്ടു എന്നു പറഞ്ഞു. തുടർന്ന് തന്റെ ഒട്ടകത്തിന്റെ പൂഞ്ഞയിൽ ആഞ്ഞൊരു വെട്ടു കൊടുത്തു. എന്നിട്ട് ഖുറൈശികളുടെ ക്യാമ്പിലേക്ക് അതിനെ പായിച്ചു വിട്ടു. ഈ ഒട്ടകത്തിൽ നിന്ന് രക്തം ഒന്നൊഴിയാതെ എല്ലാ തമ്പിലും തെറിച്ചു വീണു.

ഈ സ്വപ്ന വിവരണം കേട്ടതും അബൂ ജഹൽ പരിഹാസപൂർവം ചിരിച്ചു. എന്നിട്ട് പറഞ്ഞു. “ഓ! അബ്ദുൽ മുത്വലിബിന്റെ കുടുംബത്തിൽ നിന്ന് ഒരു പ്രവാചകൻ കൂടി വന്നിരിക്കുന്നു. നാളെക്കാണാം, പോരാട്ടത്തിൽ ആരാണ് വധിക്കപ്പെടുകയെന്ന് “.
ജുഹൈമിനെ പിശാച് ബാധ ആരോപിച്ച് കൂട്ടുകാർ കളിയാക്കി.

തൊള്ളായിരത്തി അൻപതിനും ആയിരത്തിനും ഇടയിൽ അംഗബലം. എഴുന്നൂറ്റി അൻപത് ഒട്ടകങ്ങളും നൂറുകുതിരകളും. കാലാൾ പടയ്ക്കും അശ്വഭടന്മാർക്കും പടയങ്കികൾ. ഇതെല്ലാം സജ്ജീകരിച്ച് മുന്നോട്ട് പോകുന്ന ഒരു ശക്തമായ സൈന്യത്തിന്റെ നേതാവിന് ഈ സ്വപ്നം ഒരു തമാശയായിത്തോന്നി.

പക്ഷേ, ആത്വിഖയുടേയും ജുഹൈമിന്റെയും സ്വപ്നങ്ങൾ ഖുറൈശീ പടയിലെ ചിലരെയെങ്കിലും സ്വാധീനിച്ചു. പ്രത്യേകിച്ചും മുത്വലിബ് കുടുംബത്തിലെ പലരെയും അത് ആശങ്കപ്പെടുത്തി. പക്ഷേ, സംഘത്തിലെ നേതാക്കളെ ഭയന്നും നാണക്കേട് വിചാരിച്ചും പിന്തിരിഞ്ഞ് പോകാൻ കഴിഞ്ഞില്ല.

അതിനിടയിൽ മറ്റൊരു സുപ്രധാനമായ സംഭവം കൂടിയുണ്ടായി. ജുഹ്ഫയിൽ വച്ച് തന്നെ ഖുറൈശീ കച്ചവട സംഘത്തിന്റെ മേധാവി അബൂ അബൂസുഫ്‌യാന്റെ ദൂതനെ ഖുറൈശീ സൈന്യം കണ്ടുമുട്ടി. കച്ചവട സംഘം സുരക്ഷിതമായി മക്കയിലെത്തിയെന്ന വിവരം അദ്ദേഹം അറിയിച്ചു. പടച്ചവന്റെ കൃപയാൽ ഞങ്ങൾ സുരക്ഷിതമായി മക്കയിലെത്തിയെന്നും നിങ്ങൾ കുഴപ്പങ്ങൾക്ക് നിൽക്കാതെ മടങ്ങി വരണമെന്നുമുള്ള അബൂ അബൂസുഫ്‌യാന്റെ സന്ദേശവും ദൂതൻ കൈമാറി. പക്ഷേ, ഖുറൈശീ നേതാക്കളുടെ അഹങ്കാരം അവരെ പിന്മാറാൻ അനുവദിച്ചില്ല. അബൂജഹൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ദൈവമാണെ! ഞങ്ങൾ പിന്നോട്ടില്ല. സംഘം മൂന്ന് നാളുകൾ ബദ്റിൽ ചെന്ന് തമ്പടിച്ചു. ഒട്ടകങ്ങളെയറുത്ത് സദ്യ വിളമ്പി. മദ്യപിച്ച് ലഹരിയിൽ ആറാടി. നർത്തകിമാർ ചുവടുകൾ വച്ചു. സൈന്യം ആനന്ദങ്ങളിൽ അഭിരമിച്ചു.

Mahabba Campaign Part-224/365

അഹങ്കാരത്തിന് പുറമേ അബൂജഹലിന് ഒരു വിചാരം കൂടിയുണ്ടായിരുന്നു. മുസ്‌ലിംകൾ ഭീരുക്കളായിരിക്കും. കച്ചവടസംഘം വഴിമാറി രക്ഷപ്പെട്ടു എന്നറിഞ്ഞാൽ അവർ മദീനയിലേക്ക് മടങ്ങിക്കൊള്ളും. മക്കയിൽ നിന്ന് പുറപ്പെട്ട സൈന്യത്തിന്റെ വലുപ്പവും പ്രൗഢിയും ഇതിനകം അറിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് അവരൊരിക്കലും ഒരു യുദ്ധത്തിന് മുതിരുകയില്ല. നമുക്ക് പെരുമ്പറയടിച്ച് പ്രതാപമൊന്നുകൂടിയുയർത്തി മക്കയിലേക്ക് പോകാം. പഴയ പ്രതാപത്തിലേക്കു തന്നെ മടങ്ങാം. ഗോത്രങ്ങളുടെ മേൽ നമുക്കുണ്ടായിരുന്ന മേൽക്കോയ്മ ഇനിയും തുടരാം. ഇങ്ങനെ തുടരുന്നു അബൂജഹലിന്റെ ആഭ്യന്തര വിചാരങ്ങൾ.

മറുഭാഗത്ത് നബി ﷺ ക്കും അനുയായികൾക്കും ചില ദൗത്യങ്ങൾ നിറവേറ്റേണ്ടിയിരുന്നു. അതിങ്ങനെ വായിക്കാം. ഖുറൈശികളെ ഇനിയും ഈ ഹുങ്കിലും ആഢ്യത്ത ത്തിലും വിട്ടുകൊടുക്കുന്നത് യുക്തിയായിരുന്നില്ല. അല്ലാഹുവിൽ നിന്നുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കെ, ഒന്നുകിൽ കച്ചവടസംഘം; അല്ലെങ്കിൽ സൈനിക വിജയം. രണ്ടാലൊന്നു നേടിയിട്ടേ മടങ്ങേണ്ടതുണ്ടായിരുന്നുള്ളൂ. ഖുറൈശികളുമായി മുഖാമുഖം നേരിടാതെ പോകുന്ന പക്ഷം മദീനയിൽ സന്ധിയിൽക്കഴിയുന്ന ഇസ്‌ലാമേതര ഗോത്രങ്ങളും ജൂത ക്രൈസ്തവ സംഘങ്ങളും വിധേയത്വത്തിൽ നിന്ന് മാറി ഇവർ അശക്തരാണെന്ന് കരുതി ഒരു കൈയേറ്റത്തിന് ശ്രമിച്ചേക്കാം. അത് വീണ്ടും മദീനയ്ക്കും വിശ്വാസികൾക്കും ഭീഷണിയായി ഉയർന്നേക്കും.

കൃത്യമായ ന്യായങ്ങളുടെ മേൽ ഒരു പ്രതിരോധത്തിന് തയ്യാറെടുക്കുന്ന മുസ്‌ലിം സംഘവും വ്യക്തമായ അഹങ്കാരത്താൽ പോർവിളി നടത്തുന്ന ഖുറൈശീ സംഘവുമാണ് ബദ്റിൽ എത്തിനിൽക്കുന്നത്. ഉത്തമമായിക്കാണുന്ന ഒരു മഹദ് വിശ്വാസത്തിനായി ജന്മനാടും ഉറ്റവരെയും ഉടയവരെയും എല്ലാമുപേക്ഷിച്ച് നാനൂറിലേറെ കിലോമീറ്റർ വിദൂരത്ത് വന്ന് സമാധാനപരമായി മുന്നോട്ട് പോയിരുന്ന ഒരു സംഘം. തങ്ങളോട് വിയോജിച്ചവർ ഇനിയുണ്ടാകാൻ പാടില്ലെന്നു കരുതി അഭയം തേടിയ നാട്ടിലും സ്വസ്ഥമായി ജീവിച്ചു കൂടെന്നു കരുതി നശിപ്പിക്കാനിറങ്ങിയ ശത്രു പക്ഷം. ഇവർക്കു മുകളിലായിരുന്നു യുദ്ധത്തിന്റെ കാർമേഘം ഉരുണ്ടു കൂടിയത്.

നാമെന്തിനീ പോരിനിറങ്ങണം ? നമ്മുടെ കച്ചവട സംഘം രക്ഷപ്പെട്ട് മക്കയിലെത്തിയില്ലേ? നമുക്കാന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ? ഇങ്ങനെയെല്ലാം ചിന്തിക്കുന്നവർ ഖുറൈശീ പക്ഷത്തും ഉണ്ടായിരുന്നു. ഖുറൈശികളുടെ നേതാക്കളിൽത്തന്നെ ഇത്തരം ചിന്തകൾ കടന്നു കൂടിയിരുന്നു.

മക്കയിലേക്ക് മടങ്ങിപ്പോരാൻ പറഞ്ഞിട്ടും മുന്നോട്ടു തന്നെ നീങ്ങാൻ തീരുമാനിച്ച അബൂജഹലിന്റെ നിലപാട് അബൂസുഫ്‌യാൻ അറിഞ്ഞു. ഖൈസ് ബിൻ ഇംരി ഉൽ യൈസാണ് വിവരം പങ്കുവച്ചത്. ഉടനെ അബൂസുഫ്‌യാൻ പറഞ്ഞു. അഹോ! നമ്മുടെയാളുകളുടെ കഷ്ടം! ആ അംറ് ബിൻ ഹിഷാമിൻ്റെ പണിയാണിത്. അവൻ മടങ്ങാൻ കൂട്ടാക്കാത്തതാണ്, ഉറപ്പ്! അവൻ നേതൃത്വം നൽകുന്ന ജനങ്ങളോട് അക്രമമാണ് അവൻ കാണിക്കുന്നത്. അപശകുനവും അപരാധവുമാണിത്, ഉറപ്പ്! മുഹമ്മദും ﷺ സംഘവും നമ്മുടെ സംഘത്തെയെങ്ങാനും നേരിട്ടാൽ മക്കയിലേക്കു മടക്കിയെത്തിക്കുന്നത് വരെ അവർ പിന്തുടരും.

ഖുറൈശികൾ ആഭ്യന്തരമായി സമ്മർദത്തിലായിയെന്നതിന്റെ മറ്റൊരു ചിത്രം കൂടി നമുക്കു കാണാം. ബനൂ സഹ്റ ഗോത്രത്തിന്റെ സഖ്യകക്ഷിയും പ്രമുഖ നേതാവുമായിരുന്നു ഉബയ്യ് ബിൻ ശുറൈഖ്. അയാൾ ബനൂസഹ്റ ഗോത്രക്കാരെ സമീപിച്ചു പറഞ്ഞു. ”നിങ്ങളുടെ സമ്പത്ത് ദൈവം രക്ഷപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ പ്രതിനിധി മഖ്റമതു ബിൻ നൗഫലും അപായമൊന്നുമില്ലാതെ എത്തിച്ചേർന്നിരിക്കുന്നു. ഇനി നമ്മുടെ പ്രശ്നം അപമാനമാണ്. അത് എന്റെ ചുമലിൽ വച്ചോളൂ. ഇവൻ അഥവാ, അബൂ ജഹൽ പറയുമ്പോലെയല്ല കാര്യങ്ങൾ. നിങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത ഒരു കാര്യത്തിന് നിങ്ങളെന്തിന് പോവണം. നിങ്ങൾ നാട്ടിലേക്ക് മടങ്ങിക്കോളൂ.” ബനൂ സഹ്റക്കാർ കാര്യം മനസ്സിലാക്കി. അവർ നാട്ടിലേക്കു തന്നെ മടങ്ങി. അന്നു മുതൽ ഉബയ്യിന്റെ പേര് മാറി. പിന്മാറിയവൻ അഥവാ അഖ്നസ് ബിൻ ശുറൈഖ് എന്നായി.

Mahabba Campaign Part-225/365

അബൂജഹലിനെ തനിച്ചു കിട്ടിയപ്പോൾ അഖ്‌നസ് ചോദിച്ചു; “മുഹമ്മദ് നബിﷺയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ് ? കളവു പറയുന്ന വ്യക്തിയാണെന്ന വല്ല അഭിപ്രായവുമുണ്ടോ?”
“ഇല്ല, നമ്മൾ അൽ അമീനെന്നല്ലേ ആ വ്യക്തിയെ വിളിച്ചിരുന്നത്. പക്ഷേ, കൂടിയാലോചന, തീർഥാടകർക്കുള്ള ജലവിതരണം തുടങ്ങി മക്കയിലെ മുഴുവൻ കൈകാര്യങ്ങളുടേയും നേതൃത്വം മുത്വലിബ് സന്താനങ്ങൾക്കാണ്. പ്രവാചകത്വം കൂടി അവരിൽ നിന്നൊരാൾക്ക് വക വച്ചു കൊടുക്കാൻ മനസ്സില്ല. അതാണ് പ്രശ്‌നം. പിന്നെ നമുക്കെന്താണുള്ളത് ?”

അസൂയയും അധികാരമോഹവുമാണ് അബൂജഹലിനെ നയിക്കുന്നതെന്ന കാര്യം അഖ്‌നസിനും വ്യക്തമായി. അദ്ദേഹത്തിന്റെ പിൻവാങ്ങലിന് അതും കാരണമായി ഭവിച്ചു.

ഖുറൈശികൾ ബദ്റിലേക്കെത്തുന്നതിന് മുമ്പുണ്ടായ മറ്റൊരു രംഗം കൂടി നമുക്ക് വായിക്കാം.
അവർ ഗിഫാർ ഗോത്രത്തിന്റെ വാസസ്ഥലത്തിനടുത്ത് കൂടി സഞ്ചരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പ്രമാണി ഈമാഉ ബിൻ റഹ്ള: എന്നയാൾ അദ്ദേഹത്തിന്റെ മകന്റെ പക്കൽ ഖുറൈശികൾക്ക് വേണ്ടി പത്ത് ഒട്ടകങ്ങൾ കൊടുത്തയച്ചു. എന്നിട്ട് പറഞ്ഞു, “നിങ്ങൾക്കിഷ്ടമാ ണെങ്കിൽ ആളും ആയുധവും നൽകി നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ സന്നദ്ധരാണ്. ഞങ്ങളുടെ കടമ ഞങ്ങൾ നിർവഹിക്കുകയും ചെയ്യാം “. ഖുറൈശികൾ ഇങ്ങനെയാണ് പ്രതികരിച്ചത് : “നിങ്ങൾ കുടുംബ ബന്ധം പുലർത്തുകയും കടമ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ദൈവമാണെ സത്യം! മുഹമ്മദി ﷺ നേയും സംഘത്തെയും നേരിടുന്നതിൽ ഞങ്ങൾക്ക് യാതൊരു കുറവും ഇല്ല. ഇനി മുഹമ്മദ് ﷺ പറയും പോലെ അല്ലാഹുവിനോടാണ് ഞങ്ങൾ യുദ്ധം ചെയ്യുന്നതെങ്കിൽ അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലല്ലോ!”

ഈ സംഭവത്തിന്റെ മറ്റൊരു നിവേദനം ഇപ്രകാരമാണ്. ഈമാഇന്റെ മകൻ ഖിഫാഫ് പറയുന്നു ; “ജനങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കുന്നത് എന്റെ ഉപ്പയ്ക്ക് ഏറെ പ്രിയപ്പെട്ട കാര്യമായിരുന്നു. ഖുറൈശികൾ ബദ്റിലേക്ക് കടന്നു പോകുമ്പോൾ അവർക്ക് നൽകാൻ വേണ്ടി പത്ത് ഒട്ടകങ്ങളെയും ഏൽപ്പിച്ച് എന്നെ അവരുടെ അടുത്തേക്കയച്ചു. ഞാൻ അവയെ തെളിച്ചുകൊണ്ട് പുറപ്പെട്ടപ്പോൾ ഉപ്പയും ഒപ്പം വന്നു. ഞാൻ ഒട്ടകങ്ങളെ സംഘത്തെ ഏൽപ്പിച്ചു. അവർ അവയെ ഗോത്രങ്ങൾക്കിടയിൽ വിതരണം ചെയ്തു. ശേഷം, അവരുടെ നേതാവായ ഉത്ബയുടെ അരികിൽച്ചെന്ന് ഉപ്പ ചോദിച്ചു. ‘അല്ല, അബുൽവലീദേ , ഇതെന്തു യാത്രയാണ്?’
‘എനിക്കറിയില്ല, പടച്ചവൻ സത്യം! ഞാൻ പരാജിതനാണ് ‘. അയാൾ മറുപടി പറഞ്ഞു. അപ്പോൾ ഉപ്പ ചോദിച്ചു. ‘നിങ്ങൾ ജനങ്ങളുടെ നേതാവല്ലേ?അവരെയും കൂട്ടി അങ്ങ് തിരിച്ചു പോയിക്കൂടെ. അതിനെന്താണ് തടസ്സം. നിങ്ങളുടെ സഖ്യകക്ഷി അംറു ബിനുൽ ഹള്റമിയുടെ ബ്ലഡ് മണി നിങ്ങൾ ഏറ്റെടുക്കുക. മുസ്‌ലിംകൾ ബത്വന് നഖ്ലിൽ വച്ച് പിടിച്ചെടുത്ത ഒട്ടകങ്ങളുടെ ഉത്തരവാദിത്തവും നിങ്ങൾ ഏറ്റെടുക്കുക. ഇപ്പോൾ മുഹമ്മദി ﷺ ൽ നിങ്ങൾക്ക് ലഭിക്കേണ്ടത് ഇവയല്ലെയേ ഉള്ളൂ. അല്ലാഹു സത്യം! അബുൽ വലീദ് മുഹമ്മദി ﷺ നെയും സംഘത്തെയും വധിക്കുക എന്നു വച്ചാൽ നാം നമ്മെത്തന്നെ വധിക്കുന്നുവെന്നാണർത്ഥം.”

ഈമാഇന്റെ ഈ ഇടപെടലിനെക്കുറിച്ച് ചരിത്രപരമായ വേറിട്ടവായനകൾ ഉണ്ട്. കാരണം, അദ്ദേഹം നേരത്തേ തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്നും അല്ല, ഖുറൈശീ പക്ഷത്ത് ബദ്റിൽ സംബന്ധിച്ചിരുന്നുവെന്നും അഭിപ്രായങ്ങൾ ഉണ്ട്.

ഏതായാലും ഇസ്‌ലാമിന്റെ ശത്രുപക്ഷത്ത് ബദ്റിലേക്കുള്ള യാത്രയിൽ ഏകമനസ്സും ഏകാഭിപ്രായവും രൂപപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലയെന്ന് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു. യുദ്ധത്തിലേക്കടുക്കും തോറും പലരുടെയും മനോഗതികൾക്ക് ഇളക്കം സംഭവിച്ചു. ആഭ്യന്തരമായ പൊരുത്തക്കേടുകൾ വളർന്നു വന്നു. പലരേയും ഒരുൾഭയം പിടി കൂടുകയും ചെയ്തിരുന്നു.

സംഘം പിന്നെയും മുന്നോട്ട് നീങ്ങി. അഹങ്കാരികളായ മുൻനിര നേതാക്കൾ പെരുമ്പറ മുഴക്കി. അഭിശപ്തനായ പിശാച് സഖ്യകക്ഷി ചമഞ്ഞ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു : ”ഞാൻ നിങ്ങൾക്കൊപ്പമുണ്ട് . നിങ്ങളെ പരാജയപ്പെടുത്താൻ ആർക്കും സാധ്യമല്ല.” എന്നയാൾ വിളിച്ചുപറഞ്ഞു.

Mahabba Campaign Part-226/365

ബദ്റിന്റെ പോരാട്ട മുഖത്തേക്ക് നിമിഷങ്ങൾ എണ്ണിത്തുടങ്ങി. മുസ്‌ലിം സംഘത്തിന്റെ സ്ഥിതിഗതികൾ അറിയാൻ വ്യഗ്രതയായി. അതിന്റെ ഭാഗമായി ഉമൈർ ബിൻ വഹബിനെ അവർ നിയോഗിച്ചു. ഉമൈർ മുസ്‌ലിംകളുടെ തമ്പിന്റെ അടുത്തേക്ക് നീങ്ങി. പരിസരങ്ങൾ നിരീക്ഷിച്ചു. പശ്ചാത്തലങ്ങൾ വിലയിരുത്തി. ശേഷം, ഖുറൈശീ സംഘത്തിലേക്ക് മടങ്ങി വന്നു പറഞ്ഞു; “അവർ ഏകദേശം ഒരു മുന്നൂറ് ആളുകൾ ഉണ്ടാവും. അൽപ്പം ഏറിയെന്നും വരാം.
ഇനിയാരെങ്കിലും ഒളിഞ്ഞിരിക്കുന്നവരുണ്ടോ? പരിസരത്തെവിടെയെങ്കിലും ഒളിസങ്കേതങ്ങളുണ്ടോ? അതുകൂടി ഞാനൊന്ന് നിരീക്ഷിച്ചു വരാം. അതിനൊരൽപ്പം സമയം കൂടി എനിക്ക് വേണം “. ശേഷം, അദ്ദേഹം താഴ്‌വര കടന്ന് വളരെ ദൂരം സഞ്ചരിച്ചു. വിശദമായ പരിശോധന നടത്തി. പക്ഷേ, രഹസ്യ സങ്കേതങ്ങളോ ഒളിച്ചിരിക്കുന്നവരെയോ കണ്ടെത്താൻ കഴിഞ്ഞില്ല.

അന്വേഷണം കഴിഞ്ഞ്‌ മടങ്ങിവന്ന ഉമൈർ ഖുറൈശികളോട് വിവരങ്ങൾ കൃത്യമായി പങ്കുവച്ചു. ശേഷം, അദ്ദേഹം പറഞ്ഞു. “ഖുറൈശികളേ.. പ്രത്യേകിച്ചൊന്നും ഞാൻ കണ്ടില്ലെങ്കിലും മരണം വഹിക്കുന്ന ഒട്ടകങ്ങളെയാണ് അവർക്കൊപ്പം ഞാൻ കണ്ടത്. യസ്‌രിബിലെ വെള്ളം വലിക്കുന്ന ഒട്ടകങ്ങൾ ഭയാനകമാം വിധം മരണത്തെ വഹിക്കുന്നതായി എനിക്ക് തോന്നുന്നു. കൽപ്പന കാത്ത് മൗനം ദീക്ഷിക്കുന്നവരെ അഥവാ, മുഹമ്മദ് നബി ﷺ യുടെ അനുചരന്മാരെക്കണ്ടില്ലേ! ഒഴുക്കിലെ കല്ലുകളെപ്പോലെ കണ്ണുകളുള്ള അവർ നോക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ! അവർ കുടുംബത്തിലേക്ക് തിരിച്ചു പോകാൻ വന്നവരല്ല. അവരുടെ പക്കൽ അവരുടെ വാളുകളേയുള്ളൂ. പടച്ചട്ടയോ കവചങ്ങളോ ഇല്ല. ദൈവത്തിനാണെ സത്യം! നിങ്ങളിൽ ഒരാൾ വധിക്കപ്പെടുന്നത് വരെ അവരിൽ ഒരാൾ കൊല്ലപ്പെടുകയില്ലെന്ന് എനിക്ക് തോന്നുന്നു. അങ്ങനെയെങ്കിൽ അവരുടെ അംഗബലത്തോളം ആളുകൾ നമ്മിൽ നിന്ന് കൊല്ലപ്പെട്ടാൽ പിന്നെ നമ്മുടെ ജീവിതത്തിനെന്തു കഥ. അത് കൊണ്ട് നിങ്ങൾ ആലോചിച്ചു പറയുക. എന്താണ് നമ്മുടെ തീരുമാനം ?”

ഉമർ ശകുനപ്പിഴ ദർശിച്ചതിനാൽ തിരിച്ചു പോയാലോ എന്ന ചിന്തയിലായി. ഹക്കീം ബിൻ ഹിസാമും രംഗത്തു വന്നു. അയാൾ ഉത്ബയെ സമീപിച്ചു ചോദിച്ചു. “അല്ലയോ , അബുൽ വലീദ്! താങ്കൾ ഖുറൈശികളിലെ സ്വീകാര്യതയുള്ള നേതാവാണല്ലോ! എന്നെന്നും താങ്കളെ നന്മയോടെ ഓർമിക്കപ്പെടാവുന്ന ഒരാലോചനയ്ക്കും തീരുമാനത്തിനും താങ്കൾ തയ്യാറാണോ?” ഉത്ബ ചോദിച്ചു, “അതെന്താണ് ഹകീം?”
“താങ്കൾ കൂടെയുള്ളവരെയും കൂട്ടി മടങ്ങിപ്പോവുക. അംറ് ബിൻ ഹദ്റമിയുടെ കാര്യം താങ്കൾ ഏറ്റെടുക്കുക. അയാൾ നിങ്ങളുടെ സഖ്യകക്ഷിയുടെ അംഗമാണല്ലോ?”
“ശരി, അതെനിക്ക് സാധിക്കും .അയാൾ എന്റെ സഖ്യകക്ഷിയാണ്. ബ്ലഡ് മണിക്കും നഷ്ടപ്പെട്ട സ്വത്തിനും ഞാൻ ഉത്തരവാദിയായിക്കൊള്ളും. പക്ഷേ, അംറ്‌ ബിൻ ഹിഷാമിനെ അഥവാ, അബൂജഹലിനെ നീ കൈകാര്യം ചെയ്യണം “.

തുടർന്ന് ഉത്ബ ബിൻ റബീഅ: ഖുറൈശികളെ അഭിസംബോധന ചെയ്തു. “അല്ലയോ , ഖുറൈശികളേ.! അല്ലാഹു സത്യം! മുഹമ്മദ് ﷺ യോടും അനുയായികളോടും ഏറ്റുമുട്ടിയത് കൊണ്ട് നിങ്ങൾക്കൊന്നും കിട്ടാനില്ല. ഒരു പക്ഷേ, അവരെ നിങ്ങൾ വധിച്ചുവെന്നു വയ്ക്കുക. എന്നാൽപ്പിന്നെ പിതൃസഹോദരന്റെ മകനെക്കൊന്നു, അല്ലെങ്കിൽ, അമ്മാവന്റെ മകനെക്കൊന്നു എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാവും ശേഷിക്കുക. പിന്നീട് നിങ്ങൾക്കിടയിൽത്തന്നെ തർക്കങ്ങളുണ്ടാകും. നിങ്ങൾക്കിഷ്ടമില്ലാത്ത മുഖങ്ങൾ നിങ്ങൾ കാണേണ്ടിവരും. അത് കൊണ്ട് മുഹമ്മദ് ﷺ നെയും കൂട്ടുകാരെയും വെറുതേ വിടുക. മറിച്ച് അവർക്ക് വല്ല നേട്ടവും ലഭിച്ചാൽ അത് ഖുറൈശികൾക്ക് കൂടിയല്ലേ അഭിമാനമാവുക ?”

“അല്ലയോ , ജനങ്ങളേ..! പിന്തിരിഞ്ഞു പോകുന്നതിന്റെ അപമാനം നിങ്ങൾ ചിന്തിച്ചേക്കും. അത് എന്റെ മേൽ ചുമത്തിക്കൊള്ളുക. ഞാനൊരു ഭീരുവായിപ്പോയല്ലോ എന്ന് നിങ്ങൾ പറഞ്ഞുകൊള്ളൂ. അതും കുഴപ്പമില്ല. ഉത്ബയുടെ ധീരത അറിയാത്തവരല്ലല്ലോ നിങ്ങൾ “.
ഹകീമിന്റെ അഭിപ്രായം പരിഗണിച്ചു കൊണ്ട് അപമാനഭാരവും ബ്ലഡ് മണിയും ഏറ്റെടുത്ത ഉത്ബ: ഒരൊട്ടകപ്പുറത്ത് കയറി ഖുറൈശികൾക്കിടയിലേക്ക് ചെന്നു. വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹം പറഞ്ഞു; “അല്ലയോ , ഖുറൈശികളേ..! ദീപങ്ങളെപ്പോലെ പ്രകാശിക്കുന്ന ഈ കമലങ്ങൾ സർപ്പക്കണ്ണുകളുള്ള മുഖങ്ങൾക്കെതിരാവുന്നതിൽ ഞാൻ പടച്ചവനോട് രക്ഷ തേടുന്നു. അഥവാ, ഖുറൈശികളും അൻസ്വാരികളും വിരുദ്ധ ചേരിയിലാവുന്നത് ഞാൻ താത്പ്പര്യപ്പെടുന്നില്ല “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-227/365

ഉത്ബയുടെ നിർദേശം ഹകീം പരിഗണിച്ചു. ഏതായാലും അബൂജഹലിനെയൊന്നു സമീപിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ അവന്റെ അടുത്തെത്തി. അപ്പോഴവൻ തോൽസഞ്ചിയിൽ നിന്ന് പടയങ്കി പുറത്തെടുക്കുകയായിരുന്നു. ഹകീം ഇപ്രകാരം പറഞ്ഞു തുടങ്ങി : “അല്ലയോ , അംറ് ബിൻ ഹിഷാം ! താങ്കൾക്ക് താങ്കളുടെ പിതൃസഹോദരന്റെ മകനെ (അഥവാ മുഹമ്മദ് ﷺനെ) നേരിടാതെ ഒന്ന് ഒഴിവാക്കിക്കൂടെ എന്ന് ഉത്ബത് ബിൻ റബീഅ: ചോദിക്കുന്നു “. കേൾക്കേണ്ട താമസം അബൂജഹൽ കലിയിളകിക്കൊണ്ടു പറഞ്ഞു; “അവന് നിന്നെയല്ലാതെ മറ്റാരെയും ദൂതനായിട്ട് കിട്ടിയില്ല, അല്ലേ? ”
“ഉത്ബയ്ക്കല്ലാതെ മറ്റാർക്കും എന്നെ ദൂതനായി ആവശ്യമില്ല! ” ഹകീം പ്രതികരിച്ചു.
“അവന്റെ (ഉത്ബയുടെ) ഒരു പേടി. ഇത് മഹാപേടിത്തൊണ്ടനായിപ്പോയല്ലോ! മുഹമ്മദി ﷺ ന്റെ അനുയായികൾ ആകെക്കൂടി ഒരൊട്ടകത്തെ ഭക്ഷിക്കാൻ മാത്രമുള്ള ആളേയുള്ളൂ. പിന്നെ അവന്റെ മകൻ (അബൂഹുദൈഫ) അവരുടെയാളാണ്. അവൻ കൊല്ലപ്പെടുമോ എന്ന ഭയമായിരിക്കും ഉത്ബയെ ഇത്ര ഭീരുവാക്കുന്നത് “.

മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട് : “അല്ല, നീയാണോ ഇങ്ങനെ പറയുന്നത്? മറ്റാരോ ആയിരുന്നു പറഞ്ഞതെങ്കിൽ അവന്റെ തള്ളയ്ക്ക് ഞാൻ പറയുമായിരുന്നു. നീ ഭീരുവായിരിക്കുന്നു, അല്ലേ? ഏതായാലും ദൈവത്തിനാണെ! നമ്മുടെയും മുഹമ്മദി ﷺ ന്റെയും ഇടയിൽ ഒരു തീരുമാനമാവുന്നത് വരെ ഞാനിതിൽ നിന്ന് പിന്മാറുകയില്ല”. അവൻ ( അബൂജഹൽ) തറപ്പിച്ചു പറഞ്ഞു.

ഇങ്ങനെയൊരു നിവേദനം കൂടിയുണ്ട്. “ഹകീമിൻ്റെ സംഭാഷണം കഴിഞ്ഞയുടനെ അബൂജഹൽ ഖുറൈശികളെ വിളിച്ചു പറഞ്ഞു ; “ഉത്ബയിങ്ങനെ പറയുന്നത് മുഹമ്മദ് ﷺ അവൻ്റെ പിതൃസഹോദരന്റെ മകനും ഒപ്പം ഉത്ബയുടെ മകൻ മുഹമ്മദി ﷺ ന്റെ കൂടെയും ആയതുകൊണ്ടാണ്. അവർ കൊല്ലപ്പെട്ടേക്കുമോ എന്ന പേടിയാണ് അവനെ പിന്തിരിപ്പിക്കുന്നത് ” .

അബൂജഹൽ അടങ്ങിയില്ല. ഖുറൈശികളെ പ്രകോപിപ്പിക്കാൻ വേണ്ട സംഭാഷണങ്ങളിലേക്ക് കടന്നു. കൊല്ലപ്പെട്ട അംറ് ബിൻ അൽ ഹള്റമിയുടെ സഹോദരൻ ആമിറ് ബിൻ അൽ ഹള്റമിയെ വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു; “നിന്റെ സഖ്യകക്ഷിക്കാരൻ ഉത്ബ പറയുന്നത് കേട്ടില്ലേ? നമ്മൾ ജനങ്ങളോടൊപ്പം മടങ്ങിപ്പോകണമെന്ന്. നിന്റെ സഹോദരൻ കൊല്ലപ്പെട്ടതിന്റെ രക്തമൂല്യം ഉത്ബ നിനക്ക് നൽകാമെന്നും പറയുന്നു. നാണമില്ലേ നിനക്കത് സ്വീകരിക്കാൻ? നിൻ്റെ സഹോദരന്റെ ഘാതകനെ കൺമുന്നിൽ നേരിട്ട് കണ്ടിട്ട് നീ ഒഴിവാക്കുകയോ? നീ പ്രതികാരം വീട്ടുന്ന പക്ഷം നിനക്ക് തന്നിട്ടുള്ള വാഗ്‌ദാനങ്ങൾ നിനക്കോർമയില്ലേ?ദൈവത്തെ മുൻനിർത്തി നീയൊന്നാലോചിച്ചു നോക്കൂ “.

ആമിറിന്റെ രക്തം തിളച്ചു. അവൻ എഴുന്നേറ്റ് നിന്ന് പിൻഭാഗത്ത് നിന്ന് വസ്ത്രമുയർത്തി. ശരീരത്ത് മണ്ണ് വാരിയിട്ടു. എന്നിട്ടയാൾ അലറി വിളിച്ചു. “അംറിന്റെ നാശമേ! കഷ്ടമേ! ”
ഹകീമിന്റെയും ഉത്ബയുടേയും ശ്രമങ്ങൾ മുഴുവൻ തകർന്നു. ഒടുവിൽ ഉത്ബ പറഞ്ഞു. “കാത്തിരുന്നു കാണാം. ആർക്കാണ് പേടി. ആരാണ് ഭീരുവെന്നൊക്കെ.”

നബി ﷺ യും സംഘവും യാത്ര തുടർന്നു. ബദ്റിന്റെ സമീപത്തുള്ള ദബ്ബയിൽ എത്തി. നബി ﷺ യും അബൂബക്കർ (റ)വും ശത്രുക്കളുടെ വിവരങ്ങൾ വിലയിരുത്താനും രംഗം നിരീക്ഷിക്കാനും ഇറങ്ങിത്തിരിച്ചു. സഞ്ചാരത്തിനിടെ ‘സുഫ്‌യാനുള്ളമരി’ എന്ന ഒരു വയോധികനെക്കണ്ടുമുട്ടി. അയാളോട് ഖുറൈശികളെക്കുറിച്ചും മുസ്‌ലിം സംഘത്തെക്കുറിച്ചും ചോദിച്ചു. അദ്ദേഹം പറഞ്ഞു : “നിങ്ങൾ ആരാണെന്നു പറഞ്ഞാൽ ഞാൻ വിവരങ്ങൾ നൽകാം “.
നിങ്ങൾ വിവരങ്ങൾ നൽകിയാൽ ഞങ്ങൾ ആരാണെന്നു പറയാമെന്ന് മറുപടി നൽകി. അപ്പോഴദ്ദേഹം പറഞ്ഞു തുടങ്ങി ; “മുഹമ്മദും ﷺ അനുയായികളും ഇന്ന ദിവസം പുറപ്പെട്ടുവെന്നാണ് ഞാനറിഞ്ഞത്. അതുപ്രകാരം ഇന്ന പ്രദേശത്തെത്തിയിട്ടുണ്ടാവണം “. അദ്ദേഹം പറഞ്ഞ സ്ഥലം കൃത്യമായിരുന്നു.
“ഖുറൈശികൾ പുറപ്പെട്ട ദിവസം ഞാനറിഞ്ഞത് പ്രകാരമാണെങ്കിൽ ഇതാ ഇന്ന പ്രദേശത്ത് എത്തിയിട്ടുണ്ടാവും “. സ്ഥലം നിർണയിച്ചു പറഞ്ഞു. ശേഷം ചോദിച്ചു; “നിങ്ങൾ എവിടുന്നാണ് ?”
വെള്ളത്തിൽ നിന്ന് എന്നർഥമുള്ള ‘മിനൽ മാഅ’ എന്ന് പറഞ്ഞ് ഇറാഖിന്റെ ഭാഗത്തേക്ക് ആംഗ്യം കാണിച്ചു. വയോധികൻ ചോദിച്ചു; “ഓ, മാഉൽ ഇറാഖ് ‘ അഥവാ, ഇറാഖിലെ ജലാശയത്തിനടുത്ത് നിന്നാണ് അല്ലേ’ എന്ന് പറയാനും അവിടെ നിന്ന് മുത്ത് നബി ﷺ യും സിദ്ദീഖും (റ) നടന്നകന്നു. മിനൽ മാഅ എന്നത് കൊണ്ട് അവർ കരുതിയത് എല്ലാവരും വെള്ളത്തിൽ നിന്നാണല്ലോ പിറവി കൊണ്ടത് എന്നയർഥത്തിലായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-228/365

ഇനിയൊരു പോരാട്ടത്തിനൊരുങ്ങുകയല്ലാതെ മാർഗമില്ലെന്ന് നബി ﷺ വിലയിരുത്തി. അനുചരന്മാരുടെ അടുത്തേക്ക് മടങ്ങിയെത്തി. വിവരങ്ങൾ പങ്കുവച്ചു. നമ്മുടെ ശരി നിർണയിക്കുന്ന ഒരു മുഖാമുഖ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. യുദ്ധമാകുമ്പോൾ ഒന്നുകിൽ വിജയം അല്ലെങ്കിൽ പരാജയം. വിജയിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ ഏറെയാണ്. ലോകോത്തമമായി ഉയർന്നു വരേണ്ട ധർമസംഹിത അതിൻ്റെ തടസ്സങ്ങൾ നീക്കി വളർച്ചയുടെ തീരങ്ങളിലേക്കെത്തും. നീണ്ട കാലത്തെ മർദനങ്ങളുടെയും പീഡനങ്ങളുടെയും വിലങ്ങുകളിൽ നിന്ന് വിശ്വാസികൾ വിമോചിതരാവും. വിട്ടു പോരേണ്ടി വന്ന ജന്മനാട്ടിലേക്ക് മടങ്ങിയെത്താനാവും. വിട്ടെറിഞ്ഞു പോരേണ്ടിവന്ന ആസ്ഥികളിലേക്ക് തിരിച്ചെത്താനാവും. എല്ലാത്തിലുമുപരി ഹൃദയത്തോട് ചേർത്തു വച്ച കഅ്ബാലയത്തിലേക്ക് ചെന്നു ചേരാനാവും.

ഇനി ഒരുപക്ഷേ, സൈനിക പരാജയം നേരിടേണ്ടി വന്നാൽ മദീനയിലേക്ക് തന്നെ മടങ്ങാം. പക്ഷേ, പ്രവാചക ﷺ നെയും അനുയായികളെയും നാമാവശേഷമാക്കാൻ കാത്തിരിക്കുന്ന ജൂതന്മാരുണ്ടവിടെ. ഒപ്പം ചേരാൻ തക്കം പാർത്തിരിക്കുന്ന കപടവിശ്വാസികളും ബഹുദൈവാരാധകരും അവസരം പാഴാക്കുകയുമില്ല.

ഏതായാലും രണ്ടും കൽപ്പിച്ചു മുന്നോട്ട് തന്നെ നീങ്ങി. മണൽക്കുന്നിന്റെ വടക്കുഭാഗത്ത് ബദ്ർ താഴ്‌വരയിൽ അവർ ഇറങ്ങി. ജലസ്രോതസ്സിന്റെയും തങ്ങളുടെയും ഇടയിൽ അൽപ്പം അകലമുണ്ട്. ജീവജലം അന്യമായാൽ പിടിച്ചു നിൽക്കാനാവില്ല. വെള്ളം ലഭ്യമാകുന്ന തരത്തിൽ തമ്പടിക്കേണ്ടത് മർമ പ്രധാനമായ കാര്യമാണ്.
സായാഹ്നമായപ്പോൾ നബി ﷺ മൂന്നാളുകളെ നിയോഗിച്ചു. വെളളത്തിന്റെ ലഭ്യത പഠിക്കാനും ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുമായിരുന്നു അത്. അലി ബിൻ അബീത്വാലിബ് (റ), സുബൈർ ബിൻ അൽ അവാം (റ), സഅദ് ബിൻ അബീ വഖ്ഖാസ് (റ) എന്നിവരായിരുന്നു മൂന്നു പേർ. ബദ്റിലെ ജലാശയത്തിന്റെ പരിസരം അവർ നിരീക്ഷിച്ചു. അതാ നിൽക്കുന്നു , ഖുറൈശികളുടെ ജലവാഹിനി ഒട്ടകങ്ങൾ. ഒപ്പം വെള്ളം ശേഖരിക്കുന്ന പരിചാരകരും. ബനുൽ ഹാജിലെ അടിമ അസ്‌ലമും ബനൂ അസ്‌കരിലെ അടിമ അരീളുമാണ് രണ്ടു പേർ. അവരെ മൂവർ സംഘം കടന്നു പിടിച്ചു. മൂന്നാമതൊരുത്തൻ കൂടിയുണ്ടായിരുന്നു. അവൻ പിടികൊടുക്കാതെ കടന്നുകളഞ്ഞു. അസ്‌ലമിനെയും അരീളിനെയും കൂട്ടി നബിﷺയുടെ സന്നിധിയിലേക്ക് വന്നു. അപ്പോൾ അവിടുന്ന് നിസ്ക്കാരത്തിലായിരുന്നു. സ്വഹാബികൾ അവരെ ചോദ്യം ചെയ്തു. അവർ ഖുറൈശികളുടെ സേവകരാണെന്നും വെള്ളം ശേഖരിക്കാൻ വന്നതാണെന്നും അവർ സമ്മതിച്ചു. തുടർന്നു ഖുറൈശീ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ അവരിൽ നിന്ന് ചോദിച്ചറിഞ്ഞു. തങ്ങൾ ഖുറൈശീ സൈന്യത്തിന്റെ പരിചാരകരാണെന്ന് പറഞ്ഞപ്പോൾ സ്വഹാബികൾക്കു പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. അബൂസുഫ്‌യാന്റെ ഖാഫിലയുടെ ഒപ്പമുള്ളവരായിരിക്കും എന്നാണവർ കരുതിയത്. അപ്പോൾ സ്വഹാബികൾ അവരെ വേദനിപ്പിച്ചു. അപ്പോഴവർ മാറ്റിപ്പറഞ്ഞു. ഞങ്ങൾ ഖാഫിലയിലെ അംഗങ്ങളാണ്. അപ്പോൾ ചോദ്യം ചെയ്തവർക്ക് ആശ്വാസമായി. ഇത്രയുമായപ്പോഴേക്കും നബി ﷺ നിസ്ക്കാരത്തിൽ നിന്ന് വിരമിച്ചു. എന്നിട്ട് സ്വഹാബികളോട് പറഞ്ഞു. അവർ സത്യം പറഞ്ഞപ്പോൾ നിങ്ങൾ അവരെ വേദനിപ്പിച്ചു. കളവു പറഞ്ഞപ്പോൾ നിങ്ങൾ ആശ്വസിച്ചു. അവർ യഥാർഥത്തിൽ ഖുറൈശീ സൈന്യത്തിന്റെ പരിചാരകരാണ്.

മുസ്‌ലിം സംഘം അവസാന ഘട്ടം വരെയും വർത്തകസംഘത്തെ പിടികൂടാൻ മാത്രമായിരുന്നു ലക്ഷ്യം വച്ചിരുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന ഒരു വായനയാണിത്. ഇതു പോരാട്ടത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സംഘത്തിലെ ചിലരെങ്കിലും ആശങ്കാകുലരായി. ഒരു കച്ചവട സംഘത്തെ നേരിട്ട് സ്വത്ത് വകകൾ പിടിച്ചെടുക്കുന്നതിലെ ഹരവും നേട്ടവും ഒരു സായുധ പോരാട്ടത്തിന്റെ നോവും ചാവും എത്ര വ്യത്യാസമുണ്ടാകും. അതാണവർ ആലോചിച്ചത്. ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ടാണ് വിശുദ്ധഖുർആൻ എട്ടാമധ്യായത്തിലെ ഏഴാമത്തെ സൂക്തം അവതരിച്ചത് ആശയം ഇപ്രകാരമാണ്. “രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാക്കുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ, തന്‍റെ കല്‍പ്പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ അടിസ്ഥാനം മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-229/365

മുസ്‌ലിംകൾ പിടിച്ചു കൊണ്ടുവന്ന ആളുകളെ നബി ﷺ വീണ്ടും ചോദ്യം ചെയ്തു. ഉദ്’വതുൽ ഖുസ്’വാ മണൽക്കുന്നിന്റെ പിന്നിലാണ് ഖുറൈശികൾ തമ്പടിച്ചിട്ടുള്ളതെന്ന് അവർ വിവരം നൽകി. അവരുടെ എണ്ണം കൃത്യമായി അറിയില്ലെന്നും എന്നാൽ ഏറെ ആളുകളുണ്ടെന്നും ശക്തമായ പോരാട്ടത്തിനുള്ള സംഘമുണ്ടെന്നും അവർ വിവരിച്ചു. അപ്പോൾ നബി ﷺ ചോദിച്ചു. ഭക്ഷണത്തിനായി എത്ര ഒട്ടകത്തെയാണ് അറുക്കാറുള്ളത്? ഒരു ദിവസം ഒൻപതാണെങ്കിൽ അടുത്ത ദിവസം പത്ത്. ശരി, അങ്ങനെയെങ്കിൽ തൊള്ളായിരത്തിനും ആയിരത്തിനും ഇടയിൽ ആളുകൾ ഉണ്ടാവും. നബി ﷺ നിഗമനത്തിലെത്തി. കാരണം, സാധാരണയിൽ ഒരൊട്ടകത്തെ അറുത്താൽ നൂറുപേർക്ക് കഴിക്കാനുള്ള മാംസമാണുണ്ടാവുക. തുടർന്ന് നബി ﷺ ചോദിച്ചു : ” ഏതൊക്കെ പ്രമുഖരാണ് ഖുറൈശീ സംഘത്തിലുള്ളത്?” അവർ പറഞ്ഞു. “അബൂജഹല് ബിൻ ഹിഷാം, സുഹൈൽ ബിൻഅംറ്, ഉത്ബത് ബിൻ റബീഅ:, ശൈബത് ബിൻ റബീഅ:, അബുൽ ബുഖ്തിരി ബിൻ ഹിഷാം, ഹാരിസ് ബിൻ ആമിർ, നളർ ബിൻ ഹാരിസ്, ത്വുഐമത് ബിൻ അദിയ്യ്, സംഅത് ബിൻ അസ്‌വദ്, അംറ്ബിൻ അബ്ദുവുദ്ദ്, ഉമയ്യത്ത് ബിൻ ഖലഫ്, നബീഹ് ബിൻ ഹജ്ജാജ്, മുനബ്ബിഹ് ബിൻ ഹജ്ജാജ്, ഹകീം ബിൻ ഹിസാം, നൗഫൽ ബിൻ ഖുവൈലിദ് തുടങ്ങി പ്രമുഖരെല്ലാം ഉണ്ട് “. ഉടനെ നബി ﷺ സ്വഹാബികളോട് പറഞ്ഞു. “അതാ മക്ക ; അതിന്റെ കരളിന്റെ കഷ്ണങ്ങളെ നിങ്ങൾക്കെറിഞ്ഞു തന്നിരിക്കുന്നു.”

മുസ്‌ലിംകളുടെ തമ്പിൽ വിചാരണ നടക്കുമ്പോഴേക്കും സ്വഹാബികളുടെ പക്കൽ നിന്ന് കുതറിപ്പോയ മൂന്നാമൻ ഖുറൈശീ തമ്പിലെത്തി. എന്നിട്ടയാൾ വിളിച്ചു പറഞ്ഞു. “അല്ലയോ , ഖുറൈശികളേ! അബൂ കബ്ശയുടെ മകനും (നബി ﷺ) അനുയായികളും ഇതാ ബദ്റിൽ എത്തിയിരിക്കുന്നു. നിങ്ങൾക്ക് വെള്ളം ശേഖരിക്കാൻ പോയവരെ അവർ പിടികൂടിയിരിക്കുന്നു.”

ഇത്രയും കേട്ടതും ഖുറൈശികൾ ഇളകിമറിഞ്ഞു. തീർത്തും പ്രതീക്ഷകൾക്കപ്പുറമായിരുന്നു ആ വാർത്ത. തമ്പിൽ നിന്ന് പകയുടെ പുക ഉയർന്നു. വിദ്വേഷത്തിന്റെ വിറകെരിഞ്ഞു.

മുസ്‌ലിംകളുടെ ക്യാമ്പിൽ നിന്ന് ഇത്തരത്തിൽച്ചില സങ്കടങ്ങൾ ഉയർന്നു : ” നമ്മൾ സത്യത്തിന്റെ ആളുകൾ; ജയം നേടേണ്ടവർ. പക്ഷേ, നാം ജലസ്രോതസ്സിൽ നിന്ന് കുറച്ചകലെയാണ്. കുടിക്കാനും കുളിക്കാനും മതിയായ വെള്ളം പോരാ. ചിലർക്ക് നിസ്ക്കരിക്കണമെങ്കിൽത്തന്നെ കുളിക്കേണ്ടവരുമുണ്ട്. ഖുറൈശികൾ അധർമകാരികൾ. പക്ഷേ, അവർ തമ്പടിച്ചത് ഉദ്‌വതുൽ ഖുസ്’വയ്ക്കടുത്ത്. അവർക്ക് വെള്ളം സുലഭമായിരിക്കും. നമ്മുടെ തമ്പിന്റെ പരിസരം മണൽ പരപ്പാണ്. നടക്കാൻ യോഗ്യമായ മണ്ണല്ല. എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്. ദാഹം മൂലം നമ്മൾ തളർന്നാൽ ഖുറൈശികൾക്കെളുപ്പമായി. നമ്മെ വകവരുത്താം. ബന്ധികളാക്കാം. മക്കയിലേക്ക് പിടിച്ചു കൊണ്ട് പോകാം “. അങ്ങനെ ചിലരുടെ ചിന്തകൾ കാടുകയറിയപ്പോൾ മാനത്ത് കാർമേഘം ഉരുണ്ടു കൂടി. നല്ല മഴ പെയ്തു. വിശ്വാസികളുടെ മാനവും മനസ്സും കുളിരണിഞ്ഞു ! കുളിച്ചും കുടിച്ചും പാത്രങ്ങൾ നിറച്ചും അവർ മഴയെ ആഘോഷിച്ചു. അവരുടെ പരിസരത്തെ മണലുകൾ ഉറച്ചു. ഇനി നടക്കാൻ പ്രയാസമില്ല. സഞ്ചാരയോഗ്യമായി.

പക്ഷേ, ഇതേ മഴ ഖുറൈശികൾക്ക് വിനയായി. അവരുടെ തമ്പിന്റെ പരിസരം ചെളിപിളിയായി. വെള്ളമെടുക്കാൻ പോലും പോകാൻ പറ്റാത്ത അവസ്ഥ ! അവർ പരിഭ്രാന്തരായി. ഒരേ മഴ വിശ്വാസികൾക്ക് അനുഗ്രഹവും ശത്രുപാളയത്തിൽ വിനാശവും വിതച്ചു. ഖുർആൻ ഈ രംഗത്തെ അവതരിപ്പിച്ചു. എട്ടാമധ്യായം അൽ അൻഫാലിലെ പതിനൊന്നാമത്തെ സൂക്തത്തിന്റെ ആശയമിങ്ങനെ വായിക്കാം : “അല്ലാഹു അവന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയേകി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭത്തെ ഒന്നോർത്തുനോക്കൂ. നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കിക്കളയുവാനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും ഒന്നോർത്തുനോക്കൂ.”

ഈ നിർണായക നിശയുടെ ഓർമകൾ അലി (റ) പങ്കുവയ്ക്കുന്നതിങ്ങനെയാണ് : “ഞങ്ങൾക്ക് രാത്രിയിൽ നല്ല മഴ ലഭിച്ചു. മരങ്ങളുടെയും തുകൽ പരിചകളുടെയും ചുവട്ടിൽ ഞങ്ങൾ ഇടം പിടിച്ചു. രാത്രിയിൽ എല്ലാവരും നന്നായുറങ്ങി. പക്ഷേ, നബി ﷺ വെളുക്കുവോളം ഒരു മരച്ചുവട്ടിൽ നിസ്ക്കാരത്തിലും പ്രാർഥനയിലുമായിക്കഴിഞ്ഞു കൂടി.

ഹിജ്റയുടെ രണ്ടാം വർഷം റമളാൻ പതിനേഴ് വെള്ളിയാഴ്ച രാവായിരുന്നുവത്. ദീർഘനേരം സുജൂദിൽക്കിടന്ന തിരുനബി ﷺ ‘യാ ഹയ്യു യാ ഖയ്യൂം’ എന്ന മന്ത്രം ആവർത്തിച്ചു കൊണ്ടേയിരുന്നു. അവിടുന്ന് പ്രാർഥിച്ചു. “അല്ലാഹുവേ, ഈ ചെറിയ സംഘം പരാജയപ്പെട്ടാൽ നീ ഇനി ആരാധിക്കപ്പെടുകയില്ലല്ലോ…”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-230/365

നബിﷺയുടെ പ്രാർഥന കേട്ടപ്പോൾ അബൂബക്കർ (റ) പറഞ്ഞു; “അല്ലയോ , പ്രവാചകരേﷺ മതിയല്ലോ! അവർ ഏതായാലും പരാജിതരായി പിന്തിരിഞ്ഞോടുകതന്നെ ചെയ്യും. അവിടുന്ന് ആകുലപ്പെടല്ലേ!”

അങ്ങനെ പ്രഭാത നിസ്ക്കാരത്തിന്റെ നേരമായി. മഴയുടെ കുളിരു പറ്റി സ്വഹാബികൾ മയക്കത്തിലായിരുന്നു. ഉണർന്നിരുന്ന് പ്രാർഥനയിൽ മുഴുകിയ നേതാവ് മുത്ത് നബിﷺ അനുയായികളെ ഉണർത്തി. അവർ സംഘടിതമായി നിസ്‌ക്കരിച്ചു.

ഇബ്നുഹിഷാമി (റ)ന്റെ നിവേദനത്തിൽ നിന്ന് ചിലത് കൂടി ഇവിടെ വായിക്കാനുണ്ട്. “അന്ന് രാത്രിയിൽത്തന്നെ സ്വഹാബികൾ കിണറിനടുത്തേക്ക് നീങ്ങി. ജലാശയം അധീനപ്പെടുത്തി. മുത്ത് നബി ﷺ യുടെ സംഘത്തിന്റെ ആദ്യത്തെ നയതന്ത്രപരമായ സൈനിക നടപടി അതായിരുന്നു. അവിടെ വച്ച് ഖബ്ബാബ് ബിൻ മുൻദിർ ബിൻ അൽജമൂഹ് (റ) എന്നവർ മുന്നോട്ട് വന്നു. ബനൂ സലമഃ ഗോത്രക്കാരനായ അൻസ്വാരി സ്വഹാബിയാണദ്ദേഹം. യുദ്ധ തന്ത്രങ്ങളിൽ കാഴ്ചപ്പാടുള്ളയാളാണ്. നബിﷺയോടദ്ദേഹം ചോദിച്ചു; “അല്ലയോ , അല്ലാഹുവിന്റെ ദൂതരേ! ﷺ അല്ലാഹു തആല കണിശമായി നിശ്ചയിച്ചു തന്ന സ്ഥലമായതുകൊണ്ടാണോ നാമിവിടെത്തമ്പടിച്ചത് ? ഇവിടെ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നും മാറാൻ പാടില്ലെന്ന വല്ല കൽപ്പനയുമുണ്ടോ? അതല്ല, യുദ്ധത്തിന്റെ തന്ത്രമോ കൗശലമോ മറ്റോ അനുവദനീയമാണോ?”
നബി ﷺ പറഞ്ഞു; “കുഴപ്പമില്ല. തന്ത്രവും കൗശലവും ഒക്കെയാവാം “. അപ്പോൾ ഖബ്ബാബ് (റ) പറഞ്ഞു; “എന്നാൽ നമുക്കിവിടെ നിൽക്കേണ്ട. ഖുറൈശികളുടെ ജലസ്രോതസ്സിന്റെയടുത്തേക്ക് നീങ്ങാം. നമുക്കൊരു ജലസംഭരണിയുണ്ടാക്കി, അതിൽ വെള്ളം ശേഖരിച്ചുവയ്ക്കാം “.
നബിﷺ ആ അഭിപ്രായം അംഗീകരിച്ചു. അപ്രകാരം ഹൗള് നിർമിച്ച്, അതിൽ വെള്ളം ശേഖരിച്ചുവച്ചു.

അതുകഴിഞ്ഞ് സഅ്ദ് ബിൻ മുആദ് (റ) ചോദിച്ചു; “അല്ലയോ , പ്രവാചകരെ! ﷺ ഇവിടെയടുത്തായി അവിടുത്തേക്ക് ഞങ്ങൾ ഒരു കുടിൽ നിർമിക്കട്ടയോ? അങ്ങനെയെങ്കിൽ അവിടുത്തേക്ക് ഇവിടെയിരിക്കാമല്ലോ? നമ്മുടെ വാഹനങ്ങളും മറ്റും ഇവിടെ നിർത്താം. ഞങ്ങൾ ശത്രുക്കളെ നേരിടാം. നമുക്ക് വിജയം ലഭിച്ചാൽ പ്രതാപത്തോടെ നമുക്ക് ഏറെ സന്തോഷമായി. അതാണ് നാം താത്പ്പര്യപ്പെടുന്നത്. അതല്ല, വല്ല നിലയ്ക്കും സൈനിക പരാജയം വന്നാൽ അവിടുത്തേക്ക് വാഹനത്തിലേറി നമ്മുടെ പിൻഭാഗത്തുള്ള അണികളോടൊപ്പം എത്തുകയും ചെയ്യാമല്ലോ! നമ്മോടൊപ്പം വന്നിട്ടില്ലാത്തവർ ഞങ്ങളെക്കാൾ തങ്ങളെ സ്നേഹിക്കുന്നവരാണ്. നാം ഒരു യുദ്ധമുഖത്തേക്കാണ് പോകുന്നതെന്നറിഞ്ഞിരുന്നുവെങ്കിൽ അവരും നമ്മോടൊപ്പമുണ്ടാകുമായിരുന്നു. അതുകൊണ്ട് അവർ തങ്ങളെ പൊന്നുപോലെ നോക്കിക്കൊള്ളും. അവർ സമരക്കളത്തിൽ കൂടെ നിൽക്കുകയും ചെയ്യും”.

ഈ വാചകങ്ങൾ നബി ﷺ ക്ക് സന്തോഷം നൽകി. അവിടുന്ന് സഅ്ദി (റ)നു വേണ്ടി പ്രത്യേകം അനുഗ്രഹപ്രാർഥന നടത്തി. അവിടെ ഒരു കുടിൽ നിർമിക്കപ്പെടുകയും ചെയ്തു. പ്രസ്തുത സ്ഥാനത്താണ് കുടിൽപ്പള്ളി അഥവാ, ‘മസ്ജിദുൽ അരീഷ് ‘ ഇന്ന് നിലകൊള്ളുന്നത്. നബി ﷺ ക്ക് രംഗം നേരിട്ടു കാണാൻ പറ്റുന്ന വിധത്തിലായിരുന്നു അത് സംവിധാനിച്ചത്.

സഅ്ദ് ബിൻ മുആദ് (റ) വാളേന്തി കുടിലിന്റെ കവാടത്തിൽ നിലയുറപ്പിച്ചു. നബി ﷺ യും അബൂബക്കർ (റ)വും കുടിലിനകത്ത് പ്രവേശിച്ചു.
അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നെയും അമ്മാർ ബിൻ യാസിറി(റ)നെയും ഖുറൈശികളുടെ സ്ഥിതിഗതികളറിയാൻ വേണ്ടി, നബിﷺ നിയോഗിച്ചു. അവരിരുവരും ഖുറൈശീ തമ്പിന്റെ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നിരീക്ഷിച്ചു. മടങ്ങി വന്ന് നബി ﷺ യോട് പറഞ്ഞു; “അല്ലയോ, അല്ലാഹുവിന്റെ ദൂതരേ! ﷺ അവർ ഭയവിഹ്വലരും ആശങ്കാകുലരുമാണ് “.
ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്യുന്ന ഹദീസിൽക്കാണാം : “നബി ﷺ ബദ്റിൻ്റെ രാവിൽ യുദ്ധഭൂമിയിലെത്തി. അവിടുത്തെ കരങ്ങൾക്കൊണ്ട് ചില സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി. ഇതാ, ഇവിടെ ഇന്നയാൾ നിലം പതിക്കും. ഖുറൈശീ പ്രമുഖരിൽ പലരേയും എണ്ണിപ്പറഞ്ഞു “.
അനസ് (റ) പറയുന്നു : “നബിﷺ ചൂണ്ടിക്കാട്ടിയ ഒരു സ്ഥലം പോലും തെറ്റാതെ അടുത്ത ദിവസം ഓരോ പ്രമുഖരും നിലംപൊത്തിയത് കാണാൻ കഴിഞ്ഞു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-231/365

നിർണായകമായ ഒരു രാത്രി അവസാനിച്ചു. പ്രഭാത നിസ്കാരം കഴിഞ്ഞപ്പോൾ
സമരോർജം പകർന്നു കൊണ്ട് നബി ﷺ സ്വഹാബികളെ അഭിസംബോധന ചെയ്തു. “അല്ലാഹുവിന് സ്തുതി. നിശ്ചയം! അല്ലാഹു മഹാനാണ്. അവന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവൻ പ്രചോദനം നൽകിയ കാര്യം ഞാനും പ്രോത്സാഹിപ്പിക്കുന്നു. അവൻ നിഷിദ്ധമാക്കിയ കാര്യം ഞാനും നിരോധിക്കുന്നു. നന്മയുടെ ആളുകൾക്ക്, അവൻ അവർക്ക് കൽപ്പിച്ച സ്ഥാനങ്ങൾക്കനുസരിച്ച് നൽകുന്നു. അതിനാൽ അവർ അവനെ സ്മരിക്കുകയും ശ്രേഷ്ഠത കൈവരിക്കുകയും ചെയ്യുന്നു. സത്യത്തിന്റെ സങ്കേതത്തിലാണ് നിങ്ങൾ എത്തിയിട്ടുള്ളത്.

അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളേ അവൻ സ്വീകരിക്കുകയുള്ളൂ. ആപത്ഘട്ടത്തിലെ സഹനം വഴി അല്ലാഹു മന:പ്രയാസങ്ങൾ ഇല്ലാതാക്കിത്തരും. വിപത്തുകളിൽ നിന്ന് രക്ഷിക്കും. നിങ്ങൾക്ക് പാരത്രിക വിജയം സാധ്യമാകും. നിങ്ങൾക്ക് സുവിശേഷവും താക്കീതും നൽകുന്ന പ്രവാചകർ നിങ്ങൾക്കൊപ്പമുണ്ട്. അല്ലാഹു നിങ്ങളോട് കോപിക്കാൻ ഇടയാകുന്ന രംഗത്തെക്കുറിച്ച് നിങ്ങൾ ലജ്ജിക്കുക. അല്ലാഹു പറയുന്നു : “നിങ്ങൾ സ്വന്തത്തോട് കോപിക്കുന്നതിനേക്കാൾ ഗൗരവതരമാണ് അല്ലാഹുവിന്റെ കോപം. അല്ലാഹു അവന്റെ വേദത്തിൽ കൽപ്പിച്ചതും വചനത്തിൽ അറിയിച്ചതും ശ്രദ്ധിക്കുക. നിന്ദ്യതയ്ക്ക് ശേഷം പ്രതാപത്തെ നിങ്ങൾ പ്രതീക്ഷിക്കുക. അല്ലാഹുവിന്റെ പ്രീതിയെ നിങ്ങൾ കാംക്ഷിക്കുക.

നിങ്ങളുടെ നാഥൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്ത കാരുണ്യത്തിനും പാപമോചനത്തിനും നിങ്ങൾ അർഹരാവണം. അതിനു വേണ്ടി പരിശ്രമിക്കണം. തീർച്ചയായും അവന്റെ വാഗ്ദാനം സത്യമാണ്. വചനം യാഥാർഥ്യമാണ്. ശിക്ഷ കഠിനവുമായിരിക്കും. നമ്മുടെ നിലനിൽപ്പിന്റെ ഹേതു അല്ലാഹുവാണ്. അവൻ സദാ ജീവിക്കുന്നവനും നിയന്താവുമാണ്. അവനെ നാം അഭയം പ്രാപിച്ചു. അവൻ നമ്മെ സംരക്ഷിച്ചു. അവനെ നാം ഭരമേൽപിച്ചു. അവനിലേക്കാണ് നമ്മുടെ മടക്കം. അല്ലാഹു എനിക്കും മറ്റു മുസ്‌ലിംകൾക്കും പൊറുത്തു തരട്ടെ.”

സ്വഹാബികൾ ആവേശഭരിതരായി. വിശ്വാസത്തിൻ്റെ മൂല്യവും പ്രാധാന്യവും അവർക്ക് ഒരിക്കൽക്കൂടി ബോധ്യമായി .

ഖുറൈശീ തമ്പിലെ നീക്ക് പോക്കുകൾ അറിഞ്ഞ അമ്മാറി(റ)ന്റെയും ഇബ്നു മസ്ഊദി(റ)ൻ്റെയും കാലടയാളങ്ങൾ അവർ നിരീക്ഷിച്ചു. കൂട്ടത്തിൽ കാലടയാള വിദഗ്ദനായ നബിഹ് ബിൻ അൽഹജ്ജാജ് ആളുകളെ തിരിച്ചറിഞ്ഞു. അവൻ പറഞ്ഞു. ഇത് സുമയ്യയുടെ മകൻ്റെ അഥവാ അമ്മാറി(റ)ൻ്റെയും ഉമ്മു അബ്ദിൻ്റെ മകൻ്റെയും അഥവാ ഇബ്നു മസ്ഊദി(റ)ൻ്റെയും കാൽപ്പാടുകളാണ്. ഹാ! നമ്മുടെയും മദീനക്കാരുടെയും കൂട്ടത്തിലെ വിഡ്ഢികളെ മുഹമ്മദ് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. മുഹാജിറുകളെയും അൻസ്വാരികളെയുമാണ് അയാൾ ഉദ്ദേശിച്ചത്. ശേഷം, അയാൾ ഇങ്ങനെ പാടി.
“ഭയം കൊണ്ട് ഞങ്ങൾക്കുറങ്ങാൻ കഴിഞ്ഞില്ല.
ഒന്നുകിൽ കൊല്ലണം അല്ലേൽ മരിക്കണം…”

നബിﷺ അനുയായികളെ അണിനിരത്തി. നിസ്ക്കാരത്തിൽ നിർത്തും പോലെ വരിയൊപ്പിച്ചു. അതിനിടയിൽ ഒരു കൗതുകമുണ്ടായി. അണിയിൽ നിൽക്കുന്ന സവാദ് അല്പം കയറി നിൽക്കുന്നതായി നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അവിടുത്തെ കൈവശമുണ്ടായിരുന്ന വടികൊണ്ട് വയറിൻ്റെ ഭാഗത്ത് തട്ടി ശരിപ്പെടുത്തി. സവാദ് ഇത് നല്ലൊരു അവസരമായി ഉപയോഗിച്ചു. അദ്ദേഹം വിളിച്ചു പറഞ്ഞു; “അല്ലയോ, അല്ലാഹുവിൻ്റെ ദൂതരേ ﷺ അവിടുന്ന് എന്നെ വേദനിപ്പിച്ചു. സത്യവും നീതിയും നൽകിയല്ലേ അല്ലാഹു തങ്ങളെ നിയോഗിച്ചത്. അതുകൊണ്ട് എനിക്ക് പ്രതികാരമെടുക്കാൻ അവിടുന്നെന്നെ അനുവദിക്കണം “.
സവാദിൻ്റെ ആവശ്യം നബി ﷺ അംഗീകരിച്ചു. വടി അദ്ദേഹത്തെ ഏല്പിച്ചു. അവിടുത്തെ ഉദരത്തിൽ നിന്ന് വസ്ത്രം നീക്കിക്കൊടുക്കണമെന്നായി സവാദിൻ്റെ അടുത്ത ആവശ്യം. നബി ﷺ അതും വകവച്ചു കൊടുത്തു. എല്ലാവരും ആശ്ചര്യഭരിതരായി. എന്താണീ സവാദ് ചെയ്യാൻ പോകുന്നത്?

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-232/365

സവാദി(റ)ന് സമാധാനമായി. സ്നേഹാദരങ്ങളുടെ ശ്രേഷ്ഠ നേതൃത്വത്തെ ആലിംഗനം ചെയ്യാൻ കഴിഞ്ഞ നിർവൃതിയിലാണ് സവാദ്. പ്രവാചകർ ﷺ സവാദി(റ)നോട് ചോദിച്ചു : “എന്തേ സവാദേ ഇങ്ങനെയൊക്കെ?”
“അല്ലയോ , അല്ലാഹുവിന്റെ തിരുദൂതരേﷺ! അവിടുന്ന് മനസ്സിലാക്കുന്നത് പോലെ യുദ്ധം ആസന്നമായിരിക്കുകയാണല്ലോ! അവിടുത്തോടുള്ള എന്റെ അവസാന ആലിംഗനം ആ തിരുമേനിയിൽ ഒന്നു സ്പർശിച്ചു കൊണ്ടാവണം എന്ന് ഞാൻ ആഗ്രഹിച്ചു “. നബി ﷺ സവാദി(റ)ന് വേണ്ടി അനുഗ്രഹ പ്രാർഥന നടത്തി.

സമാനമായ ഒരു സംഭവം കൂടി ഇവിടെത്തന്നെ വായിച്ചുപോകാം. അതിരസികനായ ഒരനുചരൻ. തമാശകൾ പറഞ്ഞു നന്നായിച്ചിരിപ്പിക്കും. ഒരിക്കൽ അങ്ങനെ ചിരിപ്പിക്കവെ, നബി ﷺ അവിടുത്തെ പക്കലുണ്ടായിരുന്ന ചെറിയ ഒരുവടി കൊണ്ട് അയാളുട ഊരക്ക് ചെറുതായി ഒന്നു കുത്തി. ഉടനെയദ്ദേഹം പറഞ്ഞു; “എനിക്കിതിന് പരിഹാരക്രിയ വേണം. പ്രതികാരം വേണം “. നബി ﷺ സമ്മതിച്ചു. അപ്പോഴദ്ദേഹം പറഞ്ഞു; “അവിടുന്നിപ്പോൾ കുപ്പായമണിഞ്ഞിരിക്കയാണല്ലോ. എന്റെ കുപ്പായമില്ലാത്ത മേനിയിലാണല്ലോ അവിടുന്ന് കുത്തിയത് “.
ഉടനെ നബി ﷺ കുപ്പായമുയർത്തി പ്രതികാരത്തിന് അവസരമൊരുക്കിക്കൊടുത്തു. കിട്ടിയ അവസരം ആവലാതിക്കാരൻ നന്നായി ഉപയോഗിച്ചു. ദീർഘനേരം ആ പൂമേനിയിൽ ചുംബനം നൽകി ആ ആനുരാഗി നിർവൃതിയടഞ്ഞു. ഇമാം അബൂദാവൂദ്(റ) ആണ് ഇത് നിവേദനം ചെയ്തത്.

നീതിയുടെയും ന്യായത്തിന്റെയും പ്രതിരൂപമായി നബി ﷺ പ്രത്യക്ഷപ്പെടുന്ന രംഗങ്ങളാണ് നാം വായിച്ചത്. നിയമത്തിന്റെ പ്രസക്തിയും ഏത് ചെറിയവനും അവൻ്റെ അവകാശം ചോദിച്ചു വാങ്ങാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഈ സംഭവങ്ങളിൽ ഉദിച്ചു നിൽക്കുന്നു. അനുയായികളോടും മറ്റും നബി ﷺ പുലർത്തിയ സഹവാസവത്തിന്റെ ആഴവും അടുപ്പവും വളരെ കൃത്യമായി ഇവിടെ തെളിഞ്ഞു വരുന്നു. ഒപ്പം ഏത് വിപത്ഘട്ടത്തിലും മുത്ത് നബിﷺയോടുള്ള അനുരാഗത്തെ അടയാളപ്പെടുത്താൻ അനുയായികൾ അമാന്തിച്ചില്ല. തിരുമേനിയുമായി ബന്ധപ്പെട്ടതൊന്നും നരകാഗ്നി സ്പർശിക്കുകയില്ലെന്ന വിശ്വാസവും അവർ പുലർത്തിപ്പോന്നു. പോർക്കളത്തിലേക്ക് അവർ വന്നത് തന്നെ അവിടുത്തെ താത്പ്പര്യത്തിനനുസരിച്ച് ജീവാർപ്പണം നടത്താനാണ്.

ബദ്റിന്റെ പ്രഭാതത്തിൽ നബി ﷺ അനുയായികളിലേക്കിറങ്ങിച്ചെന്നു. അവർക്ക് യുദ്ധവീര്യം പകർന്നു കൊടുത്തു. പടക്കളത്തിൽ അടിപതറാതെ ഉറച്ചു നിൽക്കാനുള്ള ഊർജം പകർന്നു നൽകി. ഒപ്പം പ്രതിരോധത്തിൽ പാലിക്കേണ്ട ചിട്ടകൾ നിർദേശിച്ചു. ലക്ഷ്യത്തിലെത്തി ഉന്നം വയ്ക്കുന്ന വ്യക്തിക്ക് കൊള്ളുമെന്ന് കണ്ടാൽ മാത്രമേ അമ്പെയ്യാൻ പാടുള്ളൂ. ശത്രുക്കൾ വലയം ചെയ്താൽ മാത്രമേ ഉറയിൽ നിന്ന് വാളെടുക്കാൻ പാടുള്ളൂ.

ഗിഫാർ ഗോത്രക്കാർ ഈ നിർദേശങ്ങൾ കേട്ട് ആശ്ചര്യഭരിതരായി. പ്രത്യേക ചിട്ടവട്ടങ്ങളൊന്നുമില്ലാതെ വെട്ടിയും കുത്തിയും യുദ്ധം ചെയ്തവർക്ക് ഈ നിഷ്ഠകളൊക്കെ പുതുമയുള്ളതായിരുന്നു. അണിയൊപ്പിച്ചു നിന്ന് മഹത്തായ ഒരു ലക്ഷ്യത്തിനായുള്ള ഒരു പവിത്രയുദ്ധം അവർക്കറിയില്ലായിരുന്നു. വെട്ടും കുത്തും നെട്ടോട്ടവും തോൽക്കുന്നവരുടെ സ്വത്തു പിടിച്ചെടുക്കലും – അതേ അവർക്ക് പരിചയമുണ്ടായിരുന്നുള്ളൂ. അതാണവർ പ്രതീക്ഷിച്ചു വന്നതും. പക്ഷേ, ചിത്രം വേറെയായിരുന്നു.

അനുയായികളെ പ്രചോദിപ്പിച്ചു കൊണ്ട് നബി ﷺ പറഞ്ഞു. “മുഹമ്മദ് നബി ﷺ യുടെ ആത്മാവ് ആരുടെ പക്കലാണോ അവൻ തന്നെ സത്യം (അഥവാ അല്ലാഹു സത്യം)! ക്ഷമയോടെയും പ്രതിഫലം കാംക്ഷിച്ചും പിന്തിരിഞ്ഞോടാതെ ശത്രുക്കളോട് നേരിടുന്നവർ വധിക്കപ്പെട്ടാൽ സ്വർഗത്തിലാണെന്നതിൽ സംശയമില്ല.”

അതാ സംഅത് ബിൻ അൽ അസ്‌വദും മകനും കുതിരപ്പുറത്തേറി ബദ്ർ വലയം വയ്ക്കുന്നു. ശത്രു പാളയത്തിൽ നിന്നാദ്യം രംഗത്ത് വന്നത് അവരായിരുന്നു. സുരക്ഷിതമായ ഒരിടം നോക്കി ഇറങ്ങിയതായിരുന്നു. അപ്പോൾത്തന്നെ നബി ﷺ വീണ്ടും പ്രാർഥനയിലേക്ക് പ്രവേശിച്ചു. പ്രാർഥനയുടെ ഉള്ളടക്കം തുടർന്നു നമുക്ക് മനസ്സിലാക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-233/365

“അല്ലാഹുവേ, ഖുറൈശികൾ അവരുടെ ഗമയും അഹങ്കാരവും ദുരഭിമാനവും കാരണം മുന്നോട്ട് വരുകയാണ്. അവർ നിന്റെ കൽപ്പനകൾ ലംഘിക്കുകയും നിന്നോട് ശത്രുത പുലർത്തുകയും ചെയ്യുന്നു. അവർ നിന്റെ ദൂതനെ അവിശ്വസിക്കുന്നു; നിരാകരിക്കുന്നു. അതിനാൽ അല്ലാഹുവേ,
നീ വാഗ്ദാനം ചെയ്ത വിജയം നീ വേഗത്തിലാക്കേണമേ! അല്ലാഹുവേ, നീ എനിക്ക് വേദം അവതരിപ്പിച്ചു തന്നു. ധൈര്യപൂർവം നിലകൊള്ളാൻ പറഞ്ഞു. രണ്ടാലൊരു സംഘത്തെ നീ എനിക്ക് വാഗ്ദാനം ചെയ്തു. അതിൽ ഒന്ന് കടന്നു പോയി. തീർച്ചയായും നീ വാഗ്ദാനം ലംഘിക്കുന്നവനല്ല. അല്ലാഹുവേ, രാവിലെത്തന്നെ അവരെ നീ പരാജയപ്പെടുത്തേണമേ? ഈ സമുദായത്തിന്റെ ഫറോവയായ അബൂജഹലിനെ നീ വെറുതെ വിടരുതേ അല്ലാഹ്! സംഅത് ബിൻഅസ്‌വദിനെ നീ രക്ഷപ്പെടാൻ അനുവദിക്കരുതേ! അബൂ സംഅയുടെ കാഴ്ച നീ നഷ്ടപ്പെടുത്തേണമേ! സുഹൈലിനെ നീ വെറുതേ വിടരുതേ!”

നബിﷺ പതാക മിസ്അബ് ബിൻ ഉമൈറിനെയേൽപ്പിച്ചു. ശേഷം, നബി ﷺ നിർദേശിച്ച ഭാഗത്തേക്ക് പോയി നിന്നു. നബി ﷺ അനുയായികളുടെ അണികൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. സൂര്യനെ പിന്നിലാക്കി പടിഞ്ഞാറ് ഭാഗത്തേക്കാണ് മുസ്‌ലിം സൈന്യം തിരിഞ്ഞു നിന്നത്. ഖുറൈശികൾ സൂര്യനഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞു. അപ്പോഴൊരാൾ നബി ﷺ യോട് വന്നു പറഞ്ഞു; “അല്ലാഹുവിന്റെ ദൂതരേ,
അല്ലാഹുവിന്റെ നിർദേശ പ്രകാരമാണ് ഇവിടെ നിലയുറപ്പിച്ചതെങ്കിൽ അങ്ങനെയാവട്ടെ കുഴപ്പമില്ല. അതല്ലെങ്കിൽ താഴ്‌വരയുടെ ഉയർന്ന ഭാഗത്തായിരിക്കും നല്ലത്. ആ ഉപരിഭാഗത്ത് നിന്ന് ഒരു സുഗന്ധം അനുഭവിക്കുന്നുണ്ട്. അവിടുത്തേക്ക് സഹായം എത്തിയതുപോലെ. നബി ﷺ പ്രതികരിച്ചു. ഇപ്പോഴിവിടെ അണിയൊപ്പിച്ചു കഴിഞ്ഞു. ഞാൻ പതാകയും കൈമാറി. ഇനിയിപ്പോൾ ഇവിടെത്തെന്നെ തുടരാം “.

നോക്കൂ നബിﷺയുടെ നേതൃഗുണം ! അനുയായികളുടെ അഭിപ്രായങ്ങളെ കാതോർക്കുന്നു. സ്വീകാര്യമായത് സ്വീകരിക്കുന്നു. അതാണ് ജലാശയത്തിന്റെ അടുത്ത് തമ്പടിച്ച നടപടിയിൽ നാം വായിച്ചത്. അതോടൊപ്പം വ്യക്തമായ നിലപാടും കാഴ്ചപ്പാടും നിശ്ചയദാർഢ്യവും മുന്നിൽ വച്ച് തീരുമാനമെടുക്കുന്നു. അതാണിപ്പോൾ നാം വായിച്ചത്.
നബി ﷺ വീണ്ടും കുടിലിലേക്ക് പ്രവേശിച്ച് പ്രാർഥനയിൽ ലയിച്ചു.

മുസ്‌ലിംകൾക്കഭിമുഖമായി വന്നപ്പോൾ അബൂജഹലിനുമുണ്ടായിരുന്നു പ്രാർഥന. അതിങ്ങനെയായിരുന്നു. “ദൈവമേ.. ഞങ്ങൾക്ക് പരിചയമില്ലാത്ത മതം അവതരിപ്പിക്കുകയും ഞങ്ങളുടെ കുടുംബബന്ധങ്ങൾ മുറിക്കുകയും ചെയ്തതാരാണോ ആ വ്യക്തിയെ നീ ഈ പ്രഭാതത്തിൽ ഇല്ലായ്മ ചെയ്യേണമേ!” ഈ സമയത്താണ് വിശുദ്ധ ഖുർആനിലെ എട്ടാമധ്യായം അൽ അൻഫാലിലെ പത്തൊമ്പതാമത്തെ സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരം വായിക്കാം. “സത്യനിഷേധികളേ, നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മടങ്ങി വരുകയാണെങ്കിലോ നമ്മളും വരുകയാണ്‌. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്‌.”

ഖുറൈശികളിലെ ഒരു സംഘം മുസ്‌ലിംകളുടെ ജലാശയത്തിൽ നിന്ന് വെള്ളമെടുക്കാൻ വേണ്ടി വന്നു. സ്വഹാബികളിൽ ചിലർ അവരെ തടയാനൊരുങ്ങി. നബി ﷺ അവരെ വിലക്കി. പക്ഷേ, അതിൽ നിന്ന് വെള്ളമെടുത്ത ഒരാളൊഴികെ മറ്റെല്ലാവരും പോർക്കളത്തിൽ കൊല്ലപ്പെട്ടു. ഹകീമിബ്നു ഹിസാമായിരുന്നു രക്ഷപ്പെട്ടയാൾ. പിൽക്കാലത്തയാൾ ഇസ്‌ലാം സ്വീകരിക്കുകയും പവിത്രജീവിതം നയിക്കുകയും ചെയ്തു. ഈ രക്ഷപ്പെടലിനെയോർത്ത് പിൽക്കാല ജീവിതത്തിൽ പലപ്പോഴും അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കാറുണ്ടായിരുന്നു. ”എന്നെ ബദ്റിൽ വച്ച് രക്ഷപ്പെടുത്തിയ രക്ഷിതാവ് സത്യം” എന്നദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

ഇനി നാം പോർക്കളത്തിലേക്ക് നേരിട്ട് നോക്കുകയാണ്…

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-234/365

നബി ﷺ പോരാളികളുടെ മഹത്വം പറഞ്ഞു. സ്വർഗപ്രവേശം വാഗ്ദാനം ചെയ്തു. ഈത്തപ്പഴം ഭക്ഷിച്ചു കൊണ്ടിരുന്ന ഉമൈറു ബിനുൽ ഹുമാം (റ) ഈ സംഭാഷണങ്ങളിൽ ശ്രദ്ധയൂന്നി. ഉടനെ വിളിച്ചു പറഞ്ഞു. കഷ്ടം! ശത്രുപക്ഷത്തിന്റെ ആയുധത്താൽ കൊല്ലപ്പെടേണ്ട താമസം സ്വർഗം നേടാനുള്ള ഞാൻ, ഈ കാരക്ക കഴിച്ച് സ്വർഗത്തിലേക്കെത്താൻ വൈകുകയോ? നേരെ പടക്കളത്തിലേക്ക് പാഞ്ഞു. അവസാനം കൊല്ലപ്പെടുകയും ചെയ്തു.

അഖൻഖൽ പർവതത്തിന്റെ പിന്നിൽ നിന്ന് മുശ്‌രിക്കുകൾ താഴ്‌വരയിലേക്ക് വന്നു. തലേന്ന് രാത്രി അവർ ഉറങ്ങിയിരുന്നില്ല. ആശങ്കയിലും മന:സംഘർഷത്തിലുമായിരുന്നു അവർ. യുദ്ധം വേണോ വേണ്ടയോ എന്ന വിചാരം അവരെ കൂടുതൽ ആത്മനീരസത്തിലാക്കി. ഉണർവില്ലാത്ത മനോഗതിയോടെയാണവർ പടക്കളത്തിലേക്ക് വന്നത്.

ഇതേ സമയം മുസ്‌ലിംകളുടെ കണ്ണിൽ ശത്രുക്കൾ വെറും ചെറിയ ഒരു സംഘമായിട്ടാണ് അനുഭവപ്പെട്ടത്. അബ്ദുല്ലാഹിബിൻ മസ്ഊദ് (റ) പറയുന്നു; “ബദ്ർ ദിനത്തിൽ അവരെ വെറും ഒരു ചെറിയ സംഘമായിട്ടാണ് തോന്നിയത്. ഞാൻ തന്നെ ഒരാളോട് ചോദിച്ചു . ‘അവർ ഒരു എഴുപത് പേരുണ്ടാകും അല്ലേ?’
‘നൂറ് പേരുണ്ടാകും എന്ന് തോന്നുന്നു’, അയാൾ മറുപടി പറഞ്ഞു “.
ഈ വിചാരത്തെ പരാമർശിച്ചുകൊണ്ട് വിശുദ്ധഖുർആൻ എട്ടാമധ്യായം അൻഫാലിലെ നാൽപ്പത്തിമൂന്ന്, നാൽപ്പത്തിനാല് സൂക്തങ്ങൾ അവതരിച്ചു. ആശയം ഇപ്രകാരമാണ്. “അവരെ (ശത്രുക്കളെ) അല്ലാഹു തങ്ങൾക്ക് തങ്ങളുടെ സ്വപ്നത്തില്‍ കുറച്ച് പേര്‍ മാത്രമായിക്കാണിച്ചു തന്നിരുന്ന രംഗം ഓര്‍ക്കുക. തങ്ങൾക്ക് അവരെ അധികമായി കാണിച്ചിരുന്നെങ്കില്‍ തങ്ങളുടെ ധൈര്യം കുറയുകയും, കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. നിങ്ങള്‍ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ദൃഷ്ടിയില്‍, നിങ്ങള്‍ക്ക് അവരെ അവന്‍ കുറച്ച് മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയില്‍ നിങ്ങളെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്ത രംഗം ഓര്‍ക്കുക. നടക്കേണ്ടതായ ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുവാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.”

ഇത്തരമൊരു പോർമുഖം രൂപപ്പെട്ടതിന്റെ ന്യായവും ഗതിയും വ്യക്തമാക്കുന്ന സൂക്‌തമാണ് മൂന്നാമധ്യായം ആലു ഇംറാനിലെ പതിമൂന്നാമത്തേത്. ആശയം ഇങ്ങനെ പകർത്താം. “ബദ്‌റില്‍ ഏറ്റുമുട്ടിയ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ, സത്യനിഷേധികളും. അവിശ്വാസികളുടെ ദൃഷ്ടിയില്‍ വിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്‌.”

ഈ സൂക്തങ്ങൾ പകർന്നു നൽകുന്ന കൗതുകകരമായ ഒരു ആശയമുണ്ട്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് പരസ്പരം ചെറിയ സംഘങ്ങളാണെന്നാണ് തോന്നിയത്. അത് രണ്ടു വിഭാഗവും ആത്മവിശ്വാസത്തോടെ നേരിടാൻ തയ്യാറാവാൻ വേണ്ടിയായിരുന്നു. അതേസമയം, പോരാട്ടം തുടങ്ങിയതോടെ നിജസ്ഥിതി വ്യക്തമായി.

അടർക്കളത്തിൽ സൈന്യങ്ങൾ അഭിമുഖമായപ്പോൾ നബി ﷺ പ്രാർഥനയിൽ മുഴുകി. “അല്ലാഹുവേ, നീ എന്നോട് ചെയ്ത വാഗ്ദാനം പാലിക്കേണമേ! അല്ലാഹുവേ, നിന്റെ സഹായം! നിന്റെ സഹായം! അവിടുത്തെ കൈകൾ ആകാശത്തേക്കുയർത്തി. അപ്പോൾ അവിടുത്തെ ചുമലിൽ നിന്ന് ഉത്തരീയം [ മേൽമുണ്ട് / ഷാൾ ] വീണു. നബി ﷺ അല്ലാഹുവിനോട് താണുകേണ് അപേക്ഷിക്കുന്നത് കണ്ട് സിദ്ദീഖ് (റ)ന് അനുകമ്പ തോന്നി. അപ്പോൾ മുത്തുനബിﷺയുടെ മേൽമുണ്ട് നേരെയാക്കി ചുമലിൽ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു. “അല്ലാഹുവിന്റെ തിരുദൂതരേﷺ! അവിടുത്തെ പ്രാർഥന മതിയാകും അല്ലാഹു ഏതായാലും സഹായിക്കുക തന്നെ ചെയ്യും.” മുത്ത് നബി ﷺ ക്ക് ആശ്വാസമായി. ഈ അവസരത്തിലാണ് വിശുദ്ധ ഖുർആൻ എട്ടാമധ്യായത്തിലെ ഒൻപതാം സൂക്തം അവതരിച്ചത്. അതിപ്രകാരം സന്ദേശം നൽകി. “തങ്ങള്‍ തങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ തങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അപ്പോള്‍ അല്ലാഹു തങ്ങള്‍ക്കു മറുപടി നല്‍കി.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-235/365

ശേഷം നബിﷺക്ക് ഒരു മയക്കം അനുഭവപ്പെട്ടു. തൂങ്ങിയുറങ്ങുന്നത് പോലെ അവിടുത്തെ ശിരസ്സ് ചാഞ്ഞു. ശേഷം ഉണർന്നു. തുടർന്ന് നബിﷺ പറഞ്ഞു : “അബൂബക്കറേ, സന്തോഷിച്ചോളൂ. താങ്കൾക്കല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു “.
കാര്യകാരണങ്ങളുമായി ബന്ധപ്പെട്ട നടപടികളൊക്കച്ചെയ്താലും അല്ലാഹുവിന്റെ നിശ്ചയവും ഔദാര്യവുമാണ് അടിസ്ഥാനം എന്ന പാഠമാണ് നബിﷺ പകർന്നു നൽകിയത്. അനുയായികളെ അണിയൊപ്പിച്ചു നിർത്തുമ്പോഴും പോരാട്ട വീര്യം പകർന്ന് പോരാളികളെ ഒരുക്കി നിർത്തുമ്പോഴും ആത്യന്തിക അവലംബം അല്ലാഹുവിന്റെ ഔദാര്യത്തിൽത്തന്നെയാണ്. അത് കൊണ്ടാണ് നബിﷺ നിരന്തരമായി പ്രാർഥനയിൽ വ്യാപൃതരായത്.

അങ്ങനെയിരിക്കെ, ഇസ്‌ലാമിന്റെ കഠിന ശത്രുവായ അസ്‌വദുൽ മഖ്സൂമി മുന്നോട്ട് വന്നു. ആകാരത്തിലും സ്വഭാവത്തിലും ഭീകരനും ഭീമനുമാണവൻ. ശപഥം ചെയ്തുകൊണ്ടവൻ ഇങ്ങനെ പറഞ്ഞു. “മുഹമ്മദിﷺന്റെ ഹൗളിൽനിന്ന് അഥവാ, ജലാശയത്തിൽ നിന്ന് ഞാൻ വെള്ളം കുടിക്കും. അല്ലെങ്കിൽ ഞാനത് പൊളിക്കും. അതുമല്ലെങ്കിൽ അതിന് വേണ്ടി ഞാൻ മരിക്കും.”

ഇവനെ ഇനി നേരിടാതെ നിർവാഹമില്ല. ശക്തനായ ഒരാൾ തന്നെ നേരിട്ടേ മതിയാകൂ. ഒട്ടും അമാന്തിച്ചില്ല ഹംസ (റ) മുന്നോട്ട് വന്നു. അസ്‌വദിനെ നേരിട്ടു. അഹങ്കാരം മൂത്തുവന്ന അവന്റെ കണങ്കാലിനു നേരെ വാൾ പയറ്റി. അവന്റെ കാൽ മുറിഞ്ഞ് തെറിച്ചു വന്ന് അവന്റെ മുത്കത്ത് പതിച്ചു. മുറിവിൽ നിന്ന് രക്തം ശക്തമായി ചീറ്റിക്കൊണ്ടിരുന്നു. പക്ഷേ, അവൻ അടങ്ങിയില്ല. മറുകാലിൽ ഇഴഞ്ഞു ഹൗളിന്റെ നേരെത്തന്നെ നീങ്ങി. ആ കാല് കൊണ്ട് ഹൗളിന്റെ ഒരു ഭാഗം തകർത്തു. അതിൽ നിന്ന് അൽപ്പം കുടിക്കുകയും ചെയ്തു. അപ്പോഴേക്കും ഹംസ (റ) അവനെ ഹൗളിലേക്ക് തന്നെ ഉന്തിയിട്ട് അവിടെക്കിടത്തി വകവരുത്തി.

ഇതേ ഹൗളിൽ നിന്ന് വെള്ളമെടുക്കാൻ വന്ന ഒരു സംഘത്തെ തടയരുതെന്ന് നേരത്തെ നബിﷺ പറഞ്ഞത് നാം വായിച്ചു. ഇപ്പോൾ ഈ വായിച്ചതുകൂടി ചേർത്തു പറയുമ്പോൾ ചില പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ആദ്യത്തെ സംഘം അവരുടെ അടിസ്ഥാന ആവശ്യത്തിന് വെള്ളമെടുക്കാൻ വന്നവരായിരുന്നു. അവരോട് കരുണാർദ്രമായി നബിﷺ സമീപിച്ചു. അവിടെ ശത്രുതയ്ക്കപ്പുറമുള്ള മനുഷ്യത്വം പരിഗണിച്ചു. ഇപ്പോൾ അഹങ്കാരത്തോടെ കയ്യേറ്റത്തിന് വന്നതാണ്. ഇവിടുത്തെ മൗനം ആത്മഹത്യാപരമായിരിക്കും. ശത്രുക്കളെ കൂടുതൽ അത് അഹങ്കാരികളാക്കും. അതനുവദിച്ചു കൂടാ. അപ്പോഴാണ് പ്രതിരോധം അനിവാര്യമായത്. ആ ദൗത്യമാണ് ഹംസ (റ) നിർവഹിച്ചത്.

ഒരർഥത്തിൽ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഒരു പോർമുഖം തുടങ്ങുന്നതിന് ചില രീതികളുണ്ട്. അറബികളുടെ രീതിയനുസരിച്ച് ഒരു ദ്വന്ദ്വയുദ്ധത്തോടെയാണ് ആരംഭം കുറിക്കുക. ഒന്നുകിൽ രണ്ട് ഭടന്മാർ നേരിട്ടോ അല്ലെങ്കിൽ രണ്ട് കുതിരപ്പടയാളികൾ അഭിമുഖമായിട്ടോ ആയിരിക്കും, നടത്തുക. അപ്രകാരം ഖുറൈശീ പക്ഷത്ത് നിന്ന് ഉത്ബതു ബിൻ റബീഅ: മുന്നോട്ടു വന്ന് ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. സഹോദരൻ ശൈബയുടെയും മകൻ വലീദിൻ്റെയുമിടയിൽ നിന്നാണദ്ദേഹം മുന്നോട്ടു വന്നത്.

യുദ്ധത്തിൽ നിന്ന് പിന്മാറി മക്കയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടയാളായിരുന്നു ഉത്ബ:. എന്നാൽ അയാൾ തന്നെയാണിവിടെ ആദ്യം വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. താൻ ഭീരുവല്ലെന്നും യുദ്ധത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞത് ഭീരുത്വത്തിന്റെ പേരിലല്ലെന്നും ബോധ്യപ്പെടുത്താനായിരിക്കണം ഉത്ബ തന്നെ മുന്നോട്ട് വന്നത്. പടത്തൊപ്പിയിലൊതുങ്ങാത്ത തല പുതപ്പു കൂടി ചേർത്തുകെട്ടി കവചമൊരുക്കിയാണയാൾ ധീരത കാണിച്ചത്.

ഖുറൈശികളുടെ വെല്ലുവിളി നേരിട്ടു കൊണ്ട് മൂന്ന് അൻസ്വാരി യുവാക്കൾ രംഗത്തു വന്നു. അബ്ദുല്ലാഹിബ്നു റവാഹ: (റ)യും ഹാരിസിൻ്റെ സന്താനങ്ങളായ ഔഫും (റ) മുഅവ്വിദു (റ)മായിരുന്നു ആ മൂന്നുപേർ. മുഅവ്വിദി (റ)ന്റെ സഹോദരൻ മുആദ (റ)ടക്കം മൂന്നു പേരും ഹാരിസിന്റെ മക്കൾ തന്നെയായിരുന്നു എന്ന ഒരഭിപ്രായവും ഉണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-236/365

അരങ്ങത്തേക്ക്‌ വന്ന അൻസ്വാറുകളോട് ഉത്ബ ചോദിച്ചു; “നിങ്ങളാരാണ് ?”
“ഞങ്ങൾ അൻസ്വാരികൾ! ”
” നിങ്ങളെ ഞങ്ങൾക്ക് വേണ്ട!”
അപ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു; “അല്ലയോ, മുഹമ്മദ് ! ﷺ.. നമ്മുടെ കൂട്ടത്തിൽ നിന്ന് കിടയൊത്തവരെ ഇങ്ങോട്ടയക്കൂ! ”
ഉടനെ നബി ﷺ അൻസ്വാരികളെ തിരിച്ചു വിളിച്ചു. ശേഷം പറഞ്ഞു; “അല്ലയോ , ഉബൈദാ.. ഹംസാ.. അലീ.. നിങ്ങൾ മുന്നോട്ട് ചെല്ലൂ…”
ഉടനെ ശത്രുപക്ഷത്ത് നിന്ന് ചോദ്യമുയർന്നു. “ആരൊക്കെയാണ് ?”
“ഹംസ..”
” ഉം.. ഹംസ, പിന്നെ ?”
” ഉബൈദ..”
” ഉം.. ഉബൈദ ”
” അലി..”
” ഉം.. അലി.
ഹാ! തരക്കേടില്ല നല്ല കിടയൊത്ത മാന്യന്മാർ…! ”

മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ് : “ഉത്ബ പറഞ്ഞു; ‘നിങ്ങൾ ആരൊക്കെയെന്ന് ഒന്ന് പരിചയപ്പെടുത്തൂ’. ഉടനെ ഹംസ (റ) പറഞ്ഞു. ‘ഞാൻ അല്ലാഹുവിന്റെയും തിരുദൂതരുﷺടെയും സിംഹം’. അലി (റ) പറഞ്ഞു. ‘ഞാൻ അല്ലാഹുവിന്റെ ദാസൻ, അല്ലാഹുവിന്റെ ദൂതരുﷺടെ സഹോദരൻ’. ‘ഞാൻ സഖ്യകക്ഷികളിൽ ഒരംഗം ‘ – ഉബൈദ (റ)യും പരിചയപ്പെടുത്തി.

ഹംസ (റ) ശൈബയെ നേരിട്ടു. അധികം വൈകിയില്ല. എതിരാളിയെ വകവരുത്തി. അലി (റ) വലീദുമായി പടവെട്ടി. അതും തീരുമാനമായി. വലീദ് കൊല്ലപ്പെട്ടു. ഉബൈദ (റ)യും ഉത്ബയും ശക്തമായ പോരാട്ടത്തിലായി. കൂട്ടത്തിൽ വയസ്സു കൂടുതലുള്ളയാളായിരുന്നു അദ്ദേഹം. ഏകദേശം അമ്പത്തിമൂന്ന് വയസ്സ് പ്രായം വരും. പക്ഷേ, ഉത്ബയെ വിട്ടില്ല. കൊണ്ടും കൊടുത്തും ധീരമായി നിലകൊണ്ടു. ഒടുവിൽ ഉബൈദ (റ)യുടെ കാലിന് ശക്തമായ ഒരു വെട്ടേറ്റു. മജ്ജ പുറത്ത് വന്നു. ഉടനെ അലി (റ)യും ഹംസ (റ)യും ഇടപെട്ടു. ഉത്ബയെ വകവരുത്തി. ഖുറൈശികളിൽ നിന്ന് ആദ്യം ദ്വന്ദ്വയുദ്ധത്തിനിറങ്ങിയ മൂന്നു പേരും കൊല്ലപ്പെട്ടു.

പരുക്കേറ്റ ഉബൈദത്തിനെ കൂട്ടുകാർ താങ്ങിയെടുത്ത് തമ്പിലെത്തിച്ചു. മുത്ത് നബി ﷺ യുടെ തിരുപാദങ്ങളിൽ മുഖമമർത്തി വിതുമ്പിക്കൊണ്ടദ്ദേഹം ചോദിച്ചു; “അല്ലയോ തിരുദൂതരേﷺ… ഞാൻ രക്തസാക്ഷിയാവില്ലേ?” നബി ﷺ പറഞ്ഞു; “താങ്കൾ രക്തസാക്ഷിയാണെന്ന് ഞാൻ ഉറപ്പ് നൽകുന്നു “. അപ്പോൾ തിരുപാദങ്ങൾ തലയിണയാക്കി അദ്ദേഹം ചൊല്ലി.
“വനുസ്‌ലിമുഹു ഹത്താ…”
“ഭാര്യ സന്താനങ്ങളെയൊക്കെ മറന്നാലും
ജീവൻ കൊടുത്തു നാം മോനെ രക്ഷിച്ചിടും”

തുടർന്നദ്ദേഹം പറഞ്ഞു. “ഇതു പാടിയ അബൂത്വാലിബ് ഈ രംഗം കണ്ടിരുന്നെങ്കിൽ അക്ഷരാർഥത്തിൽ ഞാനിതു നിർവഹിച്ചെന്നു മനസ്സിലാക്കുമായിരുന്നു “.

യുദ്ധാനന്തരമുള്ള മടക്കയാത്രയിൽ സ്വഫ്റാഇൽ വച്ച് മഹാനവർകൾ മരണപ്പെട്ടു. അവിടെത്തന്നെ മറമാടുകയും ചെയ്തു. മഹാനവർകളെയനുസ്മരിച്ചുകൊണ്ട് ഉസാസയുടെ മകൾ ഹിന്ദ് ഒരു വിലാപകാവ്യം ചൊല്ലി. തുടക്കം ഇങ്ങനെയാണ്.

“ലഖദ് ളമിന സ്സഫ്റാഉ മജ്ദൻ വ സൂദദാ…”

“സ്വഫ്റാഇ’ലണഞ്ഞല്ലോ പ്രൗഢിയും പ്രതാപവും
യുക്തിയും നേതൃത്വവും നന്മയും ഗുണങ്ങളും”

അലി (റ) പറഞ്ഞു. “അന്ത്യനാളിൽ അല്ലാഹുവിന്റെ സമക്ഷത്തിൽ തർക്ക പരിഹാരത്തിനായി മുട്ടുകുത്തിനിൽക്കുന്ന ആദ്യത്തെയാൾ ഞാനായിരിക്കും. ഞങ്ങളെക്കുറിച്ചാണ് ഈ സൂക്തം അവതരിച്ചത് “. ശേഷം, വിശുദ്ധ ഖുർആൻ ഇരുപത്തിരണ്ടാം അധ്യായം ‘സൂറതുൽ ഹജ്ജ് ‘ -ലെ പത്തൊൻപതാമത്തെ സൂക്തം പാരായണം ചെയ്തു. ആശയം ഇപ്രകാരമാണ്. “ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്‌. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌.” ഹംസ(റ), അലി(റ), ഉബൈദ:(റ) അടങ്ങുന്ന ഒരു വിഭാഗവും ഉത്ബ, ശൈബ, വലീദ് അടങ്ങുന്ന എതിർവിഭാഗവുമാണ് ഈ സൂക്തത്തിലെ കക്ഷികൾ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-237/365

നബി ﷺ വീണ്ടും സ്വഹാബികളെ അണിയൊപ്പിച്ചു. പോരാട്ട വീര്യം പകർന്നു നൽകി. ദ്വന്ദ്വയുദ്ധത്തിലെ വിജയം അനുയായികൾക്ക് ആവേശമായി. മുത്ത് നബി ﷺ വീണ്ടും നിർദേശങ്ങൾ ആവർത്തിച്ചു. “അകലെ നിന്ന് നിങ്ങൾ അമ്പെയ്യരുത്. കൃത്യമായ ലക്ഷ്യത്തിലേക്കേ അമ്പെയ്യാൻ പാടുള്ളൂ. ലക്ഷ്യത്തിൽ എത്തുമെങ്കിൽ മാത്രമേ അസ്ത്രപ്രയോഗം നടത്താവൂ. അമ്പുകൾ വെറുതെ നഷ്ടപ്പെടുത്തരുത്. ശത്രുക്കൾ വലയം ചെയ്താൽ മാത്രമേ ഉറയിൽ നിന്ന് വാളെടുക്കാൻ പാടുള്ളൂ.” ഒരിക്കൽക്കൂടി അവർക്ക് യുദ്ധവീര്യമുണർത്തി നബി ﷺ കുടിലിലേക്ക് മടങ്ങി.

ബദ്ർ രണഭൂമിയിൽ വാളൂരാതെ അണിയൊപ്പിച്ചു നിൽക്കുന്ന പ്രവാചകാനുയായികളെ നേരിൽക്കണ്ട രംഗം ഖഫ്ഫാഫ് ബിൻ ഈമാഅ നിവേദനം ചെയ്തതിങ്ങനെയാണ് : “ഒരാൾ മറ്റൊരാൾക്ക് പരിചയാകും വിധം അവർ അണിയൊപ്പിച്ചു നിന്നു. അവർ വില്ലുകളിലെ ഞാണുകൾ ചലിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ, ശത്രുപക്ഷം രംഗ പ്രവേശനം ചെയ്തതു തന്നെ ഊരിയ വാളുകൾ ഉയർത്തിയായിരുന്നു. ഈ രംഗം എന്നെ അദ്ഭുതപ്പെടുത്തി. ഞാൻ മുഹാജിറുകളിൽ ഒരാളോട് കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. ‘ശത്രുക്കൾ വലയം ചെയ്യുന്നത് വരെ ഉറയിൽ നിന്ന് വാൾ പുറത്തെടുക്കരുതെന്ന് അല്ലാഹുവിന്റെ ദൂതൻﷺ ഞങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് ‘.

ഉത്ബയുടെയും ശൈബയുടെയും വലീദിന്റെയും വിയോഗം ഖുറൈശികളെ ആശങ്കയിലാക്കി. അവർ ആശ്വാസത്തിന്റെ വഴികളാലോചിച്ചു. ഒടുവിൽ അവർ മുസ്‌ലിംകളോട് പറഞ്ഞു; ”ഞങ്ങൾക്ക് ലാത്തയും ഉസ്സയുമുണ്ട്. നിങ്ങൾക്ക് ലാത്തയോ ഉസ്സയോ ഇല്ലല്ലോ?” അപ്പോൾ മുസ്‌ലിം പക്ഷത്ത് നിന്ന് വിളിച്ചു പറഞ്ഞു. ”ഞങ്ങളുടെ രക്ഷകൻ അല്ലാഹുവാണ്. നിങ്ങൾക്കാരാണ് രക്ഷകൻ? നിങ്ങൾക്ക് രക്ഷകനില്ല! ഞങ്ങളിൽ നിന്ന് കൊല്ലപ്പെട്ടവർ സ്വർഗത്തിലാണ്. നിങ്ങളിൽ നിന്ന് കൊല്ലപ്പെട്ടവർ നരകത്തിലായിരിക്കും.”

നബി ﷺ കുടിലിൽത്തന്നെ പ്രാർഥനയിൽ മുഴുകി. അബൂബക്കർ (റ) ഒപ്പം തന്നെ കഴിഞ്ഞു കൂടി. “അല്ലാഹുവേ, നീ വാഗ്ദാനം ചെയ്തത് വേഗം തന്നെ പൂർത്തിയാക്കേണമേ!” എന്നായിരുന്നു മുത്ത് നബി ﷺ യുടെ പ്രാർഥന. അധികം വൈകിയില്ല. വാനലോകത്ത് നിന്ന് മലക്കുകൾ അവതരിക്കുന്ന വിവരം നബിﷺക്ക് ലഭിച്ചു. കുതിരയുടെ കടിഞ്ഞാൺ പിടിച്ചു കൊണ്ട് ജിബ്‌രീൽ (അ) ആഗതനായി. കുതിരയുടെ മുൻപല്ലുകൾക്കിടയിൽ പൊടിമണ്ണുകളുണ്ടായിരുന്നു.

ഇബ്നു അബ്ബാസ് (റ)ൻ്റെ ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. ബദ്ർ ദിവസത്തിൽ നബി ﷺ പറഞ്ഞു. “ഇതാ ജിബ്‌രീൽ (അ) കുതിരയുടെ ശിരസ്സ് പിടിച്ചിരിക്കുന്നു. അതിന്മേൽ ആയുധങ്ങളുമുണ്ട് “.

മലക്കുകളുടെ സാന്നിധ്യത്തോടെ മുസ്‌ലിം പക്ഷം കൂടുതൽ ഊർജസ്വലമായി. ശത്രുപക്ഷത്ത് ആശങ്കയും ആവലാതിയും പടർന്നു. അവരുടെ ദൃഷ്ടിയിൽ മുസ്‌ലിം പക്ഷത്തിന്റെ ശക്തി വർധിച്ചതായി അനുഭവപ്പെട്ടു. കിനാന വംശജനായ സുറാഖതിന്റെ രൂപത്തിൽ ഇബ്‌ലീസും മുശ്‌രിക്കുകളുടെ പക്ഷത്തുണ്ടായിരുന്നു. ഇബ്‌ലീസ് അവന്റെ പതാക വഹിക്കുകയും ജിന്നുകളിൽ നിന്ന് ഒരു പറ്റം അവനോടൊപ്പം കൂടുകയും ചെയ്തു.

ഇബ്‌ലീസ് അബൂജഹലിന്റെ സഹോദരൻ ഹാരിസ് ബിൻ ഹിശാമിന്റെ കൈ കോർത്ത് നിൽക്കുമ്പോഴാണ് ജിബ്‌രീൽ (അ) അവതരിക്കുന്ന കാഴ്ച അവൻ കണ്ടത്. ഉടൻ തന്നെ അവനും അനുയായികളും പിന്തിരിഞ്ഞോടി. അപ്പോൾ ഹാരിസ് ചോദിച്ചു. “അല്ല സുറാഖാ! നീ ഞങ്ങളുടെ പങ്കാളിയാണെന്നു പറഞ്ഞല്ലേ ഒപ്പം കൂടിയത്. ഇപ്പോഴെന്താ പിന്തിരിഞ്ഞോടുന്നത്?” അപ്പോഴവൻ പറഞ്ഞു. “ഞങ്ങൾ വേറെ വിഭാഗമാണ്. നിങ്ങളുടെ കൂട്ടക്കാരല്ല. നിങ്ങൾ കാണാത്ത പലതും ഞാൻ കാണുന്നുണ്ട്. സർവലോകപരിപാലകനായ പടച്ചവനെ എനിക്ക് പേടിയാണ്. അവന്റെ ശിക്ഷ അതികഠിനമാണ് അവൻ വിളിച്ചു പറഞ്ഞു.” ദൈവത്തിനാണെ! യസ്‌രിസിലെ വവ്വാലുകളെയല്ലാതെ ഞാൻ കാണുന്നില്ല എന്ന് പറഞ്ഞ് ഹാരിസ് അവനെ കെട്ടിപ്പിടിച്ചു. ഉടനെ ഇബ്‌ലീസ് ഹാരിസിന്റെ നെഞ്ചത്തൊരിടി കൊടുത്തു. അതോടെ ഹാരിസ് നിലംപതിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-238/365

ശേഷം ഇബ്‌ലീസ് അകലങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. അവൻ്റെ ചിന്തയിൽ അവന്റെ തന്നെ നിലനിൽപ്പിനെക്കുറിച്ചുള്ള ചില ചിന്തകൾ കടന്നു കൂടി. അല്ലാഹുവോട് അന്ത്യനാൾ വരെ ആയുസ്സ് നീട്ടിത്തരണമെന്നായിരുന്നു അവൻ ആവശ്യപ്പെട്ടത്. എന്നാൽ, ‘ഒരു നിശ്ചിത സമയം വരെ’ എന്നാണവന് അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിച്ചത്. ആ സമയം ആസന്നമായോ എന്നവൻ ഭയപ്പെട്ടു. ‘അവർ മലക്കുകളെ അഭിമുഖീകരിക്കുന്ന ദിവസം കുറ്റവാളികൾ ദുഃഖിതമായിരിക്കും’ എന്ന് പറയപ്പെട്ട സമയമായോ എന്നവൻ ആകുലപ്പെട്ടു.

ഖുറൈശികളാകെ അങ്കലാപ്പിലായി ! കൂടെ നിന്നു കരുത്തു നൽകിയ സുറാഖ: ഒരു പ്രതിസന്ധി ഘട്ടത്തിൽ പിന്തിരിഞ്ഞോടിയിരിക്കുന്നു. അവർ അറിയുന്നില്ലല്ലോ സുറാഖയുടെ രൂപത്തിൽ നിൽക്കുന്നത് പിശാചാണെന്ന്. അവനൊപ്പം ഒരു സംഘവും ഓടിപ്പോയി.

ഇടയിൽ വച്ച് മക്കയിലെത്തിയ ചില ഖുറൈശികൾ യഥാർഥ സുറാഖയെ അവിടെ വച്ച് കണ്ടുമുട്ടി. അവർ ചോദിച്ചു : “അല്ല സുറാഖാ , നീ കൂട്ടം തെറ്റിയോടി നമ്മുടെ സംഘത്തെ പരാജയത്തിലേക്ക് നയിച്ചു, അല്ലേ?”
സുറാഖ പറഞ്ഞു. “അല്ലാഹുവിനാണെ! ഞാൻ യുദ്ധത്തിലേക്കൊട്ടുവന്നിട്ടുമില്ല. നിങ്ങളുടെ കാര്യങ്ങളൊന്നുമറിഞ്ഞതുമില്ല.” പക്ഷേ, അതവർ അംഗീകരിച്ചില്ല. പിന്നീട് ഖുർആനിന്റെ പ്രസ്താവനയിലൂടെയാണ് ഇബ്‌ലീസ് അവർക്കൊപ്പം പങ്കെടുത്ത വിവരം അറിയുന്നത്. അന്നവർക്കൊപ്പം നിന്ന ഹാരിസടക്കം പലരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.

വസ്തുതകൾ ഇതായിരുന്നു. എന്നാൽ സുറാഖയുടെ രൂപമണിഞ്ഞ പിശാചും സംഘവും രംഗം വിട്ടയുടനെ അബൂജഹൽ അണികളെ പിടിച്ചു നിർത്താൻ ഒരു പ്രഭാഷണം നടത്തി. അവരെ യുദ്ധ മുഖത്ത് പിടിച്ചു നിർത്താനും ആവേശം പകർന്നു കൊടുക്കാനുമായിരുന്നു അത്. പ്രഭാഷണത്തിന്റെ സാരം ഇങ്ങനെ വായിക്കാം. “സുറാഖയുടെ പിന്മാറ്റത്തിൽ നിങ്ങൾ വഞ്ചിതരാകരുത്. അവൻ മുഹമ്മദിﷺനോടും അനുയായികളോടും ധാരണയിലായിരുന്നു. നാം മടങ്ങിച്ചെന്നാൽ അവനെയും കൂട്ടരെയും എന്ത് ചെയ്യണമെന്ന് നമുക്കറിയാം. അപ്പോഴവൻ മനസ്സിലാക്കിക്കൊള്ളും”.

“ഉത്ബയുടെയും ശൈബയുടെയും വലീദിന്റെയും വധത്തിൽ നിങ്ങൾ വഞ്ചിതരാകരുത്. അവർ തിരക്കുകൂട്ടിയതാണ് കാരണം. അൽപ്പം അഹങ്കാരവും അവരെപ്പിടികൂടിയിരുന്നു. ദൈവത്തിനാണെ സത്യം! മുഹമ്മദിﷺനെയും കൂട്ടരെയും കയറിൽ ബന്ധിക്കാതെ നമുക്ക് മടക്കമില്ല. നിങ്ങളാരും അവരിൽ ഒരാളെയും കൊന്നുകളയരുത്. മറിച്ച് അവരെ ജീവനോടെ പിടികൂടണം. നിങ്ങളുടെ മതത്തെ ഉപേക്ഷിക്കാനും പ്രപിതാക്കളുടെ ആരാധ്യവസ്തുക്കളെ നിരാകരിക്കാനും അവരെന്തൊക്കെയാണ് ചെയ്തു കൂട്ടിയത് എന്നവർക്ക് നാം കാണിച്ചു കൊടുക്കും.” – അബൂജഹ്ൽ തുടർന്നു.

ഈ സമയത്ത് മുസ്‌ലിം പക്ഷം പ്രതീക്ഷയുടെ ഉന്നതിയിൽത്തന്നെയാണ് നിലകൊണ്ടിരുന്നത്. പരിശുദ്ധ ഖുർആൻ അൻപത്തിനാലാം അധ്യായം അൽഖമർ നാൽപത്തിയഞ്ചാമത്തെ സൂക്തം പാരായണം ചെയ്ത് കൊണ്ട് നബി ﷺ ടെന്റിനു പുറത്തേക്കു വന്നു. സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്. “എന്നാൽ ആ സംഘം തോൽപ്പിക്കപ്പെടും. അവർ പിന്തിരിഞ്ഞോടുകയും ചെയ്യും.”

പടക്കളം ഉണർന്നു. രണ്ടു സൈന്യവും പൊരിഞ്ഞ പോരാട്ടത്തിലേക്ക് കടന്നു. അപ്പോൾ നൗഫൽ ബിൻ ഖുവൈലിദ് വിളിച്ചു പറഞ്ഞു. “അല്ലയോ ഖുറൈശികളേ! ഇത് അഭിമാനത്തിന്റെയും ഉയർച്ചയുടെയും ദിവസമാണ്. അല്ലയോ ഖുറൈശികളേ! സുറാഖയും സംഘവും നിങ്ങളെ വിട്ടുപോയത് നിങ്ങൾക്ക് ബോധ്യമുണ്ടല്ലോ? അത് കൊണ്ട് ഓരോ ചുവടും കൃത്യമായിരിക്കണം. ശത്രുക്കളെ ഉന്നം തെറ്റാതെ നേരിടണം. ലക്ഷ്യം തെറ്റാതെ വെട്ടണം. ഞാനുറപ്പിച്ചു പറയുന്നു; ദ്വന്ദ്വയുദ്ധത്തിൽ റബീഅയുടെ മക്കൾ അൽപ്പം ധൃതി കാണിച്ചു.”

ഈ ശബ്ദം കേട്ടപ്പോൾ നബിﷺ പ്രാർഥിച്ചു. “അല്ലാഹുവേ.. ഈ നൗഫലിനെ ഞങ്ങൾക്ക് നീ അധീനപ്പെടുത്തേണമേ!” യുദ്ധാനന്തരം അന്വേഷിച്ചപ്പോൾ അയാൾ അലി (റ)യുടെ കരങ്ങളാൽ കൊല്ലപ്പെട്ട വാർത്തയാണ് ലഭിച്ചത്. ഉടനെ നബിﷺ പറഞ്ഞു. ”അവന്റെ വിഷയത്തിൽ എന്റെ പ്രാർഥന സ്വീകരിച്ച അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-239/365

പടക്കളം സജീവമായി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. അതിനിടയിൽ നബിﷺ അലി (റ)യെ വിളിച്ചു പറഞ്ഞു. ”നിലത്ത് നിന്ന് ഒരു പിടി ചരൽ എനിക്കെടുത്ത് തരൂ..” അലി അൽപ്പം മണ്ണും ചരലും കൂടി വാരിക്കൊടുത്തു. “മുഖങ്ങൾ മ്ലാനമാകട്ടെ! അല്ലാഹുവേ, അവരുടെ ഹൃദയങ്ങളിൽ ഭീതിയും പാദങ്ങൾക്ക് പതർച്ചയും നൽകേണമേ!” എന്ന് പ്രാർഥിച്ചുകൊണ്ട് നബി ﷺ പിടിമണ്ണ് ശത്രുപക്ഷത്തേക്കെറിഞ്ഞു. ശേഷം, അനുയായികളോട് പോരാട്ടം ശക്തിപ്പെടുത്താൻ പ്രേരിപ്പിച്ചു. ഗത്യന്തരമില്ലാതെ ഒരു പോരാട്ടഭൂമിയിൽ പ്രതിരോധിക്കേണ്ടി വന്നതായിരുന്നു അവിടുന്ന്. മക്കയിൽ നിന്ന് ശാന്തമായി മദീനയിലേക്ക് പോന്നിട്ടും അവർ വിട്ടില്ലെന്ന് വന്നപ്പോഴാണ് മദീനയ്ക്കടുത്ത് വച്ച് അവരെ നേരിട്ടത്. മൂന്നിരട്ടിയിലേറെ സൈനികബലവും പതിൻമടങ്ങ് ആയുധശക്തിയുമുള്ള ഒരു സംഘത്തെ നേരിടുമ്പോഴും അവർ പിന്തിരിഞ്ഞുപോകാനും യുദ്ധം വേഗം അവസാനിക്കാനുമാണ് അവിടുത്തെ പ്രാർഥന.

നബിﷺ വലിച്ചെറിഞ്ഞ മണ്ണ് കണ്ണിൽ പതിക്കാതെ ഒരാളും ശത്രു പക്ഷത്ത് ബാക്കിയായില്ല. അതുമൂലം അന്ധത ബാധിച്ചത് പോലെ അവർ പിന്തിരിഞ്ഞോടി. മുസ്‌ലിംകൾ അവരെ വിട്ടില്ല. അവരെ പിന്തുടർന്നു. ചിലരെ വധിക്കുകയും മറ്റുചിലരെ ബന്ദിയാക്കുകയും ചെയ്തു.

ഇസ്‌ലാമിന്റെ എതിർച്ചേരിയിൽ ബദ്റിൽ പങ്കെടുത്ത് ശേഷം മുസ്‌ലിമായ ആളാണ് ഹകീമുബിൻ ഹിസാം. അദ്ദേഹത്തോടൊരിക്കൽ ബദ്ർ ദിവസത്തെക്കുറിച്ചു ചോദിച്ചു. പ്രയാധിക്യത്താൽ പ്രത്യേകിച്ചൊന്നും പറയാൻ അദ്ദേഹം മുതിർന്നില്ല. പക്ഷേ, ഒരിക്കൽ നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു. “ഞങ്ങൾ മുഖാമുഖമെത്തി പോരാട്ടം നടത്തി. അപ്പോഴതാ പാത്രത്തിൽ ചരൽ കല്ലുകൾ വീഴുന്നത് പോലെ ആകാശത്ത് നിന്ന് ഒരു ശബ്ദം ഭൂമിയിൽ വന്ന് പതിക്കുന്നത് കേൾക്കുന്നു ! നബിﷺ ഒരു പിടി മണ്ണെടുത്ത് ഞങ്ങൾക്ക് നേരേ എറിഞ്ഞു. ഞങ്ങൾ പരാജിതരായി “.
“ഇത്തരമൊരു ശബ്ദം ഞങ്ങളുടെ ഹൃദയത്തിലും പിൻഭാഗത്തും കേട്ടതോടെ ഞങ്ങൾ പേടിച്ച് പിന്തിരിഞ്ഞോടി” എന്നാണ് നൗഫൽ ബിൻ മുആവിയതുദ്ദൈലി പറഞ്ഞത്.

നബിﷺ പിടിമണ്ണെറിഞ്ഞ സംഭവം പരിശുദ്ധ ഖുർആൻ എട്ടാമധ്യായം അൽ അൻഫാലിലെ പതിനേഴാം സൂക്തം പരാമർശിക്കുന്നതിങ്ങനെയാണ്. “യഥാർഥത്തിൽ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. തങ്ങൾ എറിഞ്ഞപ്പോള്‍ യഥാർഥത്തില്‍ എറിഞ്ഞത് തങ്ങളല്ല, അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ ‎വേർത്തിരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.”

ഈ സംഭവം വ്യക്തമായ ഒരു മുഅ്ജിസത് അഥവാ മുത്ത് നബിﷺയിൽ അദ്ഭുതകരമായി ഉണ്ടായതാണ്.‎ ഒരുപിടി മണ്ണ് ഒരു സൈന്യത്തിനു നേരെയെറിഞ്ഞപ്പോൾ എല്ലാവരിലും അത് പതിച്ചു. അവർ പിന്തിരിഞ്ഞോടി. ഭൗതികമായ കാരണങ്ങളെയും മാനങ്ങളെയും പരിഗണിച്ചു ക്രമീകരിക്കുമ്പോഴും അതെല്ലാം കേവലം നിമിത്തങ്ങൾ മാത്രമാണ്. യഥാർഥത്തിൽ എല്ലാം പരമാധികാരത്തോടെ നടപ്പിലാക്കുന്നവൻ അല്ലാഹു മാത്രമാണ്. അതുകൊണ്ട് എല്ലായ്പ്പോഴും അവനെക്കുറിച്ചുള്ള വിചാരവും അവനിലേക്കുള്ള അവലംബവും അനിവാര്യമാണ്. മുത്ത് നബിﷺയുടെ സൈനിക നീക്കത്തിലടക്കം ഈ ആശയമാണ് മുഴുത്തു നിൽക്കുന്നത്.

നബിﷺയുടെ ഏറിനെ അല്ലാഹുവിന്റെ ഏറ് എന്നാണ് ഖുർആൻ പ്രയോഗിക്കുന്നത്. ആലങ്കാരികമായ ഇത്തരം പ്രയോഗങ്ങളെ അതിൻ്റെ ആത്മാവറിഞ്ഞ് മനസ്സിലാക്കാൻ നമുക്ക് കഴിയണം. ഒരു ദാനത്തെ അത് പ്രത്യക്ഷത്തിൽ നിർവഹിച്ച ദാതാവിനോടും യഥാർഥത്തിൽ നൽകിയ രക്ഷിതാവിനോടും ചേർത്തു പറയാം. രണ്ടും രണ്ടർഥത്തിലും പരികൽപ്പനയിലുമാണെന്ന് നമുക്ക് തിരിച്ചറിയാനാവണം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ദമ്പതികൾക്ക് സന്താനമുണ്ടായില്ല. ഒരു ഡോക്ടറെ സമീപിച്ചു. അയാൾ ചില മരുന്നുകൾ നിർദേശിച്ചു. അതുപയോഗിച്ചു കഴിഞ്ഞപ്പോൾ സന്താനം ജനിച്ചു. ദമ്പതികൾ ഒരിക്കൽ പറഞ്ഞു ; “ഞങ്ങൾക്ക് ഇത്ര വർഷങ്ങൾക്ക് ശേഷം കുഞ്ഞിനെ തന്ന അല്ലാഹുവിന് നന്ദി “.
ഡോക്ടറെ പരിചയപ്പെടുത്തിയപ്പോൾ അവർ പറഞ്ഞു ; “ഞങ്ങൾക്ക് ഈ മോനെത്തന്നത് ആ ഡോക്ടറാണ് “. മറ്റൊരിക്കൽ അവർ ആ മരുന്നിനെ പരിചയപ്പെടുത്തിപ്പറഞ്ഞു; “ഈ മരുന്നാണ് ഞങ്ങളുടെ സ്വപ്നത്തിന് ചിറക് തന്നത്, ഈ മോനെ പ്രദാനം ചെയ്തത് “.
മൂന്ന് ഉത്തരങ്ങളും ശരിയാണ്. ആദ്യത്തേത് ആത്യന്തികമായ വസ്തുതയാണ്. രണ്ടും മൂന്നും പ്രസ്താവനകൾ കാരണങ്ങളിലേക്ക് ചേർത്തുകൊണ്ടുള്ള പ്രയോഗങ്ങളാണ്. അതിൽ അബദ്ധമോ അല്ലാഹുവിനോട് പങ്കുചേർക്കലോ അപാകം വന്നു ചേരലോ ഒന്നുമില്ല. കേവലം അക്ഷരങ്ങളിൽ നിന്ന് മാത്രം മതത്തെയും ഖുർആനിനെയും വായിക്കുമ്പോഴാണ് പ്രശ്നം.

നമുക്ക് ബദ്റിലേക്ക് തന്നെ മടങ്ങാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-240/365

മുത്ത് നബിﷺയുടെ നിർദേശപ്രകാരം അനുയായികൾ ആവേശപൂർവം അടർക്കളത്തിൽ നിലയുറപ്പിച്ചു. ‘അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെടുക; അതുവഴി അനന്തമായ സ്വർഗസന്തോഷങ്ങൾ നേടുക’. ഇക്കാര്യം അവർക്ക് കൂടുതൽ ആവേശം പകർന്നു. ‘അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടുക എന്നൊരു കടമ്പയല്ലേയുള്ളൂ സ്വർഗത്തിലേക്ക്. പടക്കളത്തിൻ്റെ ചാരെ ഞാനിനിയെന്തിനധികം കാത്തു നിൽക്കണം ?’ സ്വഹാബികളിൽ പലരും ഇങ്ങനെ ചിന്തിച്ചു. ഇനിയൊരു നിമിഷവും വൈകരുതെന്നു കരുതി ചുണ്ടോടടുപ്പിച്ച പാനീയങ്ങൾ പോലും അവർ അവഗണിച്ചു. ഇനിയൊരു നിമിഷം വൈകിയാലും അത് സ്വർഗത്തിലെത്താനുള്ള വൈകലായിരിക്കും എന്നവർ വിലയിരുത്തി.

വിശുദ്ധ ഖുർആനിലെ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റിമുപ്പത്തിമൂന്നാമത്തെ സൂക്തം പകർന്നു നൽകുന്ന ഊർജം ഒന്നു നോക്കൂ. “നിങ്ങളുടെ പരിപാലകനിൽ നിന്നുള്ള പാപമോചനവും ‎ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും ‎നേടാനായി നിങ്ങള്‍ അതിവേഗം മുന്നോട്ടുവരുക. ‎ഭക്തിയുള്ളവർക്ക് വേണ്ടി തയ്യാറാക്കിയതാണത്.” ഇത് കേട്ടതും ‘കടിച്ച കാരക്ക മാറ്റി വച്ച് ,ഇതു പൂർത്തിയാകാൻ കാത്തു നിൽക്കുന്നതും ഒരു നീണ്ട സമയമായിരിക്കും’ എന്നവരാലോചിച്ചു. ‘ഉമൈറുബിൻ അൽ ഹുമാം’ പിന്നെ വൈകിയില്ല. അപ്പോഴദ്ദേഹം ഈണം പിടിച്ചവരികൾ ഇപ്രകാരമാണ്.
” റക്ളൻ ഇലല്ലാഹി ബി ഗൈരി സാദി….
…………………. …………………. ……………
…………….. …………………. ……………….
ഗൈരിത്തുഖാ വൽ ബിർരി വർറശാദി.”

(പാഥേയമൊന്നും കരുതാതിറങ്ങി ഞാൻ
അല്ലാവിൻ മാർഗത്തിലെല്ലാം സമർപ്പിച്ചു.
പരലോക കർമവും ഭക്തിയുമൊപ്പമായ്
സഹനവുമേറ്റു ഞാൻ പോരാട്ട ഭൂവിൽ
എല്ലാ കരുതലും തീർന്നു പോയീടുമേ
‘ഭക്തിയും നന്മയും ധർമവുമല്ലാതെ’.)

പടക്കളത്തിൽ നിന്ന് സ്വർഗം അനുഭവിച്ചതിന്റെ ശോഭനമായൊരു ചിത്രം കൂടി നോക്കൂ. ‘ഹാരിസത് ബിൻ സുറാഖ’ -യുടെ മുഖത്ത് നോക്കി തിരുനബി ﷺ ചോദിച്ചു; “എന്താണിപ്പോൾ നിന്റെയവസ്ഥ.?”
“തീർച്ചയായും ഞാൻ അല്ലാഹുവിൽ ഉറച്ചു വിശ്വസിക്കുന്നവനായിരിക്കുന്നു “.
“നീ പറയുന്നതിന്റെ ശരിയായ അർഥമെന്താണെന്ന് നിനക്കറിയുമോ ? ഓരോന്നിനും ആത്യന്തികമായ ഒരു പൊരുളുണ്ട്. നിൻ്റെ വിശ്വാസത്തിന്റെ അന്തസ്സത്തയെന്താണ്?” നബി ﷺ വീണ്ടും ചോദിച്ചു.
അപ്പോൾ ഹാരിസയിങ്ങനെ പറഞ്ഞു : “അല്ലാഹുവിന്റെ തിരുദൂതരേ, ﷺ! ഈ ഭൗതികതയെ ഞാൻ പരിത്യജിച്ചു. ഉറക്കമില്ലാത്ത രാത്രികൾ, വ്രതാനുഷ്ഠാനത്തിൻ്റെ പകലുകൾ. അല്ലാഹുവിന്റെ സിംഹാസനവും സ്വർഗവാസികളുടെ പരസ്പര സന്ദർശനങ്ങളും, നരകവാസികളുടെ രോദനങ്ങളും ഞാൻ നോക്കിക്കാണുന്നതുപോലെ..”
“ശരി, നീ ദർശിച്ചിരിക്കുന്നു. അല്ലാഹു ഹൃദയത്തിൽ വിശ്വാസം ഉണർത്തിയ വ്യക്തിയാണ് നീ “. നബി ﷺ പ്രതികരിച്ചു. ഉടനെ ഹാരിസ അപേക്ഷിച്ചു ; “എനിക്ക് രക്തസാക്ഷിത്വം ലഭിക്കാൻ വേണ്ടി അവിടുന്ന് പ്രാർഥിച്ചാലും “. നബി ﷺ അത് സ്വീകരിച്ചു.

പ്രാർഥന പുലർന്നു. അൻസ്വാറുകളിൽ നിന്ന് അഥവാ മദീനക്കാരിൽനിന്ന് ബദ്റിൽ ആദ്യം കൊല്ലപ്പെട്ടത് ഹാരിസയായിരുന്നു. ജീവജലം കുടിച്ചു കൊണ്ടിരിക്കെ, ശത്രുവിന്റെ അസ്ത്രമേറ്റാണ് വധിക്കപ്പെട്ടത്. യുദ്ധാനന്തരം മദീനയിലെത്തിയ മുത്ത് നബി ﷺ യോട് ഹാരിസയുടെ മാതാവ് ചോദിച്ചു. “അല്ലാഹുവിന്റെ ദൂതരേ, ﷺ എന്റെ മകൻ ഹാരിസ എന്റെ ഹൃത്തടത്തിന്റെ അംശമാണെന്ന് അവിടുത്തേക്കറിയാമല്ലോ! അവനെയോർത്ത് കരയാനൊരുങ്ങിയപ്പോൾ അവിടുത്തോട് ചോദിച്ചിട്ടാകാമെന്ന് കരുതി. അവൻ സ്വർഗത്തിലാണെങ്കിൽ എനിക്ക് ദുഃഖമില്ല. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കാത്തു ഞാൻ ക്ഷമിക്കും. അവൻ നരകാവകാശിയാണെങ്കിൽ കരയാതെ എന്തു ചെയ്യാൻ? എൻ്റെ ആയുസ്സുള്ളിടത്തോളം ഞാൻ കരഞ്ഞു കൊണ്ടേയിരിക്കും.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Leave a Reply