The biography of Prophet Muhammad – Month 9

Admin March 13, 2023 No Comments

The biography of Prophet Muhammad – Month 9

Mahabba Campaign Part-241/365

ഹാരിസ(റ)യുടെ മാതാവിനോട് നബി‎ﷺ ഇപ്രകാരം പ്രതികരിച്ചു : “നിങ്ങൾക്ക് നാശം! സ്വർഗം ഒന്നല്ല; ഒരു പാട് സ്വർഗങ്ങളുണ്ട്. അതിൽ ഏറ്റവും ഉന്നതമായത് ഫിർദൗസാണ്. അതിലാണ് ഹാരിസ: ഉണ്ടാവുക “. ആനന്ദത്തോടെ ചിരിച്ചു കൊണ്ട് മാതാവ് തിരിച്ചു പോയി.

സീറതുൽ ഹലബിയിൽ ഇങ്ങനെയൊരു അനുബന്ധം കൂടിയുണ്ട്. “നബി‎ﷺ ഒരു പാത്രം വെള്ളം ആവശ്യപ്പെട്ടു. അതിൽ അവിടുത്തെ തൃക്കരങ്ങൾ താഴ്ത്തി വച്ചു. ശേഷം, അതിലേക്ക് വെള്ളം കൊപ്ളിച്ചു. ആ വെള്ളം ഹാരിസ (റ)യുടെ മാതാവിനു നൽകി. അവർ അതിൽ നിന്നു പാനം ചെയ്തു. ശേഷം സഹോദരിക്ക് നൽകി. അവരും അതിൽ നിന്നു പാനം ചെയ്തു. തുടർന്ന് നബി‎ﷺ യുടെ നിർദേശ പ്രകാരം രണ്ടു പേരുടെയും വസ്ത്രത്തിൽ ആ വെള്ളം തളിച്ചു. അവർ ഏറെ സന്തോഷവതികളായി. അന്ന് മദീനയിൽ അവരെപ്പോലെ സന്തുഷ്ടർ വേറെയില്ലാതെയായി “.

പടക്കളത്തിൽ പ്രവാചകാനുയായികൾ ഏറ്റെടുത്ത ആവേശത്തിന്റെ ഒരു പരാമർശം ഇങ്ങനെ കൂടി നമുക്ക് വായിക്കാം : “അഫ്റാഇന്റെ മകൻ ഔഫ് ബിൻ അൽഹാരിസ് (റ) നബി ﷺ യോട് ചോദിച്ചു ; ‘അല്ലാഹുവിന്റെ ദൂതരേﷺ! അടിമ എന്തു ചെയ്താലാണ് അല്ലാഹു ഏറെ സന്തോഷിക്കുക?’ നബി ﷺ പറഞ്ഞു ; ‘പടച്ചട്ടയില്ലാതെ ശത്രുക്കളിൽ കൈ വയ്ക്കുമ്പോൾ , അഥവാ നേരിടുമ്പോൾ’.

ഔഫ്(റ) തന്റെ പടയങ്കി ഊരിമാറ്റി. പടവാളുയർത്തി പോർക്കളത്തിലിറങ്ങി. രക്തസാക്ഷിയായി “.
ബദ്ർ ധീരയോദ്ധാക്കളുടെ വിലാസങ്ങൾ അടയാളപ്പെടുത്തി. വാചകത്തിനപ്പുറം ജീവാർപ്പണത്തിന്റെ പ്രായോഗിക രംഗങ്ങൾക്ക് സാക്ഷിയായി. തുല്യതയില്ലാത്ത സമർപ്പണത്തിന്റെയും വിശ്വാസ ദാർഢ്യതയുടെയും മുന്നിൽ വിജയ സമവാക്യങ്ങൾ മാറ്റിയെഴുതി. അതിജീവനത്തിന്റെ പുതിയ ആയുധങ്ങളെ ലോകം പരിചയപ്പെട്ടു. ചെറുപ്പക്കാരനായ അലി (റ) മാത്രം ഇരുപത്തിരണ്ട് ശത്രുക്കളെയാണ് വകവരുത്തിയത്.

ധൈര്യവും സാഹസികതയും അവതരിപ്പിച്ച് ബദ്റിൽ അദ്ഭുതങ്ങൾ കാഴ്ച വച്ച നേതാവായിരുന്നു മുത്തുനബിﷺയുടെ പിതൃവ്യനായ ഹംസ (റ). അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) പറയുന്നു; “ശത്രുക്കളിൽ നിന്ന് ബന്ധിയായി പിടിക്കപ്പെട്ട ഉമയ്യത് ഖലഫ് ചോദിച്ചു. ‘നിങ്ങളുടെ കൂട്ടത്തിൽ ഒട്ടകപ്പക്ഷിയുടെ തൂവൽ കൊണ്ട് മാറത്ത് അടയാളം വച്ചയാൾ ആരായിരുന്നു?’ ‘അബ്ദുൽ മുത്വലിബിന്റെ മകൻ ഹംസ (റ)യാണത്. ഞാൻ പറഞ്ഞു’. ‘അയാളാണ് ഞങ്ങളെ ഇങ്ങനെയൊക്കെയാക്കിക്കളഞ്ഞത്’. ഉമയ്യ തിരിച്ചു പറഞ്ഞു “.

ഹംസ (റ)യുമായി ബന്ധപ്പെട്ട ഒരനുഭവം അലി.(റ) പങ്കുവച്ചതിങ്ങനെയാണ് : “ബദ്റിൻ്റെ ദിവസം ഉച്ചയ്ക്ക് ശേഷം സൈനിക നിരകൾ കൂടിക്കലർന്നു. ഞാനവരിൽ ഒരാളുടെ പിന്നിൽക്കൂടി. അപ്പോഴതാ, സഅ്ദ് ബിൻ ഖൈസമ (റ)യും ഒരു ശത്രുവും മണൽക്കുന്നിന്മേൽ ഏറ്റുമുട്ടുന്നു. ശത്രുവിന്റെ വെട്ടേറ്റ് സഅ്ദ് (റ) കൊല്ലപ്പെട്ടു. ഉരുക്കു കവചമണിഞ്ഞ് കുതിരപ്പുറത്തിരുന്ന ശത്രു എന്നെത്തിരിച്ചറിഞ്ഞു. ഉടനെ അവൻ കുതിരപ്പുറത്തുനിന്ന് ചാടിയിറങ്ങി. അവന് തിരിച്ചറിയാൻ അടയാളമുണ്ടായിരുന്നെങ്കിലും എനിക്കവനെ മനസ്സിലായില്ല. അവനെന്നെ വിളിച്ചു – ‘അബൂത്വാലിബിൻ്റെ മോനേ, ദ്വന്ദ്വ യുദ്ധത്തിന് വരൂ’. എന്നിട്ടവൻ എനിക്ക് നേരെ വന്നു. ഞാൻ നീളം കുറഞ്ഞയാളാണല്ലോ? ഞാനൽപ്പം പിന്നോട്ട് നീങ്ങി. കാരണം, അവൻ എന്നെക്കാൾ ഉയരത്തിലാവാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. അവൻ ചോദിച്ചു. ‘അല്ല , അബൂത്വാലിബിൻ്റെ മോനേ, നീ ഓടുകയാണോ?’
‘കീഴ്ചുണ്ട് കീറിയവളുടെ മോനേ, ഞാൻ അടുത്ത സ്ഥലത്തേക്കാണ് നീങ്ങുന്നത് ‘ എന്ന് ഞാൻ അവനുത്തരം നൽകി.

അവനെനിക്കു നേരെ വന്നതും ഞാൻ ചുവടുകൾ ഉറപ്പിച്ചു. അവൻ മൂന്നോട്ടാഞ്ഞ് എന്നെ വെട്ടി. ഞാൻ പരിച കൊണ്ട് തടുത്തതും അവന്റെ വാൾ നിലത്ത് വീണു. ഞാനവന്റെ ചുമലിൽ വെട്ടിയപ്പോഴേക്കും അവനൊന്നു പിടച്ചു. പടയങ്കിയിൽത്തട്ടി എന്റെ വാൾ പൊട്ടി. എന്റെ വെട്ടിൽ അവന്റെ കഥ കഴിയുമെന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പോഴതാ പെട്ടെന്നെന്റെ പിന്നിൽ നിന്നൊരു മിന്നൽ. ‘ഇതാ പിടിച്ചോ ! ഞാൻ അബ്ദുൽ മുത്വലിബിന്റെ മോനാ’ – എന്ന് പറഞ്ഞുകൊണ്ടൊരു വാൾ. ഞാൻ തലവെട്ടിച്ചു താഴ്ത്തി. അതാ ആ വാൾപ്പതിച്ച് എൻ്റെ ശത്രുവിന്റെ പടത്തൊപ്പിയടക്കം തലപിളർന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മറ്റാരുമായിരുന്നില്ല ഹംസ (റ)യായിരുന്നു അത് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-242/365

ഉമയ്യത്ത് ബിൻ ഖലഫ് അന്വേഷിച്ച മറ്റൊരാളായിരുന്നു അബൂദുജാന: (റ). സമ്മാക്ക് ബിൻ ഖർഷ എന്നാണ് പൂർണനാമം. അബ്ദുറഹ്മാൻ ബിൻ ഔഫി(റ)നോട് ഉമയ്യ ചോദിച്ചു; “നീളം കുറഞ്ഞ് വണ്ണമുള്ള, ചുവന്ന തലപ്പാവ് ചിഹ്നമായി സ്വീകരിച്ചയാൾ ആരാണ് ?”
” അത് അൻസ്വാരികളിൽപ്പെട്ട സമ്മാക്ക് ബിൻ ഖർഷയാണ് “. ഇബ്നു ഔഫ്(റ) പറഞ്ഞു. ഉടനെ ഉമയ്യ പറഞ്ഞു; “അയാളെക്കൊണ്ട് കൂടിയാണ് ഞങ്ങൾ അറുക്കപ്പെട്ട മൃഗങ്ങളെപ്പോലെയായത് “. അബൂദുജാന(റ) പോരാടി തോൽപ്പിച്ചു വധിച്ചു കളഞ്ഞത് എട്ട് പേരെയായിരുന്നു. അക്കൂട്ടത്തിൽ ഒരു രംഗം ഇങ്ങനെ വായിക്കാം.

“ഖുറൈശികളേ.., പുതിയ മതവുമായി വന്ന് സമൂഹത്തെ രണ്ടായിപ്പിളർന്ന മുഹമ്മദിﷺനെപ്പിടികൂടുക. ആ വ്യക്തി രക്ഷപ്പെട്ടാൽപ്പിന്നെ ഞാനെങ്ങനെ ജയിച്ചു എന്ന് പറയും “. ഇങ്ങനെ വിളിച്ചുകൊണ്ടൊരാൾ രംഗത്ത് വന്നു. ആസിം അബൂ ഔഫ് എന്നായിരുന്നു അവന്റെ പേര്. ചെന്നായയെപ്പോലെ ചീറി വന്ന അവനെ അബൂദുജാന: (റ) നേരിട്ടു. ശക്തമായ പോരാട്ടത്തിനൊടുവിൽ ആസിം നിലംപതിച്ചു. അവന്റെ ശരീരത്തുണ്ടായിരുന്ന വസ്തുക്കൾ അഥവാ ‘സലബ്’ ഊരിയെടുത്തു. സലബ് എതിരാളിയെ പരാജയപ്പെടുത്തിയവനുള്ള അവകാശമാണ്. അപ്പോഴതാ അടുത്തുകൂടിക്കടന്നു പോയ ഉമർ ബിൻ ഖത്വാബ് (റ) പറഞ്ഞു. “ആ സലബ് ഇപ്പോഴങ്ങ് വിട്ടേക്കൂ.. ശത്രുക്കൾ പരാജയപ്പെട്ടാൽ നിങ്ങൾ തന്നെയാണതിന്റെ അവകാശി. ഞാനതിന് സാക്ഷിയാണ് “. ഈ സന്ദർഭത്തിൽ മഅ്ബദ് ബിൻ വഹബ് മുന്നോട്ട് വന്ന് അബൂ ദുജാന(റ)യെ കടന്നു വെട്ടി. പെട്ടെന്നദ്ദേഹം ഒന്നു മുട്ടുകുത്തിപ്പോയി. ഉടനെത്തന്നെ ചാടിപ്പിടഞ്ഞ് മഅ്ബദിനെ വെട്ടിവീഴ്ത്തി; അവനെ വകവരുത്തി. അവന്റെ സലബ് അധീനപ്പെടുത്തി.

ഇമാം ബൂസ്വൂരി(റ)യുടെ “മാസാല യൽഖാഹുമു….” എന്ന വരിയെ ഓർമപ്പെടുത്തുന്ന രംഗമാണ് സ്വഹാബികൾ കാഴ്ചവച്ചത്. കവിതയുടെ ആശയം ഇപ്രകാരമാണ്. ‘പടക്കളങ്ങളിലെല്ലാം അവർ പൊരുതി, ഏതു പോലെയെന്നാൽ ഇറച്ചിക്കഷണങ്ങൾ മാംസ വില്പനക്കാരന്റെ പലകയിൽ തറച്ചിട്ടതുപോലെ, ശത്രുക്കളെ പരാജയപ്പെടുത്തി.’

ബദ്ർ പോരാട്ട ഭൂമിയിൽ നിന്ന് തെളിഞ്ഞുവരുന്ന മറ്റൊരു ചിത്രമാണ് സുബൈർ ബിനുൽ അവ്വാമി(റ)ന്റേത്. അദ്ദേഹത്തിന്റെ ശരീരത്തിൽ സംഭവിച്ച മുറിവുകൾ കൈകൾ പ്രവേശിക്കാൻ മാത്രം ആഴമുള്ളതായിരുന്നുവത്രെ. അദ്ദേഹം തന്നെ ഒരനുഭവം പങ്കുവയ്ക്കുന്നതിങ്ങനെയാണ് : “ഉബൈദത് ബിൻ സഈദ് അൽ ആസ്വി എന്നയാളെ ഞാൻ ബദ്റിൽ വച്ച് കണ്ടുമുട്ടി. ഞാൻ ദാതുൽ കിർശിന്റെ പിതാവാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നു. കണ്ണുകളൊഴികെ മുഴുവൻ ഭാഗവും കവചം തീർക്കുന്ന പടയങ്കിയുമണിഞ്ഞ് വലിയ ഉദരമുള്ള രോഗിണിയായ ഒരു പെൺകുഞ്ഞിനെയും ചുമന്നു കൊണ്ടാണവൻ വന്നത്. ഞാനെൻ്റെ കൈവശമുള്ള ഇരുമ്പു കമ്പി കൊണ്ട്‌ അവന്റെ കണ്ണിൽ ഒരു കുത്ത് കൊടുത്തു. അതോടെ അവൻ നിലംപതിച്ചു. അവന്റെ കവിളിൽച്ചവിട്ടി ഞാനതൂരിയെടുത്തു. അതിന്റെ രണ്ട് മുനയും ഒടിഞ്ഞിട്ടുണ്ടായിരുന്നു “.

പടക്കളത്തിന്റെ രീതിശാസ്ത്രം ശത്രുവിന്റെ ഏത് കുതന്ത്രത്തെയും മറികടന്ന് അവനെ തോൽപ്പിക്കുക എന്നത് തന്നെയാണല്ലോ? ധീരതയും അതിജീവനവും അടയാളപ്പെടുത്താനുള്ള പോർക്കളത്തിൽ വിനയവും അനുകമ്പയുമല്ലല്ലോ കാണിക്കേണ്ടത്?
യുദ്ധം ഒഴിവാക്കാനുള്ള എല്ലാ പോംവഴികളും അടഞ്ഞപ്പോഴാണ് ചെറുത്തു നിൽപ്പിനു വേണ്ടിയുള്ള സായുധ നീക്കത്തിന് ബദ്ർ സാക്ഷിയായത് എന്ന ആമുഖത്തോട് കൂടിവേണം ഈ അധ്യായങ്ങൾ വായിച്ചു പോകാൻ.

ഏതായാലും പോരാട്ടഭൂമിയിൽ ശത്രുവിൻ്റെ തന്ത്രവും കവചവും ഭേദിച്ച ആ വടി നബി‎ﷺ ആവശ്യപ്പെട്ടതിനാൽ അവിടുത്തേക്ക് നൽകി. അവിടുത്തെ തിരുവിയോഗാനന്തരം അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ) എന്നിവർക്ക് കൈമാറിക്കൈമാറി ലഭിച്ചു. ഉസ്മാൻ (റ) വധിക്കപ്പെട്ട ശേഷം അലി (റ)യുടെ കുടുംബത്തിന് ലഭിച്ച വടി അവരിൽ നിന്ന് അബ്ദുല്ലാഹിബിൻ സുബൈർ (റ) ചോദിച്ചു വാങ്ങി. കൊല്ലപ്പെടുന്നത് വരെ അദ്ദേഹം അത് പരിപാലിച്ചു കൊണ്ടു നടന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-243/365

പോരാട്ടഭൂമിയിൽ വീരചരിതം അടയാളപ്പെടുത്തിയ നിരവധി മഹാരഥന്മാരെ ബദ്ർ അവതരിപ്പിച്ചു. അതിൽ വേറിട്ട ഒരു രംഗം ഇങ്ങനെയാണ്. പടക്കളത്തിൽ നിന്ന് മൂന്ന് ശിരസ്സുകൾ കൈകളിലേന്തി അബൂബുർദ: (റ) എന്ന സ്വഹാബി നബി‎ﷺയുടെ മുന്നിലെത്തി. എന്നിട്ട് പറഞ്ഞു, “അല്ലാഹുവിന്റെ ദൂതരേﷺ.,
ഇതിൽ രണ്ട് ശിരസ്സുകൾ ഞാൻ നേരിട്ട് വകവരുത്തിയവരുടേതാണ്. വെളുത്ത് അതികായനായൊരാൾ മറ്റൊരാളെ നേരിടുന്നതും അതോടെ അവന്റെ ശിരസ്സ് നിലത്ത് ഉരുളുന്നതും കണ്ടു. അതാണ് മൂന്നാമത്തേത് “. അപ്പോൾ നബി‎ﷺ പറഞ്ഞു; “ആ വെളുത്തയാൾ മലക്കുകളിൽപ്പെട്ടയൊരാളാണ് “.

ഈ രംഗം ഒന്നു സങ്കൽപ്പിച്ചു നോക്കൂ. എത്രമാത്രം ഉയർന്ന ധീരതയുണ്ടെങ്കിലേ ഇതൊക്കെ അതിജീവിക്കാനും മറികടക്കാനും സാധിക്കൂ ! ആധ്യാത്മികതയുടെ ഉന്നതിയിൽ പരിപാലിക്കപ്പെടുന്ന ശിഷ്യഗണങ്ങളെ അനിവാര്യഘട്ടത്തിൽ ശക്തരായ തേരാളികളാക്കി മാറ്റിയ ഒരു മഹാദ്ഭുതത്തിന്റെ കാഴ്ചകളാണിത്.

ഉറ്റവരും ഉടയവരും എന്തിനേറെ, ജന്മം നൽകിയ പിതാവ് പോലും അല്ലാഹുവും അവന്റെ തിരുദൂതരും കഴിഞ്ഞിട്ടേയുള്ളൂ എന്ന് പ്രായോഗികമായി സ്വഹാബികൾ ബദ്റിൽ വച്ച് തെളിയിച്ചു. അതിൽ അബൂഉബൈദ (റ)യുടെ നിലപാട് ഏറെ പ്രസിദ്ധമാണ്. അബൂ ഉബൈദ (റ) പടക്കളത്തിൽ സധൈര്യം ചുവടുകൾ വച്ചു. ശത്രുക്കൾ അതു കണ്ട് അകന്നുമാറി. പക്ഷേ, ഒരാൾ മാത്രം നേരിടാൻ മുന്നോട്ട് വന്നു. എന്നാൽ അദ്ദേഹത്തെ നേരിടാതെ അബൂ ഉബൈദ (റ) ഒഴിഞ്ഞു മാറി. പല പ്രാവശ്യം ഇതാവർത്തിച്ചു. അബൂഉബൈദ (റ)യ്ക്ക് ഇതൊരു തടസ്സമായി. ഇദ്ദേഹത്തെ ഒട്ടു നേരിടാനും വയ്യ. ഇദ്ദേഹം തടയുന്നതിനാൽ മറുള്ളവരുടെ പിന്നാലെക്കൂടാനും വയ്യ. ഒടുവിൽ അബൂഉബെദ (റ)യുടെ വാൾ ഈ തടസ്സം നിൽക്കുന്ന ആളുടെ തലയിലേക്ക് പതിഞ്ഞു. തല പിളർന്നു നിലംപതിച്ചു. യഥാർഥത്തിൽ അബൂ ഉബൈദ (റ) വകവരുത്തിയത് സ്വന്തം പിതാവിനെത്തന്നെയായിരുന്നു. ആദർശവും പിതാവും രണ്ടു ദിശയിലായപ്പോൾ ആദർശത്തിന് പ്രാമുഖ്യം നൽകിയതിന്റെ തുല്യതയില്ലാത്ത ഉദാഹരണമാണ് നാമീ വായിച്ചത്.

സ്വഹാബിയുടെ ഈ നിലപാടിനെ പരാമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ അൻപത്തിയെട്ടാമത്തെയധ്യായം ഇരുപത്തിരണ്ടാം സൂക്തം പറയുന്നതിങ്ങനെയാണ് : “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വച്ചുപുലര്‍ത്തുന്നവരോട് സ്നേഹബന്ധം സ്ഥാപിക്കുന്നതായി തങ്ങൾക്ക് കാണാനാവില്ല. ആ വിരോധം വച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍ നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ ശക്തരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിൽ അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍”

ഉമർ (റ)വിനും സമാനമായ ഒരുനുഭവം പങ്കുവയ്ക്കാനുണ്ട്. അദ്ദേഹം തന്റെ അമ്മാവൻ ആസ്വ് ബിൻ വാഇലിനെ ബദ്റിൽ വച്ച് വക വരുത്തി. ചിലപ്പോൾ അതഭിമാനമായിത്തന്നെ ഉമർ (റ) എടുത്തു പറഞ്ഞു.

ഒരിക്കൽ ഉമർ സഈദ് ബിൻ ഹിഷാമിൻ്റെ സമീപത്ത് കൂടിക്കടന്നുപോയി. അപ്പോഴദ്ദേഹം മുഖം തിരിച്ചു കളഞ്ഞു. ഉടനെ ഉമർ (റ) ചോദിച്ചു; “നിൻ്റെ പിതാവിനെ ബദ്റിൽ വച്ച് വധിച്ചത് ഞാനാണെന്ന ധാരണയിലാണോ നീയെന്നോട് നീരസം കാണിക്കുന്നത് ? എന്നാൽ എനിക്കെന്റെ അമ്മാവൻ ആസ്വ്ബിൻ ഹിഷാമിനെയാണ് വധിക്കേണ്ടി വന്നത്. പിന്നെ നിന്റെ ഉപ്പ. അദ്ദേഹത്തിന്റെ അടുത്തുകൂടി ഞാനൊന്ന് കടന്നുപോയി. അപ്പോഴദ്ദേഹം കിടന്ന് മുക്രയിടുകയായിരുന്നു. ഞാനങ്ങ് തിരിഞ്ഞു പോയി. തന്റെ പിതൃവ്യ പുത്രൻ അലി (റ)യായിരുന്നു അദ്ദേഹത്തെ നേരിട്ട് വധിച്ചത് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-244/365

ബദ്ർ യുദ്ധഭൂമിയിൽ വീര ചരിത്രം രചിച്ച മഹാരഥന്മാരിൽ മുന്നിൽത്തന്നെയുണ്ടായിരുന്നു അബൂബക്കറും (റ). മഹാനവർകളുടെ നിലപാടുകളിലെ ധീരതയെ അടയാളപ്പെടുത്തുന്ന ഒരവലോകനം ഇങ്ങനെ വായിക്കാം : “ഒരിക്കൽ പ്രഭാഷണമധ്യേ , അലി (റ) അനുവാചകരോട് ചോദിച്ചു; ‘പ്രിയപ്പെട്ട ജനങ്ങളേ, ജനങ്ങളിൽ ഏറ്റവും വലിയ ധീരൻ ആരാണ് ?’ അനുവാചകർ പറഞ്ഞു : ‘താങ്കൾ തന്നെയാണ് ‘. അലി (റ) പ്രതികരിച്ചു; ‘എന്നോട് ദ്വന്ദ്വയുദ്ധത്തിനു വന്ന ഒരാളെയും ഞാൻ വെറുതെ വിട്ടിട്ടില്ല. അത് ശരിയാണ്. പക്ഷേ, ഏറ്റവും ധീരൻ ഞാനല്ല. അബൂബക്കർ (റ)ആണ്. കാരണം, ബദ്റിൽ നബി‎ﷺക്ക് ഇരുന്ന് യുദ്ധം നിയന്ത്രിക്കാൻ ഞങ്ങൾ ഒരു കൂരയുണ്ടാക്കി. പിന്നെ ഞങ്ങൾ കൂടിയാലോചിച്ചു ശത്രുക്കളായ മുശ്‌രിക്കുകൾ തങ്ങളെ ലക്ഷ്യം വച്ചാൽ പ്രതിരോധിക്കാൻ നബിﷺക്ക് സുരക്ഷാഭടനായി ആരാണ് നിൽക്കുക ? അല്ലാഹു സത്യം! അതിന് ഞങ്ങൾക്കാർക്കും ധൈര്യം വന്നില്ല. ഊരിപ്പിടിച്ച വാളുമായി അബൂബക്കർ (റ) മുന്നോട്ട് വന്നു. മുത്ത് നബിﷺയുടെ ശിരസ്സിന്റെ ഭാഗത്ത് നിലയുറപ്പിച്ചു. നബിﷺയെ ശത്രുക്കളാരെങ്കിലും ഉന്നം വയ്ക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു കൊണ്ടിരുന്നു. അദ്ദേഹമാണ് ഏറ്റവും വലിയ ധീരൻ’.
എന്നിട്ട് അലി (റ) തുടർന്നു. നബിﷺ മക്കയിൽ കഴിയുന്ന കാലത്ത് ശത്രുക്കൾ നബിﷺയെപ്പിടികൂടിയ രംഗം എനിക്കോർമയുണ്ട്. അവർ പലവിധ ആക്രമണങ്ങളുമായി അവിടുത്തെ നേരിട്ടപ്പോൾ അവരുടെ അടുത്തേക്ക് ചെല്ലാൻ ഞങ്ങൾക്കാർക്കും കഴിഞ്ഞില്ല. അവിടെയും അബൂബക്കർ (റ) ഒറ്റയ്ക്കു നേരിട്ടു കടന്നുചെന്നു. എന്നിട്ട് വിളിച്ചു ചോദിച്ചു : ‘എന്റെ സ്രഷ്ടാവ് ഏകനാണ് എന്ന് പറഞ്ഞതിന് നിങ്ങൾ ആ വ്യക്തിയെ കൊല്ലുകയാണോ? നിങ്ങൾക്ക് നാശം!’ എന്നിട്ടവർക്ക് കൊടുത്തും അവരെ
തടുത്തും മുത്തുനബിﷺയെ സംരക്ഷിച്ചു “.

ഇത്രയും പറഞ്ഞ ശേഷം അണിഞ്ഞിരുന്ന സ്വന്തം തട്ടമെടുത്ത് പൊത്തിപ്പിടിച്ചുകൊണ്ട് അലി (റ) കരയാൻ തുടങ്ങി. അവിടുത്തെ കണ്ണുനീർ താടിരോമത്തിലൂടെ ഉറ്റിവീഴാൻ തുടങ്ങി. ഇടയിലൂടെ സദസ്സിനോട് ചോദിച്ചു. “അല്ലാഹുവിനെ സാക്ഷിയാക്കി ഞാൻ നിങ്ങളോട് ചോദിക്കട്ടെ ! ഫറോവയുടെ കുടുംബത്തിലെ വിശ്വാസിയാണോ അതല്ല, അബൂബക്കറാണോ (റ) ഉത്തമൻ.?”

സദസ്സ് മൗനം പാലിച്ചു. ഉടനെ അലി (റ) തുടർന്നു. “അല്ലാഹു സത്യം! അബൂബക്കറി (റ)ന്റെ അൽപ്പസമയം ഫറോവ കുടുംബത്തിലെ വിശ്വാസിയുടെ ഭൂമി നിറയെയുള്ള കർമത്തെക്കാൾ ശ്രേഷ്ഠമാണ്. കാരണം, അവർ രഹസ്യമായിട്ടാണ് കർമാനുഷ്ഠാനങ്ങൾ നടത്തിയത്. അബൂബക്കർ (റ) സ്വന്തം വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്തത് “.

അബൂബക്കറി (റ)ന്റെ മകൻ അബ്ദുറഹ്മാൻ ബദ്ർ യുദ്ധത്തിൽ ശത്രുപക്ഷത്തായിരുന്നു. അന്നദ്ദേഹത്തിന്റെ പേര് അബ്ദുൽ കഅ്ബ എന്നായിരുന്നു. പിൽക്കാലത്ത് നബിﷺയാണ് അബ്ദുൽ റഹ്മാൻ എന്ന് നാമകരണം ചെയ്തത്. അദ്ദേഹം ഉന്നം പിഴയ്ക്കാത്ത അമ്പെയ്ത്തുകാരനും ധീരനുമായിരുന്നു.

ബദ്റിലെ അനുഭവം അദ്ദേഹം പിൽക്കാലത്ത് പറഞ്ഞതിങ്ങനെയാണ് : “ഞാൻ മുസ്‌ലിമായ ശേഷം ഉപ്പയോട് ഒരിക്കൽ പറഞ്ഞു. ‘ബദ്ർ ദിനത്തിൽ പല പ്രാവശ്യം താങ്കൾ എന്റെ മുന്നിൽപ്പെട്ടിരുന്നു. ഞാനപ്പോഴെല്ലാം താങ്കളെ വിട്ടു തിരിഞ്ഞുകളഞ്ഞതാണ് ‘. അപ്പോൾ ഉപ്പ പറഞ്ഞു. ‘നിന്നെയെനിക്ക് പാകത്തിന് കിട്ടിയിരുന്നെങ്കിൽ, ഞാൻ വിട്ടുകളയില്ലായിരുന്നു ‘ എന്ന് “.

ഇതാണ് സിദീഖ്(റ). ഇതാണ് അബൂബക്കറി (റ)ന്റെ ആശയവും നിലപാടും. അല്ലാഹുവും അവൻ്റെ ദൂതരുംﷺ ആദർശവും അതിനപ്പുറമൊന്നുമില്ലായിരുന്നു മഹാനവർകൾക്ക്. ഒരു നിവേദനം കൂടി വായിക്കാനുണ്ട്. അതിപ്രകാരമാണ് : ‘ബദ്ർ ദിനത്തിൽ ശത്രുപക്ഷത്തു നിന്ന് അബ്ദുറഹ്മാൻ ദ്വന്ദ്വയുദ്ധത്തിന് പോർവിളി നടത്തി. കേട്ടമാത്രയിൽ അബൂബക്കർ (റ) സ്വന്തം മകനെ നേരിടാൻ ആയുധമെടുത്തിറങ്ങി. ഉടനെ നബിﷺ ഇടപെട്ടു പിന്തിരിപ്പിച്ചു. എന്നിട്ട് പറഞ്ഞു; ‘ഇപ്പോൾ നിങ്ങൾ ഇവിടെയിരുന്ന് നിങ്ങളുടെ സാമീപ്യം കൊണ്ടെന്നെ സന്തോഷിപ്പിക്കൂ. താങ്കൾക്കറിയാമല്ലോ! താങ്കൾ എന്റെ കണ്ണും കാതുമാണ് ‘.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-245/365

അബൂബക്കർ (റ) അതംഗീകരിച്ചു. മുത്ത്നബിﷺയും സിദ്ദീഖും (റ) തമ്മിലുള്ള അനുരാഗത്തിന്റെയും ആത്മബന്ധത്തിന്റെയും ഒരു ധന്യ മുഹൂർത്തമായിരുന്നു അത്.

അനുയായികളെ ആവേശം നൽകി പടക്കളത്തിലിറക്കി ആത്മരക്ഷ പാലിച്ച നേതാവായിരുന്നില്ല തിരുനബി ‎ﷺ. പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും ധീരതയോടെ രംഗത്തിറങ്ങിയത് തിരുനബി ‎ﷺ തന്നെയായിരുന്നു. അലി (റ) പറയുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ട് രംഗം പ്രക്ഷുബ്ദ്ധമായാൽ ഞങ്ങൾ നബി ‎ﷺ യെ സമീപിക്കും. അവിടുത്തെ മുന്നിൽ നിർത്തി ഞങ്ങൾ കാവൽ തേടും. അപ്പോൾ ശത്രുക്കളോട് ഏറ്റവും അടുത്ത് നിൽക്കുന്നത് നബി ‎ﷺ തന്നെയായിരിക്കും. ബദ്റിൻ്റെയും ചിലഘട്ടങ്ങളിൽ അങ്ങനെയായിരുന്നു. ശത്രുക്കളോട് ഏറ്റവുമടുത്ത് നിന്ന് അവരെ അഭിമുഖീകരിച്ചത് അവിടുന്ന് തന്നെയായിരുന്നു. അവിടുത്തെ ആകാരവും ആത്മധൈര്യവും ചേർത്ത് കൊണ്ടെഴുതിയ ഒരു കവിതാശകലം ഇങ്ങനെയാണ്.

“ലഹു വജ്ഹുൽ ഹിലാലി ലിനിസ്ഫി ശഹ് രി
(തിരുമുഖശോഭയിൽ പൂർണേന്ദു തോൽക്കുന്നു)

വ അജ്ഫാനും മുകഹ്ഹലതും ബി സിഹിരി
(വശ്യമാം സുറുമയണിഞ്ഞ നേത്രങ്ങളും)

വ ഇൻദൽ ഇബ്തിസാമി കലൈലി ബദ്‌രി
(മെല്ലെച്ചിരിച്ചാലോ നിശയിലെ ‘ബദ്റ്’ പോൽ)

വ ഇൻദൽ ഇൻതിഖാമി ക യൗമി ബദ്‌രി”
(പോരട്ടമായാലോ ‘ബദ്‌റി’ലെ പകലുപോൽ)

മുത്ത് നബിﷺയുടെ മന്ദസ്മിതം ബദ്‌റാകുന്ന ചന്ദ്രന്റെ നിലാവ് പോലെയും, ബദ്റ് രണാങ്കണം അവിടുത്തെ ധൈര്യത്തിന്റെ പ്രതീകം പോലെയുമാണെന്ന് സാരം.

പടക്കളത്തിലെ തത്സമയ സംപ്രേഷണത്തിലേക്ക് ഒരിക്കൽക്കൂടി നമുക്ക് സഞ്ചരിക്കാം.
മുസ്‌ലിം സൈന്യം ശക്തമായി മുന്നേറി. ശത്രുപാളയത്തിൽ വിള്ളലുകൾ വീണു. നിരവധി അംഗങ്ങൾ വധിക്കപ്പെട്ടു. അതോടെ മുശ്‌രിക്കുകളുടെ നേതാവായ അബൂജഹലിന്റെ കാര്യം അങ്കലാപ്പിലായിത്തുടങ്ങി. അയാളുടെ കുടുംബക്കാരായ മഖ്സൂമികൾ അയാൾക്ക് പ്രത്യേക സംരക്ഷണമൊരുക്കി. അവർ തന്നെയൊത്തുകൂടി വലയം തീർത്ത് അയാളെ നടുവിൽ നിർത്തി.
അതോടൊപ്പം ഒരു തന്ത്രം കൂടി ആവിഷ്ക്കരിച്ചു. അപ്രകാരം അബൂജഹലിന്റെ പടയങ്കി അബ്ദുല്ലാഹി ബിൻ മുൻദിരിനെ അണിയിച്ചു. അബ്ദുല്ലയെ കണ്ടുമുട്ടിയപ്പോൾ അബൂജഹലാണെന്ന് കരുതി അലി (റ) നേരിട്ടു ചെന്നു. ഞാൻ അബ്ദുൽ മുത്വലിബിന്റെ മകനാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ആഞ്ഞൊരു വെട്ടു കൊടുത്തു. അതോടെ അവൻ നിലംപതിച്ചു. അവൻ്റെ കഥകഴിഞ്ഞു. അതോടെ മഖ്സൂമികൾ ആ പടയങ്കിയഴിച്ച് അബൂ ഖൈസ് ബിൻ ഫാകിഹ് ബിൻ അൽ മുഗീറ:യ്ക്ക് അണിയിച്ച് കൊടുത്തു. അധികം വൈകിയില്ല. അബൂജഹലാണിതെന്ന് കരുതി ഹംസ (റ) അയാളുടെ പിന്നാലെക്കൂടി. ‘ഞാൻ അബ്ദുൽ മുത്വലിബിൻ്റെ മകനാണ്. ഇതാ പിടിച്ചോ’ എന്ന് പറഞ്ഞുകൊണ്ട് ആഞ്ഞൊരു വെട്ടുകൊടുത്തു. അവനും നിലംപൊത്തി. പിന്നീടാ പടയങ്കിയണിഞ്ഞത് ഹർമലതുബിൻ ഉമറായിരുന്നു. അലി (റ)വിന്റെ കരങ്ങളാൽ അവനും കൊല്ലപ്പെട്ടു. ഇനിയാ പടയങ്കി ഖാലിദ് ബിൻ അഹ്‌ലമിനെ ധരിപ്പിക്കാൻ മഖ്സൂമികൾ ശ്രമിച്ചു. പക്ഷേ, അദ്ദേഹം അതിനു കൂട്ടാക്കിയില്ല.
ഇത്രയുമാക്കെയായിട്ടും അബൂജഹൽ തൻ്റെ കുടുംബക്കാരുടെ സുരക്ഷാവലയത്തിനുള്ളിൽ നീങ്ങുകയാണ്. മുആദ് ബിൻ അംറ് ബിൻ അൽ ജമൂഹ് പറയുന്നു; “മരക്കൂട്ടം പോലെ ഒരു സംഘത്തിന്റെ നടുവിൽ അബൂജഹലിനെ ഞാൻ കണ്ടു. അബൂജഹലിനോട് ആർക്കും അടുക്കാൻ കഴിയില്ലെന്ന് മഖ്സൂമികൾ പറഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ഞാൻ ആത്മഗതം ചെയ്തു. അല്ലാഹു സത്യം! ഞാനവന്റെ അടുത്തെത്തും. അവനു മുന്നിൽ ഞാൻ മരിക്കും. ഞാനങ്ങനെ തക്കം പാർത്തുനിന്നു. സുരക്ഷാ വലയം അൽപ്പം അശ്രദ്ധയിലാണെന്ന് കണ്ടപ്പോൾ ഞാൻ നുഴഞ്ഞുകയറി. അവന്റെ കാലിൽ ഒരു വെട്ടു കൊടുത്തു. കണങ്കാൽ മുറിഞ്ഞു തെറിച്ചു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-246/365

അപ്പോഴേക്കും അബൂജഹലിന്റെ മകൻ ഇക്’രിമ വന്ന് എന്റെ ചുമലിൽ വെട്ടി. എന്റെ കൈ മുറിഞ്ഞു തൂങ്ങി. അതു വലിച്ചിഴച്ചുകൊണ്ട് ഞാൻ വീണ്ടും പോരാടിക്കൊണ്ടിരുന്നു. തൂങ്ങിയാടുന്ന കൈ ഒരു ഭാരമായപ്പോൾ കാൽ കൊണ്ട് ചവിട്ടിപ്പിടിച്ചു വലിച്ച് അത് വേർപ്പെടുത്തി. പിന്നെയും ഞാൻ ഇക്’രിമയെ പടക്കളത്തിൽ വച്ചു കണ്ടുമുട്ടിയപ്പോൾ അയാൾ ഓടി മാറിക്കളഞ്ഞു. അവനെ വകവരുത്താൻ എന്റെ കൈ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു. മുആദ് ബിൻഅംറി(റ)ന്റെ മുറിഞ്ഞു മാറിയ ഈ കൈ ഉമിനീർ പുരട്ടി നബി‎ﷺ ചേർത്തു വച്ചു കൊടുത്തതായി ചില നിവേദനങ്ങൾ പരാമർശിക്കുന്നുണ്ട്.

യുദ്ധാനന്തരം അബൂജഹലിന്റെ വാൾ നബി ﷺ മുആദിന് നൽകി. ബദ്റിന് ശേഷം പല പോരാട്ടങ്ങളിലും പങ്കെടുത്ത അദ്ദേഹം ഉസ്മാൻ(റ)വിൻ്റെ കാലത്താണ് വിയോഗം തേടിയത്.

തുല്യതയില്ലാത്ത ആത്മാർപ്പണത്തിൻ്റെ നേർച്ചിത്രമാണ് ബദ്റിൽ നിന്ന് നാം കണ്ടത്. ആദർശത്തിന്റെ ആത്മവീര്യം ഭൗതികമായ മാനങ്ങളെ എങ്ങനെയാണ് അപ്രസക്തമാക്കിയത് എന്നാണ് ചരിത്രം സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഉത്തമമായ ഒരു വിശ്വാസത്തെ നെഞ്ചിലേറ്റിയപ്പോൾ ശരീരത്തിന്റെ നോവും നൊമ്പരവും മറന്നു പോയ നിമിഷങ്ങൾക്കൂടിയാണിത്. കഥയോ കാൽപ്പനികതയോ അല്ല, കലർപ്പില്ലാത്ത ചരിത്ര സംഭവമാണ്. ഇതൊന്നു കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ.

അബൂജഹലിന്റെ അന്ത്യത്തെക്കുറിച്ച് മറ്റൊരു നിവേദനം ഇങ്ങനെയും കാണാം : – അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) പറയുന്നു. ബദ്റിലെ സൈനിക നിരയിൽ ഞാനും അണി ചേർന്നു. എന്റെ ഇരുവശത്തുമായി തൊട്ടടുത്തുള്ളത് കൗമാര പ്രായക്കാരായ രണ്ട് ചെറുപ്പക്കാരാണ്. ചെറിയവരായതുകൊണ്ട് തന്നെ അവരുടെ വാളുകൾ അവർ കഴുത്തിലാണ് കെട്ടിത്തൂക്കിയിട്ടുള്ളത്. ഞാനാലോചിച്ചു, ഞാനീ ചെറിയ മക്കളുടെ ഇടയിലായിപ്പോയല്ലോ? കുറച്ചുകൂടി വലിയവരുടെ അടുത്തായിരുന്നെങ്കിൽ ഞാനൊന്നു കൂടി സുരക്ഷിതനായിരുന്നേനെ. അങ്ങനെ നിൽക്കുമ്പോഴതാ അവരിൽ ഒരാൾ എന്നെത്തോണ്ടി വിളിച്ചിട്ടു ചോദിച്ചു. “യാ അമ്മ്‌.. അല്ല എളാപ്പാ, അബൂജഹലിനെ നിങ്ങൾക്കറിയാമോ?” ഞാൻ പറഞ്ഞു; “അറിയാം. എന്തിനാണ് ? അവനെ അറിഞ്ഞിട്ട് നിനക്കെന്ത് ചെയ്യാനാ?”
ഉടനെ ആ ചെറുപ്പക്കാരൻ പറഞ്ഞു. “അവൻ അല്ലാഹുവിന്റെ തിരുദൂതരെﷺ ആക്ഷേപിക്കുന്നവനാണെന്ന് ഞാനറിഞ്ഞു. അതുകൊണ്ട് എന്റെ ഉടമസ്ഥനായ അല്ലാഹു സത്യം! അവനെ ഞാൻ കണ്ടുമുട്ടിയാൽ അവനോ ഞാനോ മരണപ്പെട്ടിട്ടേ ഞാൻ പിൻമാറുകയുള്ളൂ.. ഒന്നുകിൽ അവന്റെ കഥ ഞാൻ കഴിക്കും. അല്ലെങ്കിൽ, അവനു മുന്നിൽ ഞാൻ കൊല്ലപ്പെടും. ഇത് ഞാൻ അല്ലാഹുവിനെ മുൻനിർത്തി ചെയ്ത കരാറാണ്.” ഞാനാകെ ആശ്ചര്യപ്പെട്ടു! അപ്പോഴതാ അടുത്തയാളും ഇതേ വീര്യത്തിലും വികാരത്തിലുമാണ് സംസാരിക്കുന്നത്. അപ്പോഴെനിക്ക് അഭിമാനം തോന്നി. രണ്ട് പർവതങ്ങൾക്കിടയിലാണല്ലോ നിൽക്കുന്നതെന്ന് ഞാൻ വിചാരിച്ചു.

അപ്പോഴതാ പരിവാരങ്ങൾക്ക് നടുവിൽ അബൂജഹൽ. ഞാൻ അവനെ ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു; “അതാ, അവനാണ് നിങ്ങൾ അന്വേഷിക്കുന്ന ആൾ “. പിന്നെ അവർ അവനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. കിട്ടിയ പഴുതിൽ അവർ അവന്റെ മുന്നിൽച്ചാടി വീണു. അവനെ വെട്ടി നിലത്തിട്ടു. ഹാരിസിന്റെ മക്കളായ മുഅവ്വിദും (റ) മുആദുമായിരുന്നു (റ) ആ ചെറുപ്പക്കാർ.

അംറിന്റെ മകൻ മുആദ് (റ) അബൂജഹലിന്റെ കാലിനു വെട്ടി. ഹാരിസിന്റെ മക്കൾ അവനെ നിലംപരിശാക്കി വകവരുത്തി. അന്ത്യശ്വാസം വലിച്ചപ്പോൾ അവന്റെ ശിരസ്സ് മുറിച്ചു മാറ്റിയത് അബ്ദുല്ലാഹിബിൻ മസ്ഊദാ(റ)യിരുന്നു.

അഹങ്കാരത്തിന്റെ ആൾരൂപം എങ്ങനെയാണ് അന്ത്യം വരിച്ചത് എന്നാണ് നാം അറിഞ്ഞത്. ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇസ്‌ലാമിക പക്ഷവും അവന്റെ കൂടെയുള്ളവരും ആവത് ശ്രമിച്ചിട്ടും അൽപ്പം പോലും വഴങ്ങാൻ കൂട്ടാക്കാത്തവനായിരുന്നു അബൂജഹൽ. അവൻ ഒറ്റയൊരുത്തന്റെ ദുർവാശി മാത്രമായിരുന്നു ഈ യുദ്ധത്തിന് വഴിയൊരുക്കിയതെന്ന് പറഞ്ഞാൽ തെറ്റാവില്ല. പ്രവാചകർ ﷺ യുടെ വ്യക്തിത്വമോ ഇസ്‌ലാമിന്റെ മഹിമയോ അറിയാത്തവനല്ല അബൂജഹൽ. ആഢ്യത്തവും കുടിപ്പകയും താൻ ചെറുതായിപ്പോകുമോ എന്ന അഹംഭാവവുമാണ് ഇത്രമേൽ നിന്ദ്യമായ ഒരന്ത്യം അവന് സമ്മാനിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-247/365

അന്ത്യശ്വാസം വലിക്കുന്ന അബൂജഹലിനെക്കണ്ട രംഗം അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) അവലോകനം ചെയ്യുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം : “പോരാട്ടത്തിന്റെ പൊടിപടലങ്ങളടങ്ങി. കൊല്ലപ്പെട്ട മുശ്‌രിക്കുകളുടെ കബന്ധങ്ങൾ കൂടിക്കിടക്കുന്നതിനടുത്തേക്ക് നബി‎ﷺ കടന്നു വന്നു. അവിടുത്തെ കണ്ണുകൾ അബൂ ജഹലിനെ പരതിക്കൊണ്ടിരുന്നു. പക്ഷേ, ശ്രദ്ധയിൽപ്പെട്ടില്ല. അതിന്റെ നിരാശ ആ തിരുമുഖത്ത് നിഴലിച്ചു. ശേഷം ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹുവേ! ഈ സമുദായത്തിലെ ഫിർഔനിന്റെ കാര്യത്തിൽ നീ എന്നെ നിരാശപ്പെടുത്തരുതേ! തുടർന്ന് വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അവനെ അന്വേഷിക്കാൻ നബി ﷺ കൽപ്പിച്ചു “. ഇബ്നു മസ്ഊദ് (റ) പറയുന്നു ; “ഞാനവനെക്കണ്ടെത്തി. അവൻ അവന്റെ അവസാന നിമിഷത്തിലായിരുന്നു. ഞാനവന്റെ പിരടിയിൽ ചിവിട്ടിയിട്ട് ചോദിച്ചു. അല്ലയോ , അല്ലാഹുവിന്റെ ശത്രു… അല്ലാഹു നിന്നെ നിസ്സാരനാക്കിക്കളഞ്ഞില്ലേ?

ഉടനെ അവൻ പറഞ്ഞു. ഞാൻ എങ്ങനെ നിസ്സാരനാകും! എന്തേ? നിങ്ങളൊരാളെ വധിക്കുന്നത് കൊണ്ട് അയാൾ നിന്ദ്യനാകുന്നതെങ്ങനെ? അഹങ്കാരം കൈവിടാത്ത ഭാവത്തിൽ അവൻ പ്രതികരിച്ചു. കർഷക കുടുംബത്തിലെ മുആദും (റ) മുഅവ്വിദും (റ) തന്നെ നിലം പരിശാക്കിയതിൽ അബൂജഹലിന് ഒരു ജാള്യത അനുഭവപ്പെട്ടിരുന്നു. കർഷകരല്ലാത്ത ആരെങ്കിലും എന്നെ വധിച്ചിരുന്നെങ്കിൽ എന്റെ പദവിക്ക് യോജിക്കുമായിരുന്നു എന്നവൻ തന്നെ വിളിച്ചു പറഞ്ഞു “.

നിന്നെ അല്ലാഹു നിന്ദ്യനാക്കട്ടെ! എന്ന് പറഞ്ഞ് അവന്റെ പിരടിയിൽ ചവിട്ടി കൈകാര്യം ചെയ്യുന്ന ഇബ്നു മസ്ഊദി (റ)നോട് അവൻ പുലമ്പിയത്രെ. “എടാ അടിമയുടെ ഉമ്മയുടെ മോൻ അടിമേ, പ്രയാസകരമായ ഒരു കയറ്റമാണ് നീ കയറിയിരിക്കുന്നത്.”
“ഏയ് കുഞ്ഞിടയാ.. വിജയം ആർക്കാണെന്ന് നീ ഒന്നു പറയൂ “. “അല്ലാഹുവിനും അവന്റെ തിരുദൂതർﷺക്കും”. ഇബ്നു മസ്ഊദ് (റ) തിരിച്ചടിച്ചു.

ഒരു റിപ്പോർട്ടിൽ ഇങ്ങനെയുമുണ്ട്. “ഇബ്നു മസ്ഊദ്(റ) പറയുന്നു. ഞാൻ അബൂജഹലിനോട് പറഞ്ഞു, ”നിന്നെ ഞാനിതാ വധിക്കുകയാണ്.”
എടാ മുതലാളിയെ വധിക്കുന്ന ആദ്യത്തെ അടിമയൊന്നുമല്ല നീ. പക്ഷേ, നീ എന്നെ വധിക്കുന്നു എന്നതാണിന്നത്തെ എന്റെ ഏറ്റവും വലിയ ദുഃഖം. നമ്മോട് ഉടമ്പടിയിൽ കഴിയുന്നവനോ സുഗന്ധകരാറിൽ ചേർന്നവനോ ആയ ഒരു കുലീനൻ എന്നെ വധിച്ചിരുന്നെങ്കിൽ എനിക്ക് സഹിക്കാമായിരുന്നു.

അവസാന നിമിഷത്തിലും അവന്റെയുള്ളിൽ നിറഞ്ഞു നിന്ന അഹങ്കാരത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രകടനമായിരുന്നു ഈ വാക്കുകൾ. അവൻ ഉയർത്തിപ്പിടിച്ച ഉച്ഛനീചത്വങ്ങളെ ഒഴിവാക്കാൻ അവസാനം വരെയും ആ ധിക്കാരിക്ക് കഴിഞ്ഞില്ല. അടിമയെയും ഉടമയെയും ഒരു പോലെ മനുഷ്യനായിക്കണ്ടു എന്നതായിരുന്നു മുഹമ്മദ് നബി‎ﷺയിൽ അവൻ കണ്ടെത്തിയ ഒരു കുറ്റം. അടിമകളെ അരികത്തിരുത്തുകയും അവരോടൊപ്പം ഒരേ തളികയിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തതാണ് അവന് ഉൾക്കൊള്ളാനാവാത്ത അപരാധം. ഈ അപരവത്ക്കരണവും വേർതിരിവുമാണ് അവന്റെ അന്ത്യം ഇത്രമേൽ ദുരന്തപൂർണമാക്കിയത്.

ഇബ്നു മസ്ഊദ് (റ) തുടരുന്നു ; “ഞാനവനെ ആഞ്ഞൊന്നു വെട്ടി. അവന്റെ തല തെറിച്ചു വീണു. ഞാനവന്റെ പടച്ചട്ടയും പടത്തൊപ്പിയും ആയുധങ്ങളുമെടുത്ത് നബി‎ﷺയുടെ സവിധത്തിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു; ‘അല്ലാഹുവിന്റെ തിരുദൂതരേﷺ.. അവിടുന്ന് സന്തോഷിച്ചോളൂ! അബൂജഹലിനെ വകവരുത്തിയിരിക്കുന്നു’ . ‘സത്യമാണോ അബ്ദുല്ലാ? എൻ്റെ പരമാധികാരിയായ അല്ലാഹു സത്യം! അവന്റെ വധം ചുവന്ന ഒട്ടകക്കൂട്ടത്തെക്കാൾ എനിക്ക് പ്രിയങ്കരമാണ് ‘.

വാഗ്ദത്തം പാലിക്കുകയും തന്റെ അടിമയെ സഹായിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തോത്രങ്ങളും. ഈ സമുദായത്തിന്റെ ഫറോവയെ അവൻ കൊന്നിരിക്കുന്നു. എനിക്ക് നൽകിയ വാഗ്ദാനം പാലിച്ച നാഥാ, നിന്റെ അനുഗ്രഹങ്ങൾ എനിക്ക് നീ പൂർത്തിയാക്കിത്തരേണമേ!”

നേരിയ വ്യത്യാസങ്ങളോടെ വേറെയും നിവേദനങ്ങൾ ഈ അധ്യായത്തിൽ വായിക്കാനുണ്ട്. ചില വ്യാഖ്യാന ഭേദങ്ങൾ കൂടി നമുക്ക് വായിച്ചു തുടരാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-248/365

മുഅവ്വിദി(റ)ന്റെ വെട്ടേറ്റ് കിടക്കുന്ന അബൂജഹലിൻ്റെ താടിക്ക് പിടിച്ചു കൊണ്ട് ഇബ്നു മസ്ഊദ് (റ) ചോദിച്ചു. “നീ അബൂ ജഹലല്ലേ?” ശേഷം, കൈയിലുള്ള പഴയ വാളുകൊണ്ട് അവന്റെ കഴുത്ത് മുറിക്കാനൊരുങ്ങി. പക്ഷേ, മുറിയുന്നില്ല. ഉടനെ അവൻ പറഞ്ഞു, “എന്റെ മൂർച്ചയുള്ള വാളെടുത്ത് പിരടിയുടെ ഭാഗത്ത് നിന്ന് മുറിച്ച് ശിരസ്സ് വേർപെടുത്തിക്കോളൂ “. ഞാനതു പ്രകാരം ചെയ്തു. അവന്റെ ശിരസ്സ് മുറിച്ചെടുത്ത് നബി‎ﷺയുടെ സന്നിധിയിൽ ഹാജരാക്കി. എന്നിട്ട് പറഞ്ഞു; “അല്ലയോ അല്ലാഹുവിന്റെ തിരുദൂതരേﷺ! ഇതാ അല്ലാഹുവിന്റെ ശത്രു അബൂ ജഹലിന്റെ ശിരസ്സ് “.

നബി ﷺ ചോദിച്ചു. “നീയാണോ ഇവനെ വകവരുത്തിയത് ? ” “അതെ, ഞാൻ തന്നെയാണ്. അല്ലാഹു സത്യം! അവനല്ലാതെ ആരാധനക്കർഹനില്ല.” ഞാൻ മറുപടി പറഞ്ഞിട്ട് ആ ശിരസ്സ് നബിﷺയുടെ മുന്നിലേക്കിട്ടുകൊടുത്തു. അപ്പോൾ അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു. നന്ദി രേഖപ്പെടുത്തിക്കൊണ്ട് അല്ലാഹുവിന് സാഷ്ടാംഗം ചെയ്തു. രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു.

ഇമാം ഹൈസമി (റ) ഉദ്ധരിച്ച നിവേദനത്തിൽ ഇങ്ങനെ വായിക്കാം : “ബദ്റിൽ പരുക്കേറ്റ് നിലം പതിച്ച അബൂജഹലിനെ ഞാൻ കണ്ടുമുട്ടി. ഉടനെ ഞാൻ പറഞ്ഞു, ‘എടാ അല്ലാഹുവിന്റെ ശത്രു! നിന്നെ അല്ലാഹു നിന്ദ്യനാക്കട്ടെ!’ അപ്പോഴവൻ ചോദിച്ചു. ‘നിങ്ങളുടെ കരങ്ങളാൽ കൊല്ലപ്പെട്ടവർ നിന്ദ്യരാണെന്നാണോ പറയുന്നത് ‘. ഞാനെന്റെ പക്കലുള്ള വാൾ കൊണ്ടവനെ വെട്ടി നോക്കി. പക്ഷേ, മുറിയുന്നില്ല. കാരണം എന്റെ പക്കലുള്ളത് ഒരു പഴയ വാളായിരുന്നു. അപ്പോഴതാ അവന്റെ കൈയിൽ നല്ലൊരു വാള്. ഞാനവന്റെ കൈയ്ക്ക് ഒരു വെട്ടുകൊടുത്തു. അപ്പോഴവന്റെ വാൾ നിലത്ത് വീണു. ഞാനാ വാള് കൈവശപ്പെടുത്തി. എന്നിട്ടവന്റെ പടത്തൊപ്പി ഊരി മാറ്റി. അവന്റെ വാള് കൊണ്ട് തന്നെ അവൻ്റെ പിരടിക്ക് വെട്ടി ശിരസ്സ് മുറിച്ചിട്ടു. എന്നിട്ട് ഞാൻ ഓടി നബിﷺയുടെ സവിധത്തിലേക്ക് ചെന്നു. വിവരം പറഞ്ഞു. അപ്പോഴവിടുന്ന് ചോദിച്ചു : ‘അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ല! അവൻ സത്യം?’ ഞാൻ പറഞ്ഞു; ‘അതെ, അല്ലാഹു സത്യം!’ അപ്പോൾ നബി ﷺ പറഞ്ഞു. ‘നീ ഒന്നു കൂടി പോയി ഉറപ്പാക്കിയിട്ട് വരൂ’. ഞാൻ പറന്നു പോയി വേഗം തിരിച്ചു വന്നിട്ടു പറഞ്ഞു. ‘അതെ നബിയേﷺ അല്ലാഹു സത്യം!’ അപ്പോൾ എന്നോട് പറഞ്ഞു; ‘എന്നാൽ വരൂ, നമുക്ക് നടക്കാം’. അങ്ങനെ ഒപ്പം നടന്നു. അബൂജഹൽ കൊല ചെയ്യപ്പെട്ടു കിടക്കുന്ന സ്ഥലത്തെത്തി. നബി ﷺ പറഞ്ഞു. “ഈ സമുദായത്തിലെ ഫറോവയാണിവൻ.”

മറ്റു ചില നിവേദനങ്ങളുടെ സംഗ്രഹം ഇങ്ങനെയാണ്. ‘കാല് മുറിക്കപ്പെട്ടുകിടക്കുന്ന അബൂജഹലിൻ്റെ അടുത്ത് ഞാനെത്തി. അവൻ അവന്റെ വാള് കൊണ്ട് ജനങ്ങളെ തടുക്കുന്നുണ്ട്. രംഗം കണ്ട ഞാൻ അല്ലാഹുവിനെ സ്തുതിച്ചു. എന്റെ മണ്ടൻ വാള് കൊണ്ട് ഞാൻ അവന്റെ കൈയിൽ വെട്ടി. അവന്റെ കൈക്ക് പരുക്ക് പറ്റി. കൈവശമുണ്ടായിരുന്ന വാള് നിലത്ത് വീണു. ഞാനത് കൈവശപ്പെടുത്തി. ശേഷം, അവന്റെ പടത്തൊപ്പി ഊരിമാറ്റി. അവനെ ഞാൻ വധിച്ചു കളഞ്ഞു. ഞാൻ ഓടിച്ചെന്ന് നബി ﷺയോട് കാര്യം പറഞ്ഞു. നബി ﷺ എന്നെക്കൊണ്ട് മൂന്നു പ്രാവശ്യം സത്യം ചെയ്യിച്ചു. ശേഷം, എന്നെയും കൂട്ടി അവന്റെ മൃത ശരീരത്തിനടുത്തെത്തി. എന്നിട്ട്‌ പറഞ്ഞു. ഈ സമുദായത്തിന്റെ ഫറോവയാണിവൻ. ശേഷം അവന്റെ വാൾ നബി ﷺ എനിക്ക് സമ്മാനിച്ചു’.

ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “ഇബ്നുമസ്ഊദ് (റ) പറയുന്നു : ‘അബൂജഹലിനെ വകവരുത്തിയ വിവരം നബി ﷺ യെ അറിയിച്ചപ്പോൾ മുശ്‌രിക്കുകളിൽ നിന്ന് ബന്ദിയായി പിടിക്കപ്പെട്ട അഖീൽ ബിൻ അഖീത്വാലിബ് അടുത്തുണ്ടായിരുന്നു. അവൻ എന്നോട് പറഞ്ഞു. ‘നുണയാണ് നീ പറയുന്നത്. നീ അബൂജഹലിനെ കൊന്നിട്ടില്ല’.

‘നീയാണെടാ നുണയനും ദോഷിയും പടച്ചവൻ സത്യം! ഞാനവന്റെകഥ കഴിച്ചു’. അപ്പോൾ അഖീൽ ചോദിച്ചു. ‘എന്തെങ്കിലും ഒരടയാളം പറയാമോ? അവന്റെ തുടയിൽ ഒട്ടകത്തിന്റെ ചങ്ങലയുടെ വട്ടം പോലെ ഒരടയാളമുണ്ട് ‘. ഞാൻ തിരിച്ചു പറഞ്ഞു. ‘എന്നാൽ നീ പറഞ്ഞത് സത്യം തന്നെയായിരിക്കും’. അവൻ പ്രതിവചിച്ചു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-249/365

ബദ്റിലെ അബൂജഹലിനെ വായിക്കുന്നതിനിടയിൽ കൗതുകകരമായ ഒരു നിവേദനം ഇങ്ങനെയും കാണാം : “മുശ്‌രിക്കുകളുടെ മൃതശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ അബൂജഹലിനെ അന്വേഷിക്കുന്നവരോട് നബി ﷺ പറഞ്ഞു; ‘ശിരസ്സില്ലാത്ത ഉടലുകൾക്കിടയിൽ അവനെ തിരിച്ചറിയാൻ ഞാനൊരു അടയാളം പറഞ്ഞു തരാം. ചെറുപ്പത്തിൽ അവനും ഞാനും അബ്ദുല്ലാഹിബിൻ ജദ്ആനിന്റെ തളികയ്ക്കടുത്ത് വച്ച് തിരക്കുകൂട്ടിയപ്പോൾ അവൻ വീണു പോയി. അന്നവന്റെ മുട്ടിന് ഒരു പരിക്ക് പറ്റിയതിന്റെ അടയാളം ഇപ്പോഴുമുണ്ടാകും. പ്രായത്തിൽ അവൻ എന്നെക്കാൾ ചെറുതാണ് ‘.
ഇബ്നു മസ്ഊദ് (റ) പറഞ്ഞ അടയാളവും മേൽ നിവേദനത്തിൽ പരാമർശിച്ചതും ചിലപ്പോൾ ഒന്നു തന്നെയായിരിക്കാം.

അബുജഹലിന്റെ വധവുമായി ബന്ധപ്പെട്ട അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ന്റെ പ്രസിദ്ധമായ ഒരു നിവേദനം ഇപ്രകാരമുണ്ട് : “അബൂജഹലിനെ വധിച്ചുവെന്ന് പറഞ്ഞ് രണ്ട് ചെറുപ്പക്കാർ നബിﷺയുടെ സന്നിധിയിലെത്തി. നബിﷺ ചോദിച്ചു – ‘നിങ്ങൾ രണ്ടു പേരിൽ ആരാണവനെ വധിച്ചത് ?’ രണ്ടു പേരും പറഞ്ഞു; ‘ഞാനാണ് ‘. അപ്പോഴവിടുന്ന് ചോദിച്ചു, ‘നിങ്ങൾ വാളുകൾ തുടച്ചോ?’ രണ്ടു പേരും പറഞ്ഞു, ‘ഇല്ല’. രണ്ടു വാളുകളും പരിശോധിച്ച ശേഷം നബിﷺ പറഞ്ഞു; ‘നിങ്ങൾ രണ്ടു പേരുമാണ് അവനെ വധിച്ചത് ‘.

‘മുഅവ്വിദ് (റ), മുആദ് (റ)’ എന്നിവരായിരുന്നു ആ രണ്ട് ചെറുപ്പക്കാർ. അവരുടെ ഉമ്മയുടെ പേരിനോട് ചേർത്ത് ‘അഫ്റാഇന്റെ മക്കൾ’ എന്നാണ് അറിയപ്പെടുന്നത്. ഖസ്റജ് ഗോത്രത്തിൽ നിന്നുള്ള അൻസാരിയായ ഹാരിസിന്റെ മക്കളാണവർ. അദ്ദേഹത്തിന്റെ മകൻ ഔഫും ബദ്റിൽ പങ്കെടുത്തിട്ടുണ്ട്.

ഔഫും (റ) മുഅവ്വിദും (റ) ബദ്റിൽ വച്ച് തന്നെ കൊല്ലപ്പെട്ടു. മുആദ് (റ) ബദ്റിൽ നിന്ന് പരിക്കേറ്റ് മദീനയിലെത്തി മരണപ്പെട്ടെന്നും അല്ല ഉസ്മാൻ (റ)ന്റെ കാലം വരെ ജീവിച്ചിരുന്നുവെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ചരിത്രം പരാമർശിക്കുന്നുണ്ട്.

അബൂ ജഹലിനെ ആദ്യം വെട്ടിയത് അംറ് ബിൻ അൽ ജമൂഹിൻ്റെ മകൻ മുആദാ (റ)ണെന്ന അഭിപ്രായം നേരത്തെ നാം വായിച്ചു. അദ്ദേഹം ഉഹ്ദിൽ ശഹീദായി എന്നും അല്ല ഉസ്മാൻ (റ)ന്റെ കാലം വരെ ജീവിച്ചിരുന്നു എന്നും വ്യത്യസ്താഭിപ്രായങ്ങൾ ചരിത്രത്തിൽത്തന്നെ കാണുന്നുണ്ട്.

പേരുകളുടെ സമാനതയും മറ്റും നിവേദനങ്ങളെ വ്യത്യസ്തമാക്കി എന്ന നിഗമനത്തിലെത്തിച്ചേരാവുന്നതാണ്.
ഉദ്ധരണികളിലെ വൈവിധ്യങ്ങളെ പഠനവിധേയമാക്കിയ ശേഷം ‘ഡോ.മുഹമ്മദ് അബ്ദുയമാനി’ വിശദീകരിച്ചതിങ്ങനെയാണ്. ”മുആദ് ബിൻ അംറും (റ) അഫ്‌റാഇന്റെ രണ്ട് മക്കളും അബൂജഹലിനെ വെട്ടി നിലംപരിശാക്കി. ശേഷം ഇബ്നു മസ്ഊദ് (റ) അവന്റെ പിരടി വെട്ടി ദൗത്യം പൂർത്തിയാക്കി. ഇങ്ങനെയാണ് ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും അഭിപ്രായം.”

അഫ്റാഇൻ്റെ രണ്ട് മക്കൾ ബദ്റിൽ കൊല്ലപ്പെട്ടപ്പോൾ നബിﷺ പറഞ്ഞു; ‘അവർക്ക് അല്ലാഹു കരുണ ചെയ്യട്ടെ! സത്യനിഷേധികളുടെ അധ്യക്ഷനും ഈ സമുദായത്തിന്റെ ഫറോവയുമായ അബൂജഹലിന്റെ വധത്തിൽ അവർ പങ്കുവഹിച്ചു’. അപ്പോൾ ആരോ ചോദിച്ചു; ‘അല്ലാഹുവിന്റെ തിരുദൂതരേﷺ, വേറെയാരൊക്കെയാണ് അവർക്കൊപ്പം അവനെ വകവരുത്തിയത് ?’ അവിടുന്ന് പറഞ്ഞു; ‘മലക്കുകളും ഇബ്നുമസ്ഊദും’.

അബൂജഹലിന്റെ പടയങ്കിയും ആയുധങ്ങളും മറ്റും അഥവാ ‘സലബ്’ മുആദ് ബിൻ അംറി (റ)നാണോ അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നാണോ നൽകിയത് എന്നതിലും അഭിപ്രായാന്തരങ്ങളുണ്ട്.

ഖുറൈശികളുടെ അത്യുന്നത നേതൃത്വം വളരെ നിന്ദ്യമായി നിലംപതിച്ചതോടെ അവരുടെ ആത്മവിശ്വാസം നഷ്ടമായി. ആഭ്യന്തര ഏകീകരണം ഇല്ലാത തായി. തീക്ഷ്ണതയിൽ നിന്ന് തീക്ഷ്ണതയിലേക്ക് എന്ന അവസ്ഥയിലേക്ക് ഖുറൈശികൾ എത്തിച്ചേർന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-250/365

മക്കയുടെ കരളിന്റെ കഷണങ്ങൾ ഇനിയും ബാക്കിയുണ്ട്. ബദ്റിൽ കൊല്ലപ്പെടുമെന്ന് മുത്ത് നബി‎ﷺ മുന്നറിയിപ്പ് നൽകിയ ആളുകൾ പൂർത്തിയായിട്ടില്ല. പടക്കളത്തിലൂടെയുള്ള യാത്ര നമുക്ക് തുടരാം.

ബദ്റിൽ ഖുറൈശീ നേതാക്കളിൽ പ്രമുഖനായ ഉമയ്യത്ത് ബിൻ ഖലഫിനെ നമുക്കൊന്ന് പിൻതുടർന്നു നോക്കാം. അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) പറയുന്നു; “ഉമയ്യത്തിന്റെ പഴയ ചങ്ങാതിയായിരുന്നു ഇബ്നു ഔഫ് (റ). ഇബ്നു ഔഫി(റ)ന്റെ നേരത്തെയുള്ള പേര് അംറിന്റെ ദാസൻ എന്നർഥമുള്ള അബ്ദു അംറ് എന്നായിരുന്നു. ഇസ്‌ലാമായതിൽപ്പിന്നെ നബിﷺ കാരുണ്യവാനായ അല്ലാഹുവിന്റെ ദാസൻ എന്നർഥമുള്ള അബ്ദുറഹ്മാൻ എന്ന പേര് നൽകി. എന്നാൽ ഉമയ്യത്തിന് ആ പേര് അത്ര പിടിച്ചിരുന്നില്ല. അവൻ ചോദിച്ചു, ‘അബ്ദുഅംറേ, നിനക്ക് നിന്റെ ബാപ്പ നൽകിയ പേര് നീ വെറുത്തു അല്ലേ!’ ഇബ്നുഔഫ് (റ) പറഞ്ഞു, ‘അതെ’.

മറ്റൊരിക്കലവൻ പറഞ്ഞു; ‘നിന്നെ ഞാൻ പഴയ പേരിൽ വിളിച്ചിട്ട് നീ വിളികേൾക്കുന്നില്ല. നിന്റെ പുതിയ പേര് വിളിക്കാൻ എനിക്ക് താത്പ്പര്യവുമില്ല. അതിനു പുറമേ ‘അർറഹ്മാനെ’ എനിക്കറിയുകയുമില്ല. യമാമയിലെ വ്യാജ പ്രവാചകത്വവാദി മുസൈലിമയും പറയുന്നത് അവൻ ‘അർറഹ്മാൻ’ ആണെന്നാണ്. അപ്പോൾ റഹ്മാന്റെ ദാസൻ എന്ന് പറഞ്ഞാൽ അവൻ്റെ അടിമ എന്നും അർഥം പറയാം. അത് കൊണ്ട് എനിക്ക് നിന്നെ വിളിക്കാൻ വേറെ ഒരു പേര് വേണം’.
ഒടുവിൽ ഇബിനു ഔഫി(റ)ൻ്റെ സമ്മത പ്രകാരം ദൈവത്തിന്റെ ദാസൻ എന്നർഥമുള്ള ‘അബ്ദുൽ ഇലാഹ് ‘ എന്ന പേര് അവൻ തെരഞ്ഞടുത്തു. അത് പ്രകാരം അബ്ദുറഹ്മാൻ ബിൻ ഔഫി(റ)നെ ഉമയ്യത്ത് ‘അബ്ദുൽ ഇലാഹ് ‘ എന്നാണ് വിളിച്ചിരുന്നത്. ഇബ്നു ഔഫ് (റ) മദീനയിലേക്ക് പലായനം ചെയ്തതിന് ശേഷവും അവർ തമ്മിൽ കത്തിടപാടുകൾ നടന്നിരുന്നു. ‘മക്കയിലെ തൻ്റെ കുടുംബക്കാരെ നീയൊന്നു ശ്രദ്ധിച്ചാൽ നിൻ്റെ കുടുംബക്കാരെ മദീനയിൽ ഞാൻ ശ്രദ്ധിച്ചോളാം’ എന്നൊക്കെ അവർ പറയുമായിരുന്നു.

ഇങ്ങനെയൊക്കെ ബന്ധമുള്ള ഇബ്നു ഔഫ് (റ) ബദ്റിൽ നിന്നു കിട്ടിയ പടയങ്കികളും വാരിക്കൂട്ടി ചുമന്ന് കൊണ്ട് പോകുമ്പോൾ അതാ നിൽക്കുന്നു , ഉമയ്യത്തും മകനും ! ഇബ്നു ഔഫ് (റ) തുടരുന്നു. അവൻ എന്നെ ‘അബ്ദു അംറേ’ എന്ന് വിളിച്ചു. ഞാൻ വിളി കേട്ടില്ല. അപ്പോഴവൻ ‘അബ്ദുൽ ഇലാഹേ’ എന്ന് വിളിച്ചു. ഞാൻ വിളി കേട്ടു. അവൻ ചോദിച്ചു, ‘നിനക്കെന്നോടൊന്ന് ചെയ്യാമോ? നീ കൊണ്ടു പോകുന്ന അങ്കികളെക്കാൾ നിനക്ക് നല്ലത് ഞങ്ങളാണ്. ഞങ്ങളെ ബന്ദിയാക്കി കൊണ്ടുപോകൂ. മോചനദ്രവ്യം തന്നു കൊള്ളാം’.
ഞാൻ അങ്കികൾ താഴെയിട്ട് ബന്ദികളെ ഏറ്റെടുത്തു. അവരോട് മുന്നിൽ നടക്കാൻ പറഞ്ഞു. എതിരാളികളെ ബന്ദിയായി പിടിക്കുക എന്നതും യുദ്ധത്തിന്റെ ഭാഗമാണ്. ഇനിയിവർക്ക് മോചനം തീരുമാനിക്കേണ്ടത് ഭരണാധികാരിയോ ഇമാമോ ഭരണകൂടമോ ഒക്കെയാണ്. ചിലപ്പോൾ ശിക്ഷയാകും. ചിലപ്പോൾ ഉപാധികളോടെയുള്ള മോചനമാകും. ചിലപ്പോൾ മോചനദ്രവ്യം സ്വീകരിച്ച് വിട്ടയയ്ക്കലാവും.

എന്തായാലും ഉമയ്യത്തിനെയും മകനെയും കൂട്ടി ഇബ്നു ഔഫ് (റ) മുന്നോട്ട് നീങ്ങി. അവൻ പറഞ്ഞു, ‘ഇന്നത്തെപ്പോലെ ഒരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല’. ”

ഇങ്ങനെ ബന്ദിയായിരിക്കെയുള്ള ചില സംഭാഷണങ്ങൾ നേരത്തെ വായിച്ചിട്ടുണ്ട്.
പഴയ കൂട്ടുകാരൻ ഇബ്നു ഔഫി (റ)ൻ്റെ കൂടെ നടന്നു നീങ്ങുന്ന ഉമയ്യത്തിനെ ബിലാൽ (റ) കാണാനിടയായി. അദ്ദേഹം റൊട്ടിക്ക് ഗോതമ്പ് കുഴച്ച് കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നെഴുന്നേറ്റ് കൈയും വൃത്തിയാക്കി വാള് കൈയിലേന്തി. ”അവൻ രക്ഷപ്പെട്ടിട്ട് ഞാൻ ജയിക്കുകയോ?” എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ചീറിയടുത്തു. അല്ലാഹുവിൽ വിശ്വസിച്ചതിന്റെ പേരിൽ മണൽപ്പരപ്പിൽ കിടത്തി ക്രൂര വിനോദങ്ങൾ കാട്ടിയ ക്രൂരനായ ഉമയ്യത്തിനെ തക്കത്തിന് കിട്ടിയ ആവേശത്തിലായിരുന്നു ബിലാൽ (റ).

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-251/365

ഇബ്ൻ ഔഫ് (റ) വിളിച്ചു പറഞ്ഞു; “ബിലാലേ, ഉമയ്യത്തും മകനും എന്റെ ബന്ദികളാണ്. അവരെ ഒന്നും ചെയ്യരുത് “.
അതൊന്നും കേൾക്കാവുന്ന അവസ്ഥയിലായിരുന്നില്ല ബിലാൽ (റ). അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു. ‘”അല്ലയോ അല്ലാഹുവിന്റെ സഹായികളേ! സത്യനിഷേധികളുടെ നേതാവായ ഉമയ്യത്തിതാ ഇവിടെ. ” കേൾക്കേണ്ട താമസം സ്വഹാബികൾ ഓടിയടുത്തു. ഞങ്ങളെപ്പൊതിഞ്ഞു കഴിഞ്ഞു. ഇബ്നു ഔഫ് (റ) തുടരുന്നു. “ഞാനാവതും പ്രതിരോധിച്ചു. ഒടുവിൽ ഉമയ്യത്തിന്റെ മകനെ അവർക്ക് വിട്ടുകൊടുത്തു. തത്ക്കാലം അവർ അവന്റെ പിന്നാലെക്കൂടിയാൽ ഉമയ്യത്തിനെയെങ്കിലും സംരക്ഷിക്കാമെന്നു കരുതി. പക്ഷേ, അതും നടന്നില്ല. നിമിഷ നേരത്തിൽ മകൻ്റെ കഥ കഴിച്ച അവർ വീണ്ടും ഞങ്ങൾക്ക് നേരെത്തിരിഞ്ഞു. അപ്പോൾ ഉമയ്യത്തൊന്നട്ടഹസിച്ചു. അത് പോലെയൊരു ശബ്ദം ഞാൻ കേട്ടിട്ടേയില്ല. ഞാൻ അവനോട് പറഞ്ഞു; “നിനക്കിനിയൊന്നും ചെയ്തു തരാൻ എനിക്ക് സാധ്യമല്ല. നിന്റെ കൈപ്പിടിക്കാൻ യാതൊരു വഴിയും കാണുന്നില്ല “. വാക്കുകൾ പൂർത്തിയാകുന്നതിന് മുമ്പ് കഷണങ്ങളായി ഉമയ്യത്ത് നിലംപതിച്ചു.

മുശ്‌രിക്കുകളിലെ ഒരു കൊമ്പൻകൂടി ചരിഞ്ഞു. ബദ്‌റിൽ തക്ബീർ ധ്വനികൾ മുഴങ്ങി !

ഉമയ്യത്തിന്റെ അന്ത്യ നിമിഷങ്ങളെ പരാമർശിക്കുന്ന മറ്റൊരു നിവേദനം ഇങ്ങനെയുമുണ്ട് :
ഇബ്നു ഔഫ് (റ) തന്നെ പറയുന്നു; “ബദ്റിലെ രാത്രിയിൽ ഞാൻ ഉമയ്യത്തിനെയും കൂട്ടിപ്പുറപ്പെട്ടു. മലമുകളിൽ എവിടെയെങ്കിലും അദ്ദേഹത്തെയൊളിപ്പിച്ച് സംരക്ഷിച്ച് ഒരു ബന്ദിക്കുള്ള കാവൽ നൽകാൻ വേണ്ടിയായിരുന്നു. പക്ഷേ, ആ സഞ്ചാരം ബിലാലി(റ)ന്റെ കണ്ണിൽപ്പെട്ടു. അദ്ദേഹം അൻസ്വാരികളിൽ ഒരു സംഘത്തോടു പറഞ്ഞു. ഉമയ്യത്ത് രക്ഷപ്പെട്ടാൽപ്പിന്നെ ഞാൻ ഇന്നു ജയിച്ചു എന്നെങ്ങനെയാണ് പറയുക. അത് കേട്ട് അൻസ്വാരി സംഘം ബിലാലി(റ)ന്റെയൊപ്പം കൂടി. അവർ ഒരുമിച്ച് നമ്മെപ്പിൻതുടർന്നു. അവർ അടുത്തെത്തിയെന്നായപ്പോൾ ഉമയ്യത്തിന്റെ മകൻ അലിയെ അവർക്കിട്ടുകൊടുത്തു. അവർ അവനുമായി പോരടിക്കുന്ന നേരം കൊണ്ട് ഞങ്ങൾക്ക് രക്ഷപ്പെടാമെന്നാണ് വിചാരിച്ചത്. എന്നാൽ നിമിഷങ്ങൾക്കകം അവനെ വകവരുത്തിയ ശേഷം ആ സംഘം ഞങ്ങളെപ്പിൻതുടർന്നു. ഹുബാബു ബിൻ അൽ മുൻദിറാണ് മുന്നിൽ നിന്ന് കാല് വെട്ടി നിലത്തിട്ടത്. അമ്മാർ ബിൻ യാസിർ വെട്ടി അവസാനിപ്പിച്ചു. ഇനിയെങ്ങനെ രക്ഷപ്പെടുമെന്നാലോചിച്ചു. ഒടുവിൽ ഉമയ്യത്തിനെ നിലത്തു കിടത്തി ഞാനവന്റെ മുകളിൽ കയറിക്കിടന്നു. പക്ഷേ, ബിലാലും(റ) സംഘവും പൊണ്ണത്തടിയനായ അവനെക്കണ്ടു. എന്റെ അടിയിൽ കിടക്കവേത്തന്നെ അവന്റെ ശരീരത്തിൽ വാൾ കയറ്റി. എന്റെ കാലിനും അത് വഴി മുറിവേറ്റു.

പിൽക്കാലത്ത് ഇബ്ൻ ഔഫ് (റ) പ്രസ്തുത മുറിവ് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാറുണ്ടായിരുന്നു.
ഉമയ്യത്തിനെ നേരിട്ട കൂട്ടത്തിൽ ഖുബൈബ് ബിൻ യസാഫു (റ)മുണ്ടായിരുന്നു. നേരത്തെ ഉമയ്യത്ത് ഖുബൈബിന്റെ കൈവെട്ടി ചുമലിൽ നിന്ന് വേർപ്പെടുത്തിയിരുന്നു. പിന്നീട് നബി‎ﷺയുടെ മുഅ്ജിസത്ത് വഴി സുഖപ്പെടുകയായിരുന്നു. ആ ഓർമകൾ ഖുബൈബി(റ)നെയും അലട്ടി. ഇതാ പിടിച്ചോ.. ഞാൻ യസാഫിന്റെ മകനാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഉമയ്യത്തിന്റെ ചുമലിൽ ആഞ്ഞുവെട്ടി. അങ്കിയും ഭേദിച്ച് വെട്ട് അരവരെയെത്തി. ശേഷം ഛേദിക്കപ്പെട്ട അങ്കിയും മറ്റായുധങ്ങളും കൈവശപ്പെടുത്തി.

ബിലാലിന്റെ ഈ ഇടപെടലിനെക്കുറിച്ച് ഇബ്ൻ ഔഫ് പറയാറുള്ളതിങ്ങനെയാണ്. “ബിലാലിനല്ലാഹു കരുണ ചെയ്യട്ടെ! അദ്ദേഹം എന്റെ അങ്കിയും നഷ്ടപ്പെടുത്തി ബന്ദികളെയും ഇല്ലാതെയാക്കി.” കാരണം, പടക്കളത്തിൽ നിന്ന് അങ്കികൾ ശേഖരിച്ചുവന്നപ്പോഴാണല്ലോ ഉമയ്യത്തിനെ ഏറ്റെടുത്തത്.

ഗതകാല ചെയ്തികളുടെ തിക്തഫലങ്ങൾക്കൂടിയായിരുന്നു ഖുറൈശികൾക്ക് ബദ്റിൽ ലഭിച്ചത്. ഇരകൾ പ്രതികൾക്ക് നൽകിയ മധുര പ്രതികാരങ്ങൾ. കാലം കാത്തു വച്ച സമ്മാനം അവർ ഏറ്റുവാങ്ങുകയായിരുന്നു.

ഉമയ്യത്തിന് ലഭിച്ച ശിക്ഷയെക്കുറിച്ച് അറബിക്കവിതയിൽ ഇങ്ങനെയാണ് പറഞ്ഞത് : –
“ഇൻ ഖദ്ദ ളഹ്റു വലിയ്യില്ലാഹി മിൻ ദുബ് രി
ഖദ് ഖുദ്ദ ഖൽബു അദുവ്വില്ലാഹി മിൻ ഖുബ് ലി”

(പിന്നിൽ നിന്നല്ലാവിൻ മിത്രത്തിൻ മുതുകിനെ
കുത്തിപ്പിളർന്നെങ്കിലിപ്പോഴിവിടിതാ
മുന്നിൽ നിന്നല്ലാവിൻ ശത്രുവിൻ ഹൃദയത്തെ
കുത്തിപ്പിളർത്തി കഥ കഴിച്ചീടുന്നു)

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-252/365

ബദ്റിൽ വച്ച് ഉമയ്യത്തിനെ പോലെ അന്ത്യം വരിക്കേണ്ടിവന്നയാളാണ് നൗഫൽ ബിൻ ഖുവൈലിദ്. “ഖുറൈശികളേ, ഇത് വിജയത്തിന്റെയും ഉന്നതിയുടെയും ദിവസമാണ് ” എന്ന് യുദ്ധാരംഭത്തിൽ വിളിച്ചു പറഞ്ഞവൻ ഇവനായിരുന്നു. അപ്പോൾത്തന്നെ നബി‎ﷺ പ്രാർഥിച്ചിരുന്നു. “അല്ലാഹുവേ, നൗഫല് ബിൻ ഖുവൈലിദിനെ എനിക്കു നീ അധീനപ്പെടുത്തേണമേ” എന്ന്.

അവൻ ആവേശപൂർവം പോർക്കളത്തിൽ പങ്കെടുത്തു. യുദ്ധത്തിന്റെ പൊടിപടലങ്ങളുയർന്നു. മുശ്‌രിക്കുകൾ കൊല്ലപ്പെടുന്നത് കണ്ടപ്പോൾ അടിപതറി. അവന്റെ നിലവിളിയുയർന്നു. അവൻ അൻസ്വാരികളെ വിളിച്ചാർത്തു. “ഞങ്ങളുടെ രക്തം നിങ്ങൾക്കെന്തിനാണ്? നിങ്ങൾ അരിഞ്ഞു വീഴ്ത്തുന്നത് നിങ്ങൾ കാണുന്നില്ലേ? നിങ്ങൾക്ക് ക്ഷീരം അഥവാ മോചനദ്രവ്യമായി ഒട്ടകങ്ങൾ വേണോ?”

ഉടനെ അബ്ബാറു ബിൻ സഖ്റ് (റ) അവനെ ബന്ദിയായിപ്പിടിച്ചു. അവനെ മുന്നിൽ നിർത്തി മുന്നോട്ട് തെളിച്ചു. പെട്ടെന്നാണ് അലി (റ) ഈ രംഗം കാണുന്നത്. അലി (റ)യെക്കണ്ടതോടെ ഖുവൈലിദിന്റെ പാദം പതറാൻ തുടങ്ങി. അവൻ വിളിച്ചു പറഞ്ഞു. “ലാത്തയും ഉസ്സയും സത്യം ! അയാൾ എന്നെയാണ് ഉന്നം വയ്ക്കുന്നത് “. “അതാരാണ് സഹോദരാ?” അലി(റ)യാണെന്ന് മറുപടി ലഭിച്ചതേയുള്ളൂ. അപ്പോഴേക്കും അലി (റ) അടുത്തെത്തി വാൾ ചുഴറ്റിക്കഴിഞ്ഞു. കാലുകൾ വെട്ടിമുറിച്ച് അവന്റെ കഥ കഴിച്ചു.

പിന്നീട് നബിﷺ ചോദിച്ചു, “നൗഫലിനെക്കുറിച്ച് വല്ല വിവരവും ഉണ്ടോ?” അലി(റ) പറഞ്ഞു, “ഞാനവനെ വകവരുത്തി “. ഉടനെ നബി ﷺ തക്ബീർ മുഴക്കി. അവന്റെ കാര്യത്തിൽ പ്രാർഥനയ്ക്കുത്തരം നൽകിയ അല്ലാഹുവിനെ സ്തുതിച്ചു.

പ്രാർഥനയും പ്രവർത്തനവും സമം ചേർന്നുകൊണ്ടുള്ള ഒരു പ്രത്യേക ചിത്രമാണ്‌ നമ്മുടെ മുമ്പിൽ തെളിഞ്ഞു നിൽക്കുന്നത്. ഒരു ഭാഗത്ത് പരിശ്രമത്തിന്റെ പ്രാധാന്യവും പ്രതിഫലവും പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം പ്രാർഥനയിലൂടെ അല്ലാഹുവിന്റെ സഹായം നിരന്തരമായി തേടിക്കൊണ്ടേയിരുന്നു.

ചിലർ ഒരു പോരാട്ടവുമില്ലാതെ പരാജയം സമ്മതിക്കും. ചിലർ പൊരിഞ്ഞ പൊരാട്ടത്തിലൂടെ പരാജയം നേരിടും. മറ്റുചിലർ പോരാട്ടത്തിന്റെ ഫലമായി കൊല്ലപ്പെടും. വേറേ ചിലർ വിശ്വാസത്തിന്റെ വെളിച്ചം ലഭിച്ച് നേർവഴിയിലെത്തും. ഇതിൽ ഏത് സംഭവിച്ചാലും അല്ലാഹുവിനെ സ്തുതിക്കും. ഔദാര്യമാണെന്ന് പറയും. ഇതെല്ലാം ഒത്തു ചേർന്നതാണ് നമ്മുടെ വിശ്വാസം.

ഇന്ന് ഇത് കേൾക്കുമ്പോൾ ചിലർ ചോദിച്ചേക്കും, “അല്ലാഹുവിന്റെ ഔദാര്യമാണെങ്കിൽ ആദ്യം തന്നെ അവന് യുദ്ധവും പോരാട്ടവുമില്ലാതെ എല്ലാവരെയും വിശ്വാസിയാക്കിക്കൂടായിരുന്നോ? അല്ലെങ്കിൽ, മരിപ്പിക്കുന്നു. പരമാധികാരിയായ പടച്ചവൻ അവന്റെ പേരിൽ ഒരു രക്തച്ചൊരിച്ചിലിന് കളമൊരുക്കാതെ ഇസ്‌ലാമിന്റെ വിരോധികളെ മരിപ്പിച്ചുകൂടായിരുന്നോ? എന്തിനാ , അതും വേണ്ടല്ലോ; അബൂ ജഹലിനെപ്പോലെയുള്ളവരെ പടയ്ക്കാതിരുന്നുകൂടായിരുന്നോ?”

ഇസ്‌ലാമിനെയും ഇസ്‌ലാമിക വിശ്വാസ സമീപനങ്ങളേയും ബോധപൂർവം വിലയിരുത്തിയവർക്ക് ഇവിടെ ആശങ്കകളൊന്നുമില്ല, സംശയങ്ങളുമില്ല. കാരണം, ഇവിടെ മനസ്സിലാക്കേണ്ട ചില ആമുഖങ്ങളുണ്ട്.

ഒന്ന്, അല്ലാഹു പരമാധികാരിയാണ്. അങ്ങനെയാകുമ്പോൾ അവനെന്തും ചെയ്യാം, ചെയ്യാതിരിക്കാം. അവനോട് ചോദിക്കാൻ ആർക്കും അവകാശമേയില്ല. അവന് അവന്റേതായ ന്യായങ്ങളുണ്ട്.

അതോടൊപ്പം അവൻ്റെ സൃഷ്ടിയായ ലോകത്തിന് അവൻ ചില താളങ്ങളും ക്രമങ്ങളും വച്ചിട്ടുണ്ട്. അതിന്റെയും പരമാധികാരം അവന്റെ പക്കൽത്തന്നെയാണ്. ചിലപ്പോൾ അവൻ ആ വ്യവസ്ഥിതി പ്രകാരം കാര്യങ്ങൾ നിറവേറ്റിത്തരും. അപ്പോൾ സ്തുതിക്കർഹൻ അല്ലാഹു തന്നെയാണ്. അത്കൊണ്ട് വെള്ളം കുടിച്ച് ദാഹമകറ്റുമ്പോൾ ‘അൽഹംദുലില്ലാഹ് ‘ ചൊല്ലുന്നു. ചിലപ്പോൾ വ്യവസ്ഥിതിക്കധീതമായി ദാഹമകറ്റിത്തരുന്നു. അപ്പോഴും സ്തുതിക്കർഹൻ അവൻ തന്നെയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-253/365

നമുക്ക് ബദ്റിലേക്ക് തന്നെ വരാം. ഖുറൈശികളുടെ നേതാക്കൾ ഒന്നൊന്നായി കൊല്ലപ്പെട്ടു. സംഘത്തിന്റെ ആത്മവീര്യം നഷ്ടമായി. ആളുകൾ പലവഴിക്കും ചിതറി. ചിലയാളുകൾ പിന്തിരിഞ്ഞോടി. ഉച്ചയായപ്പോഴേക്ക് തന്നെ ഗതി മുഴുവൻ ഖുറൈശികൾക്ക് എതിരായിക്കഴിഞ്ഞു. മുശ്‌രിക്കുകളുടെ നേതാക്കളിൽ നിന്ന് മേൽപ്പറയപ്പെട്ടവർക്ക് പുറമെ, കൊല്ലപ്പെട്ട ചിലരുടെ പേരുകൾ ഇങ്ങനെ വായിക്കാം : റബീഅതുബിൻ അൽ അസ്‌വദ്, ആമിൽ ബിൻ അൽഹള്റമി, ഉബൈദത് ബിൻ സഈദ്, ആസ്വ്ബിൻ മുനബ്ബിഹ്, നബീഹ് ബിൻഅൽ ഹജ്ജാജ്, മുനബ്ബിഹ് ബിൻ അൽ ഹജ്ജാജ്, ആമിർ ബിൻ കഅബ്, മസ്ഊദ് ബിൻ ഉമയ്യ:, ഹാരിസ് ബിൻ റബീഅ:, അഖീൽ ബിൻ അസ്‌വദ്, ഉമൈർ ബിൻ ഉസ്മാൻ.

പ്രമുഖരും അല്ലാത്തവരും ആയുധം വച്ച് കീഴടങ്ങി, ബന്ദികളായി. പോരാട്ടങ്ങൾ അവസാനിച്ചു. ആർജിത സ്വത്തുക്കൾ സമാഹരിക്കാൻ നബി‎ﷺ അനുയായികളെ ഏൽപ്പിച്ചു. അബ്ദുല്ലാഹിബിൻ കഅ്ബ് (റ) അതിനു നേതൃത്വം നൽകി. ബദ്റിൽ വച്ചു തന്നെ അസ്വർ നിസ്ക്കരിച്ച ശേഷം അസ്വീസ് താഴ്‌വരയിലൂടെ യാത്രതിരിച്ചു. അസ്തമാനത്തിന് മുമ്പ് സൗകര്യപ്രദമായ ഒരിടത്ത് തമ്പടിച്ചു. ഉന്നത വിജയവും ആത്മവീര്യവുമൊക്കെയുണ്ടെങ്കിലും പലർക്കും പരുക്കുകളും മുറിവുകളും ഉണ്ട്. അതുകൊണ്ട് ഇന്നിവിടെത്തന്നെ രാപ്പാർക്കുകയാണ്. അപ്പോൾ നബിﷺ അനുയായികളോടായി ചോദിച്ചു. “ഇന്ന് രാത്രി ഈ സംഘത്തിന് ആരാണ് കാവൽ നിൽക്കുക?” എല്ലാവരും ഉറങ്ങിപ്പോയാൽ ഏതെങ്കിലും വഴി ശത്രുക്കളിൽ ആരെങ്കിലും പിൻതുടർന്ന് അപായപ്പെടുത്തിയാലോ? എന്ന കൃത്യമായ നിരീക്ഷണത്തിന്റെ ഭാഗമായുള്ള ചോദ്യമാണത്.

പെട്ടെന്നാരും പ്രതികരിച്ചില്ല. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്നു. മങ്ങിയ വെളിച്ചത്തിൽ ആളെ വ്യക്തമായില്ല. നബിﷺ ചോദിച്ചു; “ആരാണത്?” അദ്ദേഹം പറഞ്ഞു, ദക്’വാൻ ബിൻ ഖൈസ്(റ). നബിﷺ പറഞ്ഞു “ഇരുന്നോളൂ “. അടുത്തയാൾ എഴുന്നേറ്റു. നബിﷺ ചോദിച്ചു; “ആരാണത്?” “ഇബ്നു അബ്ദുഖൈസ് (റ)”.
“നിങ്ങളും ഇരുന്നോളൂ “. മൂന്നാമതും ഒരാൾ എഴുന്നേറ്റു.
“ആരാണത്?”
“അബൂ സബഅ് ” (റ). അപ്പോഴും പറഞ്ഞു, “ഇരുന്നോളൂ “. അൽപ്പം കഴിഞ്ഞ് നബിﷺ പറഞ്ഞു. “നിങ്ങൾ മൂന്നാളുകളും കൂടി കാവൽ നിന്നോളൂ “. അത് പറഞ്ഞപ്പോൾ ദക്’വാൻ എഴുന്നേറ്റുനിന്നു. നബിﷺ ചോദിച്ചു; “മറ്റു രണ്ടാളുകൾ എവിടെ?” അപ്പോൾ ദക്‌വാൻ പറഞ്ഞു; “നബിﷺയേ, അവിടുന്ന് മൂന്നു പ്രാവശ്യം ചോദിച്ചപ്പോഴും എഴുന്നേറ്റത് ഞാൻ തന്നെയായിരുന്നു. എന്റെയോരോ പേരും ഞാൻ മാറ്റി മാറ്റിപ്പറഞ്ഞതാണ് “.

ദക്‌വാന്റെ സേവന സന്നദ്ധത നബിﷺ വക വച്ചുകൊടുത്തു. അദ്ദേഹം സംഘത്തിന്റെ രാത്രി പാറാവുകാരനായി നിയുക്തനായി. “അല്ലാഹു നിങ്ങൾക്ക് കാവൽ നൽകട്ടെ!” എന്ന പ്രാർഥനയുടെ ആശീർവാദത്തോടെ ദക്‌വാൻ കാവൽ നിന്നു.

ആത്മാർപ്പണത്തിന്റെ മോഹന ചിത്രങ്ങൾ എത്രയാണ് ബദ്ർ സമ്മാനിച്ചത് ! ജീവനും സ്വത്തും ആസ്തിയും ആസകലം, അല്ലാഹുവിന്റെ മാർഗത്തിൽ നിർലോഭമായി സമർപ്പിച്ചതിന്റെ സമാനതയില്ലാത്ത രംഗങ്ങൾ ! നേതാവിനെ പൊടി പോലും പറ്റാതെ കൈവെള്ളയിൽ ക്കൊണ്ടു നടക്കാൻ മാത്രം നെഞ്ചിലേറ്റിയ അനുയായികൾ. ലോകത്താർക്കും ലഭിക്കാത്ത അതുല്യവും ആധികാരികവുമായ നേതൃത്വം. ആലോചനകൾക്കും നിരീക്ഷണങ്ങൾക്കുമപ്പുറം ആകാശത്ത് നിന്ന് നിശ്ചയങ്ങൾ ഏറ്റുവാങ്ങുന്ന സാരഥ്യം. ഇതെല്ലാം ഒത്തു ചേർന്ന സുമോഹന സംഗമത്തിന് പ്രപഞ്ചാധിപൻ സമ്മാനിച്ച അതിജീവനത്തിന്റെ വിജയനാമമാണ് ‘ബദ്ർ’. ബദ്ർ ഒരു പ്രദേശത്തിന്റെ പേരിൽ നിന്ന് മുന്നേറ്റത്തിന്റെ പര്യായപദമായി മാറിയതപ്പോഴാണ് ! ബദ്ർ എന്ന പദത്തിന് പൂർണ ചന്ദ്രൻ എന്നാർണർഥം. മനുഷ്യരിലെ പൂർണ ചന്ദ്രനായ മുത്ത് നബിﷺയാണ് ബദ്റിലെ യഥാർഥ ജേതാവും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-254/365

ബദ്റിന്റെ താഴ്‌വരയ്ക്ക് മുത്ത് നബി‎ﷺയുടെ അമാനുഷിക മഹത്വങ്ങളുടെ കഥ കൂടി പറയാനുണ്ട്. മഹാന്മാരായ സ്വഹാബികൾക്ക് ആത്മധൈര്യം നൽകിയ ഘടകം കൂടിയായിരുന്നു അത്. ഉക്കാശ (റ) ധീരയോദ്ധാവായി ബദ്റിൽ മുന്നേറി. ശത്രുനിരകൾക്കിടയിലേക്ക് തുരന്ന് കയറി. അവരിൽ പലരുടെയും തലതെറിപ്പിച്ചു. അതിനിടയിൽ അദ്ദേഹത്തിന്റെ വാൾ പൊട്ടിപ്പോയി. പിന്മാറാനോ ആശങ്കപ്പെട്ടു നിൽക്കാനോ പറ്റിയ അവസരമല്ല. ഉടനെ അദ്ദേഹം നബിﷺയുടെ സവിധത്തിലേക്ക് ഓടിച്ചെന്നു. പെട്ടെന്നവിടുന്ന് ഒരു വിറക് കഷണം എടുത്ത് കൈയിൽ കൊടുത്തു. എന്നിട്ടവിടുന്ന് പറഞ്ഞു. ”ഉക്കാശാ നീയിത് കൊണ്ട് യുദ്ധം ചെയ്തോളൂ.” ഉക്കാശ (റ) അത് സ്വീകരിച്ചു. ഇതെന്താകും എന്നൊന്നും അദ്ദേഹത്തിന് ആശങ്കയില്ല. അദ്ദേഹം പടവാളായി അതേറ്റെടുത്തു. വാളായിത്തന്നെ അദ്ദേഹം ഒന്നു മിന്നി. മൂർച്ചയും തിളക്കവും നീളവുമുള്ള ഒരു ഉരുക്കു വാളായി അത് മാറി.

ബദ്ർ യുദ്ധാനന്തരവും അതദ്ദേഹം കരുതിവച്ചു. മതപരിത്യാഗികളെ നേരിട്ട പോരാട്ടമുൾപ്പെടെ , അദ്ദേഹം എല്ലാ സൈനിക നീക്കങ്ങളിലും ഇതുമായി പങ്കെടുത്തു.
പ്രസ്തുത യുദ്ധത്തിലാണ് അദ്ദേഹം രക്തസാക്ഷിയായത്. ഉക്കാശ (റ) മുത്ത് നബിﷺയുടെ സുവിശേഷം ലഭിച്ച സ്വഹാബിയാണ്. ഒരിക്കൽ നബിﷺ പറഞ്ഞു. “എന്റെ സമുദായത്തിൽ നിന്ന് എഴുപതിനായിരം ആളുകൾ പൂർണേന്ദുവിന്റെ ശോഭയിൽ സ്വർഗത്തിൽ പ്രവേശിക്കും. അവർക്ക് വിചാരണ ഉണ്ടാവുകയില്ല. അനിസ്‌ലാമികമായ മന്ത്രങ്ങൾ ചെയ്യാത്തവരും ചെയ്യിക്കാത്തവരുമാണവർ.” നബിﷺ പറഞ്ഞു തീർന്നതേയുള്ളൂ. ഉക്കാശ (റ) പറഞ്ഞു; “അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ.., എന്നെയും ആ സംഘത്തിൽ ഉൾപ്പെടുത്താൻ അവിടുന്നൊന്ന് പ്രാർഥിച്ചാലും “.
“അല്ലാഹുവേ, ഉക്കാശയെ നീ അവരോടൊപ്പം ചേർക്കേണമേ!” മുത്ത് നബിﷺ പ്രാർഥിച്ചു കൊടുത്തു. ”നീ അവരിൽപ്പെട്ടവനാണ് ” എന്നാണ് നബിﷺ പ്രതികരിച്ചതെന്നും നിവേദനമുണ്ട്.

ഇത് കേട്ടു നിന്ന മറ്റൊരാൾ നബിﷺയോട് പറഞ്ഞു; “എന്നെയും ഒന്നു ചേർത്തു തരേണമേ “. അപ്പോഴവിടുന്ന് പ്രതികരിച്ചു; “സബഖക ബിഹാ ഉക്കാശ:” അഥവാ ഉക്കാശ നിങ്ങളെ മുൻകടന്നു കഴിഞ്ഞു.

മുത്തുനബിﷺയുടെ അമാനുഷിക വിലാസത്തിൽ ബദ്റിൽ അടയാളപ്പെടുത്തപ്പെട്ട മറ്റൊരു രംഗം ഇതാണ് : “യുദ്ധത്തിനിടയിൽ അമ്പേറ്റ് രിഫാഅത് ബിൻ മാലിക്കി(റ)ന്റെ കണ്ണുപൊട്ടി. നബി ﷺ അവിടുത്തെ ഉമിനീരു പുരട്ടി ശമനത്തിനായി പ്രാർഥിച്ചു. അദ്ഭുതകരമായി കണ്ണിലെ പരുക്ക് അപ്രത്യക്ഷമായി. പിന്നീടൊരിക്കലും ആ കണ്ണിന് രോഗം ബാധിച്ചിട്ടേയില്ല ” .

ഖുബൈബ് ബിൻ അബ്ദുറഹ്മാന്റെ പിതാമഹൻ ഖുബൈബ് (റ) എന്നവർക്ക് ബദ്റിൽ വച്ചു വെട്ടേറ്റു. ഒരു ഭാഗം മുറിഞ്ഞു തൂങ്ങി. ആ മുറിവ് ചേർത്ത് വച്ച് മുത്ത് നബിﷺയുടെ ഉമിനീർ പുരട്ടി. മുറിവ് കൂടുകയും പൂർവസ്ഥിതിയിലാവുകയും ചെയ്തു.

പോരാട്ടത്തിനിടയിൽ സലമതുബിനുൽ അസ്‌ലമി(റ)ന്റെ വാൾ പൊട്ടിപ്പോയി. ആവലാതിയുമായി അദ്ദേഹം നബിﷺയെ സമീപിച്ചു. അവിടുന്ന് ഈത്തപ്പനക്കുലയുടെ തണ്ട് എടുത്തു നൽകി. അപ്പോഴത് നല്ലൊരു വാളായി പരിണമിച്ചു. അദ്ദേഹം മുത്ത് നബിﷺയുടെ ചാരത്ത് ചേർന്ന് നിന്നു പോരാടി.

ഖതാദത് ബിൻ നുഅ്മാനി(റ)ന്റെ കണ്ണിൽ അമ്പ് തറച്ചു. കണ്ണ് തെറിച്ചു തൂങ്ങി. ഉടനെ നബിﷺയുടെ സവിധത്തിലെത്തി. ആവലാതി പറഞ്ഞു. അവിടുന്ന് കണ്ണെടുത്ത് പൂർവസ്ഥാനത്ത് വച്ചു. പൂർണമായും പരുക്കുകൾ മാറി. നേരത്തേതിനേക്കാൾ കാഴ്ചയും ഭംഗിയുമുള്ളതായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-255/365

ആത്മീയമായ വിചാരങ്ങളെയും മാനങ്ങളെയും കൂടി ചേർത്തുവച്ചു കൊണ്ടേ ബദ്റിനെ ഉൾക്കൊള്ളാൻ കഴിയൂ. ഭൗതികമായ നിഗമനങ്ങൾക്കും പോരാട്ട രീതികൾക്കുമപ്പുറം ചിലതൊക്കെ ഇവിടെ സംഭവിച്ചിട്ടുണ്ട്. ബലാബലങ്ങൾ ഗതിനിർണയിക്കുന്ന യുദ്ധഭൂമിയിൽ അംഗബലത്തെയും ആയുധബലത്തെയും മറികടക്കാൻ പറ്റിയ ഒരാത്മീയബലം കടന്നു വന്നു എന്ന് അംഗീകരിക്കുമ്പോഴേ മുസ്‌ലിം പക്ഷത്തെ വിജയിപ്പിച്ച ഘടകം ഏതാണെന്നതിന് മറുപടിയാകൂ. അതെങ്ങനെയൊക്കെയായിരുന്നു എന്ന് പറയാൻ വിജയിച്ച പക്ഷത്തിന്റെ നേതാവിനേ സാധിക്കൂ. അഥവാ മുഹമ്മദ്‎ നബിﷺക്കേ അത് പറയാൻ കഴിയൂ. അവിടുന്ന് ദേഹേച്ഛയ്ക്കനുസരിച്ച് സംസാരിക്കുന്നവരല്ല. പ്രപഞ്ചാധിപന്റെ ഹിതത്തിനനുസരിച്ചേ സംസാരിക്കൂ. പ്രപഞ്ചാധിപനായ അല്ലാഹു അവൻ നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിﷺയിലൂടെ ലോകത്തിനു നൽകിയ വചനമാണ് വിശുദ്ധ ഖുർആൻ. ബദ്റിൽ ഗതി നിർണയിച്ച ശക്തിയെക്കുറിച്ചും ഇരുട്ടിന്റെ ഉപാസകരെ പരാജയപ്പെടുത്തിയ ഇടപെടലുകളെക്കുറിച്ചും ഖുർആൻ പറയുന്നുണ്ട്. ചില സൂക്തങ്ങളുടെ ഉള്ളടക്കങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം.

പരിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റി ഇരുപത്തി മൂന്നാമത്തെ സൂക്തത്തിന്റെ ആശയം നോക്കൂ. “നിങ്ങള്‍ വളരെ ദുര്‍ബലരായിരിക്കെ, ബദ്റില്‍ അല്ലാഹു ‎നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങൾ അല്ലാഹുവോട് ‎ഭക്തിയുള്ളവരാവുക. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.”

അല്ലാഹു അവന്റെ സവിശേഷ സൃഷ്ടികളായ മലക്കുകൾ മുഖേന സഹായിച്ച കാര്യം ഖുർആൻ പറയുന്നുണ്ട്. മലക്കുകൾ അല്ലാഹുവിന്റെ ആജ്ഞാനുവർത്തികൾ മാത്രമാണ്. അവന്റെ കൽപ്പനയ്ക്കനുസരിച്ച് മാത്രം ചലിക്കാൻ കഴിവുള്ളവരാണ് മലക്കുകൾ. അവരിൽ നിന്നുള്ള സംഘങ്ങളെ ബദ്റിൽ വച്ചു സഹായിച്ച കാര്യം ഖുർആൻ പറയുന്നതിങ്ങനെയൊക്കെയാണ്.

എട്ടാം അധ്യായം അൽ- അൻഫാലിലെ ഒൻപതും പത്തും സൂക്തങ്ങളുടെ ആശയം നോക്കൂ. “തങ്ങൾ തങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദർഭം; ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാമെന്ന് അപ്പോള്‍ അവന്‍ നിങ്ങൾക്കുത്തരം ചെയ്തു. ‎ അല്ലാഹു ഇതു പറഞ്ഞത് നിങ്ങൾക്കൊരു സന്തോഷ വാർത്തയായിട്ടാണ്. അതിലൂടെ നിങ്ങൾക്ക് മനസ്സമാധാനം കിട്ടാനും. യഥാർഥ സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു ‎പ്രതാപിയും യുക്തിമാനും തന്നെയാണ്.”

ആയിരം മലക്കുകളെ അയച്ച് ശക്തിപ്പെടുത്തിയ വാർത്തയാണിവിടെപ്പറഞ്ഞതെങ്കിൽ മൂന്നാമധ്യായം‎ ആലു ഇംറാനിലെ നൂറ്റിയിരുപത്തിനാലാം സൂക്തം പറയുന്നതിങ്ങനെയാണ്. “തങ്ങൾ, അഥവാ പ്രവാചകൻ സത്യവിശ്വാസികളോടു പറഞ്ഞ സന്ദര്‍ഭം: നിങ്ങളുടെ ‎പരിപാലകൻ മൂവ്വായിരം മലക്കുകളെയിറക്കി നിങ്ങളെ ‎സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ?”

ഒന്നു കൂടി വിപുലമായ സഹായത്തെക്കുറിച്ചാണ്‎ തൊട്ടടുത്ത സൂക്തം അഥവാ മൂന്നാമധ്യായം നൂറ്റിയിരുപത്തിയഞ്ചിൽ പറയുന്നത്. “സംശയം വേണ്ടാ, നിങ്ങള്‍ ക്ഷമ അവലംബിക്കുകയും ‎സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ ‎നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും ‎നിങ്ങളുടെ നാഥന്‍, വേർതിരിച്ചറിയാന്‍ കഴിയുന്ന അയ്യായിരം ‎മലക്കുകളെക്കൊണ്ട് നിങ്ങളെ സഹായിക്കും.”

മലക്കുകളുടെ സാന്നിധ്യവും സഹായവും വിശ്വാസികൾക്ക് അനുഭവിക്കാനായി. അവർക്ക് അതുമൂലം വീര്യവും പ്രതീക്ഷയും കൈവന്നു. മലക്കുകളെ നേരിട്ടു തന്നെ മുത്ത് നബി‎ﷺ ദർശിച്ചു. ഇസ്‌ലാമിന്റെ ബദ്ധശത്രുവായ പിശാചറിഞ്ഞു. അവൻ ഓടിയകന്നു. പ്രവാചകാനുയായികൾക്ക് അവരുടെ പിന്തുണ ആവശ്യാനുസാരം ലഭിച്ചുകൊണ്ടേയിരുന്നു.

‘ഒരു മലക്കിനെക്കൊണ്ട് തന്നെ വലിയ കാര്യങ്ങൾ സാധ്യമാകുമെന്നിരിക്കെ ഇത്രയേറെ മലക്കുകൾ എന്തിനായിരുന്നു’ എന്ന ഒരന്വേഷണം ചിലയാളുകൾ ഉന്നയിച്ചിട്ടുണ്ട്. ‘ബദ്ർ മുന്നേറ്റത്തിന് അല്ലാഹു നൽകിയ മഹത്വം പരിഗണിച്ചു കൊണ്ടാണ് ‘ എന്നാണ് അവർക്ക് ഉത്തരം നൽകേണ്ടത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-256/365

ബദ്റിന്റെ മഹത്വവും മലക്കുകളുടെ സാന്നിധ്യത്തിന്റെ പ്രാധാന്യവും അറിയിക്കുന്ന ഒരു മഹദ് വചനം ഇങ്ങനെ വായിക്കാം : നബി ﷺ പറഞ്ഞു; “പിശാച് ഏറ്റവും കോപാകുലനായിക്കാണപ്പെട്ടത് അറഫയിലും പിന്നെ ബദ്റിലുമാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അതി വർഷവും പാപങ്ങൾ പൊറുത്തു കൊടുക്കുന്ന കാഴ്ചയുമാണ് കാരണം “. ഒരാൾ നബിﷺയോട് ചോദിച്ചു; “എന്താണ് പിശാചന്ന് കണ്ടത് ?”
“ജിബ്‌രീൽ(അ) മലക്കുകളെ യുദ്ധത്തിനായി അണി നിർത്തുന്നതാണ് അവൻ കണ്ടത് “. അവിടുന്ന് പ്രതികരിച്ചു.
യുദ്ധം അരങ്ങേറുന്ന നേരത്ത് നബിﷺ പറഞ്ഞു. “ഇതാ ജിബ്‌രീൽ ദിഹ്യത്തുൽ കൽബിയുടെ രൂപത്തിൽ ഹാജരായിരിക്കുന്നു. കാറ്റിനെ തെളിക്കുന്നു. കിഴക്കൻ കാറ്റ് കൊണ്ട് എനിക്ക് സഹായം ലഭിച്ചു. ആദ് ജനത നശിപ്പിക്കപ്പെട്ടത്‌ പടിഞ്ഞാറൻ കാറ്റുമൂലമാണ്.“

ഇബ്നു അബ്ബാസ് (റ)വിന്റെ ഒരു നിവേദനം ഇങ്ങനെ കാണാം : ‘ബദ്ർ ദിനത്തിൽ മുസ്‌ലിം സൈന്യത്തിലെ ഒരാൾ ഒരു ശത്രുവിന്റെ പിന്നാലെ ഓടുകയായിരുന്നു. പെട്ടെന്നതാ ഹൈസൂം അഥവാ, മുന്നോട്ട്‌ എന്നൊരു ശബ്ദവും ചാട്ടവാറടിയും ഉപരിഭാഗത്തു നിന്ന് കേട്ടു. അതാ മുന്നിലുള്ള ശത്രു നിലം പരിശായി വീണിരിക്കുന്നു. നോക്കിയപ്പോൾ അവന്റെ മുഖത്ത് ചാട്ടയടി പതിഞ്ഞ മുറിവും പച്ചയടയാളവും. മൂക്ക് ഓട്ടയാവുകയും ചെയ്തിരിക്കുന്നു “. ഉടനെ സ്വഹാബി തിരുനബിﷺയുടെ അടുത്തേക്ക് വന്നു കാര്യം പറഞ്ഞു. അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. “നീ പറഞ്ഞത് സത്യമാണ്, അത് മൂന്നാമാകാശത്തു നിന്നുള്ള സഹായമാണ്.”

അസാധാരണമായ സൈനിക സാന്നിധ്യം ബദ്റിൽ അനുഭവിച്ചതിന്റെ ഒരു സാക്ഷ്യം ഇബ്നു കസീറും മറ്റും ഉദ്ധരിക്കുന്നതിങ്ങനെയാണ് – “ഗിഫാർ ഗോത്രക്കാരനായ അബൂറഹ്മ് തന്റെ പിതൃ സഹോദരന്റെ മകനോടൊപ്പം ബദ്റിന്റെ സമീപത്തുള്ള മലമുകളിൽക്കയറി യുദ്ധരംഗം വീക്ഷിക്കുകയായിരുന്നു. ഏതു പക്ഷമാണ് പരാജയപ്പെടുക എന്ന് നിരീക്ഷിച്ചു അവരുടെ വസ്തു വകകൾ അപഹരിക്കുകയായിരുന്നു നിരീക്ഷണ ലക്ഷ്യം. പടക്കളത്തിലേക്കു നോക്കിയപ്പോൾ മുഹമ്മദ്‌ﷺന്റെ സൈന്യത്തിൽ വളരെ കുറഞ്ഞ ആളുകളും മറുഭാഗത്തു നല്ല അംഗബലവും ശ്രദ്ധയിൽപ്പെട്ടു. അപ്പോഴവർ പറഞ്ഞു. നമുക്ക് മുഹമ്മദിﷺന്റെ ഭാഗം ലക്ഷ്യം വയ്ക്കാം. അങ്ങനെ അവർ തക്കം പാർത്തിരുന്നു.

അബൂ റഹ്മ് പറയുന്നു; “ഞങ്ങൾ മുസ്‌ലിം സൈന്യത്തിന്റെ ഇടത്തെ നിരയുടെ അടുത്തേക്ക് നീങ്ങി. ഇത് ഖുറൈശികളുടെ കാൽ ഭാഗം പോലുമില്ലല്ലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അടുത്ത ഭാഗത്തേക്ക്‌ നീങ്ങി. പൊടുന്നനെ ഒരു മേഘം വന്നു. ഞങ്ങളെ ആവരണം ചെയ്തു. അതാ ആയുധങ്ങളുടെയും പോരാളികളുടെയും ശബ്ദം. കൂട്ടത്തിൽ ഒരാൾ തന്റെ കുതിരയോട് ഹൈസൂം അഥവാ, മുന്നോട്ടു ഗമിക്കുക എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോൾ മറ്റുള്ളവർ ഇങ്ങനെ പറയുന്നു – ‘പതുക്കെ, പിന്നിലുള്ളവർ കൂടി ഒന്ന് വന്നോട്ടെ’. അവർ മുസ്‌ലിം സൈന്യത്തിന്റെ വലത്തേ പാർശ്വനിരയിൽ വന്നു ചേർന്നു. തുടർന്ന് അതുപോലെ അടുത്ത ഒരു സംഘവും കൂടി വന്നു നബിﷺയുടെ ഒപ്പം നിന്നു. പിന്നീട് നോക്കിയപ്പോൾ മുസ്‌ലിം സൈന്യം ശത്രുപക്ഷത്തിന്റെ ഇരട്ടിയായിക്കാണപ്പെട്ടു. ഈ രംഗം കണ്ടു ഹൃദയാഘാതം സംഭവിച്ച എന്റെ പിതൃവ്യപുത്രൻ അവിടെ വച്ചു തന്നെ മരണപ്പെട്ടു. എനിക്കും ഹൃദയാഘാതം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. പിൽകാലത്തു ഈ വിവരം ഞാൻ നബിﷺയോട് പങ്കുവച്ചു “.

ഹൈസും എന്നത് ജിബ്‌രീലി(അ)ന്റെ കുതിരയുടെ പേരാണത്രെ. ഈ കുതിരപ്പുറത്താണ് മൂസാ പ്രവാചകനെ (അ) സീന പർവതത്തിലേക്ക് കൊണ്ടുപോയതെന്നും മറ്റും ചില പരാമർശങ്ങൾ ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.

ബദ്റിലെ മലക്കുകൾക്കൊപ്പം അല്പം കൂടി നമുക്ക് സഞ്ചരിക്കാം. സുഹൈൽ ബിൻ അംറ് (റ) പറയുന്നു; “പ്രത്യേക ചിഹ്നങ്ങളുള്ള വെളുത്ത പുരുഷന്മാർ കറുപ്പും വെളുപ്പും ചേർന്ന കുതിരകളുടെ പുറത്ത് ആകാശ ഭൂമികൾക്കിടയിൽ നിന്നു പോരാടുന്ന രംഗം ബദ്ർ ദിവസത്തിൽ ഞാൻ ദർശിച്ചു.
എനിക്ക് കാഴ്ച നഷ്ടപ്പെടുന്നതിനു മുമ്പ് എന്നോടൊപ്പം നിങ്ങൾ ബദ്റിൽ വന്നിരുന്നെങ്കിൽ മലക്കുകൾ കടന്നു വന്ന വഴി കൃത്യമായി നിങ്ങൾക്ക് ഞാൻ കാണിച്ചു തരുമായിരുന്നു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-257/365

ബദ്റിൽ മലക്കുകൾ അവതരിച്ചത് സംബന്ധമായി ഇനിയും വായിക്കാനുണ്ട്. അലി (റ) പറയുന്നു : “ഞാൻ കിണറ്റിനടുത്തു കൂടി സഞ്ചരിക്കുകയായിരുന്നു. അതാ ശക്‌തമായ ഒരു കാറ്റ്. ഒന്നിന് പിറകെ ഒന്നായി മൂന്ന് പ്രാവശ്യം അടിച്ചു വീശി. മീകാഈൽ (അ)നൊപ്പം ആയിരം മലക്കുകളിറങ്ങി നബിﷺയുടെ വലതു ഭാഗത്തു നിന്നു. അവിടെ അബൂബക്കറും(റ) ഉണ്ടായിരുന്നു. ഇസ്രാഫീലും(അ) ആയിരം മലക്കുകളുടെ അകമ്പടിയോടെ കടന്നു വന്നു സംഘത്തിൽ ചേർന്നു. ഞാനവരുടെ കൂടെക്കൂടി. അപ്പോഴേക്കും ജിബ്‌രീലും(അ) ആയിരം മലക്കുകളെയും കൂട്ടി എത്തിയിരുന്നു. ഒരു റിപ്പോർട്ട് പ്രകാരം ജിബ്‌രീലി(അ)ന്റെയും മീകാഈലി(അ)ന്റെയും കൂടെ അഞ്ഞൂറ് വീതം എന്നും കാണാം.
പോരാട്ടത്തിലും ശത്രുക്കളെ ബന്ദിയാക്കുന്നതിലും മലക്കുകൾ ഇടപെട്ടിരുന്നു എന്ന് വായിക്കാനാകും.

സാഇബു ബിൻ അബീഹുബൈശുൽ അസദി മുശ്‌രിക്കുകളുടെ അണിയിൽ ബദ്റിൽ പങ്കെടുത്തയാളാണ്. പടക്കളത്തിൽ വച്ചു അദ്ദേഹം ബന്ദിയാക്കപ്പെട്ടു. അതിനെക്കുറിച്ചദ്ദേഹം പിൽക്കാലത്തു പറഞ്ഞതിങ്ങനെയാണ് – ‘ എന്നെ ബന്ദിയായിപ്പിടിച്ചത് ഒരു മനുഷ്യനല്ലെന്നുറപ്പാണ് ‘. ‘പിന്നെയാരാണെന്നാണ് നിങ്ങളുടെ അഭിപ്രായം’ എന്നൊരാൾ ചോദിച്ചു. അപ്പോഴദ്ദേഹം തുടർന്നു. ‘ഖുറൈശികൾ തോറ്റ കൂട്ടത്തിൽ ഞാനും അകപ്പെട്ടു. അപ്പോഴതാ, ആകാശ ഭൂമികൾക്കിടയിൽ വെളുപ്പും കറുപ്പുമുള്ള ഒരു കുതിരപ്പുറത്തു വെളുത്ത് അതികായാനായ ഒരാൾ ! അയാൾ എന്നെപ്പിടിച്ചു തടവിലാക്കി. ബന്ദിയാക്കപ്പെട്ട എന്റെടുത്തേക്ക് അബ്ദു റഹ്‌മാനു ബിൻ ഔഫ് (റ) വന്നു. ഇവനെ ആരാണ് തടവിലാക്കി ബന്ദിച്ചതെന്ന് അദ്ദേഹം സൈനികരോട് ചോദിച്ചു. അവരാരും അതിനു കർത്തൃത്വം ഏറ്റെടുത്തില്ല. അഥവാ, അവരാരുമായിരുന്നില്ല. അവസാനം എന്നെ നബിﷺയുടെ സവിധത്തിൽ എത്തിച്ചു’. അപ്പോൾ അവിടുന്നെന്നോട് ചോദിച്ചു, ‘നിന്നെയാരാണ് ബന്ദിയാക്കിയത് ?’
ഞാൻ പറഞ്ഞു; ‘അറിയില്ല. എന്നാൽ ഞാൻ കണ്ട രംഗം പറയാൻ ഞാൻ താത്പ്പര്യപ്പെട്ടതുമില്ല’. പക്ഷേ, നബി‎ﷺ അപ്പോൾ പറഞ്ഞു. “ആദരണീയനായ ഒരു മലക്കാണിവനെ തടവിലാക്കിയത്. ഇബ്ൻ ഔഫ് നീ കൊണ്ടു വന്ന ബന്ദിയെ നീ തന്നെ കൂട്ടിക്കോളൂ.” നബി ‎ﷺ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽത്തങ്ങി. എന്നാലും ഞാൻ ഇസ്‌ലാം പുൽകാൻ ഏറെ വൈകിപ്പോയി “.

ഉമർ (റ)ന്റെ കാലത്താണ് ഈ സംഭാഷണങ്ങൾ അദ്ദേഹം നടത്തിയത്.
ഉമാമത് ബിൻ സഹൽ അദ്ദേഹത്തിന്റെ പിതാമഹൻ പറഞ്ഞതായി ഇങ്ങനെ പറഞ്ഞു. ‘മോനേ, ഞങ്ങളുടെ കൂട്ടത്തിൽ നിന്നൊരാൾ ഒരു ശത്രുവിനെ പിൻതുടർന്നു. ഒടുവിൽ അയാൾക്കുനേരെ വാളോങ്ങി. അദ്ദേഹത്തിന്റെ വാൾ പതിക്കുന്നതിന് മുമ്പ് ശത്രുവിന്റെ തലതെറിച്ചു കഴിഞ്ഞു. ഇത് ഞാൻ നേരിട്ടു കണ്ട രംഗമാണ് ‘.

ബദ്റിൽ കൊല്ലപ്പെട്ടവരിൽ കഴുത്തിന്റെയും കൈകളുടെയും മുറിപ്പാടുകളിൽ പൊള്ളലേറ്റത്‌ പോലെയുണ്ടെങ്കിൽ അതു മലക്കുകളാൽ കൊല്ലപ്പെട്ടതായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഹകീമു ബിൻ ഹിസാം പറയുന്നു. ‘ഉപരിമണ്ഡലം നിറഞ്ഞു; ഉറുമ്പിൻ കൂട്ടങ്ങൾ വന്നിറങ്ങുന്നത് ബദ്ർ ദിനത്തിൽ ഞാൻ കണ്ടു. അത് താഴ്‌വരയിലൂടെ നിറഞ്ഞൊഴുകി. നബി‎ﷺക്കു സഹായമായി വാനലോകത്ത് നിന്നയച്ചതാണതെന്നു മനസ്സിലാക്കാൻ കഴിഞ്ഞു’.

ജുബൈർ ബിൻ മുത്ഇമ് എന്നവർ പറയുന്നു – ‘ശത്രുസംഘം പരാജയപ്പെടുന്നതിനു മുമ്പ് പോരാട്ടം കൊടുമ്പിരിക്കൊണ്ട നേരത്ത് വരകളുള്ള വസ്ത്രം പോലെ ഒരുസാധനം ഉപരി ലോകത്ത് നിന്നു താഴേക്കു അവതരിക്കുന്നത് കണ്ടു. തീർച്ചയായും അത് മലക്കുകളുടെ കൂട്ടമായിരുന്നു. ഉടനെ തന്നെ ശത്രുക്കൾ പരാജിതരായി’.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-258/365

മലക്കുകൾ പടക്കളത്തിൽ ഓരോരുത്തരുടെയും അടുത്തു വന്നത്‌ അവർക്കു പരിചയമുള്ളവരുടെ രൂപത്തിലായിരുന്നു. അതുവഴി കൂടുതൽ കരുത്ത് ലഭിക്കാൻ അത് കാരണമായി. അവർക്കു പ്രത്യേക അടയാളങ്ങളുണ്ടായിരുന്നു. കറുത്ത തലപ്പാവണിഞ്ഞുകൊണ്ടാണ് ബദ്റിൽ മലക്കുകൾ വന്നു ചേർന്നത്. ഉഹ്ദിൽ മലക്കുകൾ ഹാജരായത് ചുവന്ന തലപ്പാവണിഞ്ഞു കൊണ്ടായിരുന്നു. മലക്കുകൾ അണിഞ്ഞ തലപ്പാവിന്റെ നിറത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നിവേദനങ്ങൾ വന്നിട്ടുണ്ട്. ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നിങ്ങനെയാണ് അഭിപ്രായങ്ങളുള്ളത്. വാലിട്ട തലപ്പാവുകളാണ് അണിഞ്ഞിരുന്നത്. വ്യത്യസ്ത സംഘങ്ങൾ വ്യത്യസ്ത നിറങ്ങളണിഞ്ഞുവെന്ന് വിലയിരുത്തുമ്പോൾ നിവേദനങ്ങൾ തമ്മിൽ വൈരുധ്യം കാണുന്നില്ല.

മഞ്ഞ തലപ്പാവണിഞ്ഞ സുബൈർ (റ)വിന്റെ അടുക്കൽ അതേ ഭാവത്തിൽ തന്നെയാണ് മലക്കുകൾ സമീപിച്ചത് എന്ന ഒരു നിവേദനം കൂടി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഹംസ (റ) ഒട്ടകപക്ഷിയുടെ തൂവലും സുബൈർ (റ) മഞ്ഞ നിറമുള്ള തലപ്പാവും അബൂദുജാന (റ) തലപ്പാവും അലി (റ) വെള്ള റുമാലുമാണ് അടയാളമായി സ്വീകരിച്ചത്. ഇങ്ങനെയുള്ള അടയാളം മലക്കുകളുടെ കുതിരകൾക്കും പ്രത്യേകമുണ്ടായിരുന്നു. മൂർദ്ധാവിലും വാലിലും വെളുത്ത രോമമോ ചുവന്ന പഞ്ഞിയോ ആയിരുന്നു അടയാളം. മലക്കുകളെ അനുകരിച്ചു നിങ്ങളും കുതിരകൾക്ക് അടയാളം വയ്ക്കൂ എന്ന് നബി ‎ﷺ സ്വഹാബികളോട് പറഞ്ഞു വയ്ക്കുന്ന രീതി ആരംഭിച്ചത് തന്നെ ബദ്റിലായിരുന്നുവെന്നാണ് പ്രമാണങ്ങൾ പറയുന്നത്.

മലക്കുകളുടെ സാന്നിധ്യവും സഹായവും പരാമർശിക്കുമ്പോൾ അത് സംബന്ധമായ ഒരു പ്രാമാണിക വായന കൂടി ചേർക്കുന്നത് നന്നായിരിക്കും. പ്രവാചകന്മാർക്ക് പുറമെ, വിശ്വാസികൾക്ക് കൂടി മലക്കുകൾ സാന്നിധ്യവും ആശ്വാസവും നൽകുമെന്നതിനു ഖുർആൻ തന്നെ പ്രമാണമാണ്. നാൽപ്പത്തിയൊന്നാം അധ്യായം മുപ്പത്, മുപ്പത്തിയൊന്ന് സൂക്തങ്ങൾ പകർന്നു നൽകുന്ന ആശയം നോക്കൂ – ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെയടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും : “നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക. ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങൾ മോഹിക്കുന്നതൊക്കെ ലഭിക്കും. നിങ്ങള്‍ക്കവിടെ നിങ്ങളാവശ്യപ്പെടുന്നതെന്തും കിട്ടും.“

ബദ്റിലെ മലക്കുകളുടെ സാന്നിധ്യം സൈനിക ഇടപെടൽ എന്നതിലുപരി വിശ്വാസികൾക്കുള്ള ഒരു പരിഗണനയും ആശ്വാസവുമായിരുന്നു. നബി ﷺ ക്കും അനുയായികൾക്കും അല്ലാഹുവിന്റെ പ്രീതിക്കും അവന്റെ മതത്തെ സഹായിച്ചതിനുള്ള പ്രതിഫലത്തിനും വഴിയൊരുക്കുകയായിരുന്നു ബദ്ർ. എല്ലാ നിർവഹണത്തിന്റെയും ആത്യന്തികാധികാരം അല്ലാഹുവിനു മാത്രമാണ്. ചിലപ്പോൾ ഒരു മലക്കിലൂടെ ഒരു ജനതയെ മുഴുവൻ നശിപ്പിക്കും. ലൂഥ് പ്രവാചകന്റെ(അ) ജനതയെയും ഏഴു പട്ടണങ്ങളെയും അതിലെ സർവതിനെയും കീഴ്മേൽ മറിച്ചു നശിപ്പിക്കാൻ ജിബ്‌രീലി(റ)ന്റെ ഒരു ചിറകടി മാത്രമേ പ്രയോഗിച്ചുള്ളൂ. അല്ലാഹുവിന്റെ തീരുമാനം അങ്ങനെയായിരുന്നു.

അതുപോലെ എന്താ ഇവിടെ ചെയ്യാതിരുന്നത് എന്ന് ചോദിക്കാൻ ന്യായമില്ല. കാരണം, പരമമായ അധികാരത്തിലും കാല ഭേദമില്ലാത്ത ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലും അല്ലാഹു നിശ്ചയിച്ചത് എന്നു മാത്രമേ അതിനു മറുപടി പറയാനാവൂ.

ബദ്റിൽ മലക്കുകൾ അവതരിച്ച ഇടത്തെക്കുറിച്ച് ഡോക്ടർ അബ്ദു യമാനി എഴുതുന്നതിങ്ങനെയാണ് : ഞാൻ ബദ്റിലെ പോർക്കളവും പരിസരവുമെല്ലാം സന്ദർശിച്ചു. അപ്പോൾ മദീനയിലേക്ക്‌ സഞ്ചരിക്കുന്നവരുടെ ഇടതു ഭാഗത്തു വരുന്ന ഒരു നീണ്ട മല. അതിനോട് ചേർന്നു അൽ മസ്സ് എന്നു പേരുള്ള ഒരു ഇടവഴിയുണ്ട്. ഇവിടെനിന്നാണ് അബൂസുഫ്‌യാൻ തന്റെ സംഘത്തെയും കൊണ്ട് രക്ഷപ്പെട്ടത്. ഷെയ്ഖ് ബാക്കി ഷമീൽ ഈ പർവതത്തെയാണ് മലക്കുകൾ അവതരിച്ച പർവതമായി അഭിപ്രായപ്പെട്ടത്. ഇതേ ധാരണ പലരും പിന്തുടർന്നിട്ടുമുണ്ട്. എന്നാൽ പടക്കളത്തിന്റെ വലതു ഭാഗത്തെ കുന്നിന്മേലായിരുന്നു എന്നു സ്വീകാര്യമായ നിവേദനമുണ്ട്. മേല്പറയപ്പെട്ട മലയ്ക്ക് ‘മലക്കുകളുടെ പർവതം’ എന്നു വരാൻ ഒരു കാരണം ഇനിപ്പറയുന്നതാകാം. അഥവാ, ‘മേഘത്തിനുള്ളിൽ നിന്നു ഗിഫാർ ഗോത്രക്കാരനായൊരാളും അയാളുടെ ബന്ധുവും മലക്കുകളെ വീക്ഷിച്ച സ്ഥലം’ എന്നതായിരിക്കും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-259/365

രണഭൂമിയിലെ ആരവങ്ങളടങ്ങി. സത്യത്തിന്റെ പക്ഷം പോർക്കളത്തിലും ജയിച്ചു. ലോകത്തു നടന്ന ഒട്ടുമിക്ക യുദ്ധങ്ങളുടെയും സമവാക്യങ്ങളെ ബദ്ർ തിരുത്തി. ഇവിടെ ഒരുപക്ഷത്ത് നിന്നു കൊല്ലപ്പെട്ടവരും ബാക്കിയായവരും ജയിച്ചിരിക്കുന്നു. മറുഭാഗത്ത് കൊല്ലപ്പെട്ടവരും ശേഷിച്ചവരും പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസികളിൽ നിന്നു കൊല്ലപ്പെട്ടവർ സ്വർഗത്തിലേക്ക് പറന്നു. അവരുടെ ഉറ്റവരും ഉടയവരും ‘അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷിയായ’ (ശഹീദായ) ആളുടെ ബന്ധുവാണ് ഞാൻ എന്ന് പറയുന്നതിൽ അഭിമാനിച്ചു. അമരമായ വീരസ്മരണയിലേക്ക് ബദ്‌രീങ്ങൾ അടയാളപ്പെടുത്തപ്പെട്ടു. അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയവരുടെ മഹത്വം ഉദ്ഘോഷിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലു ഇംറാനിലെ നൂറ്റി അറുപത്തൊൻപത്, നൂറ്റി എഴുപത് സൂക്തങ്ങളിൽ വന്ന വിശേഷം ഒന്ന് വായിച്ചു നോക്കൂ. ഇബ്നു അബ്ബാസ് (റ) പറയുന്നു :
“അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ ‎മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ ‎തങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. ‎അവര്‍ക്ക് നിര്‍ലോഭം ‎ജീവിത വിഭവങ്ങൾ ലഭിച്ചുകൊണ്ടിരിക്കും. ‎അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കേകിയ‎തില്‍ അവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും ‎തങ്ങളോടൊപ്പം വന്നെത്താത്തവരുമായ ‎വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. ‎അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്ന് ‎അവരറിയുന്നതിനാലാണിത്.“

അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരുടെ മഹത്വവും സ്ഥാനവും വിവരിച്ചുകൊണ്ട് മുത്ത് നബി ‎ﷺ നൽകുന്ന ഒരു വിവരണം ഇങ്ങനെ വായിക്കാം : ‘ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി ‎ﷺ പറഞ്ഞു – നിങ്ങളുടെ സഹോദരങ്ങൾക്ക് ഉഹ്ദിൽ വച്ചു ജീവഹാനി സംഭവിച്ചപ്പോൾ അവരുടെ ആത്മാക്കളെ അല്ലാഹു പച്ച നിറത്തിലുള്ള പറവകളിൽ നിക്ഷേപിച്ചു. അവ സ്വർഗീയ അരുവികൾക്കടുത്തു നിന്ന് പറന്നെത്തുന്നു. സ്വർഗോദ്യാനങ്ങളിൽ പാറിക്കളിക്കുന്നു. അവ അർശിന്റെ അഥവാ, സിംഹാസനത്തിന്റെ താഴെ തൂക്കിയിട്ടുള്ള വിളക്കുകളിൽ പറന്നു കയറുന്നു.

ശുഹദാക്കൾ അഥവാ രക്തസാക്ഷികൾ അവർക്കു ലഭിച്ച അന്നപാനീയങ്ങളുടെ രുചിയും ആവാസത്തിന്റെ ആനന്ദവും അറിഞ്ഞപ്പോൾ അവർ ചോദിച്ചു : ‘ഞങ്ങൾക്കീ ലഭിച്ച കാര്യങ്ങൾ ഭൂലോകത്തുള്ള ഞങ്ങളുടെ സഹോദരങ്ങൾ ഒന്നറിഞ്ഞിരുന്നെങ്കിലോ?’
മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ് – “ഞങ്ങൾ സ്വർഗത്തിൽ ജീവിച്ചിരിക്കുന്നവരും വിഭവങ്ങൾ അനുഭവിക്കുന്നവരുമാണെന്ന് ഭൂലോകത്തുള്ള ഞങ്ങളുടെ സഹോദരങ്ങളോട് ആരാണൊന്ന് പറയുക?
എങ്കിൽ അവർക്ക് സമരത്തിൽ അലസതയില്ലാതെ ആവേശത്തിൽ നിലകൊള്ളാൻ പറ്റുമായിരുന്നു.“
ഉടനെ അല്ലാഹു അറിയിച്ചു – ‘ഞാൻ തന്നെ പറഞ്ഞോളാം’. അങ്ങനെയാണത്രെ നേരത്തെ ഉദ്ധരിച്ച ഖുർആനിക സൂക്തം അവതരിച്ചത് “.

ഇത് പ്രായോഗികമായി ആവിഷ്ക്കരിക്കുന്ന ഒരനുബന്ധം ഇങ്ങനെ കാണാം – ‘അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ട അബൂ ജാബിറി(റ)ന്റെ മകൻ ജാബിറിനെ നബി ‎ﷺ കണ്ടുമുട്ടി. അപ്പോഴദ്ദേഹം ദുഃഖിതനായിരുന്നു. നബിﷺ കാര്യമന്വേഷിച്ചു. അപ്പോഴദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, ﷺ എന്റെ പിതാവ് അല്ലാഹുവിന്റെ മാർഗത്തിൽ ജീവത്യാഗം ചെയ്ത് രക്തസാക്ഷിയായിപ്പോയി. കടവും കുടുംബവുമൊക്കെ ബാക്കിയായി’.
ഉടനെ അവിടുന്ന് ചോദിച്ചു; ‘നിന്റെ ഉപ്പയെ അല്ലാഹു എങ്ങനെയാണ് സ്വീകരിച്ചതെന്നു നിനക്കറിയാമോ? ഞാനൊന്ന് പറയാം’.
‘അതെ, പ്രവാചകരേ’ ജാബിർ(റ) പ്രതികരിച്ചു. അപ്പോൾ നബി ‎ﷺ വിശദീകരിച്ചു. ‘ഒരു തിരശ്ശീലയ്ക്കു പിന്നിൽ നിന്നല്ലാതെ അല്ലാഹു ആരോടും സംഭാഷണം നടത്താറില്ല. എന്നാൽ അതില്ലാതെ തന്നെ നിങ്ങളുടെ ഉപ്പയോട് അല്ലാഹു സംഭാഷണം നടത്തി’. അപ്പോഴല്ലാഹു ചോദിച്ചു – ‘അല്ലയോ എന്റെ ദാസാ.., നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നതെന്താണ്? ഞാനത് നടപ്പിലാക്കിത്തരാം’. അപ്പോൾ പറഞ്ഞതിങ്ങനെയാണ് – ‘അല്ലാഹുവേ, നീ എനിക്ക് പുനർജന്മം നൽകിയാലും! ഞാൻ വീണ്ടും നിന്റെ മാർഗത്തിൽ രക്തസാക്ഷിയാകാനാഗ്രഹിക്കുന്നു’.
അപ്പോഴല്ലാഹു അറിയിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-260/365

അല്ലാഹു പറഞ്ഞു. മരണപ്പെട്ടവർ ഇനി മടക്കപ്പെടുകയില്ല എന്നത് നിശ്ചയിക്കപ്പെട്ട കാര്യമാണ്. അപ്പോൾ അബൂ ജാബിർ (റ) പറഞ്ഞു. അല്ലാഹുവേ, എന്നാൽ ഞങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതത്തെക്കുറിച്ച് ഞങ്ങളുടെ പിന്നിലുള്ളവരോട് പറയുക. അങ്ങനെയാണ് മേൽ ഉദ്ധരിച്ച സൂക്തം അവതരിച്ചത്.

മരണാനന്തരം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തവും എന്നാൽ സവിശേഷവുമായ ഒരു ജീവിതം രക്തസാക്ഷികൾക്ക് അല്ലാഹു നൽകിയിരിക്കുന്നു. ഇതാണ് നാം അറിയുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത്. ഇതിന് അതിഭാവുകത്വം നൽകുന്നതോ ഇങ്ങനെ ഒരു സവിശേഷമായ ജീവിതത്തെ നിരാകരിക്കുന്നതോ ശരിയായ വീക്ഷണമല്ല.

മുസ്‌ലിം പക്ഷത്ത് നിന്നും ബദ്റിൽ രക്തസാക്ഷികളായത് പതിനാറുപേരാണ്. എന്നാൽ പ്രസിദ്ധമായ അഭിപ്രായത്തിൽ പതിന്നാലുപേരെയാണ് എണ്ണിയിട്ടുള്ളത്.
മുഹാജിറുകളിൽ നിന്നുള്ള ആറു പേരെ നമുക്കാദ്യം പരിചയപ്പെടാം.

1. ദുശ്ശിമാലയ്നി ബിൻ അംറ്: ഉമൈർ ബിൻ അബ്ദു അംറ്(റ) എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. മക്കയിൽ വച്ചു മുസ്‌ലിമായി. ബനൂ സഹ്‌റ ബിൻ കിലാബിന്റെ സഖ്യകക്ഷിയായിരുന്നു. പിന്നീട് മദീനയിലേക്ക് പലായനം ചെയ്തു. സൈദ് ബിൻ ഖൈസമയുടെ അടുത്തെത്തി. യസീദ് ബിൻ ഹാരിസ് ബിൻ ഫുസ്ഹും എന്നയാളായിരുന്നു മദീനയിലെ തന്റെ ആദർശ സഹോദരൻ. ഒരേ സമയം രണ്ട് കൈകളുമുപയോഗിച്ച് ജോലി ചെയ്തിരുന്നതിനാലാണത്രേ ഇരട്ടക്കൈയുള്ളയാൾ എന്നർഥം വരുന്ന ദുശ്ശിമാലയ്നി എന്ന പേര് ലഭിച്ചത്. ബദ്റിൽ കൊല്ലപ്പെട്ട ഇദ്ദേഹത്തെ വധിച്ചതാരാണെന്ന് വ്യക്തമല്ല. അപ്പോൾ അദ്ദേഹത്തിന് മുപ്പത്തിരണ്ട് വയസ്സായിരുന്നു.

2. സ്വഫ്വാൻ ബിൻ വഹബ്:(റ). ഉമ്മയുടെ പേരിനോട് ചേർത്ത് ഇബ്നു അൽ ബൈളാ അഥവാ ബൈളാഇന്റെ മകൻ എന്നും അറിയപ്പെട്ടിരുന്നു. അബ്ദുള്ളാഹിബ്നു ജൈഷി(റ)നൊപ്പം അബവാ സൈനിക നീക്കത്തിൽ ഇദ്ദേഹത്തെയും നബി ﷺ നിയോഗിച്ചിരുന്നുവത്രെ. മദീനയിൽ ഇദ്ദേഹത്തിന്റെ ആദർശ സഹോദരൻ റാഫി ബിൻ അൽ മുഅല്ല (റ) എന്ന അൻസ്വാരി ആയിരുന്നു. തുഅയ്മത് ബിൻ അദിയ്യാണ് ബദ്റിൽ വച്ച് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. എന്നാൽ ഇദ്ദേഹം ബദ്റിൽ കൊല്ലപ്പെട്ടില്ലെന്നും പിൽക്കാലത്ത് ജോർഡാനിലെ അമ്മാവസ് പ്ളേഗ് ബാധിച്ചാണ് മരണപ്പെട്ടതെന്നും അഭിപ്രായമുണ്ട്.

3. ആദ്യമായി മക്കയിലെ ദാറുൽ അർഖമിൽ വച്ചു നബി ‎ﷺ യുമായി ബൈഅത്‌ ചെയ്തത് ആഖിലും സഹോദരങ്ങളായ ആമിറും ഇയാസും ഖാലിദുമായിരുന്നു. അന്ന് ഖാലിദിന്റെ പേര് അശ്രദ്ധൻ എന്നർഥം വരുന്ന ഗാഫിൽ എന്നായിരുന്നു. ബുദ്ധിമാൻ എന്നർഥമുള്ള ആഖിൽ എന്ന പേര് നബി ﷺ വച്ചു കൊടുത്തതാണ്. മദീനയിലേക്ക് പലായനം ചെയ്തെത്തിയത് രിഫാഅത്‌ ബിൻ അബ്ദുൽ മുന്ദിരി(റ)ന്റെ അടുക്കലായിരുന്നു. എന്നാൽ ആദർശ സഹോദരനായി കൂടിച്ചേർന്നത് മുബഷിർ ബിൻ അബ്ദുൽ മുന്ദിരിനൊപ്പമായിരുന്നു. മുജസ്സർ ബിൻ സിയാദി(റ)നൊപ്പമായിരുന്നു എന്നും അഭിപ്രായമുണ്ട്. ബദ്റിൽ കൊല്ലപ്പെടുമ്പോൾ മുപ്പത്തിനാല് വയസ്സായിരുന്നു. മാലിക് ബിൻ സുഹൈർ അൽ ജുഷമിക് എന്നയാളാണ് മഹാനവർകളെ വധിച്ചത്.

4. ഉബൈദത്തു ബിനുൽ ഹാരിസ്:(റ) നബി ﷺ ദാറുൽ അർഖമിൽ കേന്ദ്രീകരിക്കുന്നതിന് മുമ്പ് തന്നെ ഉബൈദ (റ) ഇസ്‌ലാം സ്വീകരിച്ചിരിന്നു. നബിﷺയെക്കാൾ പത്തു വയസ്സ് മൂത്തയാളായിരുന്നു ഇദ്ദേഹം. സഹോദരന്മാരായ തുഫൈലിന്റെയും ഹുസൈനിന്റെയും കൂടെ മദീനയിലേക്ക് പലായനം ചെയ്തു. നബി ﷺ ബിലാലി(റ)നെ ഇദ്ദേഹത്തിന്റെ ആദർശ സഹോദരനാക്കി. ഉമൈറു ബിൻ അൽ ഹുമാമി(റ)നെയായിരുന്നു എന്നും അഭിപ്രായമുണ്ട്. അറുപത് മുഹാജിറുകൾ മാത്രം ഉൾക്കൊള്ളുന്ന ഒരു സൈനിക നീക്കം രാബഗിലേക്കു നടത്തിയപ്പോൾ പതാക വഹിച്ചത് ഉബൈദ (റ) ആയിരുന്നു. ബദ്റിൽ വച്ചു ഷൈബത് ബിൻ റബീഅയുമായി ദ്വന്ദയുദ്ധത്തിലേർപ്പെട്ടു. കവിളിൽ വെട്ടേറ്റു നിലം പതിച്ചു. ഉടനെ ഹംസ(റ)യും അലി(റ)യും ഇടപെട്ടു ഷൈബയെ വകവരുത്തി. ഉബൈദ (റ) മദീനയിലേക്കുള്ള മടക്ക യാത്രയിൽ സേഫ്രാഇൽ വച്ചു മരണപ്പെട്ടു. അറുപത്തി മൂന്ന് വയസ്സായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-261/365

5. മിഹ്ജഉ ബിൻ സ്വാലിഹ്(റ). ആദ്യ കാലത്ത് തന്നെ ഇസ്‌ലാമിലേക്ക് വന്നു. ഉമറി(റ)ന്റെ അടിമയായിരുന്നു. ഔദാര്യമായി ഉമർ (റ) അദ്ദേഹത്തിന് മോചനം നൽകി. ആദ്യ ഘട്ടത്തിൽത്തന്നെ മദീനയിലേക്ക് പലായനം ചെയ്തു. നബി‎ﷺയോടൊപ്പം ബദ്റിൽ പങ്കെടുത്തു. സ്വഹാബികളിൽ നിന്നുള്ള രണ്ടു അണികൾക്കിടയിൽ നിൽക്കുകയായിരുന്നു. ആമിർ ബിൻ അൽ ഹള്റമി എന്നയാൾ എയ്ത അമ്പ് വന്നു പതിച്ചു കൊല്ലപ്പെട്ടു. ബദ്റിലെ ആദ്യത്തെ രക്ത സാക്ഷി മിഹ്ജഅ് ആയിരുന്നു.

6. ഉമൈൻ ബിൻ അബീ വഖ്ഖാസ് (റ). പ്രമുഖ സ്വഹാബി സഅ്ദ് ബിൻ അബീ വഖാസി(റ)ന്റെ സഹോദരൻ. ആദ്യകാലത്ത് തന്നെ മദീനയിലേക്ക് പലായനം ചെയ്തു. സഅ്ദ് ബിൻ മുആദിന്റെ(റ) സഹോദരൻ അംറ് ബിൻ മുആദി(റ)ന്റെ ആദർശ സഹോദരനായി ജീവിച്ചു. ബദ്റിൽ സംബന്ധിക്കാൻ വന്നപ്പോൾ പ്രായക്കുറവ് കാരണം നബി‎ﷺ സമ്മതം നൽകിയില്ല. അപ്പോഴദ്ദേഹം പൊട്ടിക്കരഞ്ഞു. നിർബന്ധത്തിന് വഴങ്ങി ഒടുവിൽ സമ്മതം നൽകി. ധീരമായ പോരാട്ടത്തിന് ശേഷം രക്തസാക്ഷിയായി. അംറ് ബിൻ അബ്ദു വുദ്ദ് അൽ ആമിരി എന്നയാളാണ് ഈ പതിനാറുകാരനെ വധിച്ചത്.

ഇനി നമുക്ക് വായിക്കാനുള്ളത് അൻസ്വാരി സ്വഹാബികളായ പത്ത് രക്തസാക്ഷികളെയാണ്.

7. റാഫിഉ ബിൻ അൽ മുഅല്ല (റ). ഖസ്‌റജി വംശജനായ റാഫിഉ അബൂസഈദ് എന്നപേരിലും അറിയപ്പെട്ടിരുന്നു. സഫ്‌വാൻ ബിൻ ബൈളാ (റ) ആദർശ സഹോദരനായിരുന്നു. അദ്ദേഹവും സഹോദരൻ ഹിലാലും (റ) ബദ്റിൽ പങ്കെടുത്തു. ഇക്’രിമത്തു ബിൻ അബീജഹലിന്റെ കൈകളാൽ കൊല്ലപ്പെട്ടു. ബദ്റിലെ രക്തസാക്ഷിയായി.

8. ഹാരിസ ബിൻ സുറാഖത്‌ ബിൻ മാലിക് ബിൻ ആമിർ (റ). അനസ് (റ)ന്റെ അമ്മായി റബയ്യഇന്റെ മകൻ. ബദ്ർ യുദ്ധത്തിൽ നിരീക്ഷകനായി പ്രവർത്തിക്കവേ, വെള്ളം കുടിക്കാൻ ഹൗളിന്റെ അടുത്തെത്തി. പാനപാത്രം ചുണ്ടോടു ചേർത്തതും ശത്രു പക്ഷത്തു നിന്നും ഹിബ്ബാൻ ബിൻ അൽ അർഖ അമ്പെയ്തു. ഹാരിസ(റ)യുടെ മർമത്തു തന്നെ പതിച്ചു. അതോടെ കൊല്ലപ്പെടുകയും ചെയ്തു. അൻസ്വാരികളിൽ നിന്ന് ബദ്റിൽ ആദ്യം രക്തസാക്ഷിയായത് ഹാരിസ (റ)യായിരുന്നു. മകന്റെ വിയോഗത്തിൽ ഹാരിസയുടെ ഉമ്മ കരയാൻ തീരുമാനിച്ചതും മുത്ത് നബിﷺയോട് ചോദിച്ചതും നേരത്തെ വായിച്ചിട്ടുണ്ട്.

9. ഉമൈർ ബിൻ അൽ ഹുമാം (റ). ഖസ്റജികളിൽ നിന്നുള്ള അൻസ്വാരി സ്വഹാബിമാർ. ഉബൈദത്തു ബിൻ അൽ ഹാരിസി(റ)ന്റെ ആദർശ സഹോരൻ. ഒരു കാരക്ക കഴിക്കുന്ന സമയം പോലും കാത്തു നിൽക്കാതെ സ്വർഗത്തിലേക്ക് കുതിച്ചു. പടക്കളത്തിലേക്കിറങ്ങിയ പോരാളി ഖാലിദ് ബിൻ ആലമിന്റെ കൈകളാൽ രക്തസാക്ഷിയായി.

10. സഅ്ദ്ബിൻ ഖൈസമതു ബിൻ അൽഹാരിസ് (റ). ഔസ് ഗോത്രത്തിൽ നിന്നുള്ള അൻസ്വാരി സ്വഹാബി. രണ്ടാം അഖബയിൽ നബിﷺയുമായി ബൈഅത് ചെയ്തവരിൽ ഒരാൾ. അൻസ്വാരികളിലെ പന്ത്രണ്ടംഗ ആലോചനാ സമിതിയിലെ അംഗം. നബിﷺ മദീനയിലെത്തിയ കാലത്ത് ജനങ്ങളെ സ്വീകരിക്കാൻ ഇരിക്കാറുള്ളത് സഅ്ദിന്റെ വീട്ടിലായിരുന്നു. അബൂസലമ (റ) ആദർശ സഹോദരനായിരുന്നു. മക്കയിൽ നിന്നെത്തുന്ന മുഹാജിറുകൾക്കുള്ള പൊതു അഭയകേന്ദ്രമായിരുന്നു സഅ്ദി(റ)ൻ്റെ ഭവനം. ധീരമായി ബദ്റിൽ പങ്കെടുത്തു. അംറ് ബിൻ അബ്ദു വുദ്ദിന്റെ കൈകളാൽ വധിക്കപ്പെട്ടു. തുഐമത് ബിൻ അദിയ്യാണെന്നും അഭിപ്രായമുണ്ട്. പിതാവ് ഖൈസമ (റ) ഉഹ്ദിൽ രക്തസാക്ഷിയായി. ബദ്റിൽ പങ്കെടുക്കാൻ വാപ്പയും മകനും നറുക്കിട്ടു. മകന് നറുക്ക് വീണു. വാപ്പ പറഞ്ഞു; “മോനേ, ഈ ഊഴം എനിക്ക് തരുക “. അപ്പോൾ മകൻ സഅ്ദ് (റ) പറഞ്ഞ പരാമർശം പ്രസിദ്ധമാണ്. “ഉപ്പാ സ്വർഗത്തിന്റെ കാര്യമായിരുന്നില്ലെങ്കിൽ ഞാനങ്ങനെ ചെയ്യാമായിരുന്നു.” സഅ്ദി(റ)ന്റെ വിശ്വാസ ദാർഢ്യത്തിന്റെ തെളിവായിരുന്നു അത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-262/365

11‎. മുബശ്ശിർ ബിൻ അബ്ദിൽ മുൻദിർ(റ). ഔസിലെ ബനൂ ഉമ്മയ്യയിൽ നിന്നുള്ള സ്വഹാബി. ആഖിൽ ബിൻ ബുകൈറിന്റെ(റ) ആദർശ സഹോദരൻ. സഹോദരന്മാരായ അബൂ ലുബാബയുടെയും രിഫാഅതിന്റെയും ഒപ്പം ബദ്റിൽ പങ്കെടുത്തു, രക്തസാക്ഷിത്വം വരിച്ചു.

12. ഔഫു ബിൻ അൽ ഹാരിസ്(റ). ബനൂ ഗനമിൽ നിന്നുള്ള അൻസ്വാരി സ്വഹാബി. ബദ്റിൽ അബ്ദുൽ റഹ്മാൻ ബിൻ ഔഫി(റ)ന്റെ അടുത്ത് ചേർന്നു നിന്നു. കൂടെ സഹോദരൻ മുഅവ്വിദും(റ) ഉണ്ടായിരുന്നു. അബൂജഹലിനെ കടന്നാക്രമിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടു.

13. മുഅവ്വിദ് ബിൻ അൽ ഹാരിസ്(റ). ഔഫ് ബിൻ അൽ ഹാരിസി(റ)ന്റെ സഹോദരൻ. ഇദ്ദേഹവും അബൂ ജഹലിനെ നേരിട്ടതിനെ തുടർന്ന് കൊല്ലപ്പെട്ടു. രണ്ടുപേരും അഖബാ ഉടമ്പടിയിൽ സംബന്ധിച്ചിട്ടുണ്ട്.

14. മുആദ് ബിൻ അൽ ഹാരിസ്(റ). മുഅവ്വിദി(റ)ന്റെയും ഔഫി(റ)ന്റെയും സഹോദരൻ. ഇവർ മൂന്നു പേരും അഫ്രാഇന്റെ മക്കൾ എന്നാണ് കൂടുതൽ അറിയപ്പെടുന്നത്. ഉമ്മയുടെ പേരാണ് അഫ്റാ.

15. യസീദ് ബിൻ അൽ ഹാരിസ്(റ). ഹാരിസ് ബിൻ ഖസ്റജിൽ നിന്നുള്ള സ്വഹാബി. ദുശ്ശിമാലയ്നി(റ) ആയിരുന്നു ആദർശ സഹോദരൻ. നൗഫൽ ബിൻ മുആവിയ്യയുടെ കൈകളാൽ ശഹീദായി. തുഅയ്മത്തു ബിൻ അദിയ്യാണ്‌ വധിച്ചതെന്നും അഭിപ്രായമുണ്ട്.

16. ഹിലാല് ബിൻ അൽ മുഅല്ല. ബനൂ ജുഷം ബിൻ ഖസ്റജിൽ നിന്നുള്ള അൻസ്വാരി സ്വഹാബി. സഹോദരൻ റാഫിഇനോടൊപ്പം ബദ്റിൽ പങ്കെടുത്ത് രക്തസാക്ഷിയായി.

ബദ്റിൽ ഷഹീദായവരെ ബദ്റിൽ തന്നെ മറമാടി. ഈ സമുദായത്തിൽ നിന്നും ആദ്യം സ്വർഗ കവാടത്തിലേക്ക് ക്ഷണിക്കപ്പെടുക ബദ്റിൽ ശഹീദായ മിഹ്ജഇനെ ആയിരിക്കുമത്രേ. ഇദ്ദേഹത്തിന്റെ വിഷയത്തിലാണത്രെ വിശുദ്ധ ഖുർആൻ ഇരുപത്തി ഒൻപതാം അധ്യായം ഒന്നും രണ്ടും സൂക്തങ്ങൾ അവതരിച്ചത്. ആശയം ഇപ്രകാരമാണ്.

“ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുന്നതു കൊണ്ട് മാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്, അവര്‍ പരീക്ഷണ വിധേയരാവാതെ.“

ഇന്നും പതിനായിരങ്ങൾ ബദ്ർ ശുഹദാക്കളെ സന്ദർശിക്കുന്നു. പ്രദേശവാസികളെ ഖബറടക്കുന്ന പൊതു ഖബർസ്ഥാൻ കൂടിയാണവിടം. ഇപ്പോഴത്തെ പരിഷ്കരണത്തിൽ കൂടുതൽ വിദേശികൾക്ക് സുഗമമായി വന്നു സിയാറത്ത് നിർവഹിക്കാൻ സാധിക്കുമെന്നാണു നിഗമിക്കുന്നത്. രക്തസാക്ഷികൾക്ക് സ്വർഗത്തിലേക്ക് മംഗളങ്ങൾ നേർന്ന് ആർജിത സ്വത്തുമായി മുസ്‌ലിംകൾ യാത്ര തിരിക്കാൻ പോവുകയാണ്.

ഓരോ യുദ്ധം കഴിയുമ്പോഴും നബിﷺ യുദ്ധക്കളം സന്ദർശിക്കും. മൃതശരീരങ്ങൾ മറമാടാൻ വേണ്ട കാര്യങ്ങൾ ചെയ്യും. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഖബറടക്കാൻ അനുയായികളോട് നിർദ്ദേശിക്കും. എന്നാൽ ബദ്റിൽ ശത്രുപക്ഷത്തു നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുതലായതിനാൽ ഓരോരുത്തരെയും വേറെ വേറെ മറമാടുക അത്ര എളുപ്പമായിരുന്നില്ല. അതിനാൽ ഉപയോഗശൂന്യമായിരുന്ന ഒരു കിണറിൽ അവരുടെ ശരീരങ്ങൾ ഒരുമിച്ചുകൂട്ടി മണ്ണിട്ടു മൂടി. അവരെ മറമാടിയ ശേഷം അവിടെ നിന്നു കൊണ്ട് നബിﷺ നടത്തിയ സംഭാഷണം നാം നേരത്തെ വായിച്ചിട്ടുണ്ട്. “എനിക്ക് അല്ലാഹു വാഗ്ദാനം ചെയ്ത വിജയം ലഭിച്ചു. നിങ്ങൾക്കു നൽകിയ താക്കീത് നിങ്ങൾക്കോർമയില്ലേ!” എന്നായിരുന്നു സംഭാഷണത്തിന്റെ സാരം.

മറുപക്ഷം പരാജയത്തിന്റെ നൊമ്പരം അടക്കാനാവാതെ മക്കയിലേക്ക്. മക്കയുടെ കരളിന്റെ കഷ്ണങ്ങളെ ബദ്റിന്റെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചിട്ടാണ് പോകേണ്ടി വരുന്നത്. ആളും അർത്ഥവും മാനവും ജീവനും എല്ലാം നഷ്ടപ്പെട്ട അടക്കാനാവാത്ത നൊമ്പരത്തിലാണവർ നാട്ടിലേക്ക് തിരിച്ചത്. കൊട്ടും കുരവയും പാട്ടും കൂത്തുമായി വന്നവർ കരളു പറിഞ്ഞ തേങ്ങലോടെയാണ് യാത്ര ചെയ്യുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-263/365

വിജയഭേരി മുഴക്കി പെരുമ്പറയടിച്ച് തങ്ങളുടെ നേതാക്കൾ എത്തിച്ചേരുമെന്ന് കരുതിയ മക്കക്കാർക്ക് ബദ്റിൽ നിന്ന് ലഭിച്ചത് ദുഃഖ വാർത്തയായിരുന്നു. ദുഃഖവാർത്തയുമായി ആദ്യം മക്കയിലെത്തിയത് ഹൈസമാനു ബിൻ ഇയാസ് ബിൻ അബ്ദില്ലാ എന്നയാളായിരുന്നു. സമൂഹത്തിലെ നേതാക്കളിൽ ഒരാളും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. ബദ്റിൽ നിന്നു വന്നപ്പോൾ മക്കക്കാർ അദ്ദേഹത്തോട് ചോദിച്ചു. എന്ത് വാർത്തയാണ് നിങ്ങളുടെ പക്കലുള്ളത്? എന്തൊക്കെയാണ് കാര്യങ്ങൾ? അദ്ദേഹം പറഞ്ഞു തുടങ്ങി. അബുൽ ഹകം ബിൻ ഹിഷാം, ഉത്ബത് ബിൻ റബീഅ:, ശൈബത് ബിൻ റബീഅ:, സംഅത് ബിൻ അസ്‌വദ്, ഉമയ്യത്ത് ബിൻ ഖലഫ്, നബീഹ് മുനബ്ബിഹ്, അബുൽ ബുഖ്തിരി എന്നിവർ കൊല്ലപ്പെട്ടിരിക്കുന്നു.

മക്കക്കാർക്ക് ഇത് കേട്ട് വിശ്വസിക്കാനായില്ല. മുൻനിര നേതാക്കളുടെ മുഴുവൻ പേരുകൾ എണ്ണുന്നത് കേട്ട അവർ ഹൈസമാനെന്തേ സമനില തെറ്റിപ്പോയോ എന്ന് ചിന്തിച്ചു പോയി. വർത്തമാനം കേട്ടുകൊണ്ടിരുന്ന സഫ്‌വാൻ ബിൻ ഉമയ്യക്ക് തീരേ വിശ്വസിക്കാനായില്ല. അയാൾ പറഞ്ഞു. “അല്ലയോ ഖുറൈശികളേ.. അയാളെന്താണീ പറയുന്നത്! എന്നാൽ ഞാൻ(സഫ്‌വാൻ) എവിടെ എന്നൊന്നു ചോദിച്ചേ?” അപ്പോഴവർ ഹൈസമാനോട് ചോദിച്ചു. എന്നാൽ, സഫ്‌വാൻ ബിൻ ഉമയ്യ എവിടെ? ഉടനേ അദ്ദേഹം പറഞ്ഞു. അവൻ അതാ കഅബയുടെ അടുത്തിരിക്കുന്നു. അവന്റെ പിതാവും സഹോദരനും വധിക്കപ്പെടുന്നത് കണ്ടിട്ടാണ്ട് ഞാൻ വരുന്നത്.

മക്കയാകെ ഞെട്ടിത്തരിച്ചു. സ്ത്രീകൾ അലമുറയിട്ടു. മുണ്ഡനം ചെയ്തും മൃഗങ്ങളെ അറുത്തും അനുശോചനങ്ങൾ നടന്നു. ബദ്റിൽ നിന്നെത്തുന്ന കുതിരകളുടെയും ഒട്ടകങ്ങളുടെയും മുന്നിൽ തലതല്ലിക്കരയുന്ന പെണ്ണുങ്ങൾ തടിച്ചു കൂടി. അണികളെ ആശ്വസിപ്പിക്കാൻ ഉപായങ്ങളില്ലാതെ ഖുറൈശീ നേതാക്കൾ പ്രയാസപ്പെട്ടു. ഒടുവിൽ അവർ ഇങ്ങനെ പറഞ്ഞു. നമുക്ക് പ്രതികാരം വീട്ടാം. നമുക്കവരെ അങ്ങനെ വിടാൻ പറ്റില്ല. നാം എന്തായാലും പ്രതികാരം ചോദിച്ചിരിക്കും. പക്ഷേ നിങ്ങൾ കരയരുത്. മക്കക്കാർ കരച്ചിലിലും നിലവിളിയിലുമാണെന്നറിഞ്ഞാൽ മുഹമ്മദിﷺനും കൂട്ടർക്കും സന്തോഷമാകും. അത് കൊണ്ട് കരച്ചിൽ നിർത്തുക. അവരുടെ കൈയ്യിൽ അകപ്പെട്ട ബന്ദികളെ മോചിപ്പിക്കാൻ ധൃതി പിടിക്കരുത്. കാരണം മുഹമ്മദ്‎ﷺഉം കൂട്ടരും വലിയ തുക ആവശ്യപ്പെടും.

വിരഹ ദുഃഖം കരഞ്ഞു തീർക്കാനോ പിടിക്കപ്പെട്ടവരെ ഉടനടി വീണ്ടെടുക്കാനോ കഴിയാതെ മക്കക്കാരുടെ ഉള്ളു പുകഞ്ഞു. ഇന്നലെകളിൽ പ്രവാചകരേﷺയും അനുയായികളേയും മാനം കെടുത്തിയ പലരും എല്ലാം നഷ്ടപ്പെട്ട് തലകുനിച്ചിരിക്കുകയാണ്. “കിസ്റാ ഖൈസറിനെ കീഴടക്കാൻ ആരുണ്ട്? ഇതാ വന്നിരിക്കുന്നു ഭൂമിയിലെ രാജാക്കൾ” എന്നൊക്കെ പറഞ്ഞു സ്വഹാബികളെ കളിയാക്കിയിരുന്ന അസ്’വദ് ബിൻ സംഅ കൂട്ടത്തിലൊരാളാണ്. അവന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. അവന്റെ മൂന്നു മക്കളും ബദ്റിൽ കൊല്ലപ്പെട്ടിരിക്കുന്നു. അവൻ നിലവിട്ട് കരഞ്ഞു. കരയാൻ പാടില്ലെന്ന് ഖുറൈശീ നേതാക്കൾ പറഞ്ഞതോടെ കരയാനും കഴിയുന്നില്ലല്ലോ എന്നാലോചിച്ച് ഉള്ളു കരിയാൻ തുടങ്ങി. ഇടക്കിടെ അയാൾ അടിമയെ വിളിച്ചു പറയും കരയാൻ അനുമതിയുണ്ടോ എന്നൊന്നന്വേഷിച്ച് വരൂ. ഒടുവിൽ അടിമയുടെ കൈപിടിച്ച് മലഞ്ചെരുവിൽ പോയി ആരും അറിയാതെ കരയും. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ഒരു പെണ്ണിന്റെ നിലവിളി കേട്ടു. ഉടനേ അടിമയെ വിളിച്ചു പറഞ്ഞു. നീയൊന്നു പോയി നോക്കൂ കരയാൻ അനുമതി ലഭിച്ചോ എന്ന്. അവൻ പോയിട്ട് വന്നു പറഞ്ഞു അവൾ കരയുന്നത് അവളുടെ ഉറ്റവർ കൊല്ലപ്പെട്ടതിനല്ല. ഒട്ടകം നഷ്ടപ്പെട്ടതിനാണ്. അസ്‌വദിൻ്റെ ഉള്ളു പുകഞ്ഞു നീറി. അപ്പോഴയാൾ ഒരു കവിത ചൊല്ലി.

“അതബ്കി അൻ യളില്ല ലഹാ ബഈറു..

ഒട്ടകം പോയതിനോ അവൾ കരയുന്നു!നിദ്രയും അന്യമായ് മിഴി അടക്കാതെയും

കൈവിട്ട ഒട്ടകം ഓർത്തു നീ കരയാതെ ഗതി വിട്ട ബദ്റിനെച്ചൊല്ലി നീ തേങ്ങുക

അബുൽ വലീദിലെ കനിവുള്ള സംഘവും മഖ്സൂം ഹസീസിലെ മക്കളെയുമോർക്ക നീ

നരസിംഹം ഹാരിസിനെയോർത്തു നീ വിലപിക്കൂ… കരയുന്നുവെങ്കിൽ; അബൂ അഖീലിനെയും

പേരൊന്നുമെണ്ണെണ്ട സർവരെയുമോർത്തോളൂ… അതുല്യനാണെല്ലോ അബുൽ ഹകം
പക്ഷേ,
ചിലരിന്ന് നേതാക്കളായിച്ചമയുന്നു;
ബദ്റാണവർക്കൊരു അവസരം നൽകിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-264/365

ഖുറൈശികളിലെ ഒന്നാം നിര നേതാക്കളിൽ പലരും ബദ്റിൽ പങ്കെടുത്ത് അന്ത്യം വരിച്ചു. എന്നാൽ, ശ്രദ്ധേയമായ ഒരു കാര്യം കൂടി ഇടയിൽ വായിച്ചു പോകാനുണ്ട്. ഖുറൈശികളുടെ ഏറ്റവും പ്രമുഖനായ നേതാവ് അബൂലഹബ് ബദ്റിലേക്ക് പുറപ്പെട്ടില്ല. പകരം യുദ്ധത്തിന് പുറപ്പെടാത്തവർ പ്രതിനിധിയെ അയക്കണം എന്ന തീരുമാന പ്രകാരം ആസ്വ് ബിൻ ഹിഷാമിനെ അയച്ചു. നാലായിരം ദിർഹം നൽകിയാണയാളെ ബദ്റിലേക്കയച്ചത്. സഈദ് ബിൻ ആസ്വി(റ)ൻ്റെ കൈകളാൽ അയാൾ വധിക്കപ്പെട്ടു. എന്നാൽ, അബൂലഹബിൻ്റെ അവസ്ഥ എന്തായിരുന്നു! അബ്ബാസ്(റ)ന്റെ ഭൃത്യനായ അബൂ റാഫി പറയുന്നു. ബദ്റിൽ നിന്നുള്ള വാർത്തകളിൽ മക്കക്കാർ ആകെ പരിഭ്രാന്തരായി. ഞങ്ങൾ മക്കക്കാർക്ക് വേണ്ടി സംസം കിണറിനടുത്തുള്ള മുറിയിൽ അമ്പുണ്ടാക്കുകയായിരുന്നു. പക്ഷേ ഉള്ളിൽ നിറഞ്ഞ സത്യവിശ്വാസത്തിന്റെ കാരണത്താൽ ബദ്റിലെ വാർത്തകൾ ഞങ്ങൾക്ക് സന്തോഷം നൽകി. എന്നാൽ പുറമേ പ്രകടിപ്പിക്കാൻ സാഹചര്യമില്ലായിരുന്നു.

ഏതായാലും ബദ്റിൽ നിന്നുള്ള വാർത്തകൾ അബൂലഹബിനെയും ഏറെ ആകുലപ്പെടുത്തി. അങ്ങനെയിരിക്കെയാണ് ഞങ്ങൾ അമ്പ് കൂർപ്പിക്കുന്ന മുറിയിലേക്ക് അബൂലഹബ് കടന്നു വന്നു. തമ്പ് വലിച്ചു കെട്ടിയ കയറിന്മേൽ അയാളിരുന്നു. എനിക്ക് പ്രതിമുഖമായിട്ടായിരുന്നു അയാൾ ഇരുന്നത്. അപ്പോഴൊരാൾ വിളിച്ചു പറഞ്ഞു. ഇതാ അബൂസുഫ്‌യാൻ ബിൻ അൽഹാരിസ് വന്നിരിക്കുന്നു. ഉടനെ അബൂലഹബ് അയാളോടായി ചോദിച്ചു. അല്ല! എന്തൊക്കെയുണ്ട് വാർത്തകൾ? അബൂസുഫ്‌യാൻ അടുത്ത് തന്നെയിരുന്നു കാര്യങ്ങൾ പറയാൻ തുടങ്ങി. ഒന്നും പറയണ്ട ഞങ്ങൾ നേരിട്ട സൈന്യം വല്ലാത്ത ഒരു സംഘമായിരുന്നു. അവയുടെ ഇഷ്ടം പോലെ കൊല്ലാനും ബന്ദിയാക്കാനും നമ്മൾ വെറുതെ നിന്നു കൊടുത്തപോലെയായിപ്പോയി. ദൈവത്തിനാണെ! നമ്മുടെ ആളുകളെയും കുറ്റം പറയാനാവില്ല. കാരണം ആകാശ ഭൂമികൾക്കിടയിൽ വെളുപ്പും കറുപ്പും നിറമുള്ള കുറേ കുതിരകൾ അതിന്മേൽ ചില പോരാളികൾ. നമ്മുടെ ആളുകൾ നിന്നു കൊടുക്കുകയല്ലാതെ എന്ത് ചെയ്യാൻ!

അബൂ റാഫി തുടരുകയാണ്. ഇത്രയുമായപ്പോൾ ഞാനിടക്കു കയറി പറഞ്ഞു. പടച്ചവൻ സത്യം! അത് മലക്കുകളായിരിക്കും. ഇത് അബൂലഹബിന് പിടിച്ചില്ല. അവൻ എന്റെ മേൽ ചാടി വീണു. എന്നെ തള്ളിയിട്ട് എന്റെ മേൽ മുട്ടുകുത്തി നിന്ന് മർദ്ദിക്കാൻ തുടങ്ങി. ദുർബലനായ ഞാൻ നിസ്സഹായനുമായി. പിന്നെ അബ്ബാസിന്റെ ഭാര്യ ഉമ്മുൽ നോക്കിനിന്നില്ല. വീട്ടുകാരനില്ലാത്ത നേരത്ത് അദ്ദേഹത്തിന്റെ ഭൃത്യനെ അക്രമിക്കുകയാണോ എന്നാക്രോശിച്ച് ചാടി എഴുന്നേറ്റ് അബൂലഹബിന്റെ തലക്കിട്ട് നന്നായി രണ്ടു കൊടുത്തു.

മാനഹാനിയേറ്റ് നിശ്ശബ്ദനായയാൾ എഴുന്നേറ്റു. വ്രണിത മനസ്സും നൊന്ത ശിരസ്സും താങ്ങാനാകാത്ത ബദ്ർ പരാജയവും ഒരുമിച്ചു നൽകിയ ആഘാതത്തിൽ ഒരാഴ്ച കഴിഞ്ഞു വസൂരി ബാധിതനായി അയാൾ മൃതിയടഞ്ഞു. പകർച്ച ഭയന്നു മക്കൾ പോലും അടുത്ത് നിന്നില്ല. മൃതദേഹം സംസ്കരിക്കാൻ പോലും ഒരുങ്ങിയില്ല. ഒടുവിൽ ശരീരം നീറി വീർത്തു. ദുർഗന്ധം അസഹ്യമായി. ഗതിമുട്ടിയ മക്കൾ അകലെ നിന്ന് മൃതശരീരത്തിലേക്ക് വെള്ളം ചീറ്റി. മരക്കാലുകൾ കൊണ്ട് മൃത ശരീരം നീക്കി കുഴിയിൽ തള്ളി മൂടിക്കളഞ്ഞു.

പ്രവാചകൻﷺ സത്യ സന്ദേശ പ്രഖ്യാപനം നടത്തിയപ്പോൾ തബ്ബൻ അഥവാ നാശം എന്ന് വിളിച്ചു പറഞ്ഞവൻ മക്കക്കൊരു നാറ്റമായി. വിശുദ്ധ ഖുർആനിലെ നൂറ്റിപ്പതിനൊന്നാമത്തെ അധ്യായം അന്തരീക്ഷത്തിൽ മുഴങ്ങുന്നത് പോലെ. ആശയം ഇപ്രകാരമാണ്. “അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു. അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവനൊട്ടും ഉപകരിച്ചില്ല. ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും……”

പ്രവാചകർ‎ﷺ ക്കെതിരെ കലിയിളകി കൊമ്പുകുലുക്കിയ വലിയ ഒരു പറ്റം ബദ്റിൽ അവസാനിച്ചു. ബദ്റിൽ എത്തിയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചവർ വീട്ടിലിരുന്നിട്ടും രക്ഷപ്പെട്ടില്ല. കാലം കണക്കുതീർത്തതിന്റെ നാളുകളിലൂടെയാണ് നാം സഞ്ചരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-265/365

ബദ്ർ യുദ്ധം അവസാനിച്ചു. പക്ഷേ ലോകത്തേക്ക് എന്നെന്നും ആവശ്യമായ ചില വിചാരങ്ങളെയും വിചാരണകളെയും നിർണയിക്കാനുള്ള നാളുകൾ ആരംഭിച്ചു. മക്കയിൽ പ്രഖ്യാപിക്കപ്പെട്ട തൗഹീദിന്റെ ആശയം ഒരാളിൽ നിന്ന് ഒരായിരം ആളുകളിലേക്ക് പടർന്ന് ഒരു വലിയ സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയായപ്പോൾ ഇസ്‌ലാം സാമൂഹിക വ്യവഹാരങ്ങളെ കുറിച്ചു സംസാരിച്ചു. എന്നും അറിഞ്ഞിരിക്കേണ്ട സാമൂഹിക പാഠങ്ങളെ അഭ്യസിപ്പിച്ചു. സഹനവും സഹിഷ്ണുതയും ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്ന ഇസ്‌ലാം ഇപ്പോൾ പ്രതിരോധത്തിന്റെ ചുവട് വെക്കേണ്ടി വന്നു. അപ്പോൾ അതിജീവനത്തെ കുറിച്ചു സംസാരിച്ചു. അതിജീവനത്തിനായി ആയുധമെടുക്കേണ്ടിവന്നവർ അതിവിജയം കൈവരിച്ചു. ഇനി പുതിയ സാമൂഹിക ക്രമത്തോട് ഇസ്‌ലാം സംവദിക്കുകയാണ്. ചാട്ടയടി കൊണ്ട് പുളഞ്ഞപ്പോൾ വിശ്വാസം കാത്തു രക്ഷിക്കാൻ പലതും സഹിക്കേണ്ടി വന്നു. അക്രമം വ്യാപകമായപ്പോൾ പലായനം ചെയ്യേണ്ടി വന്നു. പോയിടത്തും നിൽക്കാൻ അനുവദിക്കുന്നില്ലെന്നായപ്പോൾ പ്രതിരോധിക്കേണ്ടി വന്നു. ജയിച്ചടക്കിയപ്പോൾ അഹങ്കരിക്കരുത് എന്ന് പറഞ്ഞു. ഇനി നമ്മുടെ പ്രതിക്കൂട്ടിൽ കഴിയുന്നവരോട് എന്ത് ചെയ്യണമെന്ന അടുത്ത ആലോചനയിലേക്കു കൂടി കടക്കുകയാണ്. ഈയാരു ഇടപെടൽ ലോക രാഷ്ട്രീയ സംസ്കാരങ്ങളോടുള്ള സംവാദമാണ്. നടപ്പിലുണ്ടായിരുന്ന രീതികളോട് നേർക്കുനേർ അഭിമുഖീകരിക്കാൻ പോവുകയാണ്.

ബദ്റിൽ എഴുപത് ശത്രുക്കൾ കൊല്ലപ്പെട്ടു. ഏതാണ്ട് അത്ര തന്നെ ആളുകൾ ബന്ദികളായി പിടിക്കപ്പെട്ടു. ഈ ബന്ദികളെയെന്തു ചെയ്യണം? ഇവരോടെങ്ങനെ സമീപിക്കണം? ഇവരുടെ ഭാവിയെന്തായിരിക്കണം? ഖുർആൻ നേരിട്ടൊന്നും പറഞ്ഞിട്ടില്ല. പ്രവാചകരുംﷺ നേരിട്ടൊന്നും പറഞ്ഞില്ല. അവിടുന്ന് അനുയായികളോട് കൂടിയാലോചനക്ക് വേദിയൊരുക്കി. ശാരിആയ അഥവാ നിയമനിർമാണ അധ്യക്ഷപദവി അലങ്കരിക്കുന്ന നബി‎ﷺ എല്ലാ നിയമങ്ങളുടെയും ആത്യന്തിക ഉറവിടമായ അല്ലാഹുവിൽ നിന്നുള്ള നിയമങ്ങളെ ജനങ്ങൾക്ക് കൈമാറുന്നതിന് പലരീതികളുണ്ട്. ചിലപ്പോൾ അല്ലാഹു നേരിട്ടു തന്നെ നിയമം നിശ്ചയിച്ചു തന്നതിനെ എത്തിച്ചു തരും. ചിലപ്പോൾ പ്രവാചകരുടെ ശബ്ദത്തിലൂടെയോ അനുഷ്ഠാനത്തിലൂടെയോ അനുമതിയിലൂടെയോ നടപ്പിലാക്കും. നിരീക്ഷണങ്ങളും കൂടിയാലോചനകളും നടത്തി പ്രയോഗിക്കേണ്ട നിയമങ്ങളെ ആ വിധം നടപ്പിലാക്കും. ഇവിടെ അത്തരം ഒരു കൂടിയാലോചനക്കാണ് വേദിയൊരുങ്ങിയത്.

നബി‎ﷺ അനുചരന്മാരോട് കൂടിയാലോചിച്ചു. അവർക്കഭിപ്രായ സ്വാതന്ത്ര്യം നൽകി. സ്വഹാബികളിൽ ഓരോരുത്തരിലും ഉയർന്നു നിൽക്കുന്ന വ്യത്യസ്ഥ ഭാവങ്ങളുണ്ട്. ചിലരിൽ ധീരത. മറ്റു ചിലരിൽ ഔദാര്യം. വേറെ ചിലരിൽ ധിഷണ. ഇതെല്ലാം സമ്മിശ്രമായ ഒരു സംഘത്തോടാണ് നബി‎ﷺ അഭിപ്രായാന്വേഷണം നടത്തുന്നത്. അബൂബക്കർ(റ) പ്രതികരിച്ചു. “അല്ലാഹുവിന്റെ ദൂതരേﷺ! ബന്ദികൾ അവിടുത്തെ ആളുകളാണ്. അവർ സഹോദരങ്ങളാണ്. അമ്മാവന്മാരുടെയോ പിതൃസഹോദരന്മാരുടെയോ മക്കളാണ്. അവിടുത്തെ ജനതയാണ്. അവരുടെ മേൽ വിജയവും സഹായവും അല്ലാഹു തങ്ങൾക്ക് നൽകിയിരിക്കുന്നു. അവരിൽ നിന്ന് മോചനദ്രവ്യം സ്വീകരിച്ച് ജീവനോടെ അവരെ മോചിപ്പിക്കണം ഇതാണെന്റെ അഭിപ്രായം. അവരിൽ നിന്ന് നാം ഈടാക്കുന്ന മൂല്യം സത്യനിഷേധികൾക്ക് മുന്നിൽ അവർക്കൊരു ശക്തി ആയിരിക്കും. ചിലപ്പോൾ തങ്ങൾ മാർഗ്ഗേണ അവരിൽ ആരെങ്കിലും നേർവഴിയിലെത്തുകയും നമുക്കൊപ്പം ചേരുകയും ചെയ്തെന്നും വരാം.”

അബൂബക്കറി(റ)ന്റെ വാക്കുകൾ നബി‎ﷺ സാകൂതം ശ്രവിച്ചു കൊണ്ടിരുന്നു. തത്കാലം ഒന്നും പ്രതികരിച്ചില്ല. അപ്പോൾ ഉമർ(റ) സംസാരിക്കാൻ തുടങ്ങി. “അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ! അവർ തങ്ങളെ നിരാകരിച്ചു, നിഷേധിച്ചു. നാട്ടിൽ നിന്നു പുറത്താക്കി. തങ്ങളോട് യുദ്ധം ചെയ്തു. അത് കൊണ്ട് അബൂബക്കറി(റ)ന്റെ അഭിപ്രായമല്ല എനിക്ക്. അവിടുത്തെ പക്കൽ ബന്ദികൾ ഉണ്ടാവണമെന്ന് എനിക്കഭിപ്രായമില്ല. ഒരു കാര്യം ചെയ്യാം. ബന്ദികളിൽ നിന്നുള്ള എന്റെ ബന്ധുക്കളെ എന്നെ ഏൽപിക്കുക. ഞാനവരുടെ കഴുത്ത് ഛേദിക്കാം. അലി(റ)ക്കു സഹോദരൻ ആഖിലിനെയും ഹംസ(റ)ക്ക് സഹോദരൻ അബ്ബാസിനെയും അങ്ങനെ ഓരോരുത്തർക്കും അവരവരുടെ ബന്ധുക്കളായ ബന്ദികളെ നൽകുക. അവർ കഴുത്ത് വെട്ടിക്കൊള്ളും. അതുവഴി മുശ്‌രിക്കുകളോട് വിശ്വാസികൾക്ക് സ്നേഹമില്ലെന്ന് സ്ഥാപിക്കട്ടെ. ഈ ബന്ദികളധികവും ഖുറൈശികളിലെ നേതാക്കളാണല്ലോ”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-266/365

അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും അഭിപ്രായങ്ങൾ നബി‎ﷺ കേട്ടു. പക്ഷേ, ഒന്നും പ്രതികരിച്ചില്ല. അടുത്തതായി അബ്ദുല്ലാഹി ബിൻ റവാഹ(റ) പറയാൻ തുടങ്ങി. “ഏറ്റവും കൂടുതൽ വിറകുകളുള്ള ഒരു താഴ്‌വര കണ്ടെത്തുക. ഇവരെ മുഴുവൻ അവിടെ നിന്ന് ചുട്ടെരിക്കുക.” അൽപം രൂക്ഷമായിരുന്നു അഭിപ്രായം. ഇതു കേട്ടപ്പോൾ ഇബ്ൻ അബ്ബാസ്(റ) ഇടപെട്ടു. “നിന്റെ ബന്ധുക്കൾ എല്ലാം ഒടുങ്ങി നീ ഖേദിച്ചു ജീവിച്ചോളൂ!”

ഇത്രയുമായപ്പോൾ സ്വഹാബികൾ വ്യത്യസ്ഥ അഭിപ്രായക്കാരായി കുറേയാളുകൾ അബൂബക്കറി(റ)നെ പിന്തുണച്ചു. മറ്റു ചിലർ ഉമറി(റ)ന്റെ അഭിപ്രായത്തോട് യോജിച്ചു. ഇബിൻ റവാഹ(റ)യെയും പിന്തുണക്കുന്നവർ ഇല്ലാതില്ല.

നബി‎ﷺ ഒരു തീരുമാനവും പറയാതെ കുടിലിനുള്ളിലേക്ക് കടന്നു. അവിടുത്തേക്കു ആഭിമുഖ്യം അബൂബക്കറി(റ)ന്റെ അഭിപ്രായത്തോടായിരുന്നു. നബിﷺ കുടിലിൽ നിന്ന് പുറത്തു വന്ന് ‎ഉമറി(റ)നോട് ചോദിച്ചുവത്രെ. “അല്ലയോ അബൂഹഫ്സ് അപ്പോൾ ഞാൻ അബ്ബാസിനെ കൊല്ലണമെന്നാണോ?” ഉമറി(റ)ന്റെ അഭിപ്രായത്തെ മുൻനിർത്തിയായിരുന്നു ആ പ്രതികരണം. കേട്ടമാത്രയിൽ ഉമറി(റ)ന് ഗൗരവം ബോധ്യമായി. അദ്ദേഹം ഇങ്ങനെ വിലപിച്ചു. “ഉമറിൻ്റെ കഷ്ടമേ! ഉമ്മ മരണപ്പെട്ട ദുഃഖം ഉമർ അനുഭവിക്കട്ടെ!” അപ്പോഴേക്കും നബിﷺ പറഞ്ഞു തുടങ്ങി. “അല്ലാഹു ചിലരുടെ ഹൃദയങ്ങളെ ലോലമാക്കും. അപ്പോഴത് പാലിനെക്കാൾ മയമുള്ളതായിരിക്കും. മറ്റു ചിലരുടെ ഹൃദയങ്ങളെ കഠിനമാക്കും അപ്പോഴത് കല്ലിനേക്കാൾ കടുത്തതായിരിക്കും.”

ശേഷം നബി‎ﷺ സിദ്ദീഖി(റ)നെ അഭിസംബോധന ചെയ്തു. അല്ലയോ അബൂബക്കർ! മലക്കുകളിൽ നിന്ന് കാരുണ്യവുമായി എത്തുന്ന മീകാഈലിനെപ്പോലെയാണ് നിങ്ങൾ. പ്രവാചകന്മാരുടെ കൂട്ടത്തിൽ ഇബ്റാഹീം(അ)നെപ്പോലെയാണ്. കാരണം അല്ലാഹുവിനോട് അവിടുന്ന് പറഞ്ഞതിങ്ങനെയായിരുന്നു. എന്നെ പിൻതുടർന്നവർ എന്നിൽ പെട്ടവരാണ് അഥവാ എന്റെ അനുയായികളാണ്. അല്ലാഹുവേ എന്നെ അനുഗമിക്കാത്തവർ അഥവാ അനുസരണക്കേട് കാണിച്ചവർ പക്ഷേ നീ അവർക്ക് കരുണ ചെയ്യുകയും പൊറുക്കുകയും ചെയ്യേണമേ!

അല്ലയോ അബൂബക്കർ! നിങ്ങൾ സ്വീകരിച്ച നിലപാട് ഈസാ നബി(അ) ജനതയോട് സ്വീകരിച്ച നിലപാടാണ്. അവിടുന്ന് അല്ലാഹുവിനോട് പറഞ്ഞു. രക്ഷിതാവേ നീ ഇവരെ ശിക്ഷിച്ചാൽ അവർ നിന്റെ അടിമകളാണ് അഥവാ നിനക്കതിന് അധികാരമുള്ളവനാണ്. എന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്താൽ തീർച്ചയായും നീ തന്ത്രജ്ഞനും പ്രതാപവാനുമാണ്. അധികാരവും ഔദാര്യവുമുള്ള നിന്റെ ഔദാര്യത്തെ കാംക്ഷിക്കുന്നു എന്ന് സാരം.

അല്ലയോ ഉമർ(റ)! മലക്കുകളിൽ ജിബ്‌രീലി(അ)നെ പോലെയാണ് നിങ്ങൾ. അല്ലാഹുവിന്റെ ശത്രുക്കൾക്കെതിരെ ശിക്ഷയും ദുരന്തവുമൊക്കെയായിട്ടാണ് ജിബ്‌രീൽ(അ) അവതരിക്കുക.

അതു പോലെ പ്രവാചകന്മാരുടെ കൂട്ടത്തിൽ നൂഹ് നബി(അ)യെ പോലെയാണ് നിങ്ങൾ. അന്നൂഹ് പ്രാര്‍ഥിച്ചു: “നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ! അവരെ വെറുതെ വിട്ടാല്‍ ഇനിയുമവര്‍ നിന്റെ ദാസന്മാരെ വഴിപിഴപ്പിക്കും. തെമ്മാടികള്‍ക്കും നിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല.(വിശുദ്ധഖുർആൻ എഴുപത്തിയൊന്നാം അധ്യായം സൂറത് നൂഹിലെ ഇരുപത്തിയാറ് ഇരുപത്തിയേഴ് സൂക്തങ്ങളുടെ ആശയമാണിത്.)

നിങ്ങൾ മൂസാ പ്രവാചകനെ(അ) പോലെയുമാണ്. അവരുടെ സമ്പത്ത് നീ നശിപ്പിച്ചുകളയേണമേ. നോവേറിയ ശിക്ഷ കാണുംവരെ വിശ്വസിക്കാനാവാത്തവിധം അവരുടെ മനസ്സുകളെ കടുത്തതാക്കേണമേ.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-267/365

നബി‎ﷺ അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും അഭിപ്രായങ്ങൾ മുഖവിലക്കെടുത്ത് ചർച്ച ചെയ്തു. രണ്ടു പേരുടെയും വീക്ഷണവ്യത്യാസങ്ങളെ അപഗ്രഥിച്ചു. ചരിത്രത്തിൽ നിന്നുള്ള അതിന്റെ മാതൃകകൾ എടുത്ത് പറഞ്ഞു. ഒടുവിൽ അവിടുന്ന് അനുചരന്മാരോട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ രണ്ടുപേരും യോജിച്ചൊരു അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ ഞാനതിൽ വിയോജിപ്പ് പറയുമായിരുന്നില്ല. ഇനിയിപ്പോൾ മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കുകയോ വധിച്ചുകളയുകയോ ആകാം എന്ന അഭിപ്രായത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഈ അഭിപ്രായം മുന്നോട്ട് വെച്ചത് ജിബ്‌രീലാണെന്നും ഒരു വായനയുണ്ട്. ഏതായാലും ഒരു ബന്ദിയും കൈവിട്ടു പോകാൻ പാടില്ല. പിന്നെ ഈ ബന്ദികളുടെ എണ്ണം കണക്കെ നമ്മളിൽ നിന്നുള്ള ആളുകൾ കൊല്ലപ്പെടും. അത് ഉഹ്ദിൽ പുലരുകയും ചെയ്തു.

ബന്ദികളുടെ സാമ്പത്തിക ആസ്ഥിക്കും നിലവാരത്തിനും അനുസരിച്ച് മോചനദ്രവ്യം നിർണയിച്ചു. നാലായിരം ദിർഹം, മൂവായിരം, രണ്ടായിരം, ആയിരം എന്നിങ്ങനെയായിരുന്നു തുക. പത്ത് മുസ്‌ലിം കുട്ടികൾക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കുക എന്നതായിരുന്നു ചിലർക്കുള്ള മോചനദ്രവ്യം. നിർമാണാത്മകവും വേറിട്ടതുമായ ഇത്തരമൊരു നടപടി ചരിത്രത്തിൽ ആദ്യമായി പ്രയോഗിച്ചതിവിടെയായിരിക്കും. ഇതിനെല്ലാം പുറമേ ചിലരെ അനുഭാവപൂർവ്വം മോചനദ്രവ്യം ഈടാക്കാതെയും വിട്ടയച്ചു.

ബന്ദികളെ സംബന്ധിച്ച പൊതുവായ തീരുമാനത്തിൽ നിന്ന് സുഹൈൽ ബിൻ ബൈളാഇനെ ഒഴിവാക്കണം എന്ന് ഇബ്നു മസ്ഊദ്(റ) നബി‎ﷺയോടാവശ്യപ്പെട്ടു. നബി‎ﷺ അൽപനേരം മൗനമായിരുന്നു. ആ സമയം തനിക്കനുഭവപ്പെട്ടത് ആകാശത്ത് നിന്ന് ഒരു കല്ല് തലയിലേക്ക് വീഴുന്നതിന് സമാനമായ അവസ്ഥയായിരുന്നു എന്ന് ഇബ്നു മസ്ഊദ്(റ) പിന്നീട് പരാമർശിച്ചു. മൗനത്തിന് ശേഷം “സുഹൈല് ബിൻ ബൈളാ ഒഴികെ” എന്ന് നബി‎ﷺ പറഞ്ഞതും എനിക്കാശ്വാസമായി.

ബന്ദികളോ മോചനദ്രവ്യമോ ലക്ഷ്യമല്ലെന്നും അതിജീവനത്തിനുള്ള പോരാട്ടത്തിൽ താത്കാലിക ലാഭങ്ങളിലേക്ക് ചിന്തമാറരുതെന്നും ഖുർആൻ നിരീക്ഷിച്ചു. എട്ടാമധ്യായം അൽ അൻഫാലിലെ അറുപത്തിയേഴ് മുതൽ അറുപത്തി ഒൻപതുവരെയുള്ള സൂക്തങ്ങളുടെ ആശയം നോക്കൂ:

“നാട്ടില്‍ എതിരാളികളെ കീഴ്പ്പെടുത്തി ശക്തി അഥവാ സത്യത്തിന് മേൽക്കോയ്മ സ്ഥാപിക്കുംവരെ ഒരു പ്രവാചകനും കീഴില്‍ ‎യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ ‎പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. അല്ലാഹുവിൽ നിന്നുള്ള വിധി നേരത്തെ രേഖപ്പെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ നിങ്ങള്‍ ‎കൈപ്പറ്റിയതിന്റെ പേരില്‍ നിങ്ങളെ കടുത്ത ശിക്ഷ ബാധിക്കുമായിരുന്നു. ‎
‎ എന്നാലും നിങ്ങള്‍ നേടിയ യുദ്ധമുതല്‍ അനുവദനീയവും നല്ലതുമെന്ന നിലയില്‍ ‎അനുഭവിച്ചുകൊള്ളുക. അല്ലാഹുവോട് ഭക്തി പുലർത്തുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ‎ദയാപരനുമാണ്.”

ദ്രവ്യത്തിനു പകരം ബന്ദികളെ വിട്ടുനൽകാമെന്ന തീരുമാനമെടുത്തതിൽ നബി‎ﷺ ദുഃഖിച്ചു. അത്തരമൊരഭിപ്രായം ഉന്നയിച്ചതിൽ അബൂബക്കറി(റ)നും പ്രയാസം തോന്നി. അല്ലാഹുവിന്റെ പൊറുക്കലും വിട്ടുവീഴ്ചയുമൊക്കെ മേൽ സൂക്തത്തിൽ വന്നിട്ടുണ്ടെങ്കിൽ പോലും നബി‎ﷺക്ക് വിഷമമായി. അവിടുന്ന് ഉമർ(റ)നെ അഭിസംബോധന ചെയ്തു കൊണ്ടിങ്ങനെ പറഞ്ഞു. “ഇക്കാര്യത്തിൽ നമ്മളെല്ലാം ശിക്ഷിക്കപ്പെട്ടാൽ താങ്കൾ മാത്രമേ രക്ഷപ്പെടുകയുള്ളല്ലോ ഉമറേ!”

തടവുകാരോ മോചനത്തുകയോ കൊല്ലപ്പെടലോ ഒന്നും മതത്തിന്റെ ലക്ഷ്യമല്ല. മറിച്ച്, സത്യം സംസ്ഥാപിക്കണം. അതിനായി കഠിന പരിശ്രമം നടത്തണം. ഗതിമുട്ടി പ്രതിരോധാർത്ഥം പോർക്കളത്തിലെത്തേണ്ടി വന്നാൽ ധീരമായി നിലകൊള്ളണം. ഏതു വിധേനയും അല്ലാഹുവിൻ്റെ പ്രീതിയും ധർമത്തിന്റെ നിലനിൽപ്പിനുമാണ് ശ്രമിക്കേണ്ടത്. ഇതായിരുന്നു ഖുർആനിക സന്ദേശങ്ങളുടെയും തിരുനബിﷺയുടെ പ്രതികരണത്തിന്റെയും സാരം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-268/365

ഏതായാലും ബന്ദികളുടെ ഇടപാടുകളുടെയും ഇടപെടലുകളുടെയും അധ്യായങ്ങളാണ് ഇനി വായിക്കാനുള്ളത്. മോചനദ്രവ്യം നൽകി ബന്ധപ്പെട്ടവരെ മോചിപ്പിക്കുന്നതിൽ ഖുറൈശികൾ ആദ്യ ഘട്ടത്തിൽ വലിയ ആവേശം കാണിച്ചില്ല. മുസ്ലിംകൾ സന്തോഷിക്കുകയോ നിബന്ധനകൾ മുന്നോട്ടു വെക്കുകയോ ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്‌.

മുത്വലിബു ബിൻ അബീ വദാഅയാണ് ഈ ആവശ്യമുന്നയിച്ച് ആദ്യം മദീനയിലേക്ക് എത്തിയത്. ഖുറൈശികളുടെ വിമർശം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു യാത്ര. നാലായിരം ദിർഹം നൽകി അദ്ദേഹം തന്റെ പിതാവിനെ മോചിപ്പിച്ചു. തുടർന്നങ്ങോട്ട് ഓരോരുത്തർ വരാൻ തുടങ്ങി.

അതിനിടയിൽ ബന്ദികളുടെ ആവശ്യത്തിൽ ഇടപെട്ട് നബി ﷺയോട് സംസാരിക്കാൻ ജുബൈർ ബിൻ മുത്ഇം മദീനയിലെത്തി. നബിﷺ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു. നിന്റെ വയോധികനായ പിതാവ് ജീവിച്ചിരിക്കുകയും ഈ വിഷയത്തിൽ എന്നോട് സംസാരിക്കുകയും ചെയ്തിരുന്നെങ്കിൽ ഞാൻ ബന്ദികളെ വിട്ടയക്കുമായിരുന്നു. പഴയകാലത്തെ ഒരു ഓർമയും കടപ്പാടും മുന്നിൽ വെച്ചുകൊണ്ടാണ് നബിﷺ അങ്ങനെ പറഞ്ഞത്. അതായത് നബിﷺ താഇഫിൽ നിന്ന് വരുമ്പോൾ അവിടുത്തേക്ക് അഭയം നൽകുകയും അവിടുത്തെമേൽ അനാവശ്യമായി ഉണ്ടാക്കിയ ബഹിഷ്കരണ കരാർ ദുർബലപ്പെടുത്തുകയും ചെയ്തത് ജുബൈറിന്റെ പിതാവ് മുത്ഇമായിരുന്നു.

മോചനം നേടിയവർ മക്കയിലേക്കെത്തി തുടങ്ങി. ഖുറൈശി നേതാവായ അബൂസുഫ്‌യാന്റെ ഒരു മകൻ ഹൻളല ബദ്റിൽ കൊല്ലപ്പെടുകയും അടുത്ത ഒരു മകൻ അംറിനെ അലി(റ) ബന്ധിയാക്കുകയും ചെയ്തിരുന്നു. ഒരു മകൻ കൊല്ലപ്പെടുകവഴി രക്തം നൽകിക്കഴിഞ്ഞു. ഇനി അടുത്ത മകന് വേണ്ടി ദ്രവ്യവും നൽകുകയോ? അയാളുടെ അഭിമാനം അതിനനുവദിച്ചില്ല. അയാൾ പകരം ഒരു കുതന്ത്രം ഉപയോഗിച്ചു. മദീനയിൽ നിന്നും ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ സഅദ് ബിനു അമാൻ(റ)നെ പിടിച്ചു ബന്ദിയാക്കി. ഖുറൈശികളുമായുള്ള ധാരണ പ്രകാരം ഉംറക്ക് വരുന്നവരെ അങ്ങനെ പിടിക്കാൻ പാടില്ലായിരുന്നു. പക്ഷെ, അയാൾ കരാർ ലംഘിച്ചു. ഒടുവിൽ നബിﷺയുടെ നിർദേശപ്രകാരം അംറിനെ വിട്ടയക്കുകയും അതുവഴി സഅദിനെ രക്ഷപ്പെടുത്തുകയും ചെയ്തു.

ബദ്റിൽ നിന്നു പിടിക്കപ്പെട്ടവരിൽ നബി‎ﷺയുടെ മകൾ സൈനബിന്റെ ഭർത്താവ് അബുൽ ആസും ഉണ്ടായിരുന്നു. അന്നദ്ധേഹം ശത്രു പക്ഷത്തായിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാനായി മകൾ സൈനബ് തന്റെ സ്വർണമാല നബിﷺയുടെ സവിധത്തിലേക്ക് കൊടുത്തയച്ചു. മുത്ത് നബി ‎ﷺ യുടെ പ്രിയപ്പെട്ട പത്നി ഖദീജ(റ) അണിഞ്ഞിരുന്ന മാലയായിരുന്നു അത്. കണ്ട മാത്രയിൽ തന്നെ പ്രഥമ വിശ്വാസി കൂടിയായ പ്രിയ പത്നിയെക്കുറിച്ചുള്ള ഓർമ്മകൾ ഉണർന്നു. അവരുടെ സഹനവും ഇസ്ലാം വളർന്നു കാണാനുണ്ടായിരുന്ന ആഗ്രഹവും ഒക്കെ തികട്ടി വന്നു. അവിടുന്ന് അനുയായികളായ സദസ്യരോട് ഒരഭിപ്രായമാരാഞ്ഞു. “നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഈ മാല സ്വീകരിക്കാതെ തന്നെ അബുൽ ആസിനെ മോചിപ്പിച്ചാലോ? അവരത് ഐകകണ്ഠ്യേന അംഗീകരിച്ചു. വിശ്വാസിനിയായ സൈനബി(റ)നെ മദീനയിലേക്കയക്കണമെന്ന നിബന്ധനയോടെ അയാളെ വിട്ടയച്ചു.

പ്രവാചകർﷺ കാഴ്ചവെച്ച നീതിബോധത്തിന്റെയും കൂടിയാലോചനയുടെയും ഉന്നതമായ ഉദാഹരണമായിരുന്നു ഈ സംഭവം. സ്വന്തം മരുമകന്റെ കാര്യത്തിൽ പരമാധികാരം ഉപയോഗിച്ചു വേണമെങ്കിൽ തീരുമാനമെടുക്കാമായിരുന്നു. നബിﷺയെ അക്കാര്യത്തിൽ ആരും വിമർശിക്കുമായിരുന്നില്ല. അത്രമേൽ സ്വാതന്ത്ര്യവും അധികാരവും അംഗീകാരവും നബിﷺക്കുണ്ടായിരുന്നു. പക്ഷെ അതുപയോഗപ്പെടുത്തിയില്ല.

വരികൾക്കിടയിലൂടെ മറ്റൊന്ന് കൂടി ഇവിടെ ഓർത്തുപോകാനുണ്ട്. അത്യുന്നതമായ നേതൃ പദവിയിലിരിക്കുമ്പോഴും സ്നേഹ നിധിയായ പത്നിയുടെ ഓർമകളെ അവിടുന്ന് അന്യം നിർത്തിയില്ല. ജീവിതത്തിലേക്ക് വേറെ പത്നിമാർ കടന്നു വന്നിട്ടും അറുപതുകൾ പിന്നിട്ടിട്ടും മരണപ്പെട്ട പത്നിയെ വൈകാരികമായി തന്നെ ഓർത്തിരിക്കാൻ അവിടുത്തെ മനസ്സിൽ ഇടമുണ്ടായിരുന്നു. അവർ അണിഞ്ഞിരുന്ന ആഭരണത്തിൽ നിന്ന് അനുരാഗത്തെ മുഴുവൻ പുണർന്നു നില്ക്കാൻ മാത്രം ഗാഢമായിരുന്നു ആ സ്നേഹമെന്നു സാരം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-269/365

അബുൽ ആസ് മോചനം നേടി മക്കയിലെത്തി. സൈനബി(റ)നെ മദീനയിലേക്കയച്ചു. ശേഷം, അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പക്ഷേ, വൈകാതെ സൈനബ്(റ) ഈ ലോകവാസം വെടിഞ്ഞു. വിശദമായ വായന നേരത്തെ വന്നിട്ടുണ്ട്.

ബദ്റിൽ നിന്നുള്ള ബന്ദികളെ കുറിച്ചുള്ള വായനയിൽ സുപ്രധാനമായ ഒരധ്യായമാണ് സുഹൈൽ ബിൻ അംറ് അൽ ആമിരിയുടേത്. ഖുറൈശികളുടെ കൂട്ടത്തിൽ നേരത്തെ തന്നെ അറിയപ്പെട്ട പ്രഭാഷകനും വിവരസ്ഥനുമായിരുന്നു സുഹൈൽ. അത് കൊണ്ട് തന്നെ അയാളുടെ ഇസ്‌ലാം വിരുദ്ധ പ്രഭാഷണങ്ങളും പ്രവാചകവിരുദ്ധ സംഭാഷണങ്ങളും പ്രബോധനരംഗത്തെ ശല്യങ്ങളായിരുന്നു. അത് കൊണ്ട് തന്നെ ഉമർ(റ) നബി‎ﷺയോട് ചോദിച്ചു. “അവന്റെ പല്ലുകൾ ഞാൻ തട്ടിക്കൊഴിച്ചുകളയട്ടെ. എന്നാൽ ഇനിയൊരിക്കലും അവൻ സത്യത്തിനെതിരെ ശബ്ദിക്കില്ല.”അപ്പോൾ നബി‎ﷺ പറഞ്ഞു. ഞാനവനെ വികൃതമാക്കിയാൽ പ്രവാചകനാണെങ്കിൽ പോലും ഞാനും അതിനാൽ വികൃതമാക്കപ്പെടും. അങ്ങനെ ഒരു മനുഷ്യനെ വികൃതമാക്കാൻ പാടില്ലെന്നു തന്നെ. ഒരുപക്ഷേ വിമർശിക്കപ്പെടാത്ത ഒരു സ്ഥാനത്ത് നാളെയവൻ എത്തിയേക്കാം.

ഖുറൈശീ നേതാവും കവിയുമായ മുകർറസ് ബിൻ ഹഫ്സ് എന്നയാൾ സുഹൈലിനെ മോചിപ്പിക്കാനെത്തി. വലിയ ഒരു തുക വാഗ്ദാനം ചെയ്തു. ശേഷം, അതെത്തുന്നത് വരെ സുഹൈലിന് ജാമ്യമായി മുകർറസ് ബന്ദിക്കപ്പെട്ടു. സുഹൈൽ വിമോചിതനായി. മുത്ത് നബിﷺയുടെ ശുഭ സൂചനയുടെ പുലർച്ചക്ക് കാലം കാത്തിരുന്നു. മക്കാ വിജയത്തിന് ശേഷം അദ്ദേഹം ഇസ്ലാമിലേക്ക് വന്നു. സുഹൈലിന്റെ പ്രഭാഷണത്തിന് പുതിയ മാനങ്ങൾ കൈവന്നു. വിശ്വാസ നിഷേധത്തിന്റെ വക്കിൽ നിന്ന പലയാളുകളുടെയും ആശയ സംരക്ഷണത്തിന് പ്രഭാഷണം ഉപകാരപ്പെട്ടു.

തടവുകാരായി പിടിക്കപ്പെട്ടവർ പിന്നീട് ഇസ്ലാം സ്വീകരിക്കുന്നു എന്നത് ഇസ്ലാം മുന്നോട്ട് വച്ച മാനവിക സമീപനങ്ങൾക്കുള്ള ഒരു അംഗീകാരമാണ്. ബന്ദികളോട് ഇസ്ലാം എങ്ങനെ പെരുമാറിയിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്. ഈ വിധത്തിൽ ഇസ്ലാം പ്രഖ്യാപിച്ച മറ്റൊരാളെക്കൂടി ഒന്ന് വായിച്ചു നോക്കൂ.

അത് മാറ്റാരുമല്ല വലീദു ബ്നുൽ വലീദ് എന്നയാളാണ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹിശാമും ഖാലിദും മുന്നോട്ട് വന്നു. മോചനത്തുക നൽകി അദ്ദേഹത്തെ സ്വതന്ത്രനാക്കി. മോചനം ലഭിച്ച ഉടനെ അദ്ദേഹം വിശ്വാസം പ്രഖ്യാപിച്ചു. ബന്ദിയായിരിക്കെ പ്രഖ്യാപിച്ചാൽ ഭയത്താൽ മതം മാറി എന്ന് വ്യാഖ്യാനിച്ചേക്കാം എന്നതിലാണ് ഇങ്ങനെ ചെയ്തത്. വിശ്വാസിയായി മക്കയിലെത്തിയ ശേഷം മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയപ്പോൾ മുശ്‌രിക്കുകൾ അദ്ദേഹത്തെ തടയാനൊരുങ്ങി. നബിﷺ നിസ്കാരത്തിലെ പ്രത്യേക പ്രാർത്ഥനയായ ഖുനൂതിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.

ബദ്റിലെ ബന്ദികളെ ചൊല്ലിയുള്ള വർത്തമാനത്തിൽ മനോഹരമായ ഒരു സംഭവം ചരിത്രകാരന്മാർ രേഖപ്പെടുത്തിയത് കാണാം. അതിങ്ങനെയാണ്, ഉമൈർ ബിൻ വഹബ് തന്റെ പിതാവ് ബദ്റിൽ കൊല്ലപ്പെട്ടതും മറ്റും കൂട്ടുകാരനായ സ്വഫ്‌വാൻ ബിൻ ഉമയ്യയോട് പറഞ്ഞു. കഅബയുടെ അടുത്ത് വെച്ചുള്ള സംസാരത്തിൽ പ്രതികാരത്തെകുറിച്ചുള്ള ചർച്ചയും കടന്നു വന്നു. അപ്പോൾ സഫ്‌വാൻ പറഞ്ഞു. ദൈവം സത്യം! കൊല്ലപ്പെട്ടവർക്ക് ശേഷം ജീവിതത്തിനൊരു അർത്ഥവുമില്ല.

ഉടനെ ഉമൈർ പ്രതികരിച്ചു. എനിക്ക് നല്ല ഒരു കട ബാധ്യത ഉണ്ട്. മാത്രമല്ല എനിക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബവും വഴിയാധാരമാകും. അല്ലെങ്കിൽ ഞാൻ മദീനയിൽ പോയി മുഹമ്മദിﷺനെ വകവരുത്തിയേനെ. എന്റെ മക്കളും ബന്ദികളായി മദീനയിലുണ്ട്. ഉമൈറിന്റെ ഈ പരാമർശം സഫ്‌വാനെ അവേശം കൊള്ളിച്ചു. നബിﷺയോട് അടങ്ങാത്ത പക കൊണ്ടുനടക്കുന്ന ആളായിരുന്നു അയാൾ. ഉടനെ അയാൾ ഉമൈറിനോട് പറഞ്ഞു. നിന്റെ കടവും കുടുംബവും ഒക്കെ ഞാൻ ഏറ്റെടുത്തിരിക്കുന്നു. നീ മദീനയിൽ പോയി ദൗത്യം നിർവഹിച്ചു വന്നോളൂ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-270/365

ഉമൈർ ത്വുഫൈലിനോട് പറഞ്ഞു. ഈ സംഭാഷണം അതീവ രഹസ്യമായിരിക്കണം. മൂന്നാമതൊരാളോട് പങ്കുവെക്കാൻ പാടില്ല. ശരി, ത്വുഫൈൽ സമ്മതിച്ചു. ഉമൈർ പുറപ്പെടാൻ ഒരുങ്ങി. ആയുധം വിഷത്തിലൂട്ടി മൂർച്ച കൂട്ടി. വിഷം ചേർത്ത വാളും കയ്യിൽ കരുതി. അതീവ രഹസ്യമായി യാത്ര തിരിച്ചു. നേരെ മദീനയിൽ പള്ളിയുടെ ചാരത്തെത്തി വാഹനമിറങ്ങി. സുഹൃത്തുക്കളോടൊപ്പം ബദ്റിലെ കാര്യങ്ങൾ സംസാരിച്ചു നിന്ന ഉമറുബിൻ അൽ ഖത്വാബ്(റ) ഉമൈറിന്റെ ആഗമനം ശ്രദ്ധിച്ചു. ആയുധ ധാരിയായ ഒരാൾ പള്ളിയുടെ ചാരത്ത് വന്നിറങ്ങുന്നത് നിരീക്ഷിച്ചു. ഉടനെ അവിടുന്ന് പറഞ്ഞു. “അല്ലാഹുവിന്റെ ശത്രു ഉമൈറുബിനുൽ വഹബ് നല്ലതിനായിരിക്കില്ല വന്നത്. ഇവൻ നമുക്കെതിരെ ആളെ ഇളക്കി വിട്ടവനാണ്. മുസ്ലിം പക്ഷത്തിന്റെ അംഗസംഖ്യ ശത്രുക്കൾക്കറിയിച്ചു കൊടുത്തവനാണ്.” ഉമറി(റ)ന് പിന്നെയവിടെ നിൽക്കാൻ കഴിഞ്ഞില്ല. അതിവേഗം നബി‎ﷺയുടെ അടുത്തെത്തി വിവരം നൽകി. “അല്ലയോ തിരുദൂതരേﷺ! അല്ലാഹുവിന്റെ വിരോധി ഉമൈർ ബിൻ വഹബ് വാളേന്തി എത്തിച്ചേർന്നിരിക്കുന്നു. എന്താണ് ചെയ്യുക. നബി‎ﷺ പറഞ്ഞു. അവനെ ഇങ്ങോട്ട് കടത്തിവിടുക. അപ്പോഴേക്കും ഉമർ(റ) തന്റെ കൂട്ടുകാരായ അൻസ്വാരികളോട് നബിﷺയുടെ അടുത്തേക്ക് കരുതലോടെ നിൽക്കാൻ നിർദ്ദേശം നൽകി. ഇവനെ വിശ്വസിക്കാനാവില്ലെന്ന വിവരവും നൽകി. ശേഷം ഉമർ(റ) ഉമൈറിന്റെ കഴുത്തിൽ വാൾചട്ട ചേർത്തു പിടിച്ച് നബി സവിധത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. ആഗമനരംഗം കണ്ട തിരുനബിﷺ ഉമറി(റ)നോട് പറഞ്ഞു. അയാളെ വിട്ടേക്കുക. അയാൾ സ്വതന്ത്രമായി വരട്ടെ!

ഉമൈർ അകത്തേക്ക് നടന്നു. നബി സവിധത്തിലെത്തിയപ്പോൾ ”ശുഭ പ്രഭാതം” എന്ന് അയാൾ നബിﷺയെ അഭിവാദ്യം ചെയ്തു. അവിടുന്ന് പറഞ്ഞു. ഇതിനേക്കാൾ മനോഹരമായ അഭിവാദ്യവാചകം അഥവാ സ്വർഗവാസികളുടെ അഭിവാദ്യമായ ‘അസ്സലാമു അലൈകും’ എന്ന സലാം കൊണ്ട് അല്ലാഹു ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഏതായാലും നീ ഇപ്പോൾ എന്തിനാണിങ്ങോട്ട്‌ വന്നത്? നിങ്ങളുടെ പക്കൽ ബന്ധികളായിക്കഴിയുന്ന ഞങ്ങളുടെ ബന്ധുക്കളുടെ കാര്യത്തിനാണ് വന്നത്. അവരോട് നിങ്ങൾ നല്ല നിലയിൽ പെരുമാറണം. ഉമൈർ പ്രതികരിച്ചു. ഉടനെ നബിﷺ ചോദിച്ചു അതിനെന്തിനാണ് വാളുമെടുത്തു വന്നത്? വാളുകൾ അതൊരു നാശം. ദൈവം അതിന്റെ കോലം കെടുത്തട്ടെ! തുടർന്ന് ബദ്റിലെ പരാജയം ഉള്ളിൽ വച്ചു കൊണ്ടയാൾ പറഞ്ഞു. വാളുകൾ എന്തെങ്കിലും നേട്ടം നമുക്ക് ഉണ്ടാക്കി തന്നോ? ഉടനെ നബിﷺ ഇടപെട്ടു പറഞ്ഞു. എന്നോട് നീ നേര് പറയൂ. നീ എന്താവശ്യത്തിനാണ് വന്നത്? അപ്പോഴും അയാൾ സത്യം മറച്ചു വച്ചു
പറഞ്ഞു. ഞാൻ അതിന് തന്നെയാണ് വന്നത്. പക്ഷെ, നബിﷺയുണ്ടോ വിടുന്നു. അവിടുത്തേക്ക് അല്ലാഹുവിൽ നിന്നുള്ള പ്രത്യേക വിവരം ലഭിച്ചിട്ടുണ്ട് എന്തിനാണയാൾ വന്നതെന്ന്. അവിടുന്ന് ചോദിച്ചു. നീയും സഫ്വാനും കഅബയുടെ ചാരത്തിരുന്നു ബദ്റിലെ കാര്യം സംസാരിച്ചില്ലേ. കടവും കുടുംബ ബാധ്യതയുമില്ലായിരുന്നെങ്കിൽ നീ മദീനയിൽ പോയി പ്രവാചകന്റെ കഥകഴിച്ചു വരുമായിരുന്നു എന്ന് നീ പറഞ്ഞില്ലേ. അപ്പോഴയാൾ ആ ബാധ്യതകളെല്ലാം ഏറ്റെടുത്തിട്ട് നിന്നെ ഈ വഴിക്കയച്ചതല്ലേ?
ഇത്രയുമായപ്പോഴേക്കും ഉമൈർ അത്ഭുതപ്പെട്ടു. ഇതെന്തൊരാശ്ചര്യം, ഞാനും സഫ്വാനും നടത്തിയ സംഭാഷണം മൂന്നാമതൊരാൾ കേട്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല. അറിഞ്ഞാൽ തന്നെ മക്കയിൽ നിന്ന് മറ്റൊരാൾ വന്നു പറയാനുള്ള സമയവും ലഭിച്ചിട്ടില്ല. ഇതെങ്ങനെ അറിഞ്ഞു. അയാൾ ആലോചിച്ചു.

നിഷേധിക്കാനുള്ള എല്ലാ പഴുതുകളും അടഞ്ഞപ്പോൾ അയാൾ അംഗീകരിക്കാൻ നിർബന്ധിതനായി. അയാൾ തുറന്നു പറഞ്ഞു. അവിടുന്ന് ദൈവദൂതനാണെന്നു ഞാൻ സമ്മതിക്കുന്നു. ഇതുവരെ ഞാൻ ആകാശ വൃത്താന്തങ്ങളെ നിഷേധിച്ചിരുന്നു. പക്ഷെ, ഞാനും സഫ്വാനും നടത്തിയ സംഭാഷണം അല്ലാഹു അറിയിച്ചാലല്ലാതെ അറിയാൻ വേറെ വഴിയില്ലെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഉമൈർ മനസ്സ് തുറന്ന് സത്യവാചകം ചൊല്ലി. ഇസ്ലാമിലേക്ക് വന്നു. ഉടനെ നബി‎ﷺ അനുചരന്മാരോട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ സഹോദരന് ഖുർആനും മതവും പഠിപ്പിച്ചു കൊടുക്കുക. അദ്ദേഹം ആവശ്യപ്പെട്ട ബന്ദികളെ വിട്ടുകൊടുക്കുക.

ശേഷം അയാൾ. മക്കയിലേക്ക് പോയി. പ്രബോധനം ചെയ്യാൻ നബിﷺയോട് സമ്മതം ചോദിച്ചു. ഞാൻ മുമ്പ് ഇസ്ലാമിനെതിരെ പ്രവർത്തിച്ചതിന് പകരം ഇനി ജനങ്ങളെ നേർവഴിയിലേക്ക് നയിക്കട്ടെ എന്ന് പറഞ്ഞു മക്കയിലെത്തി. പ്രബോധനത്തിലേർപ്പെട്ടു. മകൻ വഹബടക്കം പലരും ഇസ്ലാമിലേക്ക് വന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Leave a Reply